പോർഷെ, BMW, ബെൻസ്; ഹിറ്റ്‌ലറെ വളർത്തിയ നാസി ബില്യണേഴ്സ്

‘തന്നെ സഹായിക്കുന്നതിലൂടെ സ്വയം സഹായിക്കുകയാണ് നിങ്ങളോരുരുത്തരും ചെയ്യുന്നതെന്ന് ഹിറ്റ്‌ലർ ഇൻഡസ്ട്രിയലിസ്റ്റുകളെ ഓർമപ്പെടുത്തി. ജനാധിപത്യത്തിൽ സ്വകാര്യ മൂലധനം നിലനിൽക്കില്ലെന്ന് ഹിറ്റ്‌ലർ തന്റെ ജനാധിപത്യത്തോടുള്ള പതിവ് പുച്ഛത്തിൽ സദസ്സിനെ നോക്കി പറയുമ്പോൾ വരാനിരിക്കുന്ന നാസി ക്രൂരതകളുടെ ചെറിയൊരു സൂചന അവർക്ക് നൽകി.’ Nazi Billionaires: The Dark History of Germany's Wealthiest Dynasties എന്ന പുസത്കത്തിന്റെ വായന

1933 ഫെബ്രുവരി 20 വൈകുന്നേരം ആറ് മണിക്ക് ജർമൻ റെയിഷ്സ്റ്റാഗ് പ്രസിഡന്റ് ഹെർമൻ ഗോറിങ്ങിന്റെ ബെർലിൻ നഗരത്തിലെ വസതിയിൽ ചരിത്ര പ്രധാനമായൊരു മീറ്റിങ് ആരംഭിക്കുകയാണ്. ജർമനിയിലെ ഏറ്റവും ധനികരായ രണ്ടു ഡസനോളം ഇൻഡസ്ട്രിയലിസ്റ്റുകളാണ് ഈ മീറ്റിങ്ങിലെ പ്രധാന അതിഥികൾ.

ഈ മീറ്റിങ്ങിനു മൂന്നാഴ്ചകൾക്ക് മുന്നേ ജർമൻ പ്രസിഡന്റ് പോൾ വോൺ ഹിൻഡർബർഗുമായി നടത്തിയ രാഷ്ട്രീയ ഉപചാരത്തിലൂടെ അഡോൾഫ് ഹിറ്റ്‌ലർർ ജർമനിയുടെ സർവ്വാധികാരിയായി മാറിയിയിരുന്നു.

ജർമനിയിലെ അതിധനികരായ വ്യക്തികളോട് നാസി പാർട്ടിയുടെ പദ്ധതികൾ സംസാരിക്കുകയും അവരുടെ പിന്തുണ നേടിയെയെടുക്കുകയുമായിരുന്നു മീറ്റിങ്ങിന്റെ ലക്ഷ്യം. ചാൻസലർ ഹിറ്റ്‌ലർ വേദിയിൽ എത്തിയതോടെ നാസി ജർമനിയുടെ പ്രതാപത്തിലേക്ക് വഴിമരുന്നിട്ട മീറ്റിങ് അവിടെ ആരംഭിക്കുകയായി.

അഡോൾഫ് ഹിറ്റ്‌ലർ

തൊണ്ണൂറു മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ ഹിറ്റ്‌ലർ രാഷ്ട്രീയ സാഹചര്യത്തെ സദസ്സിനു മുന്നിൽ വിലയിരുത്തി. 1918 ൽ അവസാനിച്ച ഒന്നാം ലോക മഹായുദ്ധത്തിലെ തോൽവി ജർമൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. നിരായുധീകരണം ഉൾപ്പെടെ സഖ്യകക്ഷികൾ വേഴ്‌സായി ട്രീറ്റിയിൽ അടിച്ചേൽപ്പിച്ച നടപടികൾ ജർമനിയെ വരിഞ്ഞു മുറുക്കി. ഈ ദുരന്തത്തിന്റെ ആഘാതം കൂട്ടാൻ എന്നപോലെ അതെ വർഷം കമ്മ്യൂണിസ്റ്റുകൾ ആദ്യമായി ഒരു രാജ്യത്തിന്റെ ഭരണത്തിലേക്ക് റഷ്യൻ വിപ്ലവത്തോടെ എത്തിച്ചേരുകയും ചെയ്തു. ഇടതും വലതും തമ്മിലുള്ള യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള സമയം വന്നിരിക്കുന്നു.... തന്റെ സ്വതസിദ്ധമായ ശൈലിയിൽ സദസ്സിനോട് ഹിറ്റ്‌ലർ പ്രസംഗിച്ചു.

തന്നെ സഹായിക്കുന്നതിലൂടെ സ്വയം സഹായിക്കുകയാണ് നിങ്ങളോരുരുത്തരും ചെയ്യുന്നതെന്ന് ഹിറ്റ്‌ലർ ഇൻഡസ്ട്രിയലിസ്റ്റുകളെ ഓർമപ്പെടുത്തി. ജനാധിപത്യത്തിൽ സ്വകാര്യ മൂലധനം നിലനിൽക്കില്ലെന്ന് ഹിറ്റ്‌ലർ തന്റെ ജനാധിപത്യത്തോടുള്ള പതിവ് പുച്ഛത്തിൽ സദസ്സിനെ നോക്കി പറയുമ്പോൾ വരാനിരിക്കുന്ന നാസി ക്രൂരതകളുടെ ചെറിയൊരു സൂചന അവർക്ക് നൽകി.

ഹിറ്റ്‌ലർക്ക് ശേഷം പ്രസംഗിച്ച നാസി നേതാക്കൾ വരാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ (1933 മാർച്ചിലെ നാസി ഭരണം ആരംഭിക്കുന്നതിനു മുന്നേയുള്ള അവസാനത്തെ തെരെഞ്ഞെടുപ്പ്) നാസി പാർട്ടിയെ ജർമൻ ധനികർ കയ്യയഞ്ഞു സഹായിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടു വെച്ചു. ഇലക്ഷൻ കാമ്പയിൻ വിജയിപ്പിക്കാൻ 3 മില്ലിയൻ റെയിഷ്മാർക്ക് അഥവാ ഇന്നത്തെ കണക്കിൽ 20 മില്ലിയൻ യുഎസ് ഡോളർ സദസ്സിനോട് ആവശ്യപ്പെട്ടു. മിനിട്ടുകൾക്കകം ആവശ്യമായ തുകയത്രയും പരസ്പരം വീതിച്ചെടുത്ത് നൽകാമെന്ന ധാരണയിലേക്ക് ജർമനിയിലെ ധനികർ എത്തിച്ചേർന്നു.

നാസി പ്രോഗാണ്ടക്ക് നേതൃത്വം നൽകിയ ജോസഫ് ഗീബൽസ് അന്നത്തെ ദിവസം തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു,

''തിരഞ്ഞെടുപ്പിന് 3 മില്യൺ ലഭ്യമാണെന്ന സന്തോഷകരമായ വാർത്തയാണ് ഗോറിംഗ് നൽകുന്നത്. ഞാൻ ഉടൻ തന്നെ മുഴുവൻ പ്രചാരണ വിഭാഗത്തെയും ഈ മഹത്തായ വാർത്ത അറിയിച്ചു. ഒരു മണിക്കൂറിനകം എണ്ണയിട്ട യന്ത്രം പോലെ അത് പ്രവർത്തിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണം ഇവിടെ ആരംഭിക്കുകയായി. . . ഇന്ന് ജോലി രസകരമാണ്. ആവശ്യത്തിനുള്ള പണം ഇവിടെയുണ്ട് '

പ്രശസ്ത മാധ്യമ പ്രവർത്തകനായ ഡേവിഡ് ഡിജോങിന്റെ 2022 ൽ ഇറങ്ങിയ Nazi Billionaires: The Dark History of Germany's Wealthiest Dynasties ആരംഭിക്കുന്നത് ഈ പ്രിലോഗോടെയാണ്. ഏത് രീതിയിലാണ് നാസികളുടെ ഉദയത്തിൽ ജർമനിയിലെ ധനികർ പങ്കെടുത്തത് എന്നും എങ്ങനെയാണ് പരസ്പര സഹായകമായ ഈ ബന്ധം പ്രവർത്തിച്ചത് എന്നുമാണ് പുസ്തകം പരിശോധിക്കുന്നത്.

നാസികളുടെ ഉദയത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഒന്നാം ലോക മഹായുദ്ധം തീർത്ത സാഹചര്യമാണ്. വലിയ സാമ്രാജ്യത്വ ആഗ്രഹങ്ങളോടെ കോളനികൾ കയ്യടക്കാൻ കുതിച്ചെത്തിയ പ്രഷ്യൻ സ്റ്റേറ്റ് ഒന്നാം ലോക മഹായുദ്ധത്തിൽ തകരുകയുണ്ടായി. വേഴ്സായി ട്രീറ്റിയിലൂടെ സാമ്പത്തികമായും സൈനികമായും നിരവധി നിയന്ത്രണങ്ങൾ വന്നു ചേർന്നു. ജർമൻ അധീനതയിൽ ഉണ്ടായിരുന്ന പ്രദേശങ്ങൾ വിട്ടു നൽകാനും ജർമനി നിർബന്ധിതരായി. നാസിസം പോലെ എക്ട്രീമിസ്റ്റ് സ്വഭാവമുള്ള ആശയത്തിന് വളരാനുള്ള ഒരു ഭൗതിക സാഹചര്യം വേഴ്സായി ട്രീറ്റി മൂലമുണ്ടായ ഈ 'അപമാനം' സൃഷ്ടിച്ചു.

Photo: ADL

എന്നാൽ ഇത് മാത്രമായിരുന്നില്ല ഉദയത്തിനുള്ള കാരണം. 1920 കളോടെ വലിയ സാമ്പത്തിക പ്രതിസന്ധി ജർമനിയെ കീഴടക്കുന്നുണ്ട്. ദാരിദ്രം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വർധിക്കുകയും വെയ്മർ റിപ്പബ്ലിക് (ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട് നാസികളുടെ അധികാര പ്രവേശം വരെ നില നിന്ന ജർമൻ സ്റ്റേറ്റ്.) ഇതിനെ നേരിടുന്നതിൽ പരാജയപ്പെടുകയും ചെയ്തു. മാത്രമല്ല രാഷ്ട്രീയപരമായി അസ്ഥിരമായ സാഹചര്യം കൂടി ഇക്കാലയളവിൽ ഉടലെടുത്തു. ഒരു പാർട്ടിക്ക് മാത്രമായി പലപ്പോഴും ഭൂരിപക്ഷമില്ലാത്തത് അസ്ഥിരത വർധിപ്പിച്ചു.

ഇതേ കാലയളവിലാണ് ലോകം മുഴുവനും പ്രത്യേകിച്ച് യൂറോപ്പിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ശക്തി വർധിക്കുന്നത്. ജർമനിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം ജർമനിക്കുള്ളിൽ പ്രത്യേകിച്ച് ഫാക്ടറി തൊഴിലാളികളുൾപ്പെടെയുള്ള വർക്കിങ് ക്ലാസ്സിനുള്ളിൽ വർധിക്കുന്നത് ജർമൻ ധനികരെ ആശങ്കപ്പെടുത്തി. ഭൂപരിഷ്‌കരണം, സ്വകാര്യ സ്വത്തിന്റെ ഉന്മൂലനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങൾ ഒരു ഹിസ്റ്റീരിയ പോലെ അവരെ ബാധിച്ചു. വർധിച്ചു വരുന്ന ട്രേഡ് യൂണിയൻ പ്രവർത്തനവും അവർ ഉന്നയിക്കുന്ന ആവശ്യങ്ങളും ഇതിന്റെ ആഴം കൂട്ടി.

ഇത്തരമൊരു സവിശേഷ സാഹചര്യത്തിലാണ് ജർമൻ ക്യാപിറ്റലിസം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് അഥവാ നാസിസത്തിലേക്ക് കടക്കുന്നത്. ജർമൻ ധനികർക്ക് ഹിറ്റ്‌ലറെ പോലെ ഒരു നേതാവിനെയും നാസി പാർട്ടിയെയും പിന്തുണക്കാൻ പ്രധാനമായും രണ്ടു കാര്യങ്ങളുണ്ടായിരുന്നു.

PHOTO: wikimedia.org

ഒന്നാമതായി നാസികൾ ഉറപ്പു നൽകുന്ന സാമ്പത്തിക അവസരങ്ങൾ ജർമൻ ധനികരെ ആകർഷിച്ചു. അതായത് ഒന്നാം ലോക മഹായുദ്ധത്തോടെ കപ്പൽ നിർമാണം ആയുധ നിർമാണം ഇരുമ്പുരുക്ക് നിർമ്മാണം തുടങ്ങി ഒട്ടുമിക്ക ഇൻഡസ്ട്രിയൽ ഉത്പാദനത്തിനും പല നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ജർമൻ റിആർമമെന്റ് (സൈനികമായ നിയന്ത്രങ്ങൾ ഉൾപ്പെടെ ജർമനിക്ക് നേരിടേണ്ടി വന്ന നിയന്ത്രങ്ങളെ റിവേഴ്സ് ചെയ്യുന്ന പ്രോസസ്) നാസികളുടെ ഏറ്റവും പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. ജർമൻ പ്രൈഡിന്റെ തിരിച്ചു വരവിൽ വലിയ സാമ്പത്തിക സാധ്യതകൾ ജർമൻ എലീറ്റ് ക്ലാസ്സിനുണ്ടായിരുന്നു.

രണ്ടാമതായി മുകളിൽ സൂചിപ്പിച്ച പോലെ സാമ്പത്തിക അസ്ഥിരതയുടെ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റുകൾക്കുള്ള വർധിച്ചു വരുന്ന പിന്തുണ, അവരെ നേരിടാൻ പരമ്പരാഗത പാർട്ടികൾക്ക് സാധിക്കില്ല എന്നും കമ്മ്യൂണിസ്റ്റ് മിലിറ്റൻസിയെ എതിരിടാൻ നാസികളെ പോലെ ഓർഗനൈസ്ഡായി വയലസ് അഴിച്ചുവിടാൻ കഴിയുന്ന ഒരു വിഭാഗം വേണമെന്ന ചിന്ത പ്രബലമായി. നാസികൾ തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായി കമ്മ്യൂണിസ്റ്റുകളെ കണ്ടത് ഈ വിശ്വാസത്തിന്റെ ആഴം വർധിപ്പിച്ചു.

ഒരു ക്വിഡ് പ്രൊ കോ പിന്തുണയ്ക്ക് അപ്പുറം നിരവധി ധനികർ വളരെ ജനുവിനായി തന്നെ ആശയപരമായി നാസിസത്തിൽ വിശ്വസിച്ചിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. പ്രഷ്യൻ എംപയറിന്റെ കാലം മുതലെങ്കിലും ശക്തമായ ജർമൻ പ്രൈഡും യൂറോപ്പിൽ ചരിത്രപരമായി നിലനിൽക്കുന്ന ആന്റി സെമിറ്റിസവുമെല്ലാം ഒന്നാം ലോക മഹായുദ്ധ ശേഷം രൂപം കൊണ്ട സവിശേഷ സാഹചര്യത്തിൽ അതിന്റെ സ്വാഭാവികമായ പരിണാമം നാസിസത്തിൽ കണ്ടെത്തി എന്ന് പറയുന്നതാകും ശരി. വർഗ്ഗപരമായും ധനികർക്ക് സർവ്വാത്മന പിന്തുണ നൽകാൻ സാധിക്കുന്ന ആശയലോകം കമ്മ്യൂണിസ്റ്റ് വിരുദ്ധത കേന്ദ്രബിന്ദുവായ നാസിസത്തിൽ ഉണ്ടായിരുന്നു.

PHOTO: historyanswers.co.uk

പ്രധാനമായും നാല് തരത്തിലാണ് അതിധനികരായ ജർമ്മൻ മുതലാളിമാരെ നാസി ഭരണകൂടം സഹായിച്ചത്.

ഒന്നാമത് കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള ലെഫ്റ്റിനെ ഏറെക്കുറെ പൂർണ്ണമായും രാഷ്ട്രീയത്തിൽ നിരായുധരാക്കി. ട്രേഡ് യൂണിയനുകളെ നിരോധിക്കുകയും പകരം നാസി പിന്തുണക്കാരായ തൊഴിലാളി നേതാക്കളെ വെച്ച് മുതലാളിമാർക്ക് സഹായകമായ തൊഴിൽ സംഘടനകളെ ഉണ്ടാക്കുകയും ചെയ്തു.

രണ്ടാമത് വലിയ ഉല്പാദന കരാറുകൾ വിവിധ മേഖലകളിൽ സ്റ്റേറ്റിൽ നിന്നും ധനികർക്ക് ലഭിക്കാൻ തുടങ്ങി. പ്രത്യേകിച്ച് ആയുധ നിർമ്മാണം, ഇൻഫ്രാസ്ട്രക്ചർ നിർമ്മാണം, ഓട്ടോമൊബൈൽ എന്നിങ്ങനെയുള്ള മേഖലകളിൽ. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതോടെ ഭക്ഷണം ഉൾപ്പെടെ സകല മേഖലകളിലും സ്റ്റേറ്റിന്റെ അവശ്യ സാധനങ്ങളുടെ സപ്ലൈ ധനികരുടെ ആസ്തി പല മടങ്ങു വർധിപ്പിച്ചു. ജർമൻ ബാങ്കുകൾക്കും ഇതിന്റെ ഗുണം ലഭിച്ചു.

ഇതേ കാലഘട്ടത്തിലാണ് ആര്യനൈസേഷൻ ജർമനിയിൽ ആരംഭിക്കുന്നത്. ജർമൻ സാമ്പത്തിക വ്യവസ്ഥയിൽ നിന്നും ജൂത സ്വാധീനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നത്. ജൂതരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകളെയും ആസ്തികളെയും ലക്ഷ്യമിട്ട ചിട്ടയായ ഈ പദ്ധതി ജൂതരല്ലാത്ത ജർമൻ ധനികർക്ക് ചുളുവിൽ വലിയ സംരംഭങ്ങളെ സ്വന്തമാക്കാനുള്ള അവസരം നൽകി.

നാസികളുടെ വിശാലമായ സെമിറ്റിക് വിരുദ്ധ അജണ്ടയുടെ ഒരു കേന്ദ്ര ഘടകമായിരുന്നു ഇത്, ജർമ്മൻ സമൂഹത്തിൽ നിന്ന് ജൂതജനതയെ പാർശ്വവത്കരിക്കാനും ഒടുവിൽ ഇല്ലാതാക്കാനും ഈ പദ്ധതി ലക്ഷ്യം വെച്ചു.

ഈ നയങ്ങൾക്ക് കീഴിൽ, ജൂതരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾ ബാങ്കുകൾ എന്നിവ ജൂതരല്ലാത്ത ജർമ്മൻകാർക്ക് ചില്ലറ കാശിനു നിർബന്ധിതമായി കൈമാറ്റം ചെയ്യപ്പെട്ടു. നിയമപരമായ നിയന്ത്രണങ്ങൾ, ഭീഷണികൾ, അക്രമം തുടങ്ങിയ നിരവധി നിർബന്ധിത രീതികൾ ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരുന്നു. 1935 ൽ വന്ന ന്യൂറംബർഗ് നിയമങ്ങൾ ഇതിന്റെ പ്രഹരശേഷി വർധിപ്പിക്കുകയും ജൂതർക്ക് തങ്ങളുടെ സ്വത്തുക്കൾക്ക് വിറ്റൊഴിച്ച് ജീവൻ രക്ഷിച്ചു നാട് വിടേണ്ട അവസ്ഥ വന്നു ചേരുകയും ചെയ്തു.

ആര്യവൽക്കരണത്തിന്റെ അനന്തരഫലങ്ങൾ ജർമ്മനിയിലെ ജൂത സമൂഹത്തിന് വിനാശകരമായിരുന്നു. വിവേചനപരമായ സാമ്പത്തിക നടപടികൾ ദശലക്ഷക്കണക്കിന് ജൂതന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ഹോളോകോസ്റ്റിന്റെ തീവ്രമായ നടപടികളുടെ മുന്നോടിയായാണ് ചരിത്രം വിലയിരുത്തുന്നത്.

നാസി ജർമനി യൂറോപ്പിൽ നടത്തിയ അധിനിവേശങ്ങളും ആ നാടുകളിലേക്കും ആര്യനൈസേഷൻ കൊണ്ടുവരാനും ജർമ്മൻ ധനികർക്ക് കൂടുതൽ സ്വത്തുക്കൾ ചുളുവിൽ കൈക്കലാക്കാനുള്ള അവസരം തുറന്നിട്ടു.

PHOTO: wikimedia.org

ഇതോടൊപ്പം കാണേണ്ട മറ്റൊരു വസ്തുത നാസി ഭരണം ഏറ്റവും തുച്ഛമായ നിരക്കിൽ അധ്വാന ശക്തി മുതലാളിമാർക്ക് ഒരുക്കി നൽകി എന്നതാണ്. തദ്ദേശീയരായ ജൂതന്മാരും രാഷ്ട്രീയ എതിരാളികളും അടങ്ങുന്ന കോൺസെൻട്രേഷൻ ക്യാമ്പ് തടവുകാർക്ക് പുറമെ അധിനിവേശ പ്രദേശങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യുന്ന യുദ്ധത്തടവുകാരുൾപ്പെടെയുള്ള മനുഷ്യരെ അടിമകളാക്കി ജർമ്മൻ മുതലാളിമാർ തൊഴിൽ ഇടങ്ങളിൽ പണിയെടുപ്പിച്ചു. ഏറ്റവും മനുഷ്യഹീനമായ സാഹചര്യത്തിൽ ജോലി ചെയ്യണ്ടി വന്ന ഈ മനുഷ്യർക്ക് യാതൊരു വിധ അവകാശങ്ങളോ വേതനമോ ഉണ്ടായിരുന്നില്ല.

അതിധനികരായ ഒരുകൂട്ടം ജർമ്മൻ കുടുംബങ്ങളുടെ കഥയിലൂടെയാണ് പുസ്തകം ഇതെല്ലം വിവരിക്കുന്നത്. ക്വന്റ് ഡിനാസ്റ്റി, ഫ്‌ലിക്ക് ഡിനാസ്റ്റി, വോൻ ഫിങ്ങ് ഡിനാസ്റ്റി, ഒട്ടേക്കർ ഡിനാസ്റ്റി, പോർഷെ ഡിനാസ്റ്റി എന്നിങ്ങനെയുള്ള കുടുംബങ്ങളാണ് പ്രധാനമായും പുസ്തകത്തിലുള്ളത്.

അതോടൊപ്പം നാസി ടോപ് ലീഡിർഷിപ്പിലുള്ള അഡോൾഫ് ഹിറ്റ്ലർ, ഹിംലർ, ഗീബൽസ്, മഗ്ദ ഗീബൽസ്, ഗോറിങ് എന്നിവരെല്ലാം വിവിധ അധ്യായങ്ങളിൽ വരുന്നുണ്ട്. ഒരുപക്ഷെ ഈ ജർമൻ കുടുംബപ്പേരുകൾ അത്ര പരിചിതമല്ല എങ്കിലും ഇവരുടെ പ്രധാന കമ്പനികളിൽ പലതും ലോകം മുഴുവൻ പ്രസിദ്ധമാണ്. പോർഷെ, BMW, ബെൻസ്, സീമെൻസ്, ഫോക്ക്സ്വാഗൻ, ബയേർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

രണ്ടാം ലോക മഹായുദ്ധം 1945 ൽ ജർമനിയുടെ പതനത്തോടെ അവസാനിച്ചു. ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു. ഗീബൽസും കുടുംബവും മരണത്തിലും ഹിറ്റ്ലറോടുള്ള കൂറു കാട്ടി ഒന്നടങ്കം ആത്മഹത്യ ചെയ്തു. റെഡ് ആർമി ബെർലിനിൽ കടക്കുകയും നാസി ഡിഫൻസിന്റെ അവസാന ലൈനും തകർക്കുകയും ചെയ്തു. യുദ്ധാനന്തരം ജർമനിയെ സഖ്യ കക്ഷികൾ നാലായി വിഭജിക്കുകയും പിന്നീട് അവ മുതലാളിത്വ ചേരിയിൽ വെസ്റ്റ് ജർമനിയായും സോഷ്യലിസ്റ്റ് ചേരിയിൽ ഈസ്റ്റ് ജർമനിയായും രൂപം കൊണ്ടു. ഗോറിങ് ഹിംലർ തുടങ്ങിയ നാസി ടോപ് ലീഡിഷിപ്പിലെ പലരും പിടിക്കപ്പെട്ടു. ഇതിൽ ചിലർ പ്രസിദ്ധമായ ന്യൂറംബർഗ് ട്രയൽ നേരിട്ടു ശിക്ഷിക്കപ്പെട്ടു. മറ്റു ചിലർ കസ്റ്റഡിയിൽ ഇരിക്കെ ആത്മഹത്യ ചെയ്തു.

എന്നാൽ നാസി ഭരണത്തിന്റെ ഏറ്റവും വലിയ പിന്തുണക്കാരും അതിന്റെ ഗുണഭോക്താക്കളുമായ ജർമൻ ധനികർക്ക് എന്ത് സംഭവിച്ചു എന്നൊരു ചോദ്യം ചരിത്രപരമായി ഒരു പാട് പ്രാധാന്യമുള്ളതാണ്.

വളരെ ചുരുക്കം പേരൊഴിച്ച് സിംഹഭാഗം നാസി കൊളാബോറേറ്റേസും യാതൊരു വിധ ശിക്ഷകളും നേരിടാതെ സർവ്വസ്വതന്ത്രമായി പുറത്തുവന്നു എന്നതാണ് ലോക മഹായുദ്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈരുധ്യങ്ങളിൽ ഒന്ന്. എന്ന് മാത്രമല്ല ഇന്നും ഇവരുടെ പിൻ തലമുറയാണ് ജർമനിയിലെ അതിധനികരിൽ പലരും എന്നത് ഈ വൈരുധ്യത്തിന്റെ തലം വർധിപ്പിക്കുന്നു. ഇക്കൂട്ടരിൽ ഭൂരിപക്ഷവും മനുഷ്യ കൂട്ടക്കൊലകളിലൂടെ ആർജ്ജിച്ചെടുത്ത സമ്പത്തിനു മുകളിൽ ഇരിക്കുമ്പോളും ഒരു പേരിനു പോലും തങ്ങളുടെ പൂർവ്വികർ നടത്തിയ മനുഷ്യക്കുരുതിക്ക് മാപ്പ് പറഞ്ഞിട്ടില്ല. പിൻ തലമുറക്കാരിൽ പലരും പിന്നീട് ഇന്ന് യൂറോപ്പിൽ ശക്തിപ്രാപിക്കുന്ന നവനാസി ഗ്രൂപ്പുകളുടെ ഫണ്ടിംഗ് സോഴ്സുകളായി എന്നത് മറ്റൊരു ക്രൂരമായ യാഥാർഥ്യമാണ്.

PHOTO: nationalww2museum.org

രണ്ടാം ലോക മഹായുദ്ധ ശേഷം ഗ്ലോബൽ പൊളിറ്റിക്സിലുണ്ടാകുന്ന പ്രധാന മാറ്റം ശീതയുദ്ധത്തിന്റെ തുടക്കമാണ്. നാസികളും ഫാസിസവും ചിത്രത്തിൽ നിന്നും മാറുകയും അമേരിക്ക നയിക്കുന്ന മുതലാളിത്വ ചേരിക്ക് സോവിയറ്റ് ചേരിയോടുള്ള യുദ്ധം പ്രധാനമാകുകയും ചെയ്തു. ഈ പറഞ്ഞ ധനികരെല്ലാം ഈ മാറ്റത്തിന്റെ ഗുണഭോകതാക്കളായിരുന്നു. മുതലാളിത്വ സൗഹൃദമായ വെസ്റ്റ് ജർമനിയിൽ അവർ തങ്ങളുടെ ഭാവി സംരക്ഷിച്ചു. ആദ്യത്തെ ന്യൂറംബർഗ് ട്രയല്‌സിന് ശേഷം നാസി കൊളാബോറേറ്റേഴ്സിനെ ശിക്ഷിക്കാൻ വലിയ ആവേശം അമേരിക്കൻ ചേരിക്ക് ഇല്ലാതായി. ഇവരിൽ പലരും അമേരിക്കയിലേക്ക് കുടിയേറുകയും വലിയ പദവികൾ നേടിയെടുക്കുകയും ചെയ്തു.

ഫെഡെറിക്ക് ഫ്‌ലിക്കിനെ പോലെ അപൂർവ്വം ചിലർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഫ്‌ലിക്കിന്റെ കാര്യത്തിൽ തന്നെ ആദ്യം നൽകിയ ഏഴുവർഷത്തെ തടവ് പിന്നീട് രണ്ടു വർഷമായി ചുരുക്കി നൽകി. 1972 ൽ മരിക്കുമ്പോൾ ജർമനിയിലെ ഏറ്റവും വലിയ ധനികനായിരുന്നു വാർ ക്രിമിനലായ ഫെഡെറിക്ക് ഫ്‌ലിക്ക്.

ഡിനാസിഫിക്കേഷൻ അഥവാ നാസിസവുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുന്ന കോടതി വ്യവഹാരങ്ങളിൽ സമ്പത്തിന്റെ ശക്തിയിൽ കള്ള തെളിവുകളും സാക്ഷികളും നിരത്തി ജർമൻ ധനികർ സ്വയം രക്ഷിച്ചെടുത്തു. ആയിരക്കണക്കിന് മനുഷ്യരുടെ ചോര ഉണങ്ങും മുന്നേ തന്നെ ചരിത്രം കോടതി മുറികളിൽ തിരുത്തിയെഴുതപ്പെട്ടു. നാസി ഭരണത്തിന്റെ കൂട്ടാളികളിൽ പലരും പുതിയ ജർമനിയുടെ സാമ്പത്തിക വ്യവസ്ഥയുടെ നേതൃത്വത്തിലേക്കുയർന്നു.

ഇതേ കാലയളവിലാണ് വെസ്റ്റ് ജർമനി നാറ്റോ സഖ്യത്തിന്റെ ഭാഗമാകുന്നത്. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന പല നിയന്ത്രങ്ങളും ഇതോടെ ഒഴിവാക്കപ്പെടുകയുണ്ടായി. ആയുധ നിർമ്മാണത്തിൽ ഉൾപ്പെടെ അമേരിക്കൻ ശീതസമരം ശ്രമങ്ങളെ സഹായിക്കേണ്ട ചുമതല ജർമൻ ഇക്കോണമിക്ക് വരുകയും ഇത് വീണ്ടും വലിയ സാമ്പത്തിക സാധ്യതകൾ ജർമൻ ധനികർക്ക് തുറന്നിടുകയും ചെയ്തു.

നാസി ജർമനിയുടെ ചരിത്രവും അതിന്റെ പിന്നീടുള്ള പരിണാമവും അതിൽ ധനികരായ ജർമൻകാർ ഇടപെട്ട രീതിയുമെല്ലാം വിവരിക്കുന്ന പുസ്തകം, ഫാസിസത്തിന് മുതലാളിത്വവുമായുള്ള പൊക്കിൾകൊടി ബന്ധത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള ചരിത്രപരമായ തെളിവുകളുടെ ഒരു വലിയ ശേഖരമാണ് വായനക്കാർക്ക് നൽകുന്നത്. വർത്തമാന കാലഘട്ടത്തിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയവും അതിൽ മുതലാളിത്വത്തിനുള്ള പങ്കും മനസിലാക്കാൻ വായനക്കാർക്ക് ഈ ചരിത്ര പുസ്തകം ഉപകാരപ്പെടും.

Comments