കാലാവസ്​ഥാ വ്യതിയാനം ചർച്ചയാക്കുന്ന പുസ്​തകം ബുക്ക്​ ഓഫ്​ ദി ഇയർ പട്ടികയിൽ

ഫെെനാൻഷ്യൽ ടെെംസ് & മകിൻസി ബിസിനസ്​ ബുക്ക്​ ഓഫ്​ ദി ഇയർ (2021) ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്ക്ൾ ഇ മാന്റെ 'New Climate War' എന്ന പുസ്തകത്തിന് കെ. സഹദേവൻ എഴുതി, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 20-ൽ പ്രസിദ്ധീകരിച്ച നിരൂപണം വായിക്കാം.

തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും രണ്ട് കിഴക്കൻ, വടക്കു- കിഴക്കൻ സംസ്ഥാനങ്ങളും അഞ്ച് വർഷക്കാലത്തിനിടയ്ക്ക് നിരവധി പ്രകൃതിക്ഷോഭങ്ങൾക്ക് ഇരകളാക്കപ്പെട്ടവയാണ്. പ്രളയം, കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ, കൊടും ചൂട്, വരൾച്ച തുടങ്ങി അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ തുടർച്ച ഈ സംസ്ഥാനങ്ങളുടെ സാമാന്യ ജീവിതത്തെ സമ്പൂർണമായി തകർത്തെറിഞ്ഞ വർഷങ്ങളായിരുന്നു കടന്നുപോയത്.

ആയിരക്കണക്കിന് ജീവനുകളാണ് പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞത്. ജീവനും ആവാസവ്യവസ്ഥയും നഷ്ടപ്പെട്ട ഇതര പ്രാണികൾക്ക് വോട്ടില്ലാത്തതുകൊണ്ട് അവ ഒരു പ്രശ്‌നമേ ആയി ആർക്കും തോന്നിയില്ല. സംസ്ഥാന ഖജനാവുകൾക്കുമേൽ വൻതോതിൽ സാമ്പത്തിക ബാധ്യത തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളെയും അതിന് കാരണമായ കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിസന്ധികളെക്കുറിച്ചും തെരഞ്ഞെടുപ്പ് കാലത്ത് യാതൊരു ചർച്ചകളും നടന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. രാഷ്ട്രീയ പാർട്ടികൾ, ഭരണനേതൃത്വം, മാധ്യമങ്ങൾ എന്നിവയെല്ലാം ഈ വിഷയത്തെക്കുറിച്ച് ബോധപൂർവമായ മൗനം പാലിച്ചു. "കാലാവസ്ഥാ വ്യതിയാന നിഷേധ'ത്തിന്റെ കാര്യത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും പൊതുസമ്മതിയിലെത്തിയിരുന്നു. രാഷ്ട്രീയപ്രബുദ്ധമെന്ന് സ്വയം അവകാശപ്പെടുന്ന കേരളം പോലും തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്തത് വിശ്വാസ-ആചാര സംരക്ഷണമെന്ന കാൽപനിക യാഥാർത്ഥ്യത്തെക്കുറിച്ചായിരുന്നു.

വീട്ടുപടിക്കലെത്തി. കാലാവസ്ഥാ വ്യതിയാനം

പ്രകൃതി ക്ഷോഭങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ചിന്തിച്ചാൽ മാത്രം അവ ഗൗരവത്തോടെ പരിഗണിക്കാൻ നാം നിർബന്ധിതരാകുന്നുണ്ട്. 2018ലെ പ്രളയം കേരളത്തിന് സൃഷ്ടിച്ച സാമ്പത്തിക നഷ്ടം 25000- 30000 വരെ കോടി രൂപയാണെന്ന് വിവിധ ഏജൻസികൾ കണക്കാക്കിയത് ഓർക്കുക. എങ്കിൽക്കൂടിയും നമ്മുടെ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ഈയൊരു വിഷയം ഗൗരവമായി കണക്കിലെടുക്കാൻ തയ്യാറായിട്ടില്ല. ഇത് കേവലം കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം സവിശേഷ സംഗതിയല്ലെന്നും കാലാവസ്ഥാ വ്യതിയാന നിഷേധമെന്നത് പൊതുവായ നയമാണെന്നും അതിന് നിലവിലുള്ള പൊതുവായ വികസന ബോധ്യങ്ങളുമായി അഭേദ്യ ബന്ധമുണ്ടെന്നും തിരിച്ചറിയുന്നിടത്താണ് നാം എത്തിപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തെക്കുറിച്ച് ബോധ്യമാകുക. തെരഞ്ഞെടുപ്പുകൾ "വികസന'ത്തെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്ന ഒരു പ്രക്രിയയായി വർത്തമാനകാലത്തും രാഷ്ട്രീയനേതൃത്വങ്ങൾ കരുതുന്നു എന്നതാണ് പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദു.

കാലാവസ്ഥാ വ്യതിയാനമെന്നത് പ്രാദേശിക രാഷ്ട്രീയ വിഷയമല്ലെന്നും അതിന് ആഗോള രാഷ്ട്രീയ-സാമ്പത്തിക നയങ്ങളുമായാണ് ബന്ധമെന്നും മനസ്സിലാക്കുമ്പോൾ തന്നെ അത്തരമൊരു വിഷയം ചർച്ച ചെയ്യപ്പെടേണ്ടത്, അല്ലെങ്കിൽ അത് രാഷ്ട്രീയമായി ഉന്നയിക്കപ്പെടേണ്ടത്, അടിത്തട്ടിൽ നിന്നുതന്നെയാണ് എന്നും എല്ലാ വിഭാഗം മനുഷ്യരും ഉൾപ്പെടുന്ന വലിയൊരു സംവാദവേദി അതിനായി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും നമ്മുടെ മുൻഗണനാ ക്രമങ്ങൾ പുനർനിർണയിക്കപ്പെടേണ്ടതുണ്ടെന്നും തിരിച്ചറിയേണ്ട ഒരു ദശാസന്ധിയിലാണ് നാം എത്തിപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമെന്നത് വിദൂരത്ത് എവിടെയോ സംഭവിക്കുന്ന ഒന്നല്ലെന്നും അത് നമ്മുടെ വീട്ടുപടിക്കൽ എത്തിയിരിക്കുന്നുവെന്നും ഉള്ള തിരിച്ചറിവ് ഇവിടെ പ്രധാനമാണ്.

"കാലാവസ്ഥാ വ്യതിയാനം' (Climate Change) എന്ന വിഷയത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ആരംഭിച്ചപ്പോഴേക്കും കാലാവസ്ഥാ ശാസ്ത്രജ്ഞർ, "നിയന്ത്രണ ബാഹ്യമായ' എന്ന വിശേഷണത്തോടുകൂടി മാത്രമാണ് "കാലാവസ്ഥാ വ്യതിയാന'മെന്ന പദം പരാമർശവിധേയമാക്കുന്നത് എന്ന കാര്യം നമ്മുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. Runaway Climate Change എന്നത് കാലാവസ്ഥാ ശാസ്ത്രത്തിലെ ഒരു സാങ്കേതിക പദം മാത്രമല്ലെന്നും അത് നാം എത്തിപ്പെട്ടിരിക്കുന്ന ദുർഘട പ്രതിസന്ധിയെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്നതാണെന്നും ഭരണനേതൃത്വങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അല്ലെങ്കിൽ അവരെ അക്കാര്യം ബോധ്യപ്പെടുത്താൻ പാകത്തിൽ സാമൂഹ്യ സമ്മർദ്ദം ഉയരേണ്ടതുണ്ട്.

ദേശീയ- പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ കാലാവസ്ഥാ വ്യതിയാനം സംവാദ വിഷയമാകാറില്ലെങ്കിൽ കൂടിയും അന്തർദ്ദേശീയ ഫോറങ്ങളിലും ആഗോള സാമ്പത്തിക ശക്തികളും ശാസ്ത്രസമൂഹവും ഈ വിഷയത്തെ കൂടുതൽ ഗൗരവത്തോടെ സ്വീകരിക്കാൻ നിർബന്ധിതരായിട്ടുണ്ട് എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട്, ദിനേനയെന്നോണം പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നൂറുകണക്കായ ഗ്രന്ഥങ്ങളും ശാസ്ത്രലേഖനങ്ങളും തെളിവുനൽകുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയെ ചരിത്രപരമായും ശാസ്ത്രീയമായും വിലയിരുത്തുന്ന ഈ ഗ്രന്ഥങ്ങളിൽ ഈ വർഷം ആദ്യം പുറത്തിറങ്ങിയ The New Climate War: The Fight to Take Back Our Planet എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയാണിവിടെ.

"പുത്തൻ കാലാവസ്ഥാ യുദ്ധം' (The New Climate War: The Fight to Take Back Our Planet) എഴുതിയത്, കാലാവസ്ഥാ ശാസ്ത്രജ്ഞനും ഭൂ- ഭൗതിക ശാസ്ത്രജ്ഞനുമായ മൈക്കിൾ ഇ. മാൻ. നിലവിൽ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എർത്ത് സിസ്റ്റം സയൻസ് സെന്റർ ഡയറക്ടറായ മാൻ, കഴിഞ്ഞ ആയിരം വർഷങ്ങളിലെ താപവ്യതിയാനത്തെ സംബന്ധിച്ച പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞനാണ്. താപവ്യതിയാനങ്ങളിലെ തീവ്രത വിശദീകരിക്കുന്ന "ഹോക്കി- സ്റ്റിക് കർവി' (Hockey Stick Curve) ന്റെ ഉപജ്ഞാതാവു കൂടിയാണ് അദ്ദേഹം. ഇതിനുപുറമെ, ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) 2001ൽ പുറത്തിറക്കിയ Third Assessment Report (TAR) ലെ ഒരദ്ധ്യായം-Observed Climate Variability and Change- തയ്യാറാക്കിയ എട്ട് സുപ്രധാന ശാസ്ത്രജ്ഞരിൽ ഒരാൾ കൂടിയാണ്. 2021 ജനുവരിയിലാണ് മൈക്കിൾ ഇ. മാനിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്.

പുസ്തകങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുമുമ്പ് അവ പ്രസിദ്ധീകരിച്ച സമയത്തിന്റെ പ്രാധാന്യം പരാമർശിക്കേണ്ടതുണ്ട്. അതിലേറ്റവും പ്രധാനം, ലോകത്ത് "ഏറ്റവും സ്വാധീനമുള്ള' കാലാവസ്ഥാ വ്യതിയാന നിഷേധകൻ (Climate Denier) ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡണ്ട് പദവിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവരികയും പൊതുവിൽ കാലാവസ്ഥാ വ്യതിയാനത്തെ അംഗീകരിക്കുന്ന ജോ ബൈഡൻ തൽസ്ഥാനത്തേക്ക് കടന്നുവരികയും ചെയ്ത കാലത്താണ് ഈ പുസ്തകങ്ങളുടെ പിറവി എന്നതാണ്. ഈയൊരു മാറ്റം "കാലാവസ്ഥാ നിഷേധകരെ' അവരുടെ മുൻതന്ത്രങ്ങൾ മാറ്റിപ്പണിയുന്നതിന് നിർബന്ധിതരാക്കുന്നുണ്ട്.

പതിറ്റാണ്ടുകളോളം ഫോസിൽ ഇന്ധന വ്യവസായ ലോബിയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിച്ച, കാലാവസ്ഥാ നിഷേധകരുടെ "പൊടെംകിൻ വില്ലേജ്', "നിഷേധ' (denial) ത്തിൽ നിന്ന് "വഴിതെറ്റിക്കലി'ലേക്കും "വൈകിക്കലി'ലേക്കും തങ്ങളുടെ തന്ത്രങ്ങൾ മാറ്റിയിരിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. രണ്ട് പതിറ്റാണ്ടുമുമ്പ് പുറത്തിറക്കിയ "ഒറിഗോൺ പെറ്റീഷൻ' (Oregon Petition) പോലൊരെണ്ണം പ്രസിദ്ധീകരിക്കാൻ പറ്റാത്തവിധം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്ര വസ്തുതകൾ അനിഷേധ്യമായി സ്ഥാപിച്ചെടുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നതും പ്രധാനമാണ്. മുൻകാല റിപ്പോർട്ടുകളിൽ നിന്ന് ഭിന്നമായി ഗൗരവമായ മുന്നറിയിപ്പുകളുമായി ഐപിസിസി-യുടെ "സിക്സ്ത് അസെസ്മെന്റ് റിപ്പോർട്ട്' അടുത്തവർഷം ആദ്യം പുറത്തിറങ്ങുമെന്നതും പുസ്തകങ്ങൾ പ്രസിദ്ധീകൃതമായ സമയത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു.

കാലാവസ്ഥാ ശാസ്ത്രജ്ഞൻ എന്ന നിലയിൽ മാത്രമല്ല, ആക്ടിവിസ്റ്റ് എന്ന നിലയിൽ കൂടിയാണ് മാൻ ഈ പുസ്തകത്തിലൂടെ സംവദിക്കുന്നത്. കാൾ സാഗന്റെ ആരാധകനായ മാൻ, ശാസ്ത്രജ്ഞർക്കിടയിലെ യോദ്ധാവായിട്ടാണ് സാഗനെ വിശേഷിപ്പിക്കുന്നത്.

തന്റെ അറിവും കണ്ടെത്തലുകളും അക്കാദമിക് തലങ്ങളിൽ മാത്രം പങ്കുവെക്കപ്പെടേണ്ട ഒന്നല്ലെന്നും വിശാലമായ പൊതു ഇടങ്ങളിൽ അവ എത്തിപ്പെടേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തോടെ സാധ്യമായ എല്ലാ മാധ്യമങ്ങളിലുടെയും മാൻ സംവദിക്കുന്നുണ്ട് എന്ന കാര്യം കൂടി ആനുഷംഗികമായി പറയട്ടെ. കാലാവസ്ഥാ വ്യതിയാനത്തിന് പിന്നിലെ 'ആന്ദ്രപോസീൻ' ഘടകത്തെ സംബന്ധിച്ച കണ്ടെത്തലുകളെ ഖനിജ ഇന്ധന ലോബികൾ പതിറ്റാണ്ടുകളായി എങ്ങിനെ പൊതുസംവാദങ്ങളിൽ നിന്ന് മറച്ചുവെക്കുന്നുവെന്നും, ശാസ്ത്രീയാന്വേഷണങ്ങളെയും കണ്ടെത്തലുകളെയും അവർ എങ്ങനെ വഴിതിരിച്ചുവിടുന്നുവെന്നും സത്യം വിളിച്ചുപറയുന്ന ശാസ്ത്രജ്ഞരെ എങ്ങനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും കൃത്യമായ തെളിവുകളുടെയും സ്വന്തം അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ മാൻ വിശദീകരിക്കുന്നു.

ജെയിംസ് എഫ്. ബ്ലാക്
ജെയിംസ് എഫ്. ബ്ലാക്

ഫോസിൽ ഇന്ധന വ്യവസായം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ പുറംതള്ളലിൽ വഹിക്കുന്ന നിർണായക പങ്കിനെ സംബന്ധിച്ച് എക്‌സോൺ മൊബിൽ (Exxon Mobil) കമ്പനിയിലെ സീനിയർ സയന്റിസ്റ്റ് ജെയിംസ് എഫ്. ബ്ലാക് (James F Black) 1970കളിൽ നടത്തിയ പഠനത്തെയും കണ്ടെത്തലുകളെയും Exxon Mobil കമ്പനി അരനൂറ്റാണ്ടുകാലം, മറച്ചുവെച്ചത് സംബന്ധിച്ച വെളിപ്പെടുത്തലോടെയാണ് മാൻ തന്റെ പുസ്തകം ആരംഭിക്കുന്നത്.

ഇതേ കാലയളവിൽ, ലോകത്തിലെ ഏറ്റവും വലിയ ഖനിജ ഇന്ധന വ്യവസായികളായ "കോച് ബ്രദേഴ്‌സ്' (Koch Brothers) എന്നറിയപ്പെടുന്ന ഡേവിഡ് ആന്റ് ചാൾസ് കോച്ചും, ഖനിജ ഇന്ധന വ്യവസായങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന്, ഷെൽ, എക്‌സൺ മൊബീൽ, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങിയ വൻകിട കമ്പനികള ചേർന്ന് രൂപീകരിച്ച "ഗ്ലോബൽ ക്ലൈമറ്റ് കൊയിലിഷനും' (Global Climate Coalition) ലോകത്തിലെ സുപ്രധാന ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും, ശാസ്ത്രജ്ഞരെയും സ്വാധീനിച്ചതെങ്ങിനെയെന്നത് സംബന്ധിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് മാൻ തന്റെ പുസ്തകത്തിൽ.

ഒരു ക്ലൈമറ്റോളജിസ്റ്റ് എന്ന നിലയിൽ മൈക്കിൾ ഇ മാൻ പ്രസിദ്ധനാകുന്നത് ആയിരം വർഷത്തെ താപവ്യതിയാനത്തെ സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ്. ആദ്യഘട്ടത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും പിന്നീട് ശാസ്ത്രലോകം ഏറ്റെടുക്കുകയും ചെയ്ത "ഹോക്കി-സ്റ്റിക് കർവി' (Hockey Stick Curve)ന്റെ ഉപജ്ഞാതാവാണ് മാൻ. മാൻ തന്റെ ഹോക്കി സ്റ്റിക് കർവ് ഗ്രാഫിലൂടെ താപവ്യതിയാനത്തിലെ ആന്ദ്രപോസീൻ ഘടകത്തെ കൂടുതൽ വ്യക്തതയോടെ വിശദീകരിച്ചത് ഖനിജ ഇന്ധന വ്യവസായ ലോബിയെ വിറളിപിടിപ്പിച്ചിരുന്നു.

ജോർജ്ജ് സി. മാർഷൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ (ഖനിജ വ്യവസായലോബിയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കാലാവസ്ഥാ വ്യതിയാന നിഷേധകരുടെ കൂടാരമാണ് GMI എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സ്ഥാപനം.) പിന്തുണയോടെ മൈക്കിൾ മാന്റെ ഗവേഷണ പ്രബന്ധത്തിനെതിരായി പ്രചാരണങ്ങൾ അഴിച്ചുവിട്ടതിനെക്കുറിച്ച് മാൻ 2012ൽ പ്രസിദ്ധീകരിച്ച "ഹോക്കി സ്റ്റിക് ആന്റ് ദ ക്ലൈമറ്റ് വാർ' എന്ന പുസ്തകത്തിലൂടെ വിശദമാക്കിയിരുന്നു.

രാസ കീടനാശിനികളും ക്ലോറോ ഫ്‌ളൂറോ കാർബൺ പോലുള്ള വാതകങ്ങളും ജീവികളിലും അന്തരീക്ഷത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ആരംഭത്തിൽ തന്നെ ശാസ്ത്രീയ പഠനങ്ങൾ പുറത്തുവന്നുവെങ്കിലും അത്തരം പഠനങ്ങളിൽ ഏർപ്പെടുകയും ശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ശാസ്ത്രജ്ഞരെ- റെയ്ചൽ കാർസൺ (DDT), ബിൽ ബ്രൂൺ (CFC's)- കൂട്ടം ചേർന്ന് ആക്രമിക്കുകയാണ് ചെയ്തതെന്ന് മാൻ തന്റെ പുസ്തകത്തിലൂടെ തെളിവുകൾ ഉദ്ധരിച്ച് സമർത്ഥിക്കുന്നുണ്ട്.

ആയിരം വർഷക്കാലത്തെ താപവ്യതിയാനങ്ങളെ സംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിക്കപ്പെട്ട നാളുകളിൽ, അന്തരീക്ഷ താപനിലയിലെ കഴിഞ്ഞ നൂറുവർഷങ്ങളിലെ ഭീമാകാരമായ വർധനവിനെ സംബന്ധിച്ച പഠനങ്ങൾ പുറത്തുവരികയും, താപവർധനവിലെ ആന്ദ്രപോജെനിക് ഘടകത്തെ സംബന്ധിച്ച കൂടുതൽ ചർച്ചകളിലേക്ക് ശാസ്ത്രലോകം ചെന്നെത്തുകയും ചെയ്തപ്പോൾ ഫോസിൽ ഇന്ധന ലോബിയും വ്യവസായ ലോബിയും മൈക്കിൾ ഇ. മാനിനെതിരായും അദ്ദേഹത്തിന്റെ 'ഹോക്കിസ്റ്റിക് കർവി'നെതിരായും ആസൂത്രിത ആക്രമണം തന്നെ അഴിച്ചുവിട്ടു. "ക്ലൈമറ്റ്‌ഗേറ്റ്' (Climate gate) എന്നറിയപ്പെടുന്ന ഈ വിവാദം ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരെ അപകീർത്തിപ്പെടുത്തുന്നതിനും അവരുടെ വ്യക്തിജീവിതവും ഗവേഷണജീവിതവും തകർക്കുന്നതിനും ഉദ്ദേശിച്ചുള്ള ഒന്നായിരുന്നുവെന്ന് മാൻ തന്റെ വ്യക്തിഗത അനുഭവങ്ങളിലൂടെ വിശദീകരിക്കുന്നു.

കാലാവസ്ഥാ വ്യതിയാന നിഷേധം ദീർഘനാൾ തുടരാൻ സാധ്യമല്ലാത്ത വിധം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ (extreme weather events) തുടർച്ചയായി മാനവസമൂഹത്തെ വേട്ടയാടാൻ തുടങ്ങിയപ്പോഴേക്കും "നിഷേധ'ത്തിൽ നിന്ന്'വഴിതെറ്റിക്കലി'ലേക്ക് കാലാവസ്ഥാ നിഷേധകർ തങ്ങളുടെ തന്ത്രങ്ങൾ മാറ്റിയിരുന്നു. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന കാർബൺ ഉദ്ഗമനത്തിന്റെ ഉത്തരവാദികൾ 'നിങ്ങളാണ്' എന്ന് ഓരോ വ്യക്തിയെയും ബോധ്യപ്പെടുത്താനുള്ള തന്ത്രങ്ങളായിരുന്നു അവർ പ്രയോഗിച്ചത്. "വ്യക്തിഗത കാർബൺ പാദമുദ്ര' (Persona; Carbon Footprint) എന്ന കാഴ്ചപ്പാട് ആദ്യമായി അവതരിപ്പിച്ചതും അവ കണക്കുകൂട്ടാനുള്ള "കാർബൺ കാൽക്കുലേറ്റർ' കണ്ടുപിടിച്ചതും ബ്രിട്ടീഷ് പെട്രോളിയം എന്ന എണ്ണ കമ്പനിയായിരുന്നുവെന്ന് അറിയുന്നത് രസകരമായിരിക്കും. ആഗോളതാപനത്തിന് കാരണമാകുന്ന കാർബൺ വിസർജ്ജനത്തിന്റെ തോത് കുറയ്ക്കാനാവശ്യമായ നയപരവും രാഷ്ട്രീയപരവുമായ കൂട്ടായ തീരുമാനങ്ങൾക്ക് പകരം വ്യക്തികളെ പ്രതിസ്ഥാനത്ത് നിർത്തി യഥാർത്ഥ പരിഹാരങ്ങളിൽ നിന്ന് വഴിതെറ്റിക്കുവാനുള്ള ആസൂത്രിത നീക്കങ്ങളായിരുന്നു വ്യവസായ ലോബികളും ഭരണകൂടങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മൈക്കിൾ ഇ. മാൻ വിശദീകരിക്കുന്നു.

കോച് ബ്രദേഴ്സ് കാരിക്കേച്ചർ / Photo: DonkeyHotey, Flickr
കോച് ബ്രദേഴ്സ് കാരിക്കേച്ചർ / Photo: DonkeyHotey, Flickr

രാഷ്ട്രീയ തീരുമാനങ്ങളെയും നയസമീപനങ്ങളെയും വെറുതെവിട്ട് വ്യക്തികളെ കുറ്റക്കാരായി ചൂണ്ടിക്കാട്ടുന്ന ഈ പ്രവണത 70കളിൽ പ്രചുരപ്രചാരം നേടിയ Crying Indian പോലുള്ള പരസ്യ ചിത്രങ്ങളിലൂടെ ആരംഭിച്ചതാണെന്ന് മാൻ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ പരിസ്ഥിതി എഴുത്തുകാരനായ സാമി ഗ്രോവർ അഭിപ്രായപ്പെടുന്നതുപോലെ, "പ്രചലിത വിശ്വാസത്തിന് വിരുദ്ധമായി, ഫോസിൽ ഇന്ധന കമ്പനികൾ യഥാർത്ഥത്തിൽ പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നതിൽ സംതൃപ്തരാണ്. വ്യക്തിഗത ഉത്തരവാദിത്വത്തിന്മേൽ ചർച്ചകളെ തളച്ചിടുക എന്നത് മാത്രമാണ് അവർ ആഗ്രഹിക്കുന്നത്, മറിച്ച് വ്യവസ്ഥാ മാറ്റത്തെക്കുറിച്ചോ കോർപ്പറേറ്റ് അപരാധത്തെക്കുറിച്ചോ ചർച്ച ചെയ്യാനല്ല'. (In Defence of Eco-Hypocrisy; Grover, 2019).

ശാസ്ത്രീയ വസ്തുതകൾ കൺമുന്നിൽ തെളിഞ്ഞുനിന്നിട്ടും അവയെ നിഷേധിക്കാനും ചർച്ചകളെ വഴിതിരിച്ചുവിടാനും ശ്രമിച്ചതിലൂടെ എത്തിപ്പെട്ടിരിക്കുന്നത് "നിയന്ത്രണബാഹ്യമായ കാലാവസ്ഥാ വ്യതിയാന'ത്തിലേക്കാണ് എന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. വ്യവസ്ഥാ മാറ്റത്തിലൂടെയും ആഗോള കൂട്ടായ്മയിലൂടെയും അല്ലാതെ ഇതിന് പരിഹാരം കാണാൻ സാധിക്കുകയില്ലെന്ന് ശാസ്ത്രലോകം വിളച്ചുപറയുന്നു. നമ്മുടെ മുന്നിലുള്ള സാധ്യതകളെക്കുറിച്ച് മൈക്കിൾ മാൻ വിശദീകരിക്കുന്നു: We can only burn a finite amount of carbon to avoid 1.5°C warming. And if we exceed that budget, which seems quite possible at this point, there is still a budget for avoiding 2°C warming. Every bit of additional carbon we burn makes things worse. But conversely, every bit of carbon we avoid burning prevents additional damage. There is both urgency and agency.

പരിഹാരങ്ങളല്ലാത്ത പരിഹാര നിർദ്ദേശങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പൊതുവായ ചർച്ചകളെ വഴിതിരിച്ചുവിടുന്നതിലും കാലാവസ്ഥാ വ്യതിയാന നിഷേധകർക്ക് ഏറെ പ്രയാസപ്പെടേണ്ടിവരുന്ന അവസ്ഥയുണ്ട്. കാലാവസ്ഥാ അഭയാർത്ഥികൾ (Climate Refugees) എന്നൊരു പുതിയ സാമൂഹിക വിഭാഗം നാൾക്കുനാൾ വർധിച്ചുവരുന്നുവെന്ന യാഥാർത്ഥ്യം മറച്ചുപിടിക്കാൻ സാധിക്കാത്ത പ്രതിസന്ധിയാണിത്. അതുകൊണ്ടുതന്നെ കാർബൺ പുറംതള്ളലിന് തടയിടാനാവശ്യമായ സാങ്കേതികവിദ്യകളുടെ വലിയൊരു നിരതന്നെ അവർ മുന്നോട്ടുവെക്കുന്നു. പ്രകൃതിവാതകം, കാർബൺ കാപ്ചർ, ജിയോ എഞ്ചിനീയറിംഗ് എന്നിവയോടൊപ്പം "ബ്രിഡ്ജ് ഫ്യൂവൽസ്', "ക്ലീൻ കോൾ', "അഡാപ്‌റ്റേഷൻ' തുടങ്ങിയ ആശ്വാസവാക്കുകളും അവർ മുന്നോട്ടുവെക്കുന്നു.

ഔദ്യോഗിക സംവിധാനങ്ങൾ എന്തൊക്കെയോ പരിഹാര നടപടികളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന മിഥ്യാബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നുവെന്നല്ലാതെ ഇവയൊക്കെയും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണെന്ന് മൈക്കിൾ ഇ. മാൻ തറപ്പിച്ചുപറയുന്നു.
കാലാവസ്ഥാ നിഷേധകരുടെ ബോധപൂർവവും നിക്ഷിപ്ത താൽപര്യങ്ങൾ ഉൾക്കൊള്ളുന്നതുമായ ഇടപെടൽ പലരീതിയിൽ ആഗോള സാമ്പത്തിക-ആസൂത്രണ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിയന്തര സ്വഭാവം തിരിച്ചറിഞ്ഞ് യുവജനങ്ങളുടെ മുൻകൈയ്യിൽ ഉയർന്നുവരുന്ന പുതിയ മുന്നേറ്റങ്ങളിൽ പ്രതീക്ഷ പുലർത്തുന്നുണ്ട് ഗ്രന്ഥകാരൻ. ഗ്രെറ്റ തൻബർഗും അലക്സാണ്ട്രിയ വില്ലാസെനറും അടങ്ങുന്ന യുവ കാലാവസ്ഥാ ആക്ടിവിസ്റ്റുകൾ വളർത്തിക്കൊണ്ടുവരുന്ന പ്രസ്ഥാനങ്ങൾ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകൾ നൽകുന്നതാണെന്നും മാൻ പറയുന്നു.

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡേവിഡ് ഓർ തന്റെ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നതുപോലെ, (no matter what our personal preference, politics, or beliefs may be, as greenhouse gases accumulate in the atmosphere, temperature will continue to rise until the Earth reaches a new equilibrium) ഒട്ടും പരിചിതമല്ലാത്ത ഒരു ഭാവിയിലേക്കുള്ള യാത്രയായിരിക്കും മനുഷ്യ സമൂഹത്തിന് ഇനിയങ്ങോട്ട് നടത്താനുള്ളത്, നാളിതുവരെ അവൻ കെട്ടിപ്പൊക്കിയ പലതും അവന് അന്യമാകുകയും പുതിയവ സ്ഥാപിക്കുകയും വേണ്ടിവരും. ജനാധിപത്യ മാതൃകകൾ, സാമൂഹ്യ സംഘാടനങ്ങൾ, സാമ്പത്തിക വിപണന രീതികൾ എന്നിവയൊക്കെയും പൊളിച്ചെഴുത്തുകൾക്ക് വിധേയമാക്കപ്പെടേണ്ടിവരും.

നാളിതുവരെ ശീലിച്ചുവന്നതിൽ നിന്ന് ഭിന്നമായൊന്നിനെ സങ്കൽപ്പിക്കാനുള്ള വിമുഖത, അവയോടുള്ള നിരാസമായി ആദ്യഘട്ടത്തിൽ പ്രകടമാകും. വസ്തുനിഷ്ഠ യാഥാർത്ഥ്യം അംഗീകരിക്കാതെ മുന്നോട്ടുപോകാൻ സാധ്യമല്ലെന്ന ഘട്ടത്തിൽ പഴയവ ഒന്നൊന്നായി ഇല്ലാതാകും എന്നതും അത്രതന്നെ സത്യമാണ്. ഊർജ്ജോപഭോഗം, ഉത്പാദനം, വിതരണം, സമ്പദ് വ്യവസ്ഥ എന്നിവയിലൊക്കെ വലിയ മാറ്റങ്ങൾ അതുകൊണ്ടുതന്നെ അനിവാര്യമായിരിക്കും.

ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കാം: ബിൽ ഗേറ്റ്‌സും മൈക്കിൾ ഇ. മാനും; പരിസ്ഥിതിയെക്കുറിച്ച് രണ്ടു പുസ്തകങ്ങൾ


Summary: ഫെെനാൻഷ്യൽ ടെെംസ് & മകിൻസി ബിസിനസ്​ ബുക്ക്​ ഓഫ്​ ദി ഇയർ (2021) ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്ക്ൾ ഇ മാന്റെ 'New Climate War' എന്ന പുസ്തകത്തിന് കെ. സഹദേവൻ എഴുതി, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 20-ൽ പ്രസിദ്ധീകരിച്ച നിരൂപണം വായിക്കാം.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments