ഓർഹൻ പാമുക്കിന്റെ നോവലുകൾ വായിച്ചു കഴിയുമ്പോൾ മനസ്സിനു ലഭിക്കുന്ന സുഖാനുഭൂതി ഒന്നു വെറെ തന്നെയാണ്. പ്രമേയത്തിന്റെ ഗഹനതയെ തള്ളിമാറ്റിക്കൊണ്ട് മനസ്സിലാകെ ഒരു സന്തോഷം വന്നു നിറയും. മനസ്സൊന്നു ശാന്തമാകും. ജീവിതത്തിന്റ അർഥവുമായി ബന്ധിപ്പിക്കുന്ന എതോ ഒരു തലം അവയിലെല്ലാമുണ്ട്. അപൂർവ്വം ചില എഴുത്തുകാർക്കു മാത്രമെ ഈ സിദ്ധിയുള്ളൂ. നമ്മുടെ ജീവിതത്തെയും നമുക്ക് ചുറ്റുമുള്ള ലോകത്തെയും ചേർത്തു നിർത്തുന്ന എന്തോ ഒരു രാസപ്രവർത്തനം ഭാഷയിലൂടെ ഉത്കൃഷ്ടരായ എഴുത്തുകാർ സാധിച്ചെടുക്കുന്നു. എഴുന്നോറോളം പേജുകളുള്ള പാമുക്കിന്റെ "Nights of Plague' എന്ന പുതിയ നോവൽ വായിച്ചതിന്റെ സന്തോഷത്തിലാണ് ഞാനിത് കുറിക്കുന്നത്. ആദ്യവായനയിൽ മനസ്സിലേക്കെത്തിയ ചില വിചാരങ്ങൾ മാത്രമെ ഇവിടെ എഴുതുവാനൊക്കൂ. ഒറ്റ വായനയിൽ ഗ്രഹിച്ചെടുക്കാവുന്നതിൽ കൂടുതലുള്ള അർഥ തലങ്ങൾ പലതും ഈ ബൃഹദ് രചനയിലുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
അടുത്ത കാലത്തുണ്ടായ കോവിഡ് വ്യാപനത്തിന്റെ ഭീകരമായ അനുഭവ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ ഈ നോവൽ വായനക്കാരന്റെ മനസ്സിൽ വേറിട്ട പല ചിന്തകൾക്കും കാരണമാവും. പ്ലേഗ് പ്രമേയമായ ഒരു രചന മനസ്സിലുണ്ടെന്ന് പാമുക് മുമ്പേ വ്യക്തമാക്കിയിട്ടുള്ളതാണ്. കോവിഡ് പാൻഡമിക് വന്നതോടെ അത് ഈ നോവലിലൂടെ യാഥാർത്ഥ്യമായി എന്നു മാത്രം.
പകർച്ചവ്യാധികൾ ലോകത്തിന്റെ മുന്നിൽ വെക്കുന്ന വെല്ലുവിളികളാണ് ഈ നോവലിന്റെ മുഖ്യവിഷയം. അത് ആരോഗ്യ പ്രശ്നങ്ങൾ മാത്രമല്ല; അധികാര പ്രശ്നങ്ങൾ കൂടിയാണ്. പാമുക് ഭാവനയിൽ സൃഷ്ടിച്ച മിൻങ്കേറിയ എന്ന ദ്വീപിലുണ്ടായ പ്ലേഗ് ബാധയുടെ പശ്ചാത്തലത്തിലാണ് ആഖ്യാനം മുന്നേറുന്നത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലെ ഇരുപത്തിയൊമ്പതാമത് പ്രോവിൻസ് എന്ന നിലയിലാണ് മിൻങ്കേറിയയെ പാമുക് സങ്കല്പിച്ചെടുത്തിരിക്കുന്നത്. എന്നാൽ അത് വർത്തമാനകാല തുർക്കിയുടെ ഒരു നേർപരിച്ഛേദമായും വായിച്ചെടുക്കാവുന്നതാണ്. വൈകാരിക ദേശീയത ഒരു രാഷ്ട്രസമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് ഈ എഴുത്തുകാരൻ കാണിച്ചു തരികയാണ്. എഴുത്തുകാർ ഭാവനയിൽ നിർമ്മിച്ചെടുക്കാറുള്ള സ്ഥലങ്ങൾ പലതും വായിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവിശ്വസനീയമായ കൃത്യതയോടെയാണ് പാമുക് ഈ ദ്വീപിനെ വാക്കുകളിലൂടെ നിർമ്മിച്ചിരിക്കുന്നത്. ചരിത്രകാരന്മാർക്കു പോലും കഴിയാത്തത്ര സൂക്ഷ്മത നോവലിസ്റ്റ് ഇക്കാര്യത്തിൽ കാണിക്കുന്നുണ്ട്. അതിലുപരി മികച്ചൊരു വാസ്തുശില്പിയുടെ ഭാവന കൂടി ഇതിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് നമ്മൾ സംശയിച്ചു പോകും. വാസ്തുശില്പവുമായി ബന്ധപ്പെട്ട ഒരു ലേഖനം അദ്ദേഹം മുമ്പൊരിക്കൽ എഴുതിയതായി ഓർക്കുന്നു. പ്രമേയഘടനയ്ക്ക് പൊരുത്തമുള്ള ഭൂമിക സൃഷ്ടിച്ചെടുക്കുന്നതിൽ ഈ വൈദഗ്ദ്യം പ്രകടമാണ്.
ഒരേ സമയം ഇതൊരു ചരിത്ര നോവലും നോവൽ രൂപത്തിലെഴുതിയ ചരിത്രവുമാണ് എന്നു പറഞ്ഞുകൊണ്ടാണ് നോവലിന്റെ ആമുഖം തന്നെ തുടങ്ങുന്നത്. 1901 ൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതു മുതലുള്ള ആറു മാസക്കാലം മിൻങ്കേറിയൻ ദ്വീപിൽ നടന്ന സംഭവ വികാസങ്ങളാണ് നോവലിൽ പ്രതിപാദിക്കുന്നത്. അവയോടു ചേർന്നുള്ള ചരിത്ര സംഭവങ്ങളും നോവലിന്റെ ഭാഗമാകുന്നുമുണ്ട്.
മിനാ മിൻങ്കർ എന്ന എഴുത്തുകാരിയാണ് ഈ നോവലിന് ആമുഖമെഴുതിയിരിക്കുന്നത്. അതിന്റെ കാരണം ഈ നോവലിന്റെ പുതുമകളിലൊന്നിലേക്ക് വെളിച്ചം വീശുന്നു.
മിനാ മിങ്കർ എന്ന എഴുത്തുകാരി പാമുക് ഭാവനയിൽ സൃഷ്ടിച്ച ഒരു നോവലിസ്റ്റാണ്. അവരെക്കൊണ്ടാണ് പാമുക് "നൈറ്റ്സ് ഓഫ് പ്ലേഗ്' എന്ന കൃതി എഴുതിപ്പിക്കുന്നത്. കഥാഖ്യാനം നിർവഹിക്കാനായി ഒരു നോവലിസ്റ്റിനെ ഭാവനയിൽ നിർമ്മിച്ചു കൊണ്ട് യഥാർഥ കഥാകാരൻ മാറി നിന്ന് രചന ആസ്വദിക്കുകയാവാം. ആഖ്യാനത്തിന്റെ സാക്ഷിയായി നോവലിസ്റ്റ് തന്നെ മാറുന്ന ഒരവസ്ഥ ഇവിടെ സംഭവിക്കുന്നു. ആമുഖവും നോവലിന്റെ അവസാന ഭാഗത്ത് ചേർത്തിരിക്കുന്ന ദീർഘമായ "Many Years Later' എന്ന പേരിലുള്ള അനുബന്ധവും വായിക്കുമ്പോൾ മാത്രമെ ഈ വസ്തുതകൾ വായനക്കാർക്ക് പൂർണ്ണമായും പിടികിട്ടുകയുള്ളൂ. ആദ്യം ആമുഖം. തുടർന്ന് ഒന്നു മുതൽ 79 വരെയുള്ള അധ്യായങ്ങൾ. അതിനു ശേഷമാണ് ഈ അനുബന്ധ അധ്യായം കൊടുത്തിരിക്കുന്നത്. ഇവയൊക്കെ ചേർന്നതാണ് പാമുക്കിന്റെ "നൈറ്റ്സ് ഓഫ് പ്ലേഗ്' എന്ന നോവൽ.
ആമുഖത്തിൽ മിനാ മിൻങ്കർ നോവലിനെപ്പറ്റി ചില കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. ദ്വീപിലെ പ്ലേഗ് ബാധയെപ്പറ്റിയും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളെപ്പറ്റിയും പഠിച്ച് എഴുതുവാൻ തുടങ്ങിയപ്പോൾ അത് ചരിത്രാന്വേഷണത്തിന്റെ വഴിയിലൂടെ മാത്രം പൂർത്തിയാക്കാനാവില്ലെന്നും നോവലെഴുത്തിന്റെ ക്രാഫ്റ്റ് പ്രയോജനപ്പെടുമെന്നും ബോധ്യപ്പെട്ടു. അങ്ങനെയാണ് രണ്ട് അഖ്യാനരീതികളേയും ചേർത്തുകൊണ്ട് ഇതെഴുതിയത് എന്നാണ് അവർ നൽകുന്ന ഒരു വിശദീകരണം. മുപ്പത്തിമൂന്നാമത് ഓട്ടോമൻ സുൽത്താൻ മുറാദ്. വി യുടെ മകൾ പക്കിസെ രാജകുമാരി അവരുടെ സഹോദരി ഹാറ്റിസേയ്ക്ക് എഴുതിയ 113 കത്തുകൾ ആവശ്യമായ വിശദീകരണ കുറിപ്പുകളോടെ പ്രസിദ്ധപ്പെടുത്തുന്നതിനായി തന്റെ കയ്യിലെത്തിയെന്നും, എഡിറ്റർ എന്ന നിലയിൽ താൻ അവയ്ക്കെഴുതിയ വിശദീകരണ ലേഖനമാണ് ഈ പുസ്തകമെന്നുമാണ് മറ്റൊരു തുറന്നു പറച്ചിൽ. പക്കിസെ രാജകുമാരി എന്ന നോവലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന ദൗത്യം കൂടി ആമുഖം നിർവ്വഹിച്ചിരിക്കുന്നു.
എന്താണ് നോവലെഴുത്ത് എന്ന ചോദ്യത്തെ ഓർഹൻ പാമുക് പലപ്പോഴും നേരിട്ടിട്ടുണ്ട്. ഇവിടെ മിനാ മിൻങ്കറിലൂടെ ഒരിക്കൽ കൂടി അദ്ദേഹമത് വ്യക്തമായി പറഞ്ഞു വെക്കുന്നു. ഇതിന്റെ ആമുഖത്തിലെ വിശദീകരണം ഇങ്ങനെയാണ്: "The art of the novel is based on the craft of telling our own stories as if they belonged to others, and of telling other people's stories as if they were our own.'
മിൻങ്കേറിയൻ ദ്വീപിൽ അപ്രതീക്ഷിതമായി കടന്നു വന്ന പ്ലേഗ്ബാധ ദ്വീപിലാകെ വലിയ രീതിയിൽ പടർന്നു പിടിക്കുകയായിരുന്നു. ഇതിനെ നേരിടാനായി ഓട്ടോമൻ സുൽത്താൻ രാജ്യത്തെ ഏറ്റവും പ്രശസ്തനായ കെമിസ്റ്റും പകർച്ചവ്യാധി വിദഗ്ദ്ധനുമായ ബോങ്കോസ്കി പാഷയെ അങ്ങോട്ടയക്കുന്നു. പ്ലേഗ് നിയന്ത്രണത്തിനായി അദ്ദേഹം ദ്വീപിലാകെ കടുത്ത ക്വാറന്റീൻ നടപടികൾ ആവശ്യപ്പെടുന്നു. അവിടെയുള്ള ജനങ്ങൾ ഈ നടപടിയോട് സഹകരിക്കാൻ തയ്യാറാവുന്നില്ല. ഇതേത്തുടർന്ന് പല പ്രശ്നങ്ങളും അവിടെ അരങ്ങേറുന്നു. നമ്മളൊക്കെ നേരിട്ട പുതിയകാല കോവിഡിന്റെ പശ്ചാത്തലത്തിൽ ഇതിൽ പറയുന്ന പ്രശ്നങ്ങളൊക്കെ നമുക്കെല്ലാം പരിചിതമായവയാണ്. ഉറ്റവരെ വിട്ടു നിൽക്കുന്നതിനെക്കാൾ പ്ലേഗ് വന്നു മരിക്കുന്നതാണ് ഭേദം എന്ന വൈകാരിക കാരണവും ചില മതപരമായ ശാഠ്യങ്ങളുമൊക്കെയാണ് ദ്വീപിലെ പ്രശ്നങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത്.
ഇതിനിടയിൽ തികച്ചും ദുരൂഹമായ സാഹചര്യത്തിൽ ബോങ്കോസ്കി പാഷ അവിടെ വെച്ച് കൊല്ലപ്പെടുന്നു. അതോടെ ആഖ്യാനത്തിന് ഒരു കുറ്റാന്വേഷണ കഥയുടെ തലം കൂടി കൈവരുന്നു. പാഷയുടെ കൊലപാതകം അന്വേഷിക്കാൻ സുൽത്താൻ നിർദ്ദേശിക്കുന്നു. ഷെർലക് ഹോംസ് കുറ്റാന്വേഷണ നോവലുകളുടെ ആരാധകനായ സുൽത്താൻ ഷെർലക് ഹോംസിന്റെ കുറ്റാന്വേഷണ രീതിയിലുള്ള ഒരന്വേഷണം നടത്താനാണ് ആവശ്യപ്പെടുന്നത്. നോവലിന്റെ ഈ ഭാഗത്ത് ചരിത്രപരമായ പല വസ്തുതകളും കടന്നു വന്നിട്ടുണ്ട്. ഇതോടെ നോവലിന് വ്യത്യസ്തമായ പല തലങ്ങളുണ്ടെന്ന് വായനക്കാർക്ക് മനസ്സിലാകും. പ്ലേഗ് ബാധയുടെ കഥയോടൊപ്പം ഈ കൊലപാതകത്തിന്റെ കഥയും നോവലിൽ ഇഴചേരുകയായി. പ്ലേഗ് മാത്രമാണോ ആളുകളെ കൊല്ലുന്നത് ? തുടർച്ചയായി മറ്റു പല കൊലകളും നോവലിൽ അരങ്ങേറുന്നു. കൊലയുടെ രാഷ്ട്രീയം വായനക്കാർക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുകയാണ്. അതുകൊണ്ടു തന്നെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങൾ പരിമിതപ്പെടുത്തേണ്ടതുണ്ട്.
പാഷയുടെ മരണത്തോടെ പകർച്ച വ്യാധി നിയന്ത്രിക്കുക എന്ന ഉത്തരവാദിത്തം സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ രാജകുമാരി പക്കിസെയേയും അവരുടെ ഭർത്താവ് ഡോക്ടർ നൂറി ബേയേയും ഏല്പിക്കുന്നു. പക്കിസെ സുൽത്താന്റെ സഹോദരൻ മുറാദിന്റെ മകളാണ്. മുറാദും അബ്ദുൽ ഹമീദും തമ്മിലുള്ള ബന്ധം മറ്റൊരു കഥയാണ്. അധികാരവും വ്യക്തി ബന്ധങ്ങളും തമ്മിലുള്ള കാലാതീതമായ അനൈക്യത്തെ കാണിച്ചുതരുന്ന കഥ. അധികാരത്തിന്റെ
നൃശംസതയെപ്പറ്റിയുള്ള ഒരു നോവൽകൂടിയാണിത്.
രാജകുമാരിയും ഭർത്താവും ദ്വീപിലെത്തുന്നു. ഭർത്താവ് ഡോക്ടർ നൂറി ഒരു പുരോഗമനാശയക്കാരനാണ്. രാജകുമാരി പക്കിസെ ദ്വീപിലെ സംഭവ വികാസങ്ങൾ ഒരോന്നും ഇസ്താംബുളിൽ താമസിക്കുന്ന തന്റെ സഹോദരിയെ വിശദമായ കത്തുകളിലൂടെ അറിയിക്കുവാൻ തീരുമാനിച്ചു. നോവലിന് ആധാരമായി മിനാ മിങ്കർ സൂചിപ്പിച്ചത് ഈ കത്തുകളെയാണ്. എന്നാൽ ദ്വീപിൽ നിലനിന്നിരുന്ന ക്വാറന്റെെൻ കാരണം അവരെഴുതിയ കത്തുകളൊന്നും സഹോദരിയ്ക്ക് ലഭിച്ചിരുന്നില്ല. രാജകുമാരിയുടെ ഭർത്താവ് ക്വാറന്റെെൻ ഡോക്ടറായതു കൊണ്ട് കത്തുകളെല്ലാം പിടിച്ചു വെക്കപ്പെടുകയായിരുന്നു.
അതിന്റെ പിന്നിലും രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. ക്വാറന്റെെൻ കാലത്ത് രാജകുമാരി പുറത്തെ കാര്യങ്ങളറിഞ്ഞത് ഭർത്താവ് പറയുന്ന കഥകളിലൂടെ മാത്രമായിരിക്കുമല്ലോ. അതെല്ലാം പുറം ലോകമറിയേണ്ടതില്ല എന്ന് സുൽത്താൻ തീരുമാനിച്ചിരിക്കാം. പകർച്ചവ്യാധികളും ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടുവാൻ കൂടിയാണ് പാമുക് "നൈറ്റ്സ് ഓഫ് പ്ലേഗ്' എഴുതിയത് എന്ന് ഇവിടംതൊട്ട് നമുക്ക് ബോധ്യപ്പെടുന്നു. അധികാരത്തിന്റെ വിചിത്രമായ ഇടപെടലുകൾ നോവലിലൂടെ പാമുക് കാണിച്ചുതരികയാണ്. പകർച്ചവ്യാധിയെ ഭരണകൂടങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്തു എന്നതിന്റെ ചിത്രം നോവൽ കാണിച്ചുതരുന്നു. കഥ ഇവിടെ വ്യക്തിഗത യാഥാർഥ്യത്തിനപ്പുറത്തേക്ക് ഉയരുകയാണ്.
രാജകുമാരിയേയും ഭർത്താവിനേയും ദ്വീപിലേക്കയച്ചതിന്റെ പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടായിരുന്നോ? അവരും അവിടെ വെച്ച് കൊല്ലപ്പെടാൻ സാധ്യതയുണ്ടോ? ഇങ്ങനെ പല ചോദ്യങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്. ഭരണകൂട കൊലകൾ സാധ്യതയായി മാറുന്നു. രാജകുമാരിയുടെ സംരക്ഷകനായി കടന്നു വരുന്ന കൊളഗാസി കാമിൽ നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്. അയാളിലൂടെയാണ് നോവലിസ്റ്റ് ദേശീയതയുടെ പ്രശ്നങ്ങളെ നോവലിൽ കൂട്ടിച്ചേർക്കുന്നത്. അതോടെ നോവലിന് പുതിയ രാഷ്ട്രീയ മാനങ്ങൾ കൈവരുന്നു. പകർച്ചവ്യാധി, അധികാരം, ദേശീയത, ഭരണകൂട ഭീകരത ഇങ്ങനെ നോവലിന്റെ പല തലങ്ങൾ തുടക്കം മുതലേ അനാവരണം ചെയ്യപ്പെടുകയായി. ആഖ്യാനത്തിന്റെ ഒഴുക്കിൽ ചരിത്രത്തോടൊപ്പം വർത്തമാനകാല യാഥാർത്ഥ്യങ്ങളും നിറയുകയായി. വൈകാരികമായും ധൈഷണികമായും ഈ നോവൽ വായനക്കാരെ വേട്ടയാടുന്നുണ്ട്. പേടിപ്പിക്കുന്ന വസ്തുനിഷ്ഠ യാഥാർത്ഥ്യം നമുക്ക് മുന്നിലെത്തുന്നു. മതവും മനുഷ്യനുമായുള്ള വൈകാരികബന്ധത്തെ അധികാരം ഏതു രീതിയിലൊക്കെ ദുരുപയോഗം ചെയ്യുന്നു എന്നതും ചർച്ചാവിഷയമാവുന്നു. ഇവിടെ നോവലിസ്റ്റ് താൻ ജീവിച്ച തുർക്കിയുടെ ചുറ്റുപാടുകളിൽ നിന്ന് ഭയപ്പെടുത്തുന്ന സാമൂഹ്യസത്യങ്ങളെ കണ്ടെത്തിയിരിക്കുന്നു. അതു തന്നെയാണ് ഓർഹൻ പാമുക്കിനെ ഈ കാലഘട്ടത്തിലെ വിവാദ എഴുത്തുകാരനാക്കുന്നത്. ഈ നോവലും അദ്ദേഹത്തെ പുതിയ വിവാദങ്ങളിൽ കുരുക്കിയിട്ടുണ്ട്. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളും മനുഷ്യരും സമൂഹവും തമ്മിലുള്ള വിഭിന്നബന്ധങ്ങളും പ്രതിഭാശാലിയായ എഴുത്തുകാരൻ സൃഷ്ടിക്കുന്ന ഭാവനാ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കും. അവർ ജീർണ്ണതയ്ക്കു നേരെ കണ്ണടയ്ക്കുന്നില്ല. അതു കൊണ്ടു തന്നെ വിവാദങ്ങൾ അനിവാര്യവുമാണ്.
എഴുത്തുകാരന്റെ ഉള്ളിൽ പുകയുന്ന രോഷം രചനകളിൽ കടന്നു വരുന്നത് സ്വാഭാവികമാണ്. അവ വായനക്കാരന്റെ നടുക്കങ്ങളായി അവസാനിക്കുന്നു. ഈ കൃതിയിലും അതാണ് സംഭവിക്കുന്നത്. വിശ്വാസവും യുക്തിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഈ കൃതിയിലും അന്തർധാരയായി വർത്തിക്കുന്നു. ദുരന്തങ്ങൾ മനുഷ്യരെ അടുപ്പിക്കും എന്ന് വിശ്വസിക്കുന്ന എഴുത്തുകാരനാണ് പാമുക്. ദേശീയ വാദിയുടെ പോർവിളികൾ മുഴങ്ങുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളെപ്പറ്റി പാമുക്കിന് നല്ല ബോധ്യമുണ്ട്. പകർച്ചവ്യാധിയുടെ പരിസരത്തെ ദേശിയ വാദികൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്തു എന്നത് കോവിഡാനന്തരം ലോകം അറിഞ്ഞതാണ്. അതിന്റെ വേറിട്ട ഒരു ചിത്രം ഈ നോവലിലുടെയും വായനക്കാർക്ക് അറിയുവാൻ കഴിയുന്നു. അങ്ങനെ വലിയൊരു രാഷ്ട്രീയ മാനം കൂടി "നൈറ്റ്സ് ഓഫ് പ്ലേഗി'നുണ്ട്.
ഭാവനയുടെ സ്വാതന്ത്ര്യം അതിന്റെ സൗന്ദര്യത്തെ നഷ്ടപ്പെടുത്താതെ ഭാഷയിലൂടെ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് ഓർഹാൻ പാമുക്കിന്റെ ഏറ്റവും വലിയ സവിശേഷത. ലോകവീക്ഷണത്തിന്റെ പരികല്പനകൾ കലാസൃഷ്ടിയിൽ വേർതിരിച്ചെടുക്കാനാവാത്ത വിധം നെയ്തെടുക്കുന്നു. ഈ പുതിയ നോവൽ അദ്ദേഹത്തിന്റെ മുൻ രചനകളേക്കാൾ ഇക്കാര്യത്തിൽ സമ്പുഷ്ടമാണ്. ആ ആഖ്യാനവൈഭവം എന്നെ വിസ്മയിപ്പിക്കുന്നു. ആ മൃദുലമായ ഗദ്യശൈലി എന്നിലെ വായനക്കാരനെ കൊതിപ്പിക്കുന്നു.
പക്കിസെ രാജകുമാരിയ്ക്ക് എന്തു സംഭവിച്ചു? ദ്വീപിൽ മറ്റാരൊക്കെ കൊല്ലപ്പെട്ടു? മിൻങ്കേറിയൻ ദ്വീപിന്റെ വിധി എന്തായിരുന്നു ? അതെങ്ങനെ ഒരു സ്വതന്ത്രരാജ്യമായി ? കൃസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം അവിടെ എങ്ങനെയെല്ലാം കുഴഞ്ഞു മറിഞ്ഞു? ഇതുപോലുള്ള ആകാംക്ഷ നിറഞ്ഞ പല ചോദ്യങ്ങളും വായനക്കാരുടെ മുന്നിലുണ്ട്. "നൈറ്റ്സ് ഓഫ് പ്ലേഗ് ' ഇതിനെല്ലാം ഉത്തരം തരുന്നുണ്ട്. എന്തു സംഭവിച്ചു എന്നു മാത്രമല്ല, എന്തുകൊണ്ട് സംഭവിച്ചു എന്നും വായനക്കാരന് ബോധ്യപ്പെടും.
മറ്റൊരു പ്രത്യേകത നോവലിലെ രണ്ടു കഥാപാത്രങ്ങളുടെ നിർമ്മിതിയുമായി ബന്ധപ്പെട്ടതാണ്. നോവലെഴുതാനായി പാമുക് ഭാവനയിൽ കണ്ടെത്തുന്നത് ഒരു സ്ത്രീയെയാണ്. ഭാവനയിലെ ഭൂപ്രദേശത്തെ സംരക്ഷിക്കാനായി നോവലിസ്റ്റ് ഏല്പിക്കുന്നതും ഒരു സ്ത്രീ കഥാപാത്രത്തെയാണ്. ഇവ രണ്ടും വെറും യാദൃശ്ചികമാവാനിടയില്ല. പാമുക് എന്ന എഴുത്തുകാരന്റെ മറ്റൊരു ബോധ്യമായി വേണം ഇതിനെ മനസ്സിലാക്കാൻ.
680 പേജുകളുള്ള നോവൽ ഞാൻ ഒരു തവണ വായിച്ചുതീർത്തു. ഇത് തുറന്നിടുന്ന ചരിത്രമൂല്യങ്ങളുടെയും രാഷ്ട്രീയ മൂല്യങ്ങളുടെയും പുനർമൂല്യനിർണയത്തിനായി എനിക്കിനിയും ഈ തടിയൻ പുസ്തകത്തിലേക്ക് മടങ്ങേണ്ടതുണ്ട്. അത് ഞാനെന്ന വായനക്കാരന്റെ വിധിയാണ്. ആ വിധി നിശ്ചയിക്കുന്നതിൽ ഓർഹൻ പാമുക് എന്ന എഴുത്തുകാരന് വലിയ പങ്കുണ്ട്. ഞാനെന്ന സാമൂഹ്യജീവി അകപ്പെട്ടിരിക്കുന്ന കുരുക്കിനെപ്പറ്റി, നിസ്സഹായവസ്ഥയെപ്പറ്റി ആഴത്തിൽ മനസ്സിലാക്കാനുള്ള വഴികളിലൊന്നാണ് എനിക്ക് സാഹിത്യം . പ്രത്യേകിച്ചും നോവലുകൾ. അങ്ങനെ നോക്കുമ്പോൾ ഓർഹാൻ പാമുക് എന്ന നോവലിസ്റ്റ് പുതിയകാല വായനക്കാരന്റെ മുന്നിലും നല്ലൊരു വഴികാട്ടിയാണ്. തന്റെ ഓരോ രചനയിലും സർഗാത്മകതയുടെ നവീനവീര്യം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പുതിയ പുതിയ പുരാവൃത്തങ്ങൾ ആ മനസ്സ് അന്വേഷിച്ച് കണ്ടെത്തുന്നുമുണ്ട്. വാക്കുകളിലൂടെ സൗന്ദര്യം സൃഷ്ടിക്കുന്ന നിർമ്മാണ കലയിലെ മിടുക്ക് ഓരോ കൃതിയിലൂടെയും അദ്ദേഹം കാണിച്ചു കൊണ്ടിരിക്കുന്നു. സർഗാത്മകതയുടെ തിളക്കം ഈ നോവലിലും ഞാനടുത്തറിഞ്ഞു. ചരിത്രത്തെ അദ്ദേഹം സർഗാത്മകമായി പുനരാവിഷ്ക്കരിക്കുകയാണ്.