പാട്ടുകളും പലായനങ്ങളും, തായ്മൊഴിയുടെ പകർന്നാട്ടങ്ങളും

“ഭാഷാപരമായ വ്യത്യസ്​തയ്ക്കുമപ്പുറം പൗരാണിക ജീവിത പരിസരങ്ങളെ വശ്യമായി ആവിഷ്ക്കരിക്കുന്നു എന്ന പ്രത്യേകതയാണ് നോവലിനുള്ളത്. കഥാപാത്രങ്ങളുടെ മനോനിലകളിലൂടേയും പ്രകൃതിവർണ്ണനകളിലൂടേയും പോയ്മറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ തനിയാവർത്തനമാണ് നോവലിസ്റ്റ് നിർവഹിക്കുന്നത്.” മനോജ് കൂറൂറിന്റെ 'നിലം പൂത്തു മലർന്ന നാൾ' എന്ന നോവലിന്റെ വായന.

ന്ദുലേഖയിൽ തുടങ്ങി മലയാളനോവൽ ഇത:പര്യന്തം നടന്നുതീർത്ത വഴികൾ വിസ്​മയാവഹമാണ്. എഴുത്തിൻ്റെ പരീക്ഷണോന്മുഖതയും വായനക്കാരുടെ പതുമയോടുള്ള ഔത്സുക്യവും ചേർന്നാണ് ആ സഞ്ചാരം സാധ്യമാക്കിയത്. സ്​ഥലകാലങ്ങളും ഭാഷാഭേദങ്ങളും വ്യത്യസ്​തങ്ങളായ പ്രമേയങ്ങളായി അനുസ്യൂതം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന കലാരൂപമാണ് നോവൽ. ഈയൊരു ധാരയിലേക്കാണ് മനോജ് കൂറൂറിൻ്റെ നിലം പൂത്തുമലർന്ന നാൾ കടന്നുവരുന്നത്.

ഗയോർഗ് ലൂക്കാച്ചിെൻ്റ (George Lucsa) നോവൽപഠനങ്ങളെ പരാമർശിക്കവെ പോൾ ഡീമാൻ, നോവലിൻ്റെ കാതലായ പ്രശ്നങ്ങൾ എന്താണന്ന് ആരായുകയുണ്ടായി. ഫിലോസഫി ഓഫ് നോവൽ എന്ന പുസ്​തകത്തിൽ ജെ.എം. ബേൺസ്റ്റിൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘‘മനുഷ്യൻ്റെ അഹംബോധത്തിലുണ്ടായ മാറ്റങ്ങളാണ് ഒരു ആധുനിക സാഹിത്യരൂപം എന്ന നിലയിൽ നോവലിൻ്റെ ആവിർഭാവത്തിന് കാരണമായി തീർന്നത്. വിവിധങ്ങളായ അസ്​തിത്വങ്ങളുമായി ബന്ധപ്പെട്ട് സ്വയം നിർവചിക്കുന്നതിനുള്ള പരിഷ്കരണങ്ങളാണ് നോവലിൻ്റെ വളർച്ച പ്രതിഫലിപ്പിക്കുന്നത്’’(P XIV). അതുകൊണ്ടുതന്നെ നോവലിൻ്റെ അന്വേഷണവിഷയങ്ങൾ വിപുലമാണ്. തത്വശാസ്​ത്രവും, ചരിത്രവും നോവലിൻ്റെ അന്വേഷണ വിഷയങ്ങളായത് അങ്ങനെയാണ്. നോവൽ പ്രതിപാദനത്തിൻ്റെയും വിവരണങ്ങളുടേയും കലയായിത്തീരുന്നതും അങ്ങനെയാണ്.

ജെ.എം. ബേൺസ്റ്റിൻ

ഭാഷാഭേദങ്ങളിൽ ധാരാളം പരീക്ഷണങ്ങൾ മലയാളനോവലിൽ ഉണ്ടായിട്ടുണ്ട്. ചെമ്മീനിലെ കടലോര ഭാഷ, സി.വി.യുടെ തമിഴ് ചുവയുള്ള തിരുവിതാംകൂർ ഭാഷ, എം.ടി.യുടെ വള്ളുവനാടൻ ഭാഷ, വിജയൻ്റെ പാലക്കാടൻ ഗ്രാമ്യഭാഷ എന്നിങ്ങനെ നിരവധി പ്രാദേശിക ഭേദങ്ങൾക്ക് മലയാളനോവൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയെല്ലാം മലയാളത്തിൻ്റെ കൈവഴികൾ എന്നല്ലാതെ മലയാളിയുടെ ഉറവിടത്തിൻ്റെ അന്വേഷണമായിരുന്നില്ല.

കുറൂരിൻ്റെ നോവലിനെക്കുറിച്ച് പ്രതിപാദിക്കുന്നതിനുമുമ്പ് അതിൻ്റെ ഭാഷയെക്കുറിച്ച് പറയേണ്ടതുണ്ട്. മലയാളത്തിൻ്റെ ചെന്തമിഴ് പാരമ്പര്യം വിളിച്ചോതുന്ന ഭാഷയിലാണ് കുറൂർ തൻ്റെ നോവൽ രചിച്ചിരിക്കുന്നത്. തമിഴ് ഭൂമികയിൽനിന്നും മലയാളദേശത്തിലേക്കുള്ള ഒരു ജനതയുടെ പ്രയാണവും ചെന്തമിഴിൽ നിന്ന് ക്രമേണയുള്ള വിടുതലും ഒരു സ്വതന്ത്രഭാഷയായി അതിൻ്റെ പരിണാമവും വിളിച്ചോതുന്നുണ്ട് അത്. തനി ദ്രാവിഡമെന്ന് കരുതപ്പെടുന്ന വാക്കുകളിലൂടേയും സംസ്​കൃതജന്യമായ വാക്കുകളെ പുറത്തുനിർത്തിയും നോവലിലുടനീളം അതീവശ്രദ്ധയോടുകൂടിയ ഭാഷാപ്രയോഗമാണ് നോവലിസ്റ്റ് നടത്തിയത്. എന്നാൽ അതല്ല ഈ പഠനത്തിെൻ്റ അന്വേഷണവിഷയം. പ്രതിപാദനത്തിൻ്റെ കല എന്ന നിലയിൽ സംഘകാല ജീവിതപരിസരങ്ങളെ എങ്ങനെ ഈ നോവൽ ആവിഷ്ക്കരിക്കുന്നു എന്നാണ് ഇവിടെ അന്വേഷണവിധേയമാക്കുന്നത്.

തമിഴകത്തിൻ്റെ ഭൂമിശാസ്​ത്രപരമായ പ്രത്യേകതകൾ തൊൽകാപ്പിയത്തിൽനിന്നുമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. തിണൈകൾ എന്നാണ് ജനവാസയോഗ്യമായ ഭൂഭാഗങ്ങളെ പ്രതിപാദിച്ചിരുന്നത്.

യാഴ് എന്ന വാദ്യോപകരണമാണ് പാണരുടെ മുഖ്യ സംഗീതോപകരണം.

അഞ്ചുതരം തിണകളെക്കുറിച്ച് തൊൽകാപ്പിയം പറയുന്നു. കുറുഞ്ഞി(മലപ്രദേശം), മുല്ലൈ(മേച്ചിൽസ്​ഥലം), മരുതം(കൃഷിയിടം), നെയ്തൽ(തീരപ്രദേശം), പാലൈ(മുരുപ്രദേശം), എന്നിവയാണവ. ഇത്തരം വ്യത്യസ്​ത ഭൂഭാഗങ്ങളിലൂടെയാണ് നിലം പൂത്ത് മലർന്ന നാളിലെ കഥാപാത്രങ്ങൾ ജീവിക്കുന്നതും അവരുടെ ജീവിതത്തെ നിർണയിക്കുന്ന സംഭവഗതികൾ നടക്കുന്നതും.

അരശർ എന്നു വിളിക്കുന്ന ഭരണാധികാരികളും അന്തണർ എന്നുപേരായ വൈജ്ഞാനിക സമൂഹവും, വണിഗർ, വള്ളുവർ, വെള്ളാളർ തുടങ്ങിയ വർത്തക, കർഷക വിഭാഗവും പരതവർ, പാണർ, ഐനർ, കഡംബർ, മറവർ, പുലയർ തുടങ്ങിയ ഗോത്രവിഭാഗവങ്ങളും അടങ്ങിയതാണ് ആ കാലഘട്ടത്തിലെ ജനസഞ്ചയം.

കൊലുമ്പൻ എന്ന പാണരുടെ കുടുംബത്തിെൻ്റ പാലായനവുമായാണ് നോവൽ തുടങ്ങുന്നത്. പാണരും കൂത്തരുമടങ്ങുന്ന ഈ വിഭാഗം അരശരെക്കുറിച്ച് പാട്ടുകൾ ഉണ്ടാക്കുകയും അത് പാടി നൃത്തമാടി ജീവിതവൃത്തി നടത്തുകയുമാണ് പതിവ്. വറുതി മാറാൻവേണ്ടിയും കൊലുമ്പൻ്റെ നാടുവിട്ടുപോയ മകൻ മയിലനെ തേടിയുമുള്ള നന്നൻ്റെ ഏഴിമലയിലേക്കുള്ള യാത്രയിലാണ് അവർ.

യാഴ് എന്ന വാദ്യോപകരണമാണ് പാണരുടെ മുഖ്യ സംഗീതോപകരണം. സംഘകാല സമൂഹത്തിൻ്റെ ഒരു യഥാര്‍ഥചിത്രം വരഞ്ഞിടുകയാണ് നോവലിസ്റ്റ് ഇവിടെ. ഇലകൾ ചേർത്ത് തുന്നിയുണ്ടാക്കുന്ന ഉടയാടകളും പരുത്തികൊണ്ടുള്ളവയുമാണ് അവരുടെ നിത്യജീവിതത്തിലെ വസ്​ത്രങ്ങൾ. വളകളും കല്ലുമാലകളുമണിഞ്ഞ സ്​ത്രീകളും അവർക്കിടയിലുണ്ട്. യാത്രാമധ്യേ എയിനരുടെ കുടിലുകളിൽ വിശ്രമിക്കുന്നുണ്ട് അവർ. എയിനരുടെ ആതിഥേയത്വത്തിൽ തങ്ങളുടെ വിശപ്പ് മാറ്റിയ അവർ ആ രാത്രി അവിടെ കഴിച്ചുകൂട്ടുന്നു. പാലായനത്തിൻ്റെയും സംഘജീവിതത്തിൻ്റെയും ഒരു നേർചിത്രമാണ് ഇവിടെ കാണുന്നത്.

പ്രതിസന്ധികളിലൂടെയായിരുന്നു അവരുടെ പ്രയാണം. മലകളും പുഴകളും താണ്ടി, ഇടയ്ക്കുള്ള കുടികളിൽനിന്ന് അന്നപാനീയങ്ങൾ സ്വീകരിച്ച് വറുതിമാറ്റാനുള്ള അവരുടെ ആ യാത്ര നീണ്ടു. സംഘകാലത്തെ ഒരു ജനതയുടെ വറുതി മാറ്റാനുള്ള യാത്രയാണ് അതെങ്കിലും കാലികമായ ചില പലായനങ്ങളുടെ ധ്വനികൾ അതിൽ അടങ്ങിയിട്ടുണ്ട്. മനുഷ്യവംശത്തിൻ്റെ ആദിമചരിത്രം തന്നെ അത്തരം പലായനങ്ങളാണ്. അധികാരത്താലും യുദ്ധങ്ങളാലും പ്രകൃതിക്ഷോഭങ്ങളാലുമെല്ലാം നിത്യപലായനത്തിനു വിധിക്കപ്പെട്ട ജീവിവിഭാഗമാണ് മനുഷ്യൻ. തൊള്ളായിരത്തി മുപ്പതുകളിലെ അമേരിക്കൻ സമ്പദ്ത്തകർച്ചയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട സാലിഞ്ജറുടെ Grapse of Wrath എന്ന നോവലിൽ ജോഡ് കുടുംബം കാലിഫോർണിയയിലേക്ക് ഇത്തരം വറുതി മാറ്റാനുള്ള ഒരു ദീർഘയാത്ര നടത്തുന്നുണ്ട്. കൊലുമ്പനും സഹഗോത്രക്കാരും നടത്തുന്ന യാത്രയുടെ ഒരു ആധുനിക പതിപ്പായി നമുക്കതിനെകാണാം.

കൊലുമ്പൻ എന്ന പാണരുടെ കുടുംബത്തിെൻ്റ പാലായനവുമായാണ് നോവൽ തുടങ്ങുന്നത്. പാണരും കൂത്തരുമടങ്ങുന്ന ഈ വിഭാഗം അരശരെക്കുറിച്ച് പാട്ടുകൾ ഉണ്ടാക്കുകയും അത് പാടി നൃത്തമാടി ജീവിതവൃത്തി നടത്തുകയുമാണ് പതിവ്. വറുതി മാറാൻവേണ്ടിയും കൊലുമ്പൻ്റെ നാടുവിട്ടുപോയ മകൻ മയിലനെ തേടിയുമുള്ള നന്നൻ്റെ ഏഴിമലയിലേക്കുള്ള യാത്രയിലാണ് അവർ.

ആ യാത്രയിൽ പാട്ടുകൾ ഏറെകെട്ടിയ പരണരെ അവർ കണ്ടുമുട്ടുന്നു. ‘‘പാണർക്കും കൂത്തർക്കും വറുതിക്കൊരറുതി വേണം. മന്നനു പുകഴുവേണം. പുകഴ്ത്താൻ പുരവർ വേണം. വറുതി മാറ്റുവാൻ പാട്ടും ആട്ടവുമല്ലാതെ നമുക്കെന്തുണ്ട്?’’ (33) എന്ന പരണരുടെ മൊഴിക്ക് മറുപടിയായി ഏഴിമലക്ക് ഉടയോനായ നന്നനെ കാണാനാണ് തങ്ങളുടെ പുറപ്പാട് എന്നവർ പറയുന്നു. ചേരന്മാരുമായുള്ള പോരിൽ തോറ്റ് നന്നൻ നാടുവിട്ടു എന്നും പിന്നെ കൊല്ലപ്പെട്ടും എന്നും പരണരുടെ അടുത്തുനിന്നും അവർ മനസ്സിലാക്കുന്നു. കൊലുമ്പൻ്റെ മകൻ മയിലനെ തേടിയുള്ള യാത്രകൂടിയാണ് എന്ന്കൂടി അവർ വെളിപ്പെടുത്തുന്നു. മയിലൻ്റെ പേര് കേട്ട മാത്രയിൽ പരണരിൽ അമ്പരപ്പ് നിറയുന്നു. നന്ദൻ്റെ കാലത്ത് കൊലചെയ്യപ്പെട്ട ഒരു പെൺകൊടിയുടെ പേരിലുള്ള അമ്പലത്തിൽ ആ രാത്രി അവർ അന്തിയുറങ്ങുന്നു. മയിലൻ്റെ അധികാരത്തിൻ്റെ അകത്തളങ്ങളിലൂടെയുള്ള യാത്രയിൽ ബലിയാടക്കപ്പെട്ട പെൺകൊടി പിന്നെ ക്ഷേത്രത്തിലെ മൂർത്തിയായി മാറ്റപ്പെടുകയായിരുന്നു.

പറമ്പുമലയിൽ പാരി എന്ന വേൾ(അരചൻ) ഉണ്ടന്നും അവിടേക്കെത്തിയാൽ പാണർക്കൂട്ടത്തിൻ്റെ ദുസ്​ഥിതിക്ക് പരിഹാരമാകുമെന്നും പരണർ പറയുന്നു. വിധിയുടെ മറ്റൊരു വിളയാട്ടത്തിന് പാത്രമാകാനുള്ള യാത്രയായിരുന്നു അത്.

വേൾപാരി പടയിൽ മുമ്പനും കലയുടെ ദാസനുമായിരുന്നു. അറിഞ്ഞുകൊടുക്കുന്ന ദാനശീലൻ. ഒടുവിൽ പറമ്പുമലയൊഴികെ ബാക്കിയെല്ലാം ദാനത്താൽ തീർന്നു. കപിലർ പാരിയെപുകഴ്ത്തി പാട്ടുകൾ നിരവധി പാടി. പാരിയുടെ ദാനശീലം കീർത്തിയായി പരന്നു.‘‘വേൾപ്പാരി കരുത്തനാണ്. മൂവേന്തരും പാരിയെന്നും കേട്ടാൽ വിറകൊള്ളുന്ന ഒരു കാലമുണ്ടായിരുന്നു. വലിയ കുന്തപ്പടയും ആനപ്പയടയുമുണ്ട് പാരിക്ക്. പോരിൽ നേർക്കുനേർ പൊരുതാൻ പേടിയുമില്ല. മുന്നൂറ് ഈരുകൾ ഉണ്ടായിരുന്നു പണ്ട്. അവയെല്ലാം തന്നെ വന്നുകണ്ട പാണർക്കും ഇരവലർക്കും കൊടുത്തു. ഇപ്പോൾ ആകെയുള്ളത് ഈ മലയും ഇതിനുമുകളിലെ പട്ടണവുമാണ്. അരെങ്കിലും ഇരന്നാൽ പാരി അതും കനിഞ്ഞു കൊടുക്കും (68).

കപിലരുടെ സഹായത്തോടെ പാണർ സംഘം പാരിയുടെ അടുത്തെത്തി. പറകളും യാഴുകളുമായി അവർ പാട്ടു തുടങ്ങി. കൂത്തുമാടി. സന്തുഷ്​ടനായ പാരി എന്തുവേണമെന്ന് ആരാഞ്ഞു. മൂവേന്തരുടെ ചാരൻമാർ പാണർകൂട്ടത്തിൽ നുഴഞ്ഞുകയറി പാരിയുടെ അടുത്തെത്തിയത് ആരുമറിഞ്ഞില്ല. പാണർസംഘത്തിലെ അംഗങ്ങൾ എന്നുകരുതിയ അവിരിൽ ഒരാൾ തങ്ങൾക്ക് ഈ നാടുവേണമെന്ന് ആവശ്യപ്പെടുന്നു. ചതി മനസ്സിലാക്കിയ പാരി വാളെടുത്തു. ‘‘പാരിയുടെ കനിവുള്ള കണ്ണുകൾ അപ്പോൾ കത്തുന്നുണ്ടായിരുന്നു’’(71).

പാരി കൊല്ലപ്പെട്ടു. ചതിയുടെ വിളയാട്ടത്തിൽ പാണർസംഘം കരുക്കളായി. പടയാളികളിൽ ഒരുവൻ കൊലുമ്പെൻ്റ മകൻ മയിലനായിരുന്നു. അച്ഛൻ്റെ നെഞ്ചത്ത് വെട്ടി അവൻ എങ്ങോ ഓടി മറഞ്ഞു. മകനെ തേയിയിറങ്ങിയ അച്ഛൻ മകൻ്റെ വാളിനിരയായി.‘‘കണ്ണുകളിൽ ഒരു വെളുത്ത പുതപ്പുമൂടി. ചുറ്റും നിറയുന്ന നിലവിളികളല്ലാതെ പിന്നെയൊന്നും എൻ്റെ ഓർമയിലില്ല’’ എന്ന കൊലുമ്പൻ്റെ ആത്മഗതത്തോടെ നോവലിൻ്റെ ഒന്നാം ആഖ്യാനം അവസാനിക്കുന്നു.

എറുതഴുതലിൽ (കാളപ്പോര്) ജയിക്കുന്ന വീരൻമാരായിരുന്നു അക്കാലത്തെ പെൺകൊടികൾക്ക് കണവൻമാരായി വന്നിരുന്നത്. തമിഴ്നാട്ടിൽ ഇന്നും ആചരിച്ചുപോരുന്ന ജെല്ലിക്കെട്ടിൻ്റെ പ്രാക്തനരൂപം! ഇവിടേയും ചിത്തിരയ്ക്ക് സന്ദേഹങ്ങളുണ്ട്. ‘അൻപുണ്ടെങ്കിൽപിന്നെ മെയ്ക്കരുത്തെന്തിന്’(90) എന്നാണവളുടെ ചോദ്യം

പ്രാക്തനകാലത്തെ ഗോത്രപ്പെരുമകളുടെ മിഴിവാർന്ന ആഖ്യാനമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. തൻ്റെ വാഴ്ത്തു പാട്ടുകൾ തന്നെ അരചൻ്റെ ഉയിരെടുത്തു എന്നത് കപിലരെ പൊള്ളിക്കുന്നു. തങ്ങൾ പോലുമറിയാതെ ഒരു ചതിയുടെ ഭാഗഭാക്കാകായതിൽ പാണരും സംഘവും പരിതപിക്കുന്നു. കൊലുമ്പനെ നഷ്​ടപ്പെട്ടങ്കിലും അവരുടെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.

അച്ഛൻ്റെ മരണത്തോടെ ചിത്തിര ഏകാകിയാകുന്നു. ‘‘എല്ലാ തരത്തിലുമുള്ള ഇല്ലായ്മയാണ് എന്നെ ചൂഴുന്നത്. കനിവും അറിവും ചേർന്നവനായിട്ടും അച്ഛന് വാഴ്വിൽ എന്താണ് നേടാനായത്? ഒരുമിച്ചുണ്ടന്ന് തോന്നുന്നവരെല്ലാം ഒറ്റയ്ക്കൊറ്റയ്ക്കാണന്നു തിരിച്ചറിയാൻ ഉറ്റവരുടെ മരണം തന്നെ വേണം. കൂന്തൽ കൊയ്തു കുറുവളകളൂരിയ അമ്മയെ കണ്ടപ്പോൾ ഉടന്തടി ചാടുകയായിരുന്നു ഇതിലും നല്ലതെന്നു തോന്നി’’(77–78). ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ചിത്തിരയുടെ മനോവികാരങ്ങളാണ് ഇവിടെ ഇതൾ വിരിയുന്നത്.

വ്യവസ്​ഥിതിക്കെതിരെ കലഹിക്കുന്ന ഒരു മനസ്സ് ചിത്തിരയ്ക്കുണ്ട്. അച്ഛൻ്റെ മരണശേഷം തല മുണ്ഡനം ചെയ്ത തൻ്റെ അമ്മയെ കാണുമ്പോൾ അവളുടെ ഉള്ളിൽ രോഷമുയരുന്നു. ‘‘ഈ ആചാരങ്ങളൊക്കെ ആരുണ്ടാക്കിയതാണ്? മരങ്ങളേയും അവയിലെ പൂക്കളേയും പോലെ ഇവയെല്ലാം തനിയേ ഉണ്ടായതാണന്നുതോന്നും കാരണവൻമാർ പറയുന്നതുകേട്ടാൽ’’(79). കണവൻ മരിച്ചവൾ ഒന്നുകിൽ തീയ്യിൽച്ചാടി ഉടൻ മരിക്കണം. അല്ലങ്കൽ ഉയിരോടെ നീറി നീറി മരിക്കണം. ഉറ്റവൻ നഷ്​ടപ്പെട്ട സ്​ത്രീയുടെ അവസ്​ഥ ചിലപ്പതികാരക്കാരൻ വിവരിക്കുന്നതിങ്ങനെയാണ്.

''ഉറ്റവര്‍ മരിക്കുകിലെളുതായ് തല്‍സ്ഥാനത്തു

മറ്റവരാരാന്‍ വന്നാലാശ്വാസമാവാം, പക്ഷേ

പാണതുല്യനാം കാന്തന്‍ വേര്‍പെട്ടു മാഴ്കീടുന്നോ -

രേണനേത്രയെ സാന്ത്വനിപ്പിക്കലസാദ്ധ്യമാം’’

(ചിലപ്പതികാരം, വിവ: എസ്​.രമേശൻ നായർ, പേജ്. 303, ഡി.സി.ബി, കോട്ടയം)

ദുസ്​ഥിതിയിൽനിന്നും ഒരു തീജ്വാല അവളുടെ ഉള്ളിൽ നിറയുന്നുണ്ട്. അത് തന്നെത്തന്നേയും തനിക്ക് ചുറ്റുമുള്ളവയേയും എരിക്കുന്നുണ്ടന്ന് അവൾക്കറിയാം.

എറുതഴുതലിൽ (കാളപ്പോര്) ജയിക്കുന്ന വീരൻമാരായിരുന്നു അക്കാലത്തെ പെൺകൊടികൾക്ക് കണവൻമാരായി വന്നിരുന്നത്. തമിഴ്നാട്ടിൽ ഇന്നും ആചരിച്ചുപോരുന്ന ജെല്ലിക്കെട്ടിൻ്റെ പ്രാക്തനരൂപം! ഇവിടേയും ചിത്തിരയ്ക്ക് സന്ദേഹങ്ങളുണ്ട്. ‘അൻപുണ്ടെങ്കിൽപിന്നെ മെയ്ക്കരുത്തെന്തിന്’(90) എന്നാണവളുടെ ചോദ്യം. തൻ്റെ കാതിൽ കളിപറഞ്ഞവൻ കാളയുടെ കൊമ്പിൽ കോർത്ത് തീർന്നതിൻ്റെ ഞെട്ടൽ അവൾക്കിനിയും മാറിയിട്ടില്ല.

അങ്ങാടിയിലൂടെ പ്രകമ്പനം കൊള്ളിച്ചുപോയ പടയാളികളിലൊരുവൻ്റെ സ്വർണ്ണത്തിൽ നിർമിച്ച പൂക്കോൾ (രാജമുദ്ര) അവൾക്ക് വഴിയിൽനിന്നും കളഞ്ഞുകിട്ടി. അതുതേടിവന്ന പടയാളിക്ക് പൂക്കോൾ തിരിച്ചുകൊടുത്തപ്പോൾ കൂടെ അവളുടെ മനസ്സും ഉണ്ടായിരുന്നു എന്ന് പിന്നീട് അവൾ തിരിച്ചറിയുന്നു. വിധിയുടെ മറ്റൊരു വിളയാട്ടത്തിന് ഇരയാവുകയായിരുന്നു അവൾ.

കുലത്തൊഴിൽ ചെയ്യാൻ അവസരമില്ലാത്തതുകൊണ്ട് കാളപ്പോരുകൾക്ക് വാദ്യങ്ങൾ വായിച്ച് ദിവസം നീക്കുകയാണ് പെരുംപാണരും കൂട്ടരും. അത്തരം ഒരു ആരവദിവസമാണ് മകീരൻ ചിത്തിരയെ വീണ്ടും കാണുന്നതും അവളോട് അടുക്കുന്നതും. നോവലിൻ്റെ സാമ്പ്രദായിക രചനാരീതിയിൽ നിന്നും വ്യതിചലിച്ച് വലിയൊരു പരീക്ഷണത്തിനൊന്നും നോവലിസ്റ്റ് ഇവിടെ മുതിരുന്നില്ല. പകരം കഥാപാത്രത്തിൻ്റെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന് ആ അകം സ്​ഫടികസമാനമായി അനുവാചകൻ്റെ മുമ്പിൽ തുറന്നിടുകയാണ് ചെയ്യുന്നത്. പാത്രസൃഷ്​ടിയിലെ ജാഗ്രത ഇവിടെ സ്​പഷ്​ടമാണ്. പാണർ കൂട്ടത്തിലെ അംഗമാണങ്കിലും ചിത്തിര ഏകയാണ്. അവൾക്ക് കൂട്ടുകാരിയായി കിളിയോലം എന്ന ഒരു സമപ്രായക്കാരി മാത്രമാണ് ഉള്ളത്. മകീരൻ്റെ ഇഷ്​ടത്തെ തിരിച്ചറിയുമ്പോഴും കരുതലോടെ മാത്രമേ അവൾ പ്രതികരിക്കുന്നുള്ളൂ. ‘‘മകീരനോടുള്ള വെറുപ്പും പേടിയും കെട്ടുപോയി എന്ന് ഞാനറിഞ്ഞു. എങ്കിലും അയാളുടെ വാക്കറുതിക്ക് എന്നിൽ നിന്ന് എതിരൊലിയുണ്ടാവാത്തതെന്ത് എന്ന് അമ്പരക്കുകയും ചെയ്തു’’(104). ഇങ്ങനെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ സമർത്ഥമായി പ്രതിഫലിപ്പിച്ചുകൊണ്ടാണ് ആഖ്യാനം മുന്നേറുന്നത്.

അഞ്ചുതരം തിണകളെക്കുറിച്ച് തൊൽകാപ്പിയം പറയുന്നു. കുറുഞ്ഞി(മലപ്രദേശം), മുല്ലൈ(മേച്ചിൽസ്​ഥലം), മരുതം(കൃഷിയിടം), നെയ്തൽ(തീരപ്രദേശം), പാലൈ(മുരുപ്രദേശം), എന്നിവയാണവ. ഇത്തരം വ്യത്യസ്​ത ഭൂഭാഗങ്ങളിലൂടെയാണ് നിലം പൂത്ത് മലർന്ന നാളിലെ കഥാപാത്രങ്ങൾ ജീവിക്കുന്നതും അവരുടെ ജീവിതത്തെ നിർണയിക്കുന്ന സംഭവഗതികൾ നടക്കുന്നതും.

ചിത്തിരയെ തൻ്റെ ചതുരംഗക്കളിയിലെ കരുവാക്കാനാണ് മകീരൻ തുനിയുന്നത്. താനും ഏകനാണന്നും ഒറ്റപ്പെട്ടവർ ഒരുമിക്കുന്നിടത്തല്ലേ അൻപിൻ്റെ ആണ്ടവർ കുടിയിരിക്കുക എന്നും അവൻ ചിത്തിരയോട് പറയുന്നു. ചിത്തിരയുടെ സഹോദരൻ മയിലനുസംഭവിച്ച മാറ്റങ്ങളും ചന്തൻവഴി അവൾ അറിയുന്നുണ്ട്. മകീരനെപ്പോലെ മയിലനും വിധിയുടെ ചതുരംഗപ്പലകയിലെ കരുക്കളായി സ്വയം മാറുകയായിരുന്നു.

മകീരനൊപ്പം മൂവേന്തരുടെ പടയാളികളിലൊരാളായും പിന്നീടങ്ങോട്ട് ഉപജാപങ്ങളുടെ നായകനായും മയിലൻ്റെ പകർന്നാട്ടങ്ങൾ പലതും നാം കാണുന്നു. ആഖ്യാനത്തൻ്റെ ചടുലതയും പിരിമുറുക്കങ്ങളും ഒത്തുചേരുന്ന മനോഹര സന്ദർഭങ്ങളായി അവ മാറുന്നു. വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ ആവിഷ്കാരങ്ങൾക്ക് കഥാപാത്രങ്ങളെ എങ്ങനെ ഒരുക്കാമെന്ന് ശരിയായി കാണിച്ചുതരുന്നുണ്ട് നോവലിസ്റ്റ്. ഭാഷയുടെ ഉപരിപ്ലവമായി മാത്രമുള്ള പരിചയക്കുറവുകളെ ആഖ്യാനത്തിൻ്റെ വശ്യതകൊണ്ട് മറികടക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട്. ആർക്കെയ്ക്ക് (Archaic) എന്നു പറയാവുന്ന പദപ്രയോഗങ്ങളെ ആഖ്യാനത്തിൻ്റെ ഒഴുക്കിനെതിരെ നിൽക്കുന്ന തടസ്സങ്ങളായല്ല മറിച്ച് അതിന് പൂരകമായി മാറ്റിത്തീർക്കുന്നതിലൂടെയാണ് ഇത് സംഭവിച്ചിട്ടുള്ളത്.

തിണകളുടെ മാറ്റങ്ങൾ ചടുലതയോടെ പ്രത്യക്ഷപ്പെടുന്നത് നമുക്ക് നോവലിൽ പലയിടങ്ങളിലായി കാണാം. മലകളും, കുന്നുകളും, താഴ് വാരങ്ങളും, വനസ്​ഥലികളും ആഖ്യാനത്തിൻ്റെ വിവിധ ഇടങ്ങളായി മാറുന്നു. മകീരൻ ചിത്തിരയേയും കൊണ്ടുള്ള പ്രയാണത്തിൽ ഒരു മണൽപ്പരപ്പിലൂടേയും കടന്നുപോകുന്നുണ്ട്. മുരിചി പോലുള്ള തുറമുഖപട്ടണങ്ങളും നാം കാണുന്നു. തിണകളുടെ വൈവിധ്യങ്ങൾക്കനുസരിച്ച് അവിടങ്ങളിലെ മനുഷ്യരുടെ പ്രകൃതങ്ങളിലുള്ള മാറ്റങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് നോവലിസ്റ്റ്.

മകീരൻ്റെ കുടിയിൽ എത്തിയപ്പോഴും കാണാം പ്രകൃതിയിലെ ഈ മാറ്റം. മണൽപ്പരപ്പിൻ്റെ വന്യത പടയുടെ രൗദ്രതയായി മാറാൻ ഏറെ സമയം വേണ്ടിവന്നില്ല.‘‘ചെരുത്തികളും ചുരപ്പുന്നകളും ഇരുപുറവും നിറഞ്ഞ വഴിയിലൂടെ ഞങ്ങളുടെ കുതിര മുന്നോട്ടുപാഞ്ഞു. പൊഴിഞ്ഞുകിടന്ന ചെരിത്തിപ്പൂക്കൾ കാറ്റിനു നറുമണം നൽകി. ഉതിര (ചോര) മാണ് മണക്കേണ്ടത്’’(126). വേളിർ മന്നൻ അതിയമാൻ അഞ്ചിക്ക് എല്ലാവരും നീണാൾ വിളിക്കുന്നുണ്ടെങ്കിലും ചത്തിരുടെ തൊണ്ട അനങ്ങുന്നില്ല.

ഒരു ഇരട്ട സ്വത്വം കുടികൊള്ളുന്നുണ്ട് ചിത്തിരയിൽ. മകീരനും കൂട്ടാളികളും പടയ്ക്കായി ഇരമ്പിയോടുമ്പോൾ മറ്റ് പെണ്ണുങ്ങൾ കരയുന്നുണ്ടെങ്കിലും അവൾ കരയുന്നില്ല. പരസ്​പരം തിരിഞ്ഞുനിൽക്കുന്ന രണ്ട് വ്യക്തിത്വങ്ങൾ ചിത്തിരയെ ആവേശിക്കുന്നുണ്ട്. ‘‘ഇരുവരിലൊരാൾ മറ്റവളെ എന്നെങ്കിലും കൊന്നുകളഞ്ഞേക്കാം. അന്നാവും ഒന്നുകിൽ ഞാൻ ഉള്ളുതുറന്ന് ചിരിക്കാനും കരയാനും തുടങ്ങുക. അല്ലെങ്കിൽ മുറിവുകൾക്കോ ഇക്കിളികൾക്കോ തൊടാനാവാത്ത ഉൾനിലയിലെത്തും. അന്നുമുതലാവും ഞാൻ വാഴിവിനോടുള്ള ഇണക്കങ്ങളും പിണക്കങ്ങളും കൊഴിച്ചു കാലം കഴിച്ചുതുടങ്ങുക’’(128).

ഒരു കണ്ണാടിയിലെ പ്രതിബിംബം പോലെ വ്യക്തതയാർന്നതാണ് തനിക്കുള്ളിലെ അപരവ്യക്തിത്വം എന്ന് വെളിവാക്കുകയാണ് ചിത്തിര.

മകീരനും ചിത്തിരയുമായുള്ള ബന്ധത്തിൽ ചില മറകളുണ്ട്. മകീരൻ എന്താണന്ന് ചിത്തിര അറിഞ്ഞിട്ടില്ല; അവൻ അവളെ അറിയിച്ചിട്ടില്ല. നിഗൂഢതയുടെ ഒരു മൂടുപടം സദാ അണിഞ്ഞാണ് അവൻ്റെ നടപ്പ്. അവ്വയാറിൽ നിന്നാണ് മകീരനും അവളുടെ സഹോദരൻ മയിലനും തമ്മിലുള്ള അടുപ്പം അവൾ അറിയുന്നത്. അധികാരത്തിൻ്റെ അകത്തളങ്ങളിലെ കൊടുക്കൽ വാങ്ങലുകൾ നടത്തി സ്വന്തം ആത്മാ വിനെത്തന്നെ നഷ്​ടപ്പെടുത്തി നടക്കുകയായിരുന്നു അവൻ. അവ്വയാറിൽ അവൾ കണ്ടത്തുന്നത് അന്നുവരെ അവൾ അറിയാത്ത മനശ്ശാന്തിയുടെ തണുപ്പായിരുന്നു.

ഭാഷാപരമായ വ്യത്യസ്​തയ്ക്കുമപ്പുറം പൗരാണിക ജീവിത പരിസരങ്ങളെ വശ്യമായി ആവിഷ്ക്കരിക്കുന്നു എന്ന പ്രത്യേകതയാണ് നോവലിനുള്ളത്. കഥാപാത്രങ്ങളുടെ മനോനിലകളിലൂടേയും പ്രകൃതിവർണ്ണനകളിലൂടേയും പോയ്മറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ തനിയാവർത്തനമാണ് നോവലിസ്റ്റ് നിർവഹിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മീയവും പരസ്​പരാശ്രിതവുമായ ബന്ധങ്ങളുടെ യഥാതഥമായ ആവിഷ്കാരം നോവലിൽ ഉടനീളം കണാൻ കഴിയും. മനുഷ്യൻ്റെ മൃഗീയവാസനകളെ അവൻ്റെ ജീവിതപിരസരം സ്വാധീനിക്കുന്നതിൻ്റെ നിരവധി സാക്ഷ്യങ്ങളാൽ സമ്പന്നമാണ് നോവൽ. അതുകൊണ്ടുതന്നെ പ്രത്യേകമായ ഭാഷാസാന്നിധ്യം ആവശ്യപ്പെടുന്നുമുണ്ട് ഈ ആഖ്യാനം. കേവലം പരീക്ഷണോന്മുഖതയ്ക്കുമപ്പുറം പ്രകൃതിയേയും മനുഷ്യനേയും ചിത്രീകരിക്കാനുള്ള വ്യഗ്രതയിൽ കാലത്തേക്കൂടി ഉൾച്ചേർത്തപ്പോഴാണ് മൺമറഞ്ഞുപോയ ഒരു പ്രാക്തനസംസ്​കാരത്തിൻ്റെ മനോഹരമായ ആവിഷ്കാരം നോവലിൽ സാധ്യമായത്.

Comments