മാപ്പിളമാരുടേയും സഖാക്കളുടേയും
കേരള രാഷ്ട്രീയത്തിലെ നൂറു വർഷങ്ങൾ

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയും മുസ്‍ലിം ജനവിഭാഗങ്ങളുമായുള്ള ബന്ധത്തെ സമഗ്ര പഠനത്തിന് വിധേയമാക്കിയ, മാധ്യമ പ്രവർത്തകൻ എൻ.പി ചെക്കുട്ടിയുടെ ‘Mappila and Comrades: A Century of Communist- Muslim Relations in Kerala’ എന്ന പുസ്തകത്തിന്റെ വായന, വി.കെ ബാബു എഴുതുന്നു.

ന്ത്യയിലേക്ക് കമ്യൂണിസ്റ്റ് ആശയങ്ങളുമായി എത്തിയ ആദ്യപഥികരായ മൊഹാജിറുകൾ വിമോചനത്തിന്റെ വക്താക്കളായിരുന്നു. ഇസ്‍ലാം ആശയങ്ങളും കമ്യൂണിസ്റ്റ് തത്വശാസ്ത്രവും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ സന്ദർഭത്തിൽ അവരെ ഒരുപോലെ പ്രചോദിപ്പിച്ചു. മുസ്‍ലിംകളും കമ്യൂണിസ്റ്റുകളുമായുള്ള ബന്ധത്തിന് അത്തരം ചരിത്രമുണ്ട്.
എൻ.പി. ചെക്കുട്ടി രചിച്ച ‘Mappila and Comrades: A Century of Communist-Muslim Relations in Kerala’ എന്ന പുസ്തകത്തിൽ മുഖ്യമായും കേരളീയ പരിസരത്തുനിന്നുകൊണ്ട്, ആ ബന്ധങ്ങളുടെ വിശദവും സൂക്ഷ്മവുമായ വിശകലനമാണുള്ളത്. അദർ ബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷിലുള്ള ഈ പുസ്തകം ഒരു നൂറ്റാണ്ടുകാലമായുള്ള ആ ബന്ധത്തിന്റെ ഗതിവിഗതികളെ ആഴത്തിൽ അപഗ്രഥിക്കുകയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ആരംഭിച്ച ആ വിനിമയങ്ങളുടെ നാനാവിധ പ്രവാഹബലങ്ങളെ ഗ്രന്ഥകർത്താവ് പരിചയപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയമായി സഖ്യപ്പെട്ടും പരസ്പരം പോരാടിയും മുന്നേറിയിട്ടുള്ളതാണ് കേരളത്തിലെ മാപ്പിളമാരും കമ്യൂണിസ്റ്റുകളും. സമകാലിക ഘട്ടത്തിൽ ആ ബന്ധത്തിന് ദിശാപരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. കേരളത്തിൽ ഒരു നൂറ്റാണ്ടുകാലമായി സംഭവിച്ച കക്ഷിരാഷ്ട്രീയത്തിന്റെ പരിണതികളെ നിർണ്ണയിച്ച ബലതന്ത്രത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുസ്തകമാണിത്.

പുസ്തകത്തിലെ ആദ്യ അധ്യായം തുടങ്ങുന്നത് (The Beginning: Malabar in the Turbulent Thirties) ഒൻപത് ദശാബ്ദങ്ങളായുള്ള മാപ്പിള - കമ്യൂണിസ്റ്റ് ബന്ധത്തിന്റെ ചരിത്രം വിവരിച്ചുകൊണ്ടാണ്. ബ്രിട്ടീഷ് സാമാജ്യത്വഭരണത്തിന് എതിരായതും തദ്ദേശീയമായ ഫ്യൂഡൽ വാഴ്ചയ്ക്ക് വിരുദ്ധമായതും ആയ രാഷ്ട്രീയചലനങ്ങളുടെ സവിശേഷ രാഷ്ട്രീയസാമൂഹ്യ സന്ദർഭത്തിലാണ് 1930-കളിൽ മുസ്‍ലിം സംഘടനകളും കമ്യൂണിസ്റ്റ് പാർട്ടിയും രൂപീകൃതമായത് എന്ന് രചയിതാവ് ചൂണ്ടിക്കാട്ടുന്നു. മലബാറിൽ രൂപപ്പെട്ട മുസ്‍ലിം - കമ്യൂണിസ്റ്റ് മൂവ്മെൻറ്കളിലെ വിവിധ സാമുഹ്യവിഭാഗങ്ങളുടെ പ്രാതിനിധ്യം, അവയിലെ സമാന ഉള്ളടക്കങ്ങൾ, മലബാർ കലാപവുമായി ബന്ധപ്പെട്ട വർഗ്ഗപരമായ ചേരുവകൾ, മതപരമായ ചേരുവകൾ എല്ലാം ഈ ഭാഗത്ത് വിശദമായി പ്രതിപാദിക്കപ്പെടുന്നുണ്ട്.

മലബാർ കലാപകാലത്തെ ദലിത് വിഭാഗങ്ങളുടെ പങ്കാളിത്തം പുതിയ ഗവേഷണങ്ങൾ പുറത്തു കൊണ്ടുവന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യ വിഭജനത്തോടുള്ള മലബാർ മുസ്‍ലിംകളുടെ നിലപാടുകൾ വിശദമായി പരിശോധിക്കപ്പെടുന്നു. അഖിലേന്ത്യാ മുസ്‍ലിം ലിഗിനെ ഇക്കാര്യത്തിൽ ചെറുത്ത ഒരാൾ അന്നുണ്ടായിരുന്നത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ആയിരുന്നുവെന്ന് രചയിതാവ് രേഖപ്പെടുത്തുന്നു. ദേശീയ ജനവിഭാഗങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്ന കമ്യൂണിസ്റ്റ് ആശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യാ വിഭജനത്തെ അന്നത്തെ സി.പി.ഐ അനുകൂലിച്ചത് എത്രമാത്രം ശരിയായിരുന്നുവെന്ന് ഗ്രന്ഥകർത്താവ് പരിശോധിക്കുന്നുണ്ട്.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നതിന്റെ ചരിത്ര- സാമൂഹ്യ- രാഷ്ട്രീയ പശ്ചാത്തലം വിശദമാക്കി അവതരിപ്പിക്കുകയാണ് രണ്ടാം അധ്യായത്തിൽ (Social Composition of The Early Communist Movement). ഈ ചരിത്രകഥനത്തെ വ്യത്യസ്തമാക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് വന്ന ജനവിഭാഗങ്ങളടെ സാമൂഹ്യമായ ചേരുവകളെക്കുറിച്ച് അത് അന്വേഷിക്കുന്നുണ്ട് എന്ന കാര്യത്തിലാണ്. ഇന്നത്തെ കാലത്ത് അതിന് വലിയ പ്രസക്തിയുണ്ട്. കമ്യൂണിസ്റ്റ് ആശയങ്ങൾ കേരളത്തിൽ പ്രചരിച്ചതിന്റെ പശ്ചാത്തലം, ആദ്യത്തെ സംസ്ഥാന സെൽ രൂപീകരണം തുടങ്ങി നിരവധി കാര്യങ്ങൾ ഈ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

മലബാറിലെ കർഷക പ്രസ്ഥാനത്തിനെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും അണികളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഏത് ജാതി വിഭാഗത്തിലുൾപ്പെട്ടവരാണ് നേതാക്കൾ എന്നും വിശദമായി തന്നെ വിലയിരുത്തുന്നുമുണ്ട്. അതൊരു ജാതി പറച്ചിലായി കാണേണ്ടതില്ല. പ്രക്ഷോഭകാരികളിലും രക്തസാക്ഷികളിലും നേതാക്കളിലും കമ്മിറ്റികളിലും എത്ര മുസ്‍ലിംകളുണ്ട് എന്ന കണക്കെടുപ്പ് രചയിതാവ് നടത്തുന്നത് വിശകലനോദ്ദേശ്യത്തിലാണെന്ന് കരുതാവുന്നതേയുള്ളൂ.

ഇന്ത്യയിൽ ആദ്യകാലത്ത് കമ്യൂണിസ്റ്റ് പ്രവർത്തനം നടത്തിയവർ മൊഹാജിറുകളായിരുന്നു. മോസ്കോയിൽ നിന്ന് പരിശീലനം ലഭിച്ച വളണ്ടിയർമാർ ആയിരുന്നു അവർ. താഷ്‍കന്റിൽ വെച്ച് ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചതും അവരായിരുന്നു. അവരിൽ പലരും പിന്നീട് മീററ്റ്, പെഷവാർ ഗൂഢാലോചനാ കേസുകളിൽ ഉൾപ്പെട്ട് ജയിലിലായി. ഇത് കേരളത്തിലുൾപ്പെടെ മുസ്ലിം ജനസാമാന്യത്തെ കമ്യൂണിസ്റ്റുകളുമായി അടുപ്പിച്ചുവെന്ന് ലേഖകൻ നിരീക്ഷിക്കുന്നു. മലബാറിൽ കോൺഗ്രസ് - സോഷ്യലിസ്റ്റ് പാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മുസ്‍ലിംകളായ നേതാക്കൾ കമ്യൂണിസ്റ്റ് പക്ഷത്തേക്ക് നീങ്ങി. വടക്ക് ബീഡിത്തൊളിലാളികളും തെക്ക് കയർ തൊഴിലാളികളും സംഘടനകളുണ്ടാക്കി. വരേണ്യരല്ലാത്ത ഹിന്ദു വിഭാഗങ്ങൾ, ദലിതർ, മുസ്‍ലിംകൾ തുടങ്ങിയ സാമൂഹ്യ വിഭാഗങ്ങളിൽ നിന്ന് ഏറെ പേർ പ്രസ്ഥാനവുമായി അടുത്തു. ഇമ്പിച്ചിബാവയെ പോലെ ധാരാളം നേതാക്കൾ മുസ്ലിം സമുദായത്തിൽ നിന്ന് പാർട്ടിയിലേക്ക് വന്നു.

.പി.കരുണാകരൻ, എ . കെ നാരായണൻ ടി.കെ.സി,ടി.വി.ഗോവിന്ദൻ എന്നിവരോടൊത്ത് ഒരു പ്രസംഗവേദിയിൽ ഇമ്പിച്ചിബാവ / Photo : wikipedia
.പി.കരുണാകരൻ, എ . കെ നാരായണൻ ടി.കെ.സി,ടി.വി.ഗോവിന്ദൻ എന്നിവരോടൊത്ത് ഒരു പ്രസംഗവേദിയിൽ ഇമ്പിച്ചിബാവ / Photo : wikipedia

മുസ്‍ലിം സംഘാടനത്തിലും കമ്യൂണിസ്റ്റ് പാർട്ടി സംഘാടനത്തിലും ഉപയോഗിക്കപ്പെട്ട സാഹിത്യ-കലാരൂപങ്ങളെ പറ്റിയാണ് മൂന്നാം അധ്യായത്തിലെ (Bridging a Cultural Gap: War songs, Nercha and Theatre) പ്രതിപാദനം. വിവിധങ്ങളായ കലാരൂപങ്ങൾ തങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നതിന് കമ്യൂണിസ്റ്റുകാരും മുസ്‍ലിംകളും ഉപയോഗിച്ചു. പാട്ടുകൾ, നാടകം തുടങ്ങിയവ കമ്യൂണിസ്റ്റുകാരും നേർച്ചപ്പാട്ടുകളും മറ്റും മുസ്‍ലിംകളും ധാരാളമായി അവതരിപ്പിച്ച് ഉപയോഗപ്പെടുത്തി. അധിനിവേശത്തിനെതിരെയുള്ള സംസ്കാരിക പ്രതിരോധം എന്ന നിലയിലാണ് ഇവയുടെ പ്രസക്തിയും പ്രയോഗവും എന്ന് ചെക്കുട്ടി നിരീക്ഷിക്കുന്നു. ഇസ്‍ലാമിക ആശയങ്ങൾ തദ്ദേശീയമായ ഉത്സവങ്ങളുടെ ചിട്ടവട്ടങ്ങൾ ചേർത്ത് അവതരിപ്പിച്ച വിവിധതരം നേർച്ചകളെക്കുറിച്ച് ലേഖകൻ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്‍ലിം വിഭാഗത്തിൽ നിന്നും വന്ന അനേകം കലാകാരരെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. മുസ്‍ലിം മത യാഥാസ്ഥിതികത്വത്തിനെതിരെ പോരാടിയാണ് അവർ കലാലോകത്ത് നിലയുറപ്പിച്ചിരുന്നത്.

ഇന്ത്യാ വിഭജനത്തിന്റെ സമയത്തും വിഭജനാനന്തരവുമുള്ള അന്നത്തെ മുസ്‍ലിം ലീഗിന്റെ അവസ്ഥയാണ് നാലാം അധ്യായത്തിൽ (Cooperation and Competition: Early Phase of Communist-League Links) വിശകലനവിധേയമാക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിന്റെ പിറവിയുടെ സാഹചര്യവും ചരിത്രവും ഇതോടൊപ്പം വിവരിക്കുന്നു. ജിന്നയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അഖിലേന്ത്യാ മുസ്‍ലിം ലീഗിന്റെ അന്നത്തെ നേതാക്കളായ 30 പേരാണ് മദ്രാസിൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗിന്റെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്തത്. സമാനമനസ്കരുമായി മുന്നണി ഉണ്ടാക്കണം എന്ന തീരുമാനവും അവിടെ ഉണ്ടായി. ഇതോടൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. രണ്ട് പ്രസ്ഥാനങ്ങളുടേയും പ്രവർത്തനങ്ങളിലെ സമാനതകളും വ്യത്യസ്തതകളും താരതമ്യത്തിന് വിധേയമാക്കുന്നു.

ഇന്ത്യൻ രാഷ്ട്രപതി സാക്കിർ ഹുസൈനൊപ്പം മുസ്‌ലിംലീഗ് നേതാക്കളായ ബി.വി അബ്ദുല്ലക്കോയ, എ.കെ.എ അബ്ദുസ്സമദ്, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ, ഇബ്രാഹിം സുലൈമാൻ സേട്ട് തുടങ്ങിയവർ
ഇന്ത്യൻ രാഷ്ട്രപതി സാക്കിർ ഹുസൈനൊപ്പം മുസ്‌ലിംലീഗ് നേതാക്കളായ ബി.വി അബ്ദുല്ലക്കോയ, എ.കെ.എ അബ്ദുസ്സമദ്, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ, ഇബ്രാഹിം സുലൈമാൻ സേട്ട് തുടങ്ങിയവർ

തെക്കേ മലബാറിലെ മുസ്‍ലിം ടെറിട്ടറികളിൽ സ്വാധീനം ഉറപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചതിന്റെ ചരിത്രം പുസ്തകത്തിൽ പ്രത്യേകമായി വിവരിക്കുന്നുണ്ട്. 1957-ലെ ഇ.എം.എസ് സർക്കാർ പളളി പണിയുന്നതിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയതുൾപ്പെടെ ധാരാളം കാര്യങ്ങൾ മുസ്‍ലിം ജനവിഭാഗത്തിന് അനുകൂലമായി ചെയ്തുവെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് മുസ്‍ലിം ജനസാമാന്യത്തിനിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ഇടയാക്കി. ലീഗും തങ്ങളുടേതായ രീതിയിൽ സ്വാധീനം വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. വിമോചനസമര കാലത്ത് അതിനനുകൂലമായി മുസ്‍ലിം ലീഗ് സ്വീകരിച്ച നിലപാട് പാർട്ടി അതിലെ സമ്പന്ന വർഗ്ഗത്താൽ സ്വാധീനിക്കപ്പെട്ടതിന്റെ ഫലമായി ഉണ്ടായതാണെന്ന് ചെക്കുട്ടി നിരീക്ഷിക്കുന്നു.

1950-കളിലേയും അറുപതുകളിലേയും കേരളത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ മുസ്‍ലിം ലീഗ് എടുത്ത നിലപാടുകളെ അപഗ്രഥിക്കുകയാണ് അഞ്ചാം അധ്യായത്തിൽ (In Search of Allies: Political Swings Of The 1960s) ചെയ്യുന്നത്. കേരള നിയമസഭയിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പു സമയത്തും പിന്നീട് വിമോചനസമരഘട്ടത്തിലും ലീഗ് എടുത്ത നിലപാടുകൾ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. വിമോചന സമരത്തിനുശേഷം അറുപതുകളിൽ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ മുന്നണി രൂപീകരണങ്ങളും പാർട്ടികളുടെ നിലപാടിലുണ്ടായ മാറ്റങ്ങളും സവിസ്തരം ചർച്ച ചെയ്യുന്നു.

ഇ.എം.എസ്
ഇ.എം.എസ്

1965-ൽ നടന്ന തിരഞ്ഞെടുപ്പ് ഭാവിയിലേക്കുള്ള ഒരു രാഷ്ട്രീയ പരീക്ഷണമായിരുന്നുവെന്നും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. ശേഷം 1967-ൽ രൂപപ്പെട്ട സപ്തകക്ഷി മുന്നണിയെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്‍ലിം ലീഗ്, കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികൾ ഇവ തമ്മിൽ രൂപപ്പെട്ട ബന്ധങ്ങളും ബന്ധ ശൈഥില്യങ്ങളും ചർച്ച ചെയ്യുന്നു. അച്യുതമേനോൻ മന്ത്രിസഭയുടെ രൂപീകരണത്തിലേക്ക് നയിച്ച ഒരു ദശകക്കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ യുക്തിസഹമായി ഇവിടെ വിലയിരുത്തപ്പെടുന്നുണ്ട്.

കേരളീയ സാമൂഹ്യമണ്ഡലത്തിൽ സ്വത്വരാഷ്ട്രീയത്തിന്റെ ഒരു പുതുയുഗം പിറവി കൊള്ളുന്നതിന്റേയും ദൃശ്യത നേടുന്നതിന്റേയും പ്രവണതകൾ അറുപതുകളുടെ അവസാനം കണ്ടു തുടങ്ങിയതായി ആറാം അധ്യായത്തിൽ ( Ulama and Apparatchik: An Uneasy Coexistence) ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കും മുസ്‍ലിം ലീഗിനും പ്രാതിനിധ്യം ഉണ്ടായിരുന്ന സപ്തകക്ഷി സർക്കാർ വന്നതോടെ, അവഗണിക്കപ്പെട്ട മലബാറിന് പ്രാതിനിധ്യം കിട്ടുന്ന അവസ്ഥയുണ്ടായി. മലപ്പുറം ജില്ല, കാലിക്കറ്റ് സർവ്വകലാശാല, ഒ.ബി.സി സംവരണത്തിനകത്ത് മുസ്‍ലിംകൾക്ക് പ്രത്യേക സംവരണം തുടങ്ങിയവ അക്കാലത്താണ് നടപ്പാക്കിയത്.

മലപ്പുറം ജില്ലയുടെ രൂപീകരണകാലവും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും ഈ അധ്യായത്തിൽ പരാമർശിക്കപ്പെടുന്നു. വർഗീയമായ കാഴ്ചപ്പാടോടെയാണ് വലതുപക്ഷ ശക്തികളും മതേതരപക്ഷത്തുനിന്നു തന്നെ ചിലരും ജില്ലാ രൂപീകരണത്തെ എതിർത്തതെന്ന് ഗ്രന്ഥകാരൻ സമർഥിക്കുന്നു. അറുപതുകളിലെ സംഭവ വികാസങ്ങൾ പിന്നീട് ലീഗിന്റെ രാഷ്ടീയ നിലപാടുകളെയും മുന്നണി സമീപനത്തെയും സ്വാധീനിച്ചു. സപ്തകക്ഷി മുന്നണി വിട്ട് കോൺഗ്രസുമായി ലീഗ് ധാരണയുണ്ടാക്കി. എഴുപതുകളിലാദ്യം കോൺഗ്രസ്- സി.പി.ഐ - ആർ. എസ്.പി -ലീഗ് മുന്നണി രൂപീകരിക്കപ്പെട്ടു. മുന്നണിയുടെ ഭരണം ഏഴു വർഷം നീണ്ടുനിന്നു. മുസ്‍ലിം ലീഗിലുണ്ടായ പിളർപ്പ്, സമസ്തയിലുണ്ടായ പിളർപ്പ്, വിവിധ മുസ്‍ലിം സംഘടനകൾക്ക് സി.പി.ഐ- എമ്മുമായുള്ള ബന്ധത്തിന്റെ സ്വഭാവം, ശരിയത്ത് വിവാദം തുടങ്ങി ഏറെ കാര്യങ്ങൾ പുസ്തകത്തിലെ ഈ ഭാഗത്ത് ചർച്ച ചെയ്യുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെ വ്യാപനത്തിലേക്ക് നയിച്ച നാൾവഴികളിലെ സംഭവവികാസങ്ങളായി ഇവയെ വിലയിരുത്തുകയാണ് ഇവിടെ.

കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, പിണറായി വിജയന്‍
കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, പിണറായി വിജയന്‍

എഴുപതുകളുടെ പകുതി മുതൽ എൺപതുകളുടെ അവസാനം വരെ കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും മുസ്‍ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങൾ രേഖപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ഏഴാം അധ്യായത്തിൽ (From Emergency to Shah Bano: A Time for Transitions) ചെയ്യുന്നത്. സി.പി.ഐ-എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഹിന്ദു വോട്ടുബാങ്ക് ലക്ഷ്യമാക്കി സ്വീകരിച്ച തന്ത്രങ്ങൾ, അഖിലേന്ത്യാ മുസ്‍ലിം ലീഗിന്റെ മാതൃസംഘടനയിലേക്കുള്ള തിരിച്ചു പോക്ക്, കോൺഗ്രസിലുണ്ടായ ഭിന്നിപ്പ് തുടങ്ങീ രണ്ട് മുന്നണികളായി കേരളത്തിലെ രാഷ്ടീയ ഭൂമിക പകുക്കപ്പെട്ട അവസ്ഥ സംജാതമായതിന്റെ നാൾവഴികൾ ഈ ഭാഗത്ത് വിവരിക്കുന്നു. മുസ്‍ലിം രാഷ്ടീയ പ്രസ്ഥാനങ്ങളോട് സി.പി.ഐ- എം സ്വീകരിച്ച സമീപനത്തിന്റെ ഉപജ്ഞാതാവായ ഇ.എം.എസ് അവസരവാദപരമായ നിലപാടുകൾ പലപ്പോഴും സ്വീകരിച്ചതായി ലേഖകൻ വിലയിരുത്തുന്നു. ഹിന്ദു- മുസ്‍ലിം മതവൈകാരികതകൾ മാറിമാറി പ്രീണിപ്പിച്ച് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചുവെന്ന് വിവിധ കാലഘട്ടത്തിലെടുത്ത സമീപനങ്ങളെ ഉദാഹരിച്ച് ചെക്കുട്ടി എഴുതുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഷഹബാനു കേസിലെ സുപ്രിംകോടതി വിധിയും ശരിയത്ത് വിവാദവും.

കേരളീയ സമൂഹം നാനാതരം വർഗീയ മതമൗലികവാദശക്തികളുടെ പിടിയലമർന്ന എഴുപതുകളുടേയും എൺപതുകളുടേയും സാമൂഹ്യ ചലനങ്ങളെ വിലയിരുത്തുകയാണ് അടുത്ത അധ്യായത്തിൽ (Rise of the Rightwing and Decline of Secular Politics) ചെയ്യുന്നത്. ഹിന്ദുത്വരാഷ്ട്രീയ ശക്തികൾ വേരുറപ്പിച്ച് തുടങ്ങിയ ആ കാലത്തു തന്നെ മുസ്‍ലിം മതമൗലികവാദത്തിന്റെ വിവിധ സരണികളും മുന്നോട്ടുവന്നു. ചേകന്നൂർ മൗലവിയെ പോലെയുള്ള പരിഷ്കരണ പക്ഷത്തുള്ള മതപുരോഹിതർ പോലും ഇരയാക്കപ്പെട്ട സംഭവം ലേഖകൻ ചൂണ്ടിക്കാട്ടുന്നുണ്ട്. സിമി എന്ന സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കപ്പെട്ടു. അതിനെതിരായ അക്രമനീക്കങ്ങളും ഉണ്ടായി. കേരളീയ സാമൂഹ്യജീവിതത്തിൽ ഗൾഫ് പണം ഉണ്ടാക്കിയ അസന്തുലിതാവസ്ഥ ഇതുമായി ചേർത്ത് വായിക്കാവുന്നതാണെന്ന് ചെക്കുട്ടി അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിൽ അക്കാലത്ത് നിലനിന്ന ജാതിരാഷ്ട്രീയത്തേയും ഈ പശ്ചാത്തലവുമായി ബന്ധിപ്പിച്ച് അദ്ദേഹം പരാമർശിക്കുന്നുണ്ട്.

തുടർന്ന് ‘A Watershed Moment: The Babri Masjid and After’ എന്ന അധ്യായത്തിൽ ബാബറി മസ്ജിദിന്റെ തകർക്കലിലേക്ക് നയിച്ച സംഭവ വികാസങ്ങൾ ചർച്ച ചെയ്യുന്നു. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുണണിക്കുണ്ടായ വിജയം ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിച്ച് നേടിയതാണെന്ന വിലയിരുത്തൽ ലേഖകൻ ഇവിടേയും ആവർത്തിക്കുന്നുണ്ട്. മറുഭാഗത്ത് ഇസ്‍ലാം വലിയ അപകടമാണ് എന്ന പ്രചാരണം ഇസ്ലാമിലെ യാഥാസ്ഥിതിക മൗലികവാദവിഭാഗത്തെ ഒന്നിപ്പിക്കുകയും ഹിന്ദു വലതുപക്ഷത്തെ ഏകീകരിക്കുകയും ചെയ്തു. മൂന്നു തിരഞ്ഞെടുപ്പുകൾ സി.പി.ഐഎമ്മും മുസ്‍ലിം സാമുദായിക പാർട്ടികളുമായുള്ള ബന്ധത്തിൽ നിർണായകമായതായി വിലയിരുത്തുന്നു.

1987-ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 1990-ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പ് ,1991-ലെ നിയമസഭാ-ലോകസഭാ സംയുക്ത തിരഞ്ഞെടുപ്പ് എന്നിവയാണ് അവ. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്ത് ബാബറി മസ്ജിദ് തകർക്കപ്പെട്ടത് മുസ്‍ലിം ലീഗിൽ പ്രശ്നങ്ങളുണ്ടാക്കുകയും പിളർപ്പിലേക്ക് നയിക്കുകയും ചെയ്തു. അതോടെ ഐ.എൻ.എൽ രൂപീകൃതമായി. സി.പി.ഐ.എമ്മിനുള്ളിൽ രൂപപ്പെട്ട വിഭാഗീയതയേയും ഇതുമായി ചേർത്തുവച്ച് പരിശോധിക്കുന്നുണ്ട്. വി.എസ് അച്യുതാനന്ദൻ, പിണറായി വിജയൻ പക്ഷങ്ങളും അവരുടെ സമീപനങ്ങളും ഈ ഘട്ടത്തിൽ സ്വാധീനം ചെലുത്തിയ ഘടകമായിരുന്നുവെന്നും ഈ ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്.

എൻ.ഡി.എഫ്, പി.എഫ്.ഐ, എസ്.ഡി.പി.ഐ എന്നീ സംഘടനകളുടെ രൂപീകരണവും റാഡിക്കൽ ഇസ്ലാം ഗ്രൂപ്പുകളുടെ പ്രവർത്തനവും പരിശോധിക്കുകയാണ് തുടർന്ന് ‘A Fragmented Community: Challenges for Muslims in a New World’ എന്ന അധ്യായത്തിൽ ചെയ്യുന്നത്. പുതിയ ഇത്തരം മൂവ്മെന്റുകൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനത്തെ സ്വാധീനിച്ചുവെന്ന് ചെക്കുട്ടി നിരീക്ഷിക്കുന്നു. തൊടുപുഴ ന്യൂമാൻസ് കോളജിലെ പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ സംഭവവും മറ്റും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇതോടൊപ്പം പല സന്ദർഭങ്ങളിലായി നടന്ന മാറ്റങ്ങളും വിലയിരുത്തപ്പെടുന്നു. ഇതിന്റെയെല്ലാം ഫലമായി മുസ്‍ലിം സമുദായം പല തട്ടുകളിലായി മാറിയെന്ന് രചയിതാവ് അഭിപ്രായപ്പെടുന്നു. ഫസൽ, വിനു വധങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മുസ്‍ലിം സ്വത്വത്തിന്റെ പ്രകാശനത്തിൻെറ സമകാലിക ലോകത്തെ പ്രസക്തിയെക്കുറിച്ചാണ് പിന്നീട് പുസ്തകം ചർച്ച ചെയ്യുന്നത്. അത്തരം ആവിഷ്കാരങ്ങളുടെ ഭാവിയെക്കുറിച്ച് ‘Finding a Place in the Pluralist Society: Road Ahead in the 21st Century’ എന്ന അധ്യായത്തിലാണ് വിലയിരുത്തലുള്ളത്. കേരളത്തിലെ മുസ്ലിം ജനവിഭാഗം ആർജിച്ച സവിശേഷമായ അറബി-മലയാളം സ്വത്വത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സമകാലികമായി വന്ന മാറ്റങ്ങളെ അപഗ്രഥിക്കുന്നു. മലയാള സാഹിത്യത്തിൽ അത് പ്രതിഫലിക്കപ്പെട്ടിട്ടുണ്ട്. സെക്യുലർ സംസ്കാരിക വിനിമയങ്ങൾ കുറയുകയും സാമുദായിക സ്വത്വം പ്രധാനമായിത്തീരുകയും ചെയ്യുന്ന രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ട എൺപതുകളിലേയും തൊണ്ണൂറുകളിലേയും ഗതിവിഗതികൾ വിവരിക്കുന്നു. നാദാപുരത്ത് നടന്ന സംഘർഷങ്ങളുടെയും അവിടെ രൂപപ്പെട്ട സാമൂഹ്യസ്പർദ്ധയുടേയും വിവരണങ്ങളുമുണ്ട്. ആധുനിക കാലത്ത് നവ സമ്പന്നരുമായുള്ള ബന്ധം വഴി സി.പി.ഐ.എമ്മിന്റെ ക്ലാസ് കാരക്ടറിൽ വന്ന മാറ്റവും അതിന് മുസ്ലിം പൊളിറ്റിക്സുമായുള്ള ബന്ധവും പുസ്തകം ഗഹനമായി ചർച്ച ചെയ്യുന്നു.

തിരഞ്ഞെടുപ്പ് വഴി ആദ്യമായി കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയ കേരളത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് എത്രമാത്രം സ്വാധീനം ഉണ്ടെന്ന് പരിശോധിക്കുകയാണ് പുസ്തകത്തിലെ അവസാന അധ്യായത്തിൽ (One step forward; Two Steps Back: Reflections on Politics in Flux) ചെയ്യുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ സംഭവിച്ച തിരിച്ചടിയുമായി ബന്ധപ്പെട്ടാണ് പ്രസ്തുത പരിശോധന ഗ്രന്ഥകർത്താവ് നടത്തുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയും മുതലാളിത്തത്തിന്റെ തിരിച്ചുവരവും കോർപ്പറേറ്റ് ശക്തികൾ ലോകത്തുള്ള വിവിധ കമ്മ്യൂണിസ്റ്റ് സർക്കാറുകളെ സ്വാധീനിക്കുന്നതും ഈ ഭാഗത്ത് വിവരിക്കുന്നുണ്ട്. ഒപ്പം കേരളത്തിലെ സി.പി.ഐ.എമ്മിൽ നടന്ന വിഭാഗീയമായ മത്സരങ്ങളും അതിന്റെ പരിണതിയും പരിശോധിക്കുന്നുണ്ട്. വിഭാഗീയമായ വഴക്കുകളിലേക്ക് വഴിവെച്ചത് എന്താണെന്ന് വ്യക്തമാക്കുന്ന തന്റെ നിരീക്ഷണങ്ങളും ചെക്കുട്ടി അവതരിപ്പിക്കുന്നുണ്ട്. ഒരടി മുമ്പോട്ടുവെക്കുമ്പോൾ രണ്ടടി പിന്നോട്ടുവെക്കേണ്ടിവരുന്ന അവസ്ഥയാണ് അതിന്റെയെല്ലാം അവസാനഫലം എന്നാണ് ചെക്കുട്ടിയുടെ നിരീക്ഷണം.

ഉൾക്കാഴ്ചകളുള്ള ഒട്ടേറെ നിരീക്ഷണങ്ങൾ നിറഞ്ഞതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന്റെ സുപ്രധാനമായ ഒരേടിനെ അതിസൂക്ഷ്മമായി അനാവരണം ചെയ്യുന്നുമുണ്ട് ഈ കൃതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അടിയൊഴുക്കുകളെ അടുത്തറിയാനാഗ്രഹിക്കുന്ന പഠിതാക്കളെ ഏറെ ഉൾക്കാഴ്ചകളിലേക്ക് നയിക്കാൻ ഈ പുസ്തകത്തിലെ നിരീക്ഷണങ്ങൾക്ക് കഴിവുണ്ട് എന്ന് നിസ്സംശയം പറയാം. പക്ഷേ, ചില സന്ദർഭങ്ങളിലെങ്കിലും രചയിതാവിന്റെ അഭിപ്രായങ്ങൾ പരസ്പരവിരുദ്ധമായി തീരുന്നുവെന്ന തോന്നൽ വായനയുടെ ബാക്കിപത്രമായി ഉണ്ട്. ചില ഭാഗങ്ങൾ വേണ്ടത്ര വിശദീകരിക്കപ്പെടാത്തതാകാം അങ്ങനെ തോന്നാൻ കാരണം. ഇത് ആദ്യാവസാനമുള്ള ഒരു സമീപനപരമായ നൈരന്തര്യത്തിന്റെ അഭാവം അനുഭവപ്പെടുത്തുന്നു. മലപ്പുറം ജില്ല രൂപീകൃതമായത് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തായിരുന്നുവെന്ന് പ്രസാധകമൊഴിയിലുള്ളത് ചെറിയ പിശകാണെങ്കിലും ഒരു കല്ലുകടിയായും അനുഭവപ്പെടുന്നുണ്ട്.

Comments