മനുഷ്യന്റെ അഹന്ത നിറഞ്ഞ ആത്മവിശ്വാസത്തെ നിലം പരിശാക്കുന്ന പ്രകൃതിയുടെ ശുദ്ധസുന്ദര ലാളിത്യത്തിന്റെ അനുയാത്രികരാവാനും, തന്റെ ജീവിതത്തിൽ വേദനയും ആനന്ദവും നിറയ്ക്കുന്ന ഓർമ്മകളിലേക്ക് ചൂണ്ടക്കാരന്റെ നിശ്ശബ്ദനായ കൂട്ടാളിയെപ്പോലെ സഹചാരികളാവാനും നമ്മെ ക്ഷണിക്കുന്ന പുസ്‌തകമാണ് ഒ. പി. സുരേഷിന്റെ ‘ഏകാകികളുടെ ആൾക്കൂട്ടം.’ സ്വപ്‌നവും യാഥാർഥ്യവും സൈക്കഡലിക് ഫാന്റസികളും ഇഴചേരുന്ന യാത്രയുടെ പല പാതകൾ ഇതിലുണ്ട്. ഒരു കവി വേറേതൊക്കെ വേഷപ്പകർച്ചകൾ നടത്തിയാലും ‘ഋതമൃജു മൃദുസ്‌ഫുടവർണ്ണവാക്യം
കനിഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം’ എന്ന് തന്റെ സ്വത്വത്തെ താനറിയാതെ വെളിപ്പെടുത്തിക്കൊണ്ടിരിക്കും എന്നതിന്റെ സാക്ഷ്യമാണ്, ഈ പുസ്‌തകം. ഋജുവായ ഭാഷയിൽ വിസ്‌മയിപ്പിക്കുന്ന കൽപനകൾ വിരിയിച്ച് പൊടിപ്പും തൊങ്ങലും പൊലിപ്പിക്കലുമൊന്നുമില്ലാതെ എഴുതപ്പെട്ടു എന്ന കൃതാർഥത ഈ പുസ്‌തകത്തിന് അവകാശപ്പെടാം. വായനക്കാരനിൽ, തന്റെ ഈ പുസ്‌തകത്തിന് തുടർച്ചയുണ്ടാവട്ടെ, എന്ന ദുഷ്‌കരമായ മോഹം ഉദിപ്പിക്കുന്നതിൽ, എത്ര അനായാസമാണ് ഈ എഴുത്തുകാരൻ വിജയം കണ്ടെത്തുന്നത്!
യാത്രയുടെ പല പാതകൾ എന്ന സി. വി. ബാലകൃഷ്‌ണന്റെ അവതാരികയോടെ ബാഷോ ബുക്സ് പുറത്തിറക്കിയ ഈ പുസ്‌തകത്തിൽ നീണ്ട കവിതകളെന്നു പറയാവുന്ന പതിനൊന്ന് അനുഭവക്കുറിപ്പുകളാണുള്ളത്. കാവ്യാത്മകവും, നൈസർഗികവും ചടുലവും അമ്പരപ്പിക്കുന്നതുമായ പ്രയോഗങ്ങൾ എമ്പാടും ചിതറിക്കിടക്കുന്ന, ആൾക്കൂട്ടത്തിൽ ഏകാകിയായിപ്പോകുന്ന ഒരു മനുഷ്യന്റെ ഓർമ്മപ്പുസ്‌തകം- എഴുത്തുകാരന്റെ ഭാഷയിൽ ‘സുന്ദരമായ ഭാഷയാവുന്ന കാടിന്റെ ഏകാന്തത’.

കാഴ്‌ചകളുടെ സങ്കീർണ്ണ വൈചിത്ര്യങ്ങൾ വടുകെട്ടിയ മനസ്സിലേക്ക് സ്വച്ഛലാളിത്യത്തിന്റെ ആഹ്ലാദവും കുളിർവെളിച്ചവും കടത്തുന്നതിനായി പ്രകൃതിയുടെ മാസ്‌മര സാന്നിധ്യത്തിലേക്ക്- ചിത്രകൂടത്തിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രകൂടത്തിലെ ബ്രഹ്മചാരികൾ എന്ന ആദ്യ അധ്യായത്തിൽ. ഗുപ്‌തഗോദാവരിയിലെ ശിൽപചാതുരിയുടെ വിസ്‌മയങ്ങൾ കണ്ടുതീർക്കാൻ കണ്ണുകൾ പോരാതെ ഉഴറുന്ന മനസ്സ് സാമുവൽ ടെയ്‌ലർ കോളറിഡ്‌ജിന്റെ കുബ്ലാഖാനെ ഓർമിപ്പിച്ചു.
‘‘And mid these dancing rocks at once and ever,
I flung up momently the sacred river,
... Through wood and dale, the sacred river ran
Then reached the caverns measureless to man’’
വിവരിക്കാനാകാത്ത വിധം വിസ്‌മയങ്ങൾ നിറച്ച പ്രകൃതിയുടെ കൈവേലയുടെ ഓരോ പാറയടരിലും ഗുഹയ്‌ക്കകത്തെത്തിയാൽ ഏതാണ്ട് എണ്ണൂറ് മീറ്ററോളം വളഞ്ഞ് പുളഞ്ഞ് സഞ്ചരിക്കാവുന്ന മുട്ടറ്റം വെള്ളം നിറഞ്ഞ വിചിത്രവീഥികൾ. അകത്ത് ഓരോ വളവിലുമുണ്ട് വൻ നദിയെ ഒളിപ്പിച്ചു നിർത്തിയ ജലസഞ്ചയങ്ങൾ–- ഏറ്റവും ഭ്രമാത്മകമായ സൈക്കഡലിക് ഫാന്റസികളിൽപ്പോലും കണ്ടിട്ടില്ല ഇത്തരമൊരു യാഥാർഥ്യത്തെ എന്ന് കവി എഴുതി നിർത്തുമ്പോൾ, കുബ്ലഖാനിലല്ലാതെ മുമ്പ് കണ്ടിട്ടില്ലല്ലോ ഇത്തരമൊരു വിചിത്ര ഭ്രമാത്മക സൈക്കഡലിക് ഫാന്റസിയെന്ന് നമ്മളും വിസ്‌മിതരാവുന്നു.
വികാര വിചാരങ്ങൾക്ക് വിടർന്നുല്ലസിക്കാൻ പാകത്തിൽ മാസ്‌മരിക വിശാലതയായ കുടജാദ്രിയിലേക്കുള്ള യാത്രയിലും, ചിത്രകൂടത്തിലെ ബ്രഹ്മചാരികളിലുമെല്ലാം, മാറുന്ന കാലത്തേക്കുറിച്ചുള്ള ആശങ്കകളുണ്ട്. അന്ധവിശ്വാസങ്ങളിൽ പൊള്ളിപ്പിടയുന്ന ഒരു സാധാരണ മനുഷ്യന്റെ അങ്കലാപ്പുണ്ട്, നോവുമാത്മാവിനെ സ്‌നേഹിക്കാത്ത ഈശ്വരനെപ്പോലും സ്‌നേഹിക്കാനാവില്ല എന്ന ഓരോ കവിയുടെയും ദൃഢനിശ്‌ചയമുണ്ട്; ശത്രുവിനെയല്ല, ശത്രുതയെയാണ് സംഹരിക്കേണ്ടത് എന്ന സ്‌നേഹത്തിന്റെ പാഠം പുതിയ കാലത്തെ കുഞ്ഞുങ്ങളോട് വിളിച്ചു പറയാൻ ഉണർന്നിരിക്കുന്ന ഒരച്ഛന്റെ മനസ്സുണ്ട്.
പലകാലങ്ങളിൽ ഒരു പൂവ്, വെറുതെയിരിക്കുവിൻ, താജ്‌മഹൽ, പച്ചിലയുടെ ജീവചരിത്രം എന്നീ കവിതാ സമാഹാരങ്ങളിലേതുപോലെ തന്നെ അമ്പരപ്പിക്കുന്ന, ആഹ്ലാദിപ്പിക്കുന്ന കൽപനകൾ കൊണ്ട് സമ്പന്നമാണ് ‘ഏകാകികളുടെ ആൾക്കൂട്ട’വും. ചമ്രം പടിയാൻ തുടങ്ങുന്ന നിശ്‌ചലാവസ്ഥ, തിരക്കുപിടിച്ച മടികൾ, പട്ടിണിയുടെ നാനാർഥങ്ങൾ പരിശീലിച്ചവർ, പ്രഭാതത്തെ കെട്ടിവരിഞ്ഞ കോടയുടെ കഠിന സ്‌നേഹത്തെ അലിയിക്കുന്ന അരുണോദയം, സന്തുലനത്തിന്റെ നിർമ്മമമായ മന്ത്രച്ചരട്, ഭാരമില്ലാത്ത ചുവടുകളോടെ സമസ്‌ത ധമനികളിലും നൃത്തം ചവിട്ടുന്ന വേദന, ഓർമ്മകൾ ഓക്കാനിക്കും പോലെയുള്ള കരച്ചിലിന്റെ പിടച്ചിൽ, ക്ലാവുപിടിക്കാത്ത ഗൃഹാതുരത, ആൺമിടുക്കിന്റെ അടയാള ഗന്ധം ഇങ്ങനെ നവനവോന്മേഷശാലികളായ ഒരുപാട് വാക്യങ്ങളുടെ ഘോഷയാത്രയുണ്ട് ഈ പുസ്‌തകത്തിൽ.
ഒരു കഥ പോലെ ഒറ്റയിരിപ്പിന് വയിച്ച് തീർക്കാവുന്ന കുറിപ്പാണ്, ഇരുട്ടുമരവും പെങ്ങളും. ആശുപത്രി ദിവസങ്ങളിലെ ആകാംക്ഷകൾ, ആശങ്കകൾ, നിസ്സഹായതകൾ ഒക്കെ പേറി നമ്മളും അവിടെയാവുന്നു.
അനിർവ്വചനീയമായ ആയാസരാഹിത്യം ഉത്സാഹഭരിതമാക്കിത്തീർത്ത ഒരനാഥ രാത്രിയുടെ ഓർമ്മയാണ് ‘ഹോങ്കോങ്ങ് ചില രാത്രി വെളിച്ചങ്ങൾ.’ മക്കവിലേക്കുള്ള ഫെറിയിൽ ആകാംക്ഷയോടെ ആദ്യ സീറ്റുപിടിച്ച് അവിടുത്തെ വിശേഷങ്ങളറിയാൻ കണ്ണും കാതും തുറന്നു പിടിച്ചിരിക്കുന്നു നമ്മൾ. കവിയെ തന്നിലേക്ക് ഗാഢമായി ആശ്ലേഷിക്കുന്ന കോഴിക്കോട് എന്ന ദേശഹൃദയം–- ജനതാ ട്രാവൽസിലെ ഒരു കുഞ്ഞു കോഴിക്കോടൻ യാത്രയും അങ്ങനെ തന്നെ. ‘‘കവിതയും പ്രണയവും രാഷ്‌ട്രീയവും ഒരേ കുടക്കീഴിൽ ഒരുമിച്ചു നടന്ന സംക്രമണ കാലം.’’
കോഴിക്കോടിന്റെ നേരും നന്മയുമറിഞ്ഞ് പിന്നെ അവിടുത്തുകാരനായെങ്കിലും, അന്ന് പുറപ്പെടാൻ കാത്തിരിക്കുന്ന ജനത ബസ്സിൽ ഒറ്റയ്‌ക്കിരുന്ന് അടക്കിപ്പിടിച്ച ആഗ്രഹങ്ങളും വിങ്ങിപ്പൊട്ടുന്ന മനസ്സുമായി ആ എട്ടാം ക്ലാസുകാരൻ കണ്ട കോഴിക്കോടിനോളം വരില്ല, പിന്നെ കണ്ട കാഴ്‌ചകളൊന്നും. കലയും സംസ്‌കാരവും രാഷ്‌ട്രീയവും, കളിയും വ്യാപാരും സാഹിത്യവുമെല്ലാം ഇഴചേർന്ന് മനുഷ്യമഹത്വത്തിന്റെ മഹാഗാഥയായിത്തീരുന്നതിന്റെ അർത്ഥവും ആഴവുമെല്ലാം വായിച്ചെടുക്കാവുന്ന; വായിച്ചാലും വായിച്ചാലും തീരാത്ത ഒരു വലിയ ഡിക്‌ഷണറിയായി- കോഴിക്കോട് ചരിത്രത്തിന് മുന്നിൽ ഇപ്പോഴും തുറന്ന് കിടക്കുകയാണ്.

ഋതുക്കൾക്കൊപ്പം മാറുന്ന അർത്ഥങ്ങളുള്ള അത്ഭുതഭാഷയായി ഉറുദുവിനെ മാറ്റിയ ഗുലാം അലി. അലിയെ കേട്ടുകേട്ട് മൃദുവായിത്തീർന്ന കാതുകൾ- ഒരിക്കൽ പെയ്‌തുപോയാൽപ്പോലും ജീവിതം മുഴുവൻ ചോർന്നൊലിക്കുന്ന ഗുലാം അലി എന്ന മാന്ത്രിക മഴയെക്കുറിച്ചുള്ള തുടിക്കുന്ന കുറിപ്പാണ് ‘വേദനയുടെ ഹർഷോന്മാദം.’ സംഗീതത്തെ സർവ്വഭാഷകളുടെയും ലായനിയാക്കി, സമന്വയമാക്കി ഗുലാം അലി നിർത്താതെ പാടിക്കൊണ്ടേയിരിക്കുന്നു, ഒ.പി. സുരേഷിന്റെ വിരലുകളിൽ...
ഒരു കഥ പോലെ ഒറ്റയിരിപ്പിന് വയിച്ച് തീർക്കാവുന്ന കുറിപ്പാണ്, ഇരുട്ടുമരവും പെങ്ങളും. ആശുപത്രി ദിവസങ്ങളിലെ ആകാംക്ഷകൾ, ആശങ്കകൾ, നിസ്സഹായതകൾ ഒക്കെ പേറി നമ്മളും അവിടെയാവുന്നു. ക്രൂരമായ ആ അമാവാസിക്കാലത്തെ അതിജീവിച്ച്, സന്തോഷത്തിന്റെ നിലാവെളിച്ചത്തിലേക്ക് പെങ്ങളോടൊപ്പം ഒരുമിച്ചുണരുന്നു. ഒരുമിച്ച്, ജീവിതമേ നിന്റെ അന്തമില്ലാത്ത അതിശയങ്ങൾകൊണ്ട് ഭൂമിയെ വീണ്ടും തളിർപ്പിക്കുക എന്ന പ്രാർത്ഥനയാവുന്നു.
ഓർമ്മകൾ ചേക്കേറുന്ന ഫാറൂക്ക് എന്ന തണൽ, ഏതോ ശ്രീനിവാസൻ കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന സുകുമാരൻ മാഷ്, പട്ടിണിയുടെ നാനാർഥങ്ങൾ പരിശീലിച്ചവരിൽ മാത്രം കാണുന്ന ഇച്ഛയുടെ തിളക്കം കണ്ണുകളിലൊളിപ്പിച്ച സുധി, വെളിച്ചത്തിന്റെ പൊത്തുകളിലേക്ക് എത്തിനോക്കുമ്പോൾ എപ്പോഴും കാണാവുന്ന, ഇരുട്ട് തിന്നുമെന്ന് ഭയന്ന് കൂനിക്കൂടിയിരിക്കുന്ന സുജാത എന്ന അഞ്ച് വയസ്സുകാരിയുടെ വിവർണ്ണമുഖം, അപരിചിതമായ ഭാവിയിലേക്ക് അപ്പൂപ്പൻതാടിപോലെ പറന്നകലുന്ന സ്വന്തം ജീവിതത്തെ നിസ്സംഗമായി നോക്കിയിരിക്കേണ്ട നിസ്സഹായത, ഒക്കെ,
‘‘വ്യഞ്ജകമാണോരോ ലോല-
ചലനവും ഭാവഭംഗീ
ഭഞ്ജകമല്ലൊറ്റ സൂക്ഷ്‌മ
സ്‌പന്ദനം പോലും’’ (ജി)
എന്ന മട്ടിൽ ഒട്ടും കുറയാതെ അതിശയോക്തികൾ തീരെയില്ലാതെ, തെളിഞ്ഞ കാഴ്‌ചകളാക്കി വരച്ചുകാട്ടുന്ന കയ്യടക്കമാണ് ഈ പുസ്‌തകത്തിന്റെ ഈട്. തുടർച്ചയുണ്ടായെങ്കിൽ എന്ന്, ഇത് വായനക്കാരനിൽ തീവ്രമോഹം ഉളവാക്കുന്നു. കാമനകളുടെ തീരാത്ത വഴികളിൽ ഒപ്പം നടന്ന് നമ്മെ അസ്വസ്ഥരാക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. അനുനിമിഷം പെരുകിപ്പെരുകി ഭൂമിയെ തന്റെയുള്ളിൽ നിറയ്‌ക്കുന്നു. ജീവിതഗന്ധിയായ പച്ചവാക്കയി പടർന്ന് തളിർക്കുന്നു.