പി.എ. നാസിമുദ്ദീൻ

ലോകത്തെ
പിരിച്ചുവിടും മുൻപ്…

പി.എ. നാസിമുദ്ദീന്റെ അനുഭവപുസ്തകം ‘ഉന്മാദസുന്ദരകാല’ത്തെക്കുറിച്ച് ഉണ്ണി ആർ. എഴുതുന്നു.

ട്ട്, ഭ്രാന്ത്, ഉന്മാദം… ഈ മൂന്നു വാക്കുകളിൽ ഏതാവും നിങ്ങൾ തെരഞ്ഞെടുക്കുക?

ആദ്യ രണ്ടെണ്ണം ഒഴിവാക്കി മൂന്നാമത്തേതാവും ഉചിതമെന്ന് ഒരാൾ പറഞ്ഞാൽ അയാളിൽ ഒരു തുള്ളി കവിയേയോ ഒരു കഷണം തത്വജ്ഞാനിയേയോ സംശയിക്കാം. കാവ്യഭംഗി മാത്രമല്ല, നൂറ്റാണ്ടുകളായിപ്പേറുന്ന അവധൂതസ്വഭാവവും കാലപരിണാമത്തിൽപ്പെട്ട് ഉന്മാദമെന്ന വാക്കിന് മേൽക്കുപ്പായമായിത്തീർന്നിട്ടുണ്ട്.

വട്ടെന്ന വാക്കിന് പിടിവിട്ടൊരു ലക്ഷണമുണ്ട്. അത് ബുദ്ധിസ്ഥിരതയില്ലാത്ത, എന്തെക്കെയോ കാട്ടിക്കൂട്ടുന്ന, നിലവാരമില്ലാത്ത ഒരേർപ്പാടാണ്. ഭ്രാന്താവട്ടെ, ആ വാക്കിന്റെ ഉച്ചാരണം പോലെ ചെറിയൊരു മുഴക്കം സൃഷ്ടിക്കും. തലതിരിച്ചുള്ള നടത്തങ്ങളെ, തലതിരിച്ചുള്ള കാഴ്ചകളെ, അങ്ങനെ പൊതുവഴിവിട്ടുള്ള ഇടവഴി കയറ്റങ്ങളാണ് കലയിലും ജീവിതത്തിലും ഭ്രാന്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത്.

ചിത്തരോഗത്തിന്റെ നിലവിട്ട ആഴമറിയാതെ, ചിലർ സ്വയം തെറ്റിദ്ധരിച്ച് എന്റെ ഒരു ഭ്രാന്തിന് ചെയ്തതാണ്, എന്റെ ഓരോ ഭ്രാന്തുകൾ, അങ്ങനെ താൻ ഭ്രാന്തിന്റെ തടവുമുറിക്കുള്ളിലാണെന്ന് അലങ്കാരമായിപ്പറയാറുണ്ട്. ഭ്രാന്തെന്ന വിശേഷണത്തിനു കീഴിൽ വിശ്രമിച്ച്, ആ സാങ്കൽപ്പികത്തണൽ തരുന്ന വേറിട്ടൊരു വ്യക്തിയെന്ന താത്ക്കാലിക ആശ്വാസമാണ് അങ്ങനെയുള്ളവരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്. യഥാർത്ഥ ചിത്തരോഗി ഇങ്ങനെ പയാറില്ല എന്നതാണ് സത്യം.

നാസിമുദ്ദീന്റെ നാട് കൊടുങ്ങല്ലൂരാണ്. വിവേകാനന്ദനെ സംശയിച്ച് കൊടുങ്ങല്ലൂരമ്പലത്തിൽ പ്രവേശിപ്പിക്കാത്തതു മുതൽ ഭരണിപ്പാട്ടും തമ്പുരാനും സൂര്യകാന്തിയും വരെ നീളുന്ന വിചിത്രമായൊരു കലർപ്പിൽ നിന്നാണ് അദ്ദേഹത്തിന്റെ ബോധം പിച്ചവെച്ചത്.

ഉന്മാദം കൊത്തിയെടുക്കുകയാണ് ഒരു ശരീരത്തെ എന്നുവേണമെങ്കിൽ പറയാം. നിശ്ശബ്ദമായ നോട്ടത്തിൽ, അതിവേഗമുള്ള നടത്തത്തിൽ, ഉറക്കെയുള്ള സംസാരത്തിൽ, മൗനത്തിൽ… അങ്ങനെ ഉന്മാദത്തിന് ആ ശരീരത്തിൽ പൂത്തുനിൽക്കുവാൻ നിരവധി വഴികളുണ്ട്. അത്രയും മികവുള്ള ഒരു ഉന്മാദിശരീരത്തിനടുത്തുനിന്നാൽ ഭ്രാന്തിന്റെ ഗന്ധമറിയാം.

മുഹമ്മദലി ഒരിക്കൽ ആ ശരീരം വഹിച്ചിരുന്നു. ജീവിതത്തിൽ അങ്ങനെയുള്ളവരെ അടുത്തറിഞ്ഞിരുന്നു നാസിമുദ്ദീൻ. പാമ്പ് ഉറയൂരുംപോലെ പൊഴിച്ചിട്ട ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും പോയ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം.

തലച്ചോറിനുള്ളിൽ പെരുകിയാർക്കുന്ന ഉന്മാദശകടത്തിനെയും വഹിച്ചുനടക്കുമ്പോൾ പുറം ലോകം ഒരു മായയാണ്. പട്ടിയും പൂച്ചയും പുരോഹിതനും മുഖ്യമന്ത്രിയും ആൾദൈവവുമെല്ലാം ഒന്ന്. ഇതറിയുവാൻ പുറംലോകത്തിന് ഒരു കണ്ണോ മനസ്സോ ഈശ്വരൻ തന്നിട്ടുണ്ടോ? അറിയില്ല. നമ്മുടെ മസ്തിഷ്ക്കം ഒരിക്കലെങ്കിലും അതിരുകൾ വിട്ടൊന്ന് നടന്നാൽ, ആ അവസ്ഥയെത്തൊട്ട് തിരിച്ചെത്തിയാൽ കളിയായിപ്പോലും താനിപ്പോൾ ഭ്രാന്തിലാണെന്ന് ഒരാൾ പറയില്ല. നമ്മുടെ സ്ഥിരബോധത്തിനുനേർക്ക് പടതെളിച്ചുവരുന്ന അക്രമിയായിട്ടാണ് ഈ സമൂഹവും ക്ലിനിക്കൽ രീതികളും ഉന്മാദിയെ നേരിടുന്നത്. അതുകൊണ്ടാണ് സത്‌നാംസിംഗും നാരായണൻകുട്ടിയും ചിത്തഭ്രമത്തിന്റെ വേലിയേറ്റത്തിൽ കൊല്ലപ്പെടുന്നത്.

പാമ്പ് ഉറയൂരുംപോലെ പൊഴിച്ചിട്ട ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും പോയ കാലത്തിലേക്കുള്ള  തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം.
പാമ്പ് ഉറയൂരുംപോലെ പൊഴിച്ചിട്ട ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും പോയ കാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം.

ഉന്മാദിയായ ചിലർ ചെറുചിരിയോടെ അല്ലെങ്കിൽ അട്ടഹാസത്തോടെ സർവചരാചരങ്ങളെയും നോക്കും. പ്രഭാകരസിദ്ധയോഗികളിൽ, രമണമഹർഷിയിൽ, ശ്രീനാരായണഗുരുവിൽ ഈ അന്തർജ്ഞാനം ഉണ്ടായിരുന്നു. ചിത്തരോഗികളെല്ലാം യോഗികളെന്നല്ല അർത്ഥം. അങ്ങനെയൊരു മനോനില ഭാരതീയ പാരമ്പര്യത്തിൽ പരിഗണിക്കപ്പെടാറുണ്ട്. യുക്തിക്കതീതമാണ് ആ അവസ്ഥ. എന്തും യുക്തികൊണ്ടളന്നിരുന്ന എം.എൻ.വിജയൻ പോലും നടന്നുപോകുന്ന പ്രഭാകരസിദ്ധയോഗികൾക്ക് പിന്നാലെ സൈക്കിളിൽ പാഞ്ഞിട്ടും ഒപ്പമെത്താൻ കഴിയാതെ പോയതിനെക്കുറിച്ച് അത്ഭുതത്തോടെ എഴുതുന്നത് അതുകൊണ്ടാവാം.

ഇനി നമുക്ക് സമാധാനിക്കാം. ആത്മകഥാ ഭാഗത്തിലെ ജീവിതം ഒരിക്കൽക്കൂടി അഭിനയിക്കുവാൻ നാസിമുദ്ദീനെ ഈ മഹാപ്രപഞ്ചം തെരഞ്ഞെടുക്കാതിരിക്കട്ടെ.

കന്നടയിലെ വചനകവിതകൾ വായിക്കുമ്പോൾ യോഗികളുടെ ശിവനുമായുള്ള ദൃഢബന്ധത്തിന്റെ ആഴമറിയാം. ശിവനിലെ ക്ഷിപ്രകോപിയോട് ഭയമില്ല വചനകവിതകളിൽ. ആ പാരസ്പര്യത്തിലെത്തുവാൻ സ്വയം നഗ്നനാവേണ്ടതുണ്ട്. ആ നഗ്നതയെന്നാൽ കുപ്പായമഴിക്കൽ അല്ല. ചിത്തശുദ്ധിയെന്നാണർത്ഥം. ചിത്തമാലിന്യങ്ങളെ തുടച്ച് നീക്കി, വൈരാഗിയാകുക. നാസിമുദ്ദീന്റെ പൂർവകാലത്തിൽ കണ്ടുമുട്ടിയവരിൽ കുറച്ചുപേരിലെങ്കിലും ഈ ഗുണങ്ങൾ അദ്ദേഹം ദർശിച്ചിട്ടുണ്ട്. അവർക്കു മുന്നിൽ എല്ലാം തുല്യമാണ്.

ടി.എൻ. ജോയിയെ അറിയുന്നവർക്കറിയാം, ജോയ് എന്ന പേരുപോലെ ആനന്ദാവസ്ഥയിലായിരുന്നു അന്ത്യംവരേക്കും അദ്ദേഹം. മറ്റുള്ളവർ ജീവിക്കുമ്പോൾ മാത്രം ഞാനും ജീവിക്കുന്നു എന്ന് ജോയ് വിശ്വസിച്ചു. അതുകൊണ്ടാണ് മറ്റു മനുഷ്യർക്കായി എപ്പോഴും ജോയി പുലമ്പിക്കൊണ്ടിരുന്നത്. ഉന്മാദിയുടെ ഉച്ചാരണങ്ങൾ പുലമ്പലായാണ് നമുക്ക് തോന്നുക.

ടി.എൻ. ജോയിയെ അറിയുന്നവർക്കറിയാം, ജോയ് എന്ന പേരുപോലെ ആനന്ദാവസ്ഥയിലായിരുന്നു അന്ത്യംവരേക്കും അദ്ദേഹം. മറ്റുള്ളവർ ജീവിക്കുമ്പോൾ മാത്രം ഞാനും ജീവിക്കുന്നു എന്ന് ജോയ് വിശ്വസിച്ചു.
ടി.എൻ. ജോയിയെ അറിയുന്നവർക്കറിയാം, ജോയ് എന്ന പേരുപോലെ ആനന്ദാവസ്ഥയിലായിരുന്നു അന്ത്യംവരേക്കും അദ്ദേഹം. മറ്റുള്ളവർ ജീവിക്കുമ്പോൾ മാത്രം ഞാനും ജീവിക്കുന്നു എന്ന് ജോയ് വിശ്വസിച്ചു.

നാസിമുദ്ദീന്റെ നാട് കൊടുങ്ങല്ലൂരാണ്. വിവേകാനന്ദനെ സംശയിച്ച് കൊടുങ്ങല്ലൂരമ്പലത്തിൽ പ്രവേശിപ്പിക്കാത്തതു മുതൽ ഭരണിപ്പാട്ടും തമ്പുരാനും സൂര്യകാന്തിയും വരെ നീളുന്ന വിചിത്രമായൊരു കലർപ്പിൽ നിന്നാണ് അദ്ദേഹത്തിന്റെ ബോധം പിച്ചവെച്ചത്. ഇന്ന് നാസിമുദ്ദീൻ ഗൃഹസ്ഥാശ്രമിയാണ്. മറ്റുള്ളവരുടെ കണ്ണിൽ ജീവിതത്തിൽ അടുക്കും ചിട്ടയും വന്നിരിക്കുന്നു. വോട്ടേഴ്സ് ഐഡിയും ആധാറും ബാങ്ക് അക്കൗണ്ടുമെല്ലാമുള്ള ഉത്തമനായ പൗരനാണ്. ഇനി നമുക്ക് സമാധാനിക്കാം. ആത്മകഥാ ഭാഗത്തിലെ ജീവിതം ഒരിക്കൽക്കൂടി അഭിനയിക്കുവാൻ നാസിമുദ്ദീനെ ഈ മഹാപ്രപഞ്ചം തെരഞ്ഞെടുക്കാതിരിക്കട്ടെ.

'ഈ ലോകത്തെ പിരിച്ചുവിടാൻ' നമ്മളല്ല, അൻപായും അറിവായും വിളങ്ങുന്നതേത് ശക്തിയോ അവൾക്ക് / അവനുമാത്രം കഴിയുന്നത്.

പ്രിയ കവിക്ക്,
സ്നേഹം മാത്രം…


Summary: Malayalam writer Unni R writes about PA Nazimudin's book Unmadasundarakalam.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ (മലമുകളിൽ രണ്ടുപേർ) എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments