മലയാളത്തിൽ ആധുനികത സാധ്യമാക്കിയ ‘പക്ഷിക്കൂട്ട'ങ്ങൾ

അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ചില കനപ്പെട്ട ആലോചനകളെ പരിഗണിച്ചാൽ മലയാളപഠനം ഒരു വഴിതിരിയലിന്റെ ദശാസന്ധിയിലെത്തിയിരിക്കുന്നതായി അനുമാനിക്കാം. കാൽനൂറ്റാണ്ടിലേറെയായി മലയാളത്തെ അടക്കിഭരിച്ചുകൊണ്ടിരുന്ന പ്രത്യയശാസ്ത്ര- പ്രതിനിധാന- സംസ്‌കാര പഠനങ്ങളുടെ വഴി ലോകമെങ്ങും അസ്വീകാരമായിക്കഴിഞ്ഞു- പി.കെ.രാജശേഖരന്റെ ലിറ്റിൽ മാഗസിൻ പഠനകൃതിയായ ‘പക്ഷിക്കൂട്ടങ്ങളെ’ മുൻനിർത്തി ഒരു വിചാരം

No little magazines, no modernism: it's as simple as that.Little Magazine, World Form

മകാലിക മോഡേണിസ്റ്റ് പഠിതാക്കളിൽ പ്രധാനിയായ എറിക് ബുൾസണിന്റെ ലിറ്റിൽ മാഗസിനുകളെക്കുറിച്ചുള്ള പ്രസിദ്ധ പഠനത്തിലെ പ്രാരംഭ വാചകമാണ് മുകളിലുദ്ധരിച്ചത്. സാധാരണ ഗതിയിൽ ഒരു പഠനഗ്രന്ഥം അനുവർത്തിക്കാത്ത നിലയിൽ പ്രസ്താവനയിൽ നിന്നാണ് ആ പഠനം ആരംഭിക്കുന്നത്. ‘ലിറ്റിൽ മാഗസിനുകളില്ലായിരുന്നെങ്കിൽ മോഡേണിസവും ഉണ്ടാവുമായിരുന്നില്ല' എന്ന അസന്ദിഗ്ധ പ്രസ്താവനയാണ് വാചകങ്ങളുടെ ആകെത്തുക. യൂറോപ്പിന്റെ പശ്ചാത്തലത്തിൽനിന്നു ബുൾസൺ അവതരിപ്പിച്ച ഈ നിലപാടിന് നമ്മുടെ സന്ദർഭത്തിലെന്താണ് പ്രസക്തി?. വിശിഷ്യാ അനുഭൂതികളെയും ആസ്വാദനത്തെയും നിർണയിക്കുന്ന കാലദേശാതിവർത്തിയായ പൊതുഘടകം നിലവിലുണ്ട് എന്നംഗീകരിക്കൽ ആശയവാദമാണെന്നറിയാവുന്ന ഇക്കാലത്ത്.

ലിറ്റിൽ മാഗസിനുകളെക്കുറിച്ചുള്ള മലയാളത്തിലെ എഴുത്തുകളുടെ പരിമിതി അതികാല്പനികതയാൽ നിയന്ത്രിക്കപ്പെട്ടവയാണവ എന്നതാണ്.

ഓരോ സവിശേഷ സംസ്‌കാരങ്ങൾക്കും സഹജമായ പരിഷ്‌കരണ-പ്രതിരോധ വാസനകളെ നിരാകരിക്കലാണ് അത്തരമൊരു സമീപനമെന്ന് എത്രയും വ്യക്തമാണിന്ന്. കൗതുകമെന്നു പറയട്ടെ, ഇത്തരമൊരു പൊതുഘടകം യൂറോപ്യൻ സാഹചര്യത്തിലെന്ന പോലെ കേരളത്തിലും പ്രകടമാവുന്ന ഒരു സാഹചര്യം (അഥവാ ഒരേയൊരു സാഹചര്യം) ലിറ്റിൽ മാഗസിനുകളുടേതാണ്; അതിനാൽതന്നെ പി.കെ. രാജശേഖരന്റെ പുതിയ പുസ്തകം പക്ഷിക്കൂട്ടങ്ങൾ പുലർത്തുന്നതും ഏകദേശം ബുൾസണ് സമാനമായ നിലപാടാണ്. ഉപശീർഷകം സൂചിപ്പിക്കുന്നതുപോലെ മലയാളത്തിലെ ആധുനികത (modernism) സാധ്യമാകുന്നതിൽ ലിറ്റിൽ മാഗസിനുകൾ വഹിച്ച നിർണായകപങ്കിനെക്കുറിച്ചാണ് പക്ഷിക്കൂട്ടങ്ങളും വിശദീകരിക്കുന്നത്.

എറിക് ബുൾസൺ / Photo: Claremont Graduate University

ഗ്രന്ഥസൂചി പോലുമില്ലാത്ത ലിറ്റിൽ മാഗസിനുകൾ

ലിറ്റിൽ മാഗസിനുകളെക്കുറിച്ചുള്ള മലയാളത്തിലെ എഴുത്തുകളുടെ പരിമിതി അതികാല്പനികതയാൽ നിയന്ത്രിക്കപ്പെട്ടവയാണവ എന്നതാണ്. ഒരുപക്ഷേ പ്രസിദ്ധീകരണ പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കുകൊണ്ടവരാണ് മിക്കപ്പോഴും അതിനെക്കുറിച്ചെഴുതിയിട്ടുള്ളത് എന്നതുകൊണ്ടാവാമത്. സമീപനപരമായ വ്യതിരിക്തത പുലർത്തുന്ന ‘പിരിയോഡിക്കൽ സ്റ്റഡീസ്' എന്ന ജ്ഞാനമേഖല ഇവിടെ രൂപപ്പെടാത്തതു കൊണ്ടുമാവാം. ഈ രണ്ടു പരിമിതികളെയും മറികടക്കുന്ന ശ്ലാഘനീയമായ ഉദ്യമമാണ് പക്ഷിക്കൂട്ടങ്ങൾ. പുസ്തകവസാനം അദ്ദേഹം തന്നെ പ്രതീക്ഷിക്കുന്നതുപോലെ, പുതിയ സമീപനപദ്ധതികളിലേക്കും രീതിശാസ്ത്രത്തിലേക്കും വളരാനുള്ള ‘കെല്പും കോപ്പും' അതുൾക്കൊള്ളുന്നു. സാഹിത്യോൽപാദനരീതിയെയും അതിനെ നിർണയിക്കുകയും അതിനാൽ നിർണയിക്കുപ്പെടുകയും ചെയ്യുന്ന സൗന്ദര്യാത്മക പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ഗൗരവമായ ഏതൊരന്വേഷണത്തിനും ഇനി ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി പക്ഷിക്കൂട്ടങ്ങൾ നിലകൊള്ളുമെന്നതുറപ്പ്. നമ്മുടെ മാധ്യമ പഠനങ്ങളെയും വലിയ തോതിൽ സ്വാധീനിക്കാനുള്ള ശേഷി പുസ്തകത്തിനുണ്ട്.

ഡോ. പി.കെ. രാജശേഖരൻ / Photo: Wikimedia Commons

ലിറ്റിൽ മാഗസിനുകളെക്കുറിച്ചുള്ള മലയാളാന്വേഷണങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രണ്ടിടത്തായി രാജശേഖരൻ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ; നമ്മുടെ ചിരപുരാതന ചരിത്രശാപമായ ‘പുരാരേഖാ സംരക്ഷണ ശൂന്യത'യും പഴയ മാസികകളും പുസ്തകങ്ങളും കാത്തുവയ്ക്കുന്നതിലെ ഉദാസീനതയും അതിനെല്ലാം പുറമേ ഒരു വിവരണാത്മ ഗ്രന്ഥസൂചി പോലും ലിറ്റിൽ മാഗസിനുകളെക്കുറിച്ച് ഇതുവരെ മലയാളത്തിലുണ്ടായിട്ടില്ലാത്തതും കണക്കിലെടുക്കുമ്പോൾ ആ മേഖലയിൽ അന്വേഷിക്കുന്ന ഗവേഷകർ നിസഹായരാവാൻ വിധിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാനദത്തങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടില്ലാത്ത, സമീപനരീതിയെക്കുറിച്ചുള്ള ആലോചനകൾ ഒട്ടുമേ വികസിച്ചിട്ടില്ലാത്ത വിഷയമേഖലയിലാണ് രാജശേഖരൻ കൈവെച്ചിട്ടുള്ളത്. ഭവശാസ്ത്രം (ontology) നിർദ്ധരിക്കപ്പെട്ടിട്ടില്ലാത്ത മേഖലയിലെ അന്വേഷണത്തിന് പരമാവധി എത്തിച്ചേരാൻ കഴിയുക ഒരു വിവരണാത്മക ചരിത്രരചനയിലാണ്. പക്ഷിക്കൂട്ടങ്ങൾ ആ തലവും പിന്നിട്ട് വിശകലനത്തിലേക്ക് കടന്നുനിൽക്കുന്നു. ശ്രമകരമായ ഈ ഇരട്ടദൗത്യം അത്യന്തം ആയാസരഹിതമായി പൂർത്തിയാക്കപ്പെടുന്നു എന്നിടത്താണ് ഈ ഗ്രന്ഥം ശ്ലാഘനീയമാകുന്നത്.

അച്ചടിക്കപ്പെട്ട പ്രമേയം കൊണ്ടുമാത്രമല്ല ലിറ്റിൽ മാഗസിനുകൾ ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാഗമായത്. സവിശേഷമായ രംഗവിന്യാസ പാടവംകൊണ്ട് ആ പ്രസിദ്ധീകരണങ്ങൾ സ്വയമേവ ഉള്ളടക്കത്തെ സൃഷ്ടിക്കുകയാണുണ്ടായത്.

സിനിമാസന്ദർഭങ്ങൾക്കുശേഷം രാജശേഖരൻ പുലർത്തുന്ന ദ്വിമുഖരീതി ഈ പുസ്തകവും പിൻപറ്റുന്നു. ഒരു ഭാഗത്തത് ദത്ത (data) ത്തിന്റെ ധാരാളിത്തത്താൽ ചെറുതെങ്കിലും വിലപ്പെട്ട റഫറൻസ് ഗ്രന്ഥമാണ്. മറുഭാഗത്ത് ദത്തത്തെ കൂട്ടിയോജിപ്പിച്ച് സവിശേഷസാംസ്‌കാരികപ്രതിഭാസത്തെ വിശകലനം ചെയ്യുന്ന അപഗ്രഥനാത്മക പഠനവുമാണ്. ഒരു ഗവേഷണഗ്രന്ഥത്തിന്റെ ഇരുതലങ്ങളെയും പക്ഷിക്കൂട്ടങ്ങൾ തൃപ്തിപ്പെടുത്തുന്നു.
2018-ൽ പുറത്തുവന്ന മലയാള സമാന്തരമാസികാചരിത്രം എന്ന പ്രദീപ് പനങ്ങാടിന്റെ വിവരണാത്മക ഗ്രന്ഥം മാത്രമാണ് ലിറ്റിൽ മാഗസിൻ പഠനങ്ങളിൽ മുന്നോടിയായുള്ളത്.

സ്വയമേവ ഉള്ളടക്കത്തെ സൃഷ്ടിച്ച പ്രസിദ്ധീകരണങ്ങൾ

ഓർമകൾ, ജീവചരിത്രങ്ങളിലെ സാന്ദർഭിക പരാമർശങ്ങൾ തുടങ്ങിയ ആഖ്യാനങ്ങളെക്കൂടി മാറ്റിനിർത്തിയാൽ അതീവശുഷ്‌കമായ ഒരു പഠനമേഖലയ്ക്ക് അടിസ്ഥാനങ്ങൾ ചമയ്ക്കുകയാണ് പക്ഷിക്കൂട്ടങ്ങൾ ചെയ്യുന്നത്. 1950-2000 എന്ന കാലയളവിനെ നിജപ്പെടുത്തി, അക്കാലത്ത് മലയാളത്തിൽ വെളിച്ചംകണ്ട ലിറ്റിൽ മാഗസിനുകളും സമാന്തരമായി കലാഭാവുകത്വത്തിൽ ആവിഷ്‌കാരം നേടിയ ആധുനികതാ പ്രസ്ഥാനവും തമ്മിലുള്ള പ്രവർത്തന- പ്രതിപ്രവർത്തനങ്ങളെയാണ് രാജശേഖരൻ വിശകലനം ചെയ്യുന്നത്. ആധുനികതാപ്രസ്ഥാനത്തിലെ കൃതികൾ പ്രസിദ്ധപ്പെടുത്തപ്പെട്ട മാധ്യമരൂപങ്ങളായല്ല, മറിച്ച് ആ ഭാവുകത്വത്തിലെ പാഠങ്ങൾ തന്നെയായാണ് രാജശേഖരൻ ലിറ്റിൽ മാഗസിനെ കാണുന്നത്. പാഠം അവതരിപ്പിക്കപ്പെടുന്ന നിശ്ചലരംഗ വേദിയല്ല ആ പ്രസിദ്ധീകരണങ്ങൾ; പാഠത്തിന് അർഥമുണ്ടാക്കുന്ന സവിശേഷമായി വിന്യസിക്കപ്പെട്ട മറ്റൊരു പാഠമാണ്. അതിനാൽതന്നെ ഇതൊരു സ്ഥലപഠനം കൂടിയാണ് എന്നുപറയാം.

ചരിത്രസംഭവങ്ങൾ വന്നുവീഴുന്ന മൂല്യനിരപേക്ഷസ്ഥാനമല്ല സ്ഥലമെന്നും അതിനകം പ്രത്യയശാസ്ത്രഭരിതമായിരിക്കുന്ന രാഷ്ട്രീയ മണ്ഡലമാണെന്നുമുള്ള സ്ഥലപഠിതാക്കളുടെ സമീപനത്തോട് പക്ഷിക്കൂട്ടങ്ങൾക്ക് ചാർച്ചയുണ്ട്.
പുതിയ സമീപനരീതിയെ പ്രയുക്തമാക്കാൻ രാജശേഖരൻ മലയാളത്തിൽ ഒട്ടും പരിചിതമല്ലാത്ത പുതുകാല മാധ്യമ പഠിതാക്കളിലേക്കു കടക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മലയാള സാഹിത്യത്തിന്റെ ഭൂപ്രകൃതിയെ പരിവർത്തന വിധേയമാക്കിയ മാധ്യമ രൂപാന്തരണമായി (media morphosis) അദ്ദേഹം ലിറ്റിൽ മാഗസിനുകളെ കാണുന്നു. പുനർ മാധ്യമീകരണത്തിന്റെ ഈ രൂപം തന്നെയാണ് അതിന്റെ ഉള്ളടക്കമെന്ന് ഉറപ്പുവരുത്തുന്നു.

അച്ചടിക്കപ്പെട്ട പ്രമേയം കൊണ്ടുമാത്രമല്ല ലിറ്റിൽ മാഗസിനുകൾ ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാഗമായത്. സവിശേഷമായ രംഗവിന്യാസ പാടവംകൊണ്ട് ആ പ്രസിദ്ധീകരണങ്ങൾ സ്വയമേവ ഉള്ളടക്കത്തെ സൃഷ്ടിക്കുകയാണുണ്ടായത്. രൂപത്തിന്റെ ഉള്ളടക്കം വിശദീകരിക്കാനായി രാജശേഖരൻ ലിറ്റിൽ മാഗസിനുകളുടെ താൾവിന്യാസക്രമം (layout), രൂപകല്പനാമാതൃക (design), അച്ചുകൾ (type faces), ആനുകാലികത (periodicity), രേഖാചിത്രങ്ങൾ (illustration), വില, വാല്യത്തിന്റെ ആകാരം, കടലാസിന്റെ ഗുണനിലവാരം, ബയൻഡിംഗ്, പരസ്യത്തിന്റെ ഉപയോഗം എന്നിങ്ങനെ അനേകം മാസികാ സങ്കേതങ്ങളിലേക്കുകൂടി അന്വേഷണം നീട്ടുന്നു (ആധുനികതാവാദത്തിലെ ഇല്ലസ്‌ട്രേഷനുകൾ സ്വയമേവ മറ്റൊരു പാഠമാവുന്നതിനെക്കുറിച്ച് കവിത ബാലകൃഷ്ണനും സൂചിപ്പിച്ചിട്ടുണ്ട്).

വ്യയത്തിന്റെ നിയമങ്ങൾ പരാജയപ്പെടുത്തിയപ്പോഴും ലിറ്റിൽ മാഗസിനുകൾ വിശാലാർഥത്തിൽ വിജയമായി മാറി

ഭാഷാസങ്കേതങ്ങളിൽ (linguistic codes) മാത്രം ഊന്നിനിൽക്കുന്ന സാഹിത്യപഠനരീതിയെ, അതിൽനിന്ന് വിമോചിപ്പിച്ച് ഓരോ പാഠത്തിന്റെയും യഥാർത്ഥമായ പ്രകടന സന്ദർഭത്തെക്കൂടി മുൻനിർത്തി പഠിക്കാനുള്ള പുതിയൊരു രീതിശാസ്ത്രം കൂടിയാണ് രാജശേഖരൻ അവതരിപ്പിക്കുന്നത്. അമേരിക്കൻ പണ്ഡിതനായ ജെറോം മഗ്ഗാനെ പിന്തുടർന്ന് അതിനെ അദ്ദേഹം കൃതികളുടെ ഭൗതികപാഠത്വം (material textuality) എന്നുവിളിക്കുന്നു. കൃതിയുടെ മൂർത്തമായ സന്ദർഭത്തെക്കൂടി നോക്കിക്കാണുമ്പോഴാണ് ഭൗതികപാഠത്വത്തിലേക്കു കടക്കാൻ കഴിയൂ. ഖണ്ഡഃശ പ്രസിദ്ധീകരിക്കുന്ന ഒരു നോവൽ പുസ്തകമാകുന്നതോടെ ഭൗതികപാഠത്വം കൂടിയാണ് പിന്നണിയിലാവുന്നത്. പ്രാഥമികപാഠങ്ങളെ (primary text) ഒട്ടും പരിഗണിക്കാത്ത വിശകലനരീതി ഈ പുസ്തകത്തിന് പഥ്യമല്ല. പ്രാഥമികപാഠത്തെ കാണണമെങ്കിൽ യഥാർത്ഥ ഭൗതികസാഹചര്യത്തിലേക്കു കടക്കണം.

കവിത ബാലകൃഷ്ണൻ

രാജശേഖരൻ നല്ല ഒരുദാഹരണം ചൂണ്ടിക്കാട്ടുന്നുണ്ട്. കവിയുടെയോ കവിതയുടെയോ പ്രാധാന്യം നോക്കാതെ പേജിൽ മറ്റേതെങ്കിലുമൊരു രചനയ്ക്കിടയിൽ ഒരറ്റത്തായി ഒന്നോ രണ്ടോ മൂന്നോ കോളത്തിൽ പ്രത്യേക ഇനമായി കവിത ചേർക്കുകയായിരുന്നു പരമ്പരാഗതരീതി. ലിറ്റിൽ മാഗസിനുകളാകട്ടെ, വരിയെണ്ണം കുറഞ്ഞ കവിതകൾ പോലും ഒരു പേജിൽ ധാരാളം ഒഴിഞ്ഞ സ്ഥലത്തോടെ വിന്യസിച്ചു. ആധുനിക കവിതകൾ അവതരിപ്പിച്ച പുതിയ കാവ്യസങ്കല്പനത്തെ പ്രതിഷ്ഠാപനം ചെയ്യുന്ന രൂപകല്പനയായിരുന്നു അത്; കവിതയുടെ അർഥോത്പാദനത്തിൽ പേജിലെ ഒഴിഞ്ഞ ഇടവും ലേ- ഔട്ടും പങ്കുവഹിക്കുന്ന വിനിമയരീതി. ഇതിനെയാണ് മാസികാസങ്കേതം (periodical codes) എന്ന് വിളിക്കുന്നത്. കവിത ഭാഷാസങ്കേതങ്ങളാൽ മാത്രമല്ല സവിശേഷ അർഥമുത്പാദിപ്പിക്കുന്നത് മാസികാസങ്കേതങ്ങളാൽ കൂടിയാണ്. ഇവ ചേരുന്ന വിശകലനത്തിനേ ഭൗതികപാഠത്വത്തിലേക്കു കടക്കാൻ പറ്റൂ. സാഹിത്യപഠനം, മാധ്യമ പഠനം, സാങ്കേതിക പഠനം എന്നീ വ്യത്യസ്ത വിഷയമേഖലകളെ സൗന്ദര്യാത്മകതയുടെ മണ്ഡലത്തിൽ വെച്ച് തമ്മിൽ ചേർക്കലാണത്. ഇനി വളർന്നു വികസിക്കേണ്ട ആധുനികതാ വാദപഠനം (modernist studies) ഭൗതിക പാഠത്വത്തിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് രാജശേഖരൻ കരുതുന്നു. അതിലേക്കുള്ള ചൂണ്ടുപലകയായാണ് പക്ഷിക്കൂട്ടങ്ങൾ നിലകൊള്ളുന്നത്. ആ നിലയിൽ പക്ഷിക്കൂട്ടങ്ങൾ എന്ന രൂപകം കാവ്യയുക്തി കൂടിയാവുന്നു.

അധ്യായാവസാനത്തിൽ സി.ഐ.എ. ലിറ്റിൽ മാഗസിനുകളെ ആൻറി കമ്യൂണിസ്റ്റ് മൂവ്‌മെന്റിന് ഉപയുക്തമാക്കിയതിനെക്കുറിച്ചുള്ള ഗൗരവമായ വിവരണങ്ങൾ കാണാം. സി.സി.എഫിന്റെ ധനസഹായം ലഭിച്ച ലിറ്റിൽ മാഗസിനുകൾ അമേരിക്കൻ പ്രൊപഗാണ്ടയുടെ ഭാഗമായി മാറിയതിനെക്കുറിച്ചുള്ള ഈ ഹ്രസ്വവിവരണം സുപ്രധാനമാണ്.

സാഹിത്യപഠനങ്ങളിൽ ഇനിവരേണ്ടുന്ന പുതുവസന്തത്തിനായി മുൻപേ പറക്കുന്ന ചെറിയ അഗ്രദൂതിയാണ് പക്ഷിക്കൂട്ടങ്ങൾ എന്ന പുസ്തകവും. ലിറ്റിൽ മാഗസിനുകളുടെ രൂപസവിശേഷതയെ അതിന്റെ ഉള്ളടക്കമായി വായിച്ചെടുത്ത അവസാന അധ്യായമാണ് പുസ്തകത്തിലെ ഏറ്റവും മൂല്യവത്തായ ഭാഗമെന്ന് ഇതെഴുതുന്നയാൾ കരുതുന്നു. ബി. രാജീവന്റെ പ്രസിദ്ധ പുസ്തകത്തെ അനുസ്മരിപ്പിക്കുന്ന അധ്യായ ശീർഷകത്തിനുകീഴെ അദ്ദേഹം കൊണ്ടുവരുന്ന ആലോചനകൾ അതീവമൗലികമാണ്. ഒരു പക്ഷേ പത്രപ്രവർത്തനത്തിലും സാഹിത്യത്തിലും ആഴമേറിയ ധാരണയുള്ള രാജശേഖരനു മാത്രം കഴിയുന്നതാണത്.

എന്തുകൊണ്ട്​ ‘പക്ഷിക്കൂട്ടങ്ങൾ’?

ഏഴധ്യായങ്ങളാണ് പക്ഷിക്കൂട്ടങ്ങൾക്കുള്ളത്. ആമുഖത്തിൽ താൻ സ്വീകരിച്ച ഗ്രന്ഥശീർഷകത്തിന് - പക്ഷിക്കൂട്ടം എന്ന രൂപകത്തിന് - സാധൂകരണയുക്തി ചമയ്ക്കുകയാണ് രാജശേഖരൻ. പക്ഷിക്കൂട്ടം 1980-കളിൽ അദ്ദേഹം കൂടി സഹകരിച്ച ലിറ്റിൽ മാഗസിനുകളിലൊന്നാണ്. കവി അൻവർ അലിയടക്കമുള്ള ഒരു കൂട്ടം സുഹൃത്തുക്കളായിരുന്നു അതിന്റെ പത്രാധിപന്മാർ. പക്ഷിക്കൂട്ടവുമായുള്ള സഹകരണം മാത്രമല്ല ശീർഷകത്തിന്റെ യുക്തി. അവാങ്-ഗാദ് (avant-garde) എന്ന സങ്കല്പത്തിലേക്കാണ് അദ്ദേഹം നീങ്ങുന്നത്. നിരന്തര പരീക്ഷണവും നിയമലംഘനവും വഴി പുതുഭാവുകത്വ നിർമിതിയിലാണ് ലിറ്റിൽ മാഗസിനുകൾ ഏർപ്പെട്ടത് എന്നാണ് പക്ഷിക്കൂട്ടങ്ങളുടെ നാമസാധൂകരണം. വ്യയത്തിന്റെ നിയമങ്ങൾ പരാജയപ്പെടുത്തിയപ്പോഴും ലിറ്റിൽ മാഗസിനുകൾ വിശാലാർഥത്തിൽ വിജയമായി മാറി. ചിറകു കരിഞ്ഞുവീണെങ്കിലും ആ പക്ഷിക്കൂട്ടങ്ങളാണ് മലയാളത്തിലും ആധുനികതാപ്രസ്ഥാനത്തെ സാധ്യമാക്കിയ പ്രബലഘടകം. ഒന്നാമധ്യായത്തിൽ സമീപനരീതിയെയും മലയാള ലിറ്റിൽ മാഗസിനുകളുടെ കാലയളവിനെയുമാണ് വിവരിക്കുന്നത്. ആധുനികതാപ്രസ്ഥാനത്തെ നിർണയിക്കുകയും അതിനാൽ നിർണയിക്കപ്പെടുകയും ചെയ്യുക എന്നതാണ് ലിറ്റിൽ മാഗസിന്റെ നിർവ്വചനമായി രാജശേഖരൻ സ്വീകരിക്കുന്നത്. സ്വാഭാവികമായി 1950-ൽ എം.ഗോവിന്ദനിൽ നിന്നുതുടങ്ങുന്ന ഒന്നായി അദ്ദേഹം ലിറ്റിൽ മാഗസിന്റെ ചരിത്രത്തെ നോക്കിക്കാണുന്നു.

അൻവർ അലി / Photo: Muhammed Hanan

നവസാഹിതി (1950) യിൽനിന്നും ഗോപുര (1957) ത്തിൽനിന്ന്​ പൊട്ടിക്കിളിർത്ത് സമീക്ഷ (1963)യോടെ മൂർധന്യത്തിലെത്തി 1990-കളോടെ ശമിച്ചുതുടങ്ങിയ മാധ്യമരൂപാന്തരണമായി ലിറ്റിൽ മാഗസിനുകളെ വിലയിരുത്തുന്നു. ‘ഹ്രസ്വജീവിതത്തിന്റെ ദീർഘചരിത്രം' എന്ന രണ്ടാമധ്യായം ലിറ്റിൽ മാഗസിനുകളുടെ അന്തർദേശീയചരിത്രത്തെയാണ് അനാവരണം ചെയ്യുന്നത്. പ്രത്യേകിച്ചും ആംഗ്ലോ- ഫോണിക് ലിറ്റിൽ മാഗസിൻ സംസ്‌കാരങ്ങളിലൂടെ കടന്നുപോകുന്ന ഈ അധ്യായം അവാങ്-ഗാദ് പ്രസ്ഥാനങ്ങളുമായി ലിറ്റിൽ മാഗസിനുകൾക്കുള്ള നാഭീനാളബന്ധത്തെയാണ് മലയാളീകരിക്കുന്നത്. ആധുനികതാപ്രസ്ഥാനത്തിന്റെ ഈറ്റില്ലങ്ങളാണ് ലിറ്റിൽ മാഗസിനുകൾ എന്ന പുസ്തകത്തിന്റെ നിലപാട് ഇവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നു. ധനലാഭേച്ഛയില്ലാത്ത പ്രസിദ്ധീകരണതാത്പര്യം, പരീക്ഷണാത്മകതയ്ക്കു നൽകുന്ന പ്രാധാന്യം, ദാരിദ്ര്യത്തെ സ്വയംവരിക്കൽ, ഉള്ളടക്കത്തിലെ അവാങ്ഗാദ് സ്വഭാവം എന്നിങ്ങനെ അന്തർദേശീയതലത്തിൽതന്നെ ലിറ്റിൽ മാഗസിൻ പുലർത്തിയ പൊതുഘടകങ്ങൾ ഇവിടെ നിർദ്ധരിക്കപ്പെടുന്നു. അധ്യായാവസാനത്തിൽ സി.ഐ.എ. ലിറ്റിൽ മാഗസിനുകളെ ആന്റി കമ്യൂണിസ്റ്റ് മൂവ്‌മെന്റിന് ഉപയുക്തമാക്കിയതിനെക്കുറിച്ചുള്ള ഗൗരവമായ വിവരണങ്ങൾ കാണാം. സി.സി.എഫിന്റെ ധനസഹായം ലഭിച്ച ലിറ്റിൽ മാഗസിനുകൾ അമേരിക്കൻ പ്രൊപഗാണ്ടയുടെ ഭാഗമായി മാറിയതിനെക്കുറിച്ചുള്ള ഈ ഹ്രസ്വവിവരണം സുപ്രധാനമാണ്. ക്വെസ്റ്റ് എന്ന ഇന്ത്യൻ ലിറ്റിൽ മാഗസിനിൽ വരെ സി.സി.എഫിന്റെ കൈയുണ്ടായിരുന്നത്രേ.

സമീക്ഷ, എം. ഗോവിന്ദൻ

‘പുതുമയുടെ പതാകകൾ' എന്ന അടുത്ത അധ്യായം മലയാളത്തിലെ ലിറ്റിൽ മാഗസിനുകളെക്കുറിച്ചുള്ള വിഹഗവീക്ഷണമാണ്. ആധുനികതാ പ്രസ്ഥാനവുമായി പരസ്പരാശ്രിതമായ ബന്ധമാണ് ലിറ്റിൽ മാഗസിൻ മലയാളത്തിലും പുലർത്തിയത് എന്ന നിലപാടിലാണ് ഈ അധ്യായം ഊന്നി നിൽക്കുന്നത്. ആധുനികതയ്ക്കു വേണ്ടിയുള്ള ലിറ്റിൽ മാഗസിനുകളും ലിറ്റിൽ മാഗസിനുകളിൽ പിറന്ന ആധുനികതയും എന്ന നിലയിൽ പരസ്പരോത്പാദകമായ ഒരു വൃത്തം രാജശേഖരൻ വരച്ചെടുക്കുന്നു. പ്രസിദ്ധീകരിക്കപ്പെട്ട നൂറോളം ലിറ്റിൽ മാഗസിനുകളുടെ പട്ടിക ഈ അധ്യായത്തിൽ നൽകുന്നുണ്ട്. അവയിൽ പലതും ഒരുലക്കത്തോടെ മുടങ്ങിപ്പോയവയാണ്. ബഹുഭൂരിപക്ഷവും അഞ്ച് ലക്കത്തിനപ്പുറം കടക്കാത്തവയും. ഒന്നിനും അഞ്ചിനുമിടയിലെ ഏതോ സ്ഥാനത്ത് കമ്പോളയുക്തിയുടെ ചൂടിൽ അവ ചിറകു കരിഞ്ഞുവീണു. ലിറ്റിൽ മാഗസിനുകളുടെ ഉള്ളടക്കത്തെ മുൻനിർത്തി സൗന്ദര്യാത്മക/പ്രതിഷേധ/മിശ്രപ്രസിദ്ധീകരണങ്ങൾ എന്ന വിഭജനക്രമവും രാജശേഖരൻ ഇവിടെ കൊണ്ടു വരുന്നുണ്ട്.

സമീക്ഷയുടെ ഘട്ടമെത്തുന്നതോടെ പുതിയ ഭാവുകത്വത്തിൽ തത്പരരായവർക്കു സമ്മേളിക്കാൻ കഴിയുന്ന ഒരു ‘സംവേദന ഇടം' ഒരുക്കപ്പെട്ടു. സമീക്ഷയെയാണ് മലയാളത്തിലെ ആദ്യ ആധുനികതാ ലിറ്റിൽ മാഗസിനായി രാജശേഖരൻ വിശേഷിപ്പിക്കുന്നത്.

നാലാമധ്യായം നവസാഹിതി (1950) മുതൽ യുഗരശ്മി (1968) വരെയുള്ള ലിറ്റിൽ മാഗസിനുകൾ ആധുനികതാപ്രസ്ഥാനത്തിന്റെ ആവിഷ്‌കാരവേദിയായതെങ്ങനെ എന്നു സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. എഴുപതുകളോടെ പ്രസിദ്ധീകരണം അവസാനിപ്പിച്ച, സൗന്ദര്യാത്മക ലിറ്റിൽ മാഗസിനുകളായിരുന്നു അവ. ലോകസാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പുതിയ സംവേദനങ്ങളെ പരിചയപ്പെടുത്തുക, രൂപപരമായ പരീക്ഷണങ്ങൾക്കു വേദിയൊരുക്കുക, സാമൂഹ്യതാത്പര്യത്തെക്കാൾ വൈയക്തികാകുലതയ്ക്കു പ്രാധാന്യം നല്കുന്ന ആവിഷ്‌കാരങ്ങൾക്ക് ഇടം നല്കുക എന്നീ പ്രവർത്തനങ്ങൾക്കാണ് ‘സൗന്ദര്യാത്മക ലിറ്റിൽ മാഗസിൻ' ഊന്നൽ നൽകിയത്. പാത്തുമ്മയുടെ ആട് ആദ്യമായി പ്രസിദ്ധീകരിച്ചത് ഗോപുരത്തിന്റെ ഒന്നാം ലക്കത്തിലാണ്. റഷ്യൻ, ഇറ്റാലിയൻ ഭാഷകളിലെ കവിതകളും കഥകളും പരിഭാഷപ്പെടുത്താൻ ഗോപുരം പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു. എം.ടിയും അയ്യപ്പപ്പണിക്കരുമായിരുന്നു പലതും തർജ്ജമപ്പെടുത്തിയത് തന്നെ. സമീക്ഷയുടെ ഘട്ടമെത്തുന്നതോടെ പുതിയ ഭാവുകത്വത്തിൽ തത്പരരായവർക്കു സമ്മേളിക്കാൻ കഴിയുന്ന ഒരു ‘സംവേദന ഇടം' ഒരുക്കപ്പെട്ടു. സമീക്ഷയെയാണ് മലയാളത്തിലെ ആദ്യ ആധുനികതാ ലിറ്റിൽ മാഗസിനായി രാജശേഖരൻ വിശേഷിപ്പിക്കുന്നത്.

അയ്യപ്പപണിക്കർ, എം.ടി. വാസുദേവൻ നായർ

അഞ്ചാമധ്യായമായ 'ആധുനികതയുടെ ചിറകുകൾ' എഴുപതുകളിലെ രാഷ്ട്രീയഭാവുകത്വവുമായി ബന്ധപ്പെട്ടുയിർക്കൊണ്ട ലിറ്റിൽ മാഗസിനുകളെയും അതിന്റെ തുടർച്ചകളുമാണ് പരിശോധിക്കപ്പെടുന്നത്. രാജശേഖരൻ സ്വീകരിച്ച വിഭജനയുക്തി പ്രകാരം അതിൽ ഭൂരിപക്ഷവും പ്രതിഷേധ പ്രസിദ്ധീകരണങ്ങളായിരുന്നു എന്നു പറയാം. റാഡിക്കൽ ഇടതുരാഷ്ട്രീയത്തിന്റെ സാംസ്‌കാരിക പാഠമാവാനാണ് അവ ഉദ്യമിച്ചത്. പ്രസക്തി (പി.എൻ.ദാസ്), യെനാൻ (വി.സി.ശ്രീജൻ), സമസ്യ (എം.പി.രാധാകൃഷ്ണൻ), ജനകീയ സാംസ്‌കാരികവേദിയുടെ മുഖപത്രമായ പ്രേരണ എന്നിവ ആ വഴിയിൽ സഞ്ചരിച്ചവയായിരുന്നു. ഈ ധാരയ്ക്ക് ഉത്തരം, വാക്ക്, പാഠഭേദം എന്നിവയിലൂടെ എൺപതുകളിലും തുടക്കമുണ്ടാകുന്നുണ്ട്. ഇങ്ക്വിലാബ് (ന്യുസ് സ്റ്റാൻഡിലെത്തും മുൻപ് കണ്ടുകെട്ടപ്പെട്ടു), യെനാൻ (ആദ്യം ലക്കം തന്നെ കണ്ടുകെട്ടപ്പെട്ടു) തുടങ്ങിയവ സാഹസികമായ പ്രവർത്തനങ്ങൾ കൂടിയായിരുന്നു. കെ.ജി.എസിന്റെ ‘ബംഗാൾ’, പ്രസക്തിയുടെ ഒന്നാം ലക്കത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഈ പ്രസിദ്ധീകരണങ്ങളുടെ പിന്നണിക്കാർ ഭരണകൂട നിരീക്ഷണത്തിലാവുകയും മിക്ക മാസികകളും നിർത്തിപ്പോവുകയുമുണ്ടായി. യുവത്വത്തിന്റെ അത്യാവേശം നിമിത്തം അൽബേനിയൻ ഏകാധിപതിയായ എൻവർ ഹോജയെ ആദർശവിഗ്രഹമായി കണക്കാക്കുന്ന നിലപാടായിരുന്നു പ്രസക്തിയും യെനാനുമെല്ലാം പിന്തുടർന്നത്.

എഴുപതുകളിൽ തന്നെ തീവ്രരാഷ്ട്രീയത്തിന് അമിത പ്രാധാന്യം നൽകാത്ത സാഹിത്യ കേന്ദ്രിത ലിറ്റിൽ മാഗസിനുകളും ധാരാളം രംഗത്തു വരുന്നുണ്ട്. രാഷ്ട്രശില്പി, രസന, അക്ഷരം, സമന്വയം, സംക്രമണം, സമതാളം എന്നിങ്ങനെയുള്ളവയെ ആ വഴിയിലും കണ്ടുമുട്ടാം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘യാത്രാമൊഴി'യടക്കം ധാരാളം ആധുനികതാവാദപാഠങ്ങൾ ഈ മാഗസിനുകളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അതിഭാവുകത്വത്തോളമെത്തിയ വിപ്ലവാവേശങ്ങളും കാല്പനിക തീവ്രവാദങ്ങളും ചേർന്ന അക്കാലത്തിനുശേഷം പുറത്തുവന്ന ‘മിശ്രം' എന്നു വിളിക്കാവുന്ന അവസാന ഘട്ടത്തെയാണ് ആറാമധ്യായം അവലോകനം ചെയ്യുന്നത്. സംക്രമണവും ദൃശ്യകലയും നിയോഗവുമുൾപ്പെടുന്ന ഈ ഘട്ടം ആധുനികതാപ്രസ്ഥാനത്തിന്റെ പതിയെയുള്ള പിൻവാങ്ങൽ കൂടിയാണ്. എൺപതുകളവസാനം വരെ ശക്തമായി നിലകൊണ്ട ഈ ഘട്ടത്തിലെ ലിറ്റിൽ മാഗസിനുകൾ പുതിയ ഭാവുകത്വത്തിന് രംഗവേദിയൊരുക്കി പതുക്കെ പിന്നിലേക്കു വലിഞ്ഞു.

രാജശേഖരന്റെ ഘട്ടവിഭജനത്തെ മുൻനിർത്തിയാൽ ലാവണ്യാത്മക ആധുനികത രാഷ്ട്രീയാധുനികതയിലേക്കും അവിടെ നിന്ന് ബഹുസൗന്ദര്യാത്മക ആധുനികതയിലേക്കും ലിറ്റിൽ മാഗസിനുകളിലൂടെ സഞ്ചരിക്കുന്നതു കാണാം. വിളംബകാലത്തിൽനിന്ന് ദ്രുതകാലത്തിലേക്കും പിന്നീട് മധ്യമത്തിലേക്കും ആരോഹണത്തിന്റെ ക്രമങ്ങൾ തെറ്റിച്ച് കൊട്ടിക്കയറിയതായിരുന്നു ആ സഞ്ചാരം. ഈ മുറുക്കത്തിലെ ചെണ്ടപ്പുറങ്ങളായിരുന്നു ലിറ്റിൽ മാഗസിനുകൾ. കോലുകൾ കേവലമവിടെ വന്നുവീഴുകയായിരുന്നില്ല, രണ്ടു സ്ഥാനങ്ങളും ചേർന്നു തായമ്പകയെ രംഗത്തവതരിപ്പിക്കുകയായിരുന്നു. ഈ ചെണ്ടമേളത്തെയാണ് സാർഥകമായ നിലയിൽ പക്ഷിക്കൂട്ടങ്ങളിൽ വിന്യസിക്കപ്പെടുന്നത്; ആവർത്തിച്ചു പറയേണ്ടതില്ലാത്ത, ഇതിനകം നമുക്കെത്രയും പരിചിതമായ, അനിതരസാധാരണമായ ‘രാജശേഖരീയൻ ഗദ്യഭാഷാ സൗന്ദര്യം' ഈ മേളത്തിന്റെ ലയവും ശ്രുതിയുമാകുന്നു.

രണ്ട്: പക്ഷിക്കൂട്ടങ്ങളുടെ പരിമിതികൾ

ഈ ചെറുലേഖനത്തിന്റെ തുടർഭാഗം പക്ഷിക്കൂട്ടങ്ങളോടുള്ള വിമർശനമല്ല, മറിച്ച് മലയാള ആധുനികതാപ്രസ്ഥാനത്തിലെ സാഹിത്യോത്പാദനരീതിയെ അന്വേഷിക്കുന്ന ഒരുപഠിതാവിന്റെ സംശയങ്ങളാണ്. ഇത്തരമൊരു ക്ഷമാപണം പുലർത്താനുള്ള കാരണം, അത്രയേറെ മൂല്യവത്തായ പുസ്തകമാണ് പക്ഷിക്കൂട്ടങ്ങൾ എന്നതുകൊണ്ടു കൂടിയാണ്. മീഡിയ അക്കാദമിയുടെ ഫെലോഷിപ്പോടെ പി.കെ.രാജശേഖരൻ നടത്തിയ ഗവേഷണത്തിന്റെ ബാക്കിപത്രമാണിത്. ആ നിലയിൽ സാർത്ഥകമായ ഒരു ഗവേഷണ പ്രവർത്തനമായി പക്ഷിക്കൂട്ടങ്ങൾ മാറിത്തീർന്നിരിക്കുന്നു. സച്ചിദാനന്ദനാണ് ഈ പഠനഗ്രന്ഥത്തിന് അവതാരികയെഴുതിയിരിക്കുന്നത്. അതിലദ്ദേഹം പക്ഷിക്കൂട്ടങ്ങളെ ലിറ്റിൽ മാഗസിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ വിശേഷപഠനമായി പരിഗണിക്കുന്നു. പക്ഷികുലം നശിച്ചിട്ടില്ലെന്നും അർത്ഥവത്തായ പുതുമയ്ക്കായുള്ള അന്വേഷണം നിലയ്ക്കുകയില്ലെന്നും പ്രത്യാശ പുലർത്തിക്കൊണ്ടാണ് ആ അവതാരിക അവസാനിക്കുന്നത്. മുൻമാതൃകകളില്ലാത്ത ഒന്ന് എന്നനിലയിൽ അതീവ അഭിനന്ദനാർഹമായിരിക്കുമ്പോഴും വർഗീകരണത്തിനായി സ്വീകരിച്ച യുക്തികൾ പക്ഷിക്കൂട്ടങ്ങളെ അകമേ നിയന്ത്രിക്കുന്നില്ലേ എന്ന സംശയംകൂടി ഉന്നയിക്കേണ്ടിയിരിക്കുന്നു.

രണ്ട് ആഭ്യന്തര പരിമിതികൾ പക്ഷിക്കൂട്ടങ്ങൾക്കുണ്ട്. വിവരണാത്മകതയിൽനിന്നു വിശകലനത്തിലേക്കു കടക്കുന്നുവെങ്കിലും വിമർശനാത്മകതയെ ബാക്കിനിർത്തുകയാണ് പുസ്തകം. മുഖ്യധാരാ ചരിത്രരചനയുടെ ആഖ്യാനസ്വഭാവം, ചിന്തകരുടെ തലയിലുദിക്കുന്നതാണ് മൗലികാശയങ്ങളെന്ന ആശയചരിത്രത്തിന്റെ ആന്തരികയുക്തി എന്നിവയെ കൈവെടിയാൻ കൂട്ടാക്കുന്നുമില്ല. എടുത്തുപറയുന്നില്ലെങ്കിലും ‘ലിറ്റിൽ മാഗസിൻ' എന്നതിനെ ഒരു ജനുസ്സായി സങ്കല്പിക്കുകയും സൈദ്ധാന്തികമായ ചിലക്രമങ്ങൾ അതിൽ മുൻപേ ആരോപിക്കുകയുമാണ് പക്ഷിക്കൂട്ടങ്ങൾ ചെയ്യുന്നത്. മുൻനിശ്ചിത സംവർഗത്തിൽ (a priori categories) നിന്ന് വർഗീകരണാവശ്യാർത്ഥം ആരംഭിക്കുന്നതാണ് അവിടെ ‘ലിറ്റിൽ മാഗസിൻ' എന്ന സംജ്ഞ. സ്വാഭാവികമായി ചരിത്രരചനയുടെ ലക്ഷ്യോന്മുഖ (teleological) സമീപനത്തിലേക്ക് പലപ്പോഴും പക്ഷിക്കൂട്ടങ്ങൾ വഴുതിവീഴുന്നു. ആദ്യത്തെ ലിറ്റിൽ മാഗസിൻ, ആധുനികതാപ്രസ്ഥാനപരമായ ആദ്യത്തെ ലിറ്റിൽ മാഗസിൻ, ലിറ്റിൽ മാഗസിനുകളുടെ പിതൃസ്ഥാനം എന്നിവയെല്ലാം പക്ഷിക്കൂട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് അങ്ങനെയാണ്.

അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രത്തോടെയാണ് ആധുനികതാപ്രസ്ഥാനം മലയാളത്തിൽ കൊടികയറിയത് എന്നു പറഞ്ഞാൽ തെറ്റില്ല. നിർണായകമായ വസ്തുത മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ തയ്യാറാവാതിരുന്ന കവിതയായിരുന്നു അത് എന്നതാണ്.

സാഹിത്യചരിത്രങ്ങളുടെ ആന്തരികയുക്തിയെ വലിയ അളവിൽ സ്വീകരിക്കാൻ വർഗീകരണയുക്തി പുസ്തകത്തെ നിർബന്ധിതമാക്കുന്നു. പക്ഷിക്കൂട്ടങ്ങളെ സംബന്ധിച്ച് ആധുനികതാപ്രസ്ഥാനത്തിന്റെ ആവിഷ്‌കാരവേദിയായവ മാത്രമാണ് ലിറ്റിൽ മാഗസിനുകൾ. ജനുസ്സിന്റെ ആന്തരികവ്യാകരണമായി അത്തരമൊരു യുക്തിയെയാണ് പുസ്തകം സ്വീകരിക്കുന്നത്. സ്വാഭാവികമായി ആധുനികതാ പ്രസ്ഥാനത്തിന് സമാന്തരമോ തൊട്ടുമുൻപിലോ ‘കൊച്ചുമാസിക' എന്നു സ്വയമവകാശപ്പെട്ട ഒരാവിഷ്‌കാരത്തിന് ആദ്യത്തെ (ലക്ഷണമൊത്ത?) ലിറ്റിൽ മാഗസിൻ എന്നപദവി നൽകാൻ പക്ഷിക്കൂട്ടങ്ങൾ നിർബന്ധിതമാകുന്നു. ‘കുരുക്ഷേത്ര'ത്തിന്റെ പ്രസിദ്ധീകരണസന്ദർഭത്തെക്കുറിച്ച് പുലർത്തുന്ന വിസ്മയകരമായ മൗനം വർഗീകരണയുക്തിയുടെ നിയന്ത്രണങ്ങളെയാണ് വെളിവാക്കുന്നത്.

1960 സെപ്തംബറിലെ ദേശബന്ധു ചിത്രവാരികയിലാണ് അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം' എന്ന കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. പത്രാധിപരുടെ കത്ത് എന്ന കോളത്തിൽ സി.എൻ. ശ്രീകണ്ഠൻ നായർ, ആധുനികകവിതയ്ക്ക് ഒരു നല്ല ഉദാഹരണമാണ് ഈ കവിത എന്നു വിശേഷിപ്പിച്ചുകൊണ്ട് പാശ്ചാത്യസാഹിത്യങ്ങളിൽമാത്രം പ്രസ്പഷ്ടമായിക്കഴിഞ്ഞിട്ടുള്ള ആധുനിക പ്രവണത അതിന്റെ സമസ്തശക്തിയോടും സൗന്ദര്യത്തോടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തിയിരുന്നു. ഏറെക്കുറെ അത് ശരിയായിരുന്നുതാനും.‘കുരുക്ഷേത്ര'ത്തോടെയാണ് ആധുനികതാപ്രസ്ഥാനം മലയാളത്തിൽ കൊടികയറിയത് എന്നു പറഞ്ഞാൽ തെറ്റില്ല.
നിർണായകമായ വസ്തുത മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ തയ്യാറാവാതിരുന്ന കവിതയായിരുന്നു അത് എന്നതാണ്. പത്രാധിപരായ എൻ.വി. കൃഷ്ണവാര്യർ മാതൃഭൂമിയിൽ കവിത പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നതിനെച്ചൊല്ലി ഒരു സന്ദിഗ്ധത അനുഭവിച്ചതായി എം.വി.ദേവൻ എഴുതിയിട്ടുണ്ട്. ജന്മനാ ഉത്പതിഷ്ണുവായ എൻ.വി എന്തുകൊണ്ടായിരിക്കാം ഈ കവിത പ്രസാധനയോഗ്യമല്ല എന്ന തീരുമാനത്തിലെത്തിയത് എന്നത് ഒരു കടംകഥയായവശേഷിക്കുന്നതായി ദേവൻ പറയുന്നു. മാതൃഭൂമി ‘കുരുക്ഷേത്ര'ത്തെ തിരിച്ചയക്കുന്നതും ദേശബന്ധു അത് പ്രസിദ്ധീകരിക്കുന്നതും എൻ.വിയുടെ ദീർഘദർശിത്വമില്ലായ്മയോ സി.എന്നിന്റെ നവഭാവുകത്വമോ ആയി കണ്ടുകൂടാ, അനിവാര്യമായ ഒരു ചരിത്രസംഭവമായല്ലാതെ.

എൻ.വി. കൃഷ്ണവാര്യർ / Photo: Keralaculture.org

നിലവിലെ സൗന്ദര്യാത്മക പ്രത്യയശാസ്ത്രത്തെ കുത്തിനോവിക്കുന്ന ‘കുരുക്ഷേത്ര'ത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഉൾക്കൊള്ളാൻ കഴിയാതെപോകുമെന്ന് എൻ.വി. മനസിലാക്കിയിടത്താണ് ആ കവിതയുടെ പ്രസക്തി നിലകൊള്ളുന്നത്. പ്രശ്‌നം മാതൃഭൂമി തിരിച്ചയച്ച കവിത പ്രസിദ്ധീകരിക്കാൻ തയ്യാറായി മറ്റൊരു മാഗസിൻ ദേശബന്ധു എന്ന പേരിൽ മലയാളത്തിലുണ്ടായിരുന്നു എന്നിടത്താണ്. സി.എന്നിന്റെ ആ മാഗസിനും മുഖ്യധാരാപരമായിരുന്നില്ല, കുത്തകകളോ ധനാഢ്യരോ സഹായം നൽകിപ്പോന്നതോ ലാഭേച്ഛയെ മുൻനിർത്തി പ്രസിദ്ധീകരിക്കപ്പെട്ടതോ ആയിരുന്നില്ല. ‘കുരുക്ഷേത്ര'ത്തെ താളിലാക്കാൻ ദേശബന്ധുവിന് രണ്ടാമതാലോചിക്കേണ്ടി വന്നില്ല. മലയാള ആധുനികതാപ്രസ്ഥാനത്തിലെ നിർണായകമായ ഈ ആദ്യസംഭവത്തെ പക്ഷിക്കൂട്ടങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാതെ പോയത് ലിറ്റിൽ മാഗസിൻ എന്ന ‘ജനുസ്സ് യുക്തി'യിൽ ദേശബന്ധുവിനെ നിലനിർത്താൻ കഴിയാത്തതുകൊണ്ടാണ്. ആധുനികതാപ്രസ്ഥാനത്തിന്റെ രംഗാവതരണവേദിയായിരുന്നില്ല എന്നതിനാൽ പക്ഷിക്കൂട്ടങ്ങളിലെ നിർവ്വചനപ്രകാരം ദേശബന്ധു ലിറ്റിൽ മാഗസിനാകുന്നില്ല.

യൂറോ- അമേരിക്കൻ ആധുനികതാപ്രസ്ഥാനത്തിന്റെ ആവിഷ്‌കാരവും പ്രകടനവുമായ ലിറ്റിൽ മാഗസിൻ എന്ന ജനുസ്സിനെ മലയാളത്തിലെ വിശകലനത്തിനും അടിസ്ഥാനമാക്കിയപ്പോഴാണ് ഈ പരിമിതി രൂപപ്പെട്ടതെന്നു തോന്നുന്നു. നമ്മുടെ പശ്ചാത്തലത്തിൽ ജനുസ്സ് എന്നതിനെക്കാൾ ഒരു ‘പ്രത്യയശാസ്ത്രസംജ്ഞ'യായി ലിറ്റിൽ മാഗസിനുകളെ കാണുന്നതാവില്ലേ ഉചിതം. ആ പ്രയോഗത്തിന്റെ വിവക്ഷ ഉള്ളടക്ക- ഭാവപരമായ ക്രമങ്ങളിലേക്ക് ചുരുക്കാതെ, പ്രതിബോധത്തിനും പ്രതിസൗന്ദര്യാത്മകതയ്ക്കും പ്രതിഭാവുകത്വത്തിനും ഇടംനൽകിയതും ആധുനികതാപ്രസ്ഥാനത്തോട് സംവാദത്തിലേർപ്പെട്ടവയുമായ സമാന്തരപ്രസിദ്ധീകരണങ്ങളെ ചേർത്തുവിളിക്കുന്നതല്ലേ കേരളീയ സന്ദർഭത്തെ വിശദീകരിക്കാൻ കുറെക്കൂടി പര്യാപ്തമാകുക (ലിറ്റിൽ മാഗസിൻ എന്ന സംജ്ഞയ്ക്ക് നിയതമായ ഒരു വിശദീകരണം സാധ്യമല്ല എന്ന് എല്ലാ പഠിതാക്കളും ഒരു പോലെ കരുതുന്നുണ്ട്). അത്തരമൊരു അയവ് നൽകുന്നതോടെ ആദ്യ ലിറ്റിൽ മാഗസിൻ/ പിതാവ് തുടങ്ങിയ വ്യവസ്ഥാവത്കരണങ്ങളിൽ നിന്നു വിമോചിതമായി ആ പഠനമേഖല കേരളീയപത്രപ്രവർത്തനത്തിന്റെ തുടർച്ചയിൽതന്നെ കണ്ണിചേരും. വംശാവലിയിലെ സ്ഥാനവും എന്നാൽ സ്വകീയ ഇടപെടൽകൊണ്ട് വിഛേദിക്കപ്പെടുകയുംചെയ്ത രൂപാന്തരണമല്ലേ ലിറ്റിൽ മാഗസിനുകൾ?.

സാമൂഹ്യനിരപേക്ഷ കാല്പനികവാദി

കേരളീയപത്രമണ്ഡലത്തിന്റെ പൊതുസ്വഭാവമെന്നത് ശക്തമായ സാമൂഹികവിമർശനമാണ്. വാർത്തകൾ ജനങ്ങളിലെത്തിക്കുക എന്ന പ്രാഥമികകർമത്തിലുപരി പൊതുജീവിതത്തിലെ ധർമാധർമങ്ങളെ അപഗ്രഥിക്കാൻ അവർക്കു കെല്പുണ്ടാക്കുക എന്ന ദൗത്യം ആദ്യകാല മാധ്യങ്ങളുടെ താത്പര്യമായിരുന്നു. പ്രബുദ്ധതയുടെ വെളിച്ചം വായനക്കാരിലേക്കെത്തിക്കുക എന്ന ആധുനികതയുടെ കാര്യപരിപാടി പാശ്ചാത്യനാടുകളിലെ ക്രിസ്തീയസമൂഹങ്ങൾ സ്വീകരിച്ച രീതിയിലാവില്ല ഇന്ത്യയിലെ ക്രിസ്തീയേതര സമൂഹങ്ങൾ സ്വീകരിച്ചിരിക്കുക എന്നും വിമർശനാത്മകത ആദ്യകാല മാസികകളുടെ പൊതുസ്വഭാവമാകാൻ ഇതാവാം പശ്ചാത്തലമെന്നു സാമൂഹ്യചിന്തകർ ചുണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാവിലാസിനിയിൽ തന്നെ വിശാഖവിജയത്തെ നിരൂപണം ചെയ്യുമ്പോൾ സി.പി. അച്യുതമേനോൻ രാജവിമർശനത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നത് ശ്രദ്ധാർഹമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കേരളൻ രാജ്യകാര്യങ്ങൾ, സമുദായകാര്യങ്ങൾ, ധനതത്വകാര്യങ്ങൾ, വിദ്യാഭ്യാസകാര്യങ്ങൾ, സാഹിത്യം മുതലായ വിഷയങ്ങളെ സ്വതന്ത്രബുദ്ധിയോടുകൂടി പ്രതിപാദിക്കലാണ് തങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യമായി പ്രഖ്യാപിക്കുന്നത്. ആ നിലയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പ്രബലമായ സാമൂഹിക വിമർശനാത്മകതയ്ക്ക് മാധ്യമപരമായ മൂർത്തരൂപം കൈവന്നതാവില്ലേ ലിറ്റിൽ മാഗസിനുകൾ?. കേസരി ബാലകൃഷ്ണപിള്ളയുടെ പത്രാധിപ പ്രവർത്തനങ്ങളെ ലിറ്റിൽ മാഗസിൻ ദർശനത്തിന്റെ പ്രാഗ് രൂപമായി കാണുന്നവരുണ്ട് എന്നതു ചേർത്തുവായിക്കാവുന്നതാണ്.

ആധുനിക ഇന്ത്യൻ സാംസ്‌കാരികതാത്പര്യത്തിന്റെ പിന്തുടർച്ചയിൽ നിൽക്കുന്നതു കൊണ്ടുതന്നെ ആധുനികീകരണത്തിന്റെ വൈരുധ്യങ്ങളും ദൗർബല്യങ്ങളും കൂടെ ലിറ്റിൽ മാഗസിനുകളിൽ കാണാൻ കഴിയും

ഈ നിലയിലൊരു തുടർച്ചയും വിഛേദവും (അഥവാ ബഹുകാലികതയും ഏകകാലികതയും സമന്വയിപ്പിച്ചാൽ) സങ്കല്പിച്ചാൽ മാത്രമേ ലിറ്റിൽ മാഗസിനുകളെക്കുറിച്ചുള്ള വിമർശവീക്ഷണത്തെ രൂപപ്പെടുത്താൻപറ്റൂ. ഒരു നിശ്ചിതഘട്ടത്തിലെ നിശ്ചലസ്ഥാനമായാൽ ചരിത്രപരമായ ശേഖരണവസ്തുവായി അതൊതുങ്ങും, വി.സി.ശ്രീജൻ തന്നെ യെനാനെക്കുറിച്ച് പറഞ്ഞതുപോലെ ‘ഞങ്ങൾ സ്‌കൂളിൽ പഠിക്കുമ്പോൾ പത്താം ക്ലാസിലെ എല്ലാ ചേട്ടൻമാർക്കും മീശയുണ്ടായിരുന്നു' എന്ന ഗൃഹാതുര കാല്പനികതയാണ് പിന്നെ സാധ്യമാകുന്ന ഒരേയൊരു വഴി. ആ വഴി ഉല്ലംഘിക്കാൻ പക്ഷിക്കൂട്ടങ്ങൾ നടത്തിയ കനപ്പെട്ട ശ്രമം ഇനി വികസിക്കണമെങ്കിൽ ലിറ്റിൽ മാഗസിൻ വിമർശനപരമായിക്കൂടി നോക്കിക്കാണേണ്ടതുണ്ട്.

എം. ഗോവിന്ദൻ

ആധുനിക ഇന്ത്യൻ സാംസ്‌കാരികതാത്പര്യത്തിന്റെ പിന്തുടർച്ചയിൽ നിൽക്കുന്നതു കൊണ്ടുതന്നെ ആധുനികീകരണത്തിന്റെ വൈരുധ്യങ്ങളും ദൗർബല്യങ്ങളും കൂടെ ലിറ്റിൽ മാഗസിനുകളിൽ കാണാൻ കഴിയും. ‘ആലോചനകളില്ലാത്ത ദിശാമാറ്റം' എന്നൊക്കെ അതിന്റെ പ്രതിനിധികൾ അവകാശപ്പെട്ടതുപോലെ സമ്പൂർണ്ണ വിപ്ലവമായി രൂപപ്പെട്ടു വന്നവയാണോ ലിറ്റിൽ മാഗസിനുകൾ? ആധുനിക ഇന്ത്യൻ ചിത്ത (modern Indian psyche) ത്തിന്റെ പ്രകാശനരംഗവേദി തന്നെയായാല്ലേ വലിയ പരിധിവരെ ലിറ്റിൽ മാഗസിനുകളും നിലകൊണ്ടത്. ദേശരാഷ്ട്ര നിർമിതി, സർഗാത്മകത, മാനവികത എന്നിവയിലഭിരമിക്കുന്ന ഒരു ചേതനയുടെ സാന്നിധ്യം ഈ മാസികകളിൽ കാണാൻ കഴിയുമെന്ന് രാഷ്ട്രശില്പി എന്ന ചെറുമാസികയുടെ പേരുദാഹരിച്ചു കൊണ്ട് പി.പി.രവീന്ദ്രൻ പറയുന്നുണ്ട്.

‘ആധുനികപശ്ചാത്തലത്തിൽ രൂപഭാവങ്ങളിൽ ഭാരതീയമായ മലയാള പ്രസിദ്ധീകരണം' എന്ന സമീക്ഷയുടെ പ്രഖ്യാപിതലക്ഷ്യവും ‘ഭാഷ മലയാളം, ഭാവം ഭാരതീയം, പ്രസക്തി ആധുനികം' എന്ന മുദ്രാവാക്യവും ഇതിലേക്കു തന്നെയല്ലേ വിരൽ ചൂണ്ടുന്നത്. കാല്പനിക- ആദർശാത്മകതയിലൂന്നിയ അവയിൽ പലതും കമ്പോള യുക്തിയെ നിരാകരിക്കാൻവേണ്ടി ഒരുതരം ‘തോറോവിയൻ കാല്പനിക'തയെ സ്വീകരിക്കുകയായിരുന്നു. ‘നാക്കിലൊന്നും വാക്കിൽ മറ്റൊന്നുമെന്ന വൈപരീത്യത്തിനെതിരായ പരീക്ഷണമാണ് തങ്ങൾ നടത്തുന്ന'തെന്ന് എം.ഗോവിന്ദൻ സമീക്ഷയെ മുൻനിർത്തി പറയുന്നുണ്ട്. മനുഷ്യനെ സംബന്ധിച്ചുള്ള അതികാല്പനികവും ആദർശാത്മകവും അപ്രായോഗികവുമായ നിലപാടാണത്. ചിന്തയും പ്രയോഗവും ഒന്നിച്ചു കൊണ്ടുപോകുന്ന ഗാന്ധിയൻ മനുഷ്യനാണ് (എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ഗാന്ധി) ഗോവിന്ദന്റെയും ഉട്ടോപ്യയിലുള്ളത്. മനുഷ്യൻ സാമൂഹ്യവൈരുധ്യങ്ങൾക്കുള്ളിൽ അതിനോടു പടവെട്ടിയാണ് ജീവിക്കുന്നതെന്നും വൈയക്തികജീവിതത്തെ ചിന്തയുടെ പ്രതിനിധാനമായി കാണുന്നതിനോളം അബദ്ധം മറ്റൊന്നിലുമില്ലെന്നും ആദർശാത്മക കാല്പനികത തിരിച്ചറിഞ്ഞിരുന്നില്ല. ഈ നിലയിലൊരു സാമൂഹ്യനിരപേക്ഷ കാല്പനികവാദി നമ്മുടെ ലിറ്റിൽ മാഗസിനുകളുടെ കേന്ദ്രത്തിലുമുണ്ട് എന്നു തോന്നുന്നു. ഈ കേന്ദ്രത്തെ അപനിർമ്മിക്കുക എന്നതുകൂടി പി.കെ. രാജശേഖരൻ വിഭാവനം ചെയ്യുന്ന ആധുനികതാപ്രസ്ഥാനപഠനങ്ങളുടെ ലക്ഷ്യമാകേണ്ടതുണ്ട്.

മൂന്ന്: മലയാള പഠനം വഴിതിരിയുന്നു

ഈയടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട ചില കനപ്പെട്ട ആലോചനകളെ പരിഗണിച്ചാൽ മലയാളപഠനം ഒരു വഴിതിരിയലിന്റെ ദശാസന്ധിയിലെത്തിയിരിക്കുന്നതായി അനുമാനിക്കാം. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി മലയാളത്തെ അടക്കിഭരിച്ചുകൊണ്ടിരുന്ന പ്രത്യയശാസ്ത്ര- പ്രതിനിധാന- സംസ്‌കാര പഠനങ്ങളുടെ വഴി ലോകമെങ്ങും അസ്വീകാരമായിക്കഴിഞ്ഞു. പാഠത്തെ സാമൂഹ്യയാഥാർത്ഥ്യത്തിന്റെ കേവലപ്രതിനിധാനമായി കാണുക, ഓരോ പാഠത്തിലെയും ‘വിരുദ്ധത'കളെ അപസർപ്പക രീതിയിൽ കണ്ടെത്തുക, അതിനെ മുൻനിർത്തി സിദ്ധാന്തവത്കരണത്തിലേർപ്പെടുക, ചരിത്രത്തിൽ ജീവിച്ച വ്യക്തികൾക്കും പാഠങ്ങൾക്കും ‘എത്ര തൂക്കത്തിൽ വിരുദ്ധത'യുണ്ട് എന്നു തിട്ടപ്പെടുത്തി ഒട്ടുപേര് (label) നൽകുക, ഏർപ്പെട്ടുനിൽക്കുന്ന ചാരിത്രവിരുദ്ധതയുടെ തോതും തരവുമറിയാതെ ഈ ഒട്ടുപേരുകൾക്ക് സ്ഥായിത്വം കല്പിക്കുക, തുടങ്ങിയ വൈകൃതങ്ങളായിരുന്നു മലയാളപഠനം എന്ന പേരിൽ കുറച്ചുകാലങ്ങളായി നിറഞ്ഞാടിയത്. മലയാള അക്കാദമികളിലും ഗവേഷണപഠനങ്ങളിലും ഇന്നുമത് പ്രബലമായി നിലനിൽക്കുന്നുണ്ട്; പെട്ടെന്നൊന്നും പിൻവാങ്ങാനുള്ള സാധ്യതയുമില്ല. എങ്കിലും പുതിയൊരുതരം അന്വേഷണരീതി തിടംവെച്ചു വരുന്നതിന്റെ സ്പന്ദനങ്ങൾ അറിയാൻ പറ്റുന്നുണ്ട്.

രണ്ടു ധാരകളായാണ് പുതിയ സമീപനങ്ങൾ വികസിക്കുന്നത്. ആദ്യത്തേത് സൗന്ദര്യാത്മക വഴിത്തിരിവാണ്​ (aesthetic turn). പി.പവിത്രന്റെ മാർക്‌സ്, ഗാന്ധി, അംബേദ്കർ: ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020) വലിയ അളവോളം ഈ വഴിയാണ് പിന്തുടരുന്നത്. സൗന്ദര്യശാസ്ത്രപരമായ സമീപനങ്ങൾക്ക് ഇനി നിലനില്പില്ലെന്നും സംസ്‌കാരപഠനത്തിന്റെ രീതിശാസ്ത്രം മാത്രമാണ് ഇനി പ്രസക്തമാണെന്നുമുള്ള കാഴ്ചപ്പാട് താനിവിടെ തിരുത്തുകയാണെന്ന് ആമുഖത്തിൽ അദ്ദേഹം പറയുന്നു. സൗന്ദര്യാത്മകത സ്വയമേവ രാഷ്ട്രീയമായി മാറുന്നതിനെക്കുറിച്ചുള്ള ആലോചനകളായാണ് ആ ധാര വികസിക്കേണ്ടത്. എൻ.അജയകുമാറിന്റെ വാക്കിലെ നേരങ്ങൾ (2019) എന്ന കവിതാപഠനവും പൊതുവെ ഈ സമീപനം പുലർത്തുന്നു. രണ്ടാമത്തെ വഴിയെ ഭൗതികവാദവഴിത്തിരിവ് (materialistic turn) എന്നുവിളിക്കാം. രാജശേഖരൻ പറയുന്നതുപോലെ, ഭൗതികപാഠത്വത്തെ മുൻനിർത്തിയാണ് ഈ ധാര വികസിക്കുന്നത്. കൃതികളുടെ യഥാർത്ഥഭൗതികസന്ദർഭത്തിൽ നിന്നാണതിന് ആരംഭിക്കേണ്ടതുള്ളത്. കെ.എൻ. ഗണേശിന്റെ എഴുത്തച്ഛൻ: മിത്തും യാഥാർത്ഥ്യവും (2018) പഠനം ഈ ധാരയിലേക്ക് ചേർന്നുനിൽക്കുന്നുണ്ട്. പക്ഷിക്കൂട്ടങ്ങളാവട്ടെ ആ വഴിയിൽവന്ന ആദ്യപഠനവും.

ഇനി വികസിക്കേണ്ടുന്ന ഒരു ​ബൃഹദ് സമീപനത്തിലെ, ഒന്നിച്ചുപറക്കേണ്ടുന്ന പദ്ധതിയിലെ ഗൗരവമേറിയ അവതരണങ്ങളിലൊന്നാണ് പി.കെ.രാജശേഖരന്റെ ലിറ്റിൽ മാഗസിൻ പഠനം

സൗന്ദര്യാത്മക- ഭൗതികവാദ വഴിത്തിരിവുകൾ പരസ്പരം അകന്നു നിൽക്കുന്നവയോ കൈയൊഴിയുന്നതോ ആയ സമീപനങ്ങളല്ല. സൗന്ദര്യാത്മക ഭൗതികതയാകുന്നതെങ്ങനെ എന്ന് ആദ്യ വഴി വിശദീകരിക്കുമ്പോൾ ഭൗതികത സൗന്ദര്യാത്മകമാകുന്നതെങ്ങനെ എന്നാണ് രണ്ടാം വഴി വിശകലനം ചെയ്യുന്നത്. ആ നിലയിൽ ആത്യന്തികമായി ഒരേ കടവിലേക്കാണവ യാത്ര ചെയ്യുന്നത്. ഭൗതികത/ ലാവണ്യാത്മക എന്നിവയെ വേർതിരിക്കുകയും വ്യത്യസ്ത സംവർഗങ്ങളായി കാണുകയും ചെയ്ത ആധുനിക ജ്ഞാനശാസ്ത്രത്തിനെതിരായ കലാപം കൂടിയാണത്. ദ്വന്ദ്വവിഭജനത്തെ അപ്രസക്തമാക്കുന്നതിനാൽ രണ്ടുവഴികളെ വേറിട്ടു കാണുന്നതുതന്നെ അപ്രസക്തമാണ്. (ഈ സംജ്ഞകൾ മുൻപേ പരിചതമാണെങ്കിലും ആ അർഥമണ്ഡലമൊന്നുമല്ല പുതിയ സമീപനങ്ങളിൽ അവയ്ക്കുള്ളത്). പരസ്പരം പൂരിപ്പിച്ചുകൊണ്ടാണവ വികസിക്കുന്നതും വികസിക്കേണ്ടതും. ഇരുവഴിയിലും പൊതുവായ ഒരന്വേഷണ മേഖലയുണ്ട്; അത് രൂപം എന്നതാണ്. കൃതി/സ്ഥല/അനുഭൂതിരൂപങ്ങളിൽ നിന്നാണ് ഇരുവഴികളും ആരംഭം കുറിക്കുന്നത്. കേവലമായ പ്രമേയ വായനയെ അവസാനിപ്പിച്ച് ‘രൂപം' സുപ്രധാനമേഖലയായി അന്വേഷണത്തിലേക്കു കടക്കുകയാണ് എന്നുവേണം കരുതാൻ. പരസ്പരാദരം പോലുള്ള ചില ‘ബൃഹദാഖ്യാനങ്ങളാ'കും ആ വഴിയെ നിർണയിക്കുക എന്നതിനാൽ മലയാള ഉത്തരാധുനികർക്കും അവരാൽ നിയന്ത്രിക്കപ്പെടുന്ന അക്കാദമികൾക്കും എത്ര പഥ്യമാകും ഈ സമീപനങ്ങൾ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

ഇനി വികസിക്കേണ്ടുന്ന ഒരു ​ബൃഹദ് സമീപനത്തിലെ, ഒന്നിച്ചുപറക്കേണ്ടുന്ന പദ്ധതിയിലെ ഗൗരവമേറിയ അവതരണങ്ങളിലൊന്നാണ് പി.കെ.രാജശേഖരന്റെ ലിറ്റിൽ മാഗസിൻ പഠനം. വിധിവാദപരമായ സമീപനത്തിൽ നിന്നുള്ള വിടുതിക്കായി പറന്നുതുടങ്ങിയ പക്ഷിക്കുട്ടങ്ങളിലെ അംഗങ്ങളിലൊന്നാണത്. നമ്മുടെ ജ്ഞാനവിഹായസ്സിനെ പക്ഷിക്കൂട്ടങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്ന് പ്രത്യാശിക്കാം. പി.കെ. രാജശേഖരന് നന്ദി! ▮


റഫീഖ് ഇബ്രാഹിം

കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. കേരളീയ ചിന്താചരിത്രം, മാർക്​സിസ്​റ്റ്​ കലാവിമർശം എന്നീ മേഖലകളിൽ അന്വേഷണം നടത്തുന്നു. പി.ജി.യുടെ ചിന്താലോകം എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments