ഐസൻഹോവർ തൊട്ട് ട്രംപ് വരെ: മിഡിൽ ഈസ്റ്റിൽ അമേരിക്ക പിടിച്ച പുലിവാൽ

ഇറാൻ അധിനിവേശ പശ്ചാത്തലത്തിൽ മുൻ യു.എസ് സുരക്ഷാ ഉപദേശകനായിരുന്ന ഫിലിപ് എച്ച് ഗോർഡൻ എഴുതിയ ‘‘Losing the Long Game: The False Promise of Regime Change in the Middle East’’ എന്ന പുസ്തകത്തിന്റെ വായന. കെ.സഹദേവൻ എഴുതുന്നു.

മേരിക്കയുടെ ഇറാൻ അധിനിവേശ യുദ്ധ പശ്ചാത്തലത്തിൽ, ഇറാനിലെ ഭരണമാറ്റത്തെ (Regime Change) ക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളുടെ വെളിച്ചത്തിൽ, അമേരിക്ക എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ ഈയവസരത്തിൽ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്, ‘Losing the Long Game: The False Promise of Regime Change in the Middle East’’. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ മിഡിൽ ഈസ്റ്റിന്റെ മുൻ വൈറ്റ് ഹൗസ് കോർഡിനേറ്ററും കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ സീനിയർ ഫെലോയും, ദേശീയ സുരക്ഷാ ഉപദേശകനുമായിരുന്ന ഫിലിപ് എച്ച് ഗോർഡൻ ആണ് ഗ്രന്ഥകർത്താവ്. 2020-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മധ്യ-പൂർവ്വ മേഖലകളിലാണ്. അതിനുള്ള കാരണം സമീപ ദശകങ്ങളിൽ അമേരിക്ക ഭരണമാറ്റം ആഗ്രഹിച്ചുകൊണ്ട് ഏറ്റവും കൂടുതൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങൾ ഇവിടമാണ് എന്നതാണ്. ഇറാൻ, സിറിയ, യെമൻ, പലസ്തീൻ പ്രദേശങ്ങൾ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത് തുടങ്ങിയ പരമ്പരാഗത യുഎസ് സഖ്യരാജ്യങ്ങളിൽപ്പോലും അവിടങ്ങളിലെ ഭരണ നേതൃത്വങ്ങൾ അതേപടി തുടരണമോ എന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ അമേരിക്കൻ വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നു എന്നതിനാൽ ഈ അന്വേഷണം വളരെ പ്രസക്തമാകുന്നുണ്ട്.

സുപ്രധാനങ്ങളായ ഏഴ് കേസ് സ്റ്റഡീസിനെ ചുറ്റിപ്പറ്റിയാണ് ഈ പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നത്: ഇറാന്റെ മുഹമ്മദ് മൊസാദ്ദെഗിനെതിരായ 1953-ലെ സിഐഎ പിന്തുണയോടുകൂടിയ അട്ടിമറി, സോവിയറ്റുകൾക്കെതിരായ അഫ്ഗാൻ മുജാഹിദീനിനുള്ള യുഎസ് പിന്തുണ (1979-1992), താലിബാനെ പുറത്താക്കാനുള്ള 2001-ലെ അഫ്ഗാനിസ്ഥാൻ അധിനിവേശം, 2003-ലെ ഇറാഖ് യുദ്ധം, ഈജിപ്തിലെ അറബ് വസന്തകാലത്തെ (2011) യു.എസ് ഇടപെടൽ, 2011-ലെ ലിബിയയ്ക്ക് മേലുള്ള ആക്രമണം, 2011-ൽ ആരംഭിച്ച, സിറിയയുടെ ബഷർ അൽ-അസദ് ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമങ്ങൾ എന്നിവയാണ് ഈ പഠനങ്ങൾ.

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ മിഡിൽ ഈസ്റ്റിന്റെ മുൻ വൈറ്റ് ഹൗസ് കോർഡിനേറ്ററും കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ സീനിയർ ഫെലോയും, ദേശീയ സുരക്ഷാ ഉപദേശകനുമായിരുന്ന ഫിലിപ് എച്ച് ഗോർഡൻ ആണ് ഗ്രന്ഥകർത്താവ്.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ മിഡിൽ ഈസ്റ്റിന്റെ മുൻ വൈറ്റ് ഹൗസ് കോർഡിനേറ്ററും കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ സീനിയർ ഫെലോയും, ദേശീയ സുരക്ഷാ ഉപദേശകനുമായിരുന്ന ഫിലിപ് എച്ച് ഗോർഡൻ ആണ് ഗ്രന്ഥകർത്താവ്.

അമേരിക്കൻ കാർമ്മികത്വത്തിലുള്ള ഭരണമാറ്റത്തെക്കുറിച്ച് വാദിക്കുന്ന യുഎസ് വക്താക്കൾ രണ്ടാം ലോകയുദ്ധത്തിനുശേഷം ജപ്പാനെയും ജർമ്മനിയെയും - അടുത്തിടെ ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും ഇടപെടലുകളെയും - ഈ നയം വിജയിച്ചുവെന്നതിനുള്ള ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇറാഖ് അധിനിവേശത്തെ പിന്തുണക്കുന്ന 2003-ലെ പുസ്തകത്തിൽ, ലോറൻസ് കപ്ലാനും വില്യം ക്രിസ്റ്റോളും ജപ്പാൻ, ജർമ്മനി, ഓസ്ട്രിയ, ഇറ്റലി, ഗ്രെനഡ, ഡൊമിനിക്കൻ റിപ്പബ്ലിക്, പനാമ എന്നിവയെ ''അമേരിക്കൻ ആയുധങ്ങളിലൂടെ ജനാധിപത്യം സ്ഥാപിച്ചെടുത്ത രാജ്യങ്ങളാ''യിട്ടാണ് പ്രതിപാദിക്കുന്നത്.

ലോകമെമ്പാടുമുള്ള നിരവധി വിമർശകർ കരുതുന്നത് പോലെ, ഭരണമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം അമേരിക്കൻ ദുഷ്ടതയുടെ ഒരു രൂപമായിട്ടല്ല ഗോർഡൻ നീരീക്ഷിക്കുന്നത്. സൈനിക ശക്തി ഉപയോഗിക്കുന്നതിനെതിരെ മേൽപ്പറഞ്ഞ വിമർശകരിൽ പലർക്കും പൊതുവായുള്ള തത്വാധിഷ്ഠിതമായ എതിർപ്പ് ഗ്രന്ഥകർത്താവിനില്ല. കൂടാതെ അമേരിക്ക സ്വന്തം ആവശ്യത്തിനായി അധികാരം പ്രയോഗിക്കുകയോ, ശക്തരായ എണ്ണക്കമ്പനികൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയോ ചെയ്യുന്നുവെന്ന് ആരോപണത്തെ പിൻപറ്റിയല്ല ഗ്രന്ഥകാരൻ അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പോളിസിയെ ചോദ്യം ചെയ്യുന്നത് എന്ന കാര്യം കൂടി വ്യക്തതയോടെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഗ്രന്ഥകാരന്റെ അഭിപ്രായത്തിൽ ''എണ്ണയുടെ കാര്യത്തിൽ ഡൊണാൾഡ് ട്രംപ് നടത്തുന്ന തുറന്ന പ്രസ്താവനകൾ യുഎസ്സിന്റെ ദീർഘകാല ചരിത്രത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒന്നാണെന്നാണ്.''(!!!)

മിഡിൽ ഈസ്റ്റിലെ യുഎസ് ഭരണമാറ്റ ശ്രമങ്ങളുടെ നീണ്ട ചരിത്രത്തിലെ 'യഥാർത്ഥ പാപം' (Original Sin) എന്നാണ് ഗോർഡൻ ഇറാനിലെ മുഹമ്മദ് മൊസാദെഗ് ഭരണകൂടത്തെ സി.ഐ.എ. അട്ടിമറിച്ചതിനെ വിശേഷിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ യുഎസ് ഭരണമാറ്റ ശ്രമങ്ങളുടെ നീണ്ട ചരിത്രത്തിലെ 'യഥാർത്ഥ പാപം' (Original Sin) എന്നാണ് ഗോർഡൻ ഇറാനിലെ മുഹമ്മദ് മൊസാദെഗ് ഭരണകൂടത്തെ സി.ഐ.എ. അട്ടിമറിച്ചതിനെ വിശേഷിക്കുന്നത്.

അമേരിക്കൻ നയരൂപീകരണ വിദഗ്ധരെ ഭരണമാറ്റം എന്നത് നിരന്തരം പ്രലോഭിപ്പിക്കുന്ന ഒന്നായി ഗോർഡൻ വാദിക്കുന്നു. പലപ്പോഴും ഉയർന്ന പ്രതീക്ഷകൾ, മികച്ച ഉദ്ദേശ്യങ്ങൾ, സമൂഹങ്ങളെ പുനർനിർമ്മിക്കാനുള്ള യുഎസ് കഴിവിലുള്ള വിശ്വാസം എന്നിവയാൽ ഈ വാദം നയിക്കപ്പെടുന്നതായി കാണാം - എന്നാൽ അത് വ്യക്തവും നിലനിൽക്കുന്നതുമായ വിജയങ്ങൾ നൽകിയിട്ടില്ല; പകരം, ഈ ഇടപെടലുകൾ ചില സന്ദർഭങ്ങളിൽ വിനാശകരമായ പരാജയങ്ങൾ സൃഷ്ടിച്ചുവെന്നും വൻതോതിലുള്ള സൈനിക ചെലവുകൾ, വ്യാപകമായ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ, പ്രാദേശിക സഖ്യകക്ഷികൾ (ഉദാ. തീവ്രവാദ ഗ്രൂപ്പുകൾ അല്ലെങ്കിൽ കൂടുതൽ അടിച്ചമർത്തൽ ശക്തികൾ) സൃഷ്ടിച്ച അധികാര ശൂന്യതകൾ എന്നിവ ദീർഘകാല സംഘർഷത്തിന് ഇന്ധനമായി, യുഎസ് താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തിയതായി ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. പൂർണ്ണമായും ധാർമ്മികമായ ഒരു വിമർശനത്തിന് പകരം പ്രായോഗിക വിമർശനത്തിനാണ് ഗോർഡൻ ഊന്നൽ നൽകുന്നതെന്ന് കാണാം.

പുസ്തകത്തിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത് 1953-ലെ ഇറാൻ ഭരണകൂട അട്ടിമറിയെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളോടെയാണ്. 'ഒറിജിനൽ സിൻ' എന്ന ഈ അധ്യായത്തിൽ 1953-ൽ സി.ഐ.എ സംഘടിപ്പിച്ച 'ഓപ്പറേഷൻ അജാക്‌സ്' എങ്ങനെയാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട, പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഗ്, ഭരണകൂടത്തെ അട്ടിമറിച്ച് ഷാ മുഹമ്മദ് റെസ പഹ്ലവിയെ അധികാരത്തിൽ തിരികെ കൊണ്ടുവന്നത് എന്നത് സംബന്ധിച്ച വിശദമായ വർണ്ണന നൽകുന്നു. മിഡിൽ ഈസ്റ്റിലെ യുഎസ് ഭരണമാറ്റ ശ്രമങ്ങളുടെ നീണ്ട ചരിത്രത്തിലെ 'യഥാർത്ഥ പാപം' (Original Sin) എന്നാണ് ഗോർഡൻ ഈ സംഭവത്തെ വിശേഷിക്കുന്നത്. ഇറാന്റെ എണ്ണ വ്യവസായത്തെ മൊസാദെഗ് ദേശസാൽക്കരിച്ചത് (മുമ്പ് ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനി വഴി ബ്രിട്ടീഷ് താൽപ്പര്യങ്ങൾ ആധിപത്യം പുലർത്തിയിരുന്നു), ഇത് പാശ്ചാത്യ സാമ്പത്തിക ഓഹരികൾക്ക് ഭീഷണിയായതും, ശീതയുദ്ധത്തിന്റെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് സ്വാധീനം സംബന്ധിച്ച ഭയവും ആണ് ഇത്തരമൊരു അട്ടിമറിക്ക് യുഎസിനെ പ്രേരിപ്പിച്ചതെന്ന് സന്ദർഭം വ്യക്തമാക്കി വിശദീകരിക്കുന്നുണ്ട് ഗ്രന്ഥകാരൻ.

അട്ടിമറി തുടക്കത്തിൽ വിജയകരമായി കാണപ്പെട്ടെങ്കിലും അത് ദീർഘകാല വിദ്വേഷത്തിന്റെ വിത്തുകൾ വിതച്ചുവെന്ന് ഗോർഡൻ വാദിക്കുന്നു. ഇറാനിയൻ ജനാധിപത്യത്തെ അത് ദുർബലപ്പെടുത്തുകയും, അമേരിക്കൻ വിരുദ്ധ വികാരത്തിന് ആക്കം കൂട്ടിയെന്നും അദ്ദേഹം വിലയിരുത്തുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് കാരണമാക്കിയെന്നതാണ് ഇതിന്റെ ഫലം. ഭരണമാറ്റം പലപ്പോഴും ഹ്രസ്വകാല, തന്ത്രപരമായ, വിജയങ്ങൾ കൈവരിക്കുന്നുവെങ്കിലും, അസ്ഥിരത, തിരിച്ചടി, യുഎസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഭരണകൂടങ്ങൾ എന്നിവയുൾപ്പെടെ ഉദ്ദേശിക്കാത്തതും ചെലവേറിയതും വിപരീത ഫലങ്ങൾ നിറഞ്ഞതും ആയ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായും ലേഖകൻ നിരീക്ഷിക്കുന്നു.

'നമ്മൾ വിജയിച്ചു' (We Won) എന്ന രണ്ടാമധ്യായത്തിൽ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് (1979-1989) അമേരിക്ക നടത്തിയ രഹസ്യ ഓപ്പറേഷനെക്കുറിച്ചാണ് ആഴത്തിൽ പരിശോധിക്കുന്നത്. പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ.എസ്.ഐ, സൗദി അറേബ്യ, മറ്റ് സഖ്യകക്ഷികൾ എന്നിവരുമായി സഹകരിച്ച് സി.ഐ.എ അഫ്ഗാൻ മുജാഹിദീൻ പോരാളികൾക്ക് ആയുധം, ധനസഹായം എന്നിവ നൽകിക്കൊണ്ട് നടത്തിയ ഈ യുദ്ധം, ഒരു ശീതയുദ്ധ വിജയമായി ആഘോഷിക്കപ്പെട്ടതായി ഗോർഡൻ വിലയിരുത്തുന്നു. ഈ യുദ്ധത്തിലൂടെ 1989-ൽ സോവിയറ്റ് പിന്മാറ്റത്തിന് കാരണമായതും സോവിയറ്റ് യൂണിയന്റെ അന്തിമ തകർച്ചയ്ക്ക് കാരണമായതും എങ്ങനെയെന്ന് ഗോർഡൻ എടുത്തുകാണിക്കുന്നു. 'നമ്മൾ വിജയിച്ചു' എന്ന് പരിഹാസ്യദ്യോതകമായി സൂചിപ്പിക്കുന്ന ഈ തലക്കെട്ടിലൂടെ രണ്ടാം അധ്യായത്തിൽ, ഒരേ സമയം യുഎസ് നയരൂപീകരണ കർത്താക്കളുടെ വിശ്വാസത്തെയും അതേസമയം ഹ്രസ്വകാലാടിസ്ഥാനത്തിൽ നേടിയ ഈ ജയത്തിന്റെ ദീർഘകാല ഫലമെന്തെന്നും അദ്ദേഹം വിലയിരുത്തുന്നു. ദീർഘകാലത്തിൽ യുഎസ് പിന്തുണയുള്ള പോരാളികൾ അമേരിക്കൻ താൽപ്പര്യങ്ങൾക്കെതിരെ തിരിയുകയും, 9/11 ആക്രമണങ്ങൾക്ക് അഫ്ഗാനിസ്ഥാനെ ഒരു താവളമായി ഉപയോഗിച്ച ഒസാമ ബിൻ ലാദന്റെയും അൽ-ഖ്വയ്ദയുടെയും വളർച്ചയിലേക്ക് ചെന്നെത്തിയതായും ഗോർഡൻ കണ്ടെത്തുന്നു. അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടൽ, യഥാർത്ഥ പ്രശ്‌നത്തേക്കാൾ വളരെ മോശമായ അസ്ഥിരതയും ഭീഷണികളും സൃഷ്ടിക്കൽ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളെ ഈ അധ്യായത്തിലൂടെ വിശദീകരിക്കുന്നു.

സമാനമായ രീതിയിൽ, 9/11ന് ശേഷമുള്ള അഫ്ഘാൻ അധിനിവേശത്തിലൂടെ നേടിയെടുത്തുവെന്ന് അമേരിക്ക കരുതിപ്പോരുന്ന ഭരണമാറ്റത്തെയും ഗോർഡൻ താൽക്കാലിക വിജയമായി വിലയിരുത്തുന്നു, “We have Turned a Corner” എന്ന മൂന്നാം അധ്യായത്തിൽ. മുൻ അധ്യായങ്ങളിലെന്നപോലെ, അധിനിവേശ പ്രദേശങ്ങളിൽ സ്ഥിരതയാർന്നതും യാഥാർത്ഥ്യത്തിലൂന്നിയതുമായ ആസൂത്രണത്തിന്റെ അഭാവം അമേരിക്കയുടെ ദീർഘകാല താൽപ്പര്യങ്ങൾക്ക് വിഘാതം സൃഷ്ടിച്ചുവെന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു.

ഇറാനുമായുള്ള അധിനിവേശ യുദ്ധത്തിൽ ട്രംപ് ജയിച്ചാലും തോറ്റാലും മധ്യപൂർവ്വ മേഖലയിലെ പൊതുവായ ഇടപെടൽ അമേരിക്കയെ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ വ്യവസ്ഥയ്ക്ക് അകത്തുള്ളവർ തന്നെ സന്ദേഹം പ്രകടിപ്പിക്കുന്നുവെന്നാണ് ഫിലിപ്പ് ഗോർഡൻ വിശകലനം സൂചിപ്പിക്കുന്നത്.
ഇറാനുമായുള്ള അധിനിവേശ യുദ്ധത്തിൽ ട്രംപ് ജയിച്ചാലും തോറ്റാലും മധ്യപൂർവ്വ മേഖലയിലെ പൊതുവായ ഇടപെടൽ അമേരിക്കയെ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ വ്യവസ്ഥയ്ക്ക് അകത്തുള്ളവർ തന്നെ സന്ദേഹം പ്രകടിപ്പിക്കുന്നുവെന്നാണ് ഫിലിപ്പ് ഗോർഡൻ വിശകലനം സൂചിപ്പിക്കുന്നത്.

നാലാം അധ്യായത്തിൽ ഇറാഖ് അധിനിവേശത്തെക്കുറിച്ചും, അഞ്ചാം അധ്യായം ഇറാഖ് അധിനിവേശം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. ആറാം അധ്യായത്തിൽ അറബ് വസന്തത്തിന്റെ പശ്ചാത്തലത്തിൽ, 2011-ൽ നാറ്റോ സഖ്യത്തിന്റെ പിന്തുണയോടെ ലിബിയയിലെ കടന്നു കയറ്റത്തെക്കുറിച്ചും കേണൽ ഗദ്ദാഫി ഭരണകൂടത്തെ അട്ടിമറിച്ചതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. ഏഴാം അധ്യായത്തിൽ സമാന കാലയളവിൽ സിറിയൻ ഭരണമേധാവി ബാഷർ അൽ അസ്സാദിനെതിരായി നടന്ന ആക്രമണത്തെയും അതിന്റെ പരിണത ഫലങ്ങളെയും വിലയിരുത്തുന്നു.

പുസ്തകത്തിന്റെ അവസാന അധ്യായം, 'എന്തുകൊണ്ട് മധ്യപൂർവ്വ മേഖലയിലെ ഭരണമാറ്റം എല്ലായ്‌പ്പോഴും അബദ്ധമായിപ്പോകുന്നു?' (Why Regime Change in the Middle East Always Goes Wrong?) എന്നത് അമേരിക്കൻ ഭരണകൂടങ്ങളുടെ മിഡിൽ ഈസ്റ്റ് ഭൗമരാഷ്ട്രീയത്തിലെ പരാജയങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഗോർഡൻ തന്റെ നിഗമനങ്ങൾ ഈ രീതിയിൽ അവതരിപ്പിക്കുന്നു;

- ഒരു ഭരണകൂടം നീക്കം ചെയ്യുന്നത് പലപ്പോഴും താരതമ്യേന എളുപ്പമാണ്, എന്നാൽ സ്ഥിരതയുള്ളതും മികച്ചതുമായ ഒരു പകരക്കാരനെ നിർമ്മിക്കുന്നത് അസാധാരണമാംവിധം ബുദ്ധിമുട്ടാണ്.

- സൈനിക ഇടപെടലുകൾ സുരക്ഷാ ശൂന്യത സൃഷ്ടിക്കുന്നു, അത് പ്രാദേശിക വിഭാഗങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കുകയും പ്രാദേശിക ശക്തികളുടെ ഇടപെടലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു.

- നയരൂപീകരണകർത്താക്കൾ ഭീഷണികളെ അമിതമായി വിലയിരുത്തുകയും, ചെലവുകൾ/അപകടസാധ്യതകൾ എന്നിവ കുറച്ചുകാണുകയും ചെയ്യുന്നു. തങ്ങളുടെ ചെയ്തികളുടെ ഫലങ്ങളെ സംബന്ധിച്ച് അമിത വാഗ്ദാനം നൽകുന്നു. അതേസമയം, മേഖലയെ സംബന്ധിച്ച ആഴത്തിലുള്ള സാംസ്‌കാരിക/ചരിത്ര ധാരണ അവർക്കിടയിലില്ല.

- അമേരിക്കയുമായി സഹകരിക്കുന്ന പ്രാദേശിക ശക്തികൾ സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു. അയൽക്കാർ കൊള്ളക്കാരായി പ്രവർത്തിക്കുന്നു.

- അധിനിവേശത്തിന് ശേഷമുള്ള യുഎസ് പ്രതിബദ്ധത കുറയുന്നു. വൻതോതിലുള്ള സൈനിക സാന്നിദ്ധ്യവും പണത്തിന്റെ ഒഴുക്കും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വലിയ തോതിൽ സഹായകമാകുന്നില്ല എന്ന തിരിച്ചറിവിന്റെ അഭാവം.

- സങ്കീർണ്ണമായ മിഡിൽ ഈസ്റ്റേൺ സമൂഹങ്ങളെ പുനർനിർമ്മിക്കുന്നതിൽ അന്തർലീനമായ ബുദ്ധിമുട്ടുകളോടൊപ്പം, തീരുമാനമെടുക്കുന്നതിലെ ഭരണകൂട പിഴവുകളും പരാജയങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഗോർഡൻ വാദിക്കുന്നു.

ഗോർഡൻ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് മിഡിൽ ഈസ്റ്റിലെ ഭരണമാറ്റത്തിനെതിരായി എന്തെങ്കിലും തരത്തിലുള്ള ധാർമ്മികമോ നൈതികമോ ആയ വാദം ഉയർത്താനല്ല എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അമേരിക്കൻ താൽപ്പര്യവുമായി ബന്ധപ്പെട്ട് തികച്ചും പ്രായോഗിക സമീപനത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഗോർഡന്റെ മുഴുവൻ വാദങ്ങളും നിലകൊള്ളുന്നത്. മധ്യപൂർവ്വ മേഖലകളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനോ ദുർബലപ്പെടുത്താനോ ഉള്ള അമേരിക്കൻ നയരൂപീകരണ വക്താക്കൾ നടത്തുന്ന ശ്രമങ്ങൾ അമേരിക്കൻ താൽപ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുമോ അതോ ദുർബലപ്പെടുത്തുമോ എന്നതാണ് ഗോർഡൻ അന്വേഷിക്കുന്നത്.

ഇറാനുമായുള്ള അധിനിവേശ യുദ്ധത്തിൽ ട്രംപ് ജയിച്ചാലും തോറ്റാലും മധ്യപൂർവ്വ മേഖലയിലെ പൊതുവായ ഇടപെടൽ അമേരിക്കയെ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ വ്യവസ്ഥയ്ക്ക് അകത്തുള്ളവർ തന്നെ സന്ദേഹം പ്രകടിപ്പിക്കുന്നുവെന്നാണ് ഫിലിപ്പ് ഗോർഡൻ വിശകലനം സൂചിപ്പിക്കുന്നത്.


Summary: Philip H Gordon's Losing the Long Game: The False Promise of Regime Change in the Middle East, book review by K Sahadevan.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments