സുനിൽ പി. ഇളയിടത്തിന്റെ ‘മഹാഭാരതം - സാംസ്‌കാരിക ചരിത്രം' എന്ന ഗ്രന്ഥം കൊണ്ടുവരുന്ന ചില പൊതുവിചാരങ്ങളെ അഭിമുഖീകരിച്ച് വേണം നാം അതിന്റെ വായന തുടങ്ങാൻ എന്ന് വിചാരിക്കുന്നു. ഒന്നാമതായി, സംസ്‌കാരത്തോട് രണ്ട് തരം സമീപനങ്ങൾ പൊതുബോധമായി വർത്തിക്കുന്നുണ്ട്. അല്ലെങ്കിൽ രണ്ടുതരം വിചാരങ്ങളുടെ കലർപ്പുകളുടെ പലതരം ഗണിതങ്ങളിൽ നിന്നാണ് നാം നമ്മുടെ സമീപനത്തെ ഉൾക്കൊള്ളുന്നത്. അതിലാദ്യത്തേത് ക്ലാസ്സിക്കുകളെ യഥാർത്ഥ സംഭവവിവരണമായി കരുതുന്ന രീതിയാണ്. കൃഷ്ണനും പാണ്ഡവരും കുരുക്ഷേത്രയുദ്ധവുമൊക്കെ കഥനങ്ങൾ വിട്ട് യാഥാർത്ഥ്യത്തിന്റെ തലത്തിൽ സ്വീകരിക്കുന്ന രീതിയാണ് അത്. ഈ ഉള്ളടക്കവാദികൾ പുണ്യഗ്രന്ഥങ്ങൾ ആയി മഹാഭാരതത്തേയും രാമായണത്തേയും കാണുന്നു. അവയുടെ കഥാസന്ദർഭങ്ങൾ ഉണ്ടാക്കുന്ന പലതരം സംഘർഷങ്ങളെ സത്യമായി സ്വീകരിക്കുന്നു. അവ നിത്യജീവിതത്തിലെ വ്യത്യസ്ത വ്യവഹാരങ്ങളുമായി കൂട്ടിയിണക്കുന്നു.
ഭാഷയിൽ, എഴുത്തുഭാഷയാകട്ടെ ചിന്താഭാഷയാകട്ടെ വായ്ഭാഷയാകട്ടെ, എല്ലാറ്റിലും കഞ്ഞിയ്ക്ക് രുചിയുടെ മൂല്യവർദ്ധന നൽകാൻ ഉപയോഗിക്കുന്ന ഏറ്റവും സുലഭമായ ഉപ്പുപോലെ അത് വാരിവിതറുന്നു. ജീവിത സന്ദർഭങ്ങളിൽ ഇടയ്ക്കിടയ്ക്ക് അവർ അതിന്റെ കഥാസന്ദർഭങ്ങളിലേയ്ക്ക് മടങ്ങിപ്പോകുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് ആ കഥകളുടെ വാസ്തുആവിഷ്‌ക്കാരങ്ങളായി ക്ഷേത്രങ്ങളേയും പ്രദേശങ്ങളേയും വീക്ഷിക്കാനുള്ള കണ്ണും മനസ്സും അവർ സ്വായത്തമാക്കിയിരിക്കുന്നു. ചുരുക്കത്തിൽ അവരുടെ സാംസ്‌ക്കാരിക അബോധത്തെ പല തരത്തിൽ നിറക്കാൻ തക്കവണ്ണമുള്ള സാമഗ്രികൾ അതിൽ ഉണ്ട്. ജീവിത സന്ദർഭങ്ങളിൽ ഭാഷയായും വിചാരമായും തങ്ങളെത്തന്നെ കൊണ്ടുവയ്ക്കാനുള്ള ഉള്ളരങ്ങായും അവർ അതിനെ കരുതുന്നു. അവർ വെറും അനുവാചകർ അല്ല. അവർക്ക് ഏതെങ്കിലും ദൈവങ്ങളെ മാത്രമല്ല അവിടെ നിന്നും കിട്ടിയിട്ടുള്ളത്. ദൈവശാസ്ത്രത്തെ കൂടിയാണ്. ആ ദൈവശാസ്ത്രമാകട്ടെ, നമ്മുടെ കാലത്തെ പ്രധാന ഉരകല്ലുകൾ ആയിട്ടുള്ള യുക്തിയിൽ മാത്രമല്ല പ്രവർത്തിക്കുന്നത്. മഹാഭാരതമോ രാമായണമോ ഭാഗവതമോ പ്രസരിപ്പിക്കുന്ന ഉള്ളടക്കത്തിലേയ്ക്ക്, ഒരു അദൃശ്യ കഥാപാത്രമായി തങ്ങളെത്തന്നെ വിക്ഷേപിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ ഉടമകളോ തടവുകാരോ ആയി അവർ തങ്ങളെത്തന്നെ പുതുക്കിയെഴുതുന്നു. ഇന്ത്യൻ മനോഭാവം എന്ന് വിളിക്കപ്പെടാവുന്ന ഒന്നിന്റെ പല പല സഹജതകളും ഇതിന് അവരെ സഹായിക്കുന്നു. അല്ലെങ്കിൽ അത്തരമൊന്നിനെ സഹായിക്കുകയും ഊട്ടിയുറപ്പിക്കുകയും കാലത്തിൽ നീട്ടുകയും ചെയ്യുക എന്ന ദൗത്യനിർവ്വഹണത്തിന്റെ കാലാളുകൾ ആയി തങ്ങളെ മാറ്റിയെഴുതിക്കൊണ്ടിരിയ്ക്കുന്നു.
രക്ഷാകർതൃത്വം എന്നത് ശിക്ഷാകർതൃത്വം കൂടിയാണ്
ഈ മനോഭാവം ഒരർത്ഥത്തിൽ നിഷ്‌ക്കളങ്കമാണെങ്കിലും, അത് അതിന്റെ ശ്രേണീഘടന നിർമിക്കുന്നുണ്ട്. ക്ലാസ്സിക്കുകളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയ ഒരു കൂട്ടർ ഉണ്ടെന്ന് ജനസാമാന്യം പല തരത്തിൽ കരുതാൻ തുടങ്ങുന്നു എന്നയിടത്താണ് ഈ അപകടം വ്യാപിക്കുന്നത്. ഇന്ന് നമ്മൾ കഥ, കവിത, നാടകം എന്നൊക്കെ നടത്തുന്ന വർഗ്ഗീകരണങ്ങൾക്കപ്പുറം പോകുന്ന ഒന്നായി അത് ക്ലാസ്സിക്കുകളെ മാറ്റുന്നു. അത് കഥയും കവിതയും നാടകവും മറ്റനേകങ്ങളും ആയിരിക്കുമ്പോൾ തന്നെ ശാസ്ത്രവും ജ്ഞാനവും മോക്ഷപ്രദീപവും ആണ്. മനഃശാസ്ത്രവും ചരിത്രവും ആണ്. അതിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുന്നവർ ഒരു വലിയ സഞ്ചയത്തിന്റെ രക്ഷാകർതൃത്വം ആണ് ഏറ്റെടുക്കുന്നത്.
മഹത്തായ എല്ലാ രക്ഷാധികാരികളേയും പോലെ അവരിൽ രക്ഷാകർതൃത്വത്തിന്റെ ചോദ്യം ചെയ്യാനാകാത്ത അധികാരം വന്നു ചേരുന്നു. രക്ഷാകർതൃത്വം എന്നത് ശിക്ഷാകർതൃത്വം കൂടിയാണ് എന്നത് നമ്മുടെ കാലത്തെ പ്രധാനപ്പെട്ട ഒരു മനസ്സിലാക്കൽ കൂടിയാണ്. അതിനാൽ അവർ ഒരേസമയം രാജാവും മന്ത്രിയും ഖജാനാ സൂക്ഷിപ്പുകാരും പുരോഹിതരും അതീതത്തിന്റേയും വസ്തുതയുടേയും ഇടനില വ്യാഖ്യാതാക്കളും ഒക്കെ ആയി പെരുമാറുന്നു. ക്ലാസ്സിക്കുകൾ അവരുടെ ആസ്തിയാകുന്നു. അവരുടെ റിയൽ എസ്റ്റേറ്റുകൾ പോലെ, ഓഹരികൾ പോലെ, നിക്ഷേപിക്കപ്പെട്ട പണം പോലെ, അല്ലെങ്കിൽ വലിയ സൗധങ്ങളും ആമത്താഴുകളും പാസ് വേഡുകളും ബയോമെട്രിക് പാറ്റേണുകളും കൊണ്ട് സംരക്ഷിക്കുന്ന സമ്പത്ത് പോലെയുള്ള ഒന്ന്. ഇതിൽ നിന്നും ക്ലാസിക്കുകളെ മോചിപ്പിക്കുക എന്നത് സാംസ്‌കാരിക ദൗത്യം അല്ല, സാംസ്‌കാരിക വിപ്ലവം ആണ്.
ക്ലാസിക്കുകൾ വീണ്ടെടുക്കേണ്ടത് അവയെ നിരാകരിച്ചല്ല
നാം മഹാഭാരതത്തെ കാണേണ്ടത് എങ്ങനെ എന്ന ചോദ്യം ഈ പുസ്തകത്തിലേയ്ക്ക് കടക്കും മുമ്പ് സ്വയം ചോദിക്കേണ്ടതുണ്ട്. അത് നാം ഭൂമിയെ കാണുന്നതെങ്ങനെ എന്ന ചോദ്യം പോലെയാണ്. നിങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥത വെട്ടിപ്പിടിക്കാം. അമേരിക്കയിലേയ്ക്ക് കപ്പലോടിച്ചു വന്നവർ, ആകാശത്തേയും വെള്ളത്തേയും വിൽക്കാൻ സാധിക്കുമോ എന്ന സിയാറ്റിൽ മൂപ്പന്റെ ചോദ്യത്തെ ഫലിതമാക്കി. ആ ഫലിതത്തോട് ഇടഞ്ഞുനിൽക്കാൻ കഴിവുണ്ടായിരുന്ന ഒരു ജനക്കൂട്ടത്തെ, റെഡ് ഇന്ത്യക്കാരെ, നിഷ്‌കാസനം ചെയ്തു. ആ ഫലിതം അങ്ങനെ ലോകമെമ്പാടും സഞ്ചരിച്ചു. കൈമാറ്റം ചെയ്യപ്പെടുന്ന ഓരോ ആധാരത്തിനുമടിയിൽ കണ്ണീരുപോലെ ആ ചോദ്യം ഉണങ്ങിപ്പിടിച്ചു. ഭൂപരിഷ്‌ക്കരണം എന്ന ആശയവും അതിന്റെ നടപ്പാക്കലും പോലെ ആ ഫലിതത്തിന് മേൽ ലോകത്തിന്റെ ചിലയിടങ്ങളിൽ എങ്കിലും പ്രവർത്തിച്ച വിമതത്വത്തിനും ഭൂമിയെ നിരാകരിക്കാൻ കഴിയില്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഉടമസ്ഥതയെ തിരിച്ചിടുകയാണ് അത് ചെയ്യുന്നത്. സ്വകാര്യസ്വത്തിനെതിരെയുള്ള നിലപാട് എന്നൊക്കെ നാം പരാമർശിക്കുന്ന വസ്തുത യഥാർത്ഥത്തിൽ സ്വകാര്യ ഉടമസ്ഥതയ്ക്ക് എതിരെയുള്ള ഏർപ്പാടാണ്. സമ്പത്ത് എന്ന ആശയം അവിടെത്തന്നെയുണ്ട്. മഹാഭാരതത്തെയും രാമായണത്തേയും മാത്രമല്ല, ഇന്ത്യയിലെ സകലമാന ക്ലാസിക്കുകളേയും ഹിന്ദുത്വ ഫാസിസത്തിന്റെ രക്ഷാകർത്തൃത്വത്തിൽ നിന്ന് വീണ്ടെടുക്കേണ്ടത് അവയെ നിരാകരിച്ചല്ല. വായനയുടേയും സംവാദത്തിന്റേയും ചരിത്രത്തിലേയ്ക്ക് അവരെ സ്വതന്ത്രമായി തിരിച്ചേൽപിച്ചുകൊണ്ടാണ്. അവയുടെ കോപ്പിലെഫ്റ്റ് സ്വഭാവത്തെ അംഗീകരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടാണ്. ഇപ്പോഴത്തെ രക്ഷാകർത്തൃത്വത്തിനിടയിൽ ഭീകരരായ വളർത്തുനായ്ക്കളെപ്പോലെ കഴിയാൻ അവയെ അനുവദിച്ചുകൊണ്ടല്ല. അങ്ങനെ അനുവദിച്ചാൽ അവ അവർക്ക് വേണ്ടി കുരയ്ക്കുകയും കടിയ്ക്കുകയും എ.കെ 47 പ്രയോഗിക്കുകയും ചെയ്യും. ഇ.വി. രാമസ്വാമി നായ്ക്കർക്ക് കീമായണം എഴുതാനും എം.ടിക്ക് ഭീമായനം എഴുതാനും സാറാ ജോസഫിന് ശൂർപ്പണഖയെപ്പറ്റി എഴുതാനും അവ സ്വതന്ത്രവും കോപ്പിലെഫ്റ്റും ആകേണ്ടതുണ്ട്.
സംസ്‌ക്കാരത്തിന്റെ ഒരു ചെക്ക് പോസ്റ്റ്
സാംസ്‌ക്കാരികമായ ഈ കോപ്പിറൈറ്റിൽ നിന്ന് മഹാഭാരതത്തെ വിമോചിപ്പിക്കാനുള്ള വലിയ ശ്രമം ആണ് സുനിലിന്റെ പ്രഭാഷണ പരമ്പരയും അതിൽനിന്നുണ്ടായ ഈ പുസ്തകവും നിർവ്വഹിക്കുന്ന ഏറ്റവും വലിയ ദൗത്യം എന്ന് എളുപ്പത്തിൽ പറയാം. മഹാഭാരതം, രാമായണം എന്നൊക്കെ കേൾക്കുമ്പോൾ ഇടതു ചിന്തകർക്ക് ഇക്കാലത്ത് പൊതുവായുണ്ടായേക്കാവുന്ന സ്ഥലജലകടങ്കഥ സുനിലിനെ ബാധിച്ചില്ല എന്നത് അടിവരയിട്ട് മനസ്സിലാക്കേണ്ട ഒന്നാണ്. ഒരർത്ഥത്തിൽ പ്രഭാഷണമായി തുടങ്ങി, വാരികയിൽ തുടർവായനക്കായി അച്ചടിച്ച്, പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പ്രക്രിയ ക്ലാസിക്കുകളുടെ രൂപീകരണത്തിന്റെ ചെറുമാതൃകയാണെന്ന് പറയാം.
വാമൊഴിയിൽ രൂപമെടുത്ത് വിവിധങ്ങളായിത്തിരിഞ്ഞ്, നിരവധി സംവാദ വ്യവഹാരങ്ങളിലൂടെ കടന്ന് പുസ്തകത്തിൽ അടക്കപ്പെടുന്ന യാത്ര എല്ലാ ക്ലാസിക്കുകൾക്കും ഉണ്ട്. ഇതിലില്ലാത്തത് മറ്റൊരിടത്തും കാണില്ല തുടങ്ങിയ ക്ലാസിക്കുകളുടെ വീമ്പടിയെ ഒരർത്ഥത്തിൽ സാധൂകരിക്കുന്നത് ചരിത്രത്തിലൂടെയുള്ള ഈ യാത്രയാണ്. മഹാഭാരതത്തെ വാസ്തുവിദ്യയായി കാണാൻ സാധിക്കുന്നതൊക്കെ അതുകൊണ്ടാണ്. പഴയ വലിപ്പമുള്ള എടുപ്പുകളെ വെടിവെച്ചു വീഴ്ത്തുന്ന തീവ്രവാദം സ്വീകരിക്കുക വഴി വലിയ ചരിത്രരേഖയെ ആണ് നാം നിരാകരിക്കുന്നത്. മഹാഭാരതം എന്ന എടുപ്പിൽ അധികാരത്തിന്റെ കുടിലതകളും വിഡ്ഢിത്തങ്ങളും ക്രൂരതകളും ഉണ്ട്. കോൺസൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന മുറികൾ ഉണ്ട്. പ്രാർത്ഥനാമന്ദിരം പോലെ ആത്മീയതയുടെ അത്തർ പൂശിയ ഇടം അല്ല അത്. അത് ഓർമ മാത്രമല്ല, സ്മാരകം മാത്രമല്ല, സംസ്‌ക്കാരത്തിന്റെ ഒരു ചെക്ക് പോസ്റ്റായി അത് ജനമനസ്സുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം മനസ്സിലാക്കിയാൽ ചെക്ക് പോസ്റ്റുകൾ ആധുനികമായ നൈതിക ബോധത്തിൽ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന ചോദ്യത്തിൽ നമുക്ക് വ്യാപരിക്കാൻ കഴിയും. ആ സാധ്യത പ്രധാനപ്പെട്ടതാണ്. പ്രമുഖവും ആണ്.
സർഗാത്മകതയുടെ കലാപം
ഇന്ന് രാജ്യങ്ങളുടെ നൈതികത പ്രവർത്തിക്കുന്നത് ഭരണഘടനകളിൽ ഊന്നിയാണെന്ന് പൊതുവിജ്ഞാനീയം പറഞ്ഞു തരുന്നുണ്ട്. പൗരജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് ഭരണഘടനാപരമായ ഒരു ധാർമ്മികതയാണ് എന്ന് അതിന് അർത്ഥമില്ല. ഭരണകൂടേതരമായ ഒരു ജീവിതം ജനങ്ങൾക്കുണ്ട്. ജനത അവരുടെ ധാർമികതയെപ്പറ്റിയുള്ള സങ്കൽപനങ്ങൾ സ്വീകരിക്കുന്നത് പലേ അടരുകളിൽ നിന്നാണ്. ദൈനംദിനതകളിൽ അവരുടെ ചിന്തയും യുക്തിയും സഞ്ചരിക്കുന്ന വഴി, അതിൽ അവർ എടുക്കുന്ന സ്വാതന്ത്ര്യം, എല്ലാം ഭരണഘടനയിൽ ഊന്നിയല്ല എന്ന് അറിയാൻ നാം നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ മതി. നമ്മുടെ ആനന്ദങ്ങൾ, ദുഃഖങ്ങൾ, മൗഢ്യങ്ങൾ, ഉത്സാഹങ്ങൾ ഇവയ്‌ക്കൊക്കെ എത്രയോ വേരുകൾ. ഈ വേരുകൾ വെള്ളവും പോഷകങ്ങളും സ്വീകരിക്കുന്ന നിലമാകട്ടെ എത്രയോ വർഷങ്ങളുടെ കൂടിച്ചേരലുകളിൽ നിന്ന് രൂപപ്പെട്ടുവന്നതാണ്. സത്യത്തേയും നുണയേയും പറ്റിയുള്ള ആശയങ്ങളും. അങ്ങനെ മനുഷ്യമനസ്സിന്റെ സഹജത എന്ന് നാം വിളിക്കുന്ന പലതിനേയും ഒരു ചട്ടക്കൂട്ടിലൊതുക്കി യാന്ത്രികമാക്കുന്നതിനെതിരെയുള്ള കലാപമാണ് സർഗാത്മകതയുടെ കലാപം എന്ന് പറയുന്നത്.
മതാത്മകതയ്ക്കെതിരെ കലാപം ചെയ്യാൻ സർഗാത്മകത ഒരു വലിയ കാലം ചെലവഴിച്ചത് അതുകൊണ്ടാണ്. മതാത്മകതയെ തിരിച്ചിടുന്ന ഒരു യുക്തിവാദ യാന്ത്രികതയ്‌ക്കെതിരെ സർഗാത്മകതയ്ക്ക് കലാപം ചെയ്യേണ്ടിവരുന്നതും അതുകൊണ്ടുതന്നെയാണ്. ഈ യാന്ത്രിക യുക്തിവാദത്തെ നാം എല്ലാ വഴികളിലും കണ്ടുമുട്ടുന്നുണ്ട്. എനിയ്ക്ക് മഹാഭാരതമോ ബൈബിളോ ഇല്ലാതെ ജീവിക്കാം എന്ന് ഒരാൾക്ക് വീമ്പടിക്കാം. എനിയ്ക്ക് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഗാന്ധിയൻ കൃതികളോ ഇല്ലാതെ ജീവിക്കാം എന്ന് മറ്റൊരാൾക്കും പൊങ്ങച്ചം പറയാം. സംസ്‌ക്കാരത്തിന്റെ വിതരണത്തിലെ ചില അപര്യാപ്തകളെക്കുറിച്ചാണ് യഥാർത്ഥത്തിൽ രണ്ട് പേരും സംസാരിക്കുന്നത്. ഒരേ കാര്യം ആണത്. ബൈബിളിനെ എതിർക്കാൻ ജീവിതകാലം മുഴുവൻ ചെലവഴിക്കുന്ന ഒരാളെപ്പോലെ ബൈബിളിനെ ശാശ്വതീകരിക്കുന്നവർ വേറെയില്ല എന്ന് സംസ്‌കാരത്തിന്റെ എളിയ പാഠങ്ങൾ പറഞ്ഞു തരുന്നു. അത് ബൈബിളിന് മജ്ജയും മാംസവും നൽകുന്നു. ശത്രുവായ ഒരു മനുഷ്യനെപ്പോലെ അയാൾ ഉണരുമ്പോൾ തന്നെ മുന്നിൽ കാത്തുനിൽക്കുന്നു.
ക്ലാസിക്കുകളുടെ ചരിത്രവൽക്കരണം
ഈ കറുപ്പ് - വെളുപ്പ് ദ്വന്ദ്വങ്ങളിൽ നിന്ന് രക്ഷനേടാൻ എതിർപ്പ് എന്ന്, പലപ്പോഴും ആന്ധ്യത്തേയാണല്ലോ നാം അങ്ങനെ വിളിക്കുന്നത്, പ്രസിദ്ധി കേട്ട തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും ലോകത്തെ ആധുനികമായി സ്വാംശീകരിച്ചെടുത്ത ഒരു യാന്ത്രികതയെ നാം മറികടക്കേണ്ടതുണ്ട്. മനുഷ്യർ നിർമിച്ചതൊക്കെ മനുഷ്യർക്ക് വേണ്ടിയാണെന്ന മട്ടിൽ ഒരു നോട്ടം നാം ആർജ്ജിക്കേണ്ടതുണ്ട്. അവ ഭൗതിക ശക്തിയായി തുടരുന്നതെങ്ങനെ എന്ന് മനസ്സിലാക്കേണ്ടതും ഉണ്ട്. ഓരോ മനുഷ്യർക്കും പൊതുആസ്തി എന്ന നിലയിൽ ക്ലാസിക്കുകളെ സ്പർശിക്കാൻ അനുവാദമുണ്ടെന്ന ബോധം നമുക്ക് ഉണ്ടാകുന്ന നിമിഷമാണ് ക്ലാസിക്കുകളുടെ ചരിത്രവൽക്കരണം ആരംഭിയ്ക്കുക.
ഡി.ഡി. കൊസാംബിയും രാഹുൽ സംകൃത്യായനും സങ്കാലിയയും കുട്ടികൃഷ്ണമാരാരും എ.കെ. രാമാനുജനും വെൻഡി ഡോണിഗറും പഠിപ്പിച്ചുതരുന്ന ആദ്യ പാഠം അതാണ്. ആ വഴിയേ ആണ് സുനിലും ചരിയ്ക്കുന്നത്, സുനിലിന്റെ തനിമയോടെ, എന്നാൽ ചരിത്രബോധത്തോടെ. ചരിത്രമാണ് സുനിലിന്റെ തെളിമ. ആ തെളിമയുള്ളതു കൊണ്ടാണ് നവോത്ഥാനത്തിലേക്കും ശ്രീനാരായണഗുരുവിലേയ്ക്കും മാർക്‌സിലേക്കും എം.എൻ. വിജയനിലേയ്ക്കും ക്ലാസിക്കുകളിലേയ്ക്കും സഞ്ചരിക്കുമ്പോൾ പുതിയൊരു ഉന്മേഷം സുനിലിന് കിട്ടുന്നത്. ആ ഉന്മേഷമാണ് നമുക്ക് ആത്യന്തികമായി സുനിലിൽ നിന്നും പകർന്നു കിട്ടുന്നതും. അതുകൊണ്ട് തന്നെയാണ് ഒരു തുറന്ന പ്രദേശമായി മഹാഭാരതത്തെ കാണാൻ സുനിലിന് കഴിയുന്നത്.
ചരിത്രത്തിന്റെ മഹാപ്രസ്ഥാനം
ക്ലാസിക്കുകളെ അടഞ്ഞ ഇടമായി കാണുന്നവരോട് സുനിൽ നടത്തുന്ന സമരമായി ഈ പുസ്തകത്തെ വായിക്കാനാകും. ജയത്തിൽ നിന്ന് മഹാഭാരതത്തിലേയ്ക്കുള്ള പരിണാമത്തെ, കടന്നുകഴിഞ്ഞാൽ കത്തിച്ചു കളയുന്ന പാലങ്ങളുടെ ചരിത്രമായല്ല സുനിൽ വായിക്കുന്നത്.
ചരിത്രത്തിന്റെ മഹാപ്രസ്ഥാനത്തെ വായിക്കുക എന്ന മഹത്തായ അദ്ധ്വാനം ഏറ്റെടുക്കാൻ സുനിൽ മടിക്കുന്നേയില്ല. രാമായണത്തെക്കുറിച്ചുള്ള തന്റെ പoനത്തിൽ ഫ്രഞ്ച് പരികൽപനകളായ സുജെറ്റ്, റെസിറ്റ് എന്നിവയെ എ.കെ.രാമാനുജൻ വികസിപ്പിക്കുന്നുണ്ട്. സുജെറ്റ് എന്നാൽ ഇംഗ്ലീഷിൽ സ്റ്റോറി. കഥ. റെസിറ്റ് എന്നാൽ ഡിസ്‌കോഴ്‌സ് , വ്യവഹാരം. അവയെ കഥയും കഥനവുമാക്കി ഇന്ത്യൻ പശ്ചാത്തലത്തോട് ചേർത്തുവെയ്ക്കുന്നു രാമാനുജൻ. കഥ അടഞ്ഞതാണ്. കഥനം തുറന്നതും. സുനിലും ഏതാണ്ട് ഇമ്മട്ടിലാണ് മഹാഭാരതത്തെ പിൻതുടരുന്നത്. ഒരു വ്യത്യാസമുള്ളത്, രാമാനുജൻ കഥയ്ക്കുള്ളിലെ കഥനത്തിന്റെ വഴികളെ അസാമാന്യമായ ധൈഷണിക സർഗാത്മകതയോടെ പിൻതുടരുമ്പോൾ സുനിൽ അത് ചെയ്യുന്നത് ചരിത്ര വായനയുടെ സങ്കേതങ്ങൾ ഉപയോഗിച്ചാണ് എന്നതിലാണ്. അതിനാൽ രാമാനുജന്റെ ഘടനാവാദത്തോടുള്ള ചായ്‌വ്, സുനിലിൽ ചരിത്രവാദത്തോടുള്ള ചായ്‌വായിത്തീരുന്നു. മാർക്‌സിസത്തിന്റെ വികാസം സുനിൽ തേടുന്നത് അതിന്റെ ചരിത്രസാപേക്ഷികതയിൽ ആണ്. അനേകായിരം മാർക്‌സിസ്റ്റുകൾക്കിടയിൽ സുനിൽ തന്റെ വഴി കണ്ടെത്തുന്നത് അങ്ങനെയാണ്. മതേതരത്വമെന്നാൽ ശാസ്ത്രീയയുക്തിയെ ആശ്രയിച്ച് മാത്രം വളരുന്ന സങ്കൽപമല്ല. അത് നൈതിക ബോധമാണ്. മതനിഷേധം എന്നതിനേക്കാൾ തന്റെ വളർച്ചാ വഴികളിൽ മതത്തെപ്പോലും ഉൾക്കൊള്ളിക്കാൻ കെൽപുള്ള ഒന്ന്. ബാബ്‌രി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം മലയാളത്തിലുണ്ടായ പ്രസിദ്ധ കവിതയിൽ, കെ.ജി.എസിന്റെ തത്വചിന്തയുമായി ഞാൻ ഉലാത്തുമ്പോൾ എന്ന കവിതയിൽ, ബോധോദയത്തിന് ഇക്കാലത്ത് ബോധിത്തണൽ ആവശ്യമില്ല എന്ന് പറയുന്നുണ്ട്. പക്ഷെ, ബോധിത്തണലിന്റെ ചരിത്രം അതിൽ അന്തർലീനമാണ്. ഇതറിയാത്തവർ സംസ്‌ക്കാരത്തിന്റെ ഘടനയിൽ മുളച്ച ആലിനെ അനുഷ്ഠാനപൂർവ്വം ആരാധിക്കുന്നു. അത് സംസ്‌ക്കാരത്തിന്റെ വാസ്തുവിനെ തകർക്കും എന്നോർക്കാതെ.
നമ്മുടെ കാലത്ത് ഇതാണ് സംഭവിക്കുന്നത്. ഭൂതാരാധന വർത്തമാനത്തെ തളംകെട്ടി നിർത്തുന്നു. ഒന്നും പുതുതായി പറയേണ്ടതില്ലെന്നത് ഫാസിസത്തിന്റെ ലക്ഷണങ്ങളിൽ ഒന്നായി ഉംബെർട്ടോ എക്കോ നമ്മെ ഓർമിപ്പിച്ചു. ലക്ഷണം മാത്രമല്ല അതെന്ന് നമുക്ക് അറിയാം. അതൊരു തീരുമാനം കൂടിയാണ്. പഴയ അർത്ഥം കുടിയിരിക്കുന്ന ഗ്രന്ഥം വായിക്കുമ്പോൾ നാം പഴഞ്ചരാകുന്നു എന്നാണർത്ഥം. പുതു പുതു അർത്ഥങ്ങളുടെ ലോകത്തേയ്ക്ക് പഴയ പാഠത്തെ കഥനമാക്കുമ്പോൾ നാം സ്വയം പുതുക്കപ്പെടുകയാണ്. അങ്ങനെ പുതുക്കപ്പെടാൻ, നമ്മുടെ പഴഞ്ചൻ കോശങ്ങളിൽ നിന്ന് നമ്മുടെ ചിന്തയെ രക്ഷിക്കാൻ ഈ പുസ്തകം സഹായിക്കും എന്നത് ഒരു ഒന്ന്, ഒന്നര ഉറപ്പാണ്. മലയാളത്തിൽ നീണ്ടകാലത്തിനുേേശഷമാണ് ഇത്തരം ഒരു പുസ്തകം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകം മലയാളികളിൽ നീറിപ്പിടിക്കട്ടെ എന്നാശിക്കുന്നു.