ഭാവിയെ എനിക്ക് ഭയമാണ്

വർത്തമാനകാലലോകത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന സ്ലവോയ് സിസെകിൻ്റെ 'Too Late To Awaken - What Lies Ahead When There is No Future?' എന്ന പുതിയ പുസ്തകം, ആരും ആഗ്രഹിക്കാത്ത ഒരു ഭാവിയെ ദീർഘദർശനം ചെയ്യുന്നു.

ചില ശാസ്ത്രഗവേഷകർ  കരുതുന്നതുപോലെ, അന്യഗ്രഹജീവികൾ ഭൂമിയിൽ ഇതിനകം  സന്ദർശനം നടത്തിയിട്ടുണ്ടാവാം. എന്നിട്ടും  മനുഷ്യരുമായി അവ നാളിതുവരെ ബന്ധമുണ്ടാക്കാൻ  ശ്രമിക്കാത്തതെന്തു കൊണ്ടായിരിക്കണം? 

പ്രശസ്ത സ്ലോവാക്യൻ ചിന്തകനായ സ്ലവോയ് സിസെക് (Slavoj Zizek) ഈ ചോദ്യം സ്വയം മുന്നോട്ടുവെച്ച് കണ്ടെത്തുന്ന ഉത്തരം ഇതാണ്: ''അവ നമ്മളെ കുറച്ചുകാലം സൂക്ഷ്മമായി നിരീക്ഷിച്ച്, ഇവരിൽ പ്രത്യേക താല്പര്യമൊന്നും വേണ്ടെന്ന് തീരുമാനിച്ച് തിരിച്ചുപോയതാവാം. താരതമ്യേന ചെറിയൊരു ഗൃഹത്തിലെ ശക്തരെന്നു കരുതുന്ന മനുഷ്യർ അവരുടെ നാഗരികതയെ  ഇല്ലാതാക്കാൻ ഒന്നിലധികം വഴികൾ ഇതിനകം സ്വയം നിർമിച്ചെടുത്തിട്ടുണ്ട്. കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും തകർച്ചയിലൂടെയുള്ള നാശം, അണുവായുധ പ്രയോഗത്തിലൂടെയുള്ള സ്വയം ഉന്മൂലനം, ആഗോളതലത്തിലെ സാമൂഹ്യ അസ്വാസ്ഥ്യം എന്നിവയിലൂടെ അവൻ സ്വയം  ഇല്ലാതായിക്കൊള്ളും." 

സ്ലവോയ് സിസെക്
സ്ലവോയ് സിസെക്

സിസെകിൻ്റെ 'Too Late To Awaken - What Lies Ahead When There is No Future?' എന്ന പുതിയ പുസ്തകത്തിലാണ് അദ്ദേഹമിത് ഇപ്രകാരം വിശദീകരിച്ചിട്ടുള്ളത്. സിസെക് വർത്തമാനകാലലോകത്തെ കൃത്യമായി അടയാളപ്പെടുത്തുകയാണ് ഇതിലൂടെ. മനുഷ്യർ അവരുടെ വംശത്തിൻ്റെ അവസാനം കാണാൻ തയ്യാറെടുക്കുകയാണ്. അവർക്ക് ഭാവിയെപ്പറ്റി വേവലാതിയുണ്ട്. ഭാവി ഇന്നിൻ്റെ തുടർച്ചയാണ് എന്ന പരമ്പരാഗത വിശ്വാസത്തിലാണ് അവർ അഭയം തേടിയിരിക്കുന്നത്. അത് തീർത്തും അലസമായ നേരിടലാണ്.  

ചിന്തിക്കുന്ന മനുഷ്യർക്ക് ഇന്നിപ്പോൾ അവരുടെ ചുറ്റിനുമുള്ള ലോകത്തിലേക്ക് നോക്കുമ്പോൾ ഭയം തോന്നുന്നതിൽ അത്ഭുതമില്ല. ലോകം വളരെ വേഗം പിന്നോട്ടു നടക്കുകയാണോ എന്നൊരു തോന്നൽ ചരിത്രബോധമുള്ളവരെ അലട്ടാനിടയുണ്ട്. ജനാധിപത്യത്തിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെയും കപട പ്രഭാഷണങ്ങൾ അവസാനിച്ചിരിക്കുന്നു. നമ്മൾ പച്ചയായ യാഥാർത്ഥ്യത്തെ നേരിടുകയാണ്. രക്ഷകൻ എന്നൊന്നില്ല. ലോകത്തിൻ്റെ പ്രശ്നങ്ങളും മാനവരാശിയുടെ മുന്നിലെ പ്രതിസന്ധികളും നേരിടാൻ പറ്റുന്ന ഒരു രാഷ്ട്രീയത്തെ അവർക്കിതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വിനാശത്തിന് മനഃക്ലേശമില്ലാതെ ഒത്താശ ചെയ്യുന്ന ഒരു രാഷ്ട്രീയമാണ് ലോകത്തെങ്ങും നിറഞ്ഞു നിൽക്കുന്നത്. തുച്ഛമായ തിരഞ്ഞെടുപ്പ് നേട്ടങ്ങൾ മാത്രം കൊതിക്കുന്ന ഒരു ജീർണരാഷ്ട്രീയം. അതിൽ പ്രതിക്ഷയ്ക്ക് വകയില്ല.

70 രാജ്യങ്ങളിലായി, ലോകജനസംഖ്യയുടെ പകുതിയിലധികം പേർ ഈ വരുന്ന വർഷം തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാവുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പ്രകീർത്തിക്കപ്പെടുന്ന ഇന്ത്യയിലടക്കം ദേശീയ തെരഞ്ഞെടുപ്പുകൾ അരങ്ങേറുന്ന വർഷം.

ഇന്ന്, ഡിസംബർ 27ന്, ബി.ബി.സി വാർത്തയിൽ കേട്ടതുപ്രകാരമാണെങ്കിൽ 2024 ചരിത്രത്തിലേക്കും വെച്ച് ഏറ്റവും വലിയ ഇലക്ഷൻ വർഷമാണ്. 70 രാജ്യങ്ങളിലായി, ലോകജനസംഖ്യയുടെ പകുതിയിലധികം പേർ ഈ വരുന്ന വർഷം തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാവുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പ്രകീർത്തിക്കപ്പെടുന്ന ഇന്ത്യയിലടക്കം ദേശീയ തെരഞ്ഞെടുപ്പുകൾ അരങ്ങേറുന്ന വർഷം. അതേ, ഇന്ത്യയിലടക്കം തീവ്രവലതുപക്ഷം അധികാരത്തിലെത്തുവാനാണ് സാധ്യത എന്നും അവർ പറഞ്ഞു വെക്കുന്നു. ജനാധിപത്യം നോക്കുകുത്തിയാവുന്നു. തിരിച്ചുചിന്തിക്കുന്നവർ വളരെ കുറവാണ്. പുതിയകാല ചരിത്രം ഈ പ്രവചനത്തെ ശരിവെക്കുന്നു. ചില വർത്തമാനകാല യാഥാർത്ഥ്യങ്ങളെ മാത്രം പരിശോധിക്കാം. 

യുദ്ധകാലത്തിൻ്റെ
തിരിച്ചുവരവ് 

ലോകത്തിൻ്റെ മുന്നിലിപ്പോൾ  രണ്ടു യുദ്ധങ്ങൾ നടക്കുന്നുണ്ട്. യുക്രൈനും റഷ്യയും തമ്മിലുള്ള നീണ്ട യുദ്ധം ഒരു ഭാഗത്ത്. ഇസ്രായേൽ - പലസ്തീൻ യുദ്ധം മറ്റൊരു ഭാഗത്ത്. നിലപാടുകളിലെ വൈരുദ്ധ്യം മറച്ചുവെക്കാതെ, അമേരിക്ക യുക്രൈനിൻ്റെയും ഇസ്രായേലിൻ്റെയും പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നു. യുദ്ധം നിലക്കാതെ തുടരണം എന്നും അവരാഗ്രഹിക്കുന്നു. അപകടസാധ്യതകൾ അറിയാഞ്ഞിട്ടല്ല. അതിലും വലുതാണ് ഹ്രസ്വമായ അവരുടെ താല്പര്യങ്ങൾ. യുദ്ധം സിസെക് സൂചിപ്പിച്ച മുന്നു കാരണങ്ങളുടെയും ആക്കം കൂട്ടും എന്ന് ആർക്കാണറിയാത്തത്. ചരിത്രത്തിൽ നിന്ന് നമ്മളെന്താണ് ഒന്നും പഠിക്കാത്തത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുന്നു.

Photo/Kostiantyn Liberov
Photo/Kostiantyn Liberov

ചരിത്രം പ്രതികാരബുദ്ധിയോടെ തിരിച്ചു വരുന്ന കാഴ്ചയാണ് യുക്രൈനിൽ. 2022 ഫെബ്രുവരി 24 ന് യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശം ഇപ്പോഴും തുടരുകയാണ്. അവിടെ നിന്നുള്ള ദുരന്ത വാർത്തകളിൽ പോലും ലോകത്തിന് താല്പര്യം കുറഞ്ഞു തുടങ്ങി. തീർച്ചയായും,  ഇതിൻ്റെ തുടർച്ച പുതിയൊരു ലോകക്രമത്തിന് വഴിയൊരുക്കുക തന്നെ ചെയ്യും.  

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും കിരാത യാതനകൾ അനുഭവിച്ചവരാണ് ജൂതസമൂഹം. അതേ യാതനകൾ ഒട്ടും മടി കൂടാതെ അവരിന്ന് മറ്റൊരു സമൂഹത്തിനുമേൽ അടിച്ചേല്പിക്കുന്നു. ഹിറ്റ്ലർ നടത്തിയ മനുഷ്യവേട്ട അവർ മറന്നിരിക്കുന്നു. ഗ്യാസ് ചേമ്പറും ഓഷ്വിറ്റ്സും മറന്നുപോയിരിക്കുന്നു. പലസ്തിനെ അവർ കോൺസൻട്രേഷൻ ക്യാമ്പാക്കി മാറ്റിയിരിക്കുന്നു. ഇരുപതു ലക്ഷത്തോളം വരുന്ന ജനങ്ങളെ പല വഴിക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നു. ഇടയ്ക്കിടെ വംശഹത്യയിലൂടെ ശത്രുവിനെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനെതിരേ ശബ്ദമുയർത്താൻ ലോകത്തെ വൻശക്തികളൊന്നും തയ്യാറുമല്ല. അമേരിക്കയിലെ സർവകലാശാലകളിൽ പോലും പലസ്തീൻ അനുകൂല ശബ്ദങ്ങൾക്ക് വിലക്കുണ്ടാവുന്നു. 

ദേശീയതയുടെ പേരിലും മതപരതയുടെ പേരിലും വംശീയതയുടെ പേരിലുമുള്ള സംഘർഷങ്ങൾ മിക്ക രാജ്യങ്ങളിലും  വർദ്ധിക്കുന്നു. ഇതെല്ലാം യുദ്ധ കാരണങ്ങളായിത്തീരാവുന്നതേയുള്ളൂ.

ഒക്ടോബർ 7 നു ശേഷം പലസ്തീനിൽ ഇസ്രായേൽ ആക്രമത്തിൽ കൊല്ലപ്പെട്ടത് 21,000- ലധികം പേരാണ്. അതിലധികവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിൻ്റെ ഇപ്പോഴത്തെ ആക്രമത്തെ ബെഞ്ചമിൻ നെതന്യാഹു എന്ന ഇസ്രായേൽ ഭരണാധികാരി ഒരു ‘സുവർണാവസര’മായി ഉപയോഗിക്കുകയാണ്. 1400 പേർക്കു പകരം ഒരു ജനതയെ ഒന്നടങ്കം ഇല്ലാതാക്കുക എന്നതാണ് ഇസ്രായേൽ കൈക്കൊണ്ട നയം. ലോകമിപ്പോഴും പറഞ്ഞു നടക്കുന്നത് ഹമാസിൻ്റെ ആക്രമത്തെപ്പറ്റി മാത്രമാണ്. അതനിവാര്യമാക്കിയ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി എങ്ങും ചർച്ചയില്ല. ഹമാസിനെ പ്രകോപിപ്പിച്ച ചരിത്രപരമായ സംഭവങ്ങളെ ലോകം മറന്നുകളഞ്ഞു. വെസ്റ്റ് ബാങ്കും കിഴക്കൻ ഇസ്രായേലും എങ്ങനെ ഇസ്രായേലിൻ്റെ കയ്യിലായി എന്നത് ആരും അന്വേഷിക്കുന്നില്ല. 1948-ലെയും 1967- ലെയും യുദ്ധങ്ങൾ ആരും ഓർക്കുന്നില്ല. അതിനു ശേഷം നടന്ന സമാധാന ചർച്ചകളും ഉടമ്പടികളും ചർച്ചയാവുന്നില്ല. പലസ്തീൻ പ്രശ്നത്തെപ്പറ്റി മുമ്പ് വായിച്ച ഒരു പുസ്തകം ഓർമയിൽ  വരികയാണ്. റഷീദ് ഖാലിദി  (Rashid  Khalidi) രചിച്ച 'The Hundred Years of War on Palestine ' എന്ന പുസ്തകം. ആ പുസ്തകം അദ്ദേഹം സമർപ്പിച്ചത് അദ്ദേഹത്തിൻ്റെ കൊച്ചു മക്കൾക്കാണ്. ആ സമർപ്പണവാചകം ഇങ്ങനെയാണ്: ‘‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജനിച്ച എൻ്റെ കൊച്ചുമക്കളായ താരിഖ്, ഇദ്രീസ്, നൂർ എന്നിവർക്ക് ഞാനീ പുസ്തകം സമർപ്പിക്കുകയാണ്. നൂറു വർഷം പിന്നിടുന്ന ഈ യുദ്ധത്തിൻ്റെ അവസാനം അവർക്കെങ്കിലും കാണാനാവുമെന്ന പ്രതീക്ഷയോടെ."

റഷീദ് ഖാലിദി
റഷീദ് ഖാലിദി

തൻ്റെ മുതുമുത്തച്ഛന്മാരുടെ കാലം മുതൽ തുടങ്ങിയ ഈ ദുരന്തത്തിന് തൻ്റെ കൊച്ചുമക്കളുടെ കാലത്തെങ്കിലും പരിഹാരം കാണാനാവും എന്നാണ് ഈ ചരിത്രപണ്ഡിതൻ പ്രത്യാശിക്കുന്നത്. രണ്ടു വർഷം മുമ്പാണ് ഈ പുസ്തകം പുറത്തുവന്നത്. അദ്ദേഹത്തിന് നിരാശപ്പെടേണ്ടി വരും എന്നാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. യാഥാർഥ്യബോധത്തോടെ നോക്കിയാൽ പലസ്തീൻ പ്രശ്നത്തിന് ലോകാവസാനം വരെ പരിഹാരമുണ്ടാവുമെന്ന് തോന്നുന്നില്ല. പരിഹാരം കണ്ടെത്താനുള്ള മനസ് ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. 

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങളുടെയൊക്കെ ജീവിതകാലം താരതമ്യേന മനുഷ്യചരിത്രത്തിലെ സമാധാനപൂർവ്വമായ കാലമായിരുന്നു എന്ന് കാണാൻ കഴിയും. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതി മറിച്ചായിരുന്നല്ലോ. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം വീണ്ടും സംഘർഷങ്ങളിലേക്ക് കുതിക്കുകയാണ്. ആഗോളതലത്തിൽ ഒരു സംഘർഷാവസ്ഥ വന്നേക്കുമെന്ന് പലരും ഭയപ്പെടുന്നു. സൈനികചെലവുകൾ കുതിച്ചുയർന്നുതുടങ്ങി.

ദേശീയതയുടെ പേരിലും മതപരതയുടെ പേരിലും വംശീയതയുടെ പേരിലുമുള്ള സംഘർഷങ്ങൾ മിക്ക രാജ്യങ്ങളിലും  വർദ്ധിക്കുന്നു. ഇതെല്ലാം യുദ്ധ കാരണങ്ങളായിത്തീരാവുന്നതേയുള്ളൂ. യുദ്ധം സാധ്യവും യുദ്ധവിജയം എന്നത് അസാധ്യവുമായ ഒരു കാലമാണ് വരാനിരിക്കുന്നത് എന്ന് യുവാൽ നോവാ ഹരാരി അദ്ദേഹത്തിൻ്റെ '21 Lessons for the 21st Century' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.  ഭാവിയ്ക്കു വേണ്ടി അപ്രസക്തമായ ഭൂതകാലത്തെ പുനർവ്യാഖ്യാനം ചെയ്യാൻ പഠിച്ച ഒരു തലമുറയാണ് നമ്മുടേത്. ഭാവി ലോകയുദ്ധത്തിൻ്റേതാകുമോ?

ടെക്നോ ഫ്യൂഡലിസം

മുതലാളിത്തത്തിന് ബദലായി ടെക്നോ ഫ്യൂഡലിസം വന്നു കഴിഞ്ഞു എന്നാണ് ഗീക്ക് സാമ്പത്തിക ശാസ്ത്രജ്ഞനായ യാനിസ് വാറുഫാകിസ് (Yanis Varoufakis) കരുതുന്നത്. മനുഷ്യമനസ്സിൽ അടിമമനോഭാവം ബലപ്പെടുത്തിക്കൊണ്ട് ഇൻ്റർനെറ്റ് ലോകത്തെ നിയന്ത്രിച്ചു തുടങ്ങി. ഇൻ്റർനെറ്റ് ഉല്പാദിപ്പിക്കുന്ന പുതിയ തരം കാപ്പിറ്റൽ - ക്ലൗഡ് കാപ്പിറ്റൽ - (Cloud Capital)  സാമ്പ്രദായിക മുതലാളിത്തത്തെ കൊന്നുകളയുകയും അതിനു ബദലായി നിലകൊള്ളുകയും ചെയ്തു. അത് തീർച്ചയായും കൂടുതൽ വിനാശകരമായിരിക്കും എന്നാണ് അദ്ദേഹം 'Techno Feudalism - What Killed Capitalism' എന്ന പുതിയ പുസ്തകത്തിൽ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് ജെഫ് ബെസോസ് ഒരു മൂലധനവും ഉല്പാദിപ്പിക്കുന്നില്ല. എന്നിട്ടും അയാൾ ഭീമമായ വാടക നേടിയെടുക്കുന്നു. ഇതു ക്യാപ്പിറ്റലിസമല്ല; തികഞ്ഞ ഫ്യൂഡലിസമാണ്.

മനുഷ്യർ വെറും പാവകളായി മാറുകയാണ്. യന്ത്രസാമ്രാജ്യത്തിൻ്റെ ഇന്ധനമായി മനുഷ്യർ മാറിക്കഴിഞ്ഞു. ഇതുവഴി പുതിയ ടെക് കമ്പനികളാണ് സമ്പാദ്യമുണ്ടാക്കുന്നത്.

നിസ് വാറുഫാകിസ്
നിസ് വാറുഫാകിസ്

അൽഗോരിതമാണ് ഇപ്പോൾ മൂലധനത്തെ നിർമിക്കുന്നത്. അതിനെയാണ് 'ക്ലൗഡ് കാപ്പിറ്റൽ' എന്ന് വാറുഫാക്കിസ് വിശേഷിപ്പിക്കുന്നത്. ലോകത്തിൻ്റെ അധികാരം ഈ മൂലധന സൃഷ്ടാക്കളിൽ വന്നുചേർന്നിരിക്കുന്നു. ഇവർ  'ക്ലൗഡലിസ്റ്റ്സ് ' എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ വളർച്ച അസാധാരണ വേഗതയിലാണ്.  ഈ പുതിയ അധികാരശക്തികൾ  നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിപ്പണിക്കുകയാണെന്നും ഇത് സോഷ്യൽ ഡെമോക്രസിക്ക് വലിയ ഭീഷണിയാണെന്നും വാറുഫാകിസ് ഭയപ്പെടുന്നു. നമ്മൾ നടത്തുന്ന ഓരോ ക്ലിക്കിലും സ്ക്രോളിലും  ഈ അധികാരം കൂടുതൽ കൂടുതൽ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ലോകാവസാനം കുറേക്കൂടി അടുത്തു കഴിഞ്ഞു എന്ന തോന്നലാണ് ഇതെല്ലാം ഉണ്ടാക്കുന്നത്.  

പൊതുവിൽ സാങ്കേതികവിദ്യയുടെ ആവാസവ്യവസ്ഥ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് സുലൈമാൻ താക്കീതു നൽകുന്നു. സാധ്യതയേക്കാൾ അപായങ്ങളെപ്പറ്റിയുള്ള ഉത്കണ്ഠകളാണ് അദ്ദേഹം നിരത്തുന്നത്.

നിർമിതബുദ്ധിയുടെ
പ്രത്യാഘാതങ്ങൾ

2024-ൽ നിർമിതബുദ്ധി ലോകത്തിലെ വലിയ സ്വാധീനമായി വികസിക്കും എന്ന പ്രവചനങ്ങൾ എല്ലായിടത്തും കേൾക്കാനുണ്ട്. അത് ശരിയാവാനാണ് സാധ്യത. മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളിലും ഇനിയങ്ങോട്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എ.ഐ) ഇടപെടലുകളുണ്ടാവും. അതിനെ മറ്റൊരു സാങ്കേതിക മുന്നേറ്റം എന്ന രീതിയിൽ മാത്രം നോക്കിക്കണ്ടാൽ മതിയോ? ഈ സ്വാധീനം വർദ്ധിക്കുന്നതോടെ മനുഷ്യബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്നും ലോകം കൈവിട്ടു പോകുമോ? സാമൂഹികവും നിയമപരവുമായ വ്യവസ്ഥകൾക്ക് എ.ഐ സാങ്കേതിക വിദ്യ വഴങ്ങുമോ? 
ഇത്തരം സന്ദേഹങ്ങൾ ആ സംവിധാനത്തിൻ്റെ സൃഷ്ടാക്കൾക്കു പോലുമുണ്ട്. നിർമിതബുദ്ധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെപ്പറ്റിയും അവരിൽ ചിലർ  ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

എ.ഐ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡീപ് മൈൻഡ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ മുസ്തഫ സുലൈമാന് ( Mustafa Suleyman) ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ട്. അദ്ദേഹമെഴുതിയ 'The Coming Wave ' എന്ന പുസ്തകം നിർമിതബുദ്ധിയുടെ പ്രത്യാഘാതങ്ങളെപ്പറ്റിയാണ് വിശദീകരിക്കുന്നത്. നമ്മുടെയെല്ലാം ജീവിതം നിർണായകമായ വഴിത്തിരിവിലെത്തിനിൽക്കുകയാണ് എന്നും അപായ സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹമതിലെഴുതി. സൃഷ്ടാക്കളെ അത്ഭുതപ്പെടുത്തിക്കെണ്ടാണ് അത് വളർന്നു വികസിച്ചു കൊണ്ടിരിക്കുന്നത്. പൊതുവിൽ സാങ്കേതികവിദ്യയുടെ ആവാസവ്യവസ്ഥ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് സുലൈമാൻ താക്കീതു നൽകുന്നു. സാധ്യതയേക്കാൾ അപായങ്ങളെപ്പറ്റിയുള്ള ഉത്കണ്ഠകളാണ് അദ്ദേഹം നിരത്തുന്നത്.

മുസ്തഫ സുലൈമാന്‍
മുസ്തഫ സുലൈമാന്‍

റോബോട്ടുകൾ യുദ്ധത്തിൻ്റെ ഭാഗമാവുന്നത് എന്നായിരിക്കും എന്ന് ചിലപ്പോഴൊക്കെ ഞാനാലോചിക്കാറുണ്ട്. സൈനികർക്കു പകരം ആധുനിക റോബോട്ടുകൾ യുദ്ധക്കളത്തിലെത്തി മനുഷ്യരെ നിഷ്കരുണം കൊന്നൊടുക്കുന്ന വാർത്തയ്ക്ക് അധികമൊന്നും കാലതാമസമുണ്ടാവില്ല. മനുഷ്യർ അവരുടെ സിദ്ധികളെല്ലാം യന്ത്രത്തിനു നൽകി സ്വസ്ഥനാവാൻ കൊതിച്ചിരിക്കും. അവരുടെ സത്തയെ അപ്പാടെ സോഫ്റ്റ് വെയറായോ അൽഗോരിതമായോ മാറ്റിയെടുക്കാൻ  ശ്രമിച്ചതുമാവാം. എന്നാലത് നിയന്ത്രണം അസാധ്യമായ നിലയിലേക്കു വളർന്നു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ സേച്ഛാധിപത്യം നടപ്പിലാവാൻ പോവുകയാണ്. ആരും ആഗ്രഹിക്കാത്ത ഒരു ഭാവിയാണ് നമ്മളെ കാത്തിരിക്കുന്നത്. 

ചരിത്രവും ഭാവിയും

വളരെ വൈകിയാൽ മാത്രമേ നമ്മൾ  പരിഹാരത്തിന് ശ്രമിക്കൂ എന്നത് നമ്മുടെ പതിവാണല്ലോ എന്നും പറഞ്ഞാണ് സിസെക് തൻ്റെ പുസ്തകത്തിൻ്റെ അവസാന അധ്യായം തുടങ്ങുന്നത്. താൽക്കാലിക രക്ഷപ്പെടലിനും, മാറ്റിവെക്കലിനും, ഒന്നും ചെയ്യാതിരിക്കുന്നതിനും പകരം പ്രശ്നത്തിൻ്റെ വേരുകളിലേക്കിറങ്ങി ഈ പ്രതിസന്ധിയെ അടിയന്തിരമായി നേരിടേണ്ടതുണ്ട്. ചരിത്രത്തെ അതിൻ്റെ വഴിക്കു വിടാൻ പാടില്ല; ടെക്നോളജിയെയും. വിവരസാങ്കേതികവിദ്യ പരത്തികൊണ്ടു നടക്കുന്നത് കൂടുതലും അപ്രസക്തമായ വിവരങ്ങളാണ്, വിവരക്കേടുകളും . അതുകൊണ്ടുതന്നെ ലോകത്തിന് ഒരു കാര്യത്തിലും പഴയ വ്യക്തതയില്ല. കാലം നമുക്ക് ഇളവുകളൊന്നും തരികയില്ല. ചരിത്രത്തെ കൂട്ടുപിടിച്ച് കണക്കു തീർക്കുന്നവരാണ് അധികാരത്തിലേക്ക് കൂട്ടം കൂട്ടമായി വന്നുകൊണ്ടിരിക്കുന്നത്. അവരെ തടയണം. രാഷ്ട്രീയം എന്തുകൊണ്ടാണ് പരാജയപ്പെടുന്നത് എന്നു കണ്ടെത്തണം. 

വിവേകശാലികളായ നേതാക്കൾക്കുമാത്രമെ ജനാധിപത്യത്തിൻ്റെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സുരക്ഷയുടെയും അഭിവൃദ്ധിയുടെയും സത്ത മനസ്സിലാവൂ. അവർക്കു മാത്രമെ യുദ്ധത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സാങ്കേതികവിദ്യയുടെ നൃശംസതയിൽ നിന്നും മാനവരാശിയെ രക്ഷിക്കാനാവൂ. മനുഷ്യൻ്റെ വിധിയിൽ പ്രത്യാശയില്ലാതെയാണ് ഞാൻ ഭാവിയിലേക്ക് നോക്കുന്നത്. അവിടെ ഭയം തളം കെട്ടിക്കിടക്കുന്നു. രക്ഷകവേഷത്തിലെത്തി അരങ്ങത്തു നിൽക്കുന്നവരെല്ലാം  യഥാർത്ഥ കൊലയാളികളാണ്. അവരെ അധികാരത്തിൽ നിന്ന് നിഷ്കാസിതരാക്കുക എന്നതാണ് ആദ്യപടി. അത്തരക്കാരുടെ രാഷ്ടീയത്തെ തിരിച്ചറിയുക എന്നതും. ഭാവിയിൽ നിന്നും ചരിത്രത്തെ പിഴുതെറിയണം. കാരണം ചരിത്രം എന്നത് അസത്യങ്ങളാൽ വിഷലിപ്തമാക്കപ്പെട്ടിരിക്കുന്നു. നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും പിന്നെയും വരാനുള്ള കുഞ്ഞുങ്ങൾക്കും കൂടിയുള്ള ഭാവിയെപ്പറ്റിയാണ് നമ്മൾ ചിന്തിക്കേണ്ടത്. അതിൻ്റെ പേരാണ് മാനവികത.
അത് നിർമ്മിത ബുദ്ധിയാൽ ശാസിക്കപ്പെടുന്ന ഒന്നാവരുത്. 
യുദ്ധങ്ങളാൽ ഇല്ലാതായിപ്പോകുന്ന ഒന്നുമാവരുത്. വലതുപക്ഷ പോപ്പുലിസത്തിൻ്റെ വികലമൂല്യങ്ങളാൽ വിഷലിപ്തമായ ഒന്നുമാകരുത്.
ചരിത്രത്തിൻ്റെ തുടർച്ചയിൽ നിന്ന് മുക്തി നേടിക്കൊണ്ട്  നമുക്ക് പുതിയൊരു ഭാവിയെ കണ്ടെത്താൻ കഴിയണം. 


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments