കെ. എൻ. പ്രശാന്ത്

നിഗൂഢതകൾ ബാക്കിയാക്കിഓരോ പെണ്ണും ഓരോ കഥ സമ്മാനിക്കും

പൊനം എന്ന നോവൽ ആണിന്റെ പകയുടെയും കാമത്തിന്റെയും കഥ മാത്രമല്ല. പെൺ കാമനകളുടെയും ഒരു പരിധിവരെ ആണിന്റെ മേൽ അവളുടെ അധികാരം ആഘോഷിക്കപ്പെടുന്നതിന്റെയും കഥ കൂടിയാണ്.

പുനമൊരു കൃഷിയാണ്. കാടുപിടിച്ച ഭൂപ്രദേശങ്ങൾ വെട്ടിത്തെളിച്ചും ചുട്ടുകരിച്ചും നടത്തുന്ന കൃഷി. പുനം എന്നത് ലോപിച്ചാണ് പൊനമായി മാറിയത്. കാസർഗോഡിന്റെ വനാതിർത്തിക്കുള്ളിലെ ഒരു ഇരുണ്ട പ്രദേശം വെട്ടിത്തെളിച്ച് വായനക്കാരെ ഒപ്പം കൂട്ടി മനോഹരമായ കഥയൊരുക്കിയിരിക്കുകയാണ് പൊനം എന്ന ആദ്യ നോവലിലൂടെ കെ. എൻ. പ്രശാന്ത്. ആദ്യനോവലിന്റെ ഘടനയും ഭാഷാശൈലിയും എടുത്തു പറയേണ്ടതാണ്.

പാമ്പിന്റെ പൊത്ത്‌ എന്നൊരർത്ഥം കൂടി പൊനം എന്ന വാക്കിനുണ്ട്. കാട് കടന്ന് പൊത്തു തിരഞ്ഞുപിടിച്ച്​ പാമ്പിനെ പുറത്തുചാടിക്കുന്ന അതിവിദഗ്ധമായ ക്ലൈമാക്സിലേക്കാണ് പ്രമേയം വികസിക്കുന്നത്​. വിവിധ ജാതി- മത വിഭാഗങ്ങളിലെ മനുഷ്യരുടെ ജീവിതത്തിലൂടെ കാടും, നായാട്ടും, കള്ളത്തടി വെട്ടും, വാറ്റും കോഴിപ്പോരും, രാഷ്ട്രീയവും, വ്യഭിചാരവും കഥയിൽ നിറയുന്നു. നിറയെ നാട്ടുകഥകൾ മുത്തുപോലെ കോർത്തെടുത്ത് വശ്യമായൊരു മാല തീർത്തിരിക്കുകയാണ് എഴുത്തുകാരൻ. കരിമ്പൊനത്തിന്റെ കഥ തേടിയെത്തുന്ന ചെറുപ്പക്കാരനായ ഒരു സിനിമക്കാരന്റെ പിന്നാലെയാണ് വായനക്കാരുടെ കണ്ണും മനസ്സും ചലിക്കുന്നത്. അയാൾ കഥ തിരയുന്നതിലൂടെ വായനക്കാരും കാടിറങ്ങുകയും കാട്ടിലെ അത്ഭുതങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

പലരും പറഞ്ഞ കഥകൾ ചേർത്തുവെച്ചതാണെങ്കിലും മൂന്നു കാലങ്ങളും സമ്മേളിക്കുന്ന രസകരമായ സങ്കീർണതയിലാണ് ഈ നോവലിന്റെ സൗന്ദര്യം നിറഞ്ഞിരിക്കുന്നത്. കാടിന്റെ നിയമങ്ങളും രീതികളും വ്യത്യസ്തമാണ്. പകയും, വേട്ടയും, വന്യമായ കാമവും രതിയും, പറങ്കിമാങ്ങയുടെയും പെണ്ണിന്റെയും ലഹരി സിരയിലൂടെ ഒഴുകുന്ന ആണുങ്ങളും നിറഞ്ഞ കാട്. എല്ലാ നിയമങ്ങളും ഉണ്ടാക്കുന്നതിനു മുമ്പേ കാടിനൊരു ഭരണഘടന ഉണ്ടായിട്ടുണ്ട്. വേട്ടയാണ് അവിടുത്തെ നിയമസംഹിത. പൊറുക്കുക എന്നത് എഴുതിച്ചേർക്കാത്ത ആ കരടു രേഖയിൽ കുറ്റവും ശിക്ഷയും കാടിന്റെ നിയമങ്ങളായി തുടർന്നു. അങ്ങനെയുള്ള കാട്ടിലെ പെൺകഥകളെ തേടി വേറിട്ടൊരു വായനാ കാഴ്ച​യിലേക്കാണ് നാം പോകുന്നത്.

പൊനം എന്നത് ഒരു പറ്റം ആൺ കൈയ്യൂക്കിന്റെയും കാടിനെ അടക്കി വാണ നാലു പെണ്ണുങ്ങളുടെയും കഥയാണെങ്കിലും അതിലെ പെണ്ണുങ്ങളെ മാത്രം സൂക്ഷിച്ചു നോക്കിയാൽ അവർക്കുതന്നെ ഒത്തിരി കഥകൾ പറയാനുണ്ട് എന്നു കാണാം.

കഥ തേടിവരുന്ന സിനിമക്കാരൻ ആദ്യം കണ്ടുമുട്ടുന്നയാളാണ് കരിയൻ. സിനിമാക്കാരനൊപ്പം ചേർന്ന്​ വയറു നിറയെ കള്ള് കുടിച്ച്​ അയാൾ നാടിന്റെ കഥ പറഞ്ഞു കൊടുക്കുന്നു. ഒപ്പം, ഒരു ചരിത്രത്തിന്റെ ചുരുളുകൾ കൂടി അഴിച്ചെടുക്കുന്നു. സിനിമാക്കാരനുവേണ്ടത് നാടിന്റെ കഥ മാത്രമല്ലെന്നും ഒരു കൊലപാതകത്തിന്റെ രഹസ്യം കൂടിയാണെന്നും കള്ളിന്റെ ലഹരിയിൽ കരിയന് മനസിലാകുന്നില്ല. പകയുടെ തുടർച്ചകളെ ഓർമിപ്പിച്ച്​ അയാൾ ഓരോ കഥയും പറയുന്നു. കഥ കേൾക്കുന്ന സിനിമാക്കാരനോ വായനാക്കാർക്കോ ഭയമോ സഹതാപമോ ജനിക്കില്ല. കാരണം, ഭൂമിയിൽ മനുഷ്യരക്തമൊഴുക്കാൻ കാരണക്കാരായ ഒരാളും സഹതാപം അർഹിക്കുന്നില്ല എന്നതുകൊണ്ടുതന്നെ. കുടിച്ച കള്ളിന്റെ നന്ദിസൂചകമായി കരിയൻ കഥകളുടേയും കരിമ്പുനത്തിന്റെയും രഹസ്യ വാതിൽ അയാൾക്കുമുന്നിൽ തുറന്നുകൊടുക്കുന്നു. കാട്ടിലെ ആണുങ്ങളുടെ ഉറക്കം കെടുത്തുന്ന, അവരുടെ ഞരമ്പിൽ തീ പടർത്തുന്ന രതി ദേവതമാരുടെ അടുത്തേക്ക് വായനക്കാരെയും ഒപ്പം കൂട്ടുന്നു. പക വിതച്ച്​ പക തന്നെ വിളവെടുക്കുന്ന പൊനത്തിന്റെ പകകൃഷിയെപറ്റി അറിവ് തരുന്നു. അതിനായി ആണിനെ പ്രേരിപ്പിക്കുന്നതാകട്ടെ കള്ളും, പെണ്ണും, പ്രതികാരവുമാണ്.

പൊനം എന്നത് ഒരു പറ്റം ആൺ കൈയ്യൂക്കിന്റെയും കാടിനെ അടക്കി വാണ നാലു പെണ്ണുങ്ങളുടെയും കഥയാണെങ്കിലും അതിലെ പെണ്ണുങ്ങളെ മാത്രം സൂക്ഷിച്ചു നോക്കിയാൽ അവർക്കുതന്നെ ഒത്തിരി കഥകൾ പറയാനുണ്ട് എന്നു കാണാം. ഒരു സ്ത്രീപക്ഷ വായനയായി പൊനത്തിനെ മാറ്റിയാൽ ഓരോ സ്ത്രീയും ഓരോ കഥകളായി മാറുന്നു. നിഗൂഢതകൾ നിറച്ച് ദുരൂഹമായി അവശേഷിക്കുന്ന കഥകൾ. അവിടെയാണ് പൊനത്തിലെ കാടിന്റെ ബിംബത്തിന്റ പ്രസക്തി. ഇതിലെ കാടെന്ന പ്രകൃതിസങ്കല്പവും ഒരു സ്ത്രീസങ്കല്പമാണ്. പ്രകൃതിയും, പെണ്ണും ഒന്നിച്ചു ചേർന്നാണ് പൊനത്തിലെ ആണിനെ വശീകരിക്കുകയും, തളയ്ക്കുകയും ചെയ്യുന്നത്.

ഇതിലെ കാടെന്ന പ്രകൃതിസങ്കല്പവും ഒരു സ്ത്രീസങ്കല്പമാണ്. പ്രകൃതിയും, പെണ്ണും ഒന്നിച്ചു ചേർന്നാണ് പൊനത്തിലെ ആണിനെ വശീകരിക്കുകയും, തളയ്ക്കുകയും ചെയ്യുന്നത്

മണ്ണും ജീവജന്തു വൈവിധ്യങ്ങളും അടങ്ങുന്ന കാടിന്റെ ബാഹ്യരൂപം മാറ്റിനിർത്തിയാൽ ലോകത്തിലെ എല്ലായിടത്തുമുള്ള കാടെന്ന ഘടനയുടെ ഒരു പൊതുസ്വഭാവം ഇവിടെ പ്രകടിപ്പിക്കുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങൾ രണ്ടുതരത്തിൽ കാടിനെ വ്യാഖ്യാനിക്കുന്നു. നിലാവില്ലാത്ത രാത്രിയിലെ കാട് മൂന്നിരട്ടി കാടാണ്. ഇരുട്ടിന്റെ ഇരുട്ട് അറിയണമെങ്കിൽ വനത്തിലൂടെ നടക്കണം. മണ്ണും അടിക്കാടും ഒന്നാക്കി അന്ധകാരം ഉറങ്ങിക്കിടക്കുന്ന വഴികളാണവ. എന്നാൽ പകൽവെളിച്ചത്തിലെ കാടല്ല നിലാവിൽ നിൽക്കുന്ന കാട്. അത് മനുഷ്യരെയും മതങ്ങളെയും തന്നിലേക്കാകർഷിക്കും. എന്നത്തേക്കാളും വലിയ ചന്ദ്രൻ ഒരു കൂറ്റൻ മരത്തിന്റെ ചില്ലയിൽ കയറിയിരിക്കുന്നതായും ഇടതൂർന്ന കാടിനു മുകളിൽ നിലാവു തൂകിപ്പരന്ന്​ മരങ്ങളുടെ തലയെടുപ്പോടെ ഒഴുകി അടിക്കാടുകളിൽ വിടർന്ന് മണം പരത്തുന്ന രാവുകൾക്ക് വെളുത്ത നിറം നൽകുന്നതായും സങ്കല്പമുണ്ട്. കാടിനെ കാണുന്ന വ്യത്യസ്ത കണ്ണുകളുടെ നിരീക്ഷണമാണിത്.

ആരുടെ മുന്നിലും കീഴടങ്ങാത്ത സ്വയംനിർണയാവകാശമുള്ള സ്വതന്ത്ര രാജ്യങ്ങളായിരുന്നു പാർവതിയും രമ്യയും. ശരീരമെന്ന സാമ്രാജ്യം ആർക്കു മുന്നിലും അടിയറവ് വയ്ക്കാൻ അവർ തയ്യാറായിരുന്നില്ല. ആണുങ്ങളുടെ രക്തത്തിന് കട്ടി കൂട്ടുന്ന നാലു സുന്ദരികൾ.

കരിമ്പുനത്തെ പെണ്ണും ഇതേപോലെയാണ്. പകൽ വെളിച്ചത്തിൽ പറങ്കിമാങ്ങ ശേഖരിച്ചും റാക്ക് വാറ്റിയും അവൾ തെളിഞ്ഞുനടക്കും. എന്നാൽ ഇരുട്ടിലവൾ മറ്റൊരാളായി മാറും. നിലാവ് പരക്കുമ്പോൾ അവൾ കരിമ്പനത്തിലെ ആണുങ്ങളെ തന്നിലേക്കാകർഷിക്കും. അവളിൽ രാപ്പൂവുകൾ വിടരുകയും തേൻ നിറഞ്ഞു സുഗന്ധം പരത്തുകയും ചെയ്യും. അവൾക്കടിമപ്പെടുന്നവന്റെ മുകളിൽ അധീശത്വം സ്ഥാപിച്ച്​ അയാളിൽ ആനന്ദത്തിന്റെ വെളിച്ചം നിറയ്ക്കും.

പൊനത്തിലെ പെണ്ണിടങ്ങളെ തേടിയുള്ള യാത്ര കൂടിയാണിത്. ഉച്ചിരി, ചിരുത, പാർവതി, രമ്യ എന്നീ നാലു പെണ്ണുങ്ങളിലാണ് കാടിന്റെ ജീവനെങ്കിലും ശൈലജ, സെലിൻ, ചഞ്ചല, ശാന്ത, വിശാല തുടങ്ങിയ പെണ്ണുങ്ങളും കഥയിൽ വന്നു പോകുന്നുണ്ട്. ഉച്ചിരയിൽ നിന്നാണ് പുനത്തിലെ രാവുകൾ പകലുകളാകുന്ന കഥയുടെ തുടക്കം. കരിമ്പുനത്തിലെ ഓരോ കാലഘട്ടത്തിലും രതിദേവതമാരായി അരങ്ങുവാണ തലമുറയിലെ ആദ്യ കണ്ണി. തുടക്കത്തിൽ ഭർത്താവ് എന്നൊരു ഭരണ കേന്ദ്രത്തിന്റെ അധികാര പരിധിയിൽ ജീവിച്ചിരുന്നെങ്കിലും ഉച്ചിരയും, ചിരുതയും ആ നിയന്ത്രണാധികാരത്തെ അടർത്തിമാറ്റുന്നുണ്ട്. എന്നാൽ ആരുടെ മുന്നിലും കീഴടങ്ങാത്ത സ്വയംനിർണയാവകാശമുള്ള സ്വതന്ത്ര രാജ്യങ്ങളായിരുന്നു പാർവതിയും രമ്യയും. ശരീരമെന്ന സാമ്രാജ്യം ആർക്കു മുന്നിലും അടിയറവ് വയ്ക്കാൻ അവർ തയ്യാറായിരുന്നില്ല. ആണുങ്ങളുടെ രക്തത്തിന് കട്ടി കൂട്ടുന്ന നാലു സുന്ദരികൾ. കരിമ്പനത്ത യുദ്ധങ്ങൾ തുടങ്ങുന്നത് എല്ലാം ഈ പെൺശരീരങ്ങളിൽ നിന്നായിരുന്നു.

പകൽ വെളിച്ചത്തിൽ പറങ്കിമാങ്ങ ശേഖരിച്ചും റാക്ക് വാറ്റിയും അവൾ തെളിഞ്ഞുനടക്കും. എന്നാൽ ഇരുട്ടിലവൾ മറ്റൊരാളായി മാറും. നിലാവ് പരക്കുമ്പോൾ അവൾ കരിമ്പനത്തിലെ ആണുങ്ങളെ തന്നിലേക്കാകർഷിക്കും

കരിമ്പനത്തിന്റെ അതിരാണ് ഈശ്വരമംഗല. അവിടെയാണ് ജന്മി അണ്ണപ്പബല്ലാളുടെ കൊട്ടാരം പോലുള്ള ദൊഡ്ഡ മന. അണ്ണപ്പബല്ലാളുടെ ഇടതടവില്ലാതെ പ്രസവിച്ച്​ ആരോഗ്യം ക്ഷയിച്ച ഭാര്യയെ സഹായിക്കാനാണ് ഉച്ചിര എത്തുന്നത്. അതിനുമുമ്പ് അവൾ മറ്റൊരു ദേശത്തായിരുന്നു. വിവാഹത്തിന്റെ ആദ്യരാത്രി തന്നെ ഭർത്താവ് കോമൻ ഉപദ്രവം തുടങ്ങിയിരുന്നു. അയാൾ അവൾക്ക് മുകളിൽ അധികാരം സ്ഥാപിച്ചിരുന്ന ഒരുവനായിരുന്നു. ഉപദ്രവിക്കാനല്ലാതെ സ്നേഹത്തിന്റെ ഭാഷയിൽ അയാൾ അവളെ തൊട്ടിരുന്നില്ല. ഒരു അർദ്ധരാത്രി വീട്ടിൽ നിന്നിറങ്ങിപ്പോയി പിന്നീട് വന്നുകയറിയപ്പോഴും ശരീരങ്ങൾ തമ്മിൽ തൊടാതെ അയാൾ ശ്രദ്ധിച്ചു. എപ്പോഴോ തോന്നിയ ഒരു ആവേശത്തിന്റെ തീയിൽ ഉച്ചിരയെ അറിയാൻ ശ്രമിച്ച കോമൻ പാതിവഴിയിൽ തളർന്നു പോകുന്നു. നിസ്സഹായനാവുന്ന അയാളുടെ ആണത്തത്തിൽ അവൾ സഹതപിക്കുന്നു. ഭാര്യയുടെ ഉടലിലെ, അടങ്ങാത്ത ആഗ്രഹത്തെ ശമിപ്പിക്കാൻ ഭർത്താവായ അയാൾക്ക് കഴിയാതെ വരികയും അയാൾ തോറ്റു പോകുകയും ചെയ്യുന്നുണ്ട്. ഭർത്താവിന്റെ അച്ഛൻ തന്നോട് മോശമായി പെരുമാറിയതിന് ഭർതൃവീട് വിട്ടവൾ ഇറങ്ങി. അങ്ങനെയാണവൾ ദൊഡ്ഡമനയിൽ എത്തുന്നത്. പിന്നെത്തൊരു രാത്രി അവിടുത്തെ ജന്മിയായ ബല്ലാൾ അവളെ തിരഞ്ഞെത്തുന്നുണ്ട്. എന്നാൽ ഉച്ചിര ബല്ലാളിന്റെ മൂത്ത മകനിൽ താൻ തിരഞ്ഞ ആണത്തം കാണുന്നു. ആ ഉറച്ച ശരീരത്തിന്റെ മതിഭ്രമത്തിലൊരു അനുഭൂതി അവളിൽ നിറയുകയും, കോമനിൽ തിരഞ്ഞ്​ കാണാതായ എന്തോ ഒന്ന് അവളെവിടെ അറിയുകയും അതിലവൾ ആഹ്ലാദിക്കുകയും ചെയ്യുന്നു. എന്നാൽ മകൻ ബല്ലാൾ കൊളുത്തിയ അവളിലെ തീ അണച്ചത് അച്ഛൻ ബല്ലാൾ ആയിരുന്നു. കിതച്ചുകൊണ്ട് കൊടുങ്കാറ്റ് പോലെ വന്ന അയാൾ നിമിഷങ്ങൾ കൊണ്ട് അവൾക്കുമുകളിൽ തളർന്നു വീണു. വീണ്ടും പുരുഷന്റെ നിസ്സഹായത ഉച്ചിരിയറിയുന്നു.

പെണ്ണിന്റെ കാമനകളെ ഉണർത്താൻ ആണായതുകൊണ്ടോ അധികാരത്തിന്റെ ആണത്തം കൊണ്ടോ കാര്യമില്ലെന്ന് ചിരുത തെളിയിക്കുകയായിരുന്നു. നാളുകൾക്കു ശേഷം പാർവതി ജനിച്ചപ്പോൾ ചിരുതയ്ക്ക് മാത്രം അറിയുന്നതായിരുന്നു അവളുടെ ജന്മരഹസ്യം.

ചിരുത ഉച്ചിരയുടെ മകളാണ്. അച്ഛൻ ബല്ലാളിന്റെയും മകൻ ബല്ലാളിന്റെയും ഘടകങ്ങളുമായാണ് ചിരുതവളർന്നത്. അവിടം അവൾക്ക് ഇഷ്ടമാകുന്നില്ല. നെല്ലും പതിരും തിരിച്ചറിയാനാകുന്ന പ്രായമായപ്പോഴേക്കും അവൾ അമ്മയോട് ഓരോന്ന് പറഞ്ഞു കലമ്പുന്നുണ്ട്. അച്ഛൻ ബല്ലാളും മകൻ ബാല്ലളും തന്റെ അമ്മയെ തിരയുന്നത് ചിരുത അറിഞ്ഞിരുന്നു. ചെറുപ്പത്തിലേ കേട്ടുവളർന്ന കുടുംബത്തിന്റെ കഥകൾ അവളെ ഒതുങ്ങിജീവിക്കാൻ പ്രേരിപ്പിച്ചു.

കുട്ടിത്തം മാറിയപ്പോൾ തന്നെ ചിരുത അമ്മയോടൊപ്പം ജോലിക്കിറങ്ങുന്നുണ്ട്. അവിടെ വെച്ച് അഡ്രു നായിക്ക് എന്ന പണിക്കാരനിൽ ചിരുത പരിഗണന കാണുന്നു. പത്തയപുരയിൽ വെച്ച് അവൾക്ക് ഒരുത്തന്റെ ഉപദ്രവം നേരിടേണ്ടി വരുന്നു, അയാളെ അവൾ നന്നായി വേദനിപ്പിക്കുന്നു. വേദനിച്ചോടുന്നതിനടിയിൽ അയാൾ അമ്മയെ തിരഞ്ഞുവരുന്ന മകൻ ബല്ലാളാണെന്ന് ചിരുത തിരിച്ചറിയുന്നു. അന്ന് ജീവിതത്തിലെ ഏറ്റവും പ്രധാന തീരുമാനം അവളെടുത്തു. ചിരുത അഡ്രു നായിക്കിനൊപ്പം ഒളിച്ചോടാൻ തയ്യാറാകുന്നു. ഒളിച്ചോടി വന്നപ്പോൾ കൊണ്ടുവന്ന പണവും പണ്ടവും തീർന്നപ്പോൾ ജീവിക്കാൻ അഡ്രു നായിക്ക് റാക്കുണ്ടാക്കാൻ തീരുമാനിക്കുന്നു. തന്റെ മുൻതലമുറയിലെ പുരുഷന്മാർ ആജീവനാന്തം ചെയ്ത കലയിൽ അവൻ വിജയിക്കുക തന്നെ ചെയ്തു. ചിരുതയും ആ ദിവസം തന്നെ അയാളിൽ നിന്ന് രസവിദ്യ കണ്ടുപഠിച്ചു. കച്ചവടം തുടങ്ങിയപ്പോൾ കുടിക്കാൻ വരുന്നവർക്ക് ചിരുതയുടെ അഴകിൽ മത്തു പിടിക്കുന്നതുകണ്ട് അഡ്രുവിന്​ കലി കയറാൻ തുടങ്ങി. ആളുകൾ വരുന്നത് അവളുടെ ശരീരം കണ്ടാണെന്ന് അയാൾ അവളെ ആക്ഷേപിച്ചു. നിരന്തരം അവളെ ഉപദ്രവിക്കുന്നു. തേവിടിച്ചിയെന്ന് തെറി വിളിക്കുന്നു. നിരവധി തവണത്തെ അവഹേളനങ്ങൾക്കും പീഡനങ്ങൾക്കും ശേഷം അവൾ പ്രതികരിക്കാൻ തുടങ്ങുന്നു. കരിമ്പുനത്തെ പുതിയ ചിരുത അവിടെ ജനിക്കുകയായിരുന്നു.

കച്ചവടം തുടങ്ങിയപ്പോൾ കുടിക്കാൻ വരുന്നവർക്ക് ചിരുതയുടെ അഴകിൽ മത്തു പിടിക്കുന്നതുകണ്ട് അഡ്രുവിന്​ കലി കയറാൻ തുടങ്ങി. ആളുകൾ വരുന്നത് അവളുടെ ശരീരം കണ്ടാണെന്ന് അയാൾ അവളെ ആക്ഷേപിച്ചു

അമ്പുട്ടി എന്ന ഒത്തപുരുഷനിൽ ചിരുത പൂവിട്ടുണരുന്നുണ്ട്. അതിനുശേഷം ഊഴം കാത്ത് വരുന്നവരെയൊക്കെ ചിരുത സ്വീകരിക്കാൻ തയ്യാറായി. വൈകുന്നേരം വരെ പണിയെടുത്ത് ക്ഷീണിച്ച് വരുന്നവരെ അവൾ കള്ളും ശരീരവും നൽകി ഉത്തേജിപ്പിച്ചു. അധികാരം കാണിച്ച ഭർത്താവ് അഡ്രു നായിക്കിനെ മരണം വരെ അവൾ ആ വീടുപടിക്കൽ കെട്ടിയിട്ട് പ്രതികാരം ചെയ്യുന്നു. കരിമ്പുന്നത്തിലെ ആണുങ്ങളുടെ ലഹരിയായി ചിരുത മാറിതുടങ്ങുകയായിരുന്നു. നോവലിലെ ഏറ്റവും ശക്തമായ കഥാപാത്രം തന്നെയാണ് ചിരുതയും അവളുടെ മകൾ പാർവതിയും.

കാമമൊഴിഞ്ഞ പുരുഷനോളം നിസ്സഹായനായ മറ്റൊരു ജന്തുവും ഇല്ല. പൗരുഷത്തിന്റെ പൊന്തലുകളെ ഒറ്റനോട്ടം കൊണ്ട്​താഴ്ത്തിക്കളയാൻ മാത്രം തിരിച്ചറിവുള്ള ശക്തമായ കഥാപാത്രമാണ് പാർവതി.

പെണ്ണിന്റെ കാമനകളെ ഉണർത്താൻ ആണായതുകൊണ്ടോ അധികാരത്തിന്റെ ആണത്തം കൊണ്ടോ കാര്യമില്ലെന്ന് ചിരുത തെളിയിക്കുകയായിരുന്നു. നാളുകൾക്കു ശേഷം പാർവതി ജനിച്ചപ്പോൾ ചിരുതയ്ക്ക് മാത്രം അറിയുന്നതായിരുന്നു അവളുടെ ജന്മരഹസ്യം. പെട്ടെന്നുണ്ടായ ചിരുതയുടെ തിരോധാനം ആ നാട്ടിലെ ആണുങ്ങളുടെ സ്വഭാവത്തെ തന്നെ മാറ്റുന്നുണ്ട്. അത്രയും കാലം സ്നേഹത്തോടെ പെരുമാറിയ വീട്ടുകാരൻ ഒരു മുഷ്കനായി മാറിയത് അവളുടെ പോക്കുകൊണ്ടാണെന്നും അവളെ തിരികെ കൊണ്ടുവന്നാൽ ആൾരൂപം നേർന്നു കൊള്ളാമെന്നും ആ നാട്ടിലെ മറ്റു പെണ്ണുങ്ങൾ തൊണ്ടിച്ചൻ തെയ്യത്തോട് പ്രാർത്ഥിക്കുന്നുണ്ട്.

അമ്മ ചിരുതയുടെ ഇഷ്ടക്കാരൊക്കെ മകൾ പാർവതിയെയും ലാളിക്കാൻ തുടക്കമിരുന്നു. കാട്ടിലെ പ്രധാനികളായ ശേഖരനും മാധവനും പാർവതിയുടെ ശരീരത്തിൽ ഒരു പോലെ അധികാരം കാണിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരു ആണധികാരതെയും പാർവതി വെച്ച് പൊറുപ്പിച്ചില്ല. അനുവാദമില്ലാത്ത ഏതൊരു ആണത്ത സ്പർശനത്തിന്റെയും തോലുരിഞ്ഞ്​ പത്തിക്ക് ചവിട്ടാൻ കെല്പുള്ളവളായിരുന്നു പാർവതി. കാമമൊഴിഞ്ഞ പുരുഷനോളം നിസ്സഹായനായ മറ്റൊരു ജന്തുവും ഇല്ലെന്നും പൗരുഷത്തിന്റെ പൊന്തലുകളെ ഒറ്റനോട്ടം കൊണ്ട്​താഴ്ത്തിക്കളയാൻ മാത്രം തിരിച്ചറിവുകളുമുള്ള ശക്തമായ കഥാപാത്രമാണ് പാർവതി.

കാമമൊഴിഞ്ഞ പുരുഷനോളം നിസ്സഹായനായ മറ്റൊരു ജന്തുവും ഇല്ലെന്നും പൗരുഷത്തിന്റെ പൊന്തലുകളെ ഒറ്റനോട്ടം കൊണ്ട്​താഴ്ത്തിക്കളയാൻ മാത്രം തിരിച്ചറിവുകളുമുള്ള ശക്തമായ കഥാപാത്രമാണ് പാർവതി

പാർവതിയുടെ വീടിന്റെ മുന്നിലും ഒരാണ് കാവൽ കിടക്കുന്നുണ്ട്, ഒറ്റക്കയ്യൻ മാത്യു. ഗർഭിണിയായ തനിക്ക് ഭർത്താവിനെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിനാലും അയാളുടെ കെട്ടിക്കിടക്കുന്ന മലിനജലം കാന പോലെ സ്വഭാവത്തിൽ മാറ്റം വരുത്താനും തുടങ്ങിയപ്പോഴാണ് അയാളുടെ ഭാര്യ സെലിൻ അയാളെ നിർബന്ധിച്ച് പാർവതിയുടെ അടുത്തേക്ക് തള്ളിവിടുന്നത്. അതിലുണ്ടാകേണ്ട കുറ്റബോധങ്ങളെയെല്ലാം സെലിൻ പറഞ്ഞുമനസ്സിലാക്കുന്നുണ്ട്. ഒരൊറ്റ തവണ പാർവതിയിലെത്തിയ മാത്യു അതുവരെ അവളെ അറിയാത്തതിന്റെ കുറ്റബോധത്തിൽ ആജീവനാന്തം ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ച് പാർവതിയുടെ വീട്ടുപടിക്കൽ കിടക്കാൻ സന്നദ്ധനായി.

പാർവതിയുടെ നായകനായി അവതരിച്ച ശേഖരൻ ‘ധീരോദാത്ത അതിപ്രതാപ ഗുണ’വാനായ നായകനാണെങ്കിലും ശേഖരൻ ജന്മിത്വത്തിന്റെ ആൺ കോയ്മാരൂപമായി മാറി. കാതലുള്ള ചന്ദനത്തടികളിൽ കണ്ണുവയ്ക്കുമ്പോഴും പെണ്ണുടലിലും അധികാരം സ്ഥാപിച്ചവനാണ്, സഹോദരിയുടെ മരണത്തിന്റെ പക തീർക്കാൻ ഈ കളിക്കളത്തിലേക്കെത്തിപ്പെടുന്നവനാണ് മാധവൻ. ക്രമേണ ശേഖരന്റെ എതിരാളിയായി മാറുകയും അവനാൽ കൊല്ലപ്പെടുകയും ചെയ്യുന്നവൻ. പാർവതി മനസ്സുകൊണ്ട് മാധവനോട് അടുക്കുന്നുണ്ട്, ശരീരം കൊണ്ട് ശേഖരനോടും. എന്നാൽ തന്റെ ശരീരത്തിന്റെ അധികാരവും സ്വാതന്ത്ര്യവും അവൾ ഒരു നായകന്റെ മുന്നിലും അടിയറവ് വയ്ക്കുന്നില്ല. കരിമ്പുനത്തിലെ പല പെണ്ണുങ്ങളും ശേഖരന്റെ കാമഭ്രാന്തിന്റെ ഇരകളായിരുന്നു. കാട് വിറപ്പിച്ച ശേഖരൻ പാർവതിയുടെ മുന്നിൽ ഒതുങ്ങിയിരുന്നു. വർഷത്തിലൊരിക്കൽ പറശ്ശിനിക്കടവിലെ മുത്തപ്പനെ കുളിച്ചു തൊഴാൻ ഭക്തയായ അവൾ പോകുന്നുണ്ട്. അന്നേദിവസം ഒപ്പം പോകാൻ ഏറ്റവും നന്നായി പ്രണയിക്കുന്ന, ആൺമണമുള്ള, പ്രണയം ജനിപ്പിക്കുന്ന ഒരുത്തനെ കൂടെ കൂട്ടാൻ അവൾ തയ്യാറാകുന്നു. ഒത്ത ഒരാണിനെ ഇല്ലാതാക്കാൻ സാധ്യതയുള്ള വലിയൊരു അപകടമായി പലരും പാർവതിയെ കാണുന്നുണ്ട്.

പെണ്ണുങ്ങളുടെ തുടയിടുക്കിലാണ് ആണിന്റെ സ്വർഗമെന്നു കരുതുകയും അതിനുവേണ്ടി എന്തും ചെയ്യാൻ, വേണമെങ്കിൽ കൊല്ലാൻ വരെ തയ്യാറാവുകയും ചെയ്​ത കരിമ്പനത്തെ ആണുങ്ങളെ ഒരു പരിധിവരെ തളക്കാൻ പോന്ന നാലു പെണ്ണുങ്ങൾ ചിരുതയും പാർവതിയും രമ്യയുമായിരുന്നു.

പുതിയ തലമുറയിലെ പെണ്ണായിരുന്നു രമ്യ, പാർവതിയുടെ മകൾ. അവളെക്കാൾ ആളുകളെ ഹരം പിടിപ്പിക്കുന്ന ഉടലഴകുള്ളവൾ. ശരീരത്തെ തേടുന്നവരെക്കാൾ തന്നെ പ്രണയിക്കുന്നവനെ ചേർത്തുപിടിക്കാനാഗ്രഹിച്ച ഒരു സാധാരണ ‘വേശ്യ’ക്ക് വേണ്ടതിനേക്കാൾ ബുദ്ധിയും സൗന്ദര്യം അവൾക്കുണ്ടായിരുന്നു എന്നാണ് ആഖ്യാതാവായ സിനിമാക്കാരന്റെ വിലയുത്തൽ. തനിക്കിഷ്ടമില്ലാത്ത ആൺനോട്ടത്തെ അവൾ പല്ലും നഖവും ഉപയോഗിച്ച് എതിർത്തിരുന്നു. ആൺ ശരീരത്തെ അറിയാൻ അമ്മമുത്തശ്ശിമാരെ പോലെ അവളിൽ അത്ര ആവേശമൊന്നും ഉണ്ടായിരുന്നില്ല. കാസർഗോഡൻ അതിർത്തികടന്ന് മുതലാളിമാരുടെയും കാശുകാരുടെയും പ്രിയപ്പെട്ടവളായവൾ, പോൺ ബിസിനസ്​ നടത്തുന്നവൾ, രാഷ്ട്രീയ- സിനിമാ ബിസിനസിലെ ഇടനിലക്കാരി എന്നൊക്കെ രമ്യയെക്കുറിച്ച്​ കരിമ്പുനത്തിൽ കഥ നിറഞ്ഞിരുന്നു. സ്വതന്ത്രയായി ജീവിക്കാൻ പാർവതി രമ്യയെ അനുവദിച്ചു. കുടുംബത്തെ ചൊല്ലിയുള്ള അപകർഷതാബോധം മാത്രം അവളെ ഒതുങ്ങിയ ഒരു ജീവിതത്തിലെത്തിച്ചു. ആദ്യമായി പ്രണയം തോന്നിയ ഒരുത്തനിൽ അവൾ ശ്രദ്ധ ചെലുത്താൻ തുടങ്ങിയപ്പോൾ പ്രണയമെന്ന തീ അവളിലെ ഞരമ്പുകളിൽ ആളിപ്പടരാൻ തുടങ്ങി. ശാരീരികാഹ്ലാദത്തേക്കാൾ മാനുഷിക പരിഗണനയെയും ലാളനങ്ങളെയും അവൾ കൊതിച്ചിരുന്നു. എന്നാൽ അവന്റെ ഉദ്ദേശ്യവും ലക്ഷ്യവും അവളുടെ ശരീരം മാത്രമാണെന്ന തിരിച്ചറിവിൽ അമ്മൂമ്മമാരെ പോലെ അധികാരം കാണിച്ചവനെ പിടിച്ചു കെട്ടി അവന്റെ മുന്നിൽവച്ച് മറ്റൊരുത്തനോടൊപ്പം കിടക്കുന്നു.

കുടുംബത്തെ ചൊല്ലിയുള്ള അപകർഷതാബോധം മാത്രം അവളെ ഒതുങ്ങിയ ഒരു ജീവിതത്തിലെത്തിച്ചു. ആദ്യമായി പ്രണയം തോന്നിയ ഒരുത്തനിൽ അവൾ ശ്രദ്ധ ചെലുത്താൻ തുടങ്ങിയപ്പോൾ പ്രണയമെന്ന തീ അവളിലെ ഞരമ്പുകളിൽ ആളിപ്പടരാൻ തുടങ്ങി

സിനിമക്കാരൻ രമ്യ വഴിയാണ് തന്റെ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നത്. അവൾക്ക് അയാളോട് അഗാധ പ്രണയം തോന്നുന്നതായി അയാൾ വിശ്വസിക്കുന്നുണ്ട്. ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും ഒരു മുറിയിലുറങ്ങുമ്പോഴും ആഖ്യാതാവിന്റെ ഉള്ളിൽ താൻ അന്വേഷിക്കുന്ന ലക്ഷ്യമായിരുന്നു പ്രധാനം. പക്ഷേ രമ്യ അയാളുടെ പ്രണയത്തെ ആഗ്രഹിക്കുന്നതായി തോന്നി. സിനിമക്കാരനെ ശേഖരനുള്ള സ്ഥലം കാണിച്ചുകൊടുത്ത്​ വളരെ സമർത്ഥമായി അവൾ മറയുന്നുണ്ട്. ഒരു നിഗൂഢത ബാക്കിവെച്ച് അപ്രത്യക്ഷയാവുന്ന രമ്യ അയാളിൽ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

കാട് മനുഷ്യന്റെമേൽ നടത്തുന്ന അധികാര​പ്രയോഗങ്ങൾ നോവലിൽ കാണാം. പെണ്ണിനെപ്പൊലെ തന്നെ ആകർഷിക്കുന്ന സൗന്ദര്യവും എണ്ണിയാലൊടുങ്ങാത്ത ചന്ദനമുട്ടികളും ആണിന് കാടിനോടുള്ള ആസക്തി കൂട്ടുന്നു.

പുനത്തിലെ മറ്റു പെണ്ണുങ്ങളായ ചഞ്ചലയും വിശാലയും ശാന്തയും ശൈലജയും അതിജീവിച്ചവരും കാമത്തിനിരയായവരുമായിരുന്നു. പെണ്ണുങ്ങളുടെ തുടയിടുക്കിലാണ് ആണിന്റെ സ്വർഗമെന്നു കരുതുകയും അതിനുവേണ്ടി എന്തും ചെയ്യാൻ, വേണമെങ്കിൽ കൊല്ലാൻ വരെ തയ്യാറാവുകയും ചെയ്​ത കരിമ്പനത്തെ ആണുങ്ങളെ ഒരു പരിധിവരെ തളക്കാൻ പോന്ന നാലു പെണ്ണുങ്ങൾ ചിരുതയും പാർവതിയും രമ്യയുമായിരുന്നു. നിറയെ നിഗൂഢതകൾ നിറഞ്ഞ കാടിന്റെ ഉള്ളറകൾ പോലെ നിഗൂഢമായിരുന്നു അവരുടെ ഓരോരുത്തരുടെ മക്കളുടെയും ജന്മരഹസ്യവും. അവർക്കു മാത്രം അറിയുന്ന സത്യം. അതിനെ ആരും ചോദ്യം ചെയ്യാൻ പോലും തയ്യാറായിരുന്നില്ല. ഭർത്താവ് എന്ന അധികാരം കാണിച്ച രണ്ടു മനുഷ്യരെ ആദ്യം സഹിച്ചെങ്കിലും പിന്നീട് മർദ്ദിച്ചു കെട്ടിയിട്ട് ചാവുന്നതുവരെ തന്റെ ചൊൽപ്പടിക്കു നിർത്തി അരിശം തീർത്ത്​, അവരുടെ മുന്നിൽ വച്ച് പല ആണുങ്ങൾക്കൊപ്പം കിടന്ന പെണ്ണുങ്ങൾ. എന്നാൽ അമ്മയമ്മൂമ്മമാരെ പോലെ അധികാരസ്ഥാനത്തേക്ക് ഭർത്താവ് എന്ന്​ പേരിട്ടു വിളിക്കാൻ ഒരാളെ പാർവതിയും രമ്യയും ഒപ്പം കൂട്ടിയില്ല. കരിമ്പനത്തെ ആണുങ്ങൾ മോശം സ്വഭാവം കാണിക്കുമ്പോൾ അവരുടെ ഭാര്യമാർ ഈ രതിദേവതകളുടെ അടുത്തേക്ക് അവരെ പറഞ്ഞുവിടുന്നു. കെട്ടിക്കിടക്കുന്ന മലിനജലത്തെ ഒഴുക്കിക്കളയേണ്ടത് ആ നാട്ടിലെ മറ്റു പെണ്ണുങ്ങളുടെ കൂടി ആവശ്യമായിരുന്നു. വാക്കിനും നോക്കിനും ഉടലിനും ഒരുപോലെ മൂർച്ചയോടെ തീപാറിപ്പിച്ച് നടന്ന പെണ്ണുങ്ങളാണ് ആ ദേവതകൾ. രമ്യയിലൂടെ ഇനിയും തലമുറകൾ കരിമ്പനത്ത് പിറവിയെടുക്കും കരിമ്പനത്തിനും അതിർത്തികൾ കടന്നും അവർ ആണിന്റെ അധികാര പൗരഷത്തെ നിലയ്ക്ക് നിർത്താൻ പോന്നവരാകും.

കാട് മനുഷ്യന്റെമേൽ നടത്തുന്ന അധികാര​പ്രയോഗങ്ങൾ നോവലിൽ കാണാം. പെണ്ണിനെപ്പൊലെ തന്നെ ആകർഷിക്കുന്ന സൗന്ദര്യവും എണ്ണിയാലൊടുങ്ങാത്ത ചന്ദനമുട്ടികളും ആണിന് കാടിനോടുള്ള ആസക്തി കൂട്ടുന്നു. നിലാവും, നക്ഷത്രങ്ങളും നിറഞ്ഞ കാടിന്റെ രാത്രികൾ മറ്റൊരു ഭാഷാ സൗന്ദര്യം തന്നെ നോവലിൽ ഒരുക്കിവെക്കുന്നു.

നിഗൂഢതകൾ ബാക്കിയാക്കി ഓരോ പെണ്ണും ഓരോ കഥ നമ്മൾക്ക് സമ്മാനിക്കും. പൊനം ഒരു ചരിത്രമാണ്; ഇന്നിന്റെ, ഇന്നലെകളുടെ, വരാനിരിക്കുന്ന ഓരോ കാലത്തെയും അടയാളപ്പെടുത്തുന്ന ചരിത്രം

മലയാള എഴുത്തുകളിൽ അപരിചിതമായ തുളു കലർന്ന മലയാളം സംഭാഷണങ്ങളിൽ വരുന്നത് നോവൽ ഘടനയെ വ്യത്യസ്തമാക്കുന്നു. കാട്ടിലെ സുഖകരമായ കുളിർമ പോലെ വാക്കുകളൊഴുകുന്നു. കാടിനെയും കാമത്തെയും പകയെയും പ്രണയത്തെയും ആ പ്രാദേശിക ഭാഷ ഉത്തേജിപ്പിക്കുന്നു. നോവലിലെ ആണും പെണ്ണും സ്നേഹത്തിനോ കാമത്തിനോ വേണ്ടി ആരോടും വാക്കുകൊണ്ട് യാചിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല. അതെല്ലാം അവരുടെ ശാരീരിക ചലനങ്ങളിലൂടെ പ്രതിഫലിപ്പിക്കുകയാണ് ചെയ്തത്. അവരുടെ യഥാർത്ഥ ജീവിതവും അങ്ങനെ തന്നെയായിരുന്നു. പഴയതും പുതിയതും എന്ന രണ്ട് കാലങ്ങളിലൂടെ സഞ്ചരിച്ച് കാലവും കഥകളും കലർന്ന് കഥകളുടെ കുത്തൊഴുക്കിലേക്ക് വന്നപ്പോഴും ഇഴമുറിയാതെ നോവലിന്റെ ഒഴുക്കിനെ കൊണ്ടുപോകാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക ഭാഷയുടെ ലാളിത്യവും അശ്ലീലം എന്ന് പറയപ്പെടുന്ന ശ്ലീലമായ പദങ്ങളുടെ ഉപയോഗവും നോവലിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.

ഇനിയും പുതിയ രമ്യമാർ പുനർജനിക്കും. കരിമ്പുനത്തിലെ രാത്രി പകലുകളാകും അവിടുത്തെ ആൺഞരമ്പുകളിലെ ചോരയ്ക്ക് കട്ടി കൂടും. നിഗൂഢതകൾ ബാക്കിയാക്കി ഓരോ പെണ്ണും ഓരോ കഥ നമ്മൾക്ക് സമ്മാനിക്കും.

പൊനം ആണിന്റെ പകയുടെയും കാമത്തിന്റെയും കഥ മാത്രമല്ല. പെൺ കാമനകളുടെയും ഒരു പരിധിവരെ ആണിന്റെ മേൽ അവളുടെ അധികാരം ആഘോഷിക്കപ്പെടുന്നതിന്റെയും കഥ കൂടിയാണ്. മണ്ണിനും പെണ്ണിനും വേണ്ടിയാണ് നാളിതുവരെയുണ്ടായ യുദ്ധങ്ങളൊക്കെ എന്ന് അടിവരയിടുന്ന ചരിത്രങ്ങളാണ് നമുക്കു മുന്നിലുള്ളത്. ആൺ ബലഹീനതകളെ ആക്ഷേപിക്കുന്ന, ഒരൊറ്റ ഇണയിൽ മാത്രം സംതൃപ്തിയോടെ ഒതുങ്ങാത്ത പെണ്ണെന്ന പെണ്ണിനെ കാണിച്ചു തരുകയാണ് പൊനം.

ഇനിയും പുതിയ രമ്യമാർ പുനർജനിക്കും. കരിമ്പുനത്തിലെ രാത്രി പകലുകളാകും അവിടുത്തെ ആൺഞരമ്പുകളിലെ ചോരയ്ക്ക് കട്ടി കൂടും. നിഗൂഢതകൾ ബാക്കിയാക്കി ഓരോ പെണ്ണും ഓരോ കഥ നമ്മൾക്ക് സമ്മാനിക്കും. പൊനം ഒരു ചരിത്രമാണ്; ഇന്നിന്റെ, ഇന്നലെകളുടെ, വരാനിരിക്കുന്ന ഓരോ കാലത്തെയും അടയാളപ്പെടുത്തുന്ന ചരിത്രം. ▮

Comments