യൂറോപ്യൻ നവോത്ഥാനം ഭ്രാന്ത് എന്ന് വിളിക്കപ്പെട്ട മനുഷ്യാവസ്ഥയെക്കുറിച്ച് കൊടിയ മൗനം പാലിച്ചുവെന്ന് ഫൂക്കോ ‘ഹിസ്റ്ററി ഓഫ് മാഡ്നസ്സിൽ’ പറയുന്നുണ്ട്. ആ മൗനം തിരുത്തപ്പെടേണ്ടതാണെന്ന് ഫൂക്കോക്ക് തോന്നി. അതുകൊണ്ടാണ് ഉജ്ജ്വലമായ ആ പുസ്തകമുണ്ടായത്.
കേരളത്തിലെ പന്തിഭോജനങ്ങളുടെ ‘മെനു’ എടുത്താൽ തെളിയുന്ന ഒരു കാര്യമുണ്ട്; ആ പന്തികളിലെല്ലാം വിളമ്പിയത് പച്ചക്കറി ഭക്ഷണം മാത്രമായിരുന്നു. ഇറച്ചിയും മീനും പുറത്ത്. സർഗാത്മകതയുടെ വിക്ഷുബ്ധതകളിൽ, അട്ടിമറികളിൽ, പ്രധാനപ്പെട്ടതാണ് ആഴത്തിലുള്ള സാംസ്ക്കാരിക- രാഷ്ട്രീയ തിരുത്തലുകൾ. അത്തരത്തിലുള്ള തിരുത്ത് നടത്തുന്ന പ്രവർത്തിയിൽ ഏർപ്പെടുന്നു, ‘പൊസങ്കടി- ഒരു മനുഷ്യാവകാശ റിപ്പോർട്ട്’ എന്ന ഈ ചെറു നോവലിലൂടെ എം.എ. റഹ്മാൻ.
മലയാളിയുടെ ഗൾഫ്, പാർശ്വഫലങ്ങളൊന്നുമില്ലാത്ത മുന്നേറ്റത്തിന്റേയും കുതിപ്പിന്റേയും ഗാഥ മാത്രമായാണ് സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞർ എന്നും അവതരിപ്പിച്ചു പോന്നത്. എന്നാൽ സാഹിത്യം എപ്പോഴും ഗൾഫ് തൊഴിൽ പ്രവാസത്തിന്റെ നിരവധിയായ മാനുഷിക പ്രതിസന്ധികളെ മുന്നിൽ നിർത്തി. പൊസങ്കടിയും അതേ പ്രവൃത്തി ചെയ്യുന്നു. ഗൾഫുകാരുടെ ആൺമക്കളെ കാണാതാവുന്നതിന്റെ കാരണങ്ങൾ തേടുകയാണ് നോവൽ. (2007-ലാണ് ഈ കൃതി തേജസ് വാർഷികപ്പതിപ്പിൽ വരുന്നത്. വൈകാതെ ഇത് പുസ്തകമാവുകയാണ്. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ‘കാസർകോടൻ ഗൾഫ്’ ആണ് നോവലിൽ പ്രവർത്തിക്കുന്നത്). അതിനൊരു ‘ഫോറൻസിക്ക് പ്രിസിഷൻ’ നൽകാൻ നോവലിസ്റ്റിന് കഴിയുന്നു. പ്രവാസത്തിന്റെ കൊടിയ നിസ്സഹായതയുടെ നരവംശശാസ്ത്ര ഭൂപടത്തിലേക്കാണ് പൊസങ്കടി വായനക്കാരെ കൊണ്ടു പോകുന്നത്.

കുട്ടികളായിരിക്കുമ്പോൾ തന്നെ മുതിർന്നവരുടെ ഉത്തരവാദിത്തങ്ങളേറ്റെടുത്ത് മടുത്ത് ഓടിപ്പോകുന്ന കുട്ടികൾ ഒരു തലമുറയിൽ മാത്രമായിരുന്നില്ല, നാലു തലമുറകളിലെങ്കിലും ഉണ്ടായിട്ടുണ്ട്. തൊഴിൽ പ്രവാസത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇരകൾ കുട്ടികളും സ്ത്രീകളുമായിരുന്നു. ഇക്കാര്യം ഒരു തൊട്ടുകൂടാ വിഷയമാക്കി എന്നും മലയാളി കൊണ്ടുനടന്നു. പക്ഷെ ഒരെഴുത്തുകാരൻ ആ തൊട്ടുകൂടായ്മയെ പൊസങ്കടിയിൽ തിരുത്തുന്നു, സുതാര്യമായ ഒരു സാമൂഹിക അനുഭവത്തെ തുറന്നു കാട്ടുന്നു.
പൊസങ്കടി കപ്പൽകെട്ടിലൂടെ (ഒരു ദിവ്യനാണ് അതിനുള്ള സൗകര്യമുണ്ടാക്കുന്നത്) പ്രവാസികളിയാത്തീർന്നവരുടെ നാടാണ്. ബോംബായ് ബസ്സിലൂടെ അത് സ്വാഭാവികമായി ഗൾഫിൽ എത്തിച്ചേർന്നു. പക്ഷെ ‘അസാന്നിധ്യം’ എന്ന പ്രശ്നം, കൃത്യമായി പറഞ്ഞാൽ പുരുഷന്റെ കുടുംബത്തിലെ അസാന്നിധ്യം, പൊസങ്കടിയിൽ അവശേഷിച്ചുവരുടെ ജീവിതത്തെ എന്താക്കി മാറ്റി? ഈ ചെറുനോവൽ അതിനു തരുന്ന ഉത്തരം ഒരു കേരളീയാനുഭവമായി വളരുന്നു.

മലപ്പുറം അരീക്കോട് സ്വദേശി സഹറു നുസൈബ കണ്ണനാരിയുടെ ‘ക്രോണിക്കിൾ ഓഫ് ഹവർ ആന്റ് എ ഹാഫ്’ എന്ന നോവലിൽ ഗൾഫിലുള്ള ഭർത്താവ് ഭാര്യക്ക് രോഗമുണ്ടായപ്പോൾ തന്റെ കിഡ്നി നൽകുന്നു. അത് കഴിഞ്ഞ് ഭർത്താവ് മടങ്ങിപ്പോകുന്നു. പക്ഷെ, ഭർത്താവിന്റെ അഭാവത്തെ ആ നോവലിലെ ഭാര്യക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നില്ല. അവൾ ഭർത്താവിനെ കൂടുതൽ വെറുക്കുന്നു. ഇത്തരമൊരു ഭാര്യയുടെ (നെബീസു) ആദ്യ രൂപം പൊസങ്കടിയിൽ എം.എ. റഹ്മാൻ വർഷങ്ങൾക്കു മുമ്പേ അവതരിപ്പിച്ചു. ഭർത്താവ് ഗോൾഡ് ബദറു നൽകിയ കൊട്ടാര സമാനമായ വീടും വിലകൂടിയ കാറും നെബീസുവിനെ സ്വാധീനിച്ചില്ല. തന്റെ പുരുഷന്റെ അസാന്നിധ്യം അഗീകരിക്കാതെ പിൽക്കാലം ജീവിച്ച നെബീസുവിനെയാണ് നോവൽ താളുകളിൽ വായനക്കാർ കാണുന്നത്. എസ്.എ. ജമീലിന്റെ വിഖ്യാതമായ കത്തുപാട്ടിലെ മാംസപ്പൂവമ്പഴം എന്ന അശ്ലീലത്തിൽ ഒളിഞ്ഞിരിക്കാനോ അതിന്റെ തടവിലാകാനോ നെബീസു തയ്യാറല്ല. (ഈ നോവലിൽ മറ്റൊരു കത്തുപാട്ടുണ്ട് എന്നത് യാദൃച്ഛികമല്ല, കാത്ത് കാത്ത് എന്റെ മനസ്സിനുള്ളിൽ കുഷ്ഠ രോഗം വന്ന് എന്നൊരു വരി ആ കത്തുപാട്ടിലുണ്ട്). അതിന് പുറത്ത് മനുഷ്യജീവിതമാണ് അവരാഗ്രഹിക്കുന്നത്.

ഗൾഫിലെ പൊതുമാപ്പുകാലം പൊസങ്കടി അടക്കമുള്ള ഗ്രാമങ്ങളിൽ എങ്ങനെ പ്രതിഫലിച്ചു എന്നതിന്റെ ചിത്രീകരണത്തിൽ നോവലിസ്റ്റിന്റെ കയ്യടക്കം കാണാം. മലയാളിയുടെ ഗൾഫ് തൊഴിൽ പ്രവാസം അടുത്ത കാലം വരെ ഒരു പൊതുമാപ്പിനും മറ്റൊരു പൊതുമാപ്പിനുമിടയിലുള്ളതായിരുന്നു. അതുകൊണ്ടാണ് പൊതുമാപ്പ് കാലത്ത് പൊസങ്കടിയിൽ തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതും ദാരിദ്ര്യം കണക്കറ്റ നിലയിൽ വർധിക്കുന്നതും.
ഒരു ഗൾഫ് ഗ്രാമത്തിന് മനുഷ്യവകാശമില്ലേ? അത് എന്താണ്? എന്തുമാത്രമാണ്? ഈ ചോദ്യം ഉത്തരം തേടി നോവൽ താളുകളിൽ കൂർത്ത മുള്ളായി നിൽക്കുന്നു. അതിനാൽ ഇതു വഴിയുള്ള നടത്തത്തിൽ മുറിവുകളുണ്ട്. പൊതുവിൽ മലയാളി പൊതുസമൂഹം പുറത്തുനിർത്തിയ മുറിവുകളുടെ കഥ കൂടിയാകുന്നു നോവൽ. അത്തരത്തിൽ മനുഷ്യാവകാശത്തിന്റെ പുതിയൊരു മാനിഫെസ്റ്റോ രൂപപ്പെടുകയും ചെയ്യുന്നു.
അറബി മലയാളം, കാസർകോട്ടെ നാട്ടിൻപുറങ്ങളിൽ അറബി മലയാള കൃതികൾ അടിച്ചിരുന്ന പ്രസുകൾ, മുസ്‍ലിം മിത്തുകളുടെ നിരവധി നടവഴികൾ... അങ്ങനെ പല തരം ശാഖകളിലൂടെയാണ് കഥയുടെ വികാസവും വ്യാപനവും. അത്തരത്തിൽ നോക്കുമ്പോൾ സാംസ്ക്കാരിക- നരവംശ ശാസ്ത്രപരമായ ഒരു ഫോറൻസിക്ക് റിപ്പോർട്ടിന്റെ ഭാവഭേദങ്ങൾ നോവലിൽ വായനക്കാർ അനുഭവിക്കുന്നു.
പൊസങ്കടി ഒരു ആധുനിക ഗ്രാമമാണോ? അതോ പഴഞ്ചൻ ഗ്രാമമോ? പുസ്തക അച്ചടി അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഒരു ഗ്രാമം പഴഞ്ചനാണോ? ആധുനികമല്ലേ?
(അച്ചടിക്കുന്ന പുസ്തകങ്ങൾ അറബി മലയാളത്തിലല്ലേ, അതൊരു പഴഞ്ചൻ പരിപാടിയല്ലേ എന്ന സ്റ്റാറ്റസ്കോ ചോദ്യം ഇതുമായി ബന്ധപ്പെട്ടുയരുമെന്നതിൽ സംശയിക്കേണ്ടതില്ല, അതൊരു കേരള തിളനിലയാണ്- അറബി മലയാളത്തിൽ എഴുതപ്പെട്ട ഒരു ചെറുപുസ്തകമാണ് ഈ നോവലിന്റെ രചനയിലേക്ക് തന്നെ നയിച്ചതെന്ന് എം.എ.റഹ്മാൻ ഒരു സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുകയുണ്ടായി).

തൊഴിൽ പ്രവാസം ലക്ഷ്യമിട്ട് ഗ്രാമം വിട്ടു പോകുന്നത് ആധുനികതയുടെ പൂർണ്ണ ലക്ഷണമായി നിരീക്ഷിച്ച നിരവധി ചിന്തകരുണ്ട്. ആ നിലയിൽ ആധുനികതയുടെ വിവിധ അടയാളങ്ങളുള്ള പൊസങ്കടിക്ക് ഒരു മനുഷ്യവകാശത്തിനും അവകാശമില്ലാതെയായത് എന്തുകൊണ്ടാണ്? ഇതിനെക്കുറിച്ച് പഠിക്കാൻ പുറത്തുനിന്ന് വന്നയാളെ ഒരു കഥാപാത്രമാക്കിയാണ് (നോവലിന്റെ ഒടുവിൽ ആ കഥാപാത്രം വായനക്കാരുടെ എല്ലാ മുൻവിധികളേയും തകർത്തെറിയുന്നു, അയാളെപ്പോലെ മറ്റൊരു പൊസങ്കടിക്കാരനെ നോവലിൽ കാണാൻ പറ്റാത്ത വിധം മറ്റെല്ലാവരും മാഞ്ഞു പോകുന്നു) നോവലിസ്റ്റ് തന്റെ ആഴത്തിലുള്ള തിരുത്തുകൾ നോവലിൽ വരുത്തുന്നത്. അങ്ങനെ നോവൽ അതിന്റെ പൂർണ്ണ ശീർഷകം, പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട്, എന്നതിലേക്ക് വളരുന്നു.
കാസർകോട്ടെ വിവിധ ഭാഷകൾ, ബ്യാരിയുൾപ്പെടെ, നോവലിൽ പരാമർശിക്കപ്പെടുന്നു. കേരളത്തിൽ 100 ശതമാനം സാക്ഷരതാ ക്യാമ്പയിൻ നടക്കുമ്പോൾ മലപ്പുറത്തെ അറബി മലയാളം അറിയുന്നവരും കാസർകോട്ടെ കന്നഡയും തുളുവും മറ്റു ഭാഷകളും അറിയുന്നവരും (അറിയുക എന്നാൽ എഴുതാനും വായിക്കാനും അറിയുക എന്നുതന്നെ അർഥം) തങ്ങളുടെ ഭാഷയിൽ വിനിമയം നടത്തുന്ന ആദിവാസികളും നിരക്ഷരരാക്കപ്പെട്ടു. കാരണം അവർക്ക് മലയാളമറിയില്ല. മറ്റൊരു ഭാഷ അറിയുന്നത് സാക്ഷരതയായി അന്നത്തെ ‘കേരള മോഡൽ’ മനസ്സിലാക്കിയില്ല. ആ മനസ്സിലാകായ്മക്കു നേരെയുള്ള സംവാദം കൂടിയാണ് മലയാളത്തിലെഴുതപ്പെട്ട ഈ നോവൽ.
ആ സംവാദത്തെ, ഒരു പക്ഷെ മലയാളം ഇതിനു മുമ്പ് കണ്ടിരിക്കാനിടയില്ലാത്ത അഗ്ഗിത്തായർ എന്ന കഥാപാത്രത്തിലൂടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. പൊസങ്കടിയിലുള്ളതും വരുന്നതും പോകുന്നതുമായ ഭാഷകളെ ചേർത്ത് ഒരു നിഘണ്ടു ഉണ്ടാക്കുക എന്നതാണ് അഗ്ഗിത്തായരുടെ ജീവിത ലക്ഷ്യം. അഥവാ അയാളുടേയും പൊസങ്കടിയുടേയും ഭാഷകളുടേയും അതു വഴി ആ ദേശത്തിന്റേയും മനുഷ്യാവകാശത്തിന്റെ ആ നിഘണ്ടു ഒരിക്കലുമുണ്ടായില്ല. ആ നിഘണ്ടുവിലെ വാക്കുകൾ ശേഖരിച്ചുവെച്ചത് ഈ നോവലിലാണ്. അതു കൊണ്ടു തന്നെ ഈ നോവൽ പുതിയൊരു ഭാഷയിൽ സംസാരിക്കുന്നു. ഗൾഫുകാരന്റെ പെട്ടിയിൽ വരവ് എന്ന പ്രയോഗം ആ പുതിയ ഭാഷയുടെ നെറ്റിയിലെഴുത്താണ്. വായിച്ചു നോക്കൂ, നിങ്ങളത് തിരിച്ചറിയും, തീർച്ച.
(എം.എ.റഹ്മാന്റെ ‘പൊസങ്കടി- ഒരു മനുഷ്യാവകാശ റിപ്പോർട്ട്’ എന്ന നോവലിനെഴുതിയ പഠനക്കുറിപ്പ്).