1942-1947; അന്ന് ഇന്ത്യയിൽ
എന്താണ് നടന്നത്?

ഇന്ത്യ വിഭജനത്തിന്റെ കാര്യകാരണങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്ന ചരിത്രവിദ്യാർത്ഥികൾക്കും സത്യം തേടുന്ന സാധാരക്കാർക്കും വളരെ പ്രയോജനം ചെയ്യുന്ന പുസ്തകമാണ് HM Seervai എഴുതിയ Partition of India - Legend and Reality- പ്രേംലാൽ കൃഷ്ണൻ എഴുതുന്നു.

രു കുടുംബസ്വത്തിന്റെ വിഭജനവും തർക്കങ്ങളും തീർക്കാൻ വർഷങ്ങളോളം എടുക്കുന്ന ഒരു രാജ്യത്ത്, ഒരു രാജ്യത്തിൻ്റ തന്നെ വിഭജനം ഒന്നര മാസത്തിനുള്ളിൽ നടത്തി ലക്ഷക്കണക്കിന് ആളുകളെ മരണത്തിലേക്കും അതിൽ കൂടുതൽ പേരെ നിത്യ ദുരിതക്കയത്തിലേക്കും തള്ളിവിട്ട ഇന്ത്യ വിഭജനത്തിന്റെ പിന്നാമ്പുറ കഥകൾ പലരും അറിഞ്ഞിട്ടില്ല. വിഭജനത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന, HM Seervai എഴുതിയ Partition of India - Legend and Reality എന്ന പുസ്തകം അവശ്യം വായിക്കണ്ട ഒന്നായി മാറുന്നത് അതുകൊണ്ടാണ്. 1989- ലാണ് ഈ പുസ്തകം ആദ്യം ഇറങ്ങിയത്. പിന്നീട് പുതുക്കിയ പതിപ്പുകൾ എല്ലാ കൊല്ലവും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. അവസാനം ഇറങ്ങിയത് 2024-ലാണ്. വരുംകൊല്ലങ്ങളിലും ഇത് പുറത്തിറങ്ങി കൊണ്ടിരിക്കും എന്ന് പ്രതീക്ഷിക്കാം. മഹാരാഷ്ട്ര അഡ്വ​ക്കറ്റ് ജനറലായി 1957 മുതൽ 1974 വരെ പ്രവർത്തിച്ച സീർവായിയുടെ പ്രധാന പുസ്തകമാണിത്. 1942-1947 കാലത്ത് നടന്ന രാഷ്ട്രീയ ചരിത്രസംഭവങ്ങളുടെ യഥാർത്ഥ ചിത്രം വെളിച്ചത്തുകൊണ്ടുവരണം എന്ന തോന്നിയതുകൊണ്ടാണ് ഈ പുസ്തകം എഴുതിയത് എന്ന് സീർവായ് പറയുന്നു.

പ്രധാനമായും പുസ്തകം ലക്ഷ്യം വെക്കുന്നത് 1947- ലെ അധികാര കൈമാറ്റം തന്നെയാണ്. പുസ്തകരചനക്ക് അടിസ്ഥാനമായത് 1980-ൽ പത്ത് വാല്യങ്ങളായി പുറത്തിറങ്ങിയ ദ ട്രാൻഫർ ഓഫ് പവർ 1942-47 എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ, വൈസ്രോയി ജേണലിലെ വെളിപ്പെടുത്തലുകൾ, സ്സീഗ്ലർ എഴുതിയ മൗണ്ട് ബാറ്റന്റെ ജീവചരിത്രം തുടങ്ങിയവയാണ്.

തുടക്കത്തിൽ തന്നെ മഹാത്മാഗാന്ധിക്കെതിരെ നാല് വിമർശനങ്ങൾയിക്കുന്നുണ്ട്:

  • ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഗാന്ധിയാണ് മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.

  • ക്യാബിനറ്റ് മിഷൻ പ്ലാൻ നിരാകരിച്ചതിലൂടെ ‘ഒരൊറ്റ ഇന്ത്യ’ എന്ന സങ്കല്പത്തിന് അദ്ദേഹം തടസ്സം നിന്നു.

  • പ്രൊവിഷണൽ കോൺസ്റ്റിസ്റ്റ്യൂഷൻ എന്ന സങ്കല്പത്തിലൂടെ കൊണ്ടുവന്ന തുല്യത പാക്കിസ്ഥാൻ എന്നതിനേക്കാൾ മോശമായിരുന്നു.

  • പാർട്ടീഷൻ കൊണ്ട് ഹിന്ദു- മുസ്ലീം പ്രശ്നം പരിഹരിക്കപ്പെട്ടില്ല. മുസ്ലീങ്ങൾ ഇന്ത്യയിലെ വലിയ ന്യൂനപക്ഷമായും ഹിന്ദുക്കൾ പാക്കിസ്ഥാനിലെ ചെറിയ ന്യൂനപക്ഷമായും നിലനിൽക്കുന്നു.

1947 ജൂൺ മൂന്നിന് ഇന്ത്യ- പാക്കിസ്ഥാൻ വിഭജനം അന്നത്തെ വൈസ്രോയ് മൗണ്ട് ബാറ്റൻ പ്രഭു പ്രഖ്യാപിച്ചു. ആ തീരുമാനത്തിനുമുമ്പ് മൗണ്ട് ബാറ്റൻ ഇരുപക്ഷത്തുമുള്ള നേതാക്കളുമായി ചർച്ച നടത്തി. മൗണ്ട്ബാറ്റന് പിന്നാലെ നെഹ്റുവും ജിന്നയും ഇന്ത്യ വിഭജനത്തെ അംഗീകരിച്ച് പ്രത്യേകം പ്രത്യേകം വിളംബരം പുറപ്പെടുവിച്ചു. മുസ്ലീങ്ങൾക്ക് തുല്യ പ്രാധാന്യമുള്ള സർക്കാർ എന്ന ആശയം പരാജയപ്പെട്ടതോടെ ക്യാബിനറ്റ് മിഷൻ പ്ലാൻ മരിച്ചു എന്ന് മൗണ്ട് ബാറ്റൻ തീരുമാനിച്ചു. അന്നത്തെ ആസാം പ്രധാനമന്ത്രിയായിരുന്ന ബർദോലോയിയോട് കോൺഗ്രസ് തീരുമാനങ്ങളേയും തന്റെ തന്നെ അഭ്യർത്ഥനകളേയും നിരാകരിക്കാൻ നിഷ്കർഷിച്ച് ഗാന്ധി തന്നെയാണ് ക്യാബിനറ്റ് മിഷൻ പ്ലാൻ നശിപ്പിച്ചത്.

പിന്നീട് 1947 ഏപ്രിൽ 25 ന് മൗണ്ട് ബാറ്റനും വല്ലഭായി പട്ടേലും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് സർക്കാറിൽ ഹിന്ദു- മുസ്ലീം തുല്യപരിഗണ എന്ന ആശയം അംഗീകരിക്കില്ല എന്ന് അസന്നിഗ്ദ്ധമായി പറഞ്ഞു. ക്യാബിനറ്റ് മിഷൻ പ്ലാൻ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ലെങ്കിൽ കോൺഗ്രസ് വിഭജനം ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം മൗണ്ട് ബാറ്റനോട് പറഞ്ഞു. മൗണ്ട് ബാറ്റൻ 1947 മെയ് ഒന്നിന് എഴുതിയ റിപ്പോർട്ടിൽ വീണ്ടും തുല്യ അവകാശവാദം ഉന്നയിക്കുകയാണെങ്കിൽ മൗണ്ട് ബാറ്റനെ കോൺഗ്രസ് ശത്രുവായി കണക്കാക്കും എന്ന് പട്ടേൽ മുന്നറിയിപ്പ് നൽകിയതായി എഴുതിയിട്ടുണ്ട്.

1947-ൽ ജവഹർലാൽ നെഹ്റുവും മുഹമ്മദലി ജിന്നയും വൈസ്രോയ് മൗണ്ട് ബാറ്റൻ പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ച.
1947-ൽ ജവഹർലാൽ നെഹ്റുവും മുഹമ്മദലി ജിന്നയും വൈസ്രോയ് മൗണ്ട് ബാറ്റൻ പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ച.

1947 ജൂലൈ നാലിന് ബ്രിട്ടീഷ് പാർലമെൻ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വിഭജിക്കാനുള്ള ബിൽ അവതരിപ്പിക്കുകയും 15-ന് ഹൗസ് ഓഫ് കോമൺസിന്റെയും തൊട്ടടുത്ത ദിവസം ഹൗസ് ഓഫ് ലോർഡ്സിന്റെയും 18-ന് രാജാവിന്റെയും സമ്മതം മൗണ്ട് ബാറ്റൻ നേടിയെടുക്കുകയും ചെയ്തു. ഇതിന് അടിസ്ഥാനമായത് കാബിനറ്റ് മിഷൻ പ്ലാൻ പരാജയപ്പെട്ടതാണ്. പക്ഷെ അതിന്റെ പ്രധാന കാരണം മുസ്ലീം ലീഗിന് അർഹിക്കുന്ന പരിഗണന സർക്കാറിൽ കോൺഗ്രസ് നൽകാൻ സധ്യതയില്ല എന്ന ജിന്നയുടെ സംശയമാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ വിഭജനത്തിന്റെ തീരുമാനം അംഗീകരിക്കാൻ പ്രമേയം കൊണ്ടുവന്നപ്പോൾ എതിർത്തത് ആസാദ് മാത്രമായിരുന്നു. കോൺഗ്രസ്, ഇന്ത്യ വിഭജനം എന്ന ആശയം ഏറ്റെടുക്കുന്നത് തെറ്റായ തീരുമാനമായിരിക്കും എന്ന് ശക്തമായി ആസാദ് വാദിച്ചെങ്കിലും വിഭജനത്തിനനുകൂലമായി ഗാന്ധി എടുത്ത നിലപാട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ 29:15 എന്ന നിലയിൽ ഇന്ത്യ വിഭജനത്തിനനുകൂലമായി പ്രമേയം പാസ്സാക്കാനിടയാക്കി.

1945 ആഗസ്റ്റ് 2 ന് ആസാദ് ഗാന്ധിക്ക് എഴുതിയ എഴുത്തിൽ ഇപ്രകാരം കുറിച്ചു: ‘‘ഒരു മുസ്ലീം എന്ന നിലയിൽ പാക്കിസ്ഥാൻ എന്ന ആശയത്തെ ഞാൻ നിരാകരിക്കുന്നു. പാക്കിസ്ഥാൻ അംഗീകരിക്കുന്നതിലൂടെ നയങ്ങളുടെ തോൽവിയാണ് നാം അംഗീകരിക്കുന്നത്.

1945 ആഗസ്റ്റ് 2 ന് ആസാദ് ഗാന്ധിക്ക് എഴുതിയ എഴുത്തിൽ ഇപ്രകാരം കുറിച്ചു: ‘‘ഒരു മുസ്ലീം എന്ന നിലയിൽ പാക്കിസ്ഥാൻ എന്ന ആശയത്തെ ഞാൻ നിരാകരിക്കുന്നു. പാക്കിസ്ഥാൻ അംഗീകരിക്കുന്നതിലൂടെ നയങ്ങളുടെ തോൽവിയാണ് നാം അംഗീകരിക്കുന്നത്. അതേസമയം മുസ്ലീങ്ങളുടെ ഭയം നീക്കേണ്ട ചുമതലയും നമുക്കുണ്ട്. അതുകൊണ്ട് ഹിന്ദു- മുസ്ലീം തുല്യത കൊണ്ടുവന്ന് ആ ഭയം ദൂരീകരിക്കേണ്ടതുണ്ട്’’. അതിന് മറുപടിയായി ആഗസ്റ്റ് 16 ന് ഗാന്ധി എഴുതിയതിന്റെ തുടക്കം ഇപ്രകാരമായിരുന്നു. ‘‘നിങ്ങളുടെ എഴുത്ത് എന്റെ ഹിന്ദുക്കൾക്ക് വേണ്ടിയാണെന്ന് എനിക്ക് എഴുത്ത് വായിച്ചപ്പോൾ തോന്നിയില്ല. നിങ്ങളുടെ ഹൃദയത്തിൽ അതുണ്ടാകാമെങ്കിലും എഴുത്തിലത് പ്രതിഫലിച്ചിട്ടില്ല’’.
ഇന്ത്യ വിഭജനം മുസ്ലീങ്ങളുടെ താല്പര്യങ്ങൾക്ക് എതിരാകും എന്ന് ആസാദ് വിശ്വസിച്ചിരുന്നു. ക്രിപ്പ്സിന് എഴുതിയ എഴുത്തിൽ തുല്യതയെ എതിർത്തുകൊണ്ട് ഗാന്ധി ഇങ്ങനെ എഴുതി: ‘‘ആറ് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾക്കും അഞ്ച് മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങൾക്കുമിടയിൽ മറികടക്കാനാവാത്ത പ്രശ്നങ്ങൾ നിലനില്ക്കുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷം പ്രതിനിധാനം ചെയ്യുന്നത് 9 കോടി ജനങ്ങളെയാണെങ്കിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ പ്രതിനിധാനം ചെയ്യുന്നത് 19 കോടി ജനങ്ങളെയാണ്. ഈ സ്ഥിതി പാക്കിസ്ഥാൻ എന്ന ആശയത്തക്കാൾ മോശമാണ്’’.

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അബ്ദുൾ കലാം ആസാദ്.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അബ്ദുൾ കലാം ആസാദ്.

ആസാദ് ഭാരതത്തിനുവേണ്ടി ശക്തമായി നിലകൊണ്ടെങ്കിലും പിന്നീട് കോൺഗ്രസിന്റെ നയരൂപീകരണത്തിൽ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാതെയായി. ആസാദ് പ്രസിഡണ്ട് ആയിരിക്കെ തന്നെ, ‘‘ജിന്നക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ല" എന്ന നെഹ്റുവിന്റെ പ്രസ്താവന ആസാദിന്റെ നിലപാടിനെ തച്ചുടക്കുന്നതായിരുന്നു. ക്യാബിനറ്റ് മിഷൻ പ്ലാൻ തകരാൻ കാരണം അന്നത്തെ നേതൃത്വത്തിന്റെ തൻപോരിമ തന്നെയായിരുന്നു. ഗാന്ധി ഹിന്ദു- മുസ്ലീം ഐക്യത്തിനെ കുറിച്ച് പറഞ്ഞിരുന്നു എങ്കിലും അത് പ്രാവർത്തികമാക്കാൻ ഒന്നും ചെയ്തില്ല. പകരം അതിനൊരു പരിഹാരം ദൈവികവിളിയായി എത്തും എന്നദ്ദേഹം കരുതി. പക്ഷെ അത്തരമൊരു വിളി എത്തിയതേ ഇല്ല. ഹിന്ദു- മുസ്ലീം ഏകത എന്നത് ദൈവികമായി പരിഹരിക്കേണ്ട ഒരു ആദ്ധ്യാത്മിക പ്രശ്നമല്ല, മറിച്ച് പരിഹരിക്കപ്പെടേണ്ട ഒരു രാഷ്ട്രീയ പ്രശ്നമാണെന്ന് ഗാന്ധി കണക്കാക്കിയിരുന്നില്ല എന്നുമാത്രമല്ല പരിഹരിക്കാൻ ഒരു ശ്രമവും നടത്തിയില്ല. അതേസമയം, മറ്റു മുസ്ലീം മതനേതാക്കൾക്കും സ്വീകാര്യമായ പരിഹാരം ആസാദിനാൽ നിർദ്ദേശിക്കപ്പെട്ടിട്ടും അത് സ്വീകരിക്കാൻ ഗാന്ധി തയ്യാറുമായിരുന്നില്ല. ഗാന്ധിയുടെ ഈ മനോഭാവത്തിന് വേവൽ പറഞ്ഞത് ഇപ്രകാരമായിരുന്നു: "ഗാന്ധി ഒരു ആഭ്യന്തര കലഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. മറിച്ച് അദ്ദേഹം പട്ടേലിനെ പോലെ ഹിന്ദുക്കൾ ഉറച്ച് നിന്നാൽ മുസ്ലീങ്ങൾ ലഹളക്കൊരുങ്ങില്ല എന്ന് കരുതി".

1947 ഏപ്രിൽ 25 ൽ മൗണ്ട് ബാറ്റനും പട്ടേലും കൂടി നടന്ന കൂടിക്കാഴ്ചയിൽ പട്ടേൽ ഇപ്രകാരം പറഞ്ഞു: ‘‘ക്യാബിനറ്റ് മിഷൻ പ്ലാൻ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല എങ്കിൽ കോൺഗ്രസ് വിഭജനം ആഗ്രഹിക്കും. കോൺഗ്രസ് ആനുകൂല്യങ്ങളുടെ പരമാവധിയിൽ എത്തിക്കഴിഞ്ഞു’’.

ബ്രിട്ടീഷ് സർക്കാർ മുൻപ് തീരുമാനിച്ചത് 1948 ജൂൺ 30 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനായിരുന്നു. പക്ഷെ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളാൽ അത് 1947 ആഗസ്റ്റ് 15 ലേക്ക് മാറ്റേണ്ടിവന്നു. ഈ കാലയളവ് ചുരുക്കൽ വിഭജനപ്രക്രിയക്ക് പല പ്രതിസന്ധികളും സൃഷ്ടിച്ചു.

1947 ജൂൺ 14 ന് നടന്ന കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ കൊണ്ടുവന്ന പ്രമേയത്തിൽ വിഭജനത്തിനനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് നെഹ്റു ആസാദിനോട് ആവശ്യപ്പെട്ടിരുന്നു പക്ഷെ വിഭജനം എന്ന ആശയത്തോട് യോജിക്കാൻ കഴിയില്ല എന്നദ്ദേഹം തുറന്നുപറഞ്ഞു. തെറ്റായ തീരുമാനത്തിന്റെ പേരിൽ ചരിത്രം മാപ്പ് തരില്ല എന്ന് നെഹ്റുവിനെ അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.

ബ്രിട്ടീഷ് സർക്കാർ മുൻപ് തീരുമാനിച്ചത് 1948 ജൂൺ 30 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനായിരുന്നു. പക്ഷെ സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളാൽ അത് 1947 ആഗസ്റ്റ് 15 ലേക്ക് മാറ്റേണ്ടിവന്നു. ഈ കാലയളവ് ചുരുക്കൽ വിഭജനപ്രക്രിയക്ക് പല പ്രതിസന്ധികളും സൃഷ്ടിച്ചു. 1947 ജൂൺ 3 ന് അംഗീകരിച്ച പദ്ധതിപ്രകാരം പഞ്ചാബിന്റെയും ബംഗാളിന്റെയും വിഭജനത്തിനുവേണ്ടി പ്രത്യേകമായി രണ്ട് അതിർത്തി കമ്മീഷനുകളെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. രണ്ടു കമ്മീഷനുകളുടേയും സ്വതന്ത്ര അദ്ധ്യക്ഷപദവിയിൽ സർ സിറിൽ റാഡ്ക്ലിഫ് നിയമിതനായി. 1947 ജൂലായ് എട്ടിനാണ് അദ്ദേഹം ഇന്ത്യയിൽ കാലുകുത്തുന്നത്. മൗണ്ട് ബാറ്റൻ, നെഹ്റു, ജിന്ന എന്നിവരുടെ മൂവർ സംഘം റാഡ്ക്ലിഫിനോട് അഞ്ച് ആഴ്ചകൾക്കുള്ളിൽ വിഭജനത്തിനുവേണ്ടി അതിർത്തി തിരിച്ച് അന്തിമ തീരുമാനമെടുക്കാനാവശ്യപ്പെട്ടു. പക്ഷെ പഞ്ചാബിലെ ജനങ്ങളുടെ ജീവനാഡിയായിരുന്ന കനാലുകളുടെ വിഭജനം അത്യന്തം ദുഷ്ക്കരമാണെന്ന് റാഡ്ക്ലിഫ് കണ്ടെത്തി. വിഭജനം സാധാരണ ജനവിതത്തെ ബാധിക്കാതിരിക്കാൻ കനാലുകളുടെ ഭരണചുമതല ഇരുപക്ഷങ്ങളും ചേർന്ന ഒരു സമിതിക്ക് വിട്ടുനൽകാൻ സാധിക്കുമോ എന്നദ്ദേഹം ആരാഞ്ഞിരുന്നു. പക്ഷെ അത്തരം ഒരാശത്തെ നെഹ്റുവും ജിന്നയും കളിയാക്കി തള്ളിക്കളയുകയാണ് ചെയ്തത്. കമ്മീഷൻ അംഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാൻ സാധ്യതയുള്ള പല കാര്യങ്ങളിലും രൂക്ഷമായ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. അവസാനം അന്തിമതീരുമാനം റാഡ്ക്ലിഫിന് തനിയെ എടുക്കേണ്ടിവന്നു.

സൈനിക വിഭജനമാണ് കമ്മീഷൻ നേരിട്ട അടുത്ത വെല്ലുവിളി. കോൺഗ്രസും മുസ്ലീം ലീഗും തങ്ങളുടെ അധികാരപരിധിയിൽ നിൽക്കുന്ന സൈനികശക്തി വേണമെന്ന് നിഷ്കർഷിച്ചു. അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് കൃപലാനി ദേശീയതക്ക് സൈനികശക്തി അത്യാവശ്യമാണെന്ന് വാദിച്ചു. ജിന്നക്കും അതേ നിലപാട് തന്നെ യായിരുന്നു. മതസ്പർദ്ദ ഒഴിവാക്കാൻ സൈനികശക്തി ഉപകരിക്കും എന്നദ്ദേഹം വിശ്വസിച്ചു. അവസാനം 1947 ആഗസ്റ്റ് 15ന് മുസ്ലീം സമുദായക്കാരും ഇതര സമുദായക്കാരും എന്ന നിലയിൽ സൈനിക വിഭജനം തയ്യാറാക്കേണ്ടിവന്നു.

സർദാർ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്
സർദാർ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്

ഇരു രാജ്യങ്ങൾക്കും കൂടി ഒരു ഗവർണർ ജനറൽ മതിയോ അല്ലെങ്കിൽ വേറെ വേറെ വേണമോ എന്നതായിരുന്നു കമ്മീഷന്റെ മുന്നിലെ അടുത്ത പ്രശ്നം. മേനോൻ തയ്യാറാക്കിയ ‘ഹെഡ്സ് ഓഫ് എഗ്രിമെൻ്റ്’ എന്ന പൊതു ധാരണാപത്രം ഇരുരാജ്യങ്ങൾക്കുമായി ഒരു ഗവർണർ ജനറൽ എന്ന നിർദേശം മുന്നോട്ട് വെച്ചു. അതിന്റെ അടിസ്ഥാനത്തിൽ നെഹ്റു മൗണ്ട് ബാറ്റന് കത്തയക്കുകയും ചെയ്തു. പക്ഷെ ഇക്കാര്യത്തിൽ ജിന്നയുടെ വ്യക്തിപരമായ അഭിപ്രായം മൗണ്ട് ബാറ്റൻ ആരാഞ്ഞതിൽ ഇരു രാജ്യങ്ങൾക്കും വേറെ വേറെ ഗവർണർ ജനറൽമാരാണ് വേണ്ടെതെന്ന് ജിന്ന പറഞ്ഞു. തൻമൂലം രണ്ട് തരത്തിലുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന ധാരണാപത്രങ്ങൾ തയ്യാറാക്കപ്പെട്ടു. പക്ഷെ ഇരു രാജ്യങ്ങൾക്കും വേണ്ടി ഒരു ഗവർണർ ജനറൽ എന്ന ആശയത്തിനാണ് മൗണ്ട് ബാറ്റൻ പ്രാധാന്യം കൊടുത്തത്. തർക്കപരിഹാരത്തിന് അദ്ദേഹം ജിന്നയുമായി ഒരു കൂടിക്കാഴ്ച നടത്തി. മൗണ്ട് ബാറ്റൻ ഡൽഹിയിൽ ആകുന്ന സമയങ്ങളിൽ പാക്കിസ്ഥാന്റെ ഗവർണർ ജനറൽ പദവി താല്കാലികമായി ജിന്നക്ക് നൽകുന്ന ഒരു രീതി മൗണ്ട് ബാറ്റൻ മുന്നോട്ട് വെച്ചു. പക്ഷെ ജിന്നക്ക് അതും സ്വീകാര്യമല്ലായിരുന്നു. അന്നത്തെ ആ ചർച്ച തീരുമാനമാകാതെ അലസി. ഈ തീരുമാനം മൂലം പാക്കിസ്ഥാന് സ്വത്തുക്കൾ നഷ്ടമാകും എന്ന് മുന്നറിയിപ്പ് നൽകിയാണ് മൗണ്ട് ബാറ്റൻ അവിടെ നിന്നിറങ്ങിയത്.

വിഭജനം ഒഴിവാക്കാൻ കഴിയുമായിരുന്നോ എന്ന ചോദ്യം എപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ട്. 1937- ൽ മുസ്ലീം ലീഗുമായി ചേർന്ന് മുന്നണി ഭരണം നടത്താൻ കോൺഗ്രസ് വിസമ്മതിച്ചതാണ് വിഭജനം അനിവാര്യമാക്കിയത്.

വിഭജനം ഒഴിവാക്കാൻ കഴിയുമായിരുന്നോ എന്ന ചോദ്യം എപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ട്. 1937- ൽ മുസ്ലീം ലീഗുമായി ചേർന്ന് മുന്നണി ഭരണം നടത്താൻ കോൺഗ്രസ് വിസമ്മതിച്ചതാണ് വിഭജനം അനിവാര്യമാക്കിയത്. അന്നത്തെ തെരഞ്ഞെടുപ്പിനുശേഷം ജിന്ന, പാക്കിസ്ഥാൻ എന്ന ഒരു പ്രത്യേക രാജ്യത്തെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. വിഭജനം ഒഴിവാക്കാൻ പറ്റിയ മറ്റൊരു സന്ദർഭം ദേശായ്- ലിയാക്കത്ത് അലി സന്ധിയായിരുന്നു. പക്ഷെ സദുദ്ദേശ്യത്തോടെ അത് നടപ്പിലാക്കാൻ അന്നത്തെ നേതൃത്വത്തിന്യ കഴിയാതെ പോയതും അവിഭജിത ഇന്ത്യക്ക് തിരിച്ചടിയായി. 1947 ആഗസ്റ്റ് 7 ന് ജിന്ന ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്ക് പോയി. പോകുമ്പോൾ കഴിഞ്ഞതൊക്കെ മറന്ന് പുതിയ ഇന്ത്യയുടെ പുരോഗതിക്ക് പ്രവർത്തിക്കണം എന്ന് ആശംസിച്ചിരുന്നു.

വിഭജനം ഒഴിവാക്കാൻ പറ്റിയ ഒരു സന്ദർഭം ദേശായ്- ലിയാക്കത്ത് അലി സന്ധിയായിരുന്നു. പക്ഷെ സദുദ്ദേശ്യത്തോടെ അത് നടപ്പിലാക്കാൻ അന്നത്തെ നേതൃത്വത്തിന്യ കഴിയാതെ പോയതും അവിഭജിത ഇന്ത്യക്ക് തിരിച്ചടിയായി. 1947 ആഗസ്റ്റ് 7 ന് ജിന്ന ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്ക് പോയി.
വിഭജനം ഒഴിവാക്കാൻ പറ്റിയ ഒരു സന്ദർഭം ദേശായ്- ലിയാക്കത്ത് അലി സന്ധിയായിരുന്നു. പക്ഷെ സദുദ്ദേശ്യത്തോടെ അത് നടപ്പിലാക്കാൻ അന്നത്തെ നേതൃത്വത്തിന്യ കഴിയാതെ പോയതും അവിഭജിത ഇന്ത്യക്ക് തിരിച്ചടിയായി. 1947 ആഗസ്റ്റ് 7 ന് ജിന്ന ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്ക് പോയി.

മൗണ്ട് ബാറ്റൺ എന്തുകൊണ്ട് ആഗസ്റ്റ് 15 തന്നെ തിരഞ്ഞെടുത്തു?
വിഭജനം അനിവാര്യമായെങ്കിലും 1948 ജൂൺ എന്ന ആദ്യത്തെ തിയതിയും 1947 ഒക്ടോബർ എന്ന രണ്ടാമത്തെ തിയതിയും ഒഴിവാക്കി ആഗസ്റ്റിൽ തന്നെ അധികാര കൈമാറ്റം എന്ന് ധൃതി പിടിച്ചത് എന്തിന്? ചില പത്രക്കാരുടെ ചോദ്യങ്ങൾക്ക് മൗണ്ട് ബാറ്റൺ കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു: ‘‘ആഗസ്റ്റ് 15 എന്ന തിയതി എവിടെ നിന്നോ വന്നതാണ്. എന്നോട് അധികാര മാറ്റത്തിന്റെ തിയതി തെരെഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് പെട്ടെന്ന് വേണമെന്ന് തോന്നിയിരുന്നു. എന്റെ മുന്നിൽ ആഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ എന്നീ രണ്ട് മാസങ്ങളാണ് ഉണ്ടായിരുന്നത്. ഞാൻ ആഗസ്റ്റ് 15 തെരഞ്ഞെടുത്തതിനു കാരണം അത് ജപ്പാൻ കീഴടങ്ങിയതിന്റെ രണ്ടാം വാർഷികമായിരുന്നു’’.
മൗണ്ട് ബാറ്റനെ സംബന്ധിച്ച് ജപ്പാന്റെ കീഴടങ്ങലിൽ വ്യക്തിപരമായ ബന്ധം കൂടി ഉണ്ടായിരുന്നു. കാരണം അദ്ദേഹമായിരുന്നു ആ സമയത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ പരമോന്നത കമാണ്ടർ. പക്ഷെ അത് തിടുക്കത്തെ ന്യായീകരിക്കുന്നില്ല. ആറ് ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും 14 ലക്ഷത്തോളം പേർക്ക് തിക്ത അനുഭവങ്ങൾ പേറേണ്ടി വരുകയും ചെയ്തത് സമയമെടുത്ത് നടത്തിയിരുന്നെങ്കിൽ ലഘൂകരിക്കാമായിരുന്നില്ലേ?. ആരും അത്തരം ഭയാനകമായ ഒരു രക്തചൊരിച്ചൽ നടക്കും എന്ന് മുൻകൂട്ടി കരുതിയില്ല എന്ന നിസ്സാരമായ മറുപടിയാണ് ബ്രിട്ടീഷ് പദവി അലങ്കരിച്ചിരുന്നവരിൽ നിന്ന് കിട്ടിയത്.

റാഡ്ക്ലിഫിന്റെ അതിർത്ത നിർണ്ണയ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടത് 1947 ആഗസറ്റ് 12 നാണ്. അതിന് മുന്നേ തന്ന അതിലെ, രൂക്ഷപ്രതികരണങ്ങൾക്ക് സാധ്യതയുള്ള നിർദ്ദേശങ്ങളെ കുറിച്ച് മൗണ്ട് ബാറ്റണ് ധാരണയുണ്ടായിരുന്നു.

വിഭജനസമയത്ത് ഗാന്ധി ബംഗാളിലായിരുന്നു. സമയോചിതമായ ധീര ഇടപെടലുകളിലൂടെ ബംഗാളിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഗാന്ധിക്ക് ഒരു പരിധി വരെ സാധിച്ചിരുന്നു. അദ്ദേഹത്തെ പ്രകീർത്തിച്ച് മൗണ്ട് ബാറ്റൺ ഇങ്ങനെ എഴുതി: ‘‘പഞ്ചാബിൽ ഞങ്ങൾക്ക് 50000 സൈനികരുണ്ടായിട്ടും ലഹള നിയന്ത്രിക്കാനാവുന്നില്ല. മറിച്ച് ബംഗാളിൽ ഒരേ ഒരു സൈനികനേയുള്ളൂ എങ്കിലും ലഹള നിയന്ത്രിക്കാനാവുന്നു. ഈ ഏകാംഗ സൈനികന് എൻ്റ നമോവാകം".

റാഡ്ക്ലിഫിന്റെ അതിർത്ത നിർണ്ണയ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടത് 1947 ആഗസറ്റ് 12 നാണ്. അതിന് മുന്നേ തന്ന അതിലെ, രൂക്ഷപ്രതികരണങ്ങൾക്ക് സാധ്യതയുള്ള നിർദ്ദേശങ്ങളെ കുറിച്ച് മൗണ്ട് ബാറ്റണ് ധാരണയുണ്ടായിരുന്നു. റാഡ് ക്ലിഫിന്റെ പഞ്ചാബ് അവാർഡ് അദ്ദേഹം മറച്ച് വെച്ചു. അവാർഡിന്റെ രൂപം കിട്ടിയത് ചർച്ച ചെയ്യാൻ ആഗസ്റ്റ് 9 ന് അദ്ദേഹം ഒരു യോഗം വിളിച്ച് കൂട്ടി പക്ഷെ അതിൽ ഒരിന്ത്യക്കാരനേയും ഉൾപ്പെടുത്തിയില്ല. അതിൽനിന്നും വിഭജനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ധാരണ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ആഗസ്റ്റ് 12 നും 14 നും സമർപ്പിക്കപ്പെട്ട റാഡ് ക്ലിഫ് അവാർഡ് എന്താണെന്ന് മനസ്സിലാകും മുന്നേ പ്രാവർത്തീകമാക്കി ഇരുപത് ലക്ഷത്തിലധികം പേരെ കൊടുതിയിലാഴ്ത്തി.

എച്ച്. എം. സെർവായി (HM Seervai)
എച്ച്. എം. സെർവായി (HM Seervai)

എല്ലാ വാദമുഖങ്ങൾക്കും തെളിവ് ഹാജരാക്കുന്ന കാര്യസ്ഥതയുള്ള വക്കീലിനെയാണ് ഈ പുസ്തത്തിൽ നാം കാണുന്നത്. വിഭജനത്തിന്റെ കാര്യകാരണങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്ന ചരിത്രവിദ്യാർത്ഥികൾക്കും സത്യം തേടുന്ന സാധാരക്കാർക്കും വളരെ പ്രയോജനം ചെയ്യുന്ന പുസ്തകമാണ് പാർട്ടീഷൻ ഓഫ് ഇന്ത്യ.


Summary: Premlal Krishna writes review about the book Partition of India - Legend and Reality by HM Seervai based on events during the partition of India and Pakistan.


പ്രേംലാൽ കൃഷ്ണൻ

ബോംബെയിൽ 29 വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. നാടകക്കാരനായിരുന്നു. നിരവധി ഏകാങ്കങ്ങൾ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിൽ ഒരു നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments