Prophet Song: അടിയന്തരാവസ്ഥയിലെ കാളരാത്രികൾ,
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലെ പശുപ്പകലുകൾ

ജീവിതത്തിലേക്ക് നൂഴ്ന്നിറങ്ങുന്ന സമകാലിക സമഗ്രാധികാരത്തിന്റെ ഭീകരത പ്രമേയമാക്കുന്നു, ഐറിഷ് നോവലിസ്റ്റായ പോൾ ലിഞ്ചിന്റെ പ്രോഫറ്റ് സോങ്ങ് എന്ന നോവൽ. 2023 -ലെ ബുക്കർ പ്രൈസിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലാണിത്.

‘‘Everybody knows this emergency legislation is just a grab for power’’
- Prophet Song

നിയമം ഭയത്തിന്റെ ഉപകരണമാക്കപ്പെടുന്നു എന്നതാണ് അടിയന്തരാവസ്ഥയെ സാധാരണ അവസ്ഥയിൽനിന്ന് പ്രാഥമികമായും വേർതിരിക്കുന്നത്. അതൊരു അസാധാരണമായ അവസ്ഥയാണ്. ഇതിനെയാണ് State of exception എന്നു വിളിക്കുന്നത്. നിയമത്താൽ വ്യവസ്ഥാപിതമായ മൗലികാവകാശങ്ങൾ പിൻവലിക്കപ്പെടുകയും പകരം രാജ്യസുരക്ഷയെ മുൻനിർത്തിയും ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ആഭ്യന്തര ഭീഷണിയുണ്ടെന്നു പ്രഖ്യാപിച്ചും ഭരണകൂടത്തിന് കൂടുതൽ പ്രോസിക്യൂട്ടറി അധികാരം നൽകുന്ന നിയമങ്ങൾ ഉടലെടുക്കുന്നു. പൗരരെ തന്നെ ആഭ്യന്തര ശത്രുവായി കാണാനുതകുന്നതാണ് ഭരണകൂടത്തിന് കൂടുതൽ പ്രോസിക്യൂട്ടറി അധികാരങ്ങൾ നൽകുന്ന നിയമങ്ങൾ.

സാർവലൗകിക തലത്തിൽ തന്നെ വ്യവസ്ഥാപിതമായ വലതുപക്ഷത്തിന്റെ മർദ്ദകക്രമത്തിന്റെ അധികാരസത്തയെന്തെന്ന് അനുഭവേദ്യമാക്കുന്നു, പ്രോഫറ്റ് സോങ്.

അടിയന്തരാവസ്ഥ എന്നത് ആ പേര് സൂചിപ്പിക്കുന്നതു പോലെ സവിശേഷ അവസ്ഥയാണ്. ഒഴിച്ചുകൂടാൻ വയ്യാത്ത സുരക്ഷാ നിയമങ്ങളും ഒഴിവാക്കപ്പെടാവുന്നതായ പൗരാവകാശങ്ങളും എന്ന ഭിന്നതലത്തിലേക്ക് നിയമങ്ങൾ ക്രമീകരിക്കപ്പെടുന്നതും അടിയന്തര സാഹചര്യത്തെ സൂചിപ്പിക്കുന്നു.
ഉദാഹരണത്തിന്, പാൻഡെമിക് നിയമം. മഹാമാരിയുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് കർശനമായ സുരക്ഷാ നിയമങ്ങൾ നടപ്പാക്കപ്പെട്ടത്. ആരോഗ്യ അടിയന്തരാവസ്ഥയെ മുൻനിർത്തിയായിരുന്നു പാൻഡെമിക് നിയമം പ്രാബല്യത്തിൽ വന്നത്. സഞ്ചാരസ്വാതന്ത്ര്യം, ഒരുമിച്ച് യോഗം ചേരാനുള്ള സ്വാതന്ത്ര്യം എന്നീ അടിസ്ഥാന അവകാശങ്ങൾ സന്ദർഭത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് താൽക്കാലികമായി മരവിപ്പിക്കപ്പെട്ടു. താത്കാലികം (temporary) എന്നത് പ്രതീതിതലത്തിൽ ഹൃസ്വകാലമെന്ന ധാരണ സൃഷ്ടിക്കാമെങ്കിലും സാങ്കേതികമായി താത്കാലികത്തിലെ കാലത്തിന് കാലപരിധികളില്ല (temporary is eternal), അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ. 

photo: pexels

അടിയന്തര സാഹചര്യങ്ങൾ അസാധാരണ നടപടികൾ അനിവാര്യമാക്കുന്നുവെന്നതാണ് സാമാന്യബോധം. എന്നാൽ, അടിയന്തര സാഹചര്യം സ്ഥായിയായ സാഹചര്യമാകുമ്പോൾ  അസാധാരണ സാഹചര്യത്തിൽ ഭരണകൂടത്തിന്റെയല്ലാതെ മറ്റൊന്നും അനുവദനീയമല്ല എന്ന നിലയിലേക്ക് നിയമപരിപാലനം മാറുന്നു (From state of exception to except that of the State). ഇതൊരു ദൈനംദിന വ്യവസ്ഥയായി പരിണമിക്കുന്നു. പൗരസമൂഹത്തിനും പൗരസമൂഹസ്ഥാപനങ്ങൾക്കും അതുവരെ ഭാഗികമായെങ്കിലും ലഭ്യമായിരുന്ന സ്വാച്ഛന്ദ്യം അല്ലെങ്കിൽ സ്വയംഭരണപരമായ അവകാശങ്ങൾ റദ്ദാക്കപ്പെടുന്നു. അടിയന്തരാവസ്ഥ എന്നതൊരു സ്ഥിരം സംവിധാനമാകുന്നതോടെ അത് അപ്രഖ്യാപിത സ്വഭാവമാർജിക്കുന്നു. ഓരോ വാക്കും നോക്കു പോലും അധികാരത്തിന്റെ ഏകപക്ഷീയമായ (arbitrary) തീരുമാനമനസുരിച്ചു തെറ്റും ശരിയുമാകാം. നിശ്ചിതമായ അനിശ്ചിതത്വമാണ് അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ. ഏകപക്ഷീയത ഭരണകൂടത്തിന്റെ നിയമപരിപാലന ഏജൻസികൾക്ക് കൂടുതൽ കരുത്തു പകരുന്നു.  പൗരരുടെയും വ്യക്തികളുടെയും വാക്കും പ്രവൃത്തിയും അടിയന്തരാവസ്ഥയിലെ നിർദിഷ്ട നിയമത്തിന്റെ പരിധികളിലാണോ അല്ലയോ എന്നത് നിർണയിക്കുന്നത്, പൗര- വ്യക്തി ബാഹ്യമായ ഭരണകൂടത്തിന്റെ ഏജൻസികളാക്കപ്പെടുന്നതോടെയാണ്. അതുവഴി വ്യക്തിപരമായ സ്വാച്ഛന്ദ്യം നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല പൗര-വ്യക്തി പുറമേ ചലിക്കപ്പെടുന്ന വസ്തുവായി -ഒരു ഓട്ടോമാറ്റ- മാറുകയും ചെയ്യുന്നു. ഈയൊരു അവസ്ഥ പൗരസഞ്ചയത്തിന്റെ മേൽ ഭീതിയുടെ നിഴൽ പടർത്തുന്നു.

മഹാമാരിയുടെ സൂചകത്തിലൂടെയാണ്  പ്രതിസന്ധിയിലകപ്പെട്ട ലോകത്തിനെക്കുറിച്ചുള്ള വിഭ്രാത്മക അനുഭവത്ത പ്രോഫറ്റ് സോങ് പ്രതിപാദിക്കുന്നത്.

അടിയന്തരാവസ്ഥയിൽ ഭയമാണ് ഭരിക്കുന്നത്. ഭയത്തിനു മാത്രമേ സ്വയംഭരണാവകാശമുള്ളൂ. ഭരണകൂടം ഭയത്തെ പ്രതീകവല്കരിക്കുന്നു. 

പ്രഖ്യാപിത അടിയന്തരാവസ്ഥയിൽനിന്ന് ഭിന്നമായി അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ഭരണഘടന പിൻവലിക്കപ്പെടുന്നില്ല. ഭരണഘടനാസ്ഥാപനങ്ങൾ ‘സാധാരണ' പോലെ പ്രവർത്തിക്കുന്നു. ജുഡിഷ്യറി സ്വതന്ത്രമായി തന്നെ പ്രവർത്തിക്കുന്നുവെന്നും പറയാം. മൗലികാവകാശങ്ങളുറപ്പിച്ചുകിട്ടാൻ സ്വതന്ത്രമായ ജുഡീഷ്യറിയെ സമീപിക്കാം. എന്നാൽ, ഈ വ്യവസ്ഥ ഔപചാരികമായി മാത്രമാണ് പ്രവർത്തനക്ഷമമായിരിക്കുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാസ്ഥാപനങ്ങൾക്കും അസാധാരണമായ സാഹചര്യത്തെ മുൻനിർത്തി തീരുമാനങ്ങളെടുക്കാൻ ബാധ്യതയുണ്ട്. ജാമ്യം നൽകുക എന്നതാണ് ചട്ടം, അത് നിഷേധിക്കുകയെന്നല്ല എന്ന ഏറ്റവും ഉയർന്ന നിലപാട് കോടതികൾ പുറപ്പെടുവിക്കും. എന്നാൽ, ജാമ്യാപേക്ഷ വരുമ്പോൾ രാജ്യസുരക്ഷ മുഖ്യമായി മാറുകയും ജാമ്യം ലഭിക്കാതെ പോവുകയും ചെയ്യും. ജുഡീഷ്യൽ കസ്റ്റഡിയിലാകുന്ന കുറ്റാരോപിതർക്ക് വീണ്ടും കോടതിയിൽ പോകാമെങ്കിലും ജാമ്യം ലഭ്യമാകുമ്പോഴേക്കും തടവറയിൽ വിചാരണാതടവുകാർ വർഷങ്ങൾ പിന്നിട്ടിരിക്കും.

photo: pexels

രാത്രി വാതിലിലുള്ള മുട്ടാണ് അടിയന്തരാവസ്ഥയുടെ ഭീകരതയെ ഓർമിപ്പിക്കാനായി ഉദാഹരിക്കപ്പെടുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ കാളരാത്രിപോലെ തന്നെ ഭീതിതമാകാം പശുപ്പകലുകളും. ആഗോളതലത്തിൽ തന്നെ രാഷ്ട്രീയാധികാരം വലതുപക്ഷത്തിന്റെ സ്വാധീനതയിലാണ്. വംശീയസ്വഭാവമാർജ്ജിക്കുന്ന ദേശീയത, പൗരരുടെ സ്വാശ്രയബോധത്തെ തളർത്തിക്കളയുന്ന ഭരണകൂടത്തിന്റെ  രക്ഷാധികാരികത്വം, മത-ന്യൂനപക്ഷത്തിന്റെ അപരവൽക്കരണം, കുടിയേറ്റ വിരുദ്ധത, സാമ്പത്തിക അനിശ്ചിതത്വം, നിയമ പരിപാലന ഏജൻസികളുടെ അപ്രമാദിത്വം, വിമത പ്രതികരണങ്ങളുടെ നിർബന്ധിത നിശ്ശബ്ദവൽക്കരണം, വ്യവസായ -വാണിജ്യ മേഖലയുടെ മേലുള്ള കോർപറേറ്റ് ഒലിഗാർക്കി (oligarchy) എന്നതാണ് സമകാലീന വലതുപക്ഷ ദുരധികാരക്രമത്തിന്റെ പൊതുസവിശേഷതകളെങ്കിൽ രാഷ്ട്രത്തിന്റെ നിർമിത ഭൂതകാലത്തോടും മിഥ്യാചരിത്രത്തോടും  പാരമ്പര്യ ശ്രേണിക്രമത്തോടുമുള്ള ആരാധനയും വംശീയ ദേശീയതയുടെ സംരക്ഷകനായ സ്വേച്ഛാധികാരബിംബത്തോടുള്ള ഭക്തിയുമാണ് പൊതുഹിതമായി നിർമിക്കപ്പെടുന്നത്. ആഗോളമായി തന്നെ വ്യവസ്ഥാപിതമായിക്കഴിഞ്ഞ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവമാണിത്. ജനാധിപത്യത്തിന് വേരുള്ള രാജ്യങ്ങളിൽ പോലും അലയടിക്കുന്ന ഈ വലതുപക്ഷജ്വരത്തിന്റെ ഭീതിത അവസ്ഥയെയും അതിനെതിരെ ഉയർന്നുവരുന്ന  'അസംഘടിത’ ചെറുത്തുനിൽപ്പിനെയും  ദീർഘവീക്ഷണത്തോടെ പ്രതിപാദിക്കുന്ന ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള സമകാലിക രചനകൾ ജനാധിപത്യത്തെക്കുറിച്ചുള്ള ഉദാരവാദവിശ്വാസങ്ങളുടെ അപ്രായോഗികതയുടെ കൂടി ദൃഷ്ടാന്തമാകുന്നു. 

ജനാധിപത്യത്തെ ഭീതിയുടെ ശാസനാക്രമം വിഴുങ്ങന്നതിന്റെ സാർവലൗകികമായ അന്യാപദേശമായി പ്രോഫറ്റ് സോങ്ങ് അനുഭവവേദ്യമാകുന്നു.

നിയമത്തെയും സുരക്ഷയെയും കുറിച്ചുള്ള ഉദാരവാദ ഫിക്ഷനുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന, പൊതുവെ 'സ്വരക്ഷിത'മെന്നു തോന്നിച്ചിരുന്ന, മധ്യവർഗത്തിന്റെ ജീവിതാവസ്ഥകളെ ഭരണകൂടത്തിന്റെ ഏകപക്ഷീയത (arbitrariness) തിരിച്ചുപിടിക്കാനാകാത്തവിധം തകർത്തുതുടങ്ങുന്നു. ഉറ്റവരെല്ലാം ഒരിക്കലും തിരിച്ചുവരില്ല എന്ന് ബോധ്യമാകുന്നതോടെ കൈയിൽ കിട്ടിയത് നെഞ്ചോടുചേർത്ത് ചിതറിപ്പോയ ഒരു കുടുംബത്തിലെ അമ്മയും രണ്ടു മക്കളും അഭയാർത്ഥികളായി അന്യദേശത്തിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിലൂടെ, ഇതിനു കാരണമായ ജീവിതത്തിലേക്ക് നൂഴ്ന്നിറങ്ങുന്ന സമകാലിക സമഗ്രാധികാരത്തിന്റെ ഭീകരതയാണ് ഐറിഷ് നോവലിസ്റ്റായ പോൾ ലിഞ്ചിന്റെ പ്രോഫറ്റ് സോങ്ങ് പ്രതിപാദിക്കുന്നത്. 2023 -ലെ ബുക്കർ പ്രൈസിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലാണിത്.

അയർലന്റാണ് ഈ ആഖ്യാനത്തിന് പശ്ചാത്തലമാകുന്ന രാജ്യമെങ്കിലും സാർവലൗകിക തലത്തിൽ തന്നെ വ്യവസ്ഥാപിതമായിരിക്കുന്ന വലതുപക്ഷത്തിന്റെ മർദ്ദകക്രമത്തിന്റെ  അധികാരസത്തയെന്തെന്ന് അനുഭവേദ്യമാക്കുന്നു.  ജോർജ്‌ ഓർവെലിന്റെ 1984 നോട് ഏറെ സാമ്യമുണ്ട് പ്രോഫറ്റ് സോങ്ങിന്. ഒരുപക്ഷെ, ഈ ആഖ്യാനത്തിന്റെ പരിമിതിയും ഇതുതന്നെ. ഓർവെൽ സമഗ്രാധികാരകാലത്തെ വിഭാവനം ചെയ്തതിൽ നിന്നേറെ വ്യതിരിക്തമാണ് സമകാലികമായ വലതുപക്ഷ സമഗ്രാധികാരം എന്നതാണ് യാഥാർഥ്യം. 

അടിയന്തരാവസ്ഥയെ സ്ഥല -കാലാതിവർത്തിയായ അനുഭവമാക്കുന്ന പാതിരാത്രിയിലെ വാതിൽക്കലെ മുട്ടലിൽ പ്രതിധ്വനിക്കുന്ന ഭീതിയുടെ ആ സന്ദർഭമുണ്ടല്ലോ, അതിന്റെ ആവർത്തനവുമായാണ് പോൾ ലിഞ്ചിന്റെ നോവൽ ആരംഭിക്കുന്നത്: "The night has come and she has not heard the knocking". ശരിക്കും വാതിൽക്കൽ ആരോ മുട്ടുന്നുണ്ടായിരുന്നു. ഗാർഡാ എന്നു വിളിക്കുന്ന ഐറിഷ് പോലീസ് സൈന്യത്തിലെ കുറ്റാന്വേഷകരാണ് മുട്ടുന്നത്. ഈ ആഖ്യാനത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള മധ്യവയസ്കയും നാലു കുഞ്ഞുങ്ങളുടെ അമ്മയും ശാസ്ത്രജ്ഞയുമായ എലിഷ് സ്റ്റാക്ക് ഈ മുട്ട് ആദ്യം കേൾക്കുന്നില്ല. എലിഷ് സ്റ്റാക്കിന്റെ ഭർത്താവിനെ തേടിയാണ് ഗാർഡാ വന്നിരിക്കുന്നത്. എലിഷ് സ്റ്റാക്കിന്റെ ഒക്കത്ത് ഒരു കുഞ്ഞുവാവയുണ്ട്. അധ്യാപകനും അധ്യാപക യൂണിയൻ ഭാരവാഹിയുമാണ് എലിഷ് സ്റ്റാക്കിന്റെ ജീവിതപങ്കാളി ലാറി സ്റ്റാക്ക്. അയാളെ തേടിയാണ് പോലീസ് വന്നിരിക്കുന്നത്.

പോൾ ലിഞ്ച്

പോൾ ലിഞ്ചിന്റെ പ്രോഫ്റ്റ് സോങ്ങ് വായിക്കാൻ തുടങ്ങിയ ദിവസമാണ് ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ പ്രഭീർ പുർകായസ്ഥയുടെ അറസ്റ്റ് നടക്കുന്നത്.  പ്രോഫറ്റ് സോങ്ങ് വായിക്കാൻ തുടങ്ങിയ ദിവസം തന്നെ പ്രഭീർ പുർകായസ്ഥയുടെ അറസ്റ്റിന്റെ വാർത്ത കേൾക്കാനിടവന്നത് ആകസ്മികമാണ്. എങ്കിലും, ജനാധിപത്യത്തെ ഭീതിയുടെ ശാസനാ ക്രമം വിഴുങ്ങന്നതിന്റെ സാർവലൗകികമായ അന്യാപദേശമായി പ്രോഫറ്റ് സോങ്ങ് അനുഭവവേദ്യമാകുകയായിരുന്നു. അല്ലെങ്കിൽ തന്നെ ഭീതി സൃഷ്ടിക്കാൻ വേണ്ടി മാത്രം അറസ്റ്റുകൾ നടത്തുകയെന്നത് വലതുപക്ഷക്രമത്തിന്റെ അനുഷ്ഠാന നയമാണ്. 

പ്രോഫറ്റ് സോങ്ങിൽ അടിയന്തരാവസ്ഥ അതിന്റെ പ്രകടസ്വഭാവത്തിൽ തന്നെയാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത്. 

പ്രോഫറ്റ് സോങ്ങിൽ  അധ്യാപകരുടെ പ്രതിഷേധ പ്രകടനം നടത്തിയെന്നതിന്റെ പേരിലാണ് ലാറി സ്റ്റാക്കിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ലാറി സ്റ്റാക്ക് അധ്യാപക സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ നിയമം അനുവദിക്കുംവിധം സമാധാനപരമായ ഒരു സമരത്തിൽ മാത്രമാണ് പങ്കെടുത്തത്. ഭേദപ്പെട്ട തൊഴിലവസ്ഥകൾക്കായുള്ള അവകാശസമരം നടത്തുകയും നയിക്കുകയും ഇതിൽ പങ്കെടുക്കുകയും ചെയ്യുക എന്നത് ജനാധിപത്യത്തിൽ കുറ്റകരമല്ല. ലാറി സ്റ്റാക്ക് കുറ്റകരവും രാജ്യദ്രോഹപരവുമായ പ്രവർത്തിയിലാണ് പങ്കാളിയായത് എന്നാണ് ഭരണകൂടം (regime) അയാളോട് പറയുന്നത്. കാരണം, ഭരണകൂടം പ്രത്യേകമായ പ്രതിസന്ധി നേരിടുന്നതിനാൽ രാജ്യത്ത് അടിയന്തരാവസ്ഥാ നിയമങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഭരണകൂടം  നേരിടുന്ന നിലവിലെ പ്രതിസന്ധിക്ക് മറുപടിയായി സെപ്റ്റംബറിൽ അടിയന്തരാവസ്ഥാനിയമം നടപ്പാക്കിക്കഴിഞ്ഞിരുന്നു. സമഗ്രാധികാര പ്രവണതകൾ പ്രകടിപ്പിക്കുന്ന എല്ലാ ഭരണകൂടങ്ങളും ചെയ്യുന്നതുപോലെ, രാജ്യം ഒരു കടുത്ത ആഭ്യന്തര പ്രതിസന്ധിയെ നേരിടുമ്പോൾ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം ചെയ്യുകയെന്നത് കടുത്ത ശിക്ഷയർഹിക്കുന്ന രാജ്യദ്രോഹമാകുന്നു. 

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രഭീര്‍ പുര്‍കായസ്ഥയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

യുദ്ധവും ആഭ്യന്തര സംഘർഷമൊക്കെ പ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കുള്ള സാധൂകരണമാകുമ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ 'ചാലു'വാകുന്നത് ‘ദേശ സുരക്ഷ’യെന്ന വലതുപക്ഷ തീവ്രവാദത്തിന്റെ ബൃഹത് രാഷ്ട്രീയ പാഠങ്ങളാൽ പൗരബോധത്തെ അനുശീലിപ്പിച്ചുകൊണ്ടാണ്. സമകാലിക ലോകത്തിലെ പൗരസഞ്ചയത്തെ അനുശീലിപ്പിക്കാനും ശിക്ഷണം ചെയ്യിപ്പിക്കാനും ഏറ്റവും ഫലപ്രദമായ ജൈവരാഷ്ട്രീയ മാനേജ്‌മെന്റ് ആദർശമാണ് ‘ദേശസുരക്ഷ’. ഈ അനുശീലനത്തിനും ശിക്ഷണവ്യവസ്ഥയ്ക്കും വിധേയപ്പെടാത്തവരെയും വെല്ലുവിളിക്കുന്നവരെയും മൃത്യുദണ്ഡയന്ത്രങ്ങൾക്ക് (necro machines) സമർപ്പണം ചെയ്യും. സമകാലിക രാഷ്ട്രീയത്തിലെ കേന്ദ്രവ്യവഹാരമാണ് ‘ദേശസുരക്ഷ’. ദേശ സുരക്ഷയെ മുൻനിർത്തി ക്രമസമാധാനപാലനത്തിന് പോലീസിനും സുരക്ഷാ സംവിധാനങ്ങൾക്കും അമിതാധികാരങ്ങൾ കൈവരുന്നു. 

അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ഭരണകൂട വിമർശനങ്ങൾക്ക് മാത്രമാണ് പരിധികൾ നിശ്‌ചയിച്ചിരിക്കുന്നത്. എന്നാൽ, വിഷലിപ്‌തമായ അഭിപ്രായ പ്രകടനങ്ങൾ കുറ്റകരമായി കാണപ്പെടുന്നില്ല.

പ്രോഫറ്റ് സോങ്ങിൽ ദുരധികാരവാഴ്ച്ചക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരുന്നുണ്ട്. അതിനെ നേരിടാൻ ഭരണകൂടത്തിന്റെ ജി എൻ എസ് ബി എന്നു വിളിക്കുന്ന പോലീസിന്റെ അർദ്ധസൈനിക വിഭാഗം വീടുകൾ തോറും തിരച്ചിൽ നടത്തുന്നു. പ്രതിഷേധക്കാർ റോഡ് ബ്ലോക്ക് ചെയ്യുന്നുണ്ട്, കോലം കത്തിക്കുന്നുണ്ട്, ചുവരായ ചുവരൊക്കെ ഗ്രാഫിറ്റിയിൽ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയിട്ടിട്ടുണ്ട്. പോലീസ് പ്രക്ഷോഭക്കാർക്കെതിരെ വെടിയുതിർക്കുന്നു. ഒരു വിദ്യാർത്ഥി കൊല്ലപ്പെടുന്നു. അതിന്റെ ഭീതിതമായ ദൃശ്യം വിഡിയോവിൽ എലിഷ് കാണുന്നുണ്ട്. മൂത്ത മകൻ മാർക്കിനെ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് എലിഷിന്. പ്രക്ഷോഭം നേരിടാൻ സ്കൂളുകളുകൾ  അടച്ചിടാൻ തിരുമാനിക്കുന്നു. പ്രക്ഷോഭം നിയന്ത്രണവിധേയമാകുന്നതുവരെ എല്ലാവരോടും ‘വർക്ക് ഫ്രം ഹോം' ചെയ്യാൻ ആവശ്യപ്പെടുന്നു. നഗരം വിട്ടുപോകാൻ എലീഷിന്റെ മേൽ സമ്മർദമുണ്ട്. പക്ഷെ മറവിരോഗം ബാധിച്ചു തുടങ്ങിയ പിതാവിനെ വിട്ടുപോകാൻ അവർ മടിക്കുന്നു. മാത്രമല്ല, പോലീസ് പിടിച്ചുകൊണ്ടുപോയ ജീവിതപങ്കാളി ലാറി തിരിച്ചുവരിക തന്നെ ചെയ്യുമെന്നാണ് എലിഷ് പ്രതീക്ഷിക്കുന്നത്.

പ്രക്ഷോഭം കനക്കുന്നതോടെ പട്ടാളത്തിൽ നിന്ന് കുറച്ചുപേർ കൂറുമാറി പ്രക്ഷോഭകരുടെ കൂടെ അണിചേരുന്നു. രാജ്യമാകെ ആഭ്യന്തര സംഘർഷം ആളിപ്പടരുകയാണ്. മൂത്ത മകൻ മാർക് അവരുടെ കൂടെ അണിചേരാൻ തയ്യാറായി നിൽക്കുകയാണ്. അയൽരാജ്യങ്ങൾ ഒന്നൊന്നായി അതിർത്തികൾ അടക്കാൻ തുടങ്ങുകയാണ്. എലീഷിന്റെ വൃദ്ധ പിതാവ് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ആവശ്യപ്പെടുകയാണ്. ദുശ്ശാസകക്രമത്തോടുള്ള യുവാക്കളുടെ സഹജമായ എതിർപ്പിനെയാണ് മാർക്കിലൂടെ അവതരിപ്പിക്കുന്നത്. മാർക്ക് അമ്മയോട് പറയുന്നുണ്ട്: "ഞാൻ പറയുന്നതെന്താണെന്നു കേൾക്കണം. എനിക്ക് പറയാനുള്ളത്, എനിക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല എന്നാണ്. ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യമില്ല. അങ്ങനെ ജീവിക്കാൻ എനിക്കാവില്ല. എതിർക്കുക എന്നതു മാത്രമാണ് ആകെ അവശേഷിക്കുന്ന സ്വാതന്ത്ര്യം."
ഇന്ത്യയിലെ സർവകലാശാലകളിൽ ഉയർന്നുകേട്ട ‘ആസാദി’ക്കായുള്ള യുവാക്കളുടെ സ്വാതന്ത്ര്യേച്ഛയെ പ്രതിധ്വനിപ്പിക്കുന്നുണ്ട് മാർക്കിന്റെ വാക്കുകൾ.

photo: unsplash

ലാറിയെ പോലീസ് അറസ്റ്റു ചെയ്യുകയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരിക്കുന്നു. മറ്റു തടവുകാരെ പോലെ ലാറിയെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിക്കുന്നില്ല. പിനോഷെയുടെ ചിലിയിൽ ഇങ്ങനെ എത്രയോ പേർ അപ്രത്യക്ഷരായി. പിന്നീട് കൂട്ടക്കുഴിമാടങ്ങൾ (mass graves) കണ്ടെത്തപ്പെട്ടു. ചിലിയിൽ ഏകാധിപത്യമായിരുന്നു. എന്നാൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലും ജനാധിപത്യ വ്യവസ്ഥ എല്ലാ ഔപചാരിക ഘടകങ്ങളും നിലനിലനിൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നു. ഈ വ്യാജപ്രതീതി ഭരണകൂടത്തിനനുയോജ്യമായ ബലിയാടുകളെ തിരഞ്ഞെടുക്കാനുള്ള പ്രത്യേകമായ അവസരം നൽകുന്നു. രാജ്യദ്രോഹം/ ഭീകരവാദം /  വംശീയത / അട്ടിമറി എന്നിങ്ങനെയുള്ള അടിസ്ഥാനത്തിലാണ് ബലിയാടുകളുടെ തിരഞ്ഞെടുപ്പ്. നഗ്നമായ അധികാരപ്രയോഗത്തിന് സാധുത ലഭിക്കുന്നതിനാൽ പ്രതിഷേധങ്ങൾ പൊട്ടിത്തെറികളായി മാറുന്നില്ല. പ്രത്യക്ഷത്തിൽ കാണുമ്പോൾ എതിരഭിപ്രായങ്ങൾക്കുപോലും ഇടം ലഭിക്കുന്നുവെന്നതിനാൽ ജനാധിപത്യത്തിന്റെ പ്രതിച്ഛായ നിലനിർത്താനാകുന്നതുമൂലമാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥ തിരിച്ചറിയപ്പെടാതെ പോകുന്നത്. എന്നാൽ പ്രോഫറ്റ് സോങ്ങിൽ അടിയന്തരാവസ്ഥ അതിന്റെ പ്രകടസ്വഭാവത്തിൽ തന്നെയാണ് ആവിഷ്‌ക്കരിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയുടെ  മൂർദ്ധന്യത്തിൽ രാഷ്ട്രവും സമൂഹവും ശിഥിലീകരിക്കപ്പെടുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെയും പ്രഖ്യാപിത അവസ്ഥയെയും വേർതിരിക്കുന്ന കനത്ത മതിൽക്കെട്ടുകളൊന്നുമില്ല. വളരെ നേർത്ത വേർതിരിവുകൾ എപ്പോൾ വേണമെങ്കിലും അലിഞ്ഞില്ലാതാവാം. 

ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്തിൽ പ്രക്ഷോഭം നടത്തുന്നത് റദ്ദാക്കപ്പെട്ടിട്ടില്ല. എന്നാൽ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർത്തപ്പെട്ട മുദ്രാവാക്യം രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടാം.

അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ഭരണകൂട വിമർശനങ്ങൾക്ക് മാത്രമാണ് പരിധികൾ നിശ്‌ചയിച്ചിരിക്കുന്നത്.  എന്നാൽ, എത്രയും വിഷലിപ്‌തമായ അഭിപ്രായ പ്രകടനങ്ങൾ കുറ്റകരമായി കാണപ്പെടുന്നില്ല. മാത്രമല്ല, അവ പ്രതികാര / വിദ്വേഷ ഭാഷണം എന്ന നിലക്കുപോലും സാധൂകരിക്കപ്പെടുന്നു. വിഷലിപ്‌തമായ പ്രതികരണങ്ങൾ വലതുപക്ഷവല്കരിക്കപ്പെട്ട മുഖ്യധാരാ മാധ്യമ തുറസുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ബഹുജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ ഭാഷണങ്ങൾ ദൈനംദിന ജീവിതത്തെയും സംസ്കാരത്തെയും ആയുധവൽക്കരിക്കുകയാണ്. ഇത് സങ്കുചിത ദേശീയതാവാദത്തിന്റെ പിൻബലത്താൽ സമൂഹത്തിൽ രക്തചൊരിച്ചലുകൾക്കു വഴിവെക്കുന്നു. പോൾ ലിഞ്ചിന്റെ നോവൽ, വലതുപക്ഷ അധികാരം സമഗ്രാധിപത്യമായി പരിണമിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്നതിനെയാണ്  ദൃഷ്ടാന്തമാക്കുന്നത്.

മറവിരോഗം ഗ്രസിച്ചുതുടങ്ങിയ എലിഷ് സ്റ്റാക്കിന്റെ വൃദ്ധനായ പിതാവ് മാധ്യമങ്ങളെക്കുറിച്ചു നടത്തുന്ന നീരീക്ഷണം വലതുപക്ഷത്തിന്റെ കേവലാധികാര വ്യവസ്ഥയിലെ മാധ്യമങ്ങളെക്കുറിച്ചുള്ള ശരിയായ നീരിക്ഷണമാണ്. സൈമൺ പറയുന്നത്; I don't know why I still read this thing, there is nothing in it, but the big lie. വ്യാജവും അസത്യവുമാണ് പ്രചരിപ്പിക്കുന്നതെന്നറിഞ്ഞിട്ടും നമ്മൾ ജനാധിപത്യത്തിൽ ആർജിച്ച ശീലമെന്ന നിലയിലാണ് മാധ്യമങ്ങളെ വാർത്തകൾക്കും വിശകലനങ്ങൾക്കുമായി ഇപ്പോഴും ആശ്രയിക്കുന്നത്.

photo: unsplash

പ്രഖ്യാപിത അടിയന്തരാവസ്ഥയിൽ ജനത്തിന് യാഥാർഥ്യബോധം നഷ്ടപ്പെടുന്നില്ല. ഒരുപക്ഷെ യാഥാർഥ്യമെന്താണെന്നതിനെക്കുറിച്ച് കൂടുതൽ ബോധ്യമുണ്ടാവുകയാണ് ചെയ്യുന്നത്. എന്നാൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ സംഭവിക്കുന്നത് യാഥാർഥ്യത്തെതന്നെ ഭരണകൂടവും കോർപറേറ്റുകളും മാധ്യമങ്ങളും മാറ്റുന്നു എന്നതാണ്. സത്യാനന്തരം എന്ന വാക്കിനാൽ ഈ അവസ്ഥയെയാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്ത് പുതുതായി അധികാരത്തിൽ വന്ന ദേശീയസഖ്യം (നാഷണൽ അലയൻസ്) ചെയ്യുന്നെന്താണ് എന്ന് എലിഷ് സ്റ്റാക്കിന്റെ പിതാവ് വിശദീകരിക്കുന്നുണ്ട്. സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ- അതായത് സിവിൽ സമൂഹത്തിന്റെ ശക്തികേന്ദ്രങ്ങളെന്നു വിശേഷിപ്പിക്കാവുന്നതും പൊതുതാല്പര്യങ്ങൾക്കായി നിലകൊള്ളുന്നതുമായ സ്ഥാപനങ്ങളുടെ പൊതുഉടമസ്ഥവകാശം റദ്ദാക്കി ഭരണകൂടത്തിൽ  നിക്ഷിപ്‌തമാകുന്നു. 

സൈമൺ പറയുന്നതിന്നതാണ്:  "If you change ownership of the institutions, then you can change the ownership of the facts, you can alter the structure of belief, what is agreed upon, that is what they are doing."
ചരിത്രത്തെക്കുറിച്ചുള്ള അറിവിന്റെ ഘടനയെ മാറ്റാൻ വസ്തുതകൾ തന്നെ തിരുത്തപ്പെടുന്നു. പൊതുസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമാറ്റം എങ്ങനെയാണ് പ്രയോഗക്ഷമമാകുന്നത് എന്ന് സൈമൺ വിശദീകരിക്കുന്നുണ്ട്. "നിങ്ങളും ഞാനും യാഥാർത്ഥ്യം എന്നു മനസ്സിലാക്കുന്നതൊക്കെ മാറ്റുകയാണ് ദേശീയസഖ്യം. അവർ വെള്ളത്തിൽ ചളി കലക്കുന്നു. നിങ്ങൾ ഒന്ന് മറ്റൊന്നാണെന്ന് പറയുകയും, എന്നാൽ അത് പല തവണ പറയുകയും ചെയ്താൽ അത് അങ്ങനെയായിരിക്കണം എന്ന തോന്നൽ സൃഷ്ടിക്കുന്നു. നിങ്ങൾ അത് ആളുകളോട് വീണ്ടും വീണ്ടും പറഞ്ഞാൽ ആളുകൾ ഇത് ശരിയാണെന്ന് അംഗീകരിക്കുന്നു- ഇതൊരു പഴയ ആശയമാണ്. യഥാർത്ഥത്തിൽ പുതിയ കാര്യമല്ല. പക്ഷെ ഇത് നിങ്ങളുടെ കാലത്താണ് സംഭവിക്കുന്നത് എന്നാണ് ഇതിനെ സവിശേഷമാക്കുന്നത്. എന്തെങ്കിലും ചരിത്ര പുസ്തകത്തിലുള്ള കാര്യമല്ല ഇത്."

ഭരണകൂടം (regime എന്നാണ് നോവലിലെ നാമകരണം) കൂടുതൽ ക്ഷുദ്രമാവുകയാണ്. ഒപ്പം പ്രക്ഷോഭവും കനക്കുന്നു. അധികാരവാഴ്ച്ചയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ സാധാരണത്വത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന വാർത്തകളാണ് നൽകുന്നത്. ഇതിന്റെ കൂടെ പുതുതായി പ്രാബല്യത്തിൽ വന്നിരിക്കുന്ന നിയമങ്ങളെക്കുറിച്ചും സാമ്പത്തിക വെട്ടിക്കുറച്ചുലുകളെകുറിച്ചുമുള്ള വാർത്തകൾ വരുന്നു. മറ്റു ചില മാധ്യമങ്ങളിൽ സർക്കാർ  നടത്തുന്ന കൂട്ടക്കുരുതികളെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. ഇതൊന്നും ഇതുവരെയും ബാധിക്കാത്ത ഒരു മധ്യവർഗസമൂഹം  പതിവു ജീവിതം തുടരുന്നുണ്ട്. ജനം വിദേശ മാധ്യമങ്ങളെ ഏറെക്കുറെ നേരായ വാർത്തകൾക്കായി ആശ്രയിക്കാൻ തുടങ്ങുമ്പോൾ സർക്കാർ പ്രത്യേക ഉത്തരവിലൂടെ വിദേശ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നു. വിദേശമാധ്യമങ്ങൾ വായിക്കുന്നതും കേൾക്കുന്നതും നിരോധിക്കപ്പെടുന്നു. സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുക അത്ര പ്രായോഗികമല്ല. എങ്കിലും വിദേശ മാധ്യമങ്ങൾ നിരോധിക്കപ്പെടുന്നു. നമുക്കറിയാവുന്ന ഒരു ഉദാഹരണം ബി ബി സിയുടെ  ഡോക്യുമെന്ററി കാണുന്നത് നിരോധിക്കപ്പെട്ടതാണ്. വാർത്താചാനലുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു, ഇന്റർനെറ്റ് ഷട്ട് ഡൗൺ ചെയ്യപ്പെടുന്നു. ഇന്ന് പ്രയോഗത്തിലുള്ള ഏറ്റവും ശക്തമായ അധികാര പ്രയോഗം ഇന്റർനെറ്റ് ഷട്ട് ഡൗൺ ആണ്. ഇന്റർനെറ്റ് ഏറ്റവും കൂടുതൽ തടസപ്പെട്ട രാജ്യങ്ങളുടെ മുൻപന്തിയിൽ ഇന്ത്യയുണ്ട്. ഇന്റർനെറ്റും  മാധ്യമങ്ങളും നിയന്ത്രിക്കപ്പട്ട സാഹചര്യത്തിൽ  എലിഷ് സ്റ്റാക്കിന്റെ മകൾ മോളി പറയുന്നുണ്ട്: I can't conceive of myself as a person without internet.
കൂടുതൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നതോടെ ഭക്ഷ്യക്ഷാമവും അഭിമുഖീകരിക്കേണ്ടി വരുന്നു. മനുഷ്യവംശം തന്നെ ശരീരത്തിന്റെയും ഗോത്രത്തിന്റെയും ഭരണകൂടത്തിന്റെയും ആവശ്യങ്ങൾക്ക് വിധേയപ്പെടുന്ന മൃഗാവസ്ഥയിലെത്തുന്നു. സമഗ്രാധികാരം ഒരു ഘട്ടം പിന്നീടുന്നതോടെ എല്ലാ സാമൂഹ്യഘടനകളെയും ബന്ധങ്ങളെയും തകർക്കുന്നു. 

എന്തിനാണ് അറസ്റ്റ് ചെയ്തെന്നുപോലും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറിയിക്കണമെന്നില്ല. അങ്ങനെ അറിയിക്കുന്നത് ദേശസുരക്ഷയെ ബാധിക്കുമത്രേ.

പൗരർ വീടിന്റെ പുറത്തിറങ്ങാൻ പാടില്ല എന്ന ഉത്തരവാണ് പിറകെ വരുന്നത്. പാൻഡെമിക് ഘട്ടത്തെ ഓർമിപ്പിക്കുന്ന ചില മുഹൂർത്തങ്ങൾ പ്രോഫറ്റ് സോങ്ങിലുണ്ട്. എല്ലാ സ്ഥാപനങ്ങളും അടച്ചിടപ്പെടുന്നു. തീവ്രദേശീയത മഹാമാരിയായി പടരുന്ന വേളയിൽ സംഭവിക്കാവുന്ന യാഥാർഥ്യവുമാണിത്. സമരം ചെയ്യാനുള്ള അവകാശം അടിയന്തര നിയമനിർമാണത്തിലൂടെ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്തിൽ പ്രക്ഷോഭം നടത്തുന്നത് റദ്ദാക്കപ്പെട്ടിട്ടില്ല. എന്നാൽ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർത്തപ്പെട്ട മുദ്രാവാക്യം രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടാം. ആ ഒരൊറ്റ കാരണത്തിന്റെ പേരിൽ തന്നെ അടിയന്തരാവസ്ഥാ  സ്വഭാവമുള്ള യു എ പി എ അനുസരിച്ച് കേസെടുക്കാം. ജാമ്യം പോലും ലഭിക്കില്ല. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രഭീർ പുർകായസ്ഥയെ അറസ്റ്റ് ചെയ്തപ്പോൾ റിമാൻഡ് റിപ്പോർട്ട് പോലും കൈമാറിയില്ല. അതായത്, എന്തിനാണ് അറസ്റ്റ് ചെയ്തെന്നുപോലും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറിയിക്കണമെന്നില്ല. അങ്ങനെ അറിയിക്കുന്നത് ദേശസുരക്ഷയെ ബാധിക്കുമത്രേ. ദൽഹി ഹൈകോടതി ഇടപെട്ടിട്ടാണ് പ്രഭീർ പുർകായസ്ഥയ്ക്കും സഹപ്രവർത്തകൻ അമിത് ചക്രബർത്തിക്കും റിമാൻഡ് റിപ്പോർട്ട്  ലഭ്യമായത്.  ഹാഥ്റസിൽ നിന്നുള്ള വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ധിഖ് കാപ്പനെതിരെ ഭീകരവാദ നിയമമാണ് ചാർത്തപ്പെട്ടത്. 

ഹാഥ്റസിൽ നിന്നുള്ള വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ധിഖ് കാപ്പനെതിരെ ഭീകരവാദ നിയമമാണ് ചാർത്തപ്പെട്ടത്

പ്രോഫറ്റ് സോങ്ങിൽ രാജ്യത്തെ സ്ഥിതി തിരിച്ചുപിടിക്കാനാകാത്തവിധം തകർക്കപ്പെട്ടിരിക്കുന്ന സന്ധിയിൽ, എലിഷ് സ്റ്റാക് മറ്റൊരു രാജ്യത്തിലേക്ക് അഭയം തേടാൻ തയ്യാറെടുക്കുകയാണ്. പക്ഷെ ലാറിയെ പോലെ മകൻ മാർക്കും തിരിച്ചുവരില്ല എന്നവർ മനസ്സിലാക്കുന്നു. രണ്ടു പേരും ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നുമറിയില്ല. കൈക്കുഞ്ഞായ ബെന്നിനെയും മകളായ മോളിയേയും ചേർത്തുപിടിച്ച് അഭയാർത്ഥികളെ പോലെ മറ്റൊരു രാജ്യത്തിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുകയാണ്. എലീഷിന്റെ സഹോദരി ഒരിക്കൽ പറഞ്ഞത് എലിഷ് ഇപ്പോൾ ഓർക്കുകയാണ്: "history is a silent record of people who did not know when to leave". എന്നാൽ എലിഷ് ഇതിൽ ചില തിരുത്തുകൾ വരുത്തുന്നു. ഭരണകൂടത്തിന്റെ ബുൾഡോസറുകൾ കിടപ്പാടങ്ങൾക്കുനേരെ ഇരച്ചുകയറി വരുമ്പോൾ എലിഷ് സ്റ്റാകിന്റെ ഈ തിരുത്തലാണ് കൂടുതൽ ശരിയെന്ന് അനുഭവപ്പെടും. എലിഷ് സ്റ്റാക് പറയുന്നതിതാണ്: "History is a silent record of people who could not leave, it is a record of those who did not have a choice, you cannot leave when you have nowhere to go and have not the means to go there, you cannot leave when your children cannot get a passport, cannot go when your feet are rooted in the earth and to leave means tearing off your feat." 

അടിയന്തരാവസ്ഥ രാജ്യത്തെ മാത്രമല്ല കുടുംബങ്ങളെ പോലും എങ്ങനെ തകർക്കുന്നുവെന്നു പ്രോഫറ്റ്റ് സോങ്ങ് അനുഭവവേദ്യമാക്കുന്നു.

എലിഷ് സ്റ്റാക്ക് മക്കളുമൊത്ത് വിദേശത്തേക്ക് കടക്കാൻ പാസ്​പോർട്ടിന് അപേക്ഷിക്കുന്നുണ്ട്. പക്ഷെ ഇത് അവർക്ക് നിഷേധിക്കപ്പെടുകയാണ്. ജീവിതപങ്കാളി തടങ്കലിലായതിനാൽ ഭരണകൂടത്തെ സംബന്ധിച്ച് എലിഷും കുടുംബവും സുരക്ഷാ റിസ്കാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ പാസ്​പോർട്ട് പുതുക്കാൻ പോകുമ്പോഴായിരിക്കും ഒരാൾക്കെതിരെ എഫ് ഐ ആർ ഉള്ള വിവരം അയാൾ  ആദ്യമായി അറിയുന്നത്. ഒടുവിൽ അഭ്യർത്ഥിയെ പോലെ രക്ഷപ്പെടാനുള്ള പരിശ്രമം നടത്തുന്നതിനിടയിൽ രണ്ടാമത്തെ മകൻ കൂടി അവർക്ക് നഷ്ടപ്പെടുന്നു. 12 വയസ്സ് മാത്രം പ്രായമുള്ള ബെയ്‌ലിയുടെ  മൃതശരീരമാണ് എലിഷിന് കാണാൻ കഴിയുന്നത്. കൊന്നതോ മരിച്ചതോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമാണ് അമ്മയായ എലിഷിന് ബെയ്‌ലിയുടെ മൃതദേഹം കാണാൻ കഴിയുന്നത്. സങ്കടപ്പെടാനാകാത്ത വിധം മരവിപ്പ് അവരെ ബാധിച്ചിരിക്കുന്നു അപ്പോഴേക്കും. 

അടിയന്തരാവസ്ഥ രാജ്യത്തെ മാത്രമല്ല കുടുംബങ്ങളെ പോലും എങ്ങനെ തകർക്കുന്നുവെന്നു പ്രോഫറ്റ് സോങ്ങ് അനുഭവവേദ്യമാക്കുന്നു. വ്യക്തിബന്ധങ്ങൾ ഉൾപ്പെടെയെല്ലാം തകിടം മറയ്ക്കപ്പെടുന്നു. ഓരോ രാജ്യങ്ങളിലും ഓരോ നിലയിലാണ് അടിയന്തരാവസ്ഥ നടപ്പാക്കപ്പെടുന്നത്.  ആഗോളമായി തന്നെ അടിയന്തരാവസ്ഥാ നിയമങ്ങളുടെ മറ്റൊരു വിളിപ്പേരാണ് ഭീകരതാ വിരുദ്ധ നിയമം. അപ്രഖ്യാപിത അടിയന്തരാവസ്‌ഥ പ്രവർത്തനക്ഷമമാകുന്നത് അങ്ങനെയാണ്. പ്രത്യക്ഷത്തിൽ അടിയന്തരാവസ്ഥ എന്നല്ല വിളിക്കപ്പെടുന്നത്. എങ്കിലും ഭീകരതാ വിരുദ്ധത അടിയന്തരാവസ്ഥക്ക്  സമാനമായാവസ്ഥയാണ് അനുഭവപ്പെടുത്തുന്നത്. അടിയന്തരാവസ്ഥക്ക് സാമൂഹ്യമായ അംഗീകാരം താരതമ്യേന പരിമിതമായിരിക്കും. എന്നാൽ ഭീകരതാ വിരുദ്ധതക്ക് സാമൂഹ്യമായ സമ്മതി ലഭിക്കുകയും ചെയ്യുന്നു. നിയമസംവിധാനം എങ്ങനെയാണ് ഇത്തരം അവസ്ഥകളിൽ പ്രവർത്തിക്കുക എന്നതിന് പോൾ ലിഞ്ചിന്റെ നോവലിലെ ഒരു സന്ദർഭത്താൽ ഉദാഹരിക്കാവുന്നതാണ്.  

photo: unsplash

ജി എൻ എസ് ബിയുടെ ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ജോൺ സ്റ്റാമ്പ് എലീഷിന്റെ വീടിനകത്തേക്ക് അനുവാദമില്ലാതെ കടന്നുവരുന്നുണ്ട്. തനിക്കുള്ള അവകാശങ്ങളെക്കുറിച്ച് എലിഷ് ഇൻസ്പെക്ടറോട് പറയുന്നു. ഇതിനു മറുപടിയെന്നോണം ഇൻസ്‌പെക്ടർ പറയുന്നതിൽനിന്ന് state of exception എന്താണെന്നു വ്യക്തമാകും. "നിങ്ങൾ സ്വയം ഒരു ശാസ്ത്രജ്ഞ എന്ന് വിളിക്കുന്നു, എന്നിട്ടും നിലവിലില്ലാത്ത അവകാശങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നു, നിങ്ങൾ പറയുന്ന അവകാശങ്ങൾ തിരിച്ചറിയാൻ കഴിയുന്നതല്ല. അതെല്ലാം തന്നെ ഭരണകൂടം സൃഷ്ടിച്ച ഒരു കെട്ടുകഥ മാത്രമാണ്.  എന്ത് വിശ്വസിക്കണം അല്ലെങ്കിൽ വിശ്വസിക്കരുത് എന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമാണ്." (you call yourself a scientist and yet you believe in rights that do not exist, the rights you speak of cannot be verified, they are a fiction decreed by the state, it is upto  the state to decide what it believes or does not believe according to its needs). 

കേരളത്തിന്റെ നീറുന്ന സ്മരണയായ രാജനെ പോലെ തന്നെയാണ് ജെ എൻ യുവിൽ നിന്ന് 'അപ്രത്യക്ഷനായ’ നജീബ് എന്ന വിദ്യാർത്ഥി. നജീബിന് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.

ജീവിതപങ്കാളിയെയും മകനെയും കാണാതെയായശേഷം ഓരോ പ്രതിബന്ധങ്ങളെയും അഭിമുഖീരിച്ച് മാനസിക പിരിമുറുക്കിത്തിലിരിക്കുന്ന ഒരവസരത്തിൽ കൊച്ചുകുഞ്ഞായ മകൾ മോളി എലീഷിനോട് ഏറെ സങ്കടത്തോടെ പറയുന്നുണ്ട്, ഇനി പിതാവിനെ കാണാൻ പറ്റില്ല എന്ന്. ഇത് എലീഷിനെ കൂടുതൽ മാനസികവ്യഥയിലേക്ക് തള്ളുന്നു. എലിഷ്  മോളിയോട് മറുപടിയെന്നോണം പറയുന്നത് ഇതാണ്: "നിന്റെ പിതാവ് മരിച്ചിട്ടില്ല. മരിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. നീ എന്താണ് കേട്ടതെന്നന്നറിയില്ല. പക്ഷെ ഒന്നും വിശ്വസിക്കരുത്. നിനക്കും അറിയില്ല. ആർക്കും അറിയില്ല. എന്തിന്റെയും സത്യമെന്താണെന്നു അറിയാൻ കഴിയുകയില്ല."

സത്യമെന്താണെന്ന് അറിയുക ദുഷ്‌കരമാണ്. രാജൻ അടിയന്തരാവസ്ഥയിൽ  കൊല്ലപ്പെട്ടുവെന്നറിയാം. പക്ഷെ എന്താണ് സംഭവിച്ചതെന്ന് ഊഹം മാത്രമേയുള്ളൂ. ഈച്ചരവാര്യർ കയറിയിറങ്ങാത്ത ഇടമില്ല; മകന് എന്ത് സംഭവിച്ചുവെന്നറിയാനായി. കേരളത്തിന്റെ നീറുന്ന സ്മരണയായ രാജനെ പോലെ തന്നെയാണ് ജെ എൻ യുവിൽ നിന്ന് 'അപ്രത്യക്ഷനായ’ നജീബ് എന്ന വിദ്യാർത്ഥി. നജീബിന് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല.

ചോരയെ മരവിപ്പിക്കുന്ന സംഭവപരമ്പരകളാണ് പിന്നീട് നോവലിൽ സംഭവിക്കുന്നത്. ഒരു അഭയാർത്ഥി ബോട്ടിൽ കൈകുഞ്ഞും മറ്റൊരു മകളുമായി ഏറെ ക്ലേശം സഹിച്ച് എലിഷ് രക്ഷപ്പെടുകയാണ്. രക്ഷപ്പെടാൻ അനുഭവിക്കേണ്ടി വരുന്ന യാതനകളുടെ ഒരു സന്ദർഭത്തിലാണ് പ്രവാചകഗാനത്തെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നത്: "പ്രവാചകൻ പാടുന്നത് ലോകാവസാനത്തെക്കുറിച്ചല്ല, എന്നാൽ ചിലരോട് എന്താണ് ചെയ്തിരിക്കുന്നതെന്നും എന്തുചെയ്യാൻ പോകുന്നുവെന്നും ചിലരോട് എന്താണ് ചെയ്യുന്നതിനെക്കുറിച്ചുമാണ്. ലോകം എല്ലായ്‌പ്പോഴും ഒരിടത്ത് വീണ്ടും വീണ്ടും അവസാനിക്കുന്നു. ലോകാവസാനം എപ്പോഴും ഒരു പ്രാദേശിക സംഭവമാണ്. അത് നിങ്ങളുടെ നാട്ടിലേക്ക് വരികയും നിങ്ങളുടെ നഗരം സന്ദർശിക്കുകയും നിങ്ങളുടെ വീടിന്റെ വാതിലിൽ മുട്ടുകയും ചെയ്യുന്നു. ഇത് മറ്റുള്ളവർക്ക് ചില വിദൂര മുന്നറിയിപ്പായി, വാർത്തകളെക്കുറിച്ചുള്ള ഒരു ഹ്രസ്വ റിപ്പോർട്ടായി, പുരാവൃത്തങ്ങളിലേക്ക് കടന്നുപോയ സംഭവത്തിന്റെ പ്രതിധ്വനിയായി മാറുന്നു."

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലെ സമഗ്രാധിപത്യ വ്യവസ്ഥയിലേക്ക് മടങ്ങിപ്പോകുന്ന പ്രതീതിയാണ് പ്രോഫറ്റ് സോങ്ങ് സൃഷ്ടിക്കുന്നത്. ഒരുവേള, ഇന്ത്യയിലെ 1975 -77 ലെ അടിയന്തരാവസ്ഥയെയും അനുസ്മരിപ്പിക്കും. ഒരു അടിയന്തിരാവസ്ഥാ സാഹചര്യം ഒരു കുടുംബത്തിന്റെ ആന്തരിക തലത്തിൽ  സൃഷ്ടിക്കുന്ന പ്രതിസന്ധികളിലാണ് ഈ നോവൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. സമകാലിക ലോകത്തെ വലതുപക്ഷ ഭരണക്രമങ്ങൾ നടപ്പിലാക്കിയിരിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ ഇതിൽ നിന്നേറെ വ്യത്യസ്തമാണ്. സിവിൽ സമൂഹം വലതുപക്ഷവൽക്കരിക്കപ്പെടുകയും തുടർന്ന് ശിഥിലീക്കരിക്കപ്പെടുകയും ചെയ്യുന്നു. ലിഞ്ച് മോബുകൾ അധികാരം ഏറ്റെടുക്കുന്നു. ആൾക്കൂട്ടങ്ങൾ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു. വലതുപക്ഷം ഒരു മതജനവിഭാഗത്തെ തിരഞ്ഞുപിടിച്ച് ബലിയാടുകളാക്കുന്നു. നാഷിസത്തിനും സയണിസത്തിനും ചേർന്നതാണ് സമകാലിക വംശീയ- ദേശീയതയെ അടിസ്ഥാനമാക്കിയുള്ള വലതുപക്ഷ സമഗ്രാധികാര രാഷ്ട്രീയം. എന്നാൽ ഏകാധിപത്യപരമായ പരമാധികാരവ്യവസ്ഥ സ്ഥാപിക്കുന്നതിനു പകരം ജനാധിപത്യപരമായ മാമൂലുകൾ നിലനിൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. 

ഒന്നുകിൽ ‘ബുൾഡോസർ അനീതി’യെ  ഘോഷിക്കുകയോ അല്ലെങ്കിൽ നിസ്സംഗത പുലർത്തുകയോ മാത്രമാണ് മാധ്യമങ്ങൾ ചെയ്യുന്നത്.

വലതുപക്ഷവൽക്കരിക്കപ്പെട്ട ജനാധിപത്യത്തിന്റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണം മാധ്യമവ്യവസ്ഥ തന്നെ. മാധ്യമങ്ങൾ നാലാമിട വ്യവസ്ഥ എന്ന നിലയിൽ രൂപപ്പെടുകയും ഒട്ടുവളരെ ഭരണകൂട നിയന്ത്രണങ്ങൾക്ക് കീഴ്പ്പെടാതെ ഒരു പരിധിവരെയെങ്കിലും പൗരസഞ്ചയത്തിന്റെ ഭാഗമായാണ് വർത്തിച്ചതെങ്കിൽ ഇന്നത് ഭരണകൂടത്തിന്റെ ജിഹ്വ മാത്രമല്ല, ആയുധമേന്തുന്ന ഹസ്തങ്ങളായും മാറുന്നു. ഈ മാറ്റം കേവല വിധേയത്വം മാത്രമായി ഒതുങ്ങുന്നില്ല. അതിനെ കടന്ന് നിയമസംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന, ഭയപ്പെടുത്തലിനായുള്ള മറ്റൊരു ഉപകരണമായി മാറുന്നു.  ജനാധിപത്യത്തിലെ  നിരന്തര പ്രതിപക്ഷമാണ് മാധ്യമങ്ങൾ എന്നാണ് സങ്കൽപം. അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ  മാധ്യമങ്ങൾ രണ്ടു സമീപനമാണ് മുഖ്യമായും സ്വീകരിക്കുന്നത്. ഭരണകൂടത്തിന്റെ തന്നെ ജിഹ്വയായി മാറുക, അല്ലെങ്കിൽ നിസ്സംഗത പുലർത്തുക. രണ്ടാമത്തെ സമീപനമാണ് ജനാധിപത്യത്തിന് കൂടുതൽ അപകടകരം. എന്തെന്നാൽ ആദ്യത്തെ സമീപനം തീർച്ചയായും പ്രതിഷേധമുയർത്തുമ്പോൾ നിസ്സംഗത പൗരസഞ്ചയത്തെ നിസ്സഹായമാക്കുകയാണ് ചെയ്യുന്നത്. ഏറ്റുമുട്ടൽ (encounter) ശിക്ഷ പോലെ നിയമബാഹ്യമായ ‘ബുൾഡോസർ നീതി’ ഭരണകൂടം നിർദയം നടപ്പാക്കുമ്പോൾ മാധ്യമങ്ങൾ ഈ അനീതിയോട് നിസ്സംഗമായാണ്  പ്രതികരിക്കുന്നത്. അധികാരം കൂടുതൽ കൂടുതൽ സ്വേച്ഛാപരമാവുന്നതോടെ സ്വേച്ഛാപരമായ അധികാരം ബുൾഡോസറായി പരിണമിക്കുകയാണ്. ഒന്നുകിൽ ‘ബുൾഡോസർ അനീതി’യെ  ആഘോഷിക്കുകയോ അല്ലെങ്കിൽ നിസ്സംഗത പുലർത്തുകയോ മാത്രമാണ് മാധ്യമങ്ങൾ ചെയ്യുന്നത്. മാധ്യമങ്ങളുടെമേൽ ഭരണകൂടത്തിന്റേതായ സെൻസർഷിപ്പ് നടപ്പാക്കാതെ തന്നെ, ഭരണകൂടം എന്ത് ഇച്ഛിക്കുന്നുവോ അതിനനുസൃതമായി മാധ്യമങ്ങൾ പ്രവർത്തിക്കാൻ നിർബന്ധിതമാകുന്നു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറയുന്നത് ആന്തരികമായ (internal) സെൻസർഷിപ്പാണ്.  സെൻസർഷിപ്പ് എന്ന സാമാന്യമായ അർത്ഥത്തിൽ ഇതിനെ വിളിക്കാൻ സാധ്യമല്ല. വാർത്ത ഉത്ഭവിക്കുന്നതിനുമുമ്പുതന്നെ ‘സെൻസർ’ അത് തിരിച്ചറിഞ്ഞുകഴിയുന്നു. മസ്തിഷ്‌കത്തിൽ തന്നെയാണ് ‘സെൻസർ ചിപ്പ്’ (censor chip) ഘടിപ്പിച്ചിരിക്കുന്നത്. ആന്തരികമായി ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു സോഫ്റ്റ് വെയറായി ഇത് പ്രവർത്തനക്ഷമമാകുന്നു. ഇതാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥ. 

യൂറോപ്പ് അഭിമുഖീകരിക്കുന്ന ഭീഷണമായ അവസ്ഥയാണ് പ്രോഫറ്റ് സോങ്ങിൽ പ്രതിഫലിക്കുന്നത്. യൂറോപ്പിലെ പല രാഷ്ട്രങ്ങളിലും വലതുപക്ഷം വൻശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. യൂറോപ്പിലെ ഓരോ രാജ്യവും ഓരോ ഏകാധിപതിയെ പ്രതീക്ഷിക്കുന്നുവെന്ന പോലെയാണ്. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ തകർച്ചക്കുശേഷം ഒരു ചെറിയ കാലം മാത്രം നീണ്ടുനിന്ന ഉദാര സാമൂഹിക (liberal social) പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. പാശ്ചാത്യ ഉദാരസമൂഹത്തിന്റെ (liberal societies)  തകർച്ചക്ക് വെള്ളക്കാരുടെ സമൂഹം (whiteners society) ആദ്യം പഴി ചാരിയത്   മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും കുടിയേറിയ ജനത്തെയാണ്. നിരന്തരമായ ഈ വിദ്വേഷവ്യവഹാരം വർത്തമാനസ്ഥിതിയിൽ നവ ഫാഷിസ്റ്റ് പ്രവണതകൾക്കനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

നവഫാഷിസം പ്രകടമാക്കുന്ന രാഷ്ട്രീയ സംഘടനകളും നേതാക്കളും യൂറോപ്പിലെ പെറ്റിബൂർഷ്വാ വർഗങ്ങളിൽ നിന്നാണ് ഉയർന്നുവന്നിരിക്കുന്നത്. സാമ്പത്തികമായി മധ്യവർഗത്തിനും താഴെയുള്ളവരുടെയും തൊഴിലാളികളുടെയും തൊഴിൽരഹിതരുടെയും അരക്ഷിതാവസ്ഥയെയാണ് വലതുപക്ഷം ചൂഷണം ചെയ്യുന്നത്. വരാൻ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകളും ലഭിച്ചുതുടങ്ങിയിരിക്കുന്നു. റഷ്യ -യുക്രെയ്ൻ യുദ്ധം യൂറോപ്പിന്റെ ഉദാരവാദപരമായ ആത്മവിശ്വാസത്തിന് കാര്യമായ ക്ഷതമേല്പിച്ചിട്ടുണ്ട്. അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെട്ടിരിക്കുന്നുവെന്ന തോന്നൽ യൂറോപ്പിലെ പല സമൂഹങ്ങളെയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഈ അരക്ഷിതാവസ്ഥയിലേക്ക് നുഴഞ്ഞുകയറുകയാണ് വലതുപക്ഷത്തിന്റെ കൃമികീടം: "the worm is turning, he says, it is gaining power, the worm does what it likes."

മഹാമാരിയുടെ സൂചകത്തിലൂടെയാണ്  പ്രതിസന്ധിയിലകപ്പെട്ട ലോകത്തിനെക്കുറിച്ചുള്ള വിഭ്രാത്മക അനുഭവത്ത പ്രോഫറ്റ് സോങ് പ്രതിപാദിക്കുന്നത്. എങ്കിലും ഈ ഭയവും മറികടക്കപ്പെടും. നോവലിലെ ആദ്യഭാഗങ്ങളിൽ  ഐറിഷ് ഗാർഡാ പോലീസ് സാധാരണ മനുഷ്യരെ ഒരിടത്ത് വളഞ്ഞുചുറ്റിനിർത്തിയിരിക്കുന്നത് ,എലിഷ് സ്റ്റാക്ക് കാണാനിടവരുന്നു. തന്നെത്തന്നെ സ്വയം ആശ്വസിപ്പിക്കാനായി എലിഷ് സ്റ്റാക് പറയുന്നത്, ഇരുണ്ടകാലത്തെ പ്രതീക്ഷകളുടെ വിരോധാഭാസത്തെ കൂടി ദൃഷ്ടാന്തപ്പെടുത്തുന്നതാണ്: "Sooner or later pain becomes too great for fear and when the people's fear has gone, the regime will have to go." 

Comments