എന്താണ് നോവൽ എന്നതിന് പറയാവുന്ന വിവക്ഷകളിൽ ചിലത് പരിശോധിച്ചും നോവൽ എന്ന സാഹിത്യരൂപത്തിന്റെ ചരിത്രത്തെയും ഘടനയെയും കുറിച്ച് മനസ്സിലാക്കിയും വിഷയത്തിലേക്ക് വരാം. 'പുതിയത്' എന്ന അർത്ഥം വരുന്ന ലത്തീൻ പദമായ ‘Novus’-ൽ നിന്നാണ് നോവൽ എന്ന വാക്ക് ഉത്ഭവിച്ചത് എന്നാണ് വാക്കിന്റെ ഉല്പത്തിചരിത്രം പറയുന്നത്. ഇതിന്റെ വിപുലീകരണം വ്യത്യസ്ത ജീവിതങ്ങളെ പുതിയ വീക്ഷണകോണിൽ കൂടി വിശകലനം ചെയ്യുകയോ വിശദീകരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന സാഹിത്യരൂപത്തെ നോവൽ എന്ന് വിവക്ഷിക്കാം എന്നാണ്.
ജീവിതത്തിന്റെ സങ്കീർണ്ണതകളും വൈരുദ്ധ്യങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന സാഹിത്യരൂപമാണിത്. ആദ്യത്തെ നോവൽ രചയിതാവ് തന്നെ ഒരു സ്ത്രീ (ജപ്പാനിലെ രാജകുമാരി) ആയിരുന്നു എന്ന് സാഹിത്യചരിത്രം പറയുന്നു. ലോകത്ത് ആദ്യമായെഴുതപ്പെട്ട ഈ നോവൽ 50 എ.ഡി. -ക്കും 150 എ.ഡി. -ക്കും ഇടയിൽ ജപ്പാൻഭാഷയിൽ ലേഡി മുറസാക്കി ഷിക്കിബു രചിച്ച ഗെഞ്ചിയുടെ കഥ ആണെന്നു കരുതുന്നു. നിലവിലുള്ള പുരുഷകേന്ദ്രീകൃത ധാർമികമൂല്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള രചനയായിരുന്നു ആദ്യ നോവൽ എന്ന് അടയാളപ്പെടുത്തിയ ‘ഗെഞ്ചി’ എന്ന് പറയപ്പെടുന്നു. പ്രമേയപരമായി മാത്രമല്ല, ഘടനാപരമായി തന്നെ അതുവരെ സാഹിത്യത്തിൽ നിലനിന്നിരുന്ന ചെറു കഥാരൂപങ്ങൾ എന്ന എഴുത്തുരീതിയാണ് ആദ്യ നോവലിന്റെ രചനയിൽ കൂടി എഴുത്തുകാരി തട്ടിത്തകർത്ത് കളഞ്ഞതത്രെ. അതാവട്ടെ, വായിക്കപ്പെട്ടത് പുരുഷസമൂഹത്തിലായിരുന്നുമില്ല. ഫുജിവാറ വംശത്തിൽ ജനിച്ച മുറാസാകി ഷിക്കിബു എന്ന ഈ എഴുത്തുകാരി സഹോദരനേക്കാൾ ബുദ്ധിസാമർത്ഥ്യം കാട്ടിയിരുന്നുവത്രെ. നല്ല വിദ്യാഭ്യാസം നേടിയ അവൾക്ക്, ജപ്പാനീസ് കൂടാതെ ചൈനീസ് ഭാഷ കൂടി നന്നായി വായിക്കാനും അറിയാമായിരുന്നു.
ഈ ചരിത്രം കൂടി ഇവിടെ പറയാൻ കാരണം, സാമൂഹിക ചുറ്റുപാടുമായുള്ള നിരന്തര ഇടപെടലുകളിൽ കൂടി രചയിതാവ് സ്വയമേവ സ്വായത്തമാക്കുന്ന, മനുഷ്യരെയും സമൂഹത്തെയും കുറിച്ചുള്ള മൂല്യങ്ങളും വിപുലമായ ബോദ്ധ്യങ്ങളും അവരുടെ സാഹിത്യസൃഷ്ടിയിലൂടെ മുന്നോട്ടുവെക്കപ്പെടാം എന്ന ചരിത്രം സൂചിപ്പിക്കാൻ കൂടിയാണ്. അത്തരം സ്വാഭാവിക ബഹിർഗമനം സാധ്യമാവുംവിധം വിപുലീകരിക്കപ്പെട്ട ഒന്നാണ് നോവൽ എന്ന സാഹിത്യരൂപം.

ആർ. രാജശ്രീയുടെ ആത്രേയകം എന്ന നോവൽ സമീപകാല മലയാള വായനയിൽ ഏറെ ശ്രദ്ധേയമായതും വിപണനവിജയം നേടിക്കഴിഞ്ഞതുമാണ്. വായന / പുസ്തകങ്ങൾ മാർക്കറ്റ് ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഒരുഭാഗത്ത് നടക്കുമ്പോൾ തന്നെ, ആത്രേയകത്തിന്റെ വായനാസമൂഹം രൂപപ്പെട്ടത് ഏതെങ്കിലും മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് എന്ന് ആരും ആരോപിക്കാനിടയില്ല. പ്രമേയപരമായി ഈ രചന വേറിട്ടതും ഗൗരവാവഹവുമായ സമീപനം വായനക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. സമാന്തരമായി 'വിപണിവിജയം' നേടിയ ലൈറ്റ് വെയിറ്റ്' രചനകളുമായി താരതമ്യ അവലോകനം എന്നൊരു സാധ്യത പോലുമില്ലാത്തവിധം അകന്നു നിൽക്കുന്ന രചനയാണിത്.
സോഷ്യൽ മീഡിയ നിരന്തരം ഈ പുസ്തകവുമായി ബന്ധപ്പെട്ട സംവാദങ്ങൾക്ക് വേദിയായിട്ടുണ്ട് എങ്കിലും ഈ നോവലിൽ അർഹിക്കുന്ന നിരൂപകശ്രദ്ധ പതിഞ്ഞിട്ടില്ല, ഇതുവരേയ്ക്കും എന്ന് പറയേണ്ടിവരും.
ദേശാഭിമാനി വാരികയിൽ എം. എം. നാരായണൻ എഴുതിയ (ലക്കം 21, സെപ്റ്റംബർ 28, 2025) ലേഖനം മാത്രമാണ് അത്തരത്തിൽ ഗൗരവബുദ്ധ്യായുള്ളൊരു നോവൽപഠനം വായനക്കാർക്കുമുന്നിൽ അവതരിപ്പിച്ചത്. ഈ പഠനമാവട്ടെ നിരൂപണ ധർമ്മങ്ങളിൽ മുഖ്യം, പുസ്തകത്തിന്റെ കൈക്കുറ്റപ്പാടുകൾ കണ്ടെത്തുക എന്നതാണെന്ന ഒരുതരം മുൻധാരണയിൽ, അത്തരം ചിലതുമാത്രം വലുതാക്കി കാണിച്ച്, ഈ നോവലിനെ പരാജയപ്പെട്ട ഒരു രചനയെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമവും ആയി മാറിയിട്ടുണ്ട്. നോവൽ മുന്നോട്ടുവച്ച സാമൂഹിക- രാഷ്ട്രീയ നിലപാടുകൾ പാടെ തമസ്‌കരിക്കും വിധമുള്ള പഠനശേഷിപ്പായിരുന്നു നാരായണന്റേത്.
ഏതായാലും ആത്രേയകത്തെക്കുറിച്ച് ഗൗരവ തരമായ അകം വായനകൾക്ക് വിധേയപ്പെടാനുള്ള വഴിതുറക്കലായി എം.എം. നാരായണന്റെ പഠനം എന്നുകൂടി കാണാതെ വയ്യ.
ഇതിഹാസകഥകളിൽ കാണുന്ന ധാർമിക പക്ഷമെന്ന (പാണ്ഡവപക്ഷം) നിശ്ചിത ചേരി, ആർ. രാജശ്രീയ്ക്ക് അവരുടെ ആർജിത ബോധ്യങ്ങളിലൂടെ രൂപപ്പെട്ട ആശയപരമായ നിർമ്മിതിയുടെ പിൻബലത്തിൽ തട്ടിത്തകർക്കാനുള്ള സ്വാതന്ത്ര്യം നോവൽ എന്ന സാഹിത്യരൂപം നൽകുന്നുണ്ട്.
നോവലിന്റെ അകം വായനയിലേക്ക് കടക്കുംമുന്നേ നാരായണൻ ചൂണ്ടിക്കാണിച്ച ചില വിമർശന വീക്ഷണങ്ങൾ പരിശോധിക്കാം.
ആദ്യ വിമർശനമായി എം.എം. നാരായണൻ ഉന്നയിക്കുന്നത്, ലൈംഗിക ന്യൂനപക്ഷവും സ്ത്രീകളും ഗോത്രവംശീയരും നന്മയുടെ ചേരിയിൽ സ്ഥാനം നേടാൻ അർഹരാവുമ്പോൾ മറുഭാഗത്ത്, ഇതിഹാസം കാലാകാലങ്ങളായി ധർമ്മപക്ഷത്ത് മാത്രം അവരോധിച്ചുനിർത്തിയിരുന്നവർ എന്നു വിവക്ഷിക്കാവുന്ന കൃഷ്ണനും പാഞ്ചാലനും പാണ്ഡവരും അടക്കമുള്ളവർ കഥാപാത്രങ്ങളുടെ അപനിർമിതിയിലൂടെ നെഗറ്റീവ് ഇമേജ് ചുമക്കാൻ വിധിക്കപ്പെട്ടവരായി മാറുന്നു എന്നതാണ്.
നാരായണൻ ചൂണ്ടിക്കാട്ടുന്ന ഈ ‘അപരാധം’, ഇതിഹാസ രചനകൾ അടിസ്ഥാനമാക്കി വ്യത്യസ്ത ഇന്ത്യൻ ഭാഷകളിൽ രചിക്കപ്പെട്ട കൃതികൾ പൊതുവിലും, മലയാള ഭാഷയിൽ പുറത്തുവന്നവ പ്രത്യേകിച്ചും ചൂണ്ടിക്കാട്ടി, പണ്ടേ പ്രസക്തി നഷ്ടപ്പെട്ട ഒന്നാണെന്ന് പറയാൻ സാധിക്കും. മാത്രമല്ല, ഇതിഹാസ രചനകൾ എന്ന് അടയാളപ്പെടുത്തുന്ന മഹാഭാരതം, രാമായണം തൊട്ടുള്ള രചനകൾ തന്നെ എത്രയെത്ര വ്യത്യസ്തവും വിപരീതവായന ബാക്കിയാക്കുന്നവയുമായ സാഹിത്യരൂപങ്ങളായി പ്രചാരത്തിലുണ്ടായിരുന്നുവെന്ന് ഭാരതീയ പൗരണിക സാഹിത്യചരിത്രം അറിയുന്നവർക്ക് ബോധ്യമായ കാര്യമല്ലേ?
മഹാഭാരതം എന്ന പേരിൽ ഇന്ന് വായിച്ചറിയുന്ന പുരാണ ഇതിഹാസം ഏകരൂപ നിർമിതിയായി സാഹിത്യചരിത്രത്തിൽ ജനനം കൊണ്ട ഒന്നാണോ? അല്ലെന്ന ഉറപ്പ് നാരായണനു തന്നെ ഉണ്ടാവുമെന്ന് കരുതുന്നു. ഭാഷയിലാകട്ടെ, ഇതിഹാസങ്ങളെ അധികരിച്ച് വ്യത്യസ്ത വീക്ഷണകോണിൽ എഴുതപ്പെട്ട പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ തൊട്ട് എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ വരെയുള്ള നോവലുകൾ നോക്കൂ. അതിനുമുന്നേയുള്ള ഇതിഹാസവായനകളെ ഉള്ളിൽ നിന്ന് പാടേ തുടച്ചുനീക്കികൊണ്ടുമാത്രം കഥാപാത്ര സാമീപ്യം സാധിക്കാവുന്ന രചനകൾ തന്നെയല്ലേ?
കവിതയിലാണെങ്കിൽ കുമാരനാശാൻ ജന്മം കൊടുത്ത സീതയെ അതേ രൂപഘടനയിലും ആശയ വ്യതിരിക്തതയിലും രാമായണത്തിൽ ആർക്ക് കണ്ടെത്താൻ സാധിക്കും?

ഇതിഹാസങ്ങൾക്കുപുറത്ത് ഇന്ത്യൻ മതധാർമിക സ്വത്വബോധ്യങ്ങളുടെ പങ്കുപറ്റിയ ബുദ്ധൻ എന്ന ചരിത്രപുരുഷൻ സ്ത്രീപക്ഷ വായനയിലൂടെ തിരുത്തി വായിക്കപ്പെടുന്ന വിധം രാജേന്ദ്രൻ എടത്തുംകര എഴുതിയ ‘ഞാനും ബുദ്ധനും’ എന്ന നോവലിനെ കുറിച്ചുകൂടി പരാമർശിക്കേണ്ടതുണ്ട്. എല്ലാ കാലത്തും ധാർമ്മികതയുടെ മാത്രം മേൽപുതപ്പിൽ മൂടപ്പെട്ട ബുദ്ധൻ വായനയുടെ എതിർപക്ഷത്ത് അവരോധിക്കപ്പെടുന്ന പ്രമേയസമീപനം രാജേന്ദ്രൻ സ്വീകരിച്ചത് നോവൽ എന്ന സാഹിത്യരൂപത്തിന്റെ ഘടനാപരമായ സാധ്യതകൾ കൂടി മനസ്സിലാക്കി തരുന്നതായിരുന്നു.
ഇതിഹാസകഥകളിൽ കാണുന്ന ധാർമിക പക്ഷമെന്ന (പാണ്ഡവപക്ഷം) നിശ്ചിത ചേരി, ആർ. രാജശ്രീയ്ക്ക് അവരുടെ ആർജിത ബോധ്യങ്ങളിലൂടെ രൂപപ്പെട്ട ആശയപരമായ നിർമ്മിതിയുടെ പിൻബലത്തിൽ തട്ടിത്തകർക്കാനുള്ള സ്വാതന്ത്ര്യം നോവൽ എന്ന സാഹിത്യരൂപം നൽകുന്നുണ്ട്.
ഇത് പൊതുബോധ്യങ്ങളുടെ നിലപാടുതറയിൽ നിന്ന് നോക്കുന്നവരുടെ രീതിശാസ്ത്രത്തിനും നീതി ശാസ്ത്രത്തിനും രുചിച്ചുകൊള്ളണമെന്നില്ല.
തെറ്റ് അഥവാ ശരി, ന്യായം അഥവാ അന്യായം എന്നിങ്ങനെ വിപരീത വാഗർത്ഥങ്ങൾ ആപേക്ഷികമായി മാറ്റം വരാവുന്ന പ്രയോഗങ്ങൾ മാത്രമാണ്. രാഷ്ട്രീയമോ സാമൂഹികമോ മതപരമായതോ ആയ പശ്ചാത്തലം ഒരാളുടെ നീതി, ധാർമികത എന്നീ വാക്കുകളുടെ അർത്ഥങ്ങളിൽ വരുത്തുന്ന അർഥവ്യതിയാനം അമ്പരപ്പിക്കുന്ന വിധത്തിലായി മാറുന്നതല്ലേ. ഇതാണ് എം. എം. നാരായണൻ മറന്നുകളഞ്ഞത്. സ്വന്തം ബോധ്യങ്ങൾ പൊതുബോധത്തിന് കീഴ്പ്പെട്ട് രൂപപ്പെടുന്ന വ്യക്തിനിഷ്ഠ സാഹചര്യത്തിൽ, സാഹിത്യ വിമർശകൻ താൻ സമീപിക്കുന്ന കൃതിയുടെ, രചയിതാവിന്റെ ആർജ്‌ജിത ബോധ്യങ്ങളെ കൂടി പരിഗണിക്കേണ്ടത് നീതിപൂർവ്വമായ ഒരു സമീപനമായിരിക്കുമെന്ന് ചുരുക്കം. രാജശ്രീയുടെ കഥാപാത്രങ്ങൾ ഇതിഹാസകാരൻ നൽകിയ ധാർമിക ചുറ്റുവട്ടത്തിലുളളവർ തന്നെ ആവണമെന്നില്ല എന്ന് ചുരുക്കം.
രാമായണത്തിലെ രാക്ഷസരാജാവിനെ പുനർവായിക്കം വിധമുള്ള സാഹിത്യ സാധ്യതകൾ രൂപപ്പെടുമ്പോൾ, പാണ്ഡവർക്കുമേൽ ചാർത്തപ്പെട്ട ധാർമിക മേലാട മാറ്റിവയ്ക്കാനുള്ള രാജശ്രീയുടെ ശ്രമവും സാധുവാണ്. ഇത്തരം ഒരു 'അംഗീകരിക്കൽ' ശ്രമം എം.എം. നാരായണന്റെ വിമർശന ലേഖനത്തിന്റെ ആദ്യ ഭാഗത്തുണ്ടുതാനും. കീഴ്മേൽ മറിച്ചുകൊണ്ടുള്ള രചനാരീതി നോവൽ രചനയിൽ രാജശ്രീ കൊണ്ടുവന്നത് സ്വീകരിച്ച് മുന്നോട്ടുപോയ നാരായണൻ, കൃഷ്ണനും പാണ്ഡവരും മറുപക്ഷത്ത് അഥവാ വായനയുടെ ക്ഷുദ്ര കഥാപാത്രശ്രേണിയിൽ അണിചേർക്കപ്പെട്ടത് കാണുമ്പോൾ എന്തിന് അസ്വസ്ഥത അനുഭവിക്കണം? ധാർമികപക്ഷത്തെ പ്രതിക്കൂട്ടിൽ ചേർത്തുനിർത്താവുന്നവിധം രാഷ്ട്രീയ കരുനീക്കങ്ങൾ ചതിയുടെയും കുടിലതയുടെയും രൂപപരിണാമം സംഭവിച്ചുകാണുന്നത് ആദ്യമായിട്ടാണോ ഇതിഹാസ രചനകൾ അടിസ്ഥാനമാക്കി വന്ന സാഹിത്യരൂപങ്ങൾ നമുക്ക് ബാക്കിവച്ചത്?
പാണ്ഡവരുടെ വനവാസകാലത്തെ അടയാളപ്പെടുത്തിയ ഒരു കഥാസന്ദർഭം രണ്ടാമൂഴത്തിൽ പറഞ്ഞുവയ്ക്കുന്നത് ഓർത്തു പോവുന്നു. വിദുരബുദ്ധിയിലോ കൃഷ്ണന്റെ ബുദ്ധിയിലോ എന്ന് നിശ്ചയമില്ലത്ത ഒരു ആസൂത്രിത കൂട്ടക്കുരുതിയ്ക്ക് വനവാസകാലത്തിന്റെ ആരംഭം തന്നെ വേദി ഒരുങ്ങുന്നുണ്ട്. മരിച്ചത് പാണ്ഡവർ അഞ്ചു പേരും കുന്തീമാതാവും അടക്കമുള്ള ആറു പേർ എന്ന തെറ്റിധാരണ സൃഷ്ടിക്കാൻ കരുതിക്കൂട്ടിയുള്ള ഒരു കിരാത നാടകം നടക്കുന്നുണ്ട്, അരക്കില്ലത്തിന്റെ തീപ്പെടൽ സന്ദർഭത്തിൽ.
ഏറ്റവും ഒടുവിൽ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ കൃഷ്ണനും ധർമ്മപുത്രരുടെ ധാർമികപക്ഷവും ചെയ്തുകൂട്ടുന്ന നീതിനിഷേധങ്ങൾ എത്രയെത്ര?
ഘടോൽകചനോട് പാണ്ഡവപക്ഷം ചെയ്യുന്ന അനീതി കൃഷ്ണൻ കരുപ്പിടിപ്പിച്ച രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയായിരുന്നല്ലോ. യുദ്ധാനന്തര ഹസ്തിനപുരത്തിന്റെ ഭരണരംഗത്ത് ഒരിടത്തും കാട്ടാളസാന്നിധ്യം അഥവാ അടിയാള പക്ഷ സാന്നിദ്ധ്യം പാടില്ലെന്ന ചാതുർവർണ്യ ക്രമത്തിന്റെ പ്രകടനപരത തന്നെയായിരുന്നു ഘടോൽകചൻ യുദ്ധഭൂമിയിൽ വീഴുന്ന സമയത്ത് ഇതിഹാസം നമ്മോട് വിളിച്ചുപറഞ്ഞത്.
ചുരുക്കത്തിൽ ഇതിഹാസകഥ ഒരു ഭാഗം നീതിയുടേതും മറുപക്ഷം അനീതിയുടേതും എന്ന ആശയനിർമിതി പ്രകടമായി മുന്നോട്ടു വയ്ക്കുന്ന സമയത്തുതന്നെ നിരവധി സന്ദർഭങ്ങളിൽ ഈ വേർതിരിവ് സംഭവ്യമല്ലെന്ന് വരികൾക്കിടയിലൂടെ വിളിച്ചുപറയുന്നുണ്ട്. ഈ കാര്യം ലേഖനത്തിൽ നാരായണൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ടല്ലോ. എന്നിട്ടും ഇതിഹാസം പകുത്തുവയ്ക്കുന്ന ധാർമിക - അധാർമിക പക്ഷം എന്ന വെറും മേലുടുപ്പ് രാജശ്രീയും സ്വന്തം കഥാപത്രങ്ങളെ ധരിപ്പിക്കേണ്ടതുണ്ടെന്ന് വിമർശകൻ യാഥാസ്ഥിതികനാവുന്നു എന്നതാണ് കൗതുകകരം.
ധാർമികപക്ഷം എന്ന് നാരായണൻ ചൂണ്ടിക്കാണിക്കുന്ന പാണ്ഡവനിര പല കാലത്തും ബാക്കിവയ്ക്കുന്ന അനീതിയുടെ ഉദാഹരണങ്ങളാണ് കർണ്ണകഥയും ഏകലവ്യൻ എന്ന കഥാപാത്ര സൃഷ്ടിയും.
ധാർമികപക്ഷം എന്ന് നാരായണൻ ചൂണ്ടിക്കാണിക്കുന്ന പാണ്ഡവനിര പല കാലത്തും ബാക്കിവയ്ക്കുന്ന അനീതിയുടെ ഉദാഹരണങ്ങളാണ് കർണ്ണകഥയും ഏകലവ്യൻ എന്ന കഥാപാത്ര സൃഷ്ടിയും. 'നിഷാദനായ 'ഏകലവ്യൻ ഒരു വ്യവസ്ഥിതിയുടെ അടയാളപ്പെടുത്തൽ കൂടിയാണല്ലോ. അസ്ത്രവിദ്യക്ക് ദക്ഷിണ എന്നതല്ല നിഷാദൻ അസ്ത്രവിദ്യ കൈവശപ്പെടുത്തി എന്നതാണ് പെരുവിരൽ സമർപ്പണകഥയിൽ ഇതിഹാസകാരൻ (ഇതിഹാസകാരൻ എന്നത് ഒരു പ്രയോഗരീതി എന്ന നിലയ്ക്കാണ് ഉപയോഗിക്കുന്നത്) കൂരമ്പ് മുന ചേർത്ത് പറഞ്ഞുവച്ച സാമൂഹിക യാഥാർത്ഥ്യം. ഈ കൊടും ക്രൂരതക്ക് ദ്രോണരെ പ്രേരിപ്പിക്കുന്നത് ധാർമ്മികതയുടെ 'യുധിഷ്ഠിരപക്ഷ’ത്തുള്ള അർജ്ജുനനാണല്ലോ. നോക്കൂ, ഇതിഹാസം തന്നെ അതിന്റെ കഥാപാത്രങ്ങളെ തുറന്നുകാട്ടി നമ്മോട് പറയുന്നുണ്ട്, വരികൾക്കിടയിൽ വായിക്കാനുള്ള സാധ്യതകളാണ് ഒരു കൃതിയുടെ വിപുലവായനയുടെ തുറസ്സുകൾ എന്ന്. ഇതാവട്ടെ ഒരു ഏകലവ്യ കഥയിൽ ഒതുങ്ങുന്നില്ലതാനും. മഹാഭാരത കഥ ഒളിപ്പിച്ചുവച്ച ഇത്തരം ആഘാതശേഷി കൂടിയ കഥാ മൊട്ടുകളെ ആശ്ചര്യകരമായ സാഹിത്യ സുഗന്ധമുള്ള പൂക്കളായി വിടർത്തിക്കൊണ്ടു വരാനുള്ള എഴുത്തുകാരരുടെ കഴിവാണ് രണ്ടാമൂഴം മുതൽ ആത്രേയകം വരെയുള്ള രചനകൾക്ക് അതിവിപുലവായനയുടെ സാധ്യത ഒരുക്കിക്കൊടുക്കുന്നത്.
എം.എം. നാരായണൻ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു വീക്ഷണം, ഇതിഹാസകാലത്ത് വർണ്ണാശ്രമ ധർമ്മങ്ങൾ നീക്കുപോക്കില്ലാത്ത നിയോഗങ്ങൾ ഒന്നുമായിരുന്നില്ല എന്നതാണ്. ഇത്തരമൊരു വീക്ഷണം ഏതടിസ്ഥാനത്തിലായിരുന്നു ആത്രേയക വിമർശന ലേഖനത്തിൽ കടന്നുകൂടുന്നതെന്ന് മനസ്സിലായില്ല. മാത്രമല്ല, ഇതിഹാസകാലം എന്ന കാല ഗണനാരീതിതന്നെ ചരിത്രപരമായി എത്രത്തോളം വസ്തുതാപരമാണ്? ഒരു നിശ്ചിത കാലഘട്ടത്തിൽ ഒതുങ്ങിനിന്നുകൊണ്ട് പൂർണത വന്ന ഒന്നാണ് മഹാഭാരതം എന്ന് ചരിത്രം നമ്മോട് പറയുന്നുണ്ടോ? ജാതിയെ അഥവാ വർണ്ണ വ്യവസ്ഥയെ തന്നെ വ്യത്യസ്ത തലത്തിൽ സമീപിച്ചിരുന്ന ഒരു സാമൂഹികക്രമം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മേൽപറഞ്ഞ വർണ്ണ വ്യവസ്ഥയെ തന്നെ വ്യത്യസ്തതലത്തിൽ അനുഭവിച്ചുകാണുമെന്ന് ഊഹിക്കാൻ സാധിക്കില്ലേ?

ക്രിസ്തുവിനുശേഷം രണ്ടാം നൂറ്റാണ്ട് മുതൽ (?) വായ്പാട്ട് രൂപത്തിൽ പ്രചരിച്ചുവന്നൊരു മൂലകഥ എട്ടാം നൂറ്റാണ്ടു മുതൽ വലിയ പരിണാമഘട്ടങ്ങൾ കടന്നുപോയശേഷം മഹാഭാരതമെന്ന ഇതിഹാസ രചനയായി രൂപപരിണാമം പൂർത്തിയാക്കി, പത്താം നൂറ്റാണ്ടിൽ ഏതാണ്ട് ഇന്ന് നാം വായിക്കും പ്രകാരമുള്ള രൂപഘടനയിലെത്തിച്ചേരുംവരെ എത്ര മാത്രം വ്യത്യസ്തതകൾ സാമൂഹ്യക്രമം എന്ന നിലയിൽ വർണ്ണ- ജാതി വ്യവസ്ഥകൾക്ക് സംഭവിച്ചുകാണാം? അതുകൊണ്ടുതന്നെ ഒരു സഹസ്രാബ്ദം നീളുന്ന കാലയളവ്, ഒരു സാംസ്കാരിക ഉത്പന്നത്തിന്റെ നീക്കിയിരിപ്പായി മാറുന്ന സാഹിത്യരൂപത്തിന്റെ പിൽക്കാലവായന ബാക്കിവയ്ക്കുന്ന സാമൂഹികബോധം, അതിന്റെ എല്ലാ കാലത്തേക്കുമുള്ള ഒന്നായിരുന്നു എന്ന് എങ്ങനെ പറയാൻ സാധിക്കും? കുറച്ചുകൂടി വ്യക്തത യുള്ള ചോദ്യമാക്കി മാറ്റിയാൽ, 1000 വർഷം നീളുന്ന കാലയളവാണ് ഇതിഹാസകാലം എന്ന് പറയമെങ്കിൽ ഈ 1000 വർഷം വർണ്ണ വ്യവസ്ഥ, നാരായണൻ പ്രസ്താവിക്കും പോലെ, അതിലളിതവും സുഖകരവുമായ സാമൂഹികവ്യവസ്ഥ ആയിരുന്നുവോ? വർണ്ണവ്യവസ്ഥ വളരെ ഉദാരമായ അതിന്റെ സാമൂഹ്യക്രമത്തിലായിരുന്നു എന്ന് പറയുന്ന കാലത്തെ ചൂണ്ടിക്കാണിക്കാൻ ഉദാഹരണം പറയുന്ന കർണ്ണന്റെ കഥ തന്നെ നോക്കൂ . സൂതപുത്രൻ എന്ന ജാതിസ്വത്വം ഏതെതെല്ലാം രംഗഭൂമികളിൽ കർണ്ണനെ തടഞ്ഞുനിർത്തുന്നുണ്ട്. കർണ്ണൻ സൂതപുത്രൻ എന്ന അപമാനം നേരിടേണ്ടി വരുന്ന കഥാസന്ദർഭം ഒന്നുമാത്രം പോരേ ഈ വ്യവസ്ഥ ഇത്രമേൽ കിരാതരൂപമാർന്ന ഒന്നായിരുന്നു എന്നത് വായിച്ചെടുക്കാൻ. ഇതിഹാസകഥയിലെ ഏറ്റവും ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളിൽ ഒന്ന് ആയോധനകലയുടെ മാറ്റുരയ്ക്കാൻ പഞ്ചപാണ്ഡവരോട് വെല്ലുവിളിശബ്ദം ഉയർത്തി കർണ്ണൻ കടന്നുവന്ന പ്രസ്തുത മുഹൂർത്തമായിരുന്നല്ലോ. കാലം അടയാളപ്പെടുത്തിയ വർണ്ണാശ്രമകാളിമ വളരെ പ്രകടമായി അനുഭവ തലത്തിൽ വരുന്നുണ്ട്, സൂതപുത്രൻ എന്ന വിളിപ്പേരിൽ കർണ്ണൻ അപമാനഭാരത്താൽ തല കുനിക്കേണ്ടിവരുന്ന ഈ കഥാസന്ദർഭത്തിൽ.
വനവാസം തുടങ്ങുന്ന ഘട്ടത്തിൽ പാണ്ഡവരുടെ തീ തീണ്ടിയ ശവങ്ങൾ എന്ന പേരിൽ കൗരവ പക്ഷത്തിന് എണ്ണാൻ കൊടുക്കുന്നത് അരക്കില്ലത്തിൽ പകരം ബലി നൽകപ്പെട്ട കാട്ടു മനുഷ്യരത്രെ. അവരാവട്ടെ വർണ്ണക്രമത്തിൽനിന്നു പോലും പുറന്തള്ളപ്പെട്ട ജീവിതങ്ങൾ.
ഇതിഹാസം വർണ്ണാശ്രമ ഭീകരത കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അത് നിഷേധ സാധ്യതയുള്ള ഒന്നല്ല തന്നെ എങ്കിൽ പോലും കർണ്ണൻ എന്ന ഒരൊറ്റ കഥാപാത്രസൃഷ്ടിയിൽ കൂടി മഹാഭാരതം അതിശക്തമായ ചിലത് നമ്മോട് പറയുന്നുണ്ട്. വർണാശ്രമവ്യവസ്ഥയുടെ പൊള്ളത്തരങ്ങളും അതിൽ ഉള്ളടങ്ങിയ അനീതിയും ഇതിഹാസകഥയിലെ പ്രതിഭാഗത്തുള്ള കൗരവ പക്ഷത്തെക്കൊണ്ട് ചൂണ്ടിക്കാണിച്ചുതരുന്നുണ്ട് ഇതിഹാസകാരൻ. ജാതിബോധങ്ങൾക്കുനേരെ ഉയർന്ന ആദ്യത്തെ വെല്ലുവിളികൾ സത്യത്തിൽ ദുര്യോധനന്റെ കർണ്ണനോടുളള പ്രതിപത്തിയിൽ കാണാം.
".... ഒരുകാര്യം കൂടി. ഭൂമി സുന്ദരമാണെങ്കിലും എല്ലാവർക്കും അങ്ങനെയല്ല. അത് മനസ്സിലാക്കാൻ ശൂദ്രയോനിയിലോ സ്ത്രീയായോ നപുംസകമായോ ജനിക്കണം. എത്ര സംസാരിക്കാൻ ശ്രമിച്ചാലും വാക്കിന് വിലയില്ലാതെ വരും’’- രചയിതാവ് എന്ന നിലയിൽ രാജശ്രീ വളരെ വ്യക്തമായി വ്യവസ്ഥയുടെ ഈ അനീതി വിളിച്ചുപറയുന്നത് നമുക്ക് ഈ ഒരൊറ്റ ഖണ്ഡികയിൽ കാണാം. രചനയുടെ രാഷ്ട്രീയം വായിച്ചെടുക്കാനുള്ള പാണ്ഡിത്യമില്ലാത്ത ആളല്ല എം.എം. നാരായണൻ. ലേഖനത്തിൽ അദ്ദേഹം മുന്നോട്ടുവച്ച ഏറ്റവും ഗൗരവകരമായ വിമർശനം, സ്വയം സ്ത്രീപക്ഷവാദിയാണെന്ന് അവകാശപ്പെടുന്ന ആർ. രാജശ്രീ, സ്ത്രീവിരുദ്ധചെയ്തികളുടെ പിന്നിലുള്ള കൗരവപക്ഷത്തെ ചോദ്യം ചെയ്യുന്നില്ല എന്നതാണ്.
നാരായണൻ എഴുതുന്നു: ‘‘… കഥാഗതിയെ (ഇതിഹാസ കഥാഗതിയെ) വഴിതിരിച്ചുവിടുന്ന കള്ള ചൂത്, പാഞ്ചാലി വസ്ത്രാക്ഷേപം തുടങ്ങിയ കൗരവരുടെ ദുഷ്കൃത്യങ്ങളെ മൗനഭാജനം കൊണ്ട് മൂടുന്നു. കുരുസദസിൽ വച്ച് പാണ്ഡവപത്നിയുടെ ഉടുപുടവ വലിച്ചിഴച്ച സംഭവം വിവരിക്കാതെ വിട്ടത് എന്തിനായിരുന്നു..?"
മൊത്തം കൃതിയുടെ ശരീരനിർമിതിയിൽ അതിസൂക്ഷ്മത കാട്ടിയ രാജശ്രീ, കടുത്ത പുരുഷവിദ്വേഷ പ്രകടനപരത മൂലമാണോ എന്ന് സംശയിക്കും വിധം അനുവാചകദഹന ശേഷിക്ക് വഴങ്ങാൻ സാധ്യമല്ലാത്തവിധം നിര മിത്രന്റെ കൺമുന്നിലിട്ട് അമ്മ മഹാറാണിയോട് കാട്ടിയ ലൈംഗിക അതിക്രമം, ഈ രചനയിലെ ഏറ്റവും വലിയ പിഴവായി ഞാൻ കാണുന്നു.
ഈ വിമർശനം തീർച്ചയായും രാജശ്രീയിൽ നിന്നുതന്നെ സുവ്യക്തമായ ഉത്തരം പ്രതീക്ഷിക്കാവുന്ന ഒന്നാണ് എന്നിരിക്കെ, ഇത്തരമൊരു പ്രമേയസമീപനം സ്വീകരിച്ച നോവൽ, ചർവിതചർവണം ചെയ്യപ്പെട്ട ഇതിഹാസ സന്ദർഭങ്ങൾ തന്നെ വീണ്ടും വീണ്ടും ചൂണ്ടിക്കാട്ടി, ‘ഇതാ അനീതി... ഇതാ സ്ത്രീ വിരുദ്ധത ... ഇതാ കൗരവപക്ഷത്തിന്റെ അധാർമിക’ എന്ന് ഉറക്കെ പറയേണ്ടുന്ന ബാധ്യത ഇതിഹാസകഥയെ അടിസ്ഥാനമാക്കി രചിക്കുന്ന എല്ലാ കൃതികൾക്കും ബാധകമാണെന്ന വാദം ബാലിശമല്ലേ? അത്തരം വായിച്ചുറച്ച ഇതിഹാസപാഠങ്ങൾക്കുനേരെ അതി നിശിത വിമർശനം മുന്നോട്ടുവയ്ക്കുമ്പോൾ മാത്രമേ രചയിതാവിന്റെ സ്ത്രീപക്ഷനിലപാട് നാരായണൻ അംഗീകരിക്കുകയുള്ളൂ എന്നത് പരിഹാസ്യമല്ലേ.
അത്തരമൊരു കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുമ്പോൾ ഇതിഹാസകഥയിൽ നിരമിത്രൻ എന്ന കഥാപാത്രം തന്നെ എത്രകണ്ട് മുന്നോട്ടുനിർത്തപ്പെട്ട ഒന്നായിരുന്നു എന്നുകൂടി പരിശോധിക്കേണ്ടിവരില്ലേ?
നിരമിത്രൻ എന്നൊരു പാത്രസൃഷ്ടി പോലും അംഗീകരിക്കാൻ തയ്യാറല്ലെന്ന നിലപാട് ആരെങ്കിലും കൈക്കൊണ്ടാൽ എം.എം. നാരായണനെ പോലുള്ള നിരൂപകസമൂഹം അത്തരക്കാരെ പിന്താങ്ങുന്നത് നാം കാണേണ്ടിവരുമോ? നിരന്തരം മറ്റു പലരും പറഞ്ഞുകൊണ്ടിരുന്ന ചിലത് തന്നെ വീണ്ടും ആവർത്തിച്ചുമാത്രമേ പുതുതായി എന്തെങ്കിലും ഇതിഹാസത്തെ തൊട്ട് പറയാൻ പാടുള്ളൂ എന്ന സമീപനം ഒരു സമകാല സാഹിത്യ നിരൂപകൻ മുന്നോട്ട് വയ്ക്കാൻ പാടില്ല തന്നെ.
ഇളയുടെ രാജകൊട്ടാരത്തിലേക്കുള്ള ആഗമനം കൃഷ്ണയെ പരിചരിക്കാനായിരുന്നല്ലോ. കൃഷ്ണയെ ചികിത്സിക്കാൻ തുടങ്ങിയ ഇള ആദ്യദിനം പാണ്ഡവ വധുവിനെ നോക്കിക്കാണുന്ന രംഗം ആത്രേയകത്തിൽ വിവരിക്കുന്നത് കച്ചവട സിനിമകളിൽ സ്ത്രീശരീരം കാണുന്ന ക്യാമറകണ്ണുകളിൽ കൂടി കാണുന്ന കാഴ്ചയ്ക്ക് സമാനം എന്നാരോപിക്കുന്നുണ്ട് നാരായണൻ: "....ഇള കൃഷണയെ കാമുകന്റെ കണിയായ്, നയന ഭോഗവസ്തുവായി കാണുന്നു..." എന്നാണ് ആരോപണം. നാരായണൻ മറന്നുപോവുന്ന കാര്യം, ഇള എന്ന ചികിത്സകയുടെ കഴിവ് കണ്ടറിഞ്ഞാണ് അവളുടെ കൊട്ടാരഗമനത്തിനുള്ള വഴി തുറക്കപ്പെടുന്നത് എന്നതാണ്. കൃതഹസ്തയായ ശരീരചികിത്സകയാണ് ഇള. അവളെ പാണ്ഡവ മാതാവ് കുന്തി പറഞ്ഞേൽപ്പിക്കുന്ന ചുമതല, അഞ്ച് പേർക്കുള്ള ശരീരവിരുന്നായി കൃഷ്ണയുടെ ദേഹം മാറിത്തീരണമെന്നാണ്. ചികിത്സകയുടെ കാഴ്ചക്കോണിലൂടെ ഇളയെ കൊണ്ട് രാജശ്രീ പാണ്ഡവപത്നിയെ നോക്കിക്കണ്ടപ്പോൾ ആൺനോട്ടത്തിന്റെ പരിമിതി എം.എം. നാരായണന് കമേഴ്സ്യൽ സിനിമയുടെ ക്യാമറ കണ്ണുക്കൾ മാത്രം നൽകി.

കൃഷ്ണയെ നോക്കിക്കണ്ടശേഷം ചികിത്സ ആരംഭിക്കുന്ന ഇള കൃഷണയുടെ നഗ്നശരീരം സ്പർശിക്കുന്നതുകൂടി നോവലിൽ വിശദീകരിക്കുന്നു. ഇതുകൂടി വായിച്ചശേഷമാകാം, നാരായണനിലെ നിരൂപകൻ പ്രകോപിതനാവുന്നത്.
ഒരു സ്ത്രീപക്ഷരചനയിൽ ഇത്തരം ശരീരവർണ്ണന ഇറോട്ടിക് അനുഭവതലം സൃഷ്ടിക്കുന്നു എന്നതാവാം ഈ ഭാഗം നാരായണനെ വെറുപ്പിച്ചത്.
സ്ത്രീശരീരവർണ്ണന ആൺകാഴ്ച മാത്രമെങ്കിൽ ഇതിഹാസം പലയിടത്തും അതിമനോഹരമായി അത് പറഞ്ഞുപോവുന്നുണ്ട് എന്നതുകൂടി നാരായണൻ ഓർമ്മിച്ചെടുക്കുക. ഇളയിലും കൃഷ്ണയിലും പരസ്പരമുള്ള സ്വവർഗ്ഗ ലൈംഗിക അഭിവാജ്ഞ എഴുത്തുകാരി ചേർത്തുവയ്ക്കുന്നുണ്ട് എന്നതാണ് ഈ ഭാഗത്ത് വിമർശകന്റെ ആരോപണം എന്ന് കരുതാം. നോവൽ പ്രമേയപരമായി തന്നെ അത്തരം ഒരു വിമർശന സമീപനത്തിന്റെ അടിവേര് പിഴുതുകളയുന്ന ഒന്നാണെന്ന് മാത്രം സൂചിപ്പിക്കാം.
ചുരുക്കത്തിൽ ആത്രേയകം നോവൽ വിമർശനം വഴി എം.എം. നാരായണൻ ബാക്കിവയ്ക്കുന്നത് വെറുതെ പറഞ്ഞുപോയ ചില ആരോപണങ്ങൾ മാത്രമെന്ന് തോന്നി.
അതേസമയം, വിമർശനസാധ്യതകളിൽ നിന്ന് പൂർണ്ണമുക്തി നേടുംവിധം ഒറ്റപ്പെട്ടു നിൽക്കുന്ന രചനയാണിതെന്ന് പറയാനുമാകില്ല. പിഴവുകൾ കാണാം എന്ന പ്രയോഗത്തെക്കാൾ ഉചിതം, പിഴവുകൾ എന്ന വായനാനുഭവം ബാക്കി നിന്നേക്കാം എന്നതാവും. വ്യത്യസ്ത വായനകൾക്ക് വാതായനം തുറന്നാണ് ഓരോ രചനയും വായനക്കാരിൽ എത്തിച്ചേരുന്നത് എന്നതുകൊണ്ടു തന്നെ, വായനക്കാർക്ക് രചനയെ വിമർശനപരമായി സമീപിക്കാവുന്ന അകലം, ‘ഇതാണെന്റെ വായനാ അനുഭവം’ എന്ന അതിർരേഖവരെ മാത്രമാണ്.
അത്തരത്തിൽ ചിലത് ചൂണ്ടിക്കാട്ടാം.
അമ്മ മഹാറാണി - നിരമിത്രന്റെ മാതാവ് - മരിച്ച ശേഷം അവരുടെ ചിത ഒരുങ്ങുന്നത് ആത്രേയകത്തിലായിരുന്നു. ഉപേക്ഷിക്കപ്പെട്ടവരുടെ വനസ്ഥലിയാണ് ആത്രേയകം എന്നത് നോവലിൽ പ്രകടമായി അനുഭവപ്പെടാവുന്ന ഒന്നാണ്.
പാഞ്ചലരാജ്യം തിരസ്കരിച്ച ഒരു മനുഷ്യനാണ് നിരമിത്രൻ എങ്കിൽ പോലും അയാളുടെ കണ്ണി ബന്ധങ്ങൾ ഏതൊക്കെയോ വഴികളിൽ സ്വന്തം ദേശവുമായി അറുത്തുമാറ്റാതെ തുടരുന്നുണ്ട്. എന്നിട്ടും പാഞ്ചാലത്ത് നടക്കുന്ന സുപ്രധാന രാജ്യ വിശേഷങ്ങൾ നിരമിത്രൻ അറിയുന്നില്ല എന്നത് എന്തുകൊണ്ടാവാം? നോവലിസ്റ്റ് ഇവിടെ അവ്യക്തത ബാക്കിവയ്ക്കുന്നുണ്ട്.
കൃഷ്ണയുടെ സ്വയംവരവിശേഷങ്ങൾ നാടോടി കൂടിയായ ബലൻ പറഞ്ഞ് മാത്രം അറിയേണ്ടുന്ന കാര്യമാണോ നിരമിത്രന്?
ബലൻ കഥകൾ പറഞ്ഞുകേൾപ്പിക്കുന്നത് ഇങ്ങനെയാണ്: ‘‘അവിടെ ചെന്നപ്പോഴാണ് കാര്യങ്ങൾ കുറേക്കൂടി സങ്കീർണമായത്. തേര് അല്പം ദൂരെ നിർത്തി സഹോദരങ്ങൾ വധുവിനെയും കൂട്ടി ഇറങ്ങിനടന്ന് ഭവനത്തിൽ ചെന്ന് മുതിർന്നവൻ അമ്മയെ വിളിച്ച്, അന്ന് ഭിക്ഷാടനത്തിനു പോയിട്ട് ഗംഭീരമായ ഒരു സമ്മാനമാണ് കിട്ടിയത് എന്നു പറഞ്ഞു. കിട്ടിയത് എന്തായാലും അഞ്ചു പേർ കൂടി പങ്കിട്ടെടുക്കാൻ അമ്മ നിർദ്ദേശിച്ചു. അങ്ങനെ വധുവിനെ നേടിയത് മൂന്നാമനാണെങ്കിലും ഫലത്തിൽ അവൾ അഞ്ച് പേരുടെയും ഭാര്യയായിരിക്കണമെന്ന് തീരുമാനമായി’’.
അങ്ങനെ ബലൻ എന്ന ആത്രേയകവാസി രാജ്യ സഞ്ചാരം കഴിഞ്ഞുവന്നതിനു ശേഷമുള്ള കഥാക്ഷേപത്തിൽ കൂടി മാത്രമാണ് പുറന്തള്ളപ്പെട്ട പാഞ്ചാല രാജകുമാരൻ സ്വന്തം അർദ്ധ സഹോദരി കൂടിയായ കൃഷ്ണയുടെ സ്വയംവരവിശേഷങ്ങളും അതിനുശേഷം അവൾക്ക് വന്നുഭവിച്ച ബഹുഭർതൃയോഗവും എന്നത് വിശ്വസനീയമായ ഒരു കഥാസന്ദർഭമാക്കി മാറ്റുന്നതിൽ നോവലിസ്റ്റ് വിജയിക്കുന്നില്ല. എത്രമേൽ അകൽച്ചയുണ്ടെന്നിരിക്കിലും നിരമിത്രന് വിവരങ്ങൾ കൈമാറാനുള്ള നേരിയ 'ആൾബന്ധം’ വിപുലൻ ആത്രേയകവുമായി നിലനിർത്തുന്നുണ്ടായിരുന്നു എന്നത് ഊഹിക്കാവുന്ന ഒന്നല്ലേ?
പുത്തൻ നഗരനിർമ്മാണത്തിന് ഭൂമിയൊരുക്കാനുള്ള നിയോഗം ഏറ്റുകൊണ്ട് കൃഷ്ണ - അർജ്ജുനൻമാർ ആത്രേയകത്തിന്റെ വനഭൂമിക്ക് തീ കൊളുത്തുന്നുണ്ട്. അങ്ങനെ കടന്നുവന്നതിനു ശേഷം മാത്രമാണ് അർജ്ജുനൻ മാത്രമല്ല കൃഷ്ണനും നിരമിത്രസാന്നിധ്യം തിരിച്ചറിയുന്നതും നിരമിത്രനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതും എന്നത് നോവലിസ്റ്റ് കാണിച്ച സൂക്ഷ്മതക്കുറവായി മുഴച്ചുനിൽക്കുന്നുണ്ട്.
അതുപോലെ മൊത്തം കൃതിയുടെ ശരീരനിർമിതിയിൽ അതിസൂക്ഷ്മത കാട്ടിയ രാജശ്രീ, കടുത്ത പുരുഷവിദ്വേഷ പ്രകടനപരത മൂലമാണോ എന്ന് സംശയിക്കും വിധം അനുവാചകദഹന ശേഷിക്ക് വഴങ്ങാൻ സാധ്യമല്ലാത്തവിധം നിര മിത്രന്റെ കൺമുന്നിലിട്ട് അമ്മ മഹാറാണിയോട് കാട്ടിയ ലൈംഗിക അതിക്രമം, ഈ രചനയിലെ ഏറ്റവും വലിയ പിഴവായി ഞാൻ കാണുന്നു.
അധികാരവും ധാർഷ്ട്യവും വെറുപ്പും ഒരു വ്യക്തിയെ എത്രമേൽ നികൃഷ്ടനാക്കും എന്നത് ചൂണ്ടിക്കാണിക്കുക എന്ന രചനാപരമായ കർത്തവ്യം പക്ഷേ, നോവലിസ്റ്റിനെ കൊണ്ട് സ്വന്തം ഉള്ളിലുള്ള പുരുഷവിദ്വേഷം മുഴുവൻ അക്ഷരവിഷമായി നോവലിന്റെ ഈ ഭാഗത്ത് ബഹിർഗമിപ്പിക്കാൻ കാരണമാവുന്നുണ്ട്. അസ്വാഭാവികത മറ്റൊരിടത്തും ഇത്രമേൽ മുഴച്ചു നിൽക്കുന്നില്ല എന്ന് പറയാതെ വയ്യ.
ഇനി ഞാൻ ഉറങ്ങട്ടെ മുതൽ രണ്ടാമൂഴം വരെയുള്ള ഇതിഹാസ രചനകൾക്ക് കീഴ്നിന്നുകൊണ്ടുള്ള മലയാള നോവൽ സാഹിത്യശ്രേണി ആത്രേയകത്തിൽ എത്തിനിൽക്കുമ്പോഴും പ്രമേയ സമീപനത്തിൽ കാണാവുന്ന പശ്ചാത്തലസാമ്യം എന്നതിനപ്പുറം ഭാഷയുടെ കൈയടക്കത്തിലും ഘടനാപരമായും ഒരു തുടർച്ച അഥവാ ശൈലീവിന്യാസം ഈ കൃതി കൂടി സ്വയം ചാർത്തിവയ്ക്കുന്നുണ്ട്.
മറ്റൊന്ന്, വിപുലൻ എന്ന കഥാപാത്രസൃഷ്ടിയുടെ കാര്യത്തിൽ സംഭവിച്ച സൂക്ഷ്മതക്കുറവാണ്. നോവൽ വിവരിക്കുന്നത് പ്രകാരം വിപുലൻ രണ്ടാം സൈന്യാധിപൻ മാത്രമാണ്. പക്ഷേ വിപുലൻ പ്രത്യക്ഷമാവുന്ന നോവൽസന്ദർഭങ്ങളിലെല്ലാം രാജാവിനെ മറികടക്കുന്ന അധികാരവിപുലത പേരിനെ അന്വർത്ഥാക്കുംവിധം അയാളിൽ നാം കാണുന്നുണ്ട്. രാജ്യം മുഴുവൻ എന്ത് സംഭവിക്കുന്നു എന്നത് അയാളാണ് അറിയുന്നത്. രാജ്യം ഓരോ വിഷയത്തിലും ഇങ്ങനെയൊക്കെ വേണം ഇടപെടാൻ എന്ന് നിർദ്ദേശിക്കുന്ന അധികാരസ്ഥാനമായി അയാൾ സ്വയംമാറുന്നുണ്ട്.
വരുന്ന ദശാർണ്ണ രാജാവ് ഹിരണ്യവർമാവ് നിര മിത്രന്റെ പൗരുഷം പരീക്ഷിക്കാൻ പാഞ്ചാലത്തേക്ക് യാത്ര വരുമ്പോൾ എന്തൊക്കെ ചെയ്യണം എന്ന വഴി കാട്ടൽ അയാളിൽ നിന്നാണ്. ഇതിഹാസ രചനയുടെ
സമീപനരീതിയിൽ നിന്ന് മാറുന്ന ഒന്നാണ് മൊത്തം നോവൽ എന്നതുകൊണ്ടുതന്നെ ഇതിഹാസത്തിലെ അധികാരഘടനയെ നാം ചേർത്തുവെക്കേണ്ടതില്ല. പക്ഷേ എല്ലാ കാലത്തും അധികാരം ചില നിബന്ധനകൾ മുന്നോട്ടുവച്ചതായി ചരിത്രവും നമ്മോട് പറയുന്നുണ്ട്. ഇവിടെ നോവലിസ്റ്റിന്, അധികാരഘടനയെ ചരിത്രപരമായി സമീപിക്കുന്നത്തിൽ കൂടി പിഴവ് വന്നുവെന്നുവേണം സംശയിക്കാൻ.
ഇതൊക്കെയാണെങ്കിലും മലയാള നോവൽ ഭൂമികയിൽ അനേകം പേരെ ഈ രചന പല വഴികളിൽ കൂടി ആവാഹിച്ചുനിർത്തുന്നതായി കാണാം. അധികാരവും അപമാനവും രതിയും വിരക്തിയും ആയുധവും രാജ്യതന്ത്രജ്ഞതയും ഇതിൽ ശ്വസിച്ചറിയുന്നുണ്ട്.
മാതൃത്വം എന്നതിൻെറ വൈകാരിക അനുഭവ തലത്തെ നോവലിൽ വരച്ചുവച്ചിട്ടുള്ളത് അത്തരമൊരു ഹൃദയാവർജകമായ വാക്കുകളിലൂടെയാണ്.
തന്റെ കൂടെ വരുന്നുവെന്നറിയിച്ച് ആത്രേയകത്തിലേക്ക് യാത്രക്കൊരുങ്ങിനിൽക്കുന്ന തന്റെ തേരിൽ അമ്മ മഹാറാണി കയറിയതു കണ്ടു നിൽക്കുന്ന നിരമിത്രൻ, പക്ഷേ താൻ കണ്ടത് വെറും സ്വപ്നദൃശ്യം മാത്രമെന്ന് തിരിച്ചറിയുന്നു. അമ്മയുടെ വിയോഗം യാഥാർത്ഥ്യത്തിന്റെ വാൾമുനയാകുന്നു:
‘‘രാജകുമാരാ… പരിചിതമായ ശബ്ദം കേട്ട് നോക്കുമ്പോൾ വിപുലൻ പരിഭ്രാന്തനായി മുന്നിൽ നിൽക്കുന്നത് കണ്ടു.
ഇനിയെന്താണ്? ഞങ്ങൾ യാത്രയ്ക്കൊരുങ്ങുകയായിരുന്നു, അസഹ്യതയോടെ നിരമിത്രൻ അന്വേഷിച്ചു.
‘രാജകുമാരാ, ഒരു ദുഃഖവാർത്തയുണ്ട്’, വിപുലൻ ഇടറിയ സ്വരത്തിൽ അറിയിച്ചു.
'അമ്മ മഹാറാണി വിഷ്ണുപദം പ്രാപിച്ചു'. നിരമിത്രൻ വിഡ്ഢിയെ പോലെ ശൂന്യമായ തേരിലേക്ക് നോക്കി മിഴിച്ചുനിന്നു...’’
പിന്നീട് മരണമടഞ്ഞ അമ്മ മഹാറാണിയുടെ - നിരമിത്രന്റെ മാതാവിന്റെ - ഭൗതികദേഹം കാണാൻ വരുന്ന ദശാർണ്ണ രാജാവ് ഹിരണ്യവർമാവ് നിരമിത്രനോട് ഇങ്ങനെ പറയുന്നുണ്ട്:
‘‘രാജകുമാരാ... മക്കളെ സംബന്ധിച്ചിടത്തോളം അമ്മ വിളിപ്പുറത്തുനിന്ന് പോകുന്നതുപോലും ഒരുതരം അനാഥത്വം ഉണ്ടാക്കും. മനസ്സ് ശക്തിപ്പെടുത്തണം’’.
അതിനുള്ള നിരമിത്രന്റെ മറുപടി ഇങ്ങനെയായിരുന്നു:
"അമ്മ പോകുന്നില്ലല്ലോ.."
നിരമിത്രൻ ആരെയും നോക്കാതെയാണ് പറഞ്ഞത്. എങ്ങനെയാണ് കൂടുതൽ പറയേണ്ടതെന്ന് അയാൾക്ക് അറിയുമായിരുന്നില്ല.
‘‘ശരിയാണ്, മക്കളുള്ള കാലത്തോളം അമ്മമാർ ലോകത്തുനിന്ന് പോകുന്നില്ല. നാം അമ്മമാരുടെ തുടർച്ച തന്നെയാണ് കുഞ്ഞേ, നിനക്ക് സമാധാനം ഉണ്ടാകട്ടെ’’.

ഇനി ഞാൻ ഉറങ്ങട്ടെ മുതൽ രണ്ടാമൂഴം വരെയുള്ള ഇതിഹാസ രചനകൾക്ക് കീഴ്നിന്നുകൊണ്ടുള്ള മലയാള നോവൽ സാഹിത്യശ്രേണി ആത്രേയകത്തിൽ എത്തിനിൽക്കുമ്പോഴും പ്രമേയ സമീപനത്തിൽ കാണാവുന്ന പശ്ചാത്തലസാമ്യം എന്നതിനപ്പുറം ഭാഷയുടെ കൈയടക്കത്തിലും ഘടനാപരമായും ഒരു തുടർച്ച അഥവാ ശൈലീ വിന്യാസം ഈ കൃതി കൂടി സ്വയം ചാർത്തി വയ്ക്കുന്നുണ്ട്. മലയാള നോവൽ സാഹിത്യത്തിൽ ഇതിഹാസ രചനകൾക്ക് വരും കാലത്തും ഭാഷാ വിന്യാസരീതികളിൽ അനുകരണസാധ്യത ബാക്കി വയ്ക്കുന്ന ഒന്നായി ആത്രേയകം മാറുന്നുണ്ട് എന്നത് പറയാതെ വയ്യ.
