അധികാരത്തിന്റെ അശ്ലീലതയും ചരിത്രത്തിന്റെ നഗ്‌നതയും

സോവിയറ്റ് യൂണിയന്റെ തകർച്ചയും അടിയന്തരാവസ്ഥയും മുതൽ വർത്തമാനകാല മാവോയിസ്റ്റ് വേട്ടയും പൗരത്വഭേദഗതി നിയമവും വരെയുളള ഏതു രാഷ്ട്രീയ/അധികാര/ഭരണകൂട ചലനങ്ങളെയും, ധർമപുരാണം എന്ന കൃതി ഒറ്റയ്ക്കുനിന്ന് നിർദ്ദാക്ഷിണ്യം വിചാരണ ചെയ്യുകയാണ്.

(സങ്കല്പത്തിനും അനുഭവത്തിനുമിടയിൽ ഒരു വിരേചനഗാഥ)

.വി. വിജയൻ 'ധർമ്മപുരാണം' എന്ന നോവൽ എഴുതുന്നു എഴുത്തുകരന്റെ തന്നെ ചിന്തയെയും ഭാവനയെയും പ്രശ്‌നവൽക്കരിച്ചും കീഴ്‌മേൽ മറിച്ചും, പിന്നീട് ആ നോവലിന്റെ താളുകൾ നിരന്തരം മറിഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം, പ്രത്യക്ഷത്തിൽ അറപ്പിന്റെയും ജുഗുപ്‌സയുടെയും വമനേച്ഛയുടെയും ബീഭത്സതയുടെയും തെറിയുടെയും വന്യലൈംഗികതയുടെയും/വികൃത രതിയുടെയും എല്ലാം നഗ്‌നമായ തെരുക്കൂത്തിലേക്ക് കൃതി നമ്മെ നിതാന്തമായി ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു..!

ഒരു കൃതി ഭരണകൂട നൃശംസയുടെയും അധികാര ജീർണതയുടെയും മനുഷ്യന്റെ അവസാനമില്ലാത്ത അധികാര കാമനയുടെയുമെല്ലാം, 'ആർത്തു ചിരിക്കുന്ന അശ്ലീലത'യായി സ്വയം ആഖ്യാനപ്പെടുമ്പോൾ, എഴുത്തുകാരൻപോലും വെറും കാഴ്ചക്കാരനാകുന്ന ഇരുണ്ട സന്ദർഭങ്ങൾ കൂടെക്കൂടെ നോവലിൽ 'മിന്നിമായുന്ന' വിചിത്ര കാഴ്ചയാണ് നമ്മളെ വരവേൽക്കുന്നത്.

നീതിയും ധർമ്മവും പാലിക്കപ്പെടേണ്ട ഭരണകൂട ഇടങ്ങൾ മൃതജീർണതയിലേക്ക് തെന്നി വീഴുമ്പോൾ, അത് മലം പോലെ ദുഷിക്കുന്നതും ദുർഗന്ധം വമിക്കുന്നതും പലപാട് നോവലിൽ നമ്മൾ കാണുന്നു. നോവൽപാഠം പല തലങ്ങളിൽ നിരവധി പഠനങ്ങൾക്കു വിധേയമായിട്ടുണ്ടെന്നതിനാൽ, പ്രസ്തുത പാഠത്തെ സൂക്ഷ്മമായി പിൻപറ്റാതെ അതിലെ പ്രധാന രാഷ്ട്രീയ വിനിമയങ്ങൾ എത്തിച്ചേരുന്ന പുതിയ ഇടങ്ങൾ അന്വേഷിക്കാൻ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

ധർമ്മപുരാണം എന്ന നോവലിന്റെ പുനർവായന തീർച്ചയായും, ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമത്തിന്റെ കൂടി പശ്ചാത്തലത്തിൽ, പുതിയ മാനം കൈവരിക്കുന്നുണ്ടെങ്കിലും, രചനയെ ഒരിക്കലും അതുമാത്രമായി കാണുക സാധ്യമല്ലെന്നത്, അങ്ങനെ ന്യൂനീകരിച്ച വായന ധർമ്മപുരാണത്തിന്റെ കാര്യത്തിൽ ഒരിക്കലും സാധ്യമല്ലെന്നത്, അസന്ദിഗ്ധമായി പറയാനാകും.

അതിനു കാരണം ഭരണവും അധികാരവുമായി ബന്ധപ്പെട്ട മനുഷ്യന്റെ ഏതു രാഷ്ട്രീയ ചലനത്തെയും, ഏറെ സംശയത്തോടെയും ജാഗ്രതയോടെയും ഒരുവേള അൽപം 'സിനിക്ക'ലായിത്തന്നെയും സമീപിക്കുന്ന, തുരുമ്പിക്കാത്ത ആഖ്യാനം ഈ രചനയുടെ കാതലായി നിലകൊള്ളുന്നുവെന്നതാണ്.

അങ്ങനെ വരുമ്പോൾ, ഒ.വി. വിജയൻ രചനയിൽ നേരിട്ടു പരാമർശിക്കുന്ന സോവിയറ്റ് യൂണിയന്റെ തകർച്ചയും അടിയന്തരാവസ്ഥയും മുതൽ വർത്തമാനകാല മാവോയിസ്റ്റ് വേട്ടയും പൗരത്വഭേദഗതി നിയമവും വരെയുളള ഏതു രാഷ്ട്രീയ/അധികാര/ഭരണകൂട ചലനങ്ങളെയും, ധർമ്മപുരാണം എന്ന കൃതി ഒറ്റയ്ക്കുനിന്ന് നിർദ്ദാക്ഷിണ്യം വിചാരണ ചെയ്യുകയാണെന്ന ക്രൂരഫലിതമാണ് തെളിഞ്ഞു വരിക.

ചുഴിയിലകപ്പെട്ട വിജയൻ

നമ്മുടെ സാഹിത്യാവബോധത്തേയും ഭാവുകത്വത്തേയും നിരന്തരം ഉലയ്ക്കുന്ന തീവ്രയാഥാർഥ്യം കൂടിയാണത്. 'ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ ചരിത്ര/രാഷ്ട്രീയ വാർത്തകൾ' പോലും, ധർമ്മപുരാണം നേരത്തേ 'ഉപ്പിലിട്ടുവെച്ച' ചില പ്രാകൃത സത്യങ്ങളായി കൃതിയിൽ ഊറിക്കിടക്കുമ്പോഴാണ്, അത് ഞെട്ടലോടെ തിരിച്ചറിയുമ്പോഴാണ്, ഏതു ഘട്ടത്തിലുളള സൂക്ഷ്മവായനയിലും, വായനക്കാരൻ വലിയ ചിരിക്കും കരച്ചിലിനും ഇടയിൽ മോചനമില്ലാത്ത വിധം കുടുങ്ങിക്കിടക്കുന്ന അവസ്ഥ സമാഗതമാകുന്നത്.

മുൻപ് സൂചിപ്പിച്ചപോലെ, അധികാരവുമായി ബന്ധപ്പെട്ട ചരിത്രത്തിലെ 'അധമവഴികളുടെയും അധർമവഴികളുടെയും' പുനഃസ്മൃതികളായി, ഒരു കൃതിയിൽ പല കൃതികൾ രൂപപ്പെടുകയെന്ന പല(അ)ധർമ്മപുരാണങ്ങൾ രൂപപ്പെടുക എന്ന- വൈരുധ്യാത്മകമായ' അവസ്ഥയും, രചനയുടെ കാലാവസ്ഥയും പ്രമേയാവസ്ഥയും ആഖ്യാനാവസ്ഥയും പുതുക്കപ്പെട്ടുകൊണ്ടിരിക്കുക എന്ന അവസ്ഥയും എപ്പോഴും ധർമ്മപുരാണത്തിന്റെ ആന്തരിക ഗരിമയായിത്തീരുന്നുണ്ട്.

മലവും ശുക്ലവും കൊണ്ട് 'രചിക്കപ്പെട്ട' ഒരു ദർശനം, മാനവന്റെ സമാനതയില്ലാത്ത സത്യദർശനമായി പരിണമിക്കുമ്പോളുണ്ടാകുന്ന കനത്ത ആഘാതമായിട്ടാണ്, ഈ നോവൽ, നമ്മുടെ സാഹിത്യചരിത്രത്തിലും സാംസ്‌കാരിക ചരിത്രത്തിലും അഗാധമായി പതിച്ചത് എന്നു പറയാം.

ഈ എഴുത്തിലൂടെ അനിശ്ചിതത്വത്തിന്റെയും അസ്ഥിരതയുടെയും അസ്വസ്ഥതയുടെയും വലിയ ചുഴിയിൽ വിജയനെന്ന വലിയ എഴുത്തുകാരനും അകപ്പെടുകയായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. നോവലിന്റെ ആദ്യ പ്രസിദ്ധീകരണം മുതൽ രചയിതാവ്, കൃതിയിൽ നടത്തിവന്ന പല തിരുത്തുകളും വ്യതിയാനങ്ങളും അതിന്റെ സാക്ഷ്യമായി നിരീക്ഷിക്കപ്പെട്ടിട്ടുളളതും ഓർക്കാം.
വ്യക്തിയുടെ സത്താപരമായ ചില വിരേചനങ്ങളും (രതിയും വിസർജ്ജനവും) രാഷ്ട്രീയ/സാംസ്‌കാരിക വിമലീകരണവും ചരിത്ര ശുദ്ധീകരണവും പലതലങ്ങളിൽ എഴുത്തുകാരന്റെ സ്വപ്നങ്ങളാകുന്നുണ്ട്, ധർമ്മപുരാണത്തിൽ.

ധർമ്മപുരാണം കൊണ്ട് വിജയൻ ഉദ്ദേശിക്കുന്നത് എന്തോ അതുതന്നെ ജോർജ് ഓർവെൽ തുടങ്ങിയ മഹാൻമാരായ എഴുത്തുകാർ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നും കലാപരമായും ആശയപരമായും വീക്ഷണപരമായും ധർമ്മപുരാണം വളരെ മോശപ്പെട്ട കൃതിയാണെന്നുമുള്ള എം. കൃഷ്ണൻ നായരുടെ അക്കാലത്തെ വിമർശനത്തെ വിജയൻ ഹൃദയപൂർവ്വം സ്വീകരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇവിടെ മറ്റൊരു തരത്തിൽ പ്രത്യേകം പ്രസകതമാകുന്നുണ്ട്. 'ഒരർത്ഥത്തിൽ കൃഷ്ണൻനായരുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അധമഭാവങ്ങൾ നിറഞ്ഞ പുസ്തകമാണ് ധർമ്മപുരാണം.

'ഖസാക്കിന്റെ ഇതിഹാസം എഴുതുമ്പോൾ എന്നിൽ നിറഞ്ഞു നിന്നിരുന്ന ജീവിതക്കമ്പം, ധർമ്മപുരാണം എഴുതുമ്പോൾ ഉണ്ടായിരുന്നില്ല. ഏറെ ദുഃഖിച്ച് എഴുതിയ പുസ്തകമാണത്. അതിലുമേറെ ശങ്കിച്ചു. ഓർവെലിന്റെ ഇതിവൃത്തം, സ്ഥാപിതമാകാൻ ഇരിക്കുന്നതും ഐതിഹാസിക പരിവേഷങ്ങൾ ഉള്ളതുമായ ഭീകര ഭരണമാണ്. ധർമ്മപുരാണത്തിലെ ഇതിവൃത്തമാകട്ടെ വർത്തമാനകാല സംബന്ധിയും ക്ഷുദ്രവുമായ ഭരണാഭാസവും. ഓർവെൽ സങ്കല്പിക്കുകയായിരുന്നു, ഞാൻ അനുഭവിക്കുകയും. അങ്ങനെ വാക്കുകൾക്കും പ്രതീകങ്ങൾക്കും കലാപരമായ അന്യവത്കരണവും ദൂരവും ഇല്ലാതെപോയി. എങ്കിലും എഴുതുകയല്ലാതെ എനിക്ക് മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല. ആ ക്ഷുദ്രതയുടെ ദർശനം ചെറുക്കാനാവാത്ത ഒരു മാസ്മര നിർബന്ധമായിരുന്നു' എന്നാണ് വിജയൻ എഴുതിയിട്ടുളളത്.

എഴുത്തുകാരനെ ചരിത്രം കടത്തിവെട്ടുേമ്പാൾ

ഒ.വി വിജയൻ                                                                                                                                         ചിത്രീകരണം: ദേവപ്രകാശ്‌
ഒ.വി വിജയൻ ചിത്രീകരണം: ദേവപ്രകാശ്‌

അതേസമയം, സങ്കല്പത്തിനും അനുഭവത്തിനും ഇടയിലുളള സ്ഥാനം നിരന്തരം ഈ കൃതി ആർജ്ജിക്കുന്നതാണ് തുടർന്ന് നമ്മൾ കാണുന്നത്. ചില ചരിത്ര വൈരീത്യങ്ങളും ആകസ്മികതകളും ധർമ്മപുരാണത്തെ തുടക്കം മുതൽ പിന്തുടരുന്നത് ശ്രദ്ധേയമാണ്. ഒപ്പം, 1985ൽ പുസ്തകരൂപത്തിൽ ആദ്യപതിപ്പായി പ്രസിദ്ധീകൃതമായ കൃതി 1988 മുതൽ നിരന്തരം പരിഷ്‌കരിക്കപ്പെട്ടിരുന്നതും സൂചിപ്പിച്ചുവല്ലോ. എഴുത്തുകാരൻ നിഷേധിക്കുകയും വിയോജിക്കുകയും ചെയ്തിട്ടുപോലും ഇന്ത്യൻ അടിയന്തരാവസ്ഥയുടെ വിമർശനമായാണ് അതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമായും ധർമ്മപുരാണം വായിക്കപ്പെട്ടത് എന്നത് സാഹിത്യവസ്തുതയാണ്.

ധർമ്മപുരാണത്തിന്റെ രചന അടിയന്തരാവസ്ഥയ്ക്കും മുന്നേ ആയിരുന്നുവെന്ന് വിജയൻ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, അടിയന്തരാവസ്ഥക്കുമുമ്പേ ധർമ്മപുരാണം എഴുതി പൂർത്തിയാക്കി വിജയൻ 'മലയാളനാട്' ചീഫ് എഡിറ്റർ എസ്.കെ നായരെ ഏൽപ്പിച്ചിരുന്നതുമാണ്. 1975 ജൂലൈ 20 മുതൽ അത് 'മലയാള നാടി'ൽ പ്രസിദ്ധീകരിക്കാനിരിക്കുമ്പോഴാണ്, ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നതും, ജൂൺ 27ന് വിജയൻ ദൽഹിയിൽ നിന്ന് എസ്.കെ നായർക്ക് കത്തെഴുതുന്ന സാഹചര്യമുണ്ടാകുന്നതും.

കാരണം എസ്.കെ, അത് അടിയന്തരാവസ്ഥാ കാലത്തുതന്നെ പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെട്ടിരുന്നു. 'ഒ.വി വിജയൻ ധർമ്മപുരാണം എഴുതാൻ കാണിച്ച ധൈര്യം, ഇത് പ്രസിദ്ധപ്പെടുത്തുന്നതിലൂടെ ഞങ്ങൾ ആവർത്തിക്കുന്നു' എന്നായിരുന്നു അന്ന് 'മലയാളനാടിൽ' കൊടുത്ത പരസ്യം. നോവലിന്റെ നാലാമദ്ധ്യായത്തിന് 'അടിയന്തരാവസ്ഥ' എന്നാണ് പേരുകൊടുത്തത്.

എന്നാൽ, 'പ്രിയപ്പെട്ട എസ്.കെ, ചരിത്രം നമ്മെ കടത്തിവെട്ടിയല്ലോ. ധർമ്മപുരാണത്തിന്റെ പ്രസിദ്ധീകരണം നീട്ടിവയ്ക്കുകയല്ലാതെ വേറെ വഴിയുണ്ടോ?' എന്ന കത്തിലെ ഒ.വി വിജയന്റെ നിസ്സഹായമായ ചോദ്യത്തിനുമുമ്പിൽ, അതിന്റെ പ്രസിദ്ധീകരണം നീളുകയും 1977 മാർച്ചിൽ അടിയന്തിരാവസ്ഥയ്ക്കു ശേഷം മാത്രം ധർമ്മപുരാണം പ്രസിദ്ധീകൃതമാകുകയും ചെയ്യുന്നു.

'ഈ കഥ എഴുതിയ കാലത്ത് എനിക്ക് അരിശവും വാശിയുമുണ്ടായിരുന്നു. അരിശത്തോടെ ഇത് പ്രസിദ്ധീകരിക്കുവാൻ എനിക്കും താങ്കൾക്കും അളവറ്റ ഉത്സാഹമായിരുന്നു. ഇന്നോ? ദുഃഖം, വ്യർത്ഥത മാത്രം. അടിയന്തരാവസ്ഥക്കുമുമ്പ് നമ്മളിത് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ താങ്കളും ഞാനും കക്കയം പൊലീസ് ക്യാമ്പിലോ അതുപോലെ മറ്റെവിടെയെങ്കിലുമോ അവസാനിച്ചിരിക്കുമെന്നത് വേറെ കാര്യം. അധമവും മലീമസവുമായ ഈ കഥപ്പോലെ വീണ്ടുമൊന്ന് എഴുതാൻ ഈശ്വരൻ എന്നെ വിധിക്കാതിരിക്കട്ടെ..' എന്നുകൂടി വിജയൻ അടിയന്തിരാവസ്ഥയക്കു ശേഷം എസ്.കെ നായർക്ക് എഴുതിയിട്ടുണ്ട്.

(മലയാളനാടിൽ പിൽക്കാലത്ത് ജോലി ചെയ്തിരുന്ന ടി.കെ. സന്തോഷ് കുമാർ, വിജയന്റെ കത്തു സഹിതം, അടിയന്തരാവസ്ഥയുടെ 40ാം വാർഷികത്തിൽ 2015ൽ 'അഴിമുഖ'ത്തിൽ എഴുതിയ കുറിപ്പാണ് ഇവിടെ അവലംബം) ഇത് തീർച്ചയായും ഈ നോവലിന്റെ കാര്യത്തിൽ സുപ്രധാനമായ സൂചന കൂടിയാണ്.

വിജയന്റെ ദുഃഖവും ഇച്ഛാഭംഗവും

1945ൽ, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതൽ, സോവിയറ്റ് യൂണിയൻ, യൂറോപ്പിൽ വീഴ്ത്തിയ 'ഇരുമ്പ് യവനിക' (Iron Curtain- 1946 മാർച്ച് അഞ്ചിന് വിൻസ്റ്റൺ ചർച്ചിൽ നടത്തിയ പ്രസംഗത്തിൽ ആദ്യം പ്രയോഗിച്ചത്) 1991ൽ ശീതസമരത്തിന്റെ അവസാനം വരെ നിലനിന്ന ആ യവനിക വിജയന്റെ വലിയ ദുഃഖവും ഇച്ഛാഭംഗവും ആയിട്ടുണ്ട്.

'ധർമ്മപുരാണം എഴുതിയതിൽ ഞാൻ ദുഃഖിക്കുന്നില്ല. അതിന്റെ രചന അനിവാര്യതയായിരുന്നു, ചരിത്ര സാധുതയുടെ പ്രകാശത്തിനായി. ചരിത്രപരമായ ആ അടിത്തറ തകർത്ത പുതിയ സോവിയറ്റ് യൂണിയനെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനം ജനായത്തത്തിലൂടെ രണ്ടാം പിറവിയെടുക്കുന്നത് അളവറ്റ പ്രതീക്ഷയോടെ നോക്കിക്കാണുന്നു' എന്ന് വിജയൻ നോവലിന്റെ പ്രാരംഭമായി 'സോവിയറ്റ് യൂണിയനെക്കുറിച്ച്' എന്ന ശീർഷകത്തിൽ എഴുതുന്നത് അങ്ങനെയാണ്.

'സോവിയറ്റ് യൂണിയനെ മോചകനായും സഖാവായും അതുവരെ കണക്കാക്കിയ എന്നിൽ, രോഷം രാഷ്ട്രീയ വിശകലനത്തിലുമുപരിയായി വൈകാരിക തീവ്രതയുടെ രൂപം പൂണ്ടു. ഭാഷയിലും രൂപകത്തിലും കഠിനങ്ങളായ നിറക്കൂട്ടുകൾ കയറിക്കൂടി. അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുന്ന ഇന്ത്യൻ ഫാസിസത്തോട് സഹകരിക്കാൻ തുനിഞ്ഞ ഒരു വിഭാഗം കമ്യൂണിസ്റ്റുകാരെ മാത്രമാണ് ഞാൻ ഈ കൃതിയിൽ വിഹസനം ചെയ്തിട്ടുളളത്' എന്നത് വാസ്തവത്തിൽ അടിയന്തിരാവസ്ഥയുടെ കൂടി പശ്ചാത്തലത്തിൽ രൂപപ്പെടുന്ന അദ്ദേഹത്തിന്റെ രണ്ടാംഘട്ട ചിന്തയാണ്.

'വിപ്ലവ ശുദ്ധിയിലുളള കടുത്ത മോഹഭംഗമായിരുന്നു, അതുമാത്രമായിരുന്നു, ധർമ്മപുരാണത്തിന്റെ കലിയ്ക്കും കയ്പിനും കാരണം. അല്ലാതെ കമ്യൂണിസ്റ്റ് വിരോധമായിരുന്നില്ല. ഈ പുസ്തകത്തിന്റെ മൂല്യം മനസ്സിലാക്കുന്നവർ ഇത് വലതുപക്ഷ വിജ്ഞാപനമല്ലെന്നുളള സത്യവും മനസ്സിലാക്കും' എന്നത് വിജയന്റെ സാഹിത്യ പ്രതീക്ഷ മാത്രമായിരുന്നില്ല, വലിയ രാഷ്ട്രീയ പ്രതീക്ഷ കൂടിയായിരുന്നു.

കാരണം (ആദ്യഘട്ടത്തിൽ) വിജയന് തന്റെ കമ്യൂണിസ്റ്റ് മോഹഭംഗങ്ങൾക്കുമേൽ സാധ്യമായ ഏറ്റവും തീക്ഷ്ണമായ രാഷ്ട്രീയ പ്രവർത്തനവും പ്രതികരണവും കൂടിയായിരുന്നു ധർമ്മപുരാണം എന്ന വസ്തുത നമ്മൾ ഋജുവായി ഈ സന്ദർഭത്തിൽ മനസ്സിലാക്കുകയാണ്. പക്ഷേ കാര്യം അന്ന് അവിടെ നിന്നില്ല. എഴുത്തുകാരൻ കൃത്യമായി സൂചിപ്പിച്ചതുപോലെ, ചരിത്രം രചനയെ കടത്തി വെട്ടി കാര്യങ്ങൾ, ലോക കമ്യൂണിസത്തിൽ നിന്ന് നേരിട്ട് ഇന്ത്യൻ അടിയന്തരാവസ്ഥയിലേക്കു വന്നു. വിജയന്റെ സങ്കൽപലോകം സ്വന്തം അനുഭവത്തിന്റെ (ഏറ്റവും അടുത്തുളളതും) ലോകമായി അട്ടിമറിയ്ക്കപ്പെട്ടു. സ്വാഭാവികമായി എഴുത്തുകാരന്റെ സർഗാത്മകമായ ചില അടിയന്തിര ശസ്ത്രക്രിയകൾക്ക് രചന വിധേയമാകുന്ന സാഹചര്യമാണ് അതിന്റെ ബാക്കിപത്രം.

ഒരേസമയം കമ്യൂണിസത്തിന്റെയും വലതു രാഷ്ട്രീയത്തിന്റെയും വിമർശനഗാഥയും വിരേചന ഗാഥയുമായി പരിണമിച്ച ഈ കൃതി, ഒപ്പം തന്നെ എല്ലാ ഭരണ രൂപങ്ങളുടെയും സംവിധാനങ്ങളുടെയും ജനാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും തികഞ്ഞ വിമർശന സംഹിത കൂടിയായി രൂപാന്തരപ്പെട്ടു. ഒപ്പം മാധ്യമവിചാരണയുടെ ഒരു 'പ്രവചനപത്രം' കൂടിയായി അത് ഏതളവിൽ മാറിയിരുന്നു എന്ന് ഇന്ന് കൂടുതൽ തെളിച്ചത്തോടെ മനസിലാക്കാൻ കഴിയും.

കലികാലൻ എന്ന മുതിർന്ന പത്രപ്രവർത്തകൻ ഭരണകൂടത്തിന്റെ രഹസ്യങ്ങൾ താൻ സൂക്ഷിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നത് വാർത്താമന്ത്രിയുടെ ദുർഗന്ധം വമിക്കുന്ന ആർത്തവവസ്ത്രം ഉയർത്തി വീശിക്കാണിച്ചുകൊണ്ടേത്ര! ചുവന്ന താർത്താരിക്കുടിയരശും വെള്ള സംയുക്ത നാടുകളും മാത്രമല്ല, അന്തർദ്ദേശീയ പത്രങ്ങളും പ്രാരംഭ സൂചികയിൽ ഇടംപിടിച്ചത് പ്രത്യേകം ഓർക്കാം. അതുപോലെ വിജയനിൽ സംഭവിക്കുന്ന വ്യക്തിഗത പരിണാമങ്ങളും പിന്നീട് കൃതിയിലേക്ക് പതിയെ എഴുതിച്ചേർക്കപ്പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ കരുണാകരഗുരു സമാഗമത്തിനു ശേഷം, നോവലിൽ ജീർണാധികാരത്തിന്റെ പ്രതീകമായ പ്രജാപതിയുടെ, (കാരുണ്യവാനായ) പ്രതിപുരുഷനായി നിൽക്കുന്ന സിദ്ധാർത്ഥൻ ഗുരുവായും, സിദ്ധാർത്ഥന്റെ വിപ്ലവസ്പർശം ഗുരുപ്രസാദമായും രൂപാന്തരപ്പെടുന്നത് മറക്കാൻ കഴിയുന്നതല്ല. 'രാഷ്ട്രപതിക്കു തൂറാൻ മുട്ടി' എന്ന മൂലകഥയിലെ വാക്യം പിന്നീട് 'പ്രജാപതിക്കു തൂറാൻ മുട്ടി' എന്നാകുമ്പോൾ സംഭവിക്കുന്ന ചരിത്രപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ദൂരത്തെക്കുറിച്ചും, യാഥാർത്ഥ്യത്തിന് അടുത്തുനിൽക്കുന്ന രചന കൂടുതലായി ഫാന്റസിയിലേക്കും മിത്തിലേക്കും പുരാണത്തിലേക്കും നീങ്ങിപ്പോകുന്നതിനെക്കുറിച്ചും നേരത്തേ തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അതുപോലെത്തന്നെ, ഭരണത്തിലെ അക്രമം, അനീതി, അഴിമതി, സ്വജനപക്ഷപാതം, സ്തീപീഡനം, അധികാരരതി, ആത്മരതി തുടങ്ങിയ എല്ലാ അഴുക്കുകളെക്കാളും അധികരിച്ച രീതിയിൽ പ്രത്യക്ഷമാകുന്ന രചനയിലെ മാലിന്യങ്ങൾ/അശ്ലീലങ്ങൾ എഴുത്തുകാരന്റെ മധ്യവയസ്സിലെ ലൈംഗികഭീതിയായും ആനൽ ഇറോട്ടിക് വസനകളായും ഈഡിപ്പൽ സംഘർഷങ്ങളായുമെല്ലാം വായിക്കപ്പെട്ടിട്ടുണ്ട്. സ്‌കോപ്പോഫീലിയ അഥവാ സ്‌കോപ്‌റ്റോഫീലിയ (Scopophilia or Scoptophilia) എന്ന മനഃശാസ്ത്ര സങ്കേതം അശ്ലീലതയുടേയും നഗ്‌നതയുടേയും ദർശനത്തിൽ നിന്ന് ആനന്ദം ആർജ്ജിക്കുന്ന മാനസികാവസ്ഥയെക്കുറിച്ചാണ് പറയുന്നത്.

വാക്കുകളിലൂടെ വിജയൻ സൃഷ്ടിക്കുന്ന 'അധികാരത്തിലെ അശ്ലീലതയുടേയും ചരിത്രത്തിലെ നഗ്‌നത'യുടേയും കാഴ്ചകൾ നമ്മളെ ഉപബോധപരമായി ഒരുതരം 'ഹിസ്റ്റേറിക് സ്‌കോപ്പോഫീലിക്' ആക്കുന്നുണ്ടെന്ന്, ചരിത്രോന്മുഖമായ 'നഗ്‌നരതിദർശനപരത'യുളളവരാക്കുന്നുണ്ടെന്നു പറഞ്ഞാൽ, തെറ്റാകില്ല.

ഇപ്പോൾ ഏതു ധർമ്മപുരാണം?

ഇപ്പോൾ ധർമ്മപുരാണം വായിക്കുമ്പോൾ, ഏതു ധർമ്മപുരാണമാണ് നമ്മൾ വായിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഏതു രാഷ്ട്രീയ കാലാവസ്ഥയെയാണ് പ്രസ്തുത ധർമ്മപുരാണം ഇപ്പോൾ അഭിസംബോധന ചെയ്യുന്നത് എന്ന ചോദ്യവും ശക്തിപ്രാപിക്കുന്നതു കാണാം.

അടിയന്തരാവസ്ഥക്കുശേഷം, ഒ.വി. വിജയൻ സംശയലേശമില്ലാതെ വീക്ഷിച്ച ഇന്ത്യൻ ഫാസിസത്തിന്റെ ആ ചെറിയ കാലയളവിന് ശേഷം, ഏകദേശം നാലര ദശകം പിന്നിടുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവിശ്വസനീയമായ തകർച്ചയും കോൺഗ്രസ് പാർട്ടിയുടെ ദയനീയ തോൽവിയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അഭൂതപൂർവ വളർച്ചയുമാണ് നമ്മളെ എതിരേൽക്കുന്നത്.

ഇന്ത്യ പുതിയ ഫാസിസത്തിലേക്കും മതാധിപത്യത്തിലേക്കും നീങ്ങുകയാണോ എന്ന ആശങ്ക എമ്പാടും സൃഷ്ടിക്കാൻ പുതിയ ഭരണകൂടത്തിനും അവരുടെ ചില പ്രവർത്തനങ്ങൾക്കും കഴിഞ്ഞിട്ടുണ്ടെന്നതും സുപ്രധാനമാണ്. (സമാനമായ മറ്റൊരു ചോദ്യം, മാവോയിസ്റ്റുകളുടെ 'ഏറ്റുമുട്ടൽ കൊല'യും വിചാരണയും തടവുമായി ബന്ധപ്പെട്ട് കേരളത്തിലും, കക്ഷിരാഷ്ട്രീയത്തിന്റെ പക്ഷപാത പ്രേരണകളില്ലാത്ത പൊതുമനസ്സാക്ഷിയിൽ നിന്ന് ഉയരുന്നതു കേൾക്കാം.)

ഭരണകൂടത്തിന്റെ സ്വഭാവം ജനാധിപത്യമോ ഏകാധിപത്യമോ മതാധിപത്യമോ ആകുമ്പോഴും അതെങ്ങനെ മനുഷ്യവിരുദ്ധമായിത്തീരുന്നു എന്ന പ്രധാന ചോദ്യത്തെ ഈ കൃതി നിരന്തരം പ്രക്ഷേപിക്കുകയല്ലേ വാസ്തവത്തിൽ?!

ധർമ്മപുരാണത്തിൽ, പ്രജാപതിയുടെ മരുമകൻ മയിൽപ്പീലിക്കച്ചവടം നടത്തി ഏതാനും കോടി വരാഹൻ സമ്പാദിക്കുമ്പോൾ, അതു സംബന്ധിച്ച ചില്ലറ വിമർശനങ്ങൾ പൊന്തി വന്നപ്പോൾ, അധ്യാത്മകക്ഷി അംഗങ്ങൾ ഒന്നും പറഞ്ഞില്ലെന്നും എന്നാൽ സമഷ്ടിവാദികൾ കാലിൻ ചോട്ടിൽ നിന്ന് ചാടിയെണീറ്റു ഭരണകൂടത്തെ പിന്താങ്ങിയെന്നും വിജയൻ എഴുതുന്നുണ്ട്. സമഷ്ടിവാദികൾ തങ്ങൾക്കർഹമായ സീറ്റുപോലും സ്വീകരിക്കാതെ നിയമസഭയിൽ പ്രജാപതിക്കു കീഴെ ഭരണകക്ഷിയംഗങ്ങളുടെ കാലിൻചോട്ടിലിരുന്ന് ഭരണകക്ഷിയുടെ സാമ്രാജ്യവിരോധത്തിനു കാവൽ നിൽക്കുകയായിരുന്നു എന്നതാണ് ധർമപുരാണത്തിലെ ചിത്രം.

അവിടെത്തന്നെ, ജനാധിപത്യം അർത്ഥവത്താകണമെങ്കിൽ കൂട്ടുകച്ചവടം ഉണ്ടായേ പറ്റൂ എന്ന നിലപാടാണ് പൊതുവായി ഉയർന്നു വരുന്നത്! ഇതുപോലെ ആക്ഷേപഹാസ്യം കൊണ്ടു തുളച്ചു കയറുന്ന സന്ദർഭങ്ങൾ ധർമ്മപുരാണത്തിൽ നിരവധിയാണ്. അതേസമയം തന്നെ, 'സമഷ്ടിവാദികളുടെ ക്ഷോഭം പൂർവാധികം വർധിച്ചു. മറ്റു പ്രതിപക്ഷാംഗങ്ങളുമായി അധ്യാത്മകക്ഷി കൂട്ടുകച്ചവടമെങ്ങാനും തുടങ്ങിയാൽ തങ്ങൾക്കെന്തു സംഭവിക്കും? ഇല്ല, അങ്ങനെ വരില്ല; കർക്കടക വിപ്ലവം തുണയ്ക്കും. ഇളങ്കോവടികൾ തുണയ്ക്കും. വെപ്രാളത്തിൽ മയിൽപ്പീലിക്കച്ചവടത്തിന്റെ കഥ തന്നെ അപ്പടി നുണയാണെന്ന് സമഷ്ടിവാദികൾ പ്രഖ്യാപിച്ചു.

മയിലെന്ന പക്ഷി ധർമ്മപുരിയിലില്ലെന്ന് അവർ പറഞ്ഞു. മയിലുണ്ടെങ്കിൽ അതിന് പീലിയില്ലെന്ന് ഏംഗൽസിനെ ഉദ്ധരിച്ചുകൊണ്ട് ശഠിച്ചു' എന്ന് നോവലിസ്റ്റ് രൂക്ഷഹാസ്യത്തിൽ എഴുതിയത് പിന്നെ സത്യമാകുന്നതാണ്, 'അധ്യാത്മകക്ഷി' തുടർച്ചയായി ഭരണത്തിലെത്തുന്നതാണ്, നോവൽ വന്ന് മൂന്നര പതിറ്റാണ്ടു കഴിയുമ്പോഴുളള രാഷ്ട്രീയ വസ്തുതയാകുന്നത്.

ഇന്നത്തെ പ്രജാപതി

ഒ.വി വിജയൻ
ഒ.വി വിജയൻ

ഇന്ത്യയിലെ അടിയന്തരാവസ്ഥ ഫാസിസത്തിന്റെ കഠിന പ്രകടനമായിരുന്നോ എന്നത്, ഇപ്പോഴും പ്രധാന ചോദ്യമായി നിലകൊള്ളുന്നുണ്ട്. എന്നാൽ 'ഇന്ത്യ എന്നാൽ ഇന്ദിര' എന്ന ലളിത സമവാക്യത്തിലേക്ക് രാഷ്ട്രത്തെ എത്തിക്കുക എന്ന സുപ്രധാന ലക്ഷ്യം അതിലുണ്ടായിരുന്നു എന്നതിൽ സന്ദേഹമില്ല. '1975 ലെ അടിയന്തരാവസ്ഥ ഇന്ത്യയുടെ ദീർഘമായ രാഷ്ട്രീയ ചരിത്രത്തിലെ ചെറിയ ഖണ്ഡിക മാത്രമാണ്. അന്നത്തെ അതിക്രമങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും ഓർമിച്ചുകൊണ്ടു തന്നെ പറയട്ടെ, ധർമ്മപുരാണത്തിലേതുപോലുളള അത്രയും രൂക്ഷമായ വിമർശനത്തിനു പാത്രമാകാൻ മാത്രം ഗൗരവമുളള ഒന്നായിരുന്നല്ല അത്; മറ്റു രാജ്യങ്ങളുടെ ചരിത്രമെടുത്തു താരതമ്യം ചെയ്യുകയാണെങ്കിൽ വിശേഷിച്ചും.

എന്നാൽ ഭയാനകവും ശാശ്വതവുമായ ഏകാധിപത്യത്തിന്റെ തുടക്കമാണതെന്നും അത് അനന്തമായി നീണ്ടുപോകുമെന്നും പലരും പേടിച്ചു' എന്ന നിരൂപകമതത്തിൽ യാഥാർത്ഥ്യമുണ്ട്. അതുമൂലമുളള കാവ്യാത്മകമായ അതിശയോക്തി അമിതപ്രതികരണമായിപ്പോയി എന്ന എഴുത്തുകാരന്റെ തിരിച്ചറിവുകൊണ്ടു കൂടിയാണ് വിജയൻ കഥയിൽ നിന്ന് കാലികമായ അടയാളങ്ങൾ എടുത്തുകളയാൻ തുനിഞ്ഞതും. സത്യത്തിൽ, അന്നത്തെ സോവിയറ്റ് യൂണിയൻ സൃഷ്ടിക്കുന്ന മാനസികസംഘർഷത്തിന്റെ ഭാഗമായി രൂപപ്പെട്ട ധർമ്മപുരാണത്തിലേക്ക്, പെട്ടെന്ന് സംഭവിച്ച അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ കാലികമായ അടയാളങ്ങൾ, പ്രത്യേകമായും കൂടുതലായും നിക്ഷേപിക്കുകയായിരുന്നു വിജയൻ ചെയ്തിരുന്നത്.

അടിയന്തരാവസ്ഥയുടെ അസുഖകരമായ നിരവധി അനുഭവങ്ങൾ തന്റെ കാഴ്ചപ്പാടിനെ വികലമാക്കിക്കഴിഞ്ഞിരുന്നു എന്നും കഥയുടെ പുറംതോടിനെ അവിടെയും ഇവിടെയും ചികഞ്ഞ് തുറന്ന് ഈ വൈകല്യങ്ങളെയൊക്കെ അതിനകത്തു കുത്തിനിറച്ചു എന്നും അദ്ദേഹം എഴുതിയിട്ടുള്ളത് പ്രത്യേകം പരാമർശിക്കട്ടെ. ഇടതു രാഷ്ട്രീയത്തിനേക്കാൾ വലതു രാഷ്ട്രീയത്തിന്റെ വിമർശനമായി ധർമ്മപുരാണം മാറുന്നത് അങ്ങനെ കൂടിയാകണം.

എന്നാൽ അതിലെ ക്ഷണിക വൈകാരികതയേയും ക്ഷോഭത്തേയുമാണ് വിജയൻ പിന്നീട് മാറ്റാൻ തുനിഞ്ഞത്. അടിയന്തരാവസ്ഥ എന്നത് 'പ്രതിസന്ധി' എന്ന അധ്യായമാകുന്നത് ഉദാഹരണമാണ്. 'ഈ പുസ്തകത്തിന്റെ മൂല്യം മനസ്സിലാക്കുന്നവർ ഇത് വലതുപക്ഷ വിജ്ഞാപനമല്ലെന്നുളള സത്യവും മനസ്സിലാക്കും' എന്നുകൂടി വിജയൻ പറയുന്നുണ്ടെങ്കിലും, ഇന്ത്യൻ രാഷ്ട്രീയം തീവ്ര വലതുപക്ഷത്തേക്കു നീങ്ങാനുളള സാധ്യത, തൊട്ടുമുകളിൽ ഉദ്ധരിച്ച സമഷ്ടിവാദികളുടെ (കമ്യൂണിസ്റ്റുകളുടെ) ആശങ്കയിലൂടെ അഥവാ ഭയത്തിലൂടെ വിജയൻ പറഞ്ഞുവെക്കുകയായിരുന്നു.

'ആനുകാലിക രാഷ്ട്രീയത്തിന്റെ അസത്യജടിലത സാമാന്യ മര്യാദയുളള ഏതൊരു മനുഷ്യനെയും നിരാശപ്പെടുത്താൻ പോന്നതാണ്' എന്ന് 'സന്ദേഹിയുടെ സംവാദ'ത്തിൽ എഴുത്തുകാരൻ പറഞ്ഞത് ശ്രദ്ധേയമാണ്. (കപട) ജനാധിപത്യം വഴിയെ സ്വേച്ഛാധിപത്യമായി പരിണമിക്കുന്ന കഥ എന്ന നിലയിൽ ധർമ്മപുരാണം സാർവകാലിക പ്രസക്തിയുളള രചനയായിത്തീരുകയാണ്. പുതിയ ഇന്ത്യൻ അവസ്ഥയിൽ അതിന് കൂടുതൽ പ്രസക്തിയും കൈവരുന്നുണ്ട്. എപ്പോഴും എവിടെയും ഏതു ഭരണാധികാരിയും ഏകാധിപതിയും പ്രജാപതിയും ആയി മാറാമെന്ന് നോവൽ വിളിച്ചു പറയുന്നത് സന്ദേഹങ്ങളില്ലാതെയാണ്.

ഇന്ത്യയിലെയും ലോകമൊട്ടാകെയുമുളള മനുഷ്യ ജീവികളുടെ ഇന്നത്തെ അവസ്ഥയുടെ, അവരുടെ ചരിത്രത്തിന്റെയും വരാനിരിക്കുന്ന കാലങ്ങളുടെയും മഹാപുരാണം എന്ന് ആമുഖത്തിൽ സക്കറിയ ധർമ്മപുരാണത്തെ വിശേഷിപ്പിച്ചതിന്റെ പൊരുൾ കൂടുതൽ സ്പഷ്ടമാകുന്ന ഘട്ടങ്ങൾ കണ്ടെത്തുക പ്രയാസമാകില്ല. പൗരത്വ ഭേദഗതി നിയമവും അതു സൃഷ്ടിച്ച ആശങ്കകളും രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെടുമ്പോൾ, ഇന്ത്യ മതരാഷ്ട്ര സങ്കല്പത്തിലേക്കു നീങ്ങുകയാണോ എന്ന സന്ദേഹമാണ് പ്രമുഖമായി രൂപപ്പെട്ടിട്ടുളളത്. ഏതുതരം മതരാഷ്ട്ര സങ്കല്പവും ജനാധിപത്യ വിരുദ്ധവും പലപ്പോഴും ഹിംസാത്മകവുമാണെന്ന് ആഗോള പശ്ചാത്തലം ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെ പറയാറുളള എം.എൻ കാരശ്ശേരി, പൗരത്വ ഭേദഗതി നിയമം ഹിന്ദു രാഷ്ട്രപ്രഖ്യാപനത്തിന്റെ ചൂളം വിളിയാണെന്നുതന്നെ കരുതുന്നു. (പച്ചക്കുതിര, ജനുവരി 2020). ഈ ചുവടുവെപ്പുകൾ ഫാസിസത്തന്റെ തലത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയും വ്യാപകമാണ്.
"ഇന്ത്യയിൽ നിലവിലുള്ള അവസ്ഥയിൽ, രാഷ്ട്രീയമായാലും സാമ്പത്തികമായാലും വർഗാടിസ്ഥാനത്തിലായാലും ഫാസിസം സ്ഥാപിക്കപ്പെടാനുള്ള സാഹചര്യമില്ല. ഇന്ത്യയിലെ ഭരണവർഗത്തിന് അവരുടെ വർഗഭരണത്തിന് ഒരു ഭീഷണിയും നിലവിലില്ല. ഭരണവർഗത്തിലെ ഒരു വിഭാഗത്തിനും പാർലമെന്ററി ജനാധിപത്യസംവിധാനത്തെയും ഭരണഘടനാക്രമത്തെയും അട്ടിമറിക്കാനുള്ള താൽപര്യവുമില്ല. സ്വന്തം വർഗതാൽപര്യ സംരക്ഷണത്തിനായി നിലവിലുള്ള സംവിധാനത്തെ അൽപം സ്വേച്ഛാധിപത്യചായ്വിലേക്ക് നയിക്കാൻമാത്രമാണ് ശ്രമം.

ആർ.എസ്.എസ് ബി.ജെ.പി കൂട്ടുകെട്ടിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ യുദ്ധോത്സുകമായ രാജ്യസ്‌നേഹവുമായി കൂട്ടിയിണക്കി ന്യൂനപക്ഷങ്ങളെ കുരുക്കാനും വർഗീയധ്രുവീകരണത്തിനും ഉപയോഗിക്കുകയാണ്. മതന്യൂനപക്ഷത്തെ അടിച്ചമർത്തി ഭൂരിപക്ഷസമുദായത്തെ സംഘടിപ്പിക്കുക എന്നത് ഫാസിസ്റ്റ് രീതിയാണ്. 'ദേശഭക്തി'യായാണ് ഇത് ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ, ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തിൽ ഫാസിസ്റ്റ് ക്രമം സ്ഥാപിക്കുന്നതിന് അനുകൂലമായി ജനപിന്തുണ നേടുന്നതിന് ഇത് അപര്യാപ്തമാണ്. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികളും ബൂർഷ്വാസികളിലെതന്നെ ഒരു വിഭാഗവും ഇത്തരം ഫാസിസ്റ്റ് പ്രവണതകൾ സുസ്ഥിരമായ മുതലാളിത്തവ്യവസ്ഥയ്ക്കും വികസനത്തിനും എതിരാണെന്ന് കരുതുന്നവരാണ്.

ഫാസിസത്തിനുപകരം അന്തിമമായി മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കുന്ന, നവ ഉദാരവൽക്കരണത്തിലും ഹിന്ദുത്വ വർഗീയതയിലും ഊന്നിനിന്നുകൊണ്ട് സ്വേച്ഛാധിപത്യഭരണത്തിന് വഴിയൊരുക്കുന്ന വലതുപക്ഷ ആക്രമണത്തിന്റെ അപകടത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ' എന്ന് സി.പി.ഐ(എം) മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയത് (ജൂലൈ 7, 2016, ദേശാഭിമാനി) വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.

ഇപ്പോൾ കാര്യങ്ങൾ ഒന്നുകൂടി മുന്നോട്ടു പോയിട്ടുണ്ട് എന്ന വസ്തുത നിലനിൽക്കുമ്പോഴും, കാരാട്ടിന്റെ നിരീക്ഷണം എളുപ്പം തള്ളാനാകുന്നതല്ലെന്നു കാണാം. മാത്രമല്ല, 'വർഗീയ പ്രത്യയശാസ്ത്രവും നവ ഉദാരവൽക്കരണവും അടിസ്ഥാനമാക്കിയ ഇന്ത്യൻ മാതൃകയിലുള്ള സ്വേച്ഛാധിപത്യം തന്നെയാണ് തുർക്കിയിലും നിലവിലുള്ളത്. ഇരുരാഷ്ട്രങ്ങളിലെയും ഭരണകക്ഷികൾ മതവർഗീയ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയതയാണ് ജനങ്ങളുടെ പിന്തുണ നേടാൻ ഉപയോഗിക്കുന്നത്.

തുർക്കിയിലെ ജസ്റ്റിസ് ഡെവലപ്‌മെന്റ് പാർട്ടി (AKP - Adalet
Ve Kalkinma Partisi) ഇസ്ലാമിസ്റ്റ് പാർട്ടിയാണെങ്കിൽ ബി.ജെ.പി ഹിന്ദുത്വ പാർട്ടിയാണ്. തുർക്കിയെ മതനിരപേക്ഷതയിൽനിന്ന് മുക്തമാക്കി കുർദിഷ് ന്യൂനപക്ഷത്തെയും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ബുദ്ധിജീവികളെയുമാണ് എ.കെ.പി ലക്ഷ്യമിടുന്നതെങ്കിൽ ഇവിടെ അടിച്ചമർത്തുന്നത് ന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ബുദ്ധിജീവികളുടെ പ്രതിഷേധസ്വരങ്ങളെയുമാണ്' എന്ന അദ്ദേഹത്തിന്റെ വിമർശം അപഗ്രഥിക്കപ്പെടേണ്ടതാണ്.

ധർമ്മപുരാണം എന്ന രചന അടിസ്ഥാനപരമായി, അധികാരത്തിന്റെ പ്രച്ഛന്ന രൂപങ്ങളായി അവതരിക്കുന്ന ഭരണ സംവിധാനങ്ങളെയാണ് സംബോധന ചെയ്യുന്നത് എന്നോർക്കുമ്പോൾ ഈ വിശകലനത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് കാണാം.

പരമാധികാരത്തിന് (അതി)ദേശീയതയും ഹിന്ദുത്വ അജണ്ടയും സംഘപരിവാർ ഉപകരണമാക്കുന്നത് ഒട്ടും രഹസ്യമായിട്ടല്ലെന്നു മാത്രമല്ല, തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ കൃത്യമായ സൂചനകൾ നൽകിയിട്ടു കൂടിയാണ്. നമ്മുടെ ചരിത്രത്തിൽ, മുസ്ലിം ലീഗ് പാക്കിസ്ഥാൻ പ്രമേയം പാസാക്കുന്നതിനും മൂന്നു വർഷം മുമ്പുതന്നെ ആർ.എസ്.എസ് നേതാവ് വിനായക് ദാമോദർ സവർക്കർ ഹിന്ദുരാഷ്ട്ര സങ്കല്പം മുന്നോട്ടു വെച്ചിരുന്നു എന്ന കാര്യവും വി.ഡി സവർക്കർക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകാനുളള ശ്രമമുണ്ടെന്നുളള കാര്യം ശശി തരൂർ ചൂണ്ടിക്കാണിച്ചതും ഏറെ പ്രസക്തമാണ് (The Times Of India, ജനുവരി 25).

കാരണം, മതാധിഷ്ഠിതമായ ഒരു രാഷ്ട്രസങ്കല്പം പുലർത്തിയിരുന്ന സവർക്കർ അതുകൊണ്ടുതന്നെ നിലവിലുളള ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരുന്നില്ലെന്ന വസ്തുത ബാക്കിയാണ്. ആദ്യമായി ഹിന്ദുത്വ എന്ന സങ്കല്പം മുന്നോട്ടു വെച്ച വ്യക്തികൂടിയാണ് സവർക്കർ എന്നത് പ്രത്യേകം ഓർക്കേണ്ടതുമുണ്ട്. സവർക്കറുടെ ചിന്ത എന്നാൽ ഏറെക്കുറെ സംഘ്പരിവാർ ചിന്ത എന്നു തന്നെയാണ് അർഥം. ചുരുക്കത്തിൽ പൗരത്വ ഭേദഗതി നിയമം എന്നത് ആകസ്മികമായോ പെട്ടെന്നോ സംഭവിച്ചതല്ലെന്നു തന്നെയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
ബാബ്‌റി മസ്ജിദ് വിധി സൂചിപ്പിച്ചുകൊണ്ട് എം.എൻ കാരശ്ശേരി ഗൗരവമുളള ഒരു നിരീക്ഷണം നടത്തുന്നുണ്ട് 'ഒരു മതേതര രാഷ്ട്രം എന്തിനാണ് പൊതുമുതലെടുത്ത് ഒരു മതവിഭാഗത്തിന്റെ ദേവാലയം പണിയുന്നത്? അതിന്റെ സൂചന വ്യക്തമാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്. അവരുടെ ദേവാലയം പൊതുമുതൽ ഉപയോഗിച്ചു പണിയുവാൻ സർക്കാരിനു ചുമതലയുണ്ട്! ഈ മതരാഷ്ട്രവാദ മുന്നേറ്റത്തിലെ അവസാന പ്രകടനമാണ് പൗരത്വഭേദഗതി നിയമം' എന്ന് അദ്ദേഹം കൃത്യമായി എഴുതുന്നു.

ഒപ്പം ഇവിടുത്തെ മുസ്ലിം സമുദായത്തിലെ എണ്ണത്തിൽ കുറവുളള മതരാഷ്ട്രവാദികളും മതമൗലികവാദികളും ദയവായി മനസ്സിലാക്കണം ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കി തീർക്കാനുളള ചെയ്തികളെ പ്രതിരോധിക്കാൻ കൈമെയ് മറന്ന് ഇപ്പോൾ പോരാടുന്നവരിൽ മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ, പാർസി, ജൈന, സിക്ക് കുടുംബങ്ങളിൽ പിറന്നു വളർന്ന മതേതര ചിന്താഗതിക്കാരായ മനുഷ്യരുണ്ട്. എല്ലാവരും നിങ്ങളെപ്പോലെ മതമൗലികവാദികളും മതരാഷ്ട്രവാദികളും ആണെന്ന വിചാരം ഇനിയെങ്കിലും കൈയൊഴിക്കണം. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതര ജനാധിപത്യത്തിന്റെ വേരുകളുടെ ആഴം ഇപ്പോഴെങ്കിലും നിങ്ങൾ തിരിച്ചറിയണം എന്ന ദൃഢമായ താക്കീത് മറ്റു മതമൗലികവാദികൾക്കു നൽകാനും അദ്ദേഹം മറക്കുന്നില്ല.

M. N. Karassery
M. N. Karassery

ധർമ്മപുരാണം പോലൊരു നോവൽ പറയാൻ യത്‌നിച്ചത്, എല്ലാ തുറസ്സുകളും അടഞ്ഞുപോകുന്ന ജനാധിപത്യത്തെക്കുറിച്ചായിരുന്നു. നീതിന്യായം, ഭരണകൂടം, ഉദ്യോഗസ്ഥവൃന്ദം, മാധ്യമരംഗം എന്നിവ എത്രത്തോളം താഴ്ന്നുപോകുന്നു എന്ന വിശകലനം കൂടിയാണ് ധർമ്മപുരാണം എന്ന കൃതി. 'താഴ്വരയിലെ അപസ്വരം' എന്ന അധ്യായത്തിൽ ജരൽക്കാരു എന്ന പത്തു വയസ്സുകാരൻ ബാലന്റെ കഥയിലൂടെ നീതിപീഠത്തിന്റെ നൃശംസത എത്ര സൂക്ഷ്മമായാണ് അവതരിപ്പിക്കപ്പെടുന്നത്?! പുതിയ പശ്ചാത്തലത്തിൽ, നോവലിന്റെ പുനർവായന രാഷ്ട്രീയമായ നവജാഗ്രത അനുവാചകനു നൽകുമെന്നതിൽ സന്ദേഹമില്ല.

'സംസ്‌കാരം എന്ന പ്രതിഭാസം എന്താണ്? പല സഹസ്രാബ്ദങ്ങളായി ചലിക്കുന്ന എഞ്ചിനാണത്. അതിനെ ചലിപ്പിക്കുന്ന ശക്തി, ഇന്ധനം എന്താണ്? ആരാണ്? നമ്മളൊക്കെ ആണോ എനിക്ക് തോന്നുന്നില്ല. അതിനു പിന്നിൽ പ്രവർത്തിക്കുന്ന ശക്തി ഊർജ്ജം അഥവാ ഇന്ധനം നീതിക്കുവേണ്ടിയുള്ള ദാഹമാണ്. മാന്യമായ ജീവിതം, സ്വാതന്ത്ര്യം, തുല്യത ഇങ്ങനെയുള്ള പല സംഗതികൾ നിഷേധിക്കപ്പെട്ട ആളുകളുടെ ദാഹമാണ് സംസ്‌കാരം എന്ന പ്രതിഭാസത്തിന് ജന്മം കൊടുത്തതും അതിനെ മുന്നോട്ട് കൊണ്ടു പോകുന്നതും.

നമ്മളൊക്കെ ആരാണ്? വല്ലതും എഴുതുക, കുറച്ചു വായിക്കുക, ചില വിജയങ്ങൾ ഘോഷിക്കുക, ചില നേട്ടങ്ങളെപ്പറ്റി സ്വയം പ്രശംസിക്കുക ഇതൊക്കെ ചെയ്യുന്ന ഈ നമ്മൾ വളരെ ചെറിയ ആളുകളാണ്. വാസ്തവത്തിൽ മേലെത്തട്ടിൽ ഇരുന്ന് താഴെ നടക്കുന്ന ആ വലിയ പ്രയോജനങ്ങൾ ആഘോഷിക്കുന്നവർ.... സംസ്‌കാരം ഗവൺമെന്റിന്റെ ഡിപ്പാർട്ടുമെന്റ് ആണോ അതോ ഗവൺമെന്റ് സംസ്‌കാരത്തിന്റെ ഡിപ്പാർട്ട്‌മെന്റ് ആണോ?' എന്ന് ആനന്ദ് പറയുന്നുണ്ട് അഥവാ ചോദിക്കുന്നുണ്ട് (പച്ചക്കുതിര ജനുവരി 2020). ഈ ചിന്തയും ചോദ്യവും മറ്റൊരു രീതിയിൽ വിജയനിൽ പ്രവർത്തിച്ചിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന കൃതി കൂടിയാണ് ധർമ്മപുരാണം. കാരണം കരുണ എന്ന സങ്കല്പമാണ് വിജയന്റെ എല്ലാ ആവിഷ്‌കാരങ്ങളുടേയും കാതൽ.

ധർമ്മപുരാണം എന്ന പേരിൽത്തന്നെ ബുദ്ധഹിന്ദു ചിന്താധാരകളുടെ (ധർമ്മപുരാണം) സമന്വയമുണ്ട്. നേരത്തേ തന്നെ ധർമ്മപുരാണത്തിലെ കാരുണ്യപ്രതീകമായ സിദ്ധാർഥന്റെയും ആനന്ദിന്റെ 'മരുഭൂമികൾ ഉണ്ടാകുന്നത്' എന്ന നോവലിലെ കുന്ദന്റെയും സാധർമ്യം ചൂണ്ടിക്കാണിക്കുന്ന വായനകൾ ഉണ്ടായിട്ടുളളത് ഓർക്കാം. കരുണയ്ക്കും നീതിയ്ക്കും വേണ്ടിയുളള വലിയ വിലാപം കൂടിയായാണ് ധർമപുരാണം എന്നതിനാൽ, അവസാനമില്ലാത്ത ഭരണാഭാസങ്ങളും അധികാര ആർത്തികളും അരങ്ങേറുന്ന ഏതു ധർമപുരിയും, സ്വാഭാവികമായും ഈ നോവലിന് പുതിയവായനകളും പുനർനവായനകളും സൃഷ്ടിച്ചുകൊണ്ടിരിക്കും.


Summary: സോവിയറ്റ് യൂണിയന്റെ തകർച്ചയും അടിയന്തരാവസ്ഥയും മുതൽ വർത്തമാനകാല മാവോയിസ്റ്റ് വേട്ടയും പൗരത്വഭേദഗതി നിയമവും വരെയുളള ഏതു രാഷ്ട്രീയ/അധികാര/ഭരണകൂട ചലനങ്ങളെയും, ധർമപുരാണം എന്ന കൃതി ഒറ്റയ്ക്കുനിന്ന് നിർദ്ദാക്ഷിണ്യം വിചാരണ ചെയ്യുകയാണ്.


രഘുനാഥൻ പറളി

നിരൂപകൻ, വിവർത്തകൻ, അധ്യാപകൻ. ദർശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, മൗനം എന്ന രാഷ്ട്രീയ രചന, സി.പി. രാമചന്ദ്രൻ: സംഭാഷണം സ്മരണ ലേഖനം (എഡിറ്റർ) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments