അബ്ദുൾ റസാഖ് ഗുർണ./Photo : Nobel prize, Facebook Page

‘ആഫ്റ്റർ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം

‘ആഫ്റ്റർ ലൈവ്‌സ്' എന്ന നോവലിലൂടെ തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ അബ്​ദുൽ റസാഖ്​ ഗുർണ വരയ്ക്കുന്നുള്ളൂ. എന്നാൽ ആ വരയ്ക്ക് ഗഹനതയുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോൾ വായനക്കാർ അനുഭവിക്കുന്നത് ആ ഗഹനതയാവും.

2021ലെ സാഹിത്യ നോബൽ സമ്മാന ജേതാവായി പ്രഖ്യാപിച്ചതിനുശേഷം അബ്ദുൾ റസാഖ് ഗുർണയും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലോകമറിയും. ‘പാരഡൈസ്’ ബുക്കർ പ്രൈസിനും വൈറ്റ് ബ്രഡ് അവാർഡിനും ഷോർട്ട് ലിസ്​റ്റ്​ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അഡ്‌മെയറിങ് സൈലൻസ്, ബൈ ദ സീ ബുക്കർ സമ്മാനത്തിന് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അത്ര അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നില്ല ഗുർണ. ‘ആഫ്റ്റർ ലൈവ്‌സ്' എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ എഴുത്തിലേക്ക് കടന്നുചെല്ലാനും ആ വായനാനുഭവം പങ്കുവെയ്ക്കാനുമാണ് ശ്രമിക്കുന്നത്.

സമൂഹത്തിലേക്കോ, ചരിത്രത്തിലേക്കോ നീട്ടിയ ഒരു കണ്ണാടിയല്ല ഈ പുസ്തകം. തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ എഴുത്തുകാരൻ വരയ്ക്കുന്നുള്ളൂ. എന്നാൽ ആ വരയ്ക്ക് ഗഹനതയുണ്ട്.

‘ആഫ്റ്റർ ലൈവ്‌സ്' പൂർണമായും ആഫ്രിക്കൻ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത്. ഖാലിഫ്, ഇല്യാസ്, ഹംസ എന്നീ മൂന്നു കഥാപാത്രങ്ങളും, അവർക്കു ചുറ്റുമുള്ള മറ്റു ചിലരുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തിലെ ഒരു ആഫ്രിക്കൻ ടൗണിലാണ് കഥയുടെ അധികഭാഗവും നടക്കുന്നത്. ആ പട്ടണമേതാണ് എന്ന്​ എഴുത്തുകാരൻ വ്യക്തമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം കഥയാണ് പ്രസക്തം, സ്ഥലമല്ല എന്നോ, അല്ലെങ്കിൽ ഈ കഥകൾ ഏതു പ്രദേശത്തിനും ചേരുമെന്നോ ആവാം എഴുത്തുകാരൻ ഉദ്ദേശിക്കുന്നത്.

ഖാലിഫിന്റെ അച്ഛൻ ഗുജറാത്തിലാണ് ജനിച്ചതും വിദ്യാഭ്യാസം ചെയ്തതും. മുബൈയിൽ ചെന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. പഠിപ്പുകഴിഞ്ഞ് ആഫ്രിക്കയിലെ ഒരു തോട്ടത്തിലെ കണക്കെഴുത്തുകാരനായി ജോലി കിട്ടിയപ്പോൾ അത് വേണ്ടെന്നുവെയ്ക്കാൻ അയാൾക്കു കഴിഞ്ഞില്ല. അയാൾക്ക്​ ആഫ്രിക്കൻ സ്ത്രീയിലുണ്ടായ ആൺകുട്ടിയാണ് ഖാലിഫ്. അച്ഛനെ പോലെ തന്നെ ഖാലിഫും കണക്കെഴുതാനും ഇംഗ്ലീഷും പഠിച്ചു. അതിനുശേഷം രണ്ടു ഗുജറാത്തി സഹോദരൻമാർ നടത്തുന്ന ബാങ്കിൽ ജോലിക്കു കയറി. അച്ഛനമ്മമാരിൽ നിന്ന്​ അകലെയുള്ള പട്ടണത്തിലായിരുന്നു ഖാലിഫിന്റെ ജോലി. അപ്പോൾ ജർമനിയായിരുന്നു അവിടം ഭരിച്ചിരുന്നത്. മൂന്നുവർഷങ്ങൾക്കുശേഷം, അമ്മ മരിച്ചു എന്നറിയുമ്പോഴാണ് ഖാലിഫ് നാട്ടിലേക്ക് പോകുന്നത്. അപ്പോഴാണ് അച്ഛനും അസുഖബാധിതനാണെന്ന് ഖാലിഫ് അറിയുന്നത്. ദിവസങ്ങൾക്കുള്ളിൽ അച്ഛനും മരിക്കുമ്പോൾ അവരുടെ എല്ലാ സാധനങ്ങളും പള്ളിക്ക് ദാനം ചെയ്ത് ഖാലിഫ് ജോലിയിലേക്ക് മടങ്ങുന്നു.

ഒറ്റ മകനാണെങ്കിലും അവർ തമ്മിൽ അത്ര വൈകാരിക ബന്ധമൊന്നുമില്ലെന്ന് നാമറിയുന്നു. ആ സമയത്ത് അമൂർ ബിയാഷാര എന്നൊരു കച്ചവടക്കാരനു വേണ്ടിയാണ് ഖാലിഫ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന് ഖാലിഫിനെ വിശ്വാസമായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്നെ മുൻകൈയെടുത്ത് ഖാലിഫിന്റെ വിവാഹം നടത്തുന്നു. വിവാഹശേഷമാണ് തന്റെ ഭാര്യ അമൂറിന്റെ മരുമകളാണ് എന്ന് ഖാലിഫറിയുന്നത്. ബി ആഷ- അതായിരുന്നു അവരുടെ പേര്, അമൂറിന്റെ സഹോദരിയുടെ ഏക മകൾ. അവരുടെ അച്ഛൻ അമൂറിൽ നിന്ന്​ ഒരുപാട് പണം കടം വാങ്ങിയിരുന്നു. കടം തിരിച്ചടയ്ക്കാൻ കഴിയാതെയായപ്പോൾ അമൂർ ആ വീട് അയാളുടെ പേരിൽ എഴുതി വാങ്ങി. അമ്മ മരിച്ചുപോയെങ്കിലും ആഷ അവിടെ തന്നെയാണ് താമസിച്ചിരുന്നത്. അതുകൊണ്ട് അവർക്കൊരു തുണയായാണ് ഖാലിഫിനെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. എങ്കിലും ആഷയ്ക്ക് അമൂറിനെ വെറുപ്പായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ അയാളെ പഴി പറഞ്ഞിരുന്നു. ആ സമയത്ത് അമൂറിന്റെ മകൻ പഠനമൊക്കെ കഴിഞ്ഞ് അച്ഛനോടൊപ്പം ചേർന്നു. അയാൾക്ക് മരക്കച്ചവടത്തിലായിരുന്നു താത്പര്യം. ബി ആഷയ്ക്ക് വെറുപ്പും അവജ്ഞയും അമൂറിനോട് മാത്രമായിരുന്നില്ല, ജീവിതത്തോട് മൊത്തമായിരുന്നു. പഴയ സാഹചര്യങ്ങൾ നൽകിയ കയപ്പേറിയ അനുഭവങ്ങൾ മറന്ന് പുതിയ സൗഭാഗ്യങ്ങളെ സ്വീകരിക്കാൻ അവർ തയ്യാറായില്ല. അതുകൊണ്ടുതന്നെ കുടുംബ ബന്ധങ്ങളെ ഉറപ്പിച്ചുനിർത്തേണ്ട ഇഴകൾ അവരുടെ ജീവിതത്തിൽ നിന്നും ഊർന്നുപോയിക്കൊണ്ടിരുന്നു. ഖാലിഫിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അടിസ്ഥാനഘടകമായ കുടുംബം ഒരു അഭയമല്ലാതാവുന്നു. അയാളും ആ വിധിയെ സ്വീകരിച്ച് തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുകയാണ് ഉണ്ടായത്.

എഴുത്തുകാരന്റെ കടമ കഥ പറയുകയെന്നതാണെന്നും അതിന്റെ വ്യാഖ്യാനങ്ങൾ വായനക്കാർക്ക്​ വിട്ടു കൊടുക്കണമെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് ഗുർണ എന്നു തോന്നുന്നു.

അതിനിടയിൽ അമൂറിന്റെ പെട്ടെന്നുള്ള മരണം കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അമൂർ തന്റെ കച്ചവടരഹസ്യങ്ങളൊന്നും ആരോടും പങ്കുവെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലരുമായുള്ള കൊടുക്കൽ വാങ്ങലുകൾ സൗമ്യമായി ഒതുക്കിത്തീർക്കാൻ അയാളുടെ മകന് അല്പം ബുദ്ധിമുട്ടേണ്ടിവന്നു. അത് കച്ചവടത്തെയും ബാധിച്ചു. എങ്കിലുമയാൾ (നാസൂർ എന്നാണയാളുടെ പേര്) ഖാലീഫിനെ ജോലിയിൽ നിന്ന്​ പിരിച്ചുവിടുകയോ അവരെ വീട്ടിൽ നിന്ന്​പുറത്താക്കുകയോ ചെയ്തില്ല. എന്നാൽ ഓഫീസിൽ നിന്ന്​ ഖാലിഫിന് ഗോഡൗണിലേക്ക് മാറേണ്ടിവന്നു. അവിടെ കാര്യമായ പണിയുമുണ്ടായിരുന്നില്ല. അത് ഖാലിഫിന്റെ ജീവിതത്തെ കൂടുതൽ വിരസമാക്കി.

ഈ സാഹചര്യത്തിലേക്കാണ് ഇല്യാസ് എന്ന വ്യക്തി കടന്നുവരുന്നത്. വളരെ ചെറുപ്പത്തിൽ വീട്ടിൽ നിന്ന്​ ഒളിച്ചോടിയ ഒരാളാണ് ഇല്യാസ്. അച്ഛനും അമ്മയും രോഗികളായിരുന്നു. വീട്ടിലെ ദുരിതത്തിൽ നിന്നുമാണ് അയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. അങ്ങനെ അഭയമാകാത്ത, ശിഥിലമാകപ്പെടുന്ന കുടുംബങ്ങളുടെ ഒരാവർത്തനം നമുക്കു പുസ്തകത്തിൽ കാണാം. വീട്ടിൽ നിന്ന്​ഓടിയൊളിക്കുന്നവരാണ് അധികവുമെന്നുതോന്നും. വീടുവിട്ടിറങ്ങിയ ഇല്യാസിനെ അസ്‌കാരികൾ എന്നറിയപ്പെടുന്ന ആഫ്രിക്കൻ സൈനികരിൽ ഒരാൾ പിടിച്ച് തന്റെ അടിമയെ പോലെയാക്കുന്നു. ഒടുവിൽ അയാളിൽ നിന്ന്​ രക്ഷപ്പെട്ട് ഇല്യാസ് എത്തിപ്പെടുന്നത് ഒരു ജർമൻ തോട്ടമുടമയുടെ അടുത്താണ്. അയാൾ അവനോട് കരുണ കാണിക്കുക മാത്രമല്ല, സ്‌കൂളിൽ വിട്ട് അടിസ്ഥാന വിദ്യാഭ്യാസവും കൊടുക്കുന്നു. അത് ഇല്യാസിൽ തീർത്താൽ തീരാത്ത കടപ്പാടായി മാറുന്നു. ആ വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് ടൗണിൽ ജോലി തേടി അയാളെത്തുന്നത്. പിന്നീട് അയാൾ ഖാലിഫിന്റെ അടുത്ത സുഹൃത്തായി മാറുന്നു.

സുഹൃത്തുക്കളുടെ സ്‌നേഹപൂർവമായ നിർബന്ധം കൊണ്ടയാൾ പഴയ വീട്ടന്വേഷിച്ച് പോകുന്നു. അപ്പോഴേക്കും അയാളുടെ അച്ഛനും അമ്മയും മരിച്ചിരുന്നു. അയാളുടെ അനുജത്തിയെ പരിചയമുള്ള ഒരു കുടുംബത്തിൽ ഏൽപ്പിച്ചാണ് അച്ഛൻ മരിച്ചത്. അഫിയ എന്നാണ് അവളുടെ പേര്. പറയത്തക്ക ബന്ധമൊന്നുമില്ലെങ്കിലും,അവരെ അവൾ അമ്മാമനെന്നും അമ്മായിയെന്നുമാണ് വിളിച്ചിരുന്നത്. അവർ അവളെ ക്രൂരമായൊന്നും പീഡിപ്പിച്ചില്ലെങ്കിലും ഒരു പണിക്കാരിയുടെ പരിഗണനയെ അവർക്ക് കൊടുത്തിരുന്നുള്ളൂ. അനാഥയായ ഒരു പെൺകുട്ടി അതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കുക? അന്വേഷിച്ച് ആ വീട് കണ്ടെത്തി ഇല്യാസ് അവളെ അവിടെ നിന്നും കൂട്ടികൊണ്ടുപോകുന്നു. പടണത്തിലെ വാടക വീട്ടിൽ അവരൊരുമിച്ചു താമസമാരംഭിക്കുന്നു. വാടകവീടിന്റെ മുകൾനിലയിലുള്ള സഹോദരിമാർ അവളുടെ നല്ല സുഹൃത്തുക്കളായി. ഇല്യാസ് അവളെ എഴുത്തും വായനയും പഠിക്കാൻ നിർബന്ധിച്ചു. അങ്ങനെ ജീവിതം വലിയ അലല്ലിലാതെ നീങ്ങുമ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
നല്ലവനായ ജർമൻ തോട്ടമുടമ്മ ചെയ്ത നന്മയ്ക്ക് പ്രത്യുപകാരമായി ജർമൻ സൈന്യത്തിൽ ചേരാൻ ഇല്യാസ് തീരുമാനിക്കുന്നു. അതുകൊണ്ട് അയാൾക്കും അഫിയക്കും ഉണ്ടാകാവുന്ന കെടുതികളെക്കുറിച്ച് മറ്റുള്ളവർ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിൻമാറാൻ അയാൾ തയ്യാറായിരുന്നില്ല. ജർമനിയോട് അയാൾ അത്രത്തോളം കടപ്പെട്ടിരുന്നു. ശുഷ്‌കമായ ദേശീയതയുടെയും വർഗീയതയുടെയും പേരിൽ രാഷ്ട്രീയപാർട്ടികളുടെ അന്ധഭക്തരായി മാറുന്ന അനുയായികൾ കളം നിറഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ ഇല്യാസിന്റെ തീരുമാനത്തിനുപിന്നിലെ യുക്തി മനസ്സിലാക്കാൻ വായനക്കാർക്കു പ്രയാസമുണ്ടാവില്ല. അഫിയയെ തിരിച്ചു പഴയ വീട്ടിലാക്കിയാണ് ഇല്യാസ് യുദ്ധമുഖത്തേക്ക് യാത്രയാവുന്നത്. അവിടെ ചെന്ന്​ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ എഴുത്തും വായനയും പഠിക്കുന്നതു കണ്ട അമ്മാമൻ അവളെ തല്ലി തീരെ അവശയാക്കി. അവളെങ്ങിനെയോ ആ വിവരം ഖലീഫായെ അറിയിച്ചു. അയാൾ ചെന്ന് അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. നന്മ മാത്രം ഉദ്ദേശിച്ച് ഖലീഫ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് അയാൾക്കൊരു പാട് കേൾക്കേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം, അഫിയയെ കൊണ്ടു വന്നത് രണ്ടാമത്തെ ഭാര്യയാക്കി വെയ്ക്കാനാണെന്ന് ഭാര്യ തന്നെ അയാളെ കുറ്റപ്പെടുത്തുന്നുണ്ട്. അതൊന്നും അയാളെ വല്ലാതെ അലട്ടുന്നില്ല.

വളരെ കുറച്ചു കഥാപാത്രങ്ങളെ ഇതിലുള്ളൂ. വ്യക്തികൾ ചേർന്ന് കുടുംബമാകുന്ന, കുടുംബങ്ങൾ കൂടി സമൂഹമാകുന്ന, സമൂഹങ്ങൾ രാഷ്ട്രത്തെ നിർമിക്കുന്ന ഒരു പരിണാമം ഇവിടെ കാണുന്നില്ല.

അവിടെ നിന്ന്​ നാം ചെന്നെത്തുന്നത് മറ്റൊരു കഥാപാത്രത്തിലേക്കാണ്. മറ്റ് വഴികളൊന്നുമില്ലാത്തതു കൊണ്ടാണ് ഹംസ ജർമൻ സൈന്യത്തോടൊപ്പം ചേരാമെന്നു തീരുമാനിക്കുന്നത്. ഹംസയ്ക്ക് അവരോട് യാതൊരു കടപ്പാടുമില്ല. അയാളുടെ പിൻകാല ജീവിതത്തെക്കുറിച്ച് ചില സൂചനകൾ മാത്രമേ കഥാകാരൻ അപ്പോൾ തരുന്നുള്ളൂ. എന്നാൽ അയാളുടെ ശാരീരിക സൗകുമാര്യത്തെ കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ ആദ്യം മുതൽ തന്നെയുണ്ട്. അയാളെ പരിശോധിക്കുന്ന ക്യാമ്പ് ഡോക്ടർ ഹംസയുടെ ജനനേന്ദ്രിയത്തിൽ അമർത്തി തന്റെ അസിസ്റ്റന്റിനോട് എന്തോ അശ്ലീല ചുവയുള്ള പരാമർശം നടത്തുന്നുണ്ട്. പലർക്കുമിടയിൽ സ്വവർഗരതിയൊരു അംഗീകരിക്കപ്പെട്ട കാര്യമാണ് എന്ന തരത്തിലുള്ള സംസാരങ്ങളും നാം കേൾക്കുന്നു. അതുകൊണ്ടുതന്നെ മുതിർന്ന ഒരു സൈനികോദ്യോഗസ്ഥൻ, ഹംസയെ തന്റെ വ്യക്തിപരമായ ജോലികൾക്കു വേണ്ടി നിയമിക്കുമ്പോൾ ക്യാമ്പിൽ അവരെക്കുറിച്ചുളള അപവാദങ്ങൾ നിറയുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു പെരുമാറ്റവും ആ ഉദ്യോഗസ്ഥനിൽ നിന്നുമുണ്ടാവുന്നില്ല. മാത്രമല്ല, മരിച്ചു പോയ തന്റെ അനുജന്റെ ഓർമകളാണ് ഹംസ അയാളിലുണ്ടാക്കുന്നത്. അതിനുപുറമേ ,യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും സമയമുണ്ടാക്കി അദ്ദേഹം ഹംസയെ ജർമൻ ഭാഷ പഠിപ്പിക്കുന്നുണ്ട്. ഹംസയോടുള്ള ആ ഉദ്യോഗസ്ഥന്റെ കരുതൽ മറ്റുള്ളവരുടെ അപ്രിയത്തിന് കാരണമാവുന്നു. ഒടുവിൽ മറ്റൊരു ഉദ്യോഗസ്ഥൻ ഹംസയെ ആയുധം കൊണ്ട് അരയിൽ വെട്ടി മാരകമായി പരിക്കേൽപ്പിക്കുന്നതും ഈ വിരോധം കാരണമാണ്. അപ്പോഴേക്കും യുദ്ധം അവസാനിക്കാറായിരുന്നു. ജർമനിയുടെ തോൽവി സുനിശ്ചിതമായിരുന്നു. അപ്പോഴും മുറിവേറ്റു കിടക്കുന്ന ഹംസയെ ഒരു ജർമൻ പാസ്റ്ററുടെ അടുത്ത് ഏൽപ്പിച്ചാണ് ആ ഉദ്യോഗസ്ഥൻ തിരിച്ചു പോകുന്നത്. ഗുരുതരമായി മുറിവേറ്റ ഹംസയെ ആ പാസ്റ്ററും കുടുംബവുമാണ് മാസങ്ങളോളം ശുശ്രൂഷിക്കുന്നത്. ആ കരുതലിന്റെ ഫലമായി ഹംസ വീണ്ടും ജീവിതത്തിലേക്ക്, അല്പം മുടന്തിയാണെങ്കിലും, തിരിച്ചു വരുന്നു.

അസ്‌കാരികൾ എന്നറിയപ്പെടുന്ന ആഫ്രിക്കൻ സൈനികർ./ Photo : Wikimedia Commons

നരഹത്യയുടെയും, ഫാസിസത്തിന്റെയും, വംശീയതയുടെയും പ്രതീകമായിരുന്നു ഒരിക്കൽ ജർമനി. എന്നാൽ സ്‌നേഹമയിയായ തോട്ടമുടമസ്ഥനിലൂടെ, ഹംസയെ സഹോദരതുല്യം സ്‌നേഹിക്കുന്ന പട്ടാള ഉദ്യോഗസ്ഥനിലൂടെ, ഒരപരിചിതനെ മാസങ്ങളോളം പരിചരിക്കുന്ന പാസ്റ്ററിലൂടെ, രാജ്യവും ഭരണകൂടങ്ങളും എത്ര ക്രൂരമായാലും, നന്മയുടെ ഉറവിടം വറ്റാത്ത മനുഷ്യഹൃദയങ്ങൾ എന്നും എവിടേയും ഉണ്ടാവുമെന്ന് കാട്ടി തരികയാണ് കഥാകൃത്ത് ചെയ്യുന്നത്.

ജർമനി യുദ്ധത്തിൽ പരാജയപ്പെട്ടതു കൊണ്ട് ഹംസയ്ക്ക് അവിടെ തുടരാൻ കഴിയില്ലായിരുന്നു. അലഞ്ഞു തിരിഞ്ഞ് അയാളെത്തുന്നത് നാസൂറിന്റെയടുത്താണ്. നാസൂർ യുദ്ധത്തിന്റെ കെടുതിയിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണ്. എങ്കിലും അയാൾ പൂർണമായും നശിച്ചിട്ടില്ല. നാസൂർ ഹംസയ്ക്ക് ജോലി കൊടുക്കുന്നു. അങ്ങിനെ ഹംസയും ഖാലിഫും കണ്ടുമുട്ടുന്നു. ആദ്യത്തെ നീരസത്തിനു ശേഷം ഖാലിഫ് ഹംസയ്ക്ക് തന്റെ വീടിന്റെ പുറത്തുള്ള ഒരു മുറി താമസിക്കാൻ കൊടുക്കുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും, യുദ്ധം കഴിഞ്ഞതാണെങ്കിലും ആ സ്ഥലത്തിനോ, അവിടുത്തെ ആളുകൾക്കോ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് നമുക്ക് കാണാൻ കഴിയും. ഖാലിഫിനും ആഷയ്ക്കും ജീവിതത്തോടുള്ള നിസ്സംഗത കൂടിയിട്ടുണ്ട്. അഫിയ വളർന്ന് യുവതിയായിട്ടുണ്ട്. ഇല്യാസിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നെങ്കിലും ഒരിക്കൽ അയാൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സ്വാഭാവികമായും ഹംസയ്ക്കും അഫിയക്കുമിടയിൽ അനുരാഗം മൊട്ടിടുന്നു. അഫിയയാണ് ഈ ബന്ധത്തിന് മുൻകൈയെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പല വിലക്കുകൾ ഉണ്ടായിട്ടും അവൾ ഹംസയുടെ മുറിയിലേക്ക് ചെല്ലുകയും നിസങ്കോചം ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. ആ സ്ത്രീ കരുത്തിനെ വായനക്കാർക്ക്​ കാണാതിരിക്കാനാവില്ല. അത്തരം ശക്തമായ ഒരു കഥാപാത്രത്തെ എഴുത്തുകാരൻ കഥയിലേക്ക് കൊണ്ടുവന്നത് വെറുതെയാകില്ല. നല്ലൊരു സമൂഹം പടുത്തുയർത്താൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങുന്നതിന്റെ സൂചനയാവാമത്.ആ സമയത്താണ് ഹംസയുടെ പൂർവ്വ കഥയുടെ ചുരുളഴിയുന്നത്. കടം തിരിച്ചടയ്ക്കാനാവാതെ അച്ഛൻ ഹംസയെ ഒരു കച്ചവടക്കാരന് വിൽക്കുകയായിരുന്നു. അയാളുടെ കടയിൽ വിടുവേല ചെയ്താണ് ഹംസ വളർന്നത്. ഒടുവിൽ അയാളും അവിടെ നിന്നും ഓടിപ്പോകുന്നു. ബാല്യകാല ദുരിതങ്ങളിൽ നിന്ന്​ഓടിയൊളിക്കാൻ ശ്രമിക്കുന്ന ഇല്യാസിന്റെയും, ഹംസയുടെയും ജീവിതങ്ങൾക്ക് സാദൃശ്യം തോന്നുന്നത് യാദൃശ്ചികമാകാൻ വഴിയില്ല. ഖാലിഫ് അവരുടെ ബന്ധത്തെ പിന്തുണയ്ക്കുന്നു. ആഷയ്ക്കും വിരോധമൊന്നുമില്ലെങ്കിലും തനിക്ക് ലഭിക്കാത്ത സൗഭാഗ്യം മറ്റൊരാൾക്ക് ലഭിക്കുന്നതിൽ അത്ര സന്തുഷ്ടയല്ല. അതുകൊണ്ട് കൂടിയാവും അവരുടെ വിവാഹത്തിനു ശേഷം അധികം കഴിയുന്നതിന് മുമ്പ് ആഷ മരിക്കുന്നു.
ഹംസയുടെയും അഫിയയുടെയും മകന് അവർ ഇല്യാസ് എന്നാണ് പേരിട്ടത്. അവനൊരു സ്വപ്നജീവിയായാണ് വളർന്നത്. എങ്കിലും കൂടുതൽ പഠിക്കാനും ജോലിക്കുമായൊക്കെ അവൻ ഒടുവിൽ ജർമ്മനിയിലേക്ക് പോകുന്നു. അപ്പോഴേക്കും ജർമനിയുടെ കൈയിൽ നിന്ന്​ അധികാരം ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തിയിരുന്നു.

ദിശയറ്റു പോയ, വിധിക്കു കീഴടങ്ങുന്ന കുറച്ചാളുകളിലൂടെ, നിരന്തരമായ കോളോണിയൽ ഭരണത്തിന്റെ ഭാരത്തിനടിയിൽ അമർന്ന് മുരടിച്ചു പോയ ഏതാനും വ്യക്തികളിലൂടെ, കുടുംബങ്ങളിലൂടെ രാജ്യത്തിന്റെ ഒരു പരിഛേദം കാട്ടിത്തരാനാണ് എഴുത്തുകാരൻ ശ്രമിച്ചത്

ജോലിയുടെ ഭാഗമായി ഇല്യാസ് തന്റെ അമ്മാമനെ അന്വേഷിച്ചിറങ്ങുന്നുണ്ട്. യുദ്ധം കഴിഞ്ഞും വളരെ കാലം അമ്മാവൻ ജർമ്മനിയിൽ ജീവിച്ചിരുന്നു എന്നും ഒരു ജർമൻ സ്ത്രീയെ വിവാഹം കഴിച്ചു എന്നും അതിൽ മൂന്നു കുട്ടികളുണ്ടായിരുന്നു എന്നും അവന് വിവരം ലഭിക്കുന്നു. ജർമൻ കോളോണിയൽ ഭരണം തിരിച്ചു വരണമെന്ന് ആത്മാർഥമായി ആഗഹിക്കുന്ന ആളായിരുന്നു അമ്മാമനെന്നും ഇല്യാസ് കണ്ടെത്തുന്നു. നമ്മൾ ഇവിടെ കഷ്ടതയുടെ നടുവിൽ നരകിക്കുമ്പോൾ അമ്മാമൻ ജർമനിക്കുവേണ്ടി പാട്ടുപാടിയും കൊടി പിടിച്ചും നടക്കുകയായിരുന്നെന്ന് ഇല്യാസ് നീരസത്തോടെ പറയുന്നുണ്ട്. ആ സമയത്ത് നിയമം മാറിയതു കൊണ്ട് ഒരു ജർമൻകാരിയെ കല്യാണം കഴിച്ചുവെന്ന കുറ്റത്തിന് ഇല്യാസിനെ കോൺസൻട്രേഷൻ കാമ്പിലേക്ക് അയക്കുന്നു. അയാൾ അവിടെ വെച്ചു മരിക്കുന്നു. അയാളുടെ ജീവിച്ചിരിക്കുന്ന ഓരേയൊരു മകനും ആ കാമ്പിലെത്തിയെന്നും അവിടെ നിന്ന്​ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വെടിയേറ്റ് മരിച്ചു എന്ന വിവരവും നമ്മൾ അറിയുന്നു. മരണത്തിൽ പോലും ഇല്യാസിന് കൂട്ടു കൊടുക്കാൻ സ്‌നേഹമുള്ള ഒരാളുണ്ടായിരുന്നു എന്നു പറഞ്ഞാണ് നോവൽ അവസാനിക്കുന്നത്.

വലിയൊരു കാൻവാസിൽ കുറേയേറെ കഥാപാത്രങ്ങളുമായി എഴുതിയ പുസ്തകമല്ല ഇത്. പ്രധാനപ്പെട്ട വളരെ കുറച്ചു കഥാപാത്രങ്ങളെ ഇതിലുള്ളൂ.
വ്യക്തികൾ ചേർന്ന് കുടുംബമാകുന്ന, കുടുംബങ്ങൾ കൂടി സമൂഹമാകുന്ന, സമൂഹങ്ങൾ രാഷ്ട്രത്തെ നിർമിക്കുന്ന ഒരു പരിണാമം ഇവിടെ കാണുന്നില്ല. ദിശയറ്റു പോയ, വിധിക്കു കീഴടങ്ങുന്ന കുറച്ചാളുകളിലൂടെ, നിരന്തരമായ കോളോണിയൽ ഭരണത്തിന്റെ ഭാരത്തിനടിയിൽ അമർന്ന് മുരടിച്ചു പോയ ഏതാനും വ്യക്തികളിലൂടെ, കുടുംബങ്ങളിലൂടെ രാജ്യത്തിന്റെ ഒരു പരിഛേദം കാട്ടിത്തരാനാണ് എഴുത്തുകാരൻ ശ്രമിച്ചത് എന്നു തോന്നുന്നു.
ഖാലിഫ വിധിയെ പഴിച്ച് ജീവിച്ചയാളാണ്. അതുകൊണ്ടുതന്നെ അവരുടെ കുടുംബവും പുഷ്‌ക്കലമാകാതെ പോയി. സ്വന്തം സഹോദരിയെ പോലും ഉപേക്ഷിച്ച് രാജ്യഭക്തിയുടെ പേരിൽ നാടുവിട്ടു പോയതാണ് ഇല്യാസ്. ദിശാബോധമില്ലാതെ എവിടെയൊക്കെയോ സഞ്ചരിച്ച് ഒടുവിൽ അപ്രതീക്ഷിതമായി ഒരു കുടുംബത്തിന്റെ തണലിൽ എത്തിപ്പെട്ട ആളാണ് ഹംസ. കുടുംബത്തേയും സമൂഹത്തേയും മുന്നോട്ടു നയിക്കേണ്ടവർ തുടക്കത്തിലെ മുരടിച്ചു പോകുന്നു. അതിനിടയിൽ, ഒരു കുടുംബം കെട്ടിപ്പടുക്കാൻ സ്വയം മുന്നിട്ടിറങ്ങുന്ന അഫിയയും, ജീവിതത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയ അവരുടെ മകനുമാണ് പ്രതീക്ഷക്കു വക തരുന്നത്. നൂറ്റാണ്ടുകളുടെ അടിമപെടലിന്നു ശേഷം ഒരു രാജ്യത്തിന്റെ തന്നെ പുത്തൻ ഉണർവിന്റെ, വീണ്ടെടുക്കലിന്റെ സൂചനയാകാം അത്.

സ്വദേശീയരുടെ കലാപങ്ങളെ അടിച്ചമർത്തിയും, ഭീതിയഴിച്ചുവിട്ടും നടത്തിയ ക്രൂരതകൾ അവിടുത്തെ ജനങ്ങളെ ശാരീരികമായും മാനസികമായും എത്രമേൽ തളർത്തിയിട്ടുണ്ട് എന്ന് പുസ്തകത്തിലുടനീളം പരാമർശമുണ്ട്./Photo ; Wikimedia Commons

വളരെ ലളിതവും എന്നാൽ തീർത്തും അനുയോജ്യവുമായ ഭാഷയാണ് എഴുത്തുകാരൻ ഉപയോഗിച്ചിരിക്കുന്നത്. അത് വായനയെ കൂടുതൽ എളുപ്പമാക്കുന്നു. ഹംസയും അഫിയയും തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള പ്രണയത്തിന്റെ വിവരണം അതീവ ഹൃദ്യവും കാവ്യാത്മകവുമാണ്.
പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം രാഷ്ട്രീയമല്ലെങ്കിലും തന്റെ രാഷ്ട്രീയ നിലപാട് എഴുത്തിലൂടെ ഉറക്കെ പറയാൻ എഴുത്തുകാരൻ ഒട്ടും മടി കാണിക്കുന്നില്ല. കഥയിലെ കേന്ദ്ര കഥാപാത്രങ്ങളൊക്കെ മുസ്​ലികളാണ്​. അവരുടെ കഥ ഉറക്കെ പറയുമ്പോഴും, മനസ്സിൽ ഒരു പാട് നന്മ കൊണ്ടു നടന്നിരുന്ന ഖലീഫ തന്റെ മരണത്തിനു ശേഷം മാത്രമാണ് പള്ളിയിൽ പ്രവേശിക്കുന്നത് എന്ന് ചൂണ്ടി കാണിക്കാനുള്ള ആർജ്ജവവും എഴുത്തുകാരൻ കാണിക്കുന്നുണ്ട്.

അന്നുമിന്നും നിലനിൽക്കുന്ന ക്യാപിറ്റലിസത്തിന്റെ അവസരവാദ സമീപനങ്ങളെ ഗുർണ തുറന്നുകാട്ടുന്നു. പൊളിറ്റിക്കൽ കറക്​റ്റ്​നസ്സിനുവേണ്ടി തന്റെ രാഷ്ട്രീയത്തെ മറച്ചു പിടിക്കുന്ന എഴുത്തുകാരനല്ല അബ്ദുൾ റസാക്ക് ഗുർണ.

കൊളോണിയലിസത്തെ കുറിച്ച് പറയുമ്പോൾ നാമോർക്കുക ബ്രിട്ടനെ ആണെങ്കിലും, ജർമൻ കൊളോണിയലിസവും ഒട്ടും ഭേദമായിരുന്നില്ല എന്നു പുസ്തകം പറയുന്നുണ്ട്. സ്വദേശീയരുടെ കലാപങ്ങളെ അടിച്ചമർത്തിയും, ഭീതിയഴിച്ചുവിട്ടും നടത്തിയ ക്രൂരതകൾ അവിടുത്തെ ജനങ്ങളെ ശാരീരികമായും മാനസികമായും എത്രമേൽ തളർത്തിയിട്ടുണ്ട് എന്ന് പുസ്തകത്തിലുടനീളം പരാമർശമുണ്ട്. കടം കൊടുത്ത് സാധാരണ ജനങ്ങളെ അവരുടെ വരുതിയിലാക്കി, ഏതു യുദ്ധകാലത്തും, പണവും കൗശലവും കൊണ്ട് ബിസിനസ്സിന് ഒരു കോട്ടവും തട്ടാതെ നോക്കുന്ന കച്ചവടക്കാരെ അവതരിപ്പിച്ചു കൊണ്ട്, അന്നുമിന്നും നിലനിൽക്കുന്ന ക്യാപിറ്റലിസത്തിന്റെ അവസരവാദ സമീപനങ്ങളെ ഗുർണ തുറന്നുകാട്ടുന്നു. പൊളിറ്റിക്കൽ കറക്​റ്റ്​നസ്സിനുവേണ്ടി തന്റെ രാഷ്ട്രീയത്തെ മറച്ചു പിടിക്കുന്ന എഴുത്തുകാരനല്ല അബ്ദുൾ റസാക്ക് ഗുർണ.

അതി വൈകാരിക മുഹൂർത്തങ്ങളോ, തീവ്രാനുഭവങ്ങളോ, ദാർശനിക ഉൾക്കാഴ്ചകളോ ഈ പുസ്തകം സമ്മാനിക്കുന്നില്ല. എഴുത്തുകാരന്റെ കടമ കഥ പറയുകയെന്നതാണെന്നും അതിന്റെ വ്യാഖ്യാനങ്ങൾ വായനക്കാർക്ക്​ വിട്ടു കൊടുക്കണമെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് ഗുർണ എന്നു തോന്നുന്നു. സമൂഹത്തിലേക്കോ, ചരിത്രത്തിലേക്കോ നീട്ടിയ ഒരു കണ്ണാടിയല്ല ഈ പുസ്തകം. തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ എഴുത്തുകാരൻ വരയ്ക്കുന്നുള്ളൂ. എന്നാൽ ആ വരയ്ക്ക് ഗഹനതയുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോൾ വായനക്കാർ അനുഭവിക്കുന്നത് ആ ഗഹനതയാവും. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments