അരുന്ധതി റോയി, ജോആൻ;
പ്രിയപ്പെട്ടവരുടെ മരണവും
ജീവിച്ചിരിക്കുന്നവരുടെ ആകുലതയും

അരുന്ധതി റോയിയുടെ Mother Mary Comes to Me, അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ജോആൻ ഡിഡിയണിന്റെ The Year of Magical Thinking എന്നീ പുസ്തകങ്ങളുടെ വായനാനുഭവം പങ്കിടുന്നു, ഐശ്വര്യ ജലജ പ്രദീപ്‌.

രുപക്ഷെ അരുന്ധതി റോയ് ആഗ്രഹിച്ചതുപോലെ തന്നെ ബീറ്റിൽസിന്റെ let it be എന്ന പാട്ട് മൂളിക്കൊണ്ടാണ് ഞാൻ Mother Mary Comes to Me വായിച്ചതത്രയും. ആദ്യമേ പറയട്ടെ, ഇതൊരു നിരൂപണമോ പഠനമോ അല്ല. ഒരു വായനക്കാരിയോ വായനക്കാരനോ അവരുടെ വായനക്കായി തിരഞ്ഞെടുക്കുന്ന ഒരു പുസ്തകം പോലും യാദൃച്ഛികതയല്ല എന്നും, പലപ്പോഴും ബൗദ്ധികമോ വൈകാരികമോ ആയ തങ്ങളുടെ വിശപ്പാറ്റാനുള്ള ശക്തമായ ആവശ്യബോധത്തിലാണ് അവരുടെ ഓരോ തിരഞ്ഞെടുപ്പുകളും അടിസ്ഥാനപ്പെട്ടിരിക്കുന്നത് എന്നുമുള്ള ലേഖികയുടെ ഉറച്ച വിശ്വാസത്തിലാണ് ഈ കുറിപ്പ് എഴുതപ്പെട്ടിട്ടുള്ളത്. കോവിഡ്- കോവിഡാനന്തര കാലങ്ങളുടെ സാമ്പത്തിക- സാമൂഹിക- പാരിസ്ഥിതിക അനിശ്ചിതത്വങ്ങൾ വാർത്തെടുത്ത തലമുറയിലെ ഒരു വ്യക്തിയെന്ന നിലക്കുള്ള എന്റെ ചില വൈകാരിക ആവശ്യങ്ങളുടെ പുറത്ത് ഞാൻ തിരഞ്ഞെടുത്ത രണ്ട്‌ പുസ്തകങ്ങളുടെ തീർത്തും വൈകാരികമായ വായനാനുഭവമാണിത്.

രണ്ട് പുസ്തകങ്ങളിൽ ഒന്ന് വളരെ പുതിയതാണ്, രണ്ടാമത്തേത് കുറച്ചധികം പഴയതും. അരുന്ധതി റോയി, അമ്മ മേരി റോയിയുടെ ഓർമ്മകൾ പങ്കുവെക്കുന്ന Mother Mary Comes to Me (2025) ആണ് പുതിയ പുസ്തകം. വിഖ്യാത അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ജോആൻ ഡിഡിയണിന്റെ The Year of Magical Thinking (2005) ആണ് പഴയ പുസ്തകം. ഇരുപതു വർഷങ്ങളുടെ ഇടവേളയുടെ അതിരിനപ്പുറം ഈ കൃതികൾ പേറുന്ന അഗാധമായ ദുഃഖവും അവ പറയുന്ന ജീവിതങ്ങളുടെ ആഴത്തിലുള്ള സത്യസന്ധതയും തുറന്നിട്ട വൈകാരികമായ കൈവഴികളുടെ സാമ്യതയായിരിക്കണം അസാധാരണമായ ഈ തിരഞ്ഞെടുപ്പിനുപിന്നിലെ രഹസ്യം. ഒരുപക്ഷെ ഈ കൃതികൾ തമ്മിൽ എനിക്ക് തോന്നിയ ഈ സമാനത തീർത്തും എന്റെ ഭാവനയായിരിക്കാം. അതിനാൽ തന്നെ, വീണ്ടും പറയട്ടെ, ഈ താരതമ്യവായന തീർത്തും വ്യക്തിനിഷ്ഠമാണ്, വികാരാധിഷ്ഠിതമാണ്.

അരുന്ധതി റോയി, അമ്മ മേരി റോയിയുടെ ഓർമ്മകൾ പങ്കുവെക്കുന്ന Mother Mary Comes to Me (2025) എന്ന പുസ്തകം
അരുന്ധതി റോയി, അമ്മ മേരി റോയിയുടെ ഓർമ്മകൾ പങ്കുവെക്കുന്ന Mother Mary Comes to Me (2025) എന്ന പുസ്തകം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജീവിതം തന്ന ആധിവ്യാധികളോടും ആശങ്കകളോടും ബീറ്റിൽസ് പാടിയ പോലെ ലെറ്റ്‌ ഇറ്റ് ബി എന്ന് പാടാൻ സാധിക്കാതെ പോയ സന്ദർഭങ്ങളിൽ പുസ്തകങ്ങളിലാണ് ഞാൻ ചില ഉത്തരങ്ങൾ തേടിയത്. അത്തരത്തിലൊരു ഉത്തരം തേടലിൽ ഞാനാദ്യം എത്തിയത് ജോ ആൻ ഡിഡിയണിലാണ്.

മരണഭീതി എല്ലാ മനുഷ്യരുടെയും ദൈനംദിന യാഥാർഥ്യമാണ്. അവരവരുടെ മരണം, പ്രിയപ്പെട്ടവരുടെ മരണം. ആ ഭീതിക്കുമുകളിൽ കയറിനിന്നാണ് കാലാകാലങ്ങളായി മനുഷ്യർ ജീവിതം എഴുതുന്നതും നിറം പിടിപ്പിക്കുന്നതും. ആശങ്ക കലർന്ന വേദനയോടെ മനുഷ്യർ അവഗണിക്കുന്ന ഒരുതരം ഭയമാണത്, അഭിമുഖീകരിക്കാൻ വളരെ പാടുള്ളത്.

മരണത്തെ ചുറ്റിപ്പറ്റിയുള്ള എന്റെ ചില ദൈനംദിന ആകുലതകളെ നേരിടാൻ സഹായകമായ പുസ്തകം എന്ന നിലയിലാണ് ജോ ആൻ ഡിഡിയണിന്റെ The Year of Magical Thinking വായിക്കാനെടുത്തത്. തീർത്തും വൈകാരികമായ, ചിലർക്കെങ്കിലും അബദ്ധജടിലം എന്ന് തോന്നാവുന്നതുമായ, അത്രക്ക് മെനയില്ലാത്തൊരു കാരണം. വീടിന്റെ മുക്കിലും മൂലയിലുമിരുന്നും ഡിപ്പാർട്മെന്റ് വാഷ്റൂമിലിരുന്നും കണ്ണീർ വാർത്ത വായനക്കാലമായിരുന്നു ഡിഡിയൺ എനിക്ക് തന്നത്. തന്റെ ദീർഘകാല പങ്കാളിയായ ജോൺ ഡണ്ണിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷമുള്ള പൊരുത്തപ്പെടലിന്റെയും ദുഃഖത്തിന്റെയും ഒരു വർഷക്കാലമാണ് The Year of Magical Thinking.

എം. ടിയുടെ ഒരു ചെറുപുഞ്ചിരി അവസാനിക്കുന്നിടത്തുനിന്നാണ് ഡിഡിയണിന്റെ കൃതി ആരംഭിക്കുന്നത്. ജോണിന്റെ വിയോഗം അവരെ എല്ലാ അർത്ഥത്തിലും തകർക്കുന്നു. മാനസികവും ശാരീരികവുമായും വിഷാദത്തിന്റെ വ്യാപ്തി ദൃശ്യമാകുവാൻ ആരംഭിക്കുന്നതോടെ ചുറ്റുമുള്ള ആളുകളും സ്ഥലങ്ങളും ഗന്ധങ്ങളുമെല്ലാം അവരെ ജോണിനെ ഓർമിപ്പിക്കുന്നു. നാല് ദശാബ്ദങ്ങൾ നീണ്ട ദാമ്പത്യത്തിനൊടുക്കം പെട്ടെന്നൊരു സായാഹ്നത്തിൽ ഡിന്നർ ടേബിളിൽ വെച്ച് തനിക്ക് സംഭവിച്ച നഷ്ടത്തിലുടക്കിയ ഹൃദയവുമായുള്ള തന്റെ ശിഷ്ടജീവിതത്തിലേക്ക് അവർ സഹതാപത്തോടെ നോക്കുന്നു. ഇതിനിടയിൽ മകൾ ക്വിന്റാനയുടെ ഗുരുതരമായ രോഗാവസ്ഥയും നീണ്ട ആശുപത്രിവാസങ്ങളും, ഡിഡിയണെ അവർ പൊരുത്തപ്പെടാൻ ശ്രമിക്കുന്ന യാഥാർഥ്യങ്ങളിൽ നിന്ന് വീണ്ടുമകറ്റുകയാണ്. അതിസാധാരണമായ ഒരു സുപ്രഭാതത്തിൽ എങ്ങുനിന്നല്ലാതെ പൊട്ടി വീഴുന്ന വിയോഗവാർത്ത നൽകുന്ന ദുഃഖത്തെ ഒരു രോഗാവസ്ഥയായാണ് ഡിഡിയൺ അവതരിപ്പിക്കുന്നത്. സർവസാധാരണത്വം കൊണ്ട് രോഗാവസ്ഥയായി കാണപ്പെടാതെ പോകുന്ന രോഗം, ഏതുവിധേനയും തരണം ചെയ്യാൻ രോഗി നിർബന്ധിക്കപ്പെടുന്ന അവസ്ഥ; Pathological bereavement.

പ്രിയപ്പെട്ടവരുടെ ആകസ്മികമായ വേർപാടിനുശേഷം വായനാശേഷി നഷ്ടപ്പെട്ടവരെ കുറിച്ചും കണ്ണീർ പൊഴിക്കാൻ സാധിക്കാതെ വൈദ്യസഹായം തേടേണ്ടിവന്നവരെ പറ്റിയും അവർ പറയുന്നുണ്ട്. തീർത്തും സമാനമായി, ജോണിന്റെ വിയോഗശേഷം ഡൈനിങ്ങ് ടേബിളിലിരിക്കാൻ സാധിക്കാതായ, മരണത്തിൽനിന്ന് തിരികെ വരുന്ന ജോണിനുവേണ്ടി അയാളുടെ ഷൂസ് സൂക്ഷിച്ചുവെച്ച തന്നെ കുറിച്ചും അവർ എഴുതുന്നു.

ഇതിനെല്ലാമപ്പുറം വിവാഹജീവിതത്തിന്റെയും അണുകുടുംബവ്യവസ്ഥയുടെയും പര്യായമായ, അസാധാരണമായ ആശ്രിതത്വവും ആധുനികകാലത്തെ കൂട്ടായ അനുശോചനങ്ങളുടെ അഭാവവും തുടങ്ങി, തന്റെ ദുഃഖത്തിന്റെ ശാസ്ത്രീയവും സാമൂഹികവുമായ വേരുകളും അന്വേഷിക്കുന്നുണ്ട് ഡിഡിയണിലെ പത്രപ്രവർത്തക. തന്റെ സ്വകാര്യമായ വികാരങ്ങളെ തുറന്നെഴുതുന്നതിനൊപ്പം, അവയെ ബൗദ്ധികവൽക്കരിക്കുന്നതിലൂടെ അവർ തനിക്കേറ്റവും പരിചയമുള്ള മാർഗത്തിലൂടെ, അക്ഷരങ്ങളിലൂടെ, തന്റെ വിഷാദത്തോടൊപ്പമിരിക്കുന്നു.

മരണത്തെ ചുറ്റിപ്പറ്റിയുള്ള എന്റെ ചില ദൈനംദിന ആകുലതകളെ നേരിടാൻ സഹായകമായ പുസ്തകം എന്ന നിലയിലാണ് ജോ ആൻ ഡിഡിയണിന്റെ The Year of Magical Thinking വായിക്കാനെടുത്തത്.
മരണത്തെ ചുറ്റിപ്പറ്റിയുള്ള എന്റെ ചില ദൈനംദിന ആകുലതകളെ നേരിടാൻ സഹായകമായ പുസ്തകം എന്ന നിലയിലാണ് ജോ ആൻ ഡിഡിയണിന്റെ The Year of Magical Thinking വായിക്കാനെടുത്തത്.

എനിക്ക് ചുറ്റുമുള്ള ദീർഘകാലപങ്കാളികളെ നഷ്ടമായ മുതിർന്നവരിലെ വിയോഗത്തിന്റെ വേദനയും ഏകാന്തതയുടെ ഇരുട്ടും കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. അത്രയ്ക്ക് ജനാധിപത്യപരമല്ലാത്തതും ശാരീരിക- മാനസികാതിക്രമങ്ങളുടെ വിളനിലവുമായ ഇന്ത്യൻ വിവാഹങ്ങളിലെ സ്ത്രീകൾ പോലും ഭർത്താവിന്റെ മരണശേഷം അവർ അനുഭവിക്കുന്ന മാനസിക വ്യഥകളെ പറ്റി പറയുന്നത് കേൾക്കുമ്പോൾ, അത്ഭുതം തോന്നിയിട്ടുണ്ട്. ഒരുപക്ഷെ ശീലമായി മാറിയ ഒരാളുടെ ഒഴിവുണ്ടാക്കുന്ന പകപ്പായിരിക്കാം അതെന്ന അനുമാനങ്ങളിൽ എത്തിയിട്ടുണ്ട്. എന്നാൽ മനുഷ്യാവസ്ഥകളും അവ ഉദ്ദീപിപ്പിക്കുന്ന വികാരങ്ങളും കറുപ്പിന്റെയും വെളുപ്പിന്റെയും ദ്വന്ദ്വങ്ങൾക്കുമപ്പുറമുള്ള തവിട്ടുനിറക്കള്ളികളിലാണല്ലോ ഇടം കണ്ടെത്തുന്നത്. സ്‌നേഹം പോലെ ഹിപ്പോക്രസിയുടെയും നിസ്സഹായതയുടെയും വിളനിലമായ ഒരു വികാരത്തിന്റെ രാഷ്ട്രീയം പഠിക്കുമ്പോൾ ഈ തവിട്ടുനിറക്കള്ളികൾക്കുപുറത്ത് നിന്ന് ചിന്തിക്കുകയോ എഴുതുകയോ ചെയ്യുന്നത് അപ്രാപ്യം തന്നെയാണെന്ന് പറയാം.

ഡിഡിയണിന്റെ കൃതിയുടെ അമേരിക്കൻ പശ്ചാത്തലത്തിൽ നിന്ന് അരുന്ധതിയുടെ പുസ്തകത്തിലെ ഇന്ത്യൻ കുടുംബത്തിലേക്കെത്തുമ്പോൾ സ്നേഹത്തിന്റെയും വെറുപ്പിന്റെയും വിയോഗത്തിന്റെയും ദുഃഖത്തിന്റെയും അർത്ഥതലങ്ങൾ മാറിമറയുന്നു, അവ തവിട്ട് നിറമാകുന്നു.

Mother Mary Comes to Me- യുടെ കവർ ആദ്യമായി കാണുന്നത് ഈയടുത്തൊരു ദിവസം പ്രാതൽ കഴിക്കാനിരിക്കുമ്പോഴാണ്. പാർട്ണറായ ഗോകുലുമായി ടൈറ്റിലിന്റെ ബീറ്റിൽസ് ഉത്ഭവത്തെ കുറിച്ച് സംസാരിച്ചു. അന്ന് മുഴുവൻ വീട്ടിൽ ഞങ്ങൾ let it be യുടെ അരികും മൂലയും പാടി നടന്നു. എന്നാൽ പുസ്തകം വായിക്കാം എന്ന് തീരുമാനിക്കുന്നത്, ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച എൻ.ഇ. സുധീറിന്റെ നിരൂപണം വായിച്ചപ്പോഴായിരുന്നു. God of Small Things വായിക്കുമ്പോൾ അരുന്ധതിയോട് തോന്നിയതു പോലൊരു ആരാധന പുസ്തകത്തിന്റെ സമർപ്പണത്തിലുള്ള, അരുന്ധതിയെ എക്സ്ക്യൂസ്‌ മി എന്ന് പറയാൻ പഠിപ്പിച്ച, അവരെ സ്നേഹം കൊണ്ട് ലെറ്റ്‌ ഗോ ചെയ്ത, മേരി റോയിയോടും ഉണ്ടായിരുന്നു. എന്നാൽ അവർ തമ്മിലുള്ള ബന്ധം ഞാൻ സങ്കല്പിച്ച മട്ടിൽ അല്ലായിരുന്നെന്ന് നിരൂപണത്തിലൂടെ മനസ്സിലാക്കിയ ഞെട്ടലോടെയാണ് പുസ്തകം വായിക്കാൻ തീരുമാനിക്കുന്നത്. ലെറ്റ്‌ ഗോ ചെയ്യാത്ത ലെറ്റ്‌ ഇറ്റ് ബി എന്നധികം പറയാത്ത ശരാശരി ഇന്ത്യൻ പേരന്റിന് ഒരു അപവാദമായി ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച മേരി റോയ് അല്ല യഥാർത്ഥ മേരി റോയ് എന്ന തിരിച്ചറിവ്, വിചാരിച്ചതിലുമേറെ എന്നെ വിഷമിപ്പിച്ചു. എന്നാൽ ആഴത്തിലുള്ള വായനയിൽ, അമ്മയോടുള്ള ഇഷ്ടം കൊണ്ട്, അകലെ നിന്നവരെ സ്നേഹിക്കാനായി ഓടിയകന്ന അരുന്ധതിയിൽ കണ്ടത്, ഞാനുൾപ്പെടുന്ന ഒരു തലമുറയെ തന്നെയാണ്. പഠിത്തം, ജോലി, യാത്ര എന്നിങ്ങനെ ഒരായിരം ഒഴിവുകഴിവുകളുടെ ചീട്ടുകൊട്ടാരങ്ങളിൽ വസിക്കുന്നവർ. നാട് വിടാൻ വെമ്പുന്നവർ. സ്നേഹം വറ്റാത്ത നെഞ്ചിൽ നിന്ന് ചോരയൂറ്റി കുടിക്കുന്ന തണുത്ത നിശാശലഭങ്ങളുടെ ചിറകടിയെ ഭയപ്പെടുന്നവർ. Mother Mary Comes to Me ഞങ്ങളുടെ സുവിശേഷമാണ്.

അമ്മയെ കുറിച്ചുള്ള പുസ്തകത്തിൽ അരുന്ധതി തന്നെ തന്നെയാണ് എഴുതുന്നത്; മേരിയെക്കാൾ അരുന്ധതിയാണ് പുസ്തകം നിറയെ. അവരുടെ എഴുത്തും രാഷ്ട്രീയവും ജീവിതവും എത്രമാത്രം ഇഴകലർന്നാണ് നിലനിൽക്കുന്നതെന്ന് ഈ കൃതിയിലെ ഓരോ അദ്ധ്യായവും ഓരോ വരിയും പറയുന്നു. അരുന്ധതി തന്റെ ജീവിതത്തിലെടുത്ത ഓരോ തീരുമാനങ്ങൾക്കും പിന്നിലോ മുന്നിലോ മേരി ഉണ്ട്. അതിനാൽ തന്നെ അരുന്ധതിയിലെ മേരിയും മേരിയിലെ അരുന്ധതിയും തമ്മിലുള്ള കലർപ്പാൽ നിർവചിക്കപ്പെട്ട പുസ്തകമാണ് Mother Mary Comes to Me.

അമ്മയുടെ മരണത്തിൽ വിഷമിക്കുന്ന തന്നോട് സഹോദരനായ LKC, ഇത്രയും വിഷമിപ്പിച്ച ഒരാളുടെ മരണത്തിൽ എന്തിനു സങ്കടപ്പെടണം എന്ന് ചോദിച്ചതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അരുന്ധതി ആരംഭിക്കുന്നത്. മേരിയുടെ മരണത്തിനു ശേഷം അവർ ആകെ കുഴഞ്ഞുമറിഞ്ഞ വികാരങ്ങളോടൊപ്പമാണിരിക്കുന്നത്. ഫീബീ വാലർ ബ്രിഡ്ജിന്റെ ഫ്ളീബാഗ് തന്റെ അമ്മയുടെ മരണശേഷം പറയുന്നതുപോലെ ("I don't know what to do with all the love I have for her"), അവർക്ക് അമ്മയോടുള്ള സ്നേഹവും ദേഷ്യവും എന്ത് ചെയ്യണമെന്നറിയുന്നില്ല. ഒടുവിൽ മേരിക്ക് വേണ്ടി അരുന്ധതി തന്റെ ആർക്കിടെക്റ്റ് കാലത്തിലേക്ക് തിരികെ പോകുകയാണ്. കോട്ടയത്തുള്ള പള്ളിക്കൂടം ക്യാമ്പസിലുള്ള മേരിയുടെ വീട് അവർ സുഹൃത്തായ ഗോലക്കിനോടൊപ്പം ചേർന്ന് പുതുക്കുന്നു. അതിനരികത്തായി മേരിയ്ക്കു വേണ്ടിയവർ മുളകളും ഓർക്കിഡ് പുഷ്പങ്ങളും നിറഞ്ഞ, മീനുകളും തവളകളും വസിക്കുന്ന, ശ്വസിക്കുന്ന ഒരു സ്മൃതിമണ്ഡപം ഒരുക്കുന്നു. പിന്നെയും അരുന്ധതിയിൽ ബാക്കിവന്ന സ്നേഹവും ക്ഷോഭവുമാണ് Mother Mary-യിലെ അക്ഷരങ്ങളായത്.

മേരി റോയിയുടെ മരണത്തിന് മാത്രം കൊടുക്കാൻ കഴിയുന്ന ഒരു സത്യസന്ധത കൈമുതലാക്കിയാണ് അരുന്ധതി തന്റെയും അമ്മയുടെയും ജീവിതം എഴുതുന്നത്. തന്റെ യൗവ്വനത്തിൽ, തന്നോടുതന്നെ പറയാൻ മടിച്ച സത്യങ്ങൾ ലോകത്തോട് തുറന്നു പറയുകയാണ് ഈ പുസ്തകത്തിലൂടെ അരുന്ധതി. "She loved me enough to let me go" എന്നത് താനും മേരിയും ലോകത്തോട് പറഞ്ഞുപഴകിയ ഒരു നുണ മാത്രമാണെന്ന് അവർ തുറന്നു സമ്മതിക്കുന്നു. എവിടേയെല്ലാമോ ഇരുട്ടിന്റെ പടം പൊഴിച്ചു കൊണ്ടാണ് ചില മനുഷ്യർ ലോകത്തിനുവേണ്ടി തിളങ്ങുന്നത്. മേരി റോയ് ജീവിതത്തിൽ പൊഴിച്ച ഇരുളിമ സ്നേഹത്തിന്റെ വെട്ടത്തിൽ കണ്ടറിഞ്ഞവരാണ് അരുന്ധതിയും അവരുടെ സഹോദരനും. വലിയ ആക്രോശത്തോടെ, പരിചയമില്ലാത്ത പെരുവഴികളിലേക്ക് തന്നെ വീട്ടിൽ നിന്നും വണ്ടിയിൽ നിന്നും ഇറക്കിവിടുന്ന, പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞ തന്റെ സഹോദരനെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച് റൂളർ വെച്ച് തല്ലുന്ന അമ്മയെ കുറിച്ച് അവർ തുറന്നെഴുതുന്നു. എന്നാൽ, നിന്റെ അമ്മയും അച്ഛനും എല്ലാം ഞാനാണെന്നും നിന്നോട് എനിക്ക് എന്നും ഡബിൾ സ്നേഹമാണെന്നും പറയുന്ന അമ്മയെ കുറിച്ചും തന്റെ രാഷ്ട്രീയത്തിന് അടിത്തറ പാകിയ മേരിയിലെ ഫെമിനിസ്റ്റിനെ കുറിച്ചും അവർ വാചാലയാകുന്നു. ജയിലിൽ പോകാൻ നേരം അഭിമാനത്തോടെ ‘ബൈ ബേബി ഗേൾ’ എന്നുപറയുന്ന അമ്മയെ എങ്ങനെ സ്നേഹിക്കാതിരിക്കുമെന്നാണവർ നമ്മളോട് ചോദിക്കുന്നത്. അതിനു മുൻപേ മേരി അരുന്ധതിയെ ‘ബേബി ഗേൾ’ എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്യുന്നത് അവർക്ക് ബുക്കർ സമ്മാനം ലഭിച്ച വിവരം അറിയുന്ന അവസരത്തിൽ മാത്രമാണ്. സത്യത്തിനും നീതിക്കും വേണ്ടി ജയിലിൽ പോകുന്നത്, ഒരു അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്നത് പോലെ തന്നെ അഭിമാനിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന മേരിയെ പോലുള്ള എത്ര മാതാപിതാക്കളെ ഇന്ന് നമുക്ക് ചുറ്റും കാണാൻ സാധിക്കുമെന്ന് എനിക്കറിയില്ല. ഒരുപക്ഷെ അരുന്ധതിയുടെ സ്വകാര്യമായ നഷ്ടത്തിന്റെ വേദനയിൽ നിന്നു കൊണ്ട് മാത്രമായിരിക്കാം ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സ്നേഹത്തിന്റെ തവിട്ട് നിറകള്ളികൾക്കുള്ളിൽ നിന്ന് പരസ്പരം തിരയുന്ന ലോകത്തിലെ സകല മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടി എഴുതപ്പെട്ടതാണ് ഈ കൃതിയെന്ന് വിശ്വസിക്കാതിരിക്കാൻ യാതൊരു നിവൃത്തിയും നൽകാത്ത അതിന്റെ വശ്യതയ്ക്കുള്ളിൽ Mother Mary Comes to Me- യുടെ വരുംകാലങ്ങൾ സുരക്ഷിതമാണ്. സ്നേഹത്തിന്റെയും വേർപാടിന്റെയും സാർവലൗകികതയാണ് വായനക്കാരെ ഈ രണ്ട് കൃതികളും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

അരുന്ധതി തന്റെ ജീവിതത്തിലെടുത്ത ഓരോ തീരുമാനങ്ങൾക്കും പിന്നിലോ മുന്നിലോ മേരി ഉണ്ട്.  അതിനാൽ  തന്നെ അരുന്ധതിയിലെ മേരിയും മേരിയിലെ അരുന്ധതിയും തമ്മിലുള്ള കലർപ്പാൽ നിർവചിക്കപ്പെട്ട പുസ്തകമാണ് Mother Mary Comes to Me.
അരുന്ധതി തന്റെ ജീവിതത്തിലെടുത്ത ഓരോ തീരുമാനങ്ങൾക്കും പിന്നിലോ മുന്നിലോ മേരി ഉണ്ട്. അതിനാൽ തന്നെ അരുന്ധതിയിലെ മേരിയും മേരിയിലെ അരുന്ധതിയും തമ്മിലുള്ള കലർപ്പാൽ നിർവചിക്കപ്പെട്ട പുസ്തകമാണ് Mother Mary Comes to Me.

ഇവിടെ അരുന്ധതിക്കും ഡിഡിയണിനും എഴുത്ത് ഹീലിംഗ് ആണ്. തങ്ങൾക്ക് സംഭവിച്ച നഷ്ടങ്ങളുമായി പൊരുത്തപ്പെടാനുള്ള കച്ചിത്തുരുമ്പാണവർക്ക് അക്ഷരം. അവരുടെ അനുഭവങ്ങളുടെ ചോര പറ്റിയാണ് ഈ പുസ്തകങ്ങളിലെ ഓരോ അദ്ധ്യായവും തെളിയുന്നത്. AI എഴുത്തിന്റെ കാലത്തുള്ള നമ്മുടെ ഭയങ്ങളെ അസ്ഥാനത്താക്കാൻ മാത്രം ഘനമുണ്ട് ഈ കൃതികളിലെ വാക്കുകൾക്കും വരികൾക്കും. സ്നേഹവും വിയോഗവുമറിയാത്ത അൽഗൊരിതമിക് ഹൃദയങ്ങൾക്ക് അപ്രാപ്യമായ ആഴത്തിൽ നിലനിൽക്കുന്ന സാഹിത്യവും അവ പേറുന്ന അനുഭവങ്ങളുടെ സങ്കീർണതയും അതിനാൽ തന്നെ പ്രതീക്ഷയാണ്. വിയോഗം തരുന്ന ദുഃഖങ്ങൾക്കുള്ളിൽ മനുഷ്യർ നീറുന്നിടത്തോളം കാലം കോഡുകൾ തീണ്ടാത്ത എഴുത്ത് നിലനിൽക്കുമെന്ന പ്രതീക്ഷ.

Comments