ഗീതാജ്ഞലി ശ്രീ. / Photo : @a_danish2456, Twitter

സ്ത്രീകളും അതിർത്തികളും
​സ്വയമെഴുതിയ കഥ

ബുക്കർ ഇന്റനാഷണൽ അവാർഡ് നേടിയ ഗീതാഞ്​ജലി ശ്രീയുടെ റ്റൂം ഓഫ് സാൻറ്​ എന്ന നോവലിന്റെ വായന

സ്ത്രീകളും അതിർത്തികളുമുണ്ടെങ്കിൽ കഥകൾ താനേയുണ്ടാവുമെന്നും, ഇത് പ്രധാനമായും രണ്ട് സ്ത്രീകളുടെ കഥയാണ് എന്നും പറഞ്ഞുകൊണ്ടാണ് ഗീതാഞ്​ജലി ശ്രീ അവരുടെ റ്റൂം ഓഫ് സാൻറ്​ എന്ന പുസ്തകം തുടങ്ങുന്നത്. അത് അക്ഷരംപ്രതി ശരിയാണെന്ന് പുസ്തകം വായിച്ചു കഴിയുമ്പോൾ ബോധ്യമാവും.

അതിർത്തിയെന്നു കേൾക്കുമ്പോൾ ഇന്ത്യക്കാരുടെ മനസ്സിലേക്ക് പാകിസ് സ്ഥാനും, പട്ടാളക്കാരും, വെടിവെപ്പും, മരണവുമൊക്കെയാണ് ഓടിവരിക. അതിനെ അങ്ങനെ നിലനിർത്തേണ്ടത് ഭരണകൂടങ്ങളുടെ ആവശ്യമായിരുന്നു. രാജ്യത്തിനകത്ത് കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ നിയന്ത്രണത്തിന്റെ കടിഞ്ഞാൺ തിരിച്ചുപിടിക്കാനുള്ള ഏക ഉപാധിയാണ് പാകിസ്ഥാൻ എന്ന ഈ ‘നിത്യശത്രു’. ലോകത്തിലെ പല രാജ്യങ്ങളും പൂർവകാല വൈര്യവും ശത്രുതയും മറന്ന് പുതിയ വികാസത്തിലേക്ക് അതിർത്തികൾ തുറന്നിട്ടുമ്പോൾ, വർഷങ്ങൾക്കുമുമ്പ് നടന്ന, ഒരു ചരിത്രസംഭവമേൽപ്പിച്ച മുറിവിനെ ഇന്നും കുത്തി പഴുപ്പിക്കാനാണ് നമുക്ക് താത്പര്യം.

അതിർത്തിയെന്ന് പറയുമ്പോൾ ഒരു രാജ്യത്തിന്റെയോ ദേശത്തിന്റെയോ അതിർത്തിയെ കുറിച്ചല്ല. നമുക്കുചുറ്റും അറിഞ്ഞും അറിയാതെയും നാം പടുത്തുയർത്തിയ അതിർത്തികളാണത്

ഒരു സ്ത്രീ, എൺപതാം വയസ്സിൽ, പഴയ കാമുകനെ അന്വേഷിച്ച് പാകിസ്താനിലേക്ക് പോകുന്ന കഥയാണ് പുസ്തകം പറയുന്നത് എന്ന് പലയിടത്തും എഴുതിക്കണ്ടു. അത് തീർത്തും ശരിയാണെന്ന് പറയാനാവില്ല. അത്തരമൊരു സാമാന്യവത്ക്കരണം പുസ്തകത്തിന്റെ ഗൗരവത്തെ കുറച്ചു കാണിക്കാനേ ഉപകരിക്കൂ. മൂന്നു ഭാഗങ്ങളായി വിഭജിച്ച പുസ്തകത്തിന്റെ അവസാന ഭാഗത്തുമാത്രമേ ഈ യാത്ര നടക്കുന്നുള്ളൂ. ആത്യന്തികമായി ഈ പുസ്തകം സ്ത്രീകളെ കുറിച്ചാണ്. കൂട്ടത്തിൽ അതിർത്തികളെ കുറിച്ചും.

അതിർത്തിയെന്ന് പറയുമ്പോൾ ഒരു രാജ്യത്തിന്റെയോ ദേശത്തിന്റെയോ അതിർത്തിയെ കുറിച്ചല്ല. നമുക്കുചുറ്റും അറിഞ്ഞും അറിയാതെയും നാം പടുത്തുയർത്തിയ അതിർത്തികളാണത്. രാജ്യം, ഭാഷ, സംസ്‌ക്കാരം, നിറം, മതം, വർഗം, ലിംഗം... അങ്ങനെ എല്ലാത്തിനെയും അതിർത്തികൾക്കുള്ളിൽ തളച്ചിടാനുള്ള ശ്രമത്തെക്കുറിച്ചാണ് അത് പറയുന്നത്.

ഭർത്താവിന്റെ മരണത്തിനുശേഷം, എല്ലാത്തിൽ നിന്നും ഒഴിഞ്ഞ്​, ഒരു ചുമരിലേക്ക് പുറം തിരിഞ്ഞുകിടക്കുന്ന അമ്മയെയാണ് ആദ്യഭാഗത്തിൽ കാണുന്നത്. / Photo : Pixabay.com
ഭർത്താവിന്റെ മരണത്തിനുശേഷം, എല്ലാത്തിൽ നിന്നും ഒഴിഞ്ഞ്​, ഒരു ചുമരിലേക്ക് പുറം തിരിഞ്ഞുകിടക്കുന്ന അമ്മയെയാണ് ആദ്യഭാഗത്തിൽ കാണുന്നത്. / Photo : Pixabay.com

എൺപതു വയസുള്ള അമ്മയാണ് മുഖ്യ കഥാപാത്രം. അവർക്കു ചുറ്റുമുള്ള ആളുകളിലൂടെയാണ് കഥ വളരുന്നത്. ഉയർന്ന ഗവൺമെന്റുദ്യോഗമുള്ള മൂത്ത മകന്റെ കുടുംബത്തോടൊപ്പമാണ് അമ്മ ജീവിക്കുന്നത്. മരുമകളും രണ്ട് ആൺമക്കളും അടങ്ങുന്നതാണ് കുടുംബം.

ഭർത്താവിന്റെ മരണത്തിനുശേഷം, എല്ലാത്തിൽ നിന്നും ഒഴിഞ്ഞ്​, ഒരു ചുമരിലേക്ക് പുറം തിരിഞ്ഞുകിടക്കുന്ന അമ്മയെയാണ് ആദ്യഭാഗത്തിൽ കാണുന്നത്. ഒന്നിനോടും താത്പര്യമില്ലാതെ, ആരോടും ഒന്നും പറയാതെ, ജീവിതത്തോടുതന്നെ മുഖം തിരിച്ചിരിക്കുന്ന അമ്മക്കുചുറ്റും നടക്കുന്ന കാര്യങ്ങളുടെ വിപുലമായ വിവരണമാണ് പുസ്തകത്തിന്റെ ആദ്യ ഭാഗത്ത്.

കാര്യങ്ങൾ വെറുതെ പറഞ്ഞുപോകുന്ന എഴുത്തുകാരിയല്ല ഗീതാഞ്ജലി. എല്ലാ സംഭവങ്ങൾക്കും സാമാന്യം വലിയൊരു കാൻവാസ് തന്നെ നൽകുന്ന എഴുത്തുകാരിയാണവർ. ഉദാഹരണത്തിന്, വീട്ടിൽ പാർട്ടി നടക്കുന്നുണ്ടെങ്കിൽ അതിലെ എല്ലാ വിഭവങ്ങളെക്കുറിച്ചും, അതുണ്ടാക്കുന്ന ആളെക്കുറിച്ചും, വിധത്തെ കുറിച്ചും വിശദമായി പറയാനാണ് അവർക്ക് താത്പര്യം. അതുകൊണ്ടുതന്നെ ആ വീട്ടിലെ ഒരുപാട് കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും വായനക്കാർ യാത്ര ചെയ്യുന്നു. ഇത് പുസ്തകത്തിന്റെ മൊത്തം വായനാനുഭവത്തെ എത്രമാത്രം സഹായിക്കുമെന്നത് ഉറപ്പുപറയാൻ കഴിയില്ല. ഒരു കുടുംബത്തിലെ സ്‌നേഹവും, കാപട്യവും, കുനുഷ്​ടും ,കുന്നായ്മയും, കരുതലുമൊക്കെ വിശദമായി തന്നെ കാണുന്നു.

അങ്ങനെ കട്ടിലിൽ അനങ്ങാതെ കിടന്നിരുന്ന അമ്മ ഒരു ദിവസം, പേരക്കുട്ടി വിദേശത്തു നിന്ന്​ കൊണ്ടുവന്ന ഊന്നുവടി ഉയർത്തി പിടിച്ച്, ‘ഞാനൊരു വിഷ് ട്രീ' ആണെന്നു പ്രഖ്യാപിക്കുന്നു. അതിനുശേഷം പെട്ടെന്നൊരു ദിവസം അമ്മയെ കാണാതാവുമ്പോഴാണ് കഥ അടുത്ത തലത്തിലേക്ക് കടക്കുന്നത്.
തെരുവിൽ കണ്ടെത്തിയ അവരെ ചിലർ ചേർന്ന് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. അതിനുശേഷം അവർ, മകൾ ഒറ്റയ്ക്കു താമസിക്കുന്ന (ഇടയ്ക്കിടെ കാമുകൻ വന്നു പോകുന്ന) ഫ്‌ളാറ്റിലേക്ക് മാറാൻ തീരുമാനിക്കുന്നു. കുറേകൂടി വിശാലമായ മുറികളും, പൂന്തോട്ടവും, വേലക്കാരുമൊക്കെയുള്ള മകന്റെ വീട്ടിൽ നിന്നാണ് മകളുടെ ചെറിയ ഫ്‌ളാറ്റിലേക്ക് അമ്മ എത്തുന്നത്.

ചരിത്രസ്മാരകങ്ങൾ മാന്തിയെടുത്ത് വിദ്വേഷത്തിന്റെ പുതിയ വിത്തുകൾ തിരയുന്നതിന് പകരം, പുതിയ ചരിത്രം കുറിക്കാൻ എല്ലാവരും തയ്യാറാവേണ്ട സമയമായി എന്നും ഈ നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നു.

അവിടെ വെച്ച് അമ്മയാകെ മാറുന്നു. ആ വീടിന്റെ ഓരോ വിടവിലേക്കും തുറസ്സിലേക്കും അമ്മ നിറയുന്നത് വായനക്കാർ കാണുന്നു. സൂര്യനാണ് അതിന് അമ്മയ്ക്ക് കൂട്ട്. സൂര്യപ്രകാശം പോലെ അവർ എല്ലായിടത്തേക്കും പടരുന്നു. നന്നായി ഭക്ഷണം കഴിക്കുന്നു, സ്വയം കുളിക്കുന്നു, ബാൽക്കണിയിൽ ചെടികൾ നട്ടുപിടിപ്പിക്കുന്നു, വീടാകെ അമ്മയെ കാണാൻ വരുന്ന വിരുന്നുകാരെ കൊണ്ട് നിറയുന്നു. അമ്മയുടെ ഈ മാറ്റത്തിന് കൂട്ടായി മകളും കൂടെയുണ്ട്. ഒരമ്മയ്ക്കും മകൾക്കുമിടയിൽ മാത്രം സാധ്യമാകുന്ന പല സ്വകാര്യമുഹൂർത്തങ്ങളിലൂടെയും അവർ കടന്നുപോകുന്നു. അത്തരം മുഹൂർത്തങ്ങളെ അതീവ ചാരുതയോടെ എഴുത്തുകാരി വരച്ചു വെച്ചിരിക്കുന്നു.

Photo : Romenzi, UNICEF
Photo : Romenzi, UNICEF

അമ്മയുടെ മറ്റൊരു കൂട്ട് റോസി എന്ന കഥാപാത്രമാണ്. റോസി ഭുവ എന്നാണ് അവരെ വിളിക്കുന്നതെങ്കിലും സ്ത്രീയായും പുരുഷനായുമൊക്കെ വേഷപ്പകർച്ച നടത്തുന്ന വിചിത്രമായ ഒരു കഥാപാത്രമായാണ് കഥാകാരി അവരെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.

ആ ദിവസങ്ങളിൽ, അതുവരെ തന്നെ തടഞ്ഞുവെച്ചിരുന്ന പല അതിർത്തികളെയും അമ്മ തരണം ചെയ്യുന്നത് കാണാം. അസാധാരണമായ ഒരൂർജ്ജവും പ്രസരിപ്പും അവരിൽ നിറയുന്നു. മകൾ സ്വതന്ത്രമായി ജീവിതം നയിക്കുന്നവളാണ്. എഴുത്തുകാരിയാണ്. എന്നിട്ടും അമ്മയോടൊത്തുള്ള ആ ദിവസങ്ങളിൽ മകളും, തന്നെ ചുറ്റിവരിഞ്ഞിരുന്ന പല അതിർത്തികളെയും മറികടക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. ആ സംഭവബഹുല നിമിഷങ്ങൾ അവരുടെ ജീവിതത്തെ പല തരത്തിൽ മാറ്റിമറിക്കുന്നുണ്ട്. തീർത്തും സ്വതന്ത്രരായ രണ്ടു സ്ത്രീകൾ, അവരെ ബന്ധിക്കുന്ന എല്ലാ നൂലിഴകളെയും അഴിച്ചുവെച്ച്, ആകാശത്തിന്റെ വിശാലതയിലേക്ക് പറന്നുയർന്ന രണ്ട് പട്ടങ്ങൾ പോലെയാവുന്ന മനോഹാരിത വായനക്കാർ അനുഭവിക്കുന്നു.

മതത്തിന്റെയും മിത്തുകളുടെയും സങ്കുചിതചിന്തകളിലേക്കൊതുങ്ങാതെ ശാസ്ത്രത്തിന്റെയും ദാർശനികതയുടെയും വിശാല കാഴ്ചപ്പാടിലേക്ക് വ്യക്തികളും രാജ്യങ്ങളും എത്തണമെന്ന ചിന്തയിലേക്ക് എഴുത്തുകാരി വായനക്കാരെ കൊണ്ടുപോകുന്നു.

റോസിയുടെ മരണം കഥയുടെ ഗതിയെ വീണ്ടും മാറ്റിമറിക്കുന്നു. റോസിയുടെ മരണാന്തര ചടങ്ങുകൾ പൂർത്തികരിക്കാൻ പാകിസ്ഥാനിലേക്ക് പോകണമെന്ന് അമ്മ ശഠിക്കുന്നു. മകളാണ് കൂട്ടായി പോകുന്നത്.
പാകിസ്ഥാനിലെത്തിയപ്പോൾ, ആർക്കും അതുവരെ അറിയാത്ത, അമ്മയുടെ പൂർവ കാല ജീവിതത്തിന്റെ വിസ്മയിപ്പിക്കുന്ന കഥകൾ മകളുടെ മുന്നിൽ തുറക്കപ്പെടുകയാണ്. പണ്ട് അവർ താമസിച്ചിരുന്ന വീട്ടിലെത്തിയപ്പോഴാണ്, റോസിയുടെ മരണാന്തര ചടങ്ങുകൾ മാത്രമല്ല അമ്മയുടെ ഈ വരവിന്റെ ഉദ്ദേശ്യമെന്ന് മകൾ തിരിച്ചറിയുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ അവിശ്വസനീയമായ പല സത്യങ്ങളും അവൾ മനസ്സിലാക്കുന്നു.

പതിനാറാം വയസ്സിൽ, വിഭജനത്തിന്റെ ഭയപ്പെടുത്തുന്ന അനുഭവങ്ങളിൽ നിന്ന്​ഓടി രക്ഷപ്പെട്ട അമ്മയ്ക്ക്, വഴിയിൽ വെച്ചു കിട്ടിയ കുട്ടിയാണ് റോസി. അതാണ് അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ രഹസ്യം. ആ പലായനത്തിൽ അമ്മയ്ക്ക് ജീവനും മറ്റൊരു രാജ്യവും കിട്ടിയെങ്കിലും, മുതിർന്നവരുടെ ആശീർവാദത്തോടെ അവൾ ഭർത്താവായി സ്വീകരിച്ച അൻവറിനെയും താൻ സ്വന്തമായി കരുതിയ മണ്ണും അവൾക്ക് നഷ്ടമാകുന്നു. അതന്വേഷിച്ചാണ് അതിർത്തികൾ താണ്ടി അവരവിടെ ചെല്ലുന്നത്. മനസ്സിൽ അതുവരെ കരുതി വെച്ചിരുന്ന എല്ലാ അതിർത്തികളെയും മായ്ച്ചു കളയാനുള്ള ഒടുവിലത്തെ ശ്രമം. വിഭജനത്തെയും, അത് പകർന്നു നൽകിയ അതികഠിനമായ വേദനയേയും വൈകാരികമായോ വിമർശനാത്മകമായോ നോക്കിക്കാണാനല്ല എഴുത്തുകാരി ശ്രമിക്കുന്നത്. പകരം അതിനെ ദാർശനികമായ ഒരു തലത്തിലേക്ക് ഉയർത്താനാണ് ശ്രമം.

കൃഷ്ണ സോബ്ട്ടി. / Photo : Wikimedia Commons
കൃഷ്ണ സോബ്ട്ടി. / Photo : Wikimedia Commons

അമ്മയുടെ വയസ്സ് 80 ആണ്​ എന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷങ്ങൾ കഴിഞ്ഞിട്ടും, രണ്ടു രാജ്യങ്ങൾക്കിടയിലുള്ള അതിർത്തിയിൽ ഒരിക്കലും കെട്ടടങ്ങാത്ത അശാന്തി നിലനിൽക്കുന്നത് ഇരുരാജ്യങ്ങളുടെയും അപക്വതയും വീക്ഷണമില്ലായ്മയുമാണ് കാണിക്കുന്നത്. മതത്തിന്റെയും മിത്തുകളുടെയും സങ്കുചിതചിന്തകളിലേക്കൊതുങ്ങാതെ ശാസ്ത്രത്തിന്റെയും ദാർശനികതയുടെയും വിശാല കാഴ്ചപ്പാടിലേക്ക് വ്യക്തികളും രാജ്യങ്ങളും എത്തണമെന്ന ചിന്തയിലേക്ക് എഴുത്തുകാരി വായനക്കാരെ കൊണ്ടുപോകുന്നു. ഏതാനും പേജുകളിൽ, അതിർത്തികളെ കുറിച്ചുള്ള ശക്തമായ അവരുടെ കാഴ്ചപ്പാട് എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്. ലളിതവും മനോഹരവുമായ ആ ചിന്തകളെ വായിച്ചുതന്നെ അനുഭവിക്കണം.

ശക്തമായ രാഷ്ട്രീയം പറയുന്ന പുസ്തകമല്ല ഇത്. എന്നാൽ, തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഗീതാഞ്​ജലി ഒട്ടും മറച്ചുവെയ്ക്കുന്നില്ല. പുസ്തകം സമർപ്പിച്ചിട്ടുള്ളത് ഗുരുവും വഴികാട്ടിയുമായ കൃഷ്ണ സോബ്ട്ടിക്കാണ്.

രാജ്യത്തിന്റെയും ശരീരത്തിന്റെയും മനസ്സിന്റെയുമൊക്കെ അതിർവരമ്പുകൾ മുറിച്ചു കടക്കുന്ന ഒരമ്മയെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഭർത്താവിന്റെ പേര് ചോദിക്കുമ്പോൾ അൻവർ എന്നാണവർ പറയുന്നത്. വീടിനെ കുറിച്ച് ചോദിക്കുമ്പോൾ ഒരു പിടി മണ്ണ് വാരി കാണിക്കുന്നു.
വിസയില്ലാത്ത കുറ്റത്തിന് തടവിലാക്കപ്പെടുമ്പോൾ, അനുമതിയില്ലാതെ ആ പ്രദേശത്തേക്ക് വന്നതിന് അവരെ പട്ടാളക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങൾ മറ്റൊരു രാജ്യത്തിൽ നിന്ന്​ വന്നവരാണെന്നു പറയുമ്പോൾ, ഞാനിവിടെ നിന്ന്​പോയി തിരികെ വന്നതാണ് എന്നാണവരുടെ മറുപടി. അതിർത്തികളുടെ അർത്ഥമില്ലായ്മയെ കുറിച്ച് ഒരു പാട് നിരീക്ഷണങ്ങൾ എഴുത്തുകാരി നടത്തുന്നുണ്ട്.

ശക്തമായ രാഷ്ട്രീയം പറയുന്ന പുസ്തകമല്ല ഇത്. എന്നാൽ, തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഗീതാഞ്​ജലി ഒട്ടും മറച്ചുവെയ്ക്കുന്നില്ല. പുസ്തകം സമർപ്പിച്ചിട്ടുള്ളത് ഗുരുവും വഴികാട്ടിയുമായ കൃഷ്ണ സോബ്ട്ടിക്കാണ്. ലൗ ജിഹാദ്​ ഒക്കെ വലിയ രാഷ്ട്രീയവിഷയമായ ഈ കാലത്ത്, മുസ്​ലിമായ മുൻ ഭർത്താവിനെ അന്വേഷിച്ച് ഒരു ഹിന്ദു വയോധിക പാകിസ്താനിലേക്ക് പോകുന്നത് കഥയുടെ വിഷയമാക്കിയത് യാദൃശ്ചികമാവാൻ വഴിയില്ല.

തീവ്രാനുഭവങ്ങളോ അതിവൈകാരിക മുഹൂർത്തങ്ങളോ ഈ പുസ്തകം സമ്മാനിക്കുന്നില്ല. വളരെ സാധാരണമായ രീതിയിൽ കഥപറയുന്ന ശൈലിയാണ് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷ വായിച്ചതുകൊണ്ട് മൂലകൃതിയിലെ ചില വായനാനുഭവങ്ങൾ ചോർന്നുപോയിട്ടുണ്ടാവാം. ഹിന്ദിയെ രാഷ്​ട്രഭാഷയാക്കണമെന്ന വാദപ്രതിവാദം നടക്കുന്നതിനിടയിൽ, ഹിന്ദിയിൽ എഴുതിയ ഈ പുസ്തകം ഇംഗ്ലീഷിൽ വായിക്കേണ്ടി വന്നതിന്റെ ഐറണി പറയാതെ പോകാൻ വയ്യ.

സൂര്യനു കീഴിലെ ഒരു വിധം എല്ലാ കാര്യങ്ങളെ കുറിച്ചും കഥാകാരി പ്രതിപാദിക്കുന്നുണ്ട് എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. ചിലതിനു നേരെ പരിഹാസത്തിന്റെ മൂർച്ഛയുള്ള അമ്പുകളയക്കാനും അവർ മടിക്കുന്നില്ല. അങ്ങനെ, ക്യാപിറ്റൽ ജീവിതരീതിയുടെ പ്രതീകമായി റീബോക്ക് ഷൂസും, മൺചട്ടികളിലാക്കി വീട്ടിൽ നിറയുന്ന ആലുവേര ചെടിയും, വിദേശത്തെ വലിയ കമ്പനിയിലെ സി.ഇ. ഒ ആയ, അവിടെയിരുന്ന് സകല കാര്യങ്ങൾക്കും ഉപദേശവും അഭിപ്രായവും നൽകുന്ന ചെറുമകനുമൊക്കെ ആ അമ്പുകൾക്കിരയാവുന്നു. പലയിടങ്ങളിലും അതിസൂക്ഷമമായ വിശദംശങ്ങളിലേക്ക് കഥ നീളുന്നു. മന്ദഗതിയിലുള്ള ഈ ആഖ്യാനം പലപ്പോഴും വായനയേയും ബാധിക്കുന്നുണ്ട് എന്നതും സത്യമാണ്. ഇന്ത്യയുടെയും പാകിസ്ഥാൻന്റേയും കഥയ്ക്ക് ഇവിടെ കിട്ടുന്ന സ്വീകാര്യതയും വൈകാരികതയും ആഗോളതലത്തിൽ ലഭ്യമാവുമോ എന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

ക്ഷമയോടെയിരുന്ന് പതുക്കെ വായിച്ചാസ്വദിക്കേണ്ട പുസ്തകമാണിത്. സാഹിത്യത്തെ സ്‌നേഹിക്കുന്നവർ ഈ പുസ്തകത്തെ അവഗണിക്കരുത്.

ഡാനിഷ് സിദ്ധിഖി. / Photo : Danish Siddiqui Foundation, Fb Page
ഡാനിഷ് സിദ്ധിഖി. / Photo : Danish Siddiqui Foundation, Fb Page

ആദ്യമായാണ് ഒരു ഇന്ത്യൻ എഴുത്തുകാരിക്ക് ബുക്കർ ഇന്റനാഷണൽ അവാർഡ് ലഭിക്കുന്നത്. എന്നാൽ അതിനനുസരിച്ചുള്ള അംഗീകാരം അവർക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇന്നത്തെ ഭരണകൂടം അതിനെ വേണ്ട പോലെ അംഗീകരിച്ചതായി കരുതാൻ വയ്യ. അടുത്തിടെ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ധിഖിക്ക് പുലിസ്റ്റർ സമ്മാനം കിട്ടിയപ്പോഴും സമാന പ്രതികരണമാണ് ലഭിച്ചത്. അതിനുകാരണം അവർ മുറുകെ പിടിക്കുന്ന രാഷ്ട്രീയ ബോധമാണ്. ഇടുങ്ങിയ രാഷ്ട്രീയ, ദേശീയ ചിന്തകൾ മാറ്റിവെച്ച് കൂടുതൽ വിശാലമായി ചിന്തിക്കണമെന്നാണ് ഈ പുസ്തകം നൽകുന്ന ഒരു സന്ദേശം. ചരിത്രസ്മാരകങ്ങൾ മാന്തിയെടുത്ത് വിദ്വേഷത്തിന്റെ പുതിയ വിത്തുകൾ തിരയുന്നതിന് പകരം, പുതിയ ചരിത്രം കുറിക്കാൻ എല്ലാവരും തയ്യാറാവേണ്ട സമയമായി എന്നും അത് നമ്മെ ഓർമ്മിപ്പിക്കുന്നു.

വിപുലമായ ഈ പുസ്തകത്തെ കുറിച്ച് ഒരുപാട് എഴുതാൻ പ്രയാസമാണ്. ഫ്രാൻസിസ്​ ബേക്കൺ പറഞ്ഞതുപോലെ, ‘Some books are to be chewed and digested'. അങ്ങനെ, ക്ഷമയോടെയിരുന്ന് പതുക്കെ വായിച്ചാസ്വദിക്കേണ്ട പുസ്തകമാണിത്. സാഹിത്യത്തെ സ്‌നേഹിക്കുന്നവർ ഈ പുസ്തകത്തെ അവഗണിക്കരുത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments