Black Paper;
തകർന്ന ലോകത്തെക്കുറിച്ച്
ഇരുട്ടിൽ നിന്നൊരു എഴുത്ത്

നൈജീരിയൻ എഴുത്തുകാരനായ റ്റെജു കോൾ എഴുതിയ ‘Black Paper: Writing in a Dark Time’ എന്ന പുസ്തകത്തെക്കുറിച്ച് കുഞ്ഞുണ്ണി സജീവ് എഴുതുന്നു. ഇന്ത്യൻ യുവാക്കൾ ‘കൂറ’കളായി തെരുവിൽ മുദ്രാവാക്യം മുഴക്കുന്ന കാലത്ത് വായിക്കേണ്ട പുസ്തകം.

“നിങ്ങളൊരു ഹെയ്തിയൻ എഴുത്തുകാരനാണോ? അതോ കരീബിയൻ എഴുത്തുകാരനാണോ? നിങ്ങൾ ഉപയോഗിക്കുന്ന ഭാഷ ഫ്രഞ്ച് ആണല്ലോ? അപ്പോൾ ഫ്രഞ്ച് എഴുത്തുകാരനായി കരുതാം അല്ലേ?”

എഴുത്തുകാരന്റെ അസ്തിത്വം തേടുന്ന ഈ ചോദ്യത്തിന് ഡാനി ലാഫെറിയർ (Dany Laferriere) മറുപടിയായി പറഞ്ഞത്, താൻ ഓരോ വായനക്കാരുടെയും അസ്തിത്വത്തിലേക്ക് വളരുമെന്നാണ്. ഉദാഹരണത്തിന് ജാപ്പനീസ് വായനക്കാരാൽ വായിക്കപ്പെടുമ്പോൾ അദ്ദേഹം ജാപ്പനീസ് എഴുത്തുകാരായി രൂപാന്തരപ്പെടുന്നു. എഴുത്തുകാർ വായനക്കാരെയും വായനക്കാർ എഴുത്തുകാരെയും ചുമലിലേറ്റി യാത്ര ചെയ്യുമ്പോൾ പുതിയ വഴികൾ തുറക്കപ്പെടുന്നു; ലാഫെറിയർ കൂട്ടിച്ചേർക്കുന്നു. ഒരേസമയം ഒന്നാവാനും പലതാവാനുമുള്ള സാധ്യത സാഹിത്യത്തിന് കൈവരുന്ന അപൂർവ സന്ദർഭമാണ് പരസ്പരം ചുമലിലേറ്റിയുള്ള ഈ നടത്തം, അഥവാ പരിഭാഷ.

മികച്ച പരിഭാഷകൾ സാധ്യമാകുന്ന ലോകത്ത് ഭാഷയോ ദേശീയതയോ അല്ല എഴുത്തുകാരുടെ അസ്തിത്വം നിർണയിക്കുക. പരിഭാഷയെ പരസ്പരം ചുമലിലേറ്റിയുള്ള നടത്തമായി- carrying and being carried- മനസ്സിലാക്കുന്നത് നൈജീരിയൻ എഴുത്തുകാരനായ റ്റെജു കോളാണ്.

2019-ൽ പ്രസിദ്ധീകരിച്ച“Carrying a Single Life: On Literature and Translation” എന്ന ലേഖനത്തിൽ കോൾ ഈ ആശയം വ്യക്തമാക്കുന്നുണ്ട്‌. Translation എന്ന വാക്കിന്റെ ലാറ്റിൻ വേരായ translatio-നെ trans- അപ്പുറം, കുറുകെ- എന്നും ferre- വഹിക്കുക എന്നും പിരിച്ചെടുത്ത്, വിവർത്തകരെ കടത്തുകാരായി അദ്ദേഹം സങ്കൽപ്പിക്കുന്നു: ഒരു തീരത്തുനിന്ന് മറ്റൊരു തീരത്തേക്ക് അർത്ഥത്തെ കൊണ്ടുപോകുന്ന മനുഷ്യൻ. ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് കടക്കുമ്പോൾ ഒരു കൃതി മറ്റൊരു സാഹിത്യത്തിന്റെ ഭാഗമാകുന്നു; അതോടെ എഴുത്തുകാരും ആ പുതിയ സാഹിത്യത്തിന്റെ ഭാഗമാകുന്നു. വായനക്കാരും എഴുത്തുകാരും പരിഭാഷയിലൂടെ നേടിയെടുക്കുന്നത് ഈ അസ്തിത്വവളർച്ചയാണ്.

നൈജീരിയൻ അധികാരികൾ പ്രക്ഷോഭസ്വരങ്ങളുയർത്തുന്ന പുതുതലമുറയെ വിശേഷിപ്പിച്ചിരുന്നത് സോഷ്യൽ മീഡിയ ഉപയോഗിച്ച് സമയം കളയുന്ന, ഉപയോഗ്യശൂന്യരായ മരത്തലയന്മാർ എന്ന നിലയ്ക്കാണ്.

കോൾ മുന്നോട്ടുവെക്കുന്ന എല്ലാ ചിന്തകളുടെയും അടിസ്ഥാനസ്വഭാവം ഇവിടെ കണ്ടെത്താം - ഒന്നിൽ നിന്ന് പലതിലേക്കും തിരിച്ചുമുള്ള വളർച്ച. ദേശവും ഭാഷയും സംസ്കാരവും അദ്ദേഹത്തിന്റെ എഴുത്തിൽ അതിരുകളായി നിലനിൽക്കുന്നില്ല. മറിച്ച് അവ പരസ്പരം കടന്നുപോകുന്ന വഴികളാണ്. ലാഗോസ് എന്ന നൈജീരിയൻ നഗരത്തിൽനിന്ന് അമേരിക്കയിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും സഞ്ചരിക്കുന്ന ഒരു ആഗോള ആഖ്യാനത്തിലാണ് കോളിന്റെ ലോകം രൂപപ്പെടുന്നത്. സാഹിത്യം, ചിത്രകല, ഫോട്ടോഗ്രഫി, സിനിമ, സംഗീതം, ചരിത്രം- ഇവയൊന്നും അദ്ദേഹത്തിന് വേർതിരിച്ച അറകളല്ല. അവയെല്ലാം ലോകത്തെ കാണാനുള്ള വ്യത്യസ്ത ഇന്ദ്രിയങ്ങളാണ്. അത്തരം പല കാഴ്ച്ചകൾ ഉൾച്ചേർന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘ബ്ലാക്ക് പേപ്പർ’ (2021) എന്ന പുസ്തകം.

റ്റെജു കോൾ
റ്റെജു കോൾ

അലൈൻ കസ്സാണ്ട (Alain Kassanda) സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ 'Coconut Head Generation' എന്ന ഡോക്യുമെന്ററിയിലൂടെയാണ് നൈജീരിയയുടെ സമകാലിക എഴുത്തും ചിന്തയും എന്റെ ശ്രദ്ധയിൽപ്പെടുന്നത്. നൈജീരിയയിലെ യൂണിവേഴ്സിറ്റി ഓഫ് ഇബാദനിലെ വിദ്യാർത്ഥികൾ എല്ലാ വ്യാഴാഴ്ചയും നടത്തുന്ന ഫിലിം സ്‌ക്രീനിങാണ് ഡോക്യുമെന്ററിയുടെ പശ്ചാത്തലം. ഫിലിം സ്‌ക്രീനിങ്ങും അതെതുടർന്ന് നടക്കുന്ന ചർച്ചകളും പിന്നീട് വലിയ ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുന്നു. ഇന്ത്യൻ യുവാക്കൾ ‘കൂറ’കളായി (Cockroach Janata Party) തെരുവിൽ മുദ്രാവാക്യം മുഴക്കുന്നതിനുമുൻപ് നൈജീരിയയിൽ 2017 മുതൽ 2020 വരെ നീണ്ടുനിന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നയിച്ചിരുന്നത് ‘മരത്തലയന്മാരാ’യിരുന്നു (Coconut Head Generation).

നേപ്പാൾ, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ജെൻ സി പ്രക്ഷോഭങ്ങൾ നടക്കുന്നതിനും മുൻപ് നൈജീരിയയിൽ ജെൻ സി തലമുറ തെരുവിലിറങ്ങിയിരുന്നു. നൈജീരിയൻ അധികാരികൾ പ്രക്ഷോഭസ്വരങ്ങളുയർത്തുന്ന പുതുതലമുറയെ വിശേഷിപ്പിച്ചിരുന്നത് സോഷ്യൽ മീഡിയ ഉപയോഗിച്ച് സമയം കളയുന്ന, ഉപയോഗ്യശൂന്യരായ മരത്തലയന്മാർ എന്ന നിലയ്ക്കാണ്. എതിർസ്വരങ്ങളെ അപരമായും നികൃഷ്ടമായും കാണുന്ന അധികാരികൾ നൽകിയ പേര് തന്നെ ഏറ്റെടുത്ത് പ്രക്ഷോഭത്തിനിറങ്ങിയ യുവാക്കൾ ഭീകര പോലീസ് അക്രമം നേരിട്ടു.

‘black’ എന്നത് ഒരു നിറമല്ല. അത് ചരിത്രമാണ്, ഓർമ്മയാണ്, ശരീരമാണ്. ദൃശ്യതയും അദൃശ്യതയും തമ്മിലുള്ള രാഷ്ട്രീയമാണ്. ഒരു കറുത്ത ശരീരത്തെ ലോകം എങ്ങനെയാണ് കാണുന്നത്? അവരുടെ ശരീരം ചിത്രീകരിക്കപ്പെടുന്നത് എങ്ങനെയാണ്?

ചിന്തിക്കുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന തിരിച്ചറിവാണ് ഡോക്യുമെന്ററിയുടെ കേന്ദ്ര ആശയം. ഒരു ചെറിയ ഹാളിൽ സിനിമ കാണുന്ന വിദ്യാർത്ഥികൾ അവരുടെ കാലത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു, സിനിമ ചർച്ചയാകുന്നു; ചർച്ച രാഷ്ട്രീയബോധമാകുന്നു; രാഷ്ട്രീയബോധം പ്രവർത്തനമായി മാറുന്നു. കലയ്ക്ക് രാഷ്ട്രീയത്തെ നേരിട്ട് മാറ്റിമറിക്കുവാൻ കഴിയുമോ എന്ന പഴയ ചോദ്യത്തേക്കാൾ രസകരമായ ഒരു സാധ്യതയാണ് ഇവിടെ തുറക്കുന്നത്: കലയ്ക്ക് വ്യത്യസ്ത ലോകവീക്ഷണങ്ങൾ മനുഷ്യർക്ക് പഠിപ്പിച്ചു കൊടുക്കാനാകുമോ?. റ്റെജു കോളെന്ന ചിന്തകൻ ഡോക്യുമെന്ററിയിൽ കടന്നുവരുന്നതും ഈ സാധ്യത മുൻനിർത്തിയാണ്.

2021-ൽ പ്രസിദ്ധീകരിച്ച Black Paper: Writing in a Dark Time എന്ന അദ്ദേഹത്തിന്റെ ലേഖന സമാഹാരം അടിസ്ഥാനപരമായി ഇരുട്ടിനെക്കുറിച്ചുള്ള പുസ്തകമാണ്. കോളിന്റെ ഇരുട്ട് പ്രകാശത്തിന്റെ അഭാവം മാത്രമല്ല. ചരിത്രപരമായ അക്രമം, വംശീയത, കുടിയേറ്റം, യുദ്ധം, വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ച, കാലാവസ്ഥാ പ്രതിസന്ധി, വ്യക്തിപരമായ ദുഃഖം, ഓർമ്മ, മരണബോധം- ഇവയെല്ലാം ചേർന്നുണ്ടാക്കുന്ന ചരിത്രപരമായ അന്തരീക്ഷമാണ്.

2021-ൽ പ്രസിദ്ധീകരിച്ച Black Paper: Writing in a Dark Time എന്ന അദ്ദേഹത്തിന്റെ ലേഖന സമാഹാരം അടിസ്ഥാനപരമായി ഇരുട്ടിനെക്കുറിച്ചുള്ള പുസ്തകമാണ്.
2021-ൽ പ്രസിദ്ധീകരിച്ച Black Paper: Writing in a Dark Time എന്ന അദ്ദേഹത്തിന്റെ ലേഖന സമാഹാരം അടിസ്ഥാനപരമായി ഇരുട്ടിനെക്കുറിച്ചുള്ള പുസ്തകമാണ്.

Black Paper- ന്റെ അഞ്ച് പ്രധാന ഭാഗങ്ങൾ- ‘After Caravaggio’, ‘Elegies’, ‘Shadows’, ‘Coming to Our Senses’, ‘In a Dark Time’- വ്യത്യസ്ത വിഷയങ്ങളായി തോന്നുമ്പോഴും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന ചിന്താലോകമാണ് നിർമ്മിക്കുന്നത്.

പുസ്തകം ആരംഭിക്കുന്നത് കാര്വാഗിയോയെ (Caravaggio) പിന്തുടരുന്ന യാത്രയിലൂടെയാണ്. 17-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരന്റെ ജീവിതവും നാടുവിടലും പിന്തുടർന്ന് കോൾ സഞ്ചരിക്കുന്നു. എന്നാൽ കാര്വാഗിയോയുടെ ചരിത്രത്തിൽ അദ്ദേഹം കുടുങ്ങിക്കിടക്കുന്നില്ല. ചിത്രകാരൻ കടന്നുപോയ ഭൂമിശാസ്ത്രത്തിലൂടെ ഇന്നത്തെ യൂറോപ്പിലേക്ക്, പ്രത്യേകിച്ച് ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ജീവിതത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നു. പഴയ ചിത്രത്തിലെ വെളിച്ചവും നിഴലും ഇന്നത്തെ അഭയാർത്ഥികളുടെ ജീവിതത്തിലെ ഇരുട്ടും തമ്മിൽ ഒരു അപ്രതീക്ഷിത ബന്ധം അദ്ദേഹം കണ്ടെത്തുന്നു. ഒരു ചിത്രത്തെക്കുറിച്ച് എഴുതുമ്പോൾ അദ്ദേഹം ചിത്രം മാത്രമല്ല ചർച്ചാവിഷയമാക്കുന്നത്. ചിത്രത്തിനു പുറത്തേക്ക് അദ്ദേഹത്തിന്റെ നോട്ടം പായുന്നു. ഒരു മനുഷ്യന്റെ മുഖത്തുനിന്ന് മറ്റൊരു മനുഷ്യന്റെ ചരിത്രത്തിലേക്ക്, ഒരു നഗരത്തിൽനിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക്, ഒരു പഴയ ചിത്രകാരന്റെ ജീവിതത്തിൽനിന്ന് ഇന്നത്തെ അഭയാർത്ഥിയുടെ ദുരിതത്തിലേക്ക്, അങ്ങനെ നോക്കുമ്പോൾ Black Paper ഒരു കലാനിരൂപണപുസ്തകമല്ല. കലയുടെ സഹായത്തോടെ ലോകത്തെ വീണ്ടും കാണാനുള്ള ശ്രമമാണ്.

ഒരു എഴുത്തുകാരനെ ഹെയ്തിയൻ, കരീബിയൻ, ഫ്രാങ്കോഫോൺ, അമേരിക്കൻ, ആഫ്രിക്കൻ എന്നിങ്ങനെ പെട്ടികളിലാക്കാൻ കഴിയുമോ?

പുസ്തകത്തിന്റെ രണ്ടാം ഭാഗമായ ‘Shadows’-ൽ കോൾ ഫോട്ടോഗ്രഫിയിലേക്കും ചിത്രകലയിലേക്കും തിരിയുന്നു. ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രഫർ സന്തു മോഫോകെങ് (Santu Mofokeng), മേരി കോസിൻദാസ് (Marie Cosindas), കേരി ജെയിംസ് മാർഷൽ (Kerry James Marshall), ലോർണ സിംപ്സൺ (Lorna Simpson) തുടങ്ങിയ സ്രഷ്ടാക്കളെക്കുറിച്ചുള്ള എഴുത്തുകൾ ഇതിൽ ഉൾപ്പെടുന്നു.

The Blackness of the Panther എന്ന ലേഖനത്തിൽ Black Panther സിനിമയെയും പരിശോധിക്കുന്നു. ഇവിടെ ‘black’ എന്നത് ഒരു നിറമല്ല. അത് ചരിത്രമാണ്, ഓർമ്മയാണ്, ശരീരമാണ്. ദൃശ്യതയും അദൃശ്യതയും തമ്മിലുള്ള രാഷ്ട്രീയമാണ്. ഒരു കറുത്ത ശരീരത്തെ ലോകം എങ്ങനെയാണ് കാണുന്നത്? അവരുടെ ശരീരം ചിത്രീകരിക്കപ്പെടുന്നത് എങ്ങനെയാണ്? ആരുടെ ദുഃഖമാണ് അവിടെ ചരിത്രമായി മാറുന്നത്? ആരുടെ ജീവിതമാണ് ഒരു കണക്കായി ചുരുങ്ങുന്നത്? ആരുടെ മുഖമാണ് വ്യക്തമായി കാണപ്പെടുന്നത്? ആരുടെ മുഖമാണ് “ജനവിഭാഗത്തിന്റെ” പ്രതിനിധിയായി മാത്രം പ്രദർശിപ്പിക്കപ്പെടുന്നത്?-ഇത്തരം ചോദ്യങ്ങളാണ് കോളിന്റെ കലാനിരൂപണത്തെ രാഷ്ട്രീയമാക്കുന്നത്.

The Blackness of the Panther എന്ന ലേഖനത്തിൽ Black Panther സിനിമയെയും പരിശോധിക്കുന്നു. ഇവിടെ ‘black’ എന്നത് ഒരു നിറമല്ല. അത് ചരിത്രമാണ്, ഓർമ്മയാണ്, ശരീരമാണ്.
The Blackness of the Panther എന്ന ലേഖനത്തിൽ Black Panther സിനിമയെയും പരിശോധിക്കുന്നു. ഇവിടെ ‘black’ എന്നത് ഒരു നിറമല്ല. അത് ചരിത്രമാണ്, ഓർമ്മയാണ്, ശരീരമാണ്.

എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം മുദ്രാവാക്യങ്ങളുടെ രാഷ്ട്രീയം മാത്രമല്ല. നോട്ടത്തിന്റെ രാഷ്ട്രീയം കൂടിയാണ്. ശരിയായി നോക്കുക, ശ്രദ്ധിക്കുക, ഒരു മനുഷ്യനെ അവനെ അവന്റെ സമ്പൂർണ സങ്കീർണതയിൽ കാണുക- ഇതൊക്കെയും ഒരു നൈതിക പ്രവർത്തനമായി കോൾ മനസ്സിലാക്കുന്നു. അതിനാലാണ് പുസ്തകത്തിലെ “Coming to Our Senses” എന്ന ഭാഗം നിർണായകമാകുന്നത്. experience epiphany, ethics എന്നിവ ഇവിടെ പരസ്പരം ബന്ധപ്പെടുന്നു. ലോകത്തെ കാണുന്നതും ലോകത്തോട് ഉത്തരവാദിത്തം പുലർത്തുന്നതും വേർതിരിക്കാനാവില്ല എന്നതാണ് കോൾ മുന്നോട്ടുവയ്ക്കുന്ന ചിന്ത. അനുഭവത്തെ സ്വീകരിക്കുകയും, ഇന്ദ്രിയങ്ങളെ കൂടുതൽ വിശാലമായി ഉപയോഗിക്കുകയും, അതിലൂടെ നൈതിക പ്രതിബദ്ധത ശക്തമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് കോൾ ചിന്തിക്കുന്നത്.

Black Paper- ലെ ‘Elegies’ എന്ന ഭാഗത്ത് എത്തുമ്പോൾ കോളിന്റെ എഴുത്ത് കൂടുതൽ വ്യക്തിപരമാകുന്നു. Room 406, Mama’s Shroud, A Letter to John Berger, A Quartet for Edward Said തുടങ്ങിയ എഴുത്തുകൾ വ്യക്തിപരമായ നഷ്ടത്തെയും ബൗദ്ധിക പാരമ്പര്യത്തെയും ഓർമ്മയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇവിടെ മരിച്ചുപോയവരെ ഓർക്കുന്നത് ഒരു സ്വകാര്യ ചടങ്ങായി മാത്രം നിലനിൽക്കുന്നില്ല. ഒരാളെ ഓർക്കുക എന്നത് അയാളുടെ അഭാവത്തെ അംഗീകരിക്കലും അതോടൊപ്പം അയാളുടെ സാന്നിധ്യം മറ്റൊരാളിലേക്ക് കൈമാറലുമാണ്. അതാണ് Black Paper- ന്റെ മറ്റൊരു പ്രധാന ആശയം: ഒറ്റയായ ജീവിതമല്ല നമ്മുടേത്, നമ്മൾ മറ്റുള്ളവരുടെ ഓർമ്മകളിലും വാക്കുകളിലും ചിത്രങ്ങളിലും ജീവിക്കുന്നു (John Berger). ജോൺ ബർഗറിനും (Edward Said) എഡ്‌വേഡ് സൈദിനും കോൾ എഴുതുന്ന സ്മരണകൾ ഇതിന്റെ ഉദാഹരണങ്ങളാണ്. ഒരാൾ നമ്മെ വിട്ടുപിരിഞ്ഞാലും, അയാളെ നാം ചുമന്നുകൊണ്ടിരിക്കുന്നു; അയാളെ വായിക്കുമ്പോൾ അദ്ദേഹത്തെയും ചുമന്നുകൊണ്ടാണ് നാം യാത്ര തുടരുന്നത്. എഴുത്തും വായനയും അങ്ങനെ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് മനുഷ്യരെ കൈമാറുന്ന പ്രവർത്തനങ്ങളായി മാറുന്നു.

ഒരു ദുരന്തസമയത്ത് ഒരാൾക്ക് ഒറ്റയ്ക്ക് രക്ഷപ്പെടാനാവില്ല. ആരെയെങ്കിലും ചുമക്കേണ്ടിവരും; ആരെങ്കിലും നമ്മളെ ചുമക്കേണ്ടിവരും. കോൾ സാഹിത്യത്തെ ഇതുപോലെയുള്ള ഒരു പരസ്പര ആശ്രയമായി കാണുന്നു.

ഇവിടെയാണ് ലഫ്‌റീരിയറുടെ (Laferrière) എഴുത്തുകാരൻ – വായനക്കാരൻ ബന്ധവും കോളിന്റെ carrying and being carried എന്ന ആശയവും പരസ്പരം കണ്ടുമുട്ടുന്നത്. Black Paper- ന്റെ അവസാന ഭാഗമായ ‘In a Dark Time’-ൽ കോൾ ഈ ചിന്തയെ നേരിട്ട് രാഷ്ട്രീയവും നൈതികവുമായ ചോദ്യമാക്കുന്നു. “A Time for Refusal”, “Resist, Refuse”, “Through the Door”, “Passages North”, “On Carrying and Being Carried” എന്നീ എഴുത്തുകളിലൂടെയാണ് പുസ്തകം അതിന്റെ അവസാനത്തിലേക്ക് കടക്കുന്നത്. ഇവിടെ refusal എന്നത് വെറും എതിർപ്പല്ല, എല്ലാം സാധാരണയായി തുടരുന്നു എന്ന ബോധ്യത്തോടുള്ള വിസമ്മതമാണ്. അനീതിയെ സ്വാഭാവികമാക്കുന്ന ഭാഷയെ നിരസിക്കലാണ്. മനുഷ്യരുടെ വേദനയെ ഒരു വാർത്തയായി മാത്രം കാണുന്നതിനെ നിരസിക്കലാണ്. അതിനാൽ Black Paper- ൽ എഴുത്തുകാരന്റെ ജോലി ലോകത്തിന് പരിഹാരം നൽകുക എന്നതല്ല. മറിച്ച് ലോകം തകർന്നുകൊണ്ടിരിക്കുകയാണെന്ന വസ്തുതയെ കാണാനുള്ള വായനക്കാരുടെ കഴിവിനെ വളർത്തുക എന്നതാണെന്ന് കണ്ടെത്തുന്നു.

ജോൺ ബർഗർ
ജോൺ ബർഗർ

ഇവിടെയാണ് ‘carrying’ വീണ്ടും വരുന്നത്. ഒരു ദുരന്തസമയത്ത് ഒരാൾക്ക് ഒറ്റയ്ക്ക് രക്ഷപ്പെടാനാവില്ല. ആരെയെങ്കിലും ചുമക്കേണ്ടിവരും; ആരെങ്കിലും നമ്മളെ ചുമക്കേണ്ടിവരും. കോൾ സാഹിത്യത്തെ ഇതുപോലെയുള്ള ഒരു പരസ്പര ആശ്രയമായി കാണുന്നു. “Carrying a Single Life” എന്ന ലേഖനത്തിൽ അദ്ദേഹം സാഹിത്യത്തിന്റെ ഏറ്റവും ചെറിയ പ്രവർത്തനത്തെയും- ഒരൊറ്റ വായനക്കാരന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്നതിനെപ്പോലും- അതീവ ഗൗരവത്തോടെ കാണുന്നു. ഇത് സാഹിത്യത്തെക്കുറിച്ചുള്ള ഒരു റൊമാന്റിക് പ്രസ്താവനയല്ല. മറിച്ച്, നമ്മുടെ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നിനുള്ള മറുപടിയാണ്: മറ്റൊരാളുടെ ജീവിതത്തെ എത്രത്തോളം നമ്മുടെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്ക് കഴിയും?.

ഒരു എഴുത്തുകാരനെ ഹെയ്തിയൻ, കരീബിയൻ, ഫ്രാങ്കോഫോൺ, അമേരിക്കൻ, ആഫ്രിക്കൻ എന്നിങ്ങനെ പെട്ടികളിലാക്കാൻ കഴിയുമോ? റ്റെജു കോളിനെ നോവലിസ്റ്റ് എന്നു വിളിക്കാം, ഫോട്ടോഗ്രാഫർ എന്നു വിളിക്കാം, വിമർശകൻ എന്നും പറയാം. എന്നാൽ ഈ വിശേഷണങ്ങളൊന്നും അദ്ദേഹത്തിന്റെ എഴുത്തിന്റെ സഞ്ചാരത്തെ പൂർണമായി വിശദീകരിക്കുന്നില്ല. ലാഗോസ് അദ്ദേഹത്തിന്റെ എഴുത്തിൽ ന്യൂയോർക്കിനെ കാണുന്നു. ന്യൂ യോർക്ക് ലാഗോസിനെ തിരിച്ചും. കാര്വാഗ്ഗിയോയുടെ (Caravaggio) സിസിലി (Sicily) ഇന്നത്തെ മെഡിറ്ററേനിയൻ കുടിയേറ്റ പ്രതിസന്ധിയിലേക്ക് വളരുന്നു. ഒരു ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫറുടെ ചിത്രം അമേരിക്കൻ വായനക്കാരന്റെ കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു. എഡ്‌വേഡ് സൈദിന്റെ ഓർമ്മ മറ്റൊരു തലമുറയിലെ എഴുത്തുകാരന്റെ രാഷ്ട്രീയബോധമായി മാറുന്നു. ഒരു സിനിമാ ചർച്ചയിൽ പങ്കെടുക്കുന്ന Ibadan വിദ്യാർത്ഥികൾ അവരുടെ സ്വന്തം രാഷ്ട്രീയത്തെ മാത്രമല്ല, ലോകത്തെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പത്തെയും പുനർനിർമ്മിക്കുന്നു. ഇതാണ് Black Paper- ന്റെ യഥാർത്ഥ ഭൂമിശാസ്ത്രം. അത് രാജ്യങ്ങളുടെ ഭൂപടമല്ല. ബന്ധങ്ങളുടെ ഭൂപടമാണ്.

ലോകം തകർന്നിരിക്കുമ്പോൾ എഴുത്ത് അതിനെ വീണ്ടും പൂർണമാക്കണമെന്നില്ല. എന്നാൽ തകർച്ചയുടെ ഇടയിൽ കാണാതെ പോകുന്ന മനുഷ്യരെ കാണാൻ അത് നമ്മെ നിർബന്ധിച്ചേക്കാം.

“പൂർണമായും തകർന്ന ഒരു ലോകത്തെ എങ്ങനെ വിശദീകരിക്കാം?”- ഈ ചോദ്യം Black Paper- ന്റെ തുടക്കത്തിൽ മാത്രമല്ല; ഓരോ പേജിനടിയിലും കേൾക്കാം. എന്നാൽ കോൾ അതിന് ഒരൊറ്റ ഉത്തരം നൽകുന്നില്ല. പകരം അദ്ദേഹം പല വഴികൾ പരീക്ഷിക്കുന്നു: ഒരു ചിത്രത്തെ വിശദീകരിക്കുന്നു, ഒരു ഫോട്ടോഗ്രാഫിന്റെ നിഴലിൽ നിൽക്കുന്നു, ഒരു മരിച്ച സുഹൃത്തിനെ ഓർക്കുന്നു, ഒരു അഭയാർത്ഥിയോട് സംസാരിക്കുന്നു, ഒരു സിനിമയെ വിമർശിക്കുന്നു, ഒരു പഴയ ചിത്രകാരനെ പിന്തുടരുന്നു, ഒരു നഗരത്തിൽനിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്നു, സ്വന്തം ഇന്ദ്രിയങ്ങളെ വീണ്ടും വിശ്വസിക്കാൻ പഠിക്കുന്നു.

ലോകം തകർന്നിരിക്കുമ്പോൾ എഴുത്ത് അതിനെ വീണ്ടും പൂർണമാക്കണമെന്നില്ല. എന്നാൽ തകർച്ചയുടെ ഇടയിൽ കാണാതെ പോകുന്ന മനുഷ്യരെ കാണാൻ അത് നമ്മെ നിർബന്ധിച്ചേക്കാം. ഇവിടെയാണ് എഴുത്തിന്റെ ഏറ്റവും വലിയ ശക്തി പ്രകടമാകുന്നത്. അദ്ദേഹം പ്രതീക്ഷയെ ഒരു ലളിതമായ രാഷ്ട്രീയ മുദ്രാവാക്യമായി അവതരിപ്പിക്കുന്നില്ല. ഇരുട്ടിനുള്ളിൽതന്നെ കാണാനുള്ള ശേഷിയാണ് പ്രതീക്ഷ. ദുഃഖത്തെ ഒഴിവാക്കാതെ അതിലൂടെ കടന്നുപോകാനുള്ള കഴിവാണ് പ്രതീക്ഷ. മറ്റൊരാളുടെ ജീവിതത്തെ സ്വന്തം ജീവിതത്തിന്റെ അതിരുകൾക്കപ്പുറം പരിഗണിക്കാനുള്ള കഴിവാണ് പ്രതീക്ഷ. അതിനാൽ Black Paper ഇരുട്ടിനെക്കുറിച്ചുള്ള പുസ്തകമായിരിക്കുമ്പോഴും നിരാശയുടെ പുസ്തകമല്ല. ഇരുട്ടിൽ എങ്ങനെ കാണണം എന്നതിനെക്കുറിച്ചുള്ള പുസ്തകമാണ് അത്. അതുകൊണ്ടുതന്നെ അതിന്റെ രാഷ്ട്രീയം ‘പ്രതിരോധിക്കുക’ എന്നതിൽ അവസാനിക്കുന്നില്ല.

“പൂർണമായും തകർന്ന ഒരു ലോകത്തെ എങ്ങനെ വിശദീകരിക്കാം?”- ഈ ചോദ്യം Black Paper- ന്റെ തുടക്കത്തിൽ മാത്രമല്ല; ഓരോ പേജിനടിയിലും കേൾക്കാം.
“പൂർണമായും തകർന്ന ഒരു ലോകത്തെ എങ്ങനെ വിശദീകരിക്കാം?”- ഈ ചോദ്യം Black Paper- ന്റെ തുടക്കത്തിൽ മാത്രമല്ല; ഓരോ പേജിനടിയിലും കേൾക്കാം.

ശ്രദ്ധിക്കുക. കാണുക. ഓർക്കുക. വഹിക്കുക. വഹിക്കപ്പെടാൻ അനുവദിക്കുക. മറ്റൊരാളുടെ ജീവിതം നമ്മിലേക്ക് കടന്നുവരാൻ ഇടം നൽകുക. ലാഫെറിർ (Laferrière) പറഞ്ഞതുപോലെ, വായനക്കാർ എഴുത്തുകാരെ ചുമക്കുന്നു; എഴുത്തുകാർ വായനക്കാരെയും ചുമക്കുന്നു. കോൾ അതിനെ മറ്റൊരു നൈതിക അർത്ഥത്തിലേക്ക് വികസിപ്പിക്കുന്നു. മനുഷ്യർ പരസ്പരം ചുമക്കാതെ ഒരു ലോകത്തിനും നിലനിൽക്കാനാവില്ല. പരിഭാഷയും അങ്ങനെ തന്നെ. ഒരു ഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്കുള്ള യാത്ര മാത്രമല്ല അത്. ഒരു ജീവിതത്തിൽനിന്ന് മറ്റൊരു ജീവിതത്തിലേക്കുള്ള യാത്രയാണ്. ഒരു ദേശത്തിന്റെ വേദന മറ്റൊരു ദേശത്തിന്റെ ഓർമ്മയാകുന്ന നിമിഷം. ഒരു മനുഷ്യന്റെ അനുഭവം മറ്റൊരാളുടെ മനസ്സിൽ ഇടംപിടിക്കുന്ന നിമിഷം. അവിടെ എഴുത്തുകാരുടെ ദേശീയത മങ്ങിപ്പോകുന്നു, വായനക്കാരുടെ ദേശീയതയും; ശേഷിക്കുന്നത് മനുഷ്യരുടെ പരസ്പര സഞ്ചാരം മാത്രം.

ഒരാൾ മറ്റൊരാളെ ചുമക്കുന്നു. മറ്റൊരാൾ വീണ്ടും നമ്മെ ചുമക്കുന്നു. ആ നടത്തത്തിനിടയിലാണ് സാഹിത്യം അതിന്റെ പുതിയ വഴികൾ കണ്ടെത്തുന്നത്. ഒരുപക്ഷേ, തകർന്ന ലോകത്തെക്കുറിച്ച് എഴുതാനുള്ള ഏറ്റവും സത്യസന്ധമായ മാർഗവും അതുതന്നെയായിരിക്കാം.

Comments