മുസല്‍മാനും വാരണാസിയും
ഒരു വായനക്കാരന്റെ ഉത്തേജിപ്പിക്കപ്പെടുന്ന കൗതുകവും

മുസ്‍ലിം അപരനിര്‍മ്മിതിയുടെയും മുസ്‍ലിം പേടിയുടെയും ഇക്കാലത്ത് ഒരു ഇന്ത്യന്‍ മുസല്‍മാന്‍ നടത്തുന്ന കാശി യാത്ര എന്നത് തികച്ചും ആകര്‍ഷകവും അപകടകരവുമായ ഒരു വിഷയമാണ്. ആപത്കരമായി ജീവിക്കുന്നവരോടുള്ള സവിശേഷമായ ഒരു ഇഷ്ടം ഉള്ളതുകൊണ്ടാകാം ഉടനടി ഞാനീ പുസ്തകം വാങ്ങി വായിച്ചത്. പക്ഷെ വായിക്കുന്തോറും ഉള്ളില്‍ ചില സന്ദേഹങ്ങള്‍ ഉണ്ടായിവന്നു - റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പി.പി. ഷാനവാസിൻ്റെ ‘ഒരു ഇന്ത്യൻ മുസൽമാൻ്റെ കാശിയാത്ര’ എന്ന പുസ്തകത്തെക്കുറിച്ച് ജോണി എം.എൽ എഴുതുന്നു.

പി.പി ഷാനവാസ് എഴുതി, റാറ്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശിയാത്ര’ എന്ന പുസ്തകം എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി എന്നു പറഞ്ഞുകൊണ്ട് തുടങ്ങാം. ഷാനവാസ് പത്രപ്രവര്‍ത്തകനായിരുന്നു. നാരായണഗുരുവിലും പിന്നെ ശ്രീ എം-ലും യാത്രകളിലും ചരിത്രത്തിലും സൂഫി പാരമ്പര്യങ്ങളുടെ ഭ്രാന്തന്‍ അപരത്വങ്ങളിലും സ്വയം വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ട് ജീവിതം തുടര്‍ന്നു. വ്യവസ്ഥാപിത മതങ്ങളെയും മാധ്യമങ്ങളെയും കാഴ്ചപ്പാടുകളെയും അധികാരസ്വരൂപങ്ങളെയും വിമര്‍ശിച്ചും അവയോടു സമരസപ്പെടില്ല എന്ന് പ്രഖ്യാപിച്ചും നിരന്തരമായ ആത്മകലഹങ്ങളില്‍ ഏര്‍പ്പെട്ടും ഇപ്പോഴും ആത്മായനങ്ങളും ദേഹായനങ്ങളും തുടരുന്നു.

ഇത്രയും വായിക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്കുതോന്നാം, എനിയ്ക്ക് അദ്ദേഹത്തെ നേരിട്ടറിയാം എന്ന്; ഇല്ല. ഈ പുസ്തകത്തിന്റെ പാരായണം എന്നില്‍ അങ്കുരിപ്പിച്ച 'മനസ്സിലാക്കലുകള്‍' ആണ് എഴുതിയത്.

മുസ്‍ലിം അപരനിര്‍മ്മിതിയുടെയും മുസ്‍ലിം പേടിയുടെയും ഇക്കാലത്ത് ഒരു ഇന്ത്യന്‍ മുസല്‍മാന്‍ നടത്തുന്ന കാശി യാത്ര എന്നത് തികച്ചും ആകര്‍ഷകവും അപകടകരവുമായ ഒരു വിഷയമാണ്. ആപത്കരമായി ജീവിക്കുന്നവരോടുള്ള സവിശേഷമായ ഒരു ഇഷ്ടമുള്ളതുകൊണ്ടാകാം ഉടനടി ഞാനീ പുസ്തകം വാങ്ങി വായിച്ചത്. പക്ഷെ വായിക്കുന്തോറും ഉള്ളില്‍ ചില സന്ദേഹങ്ങള്‍ ഉണ്ടായിവന്നു. ആ പുസ്തകനാമം അല്പം മിസ് ലീഡിങ് അല്ലേ? കാരണം ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ഏറിയ പങ്കും ആ വിഷയമല്ല.

മലപ്പുറമാണ് ഷാനവാസ് ആവിഷ്‌കരിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഭൂപ്രദേശം. അതിന്റെ ഭൂപടത്തിന്റെ വിവരണങ്ങള്‍ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേയ്ക്കും കടന്നുചെല്ലുകയും, തെറ്റിദ്ധരിയ്ക്കപ്പെട്ട മലപ്പുറത്തിന്റെ ചരിത്രപ്രാധാന്യം അറബികളുടെ വരവു മുതല്‍ സാമൂതിരിമാരിലൂടെയും മറ്റും കടന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്‍ലിം ലീഗിന്റെയും സ്ഥാപകചരിത്രത്തിലേയ്ക്ക് വ്യാപിച്ചു വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയത്തിന്റെ വീര്യവിമര്‍ശനചരിത്രത്തിനേക്കാള്‍ ഷാനവാസ് ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്, മലപ്പുറത്തെ സാംസ്‌കാരികബഹുസ്വരതയുടെ കേന്ദ്രസ്ഥാനമാക്കുന്ന സൃഷ്ടിബോധത്തിന്റെ വര്‍ണ്ണവിന്യാസങ്ങളാണ്. ആ വിന്യാസങ്ങള്‍ കോര്‍ത്തിണക്കാന്‍ ഒരു രൂപകം ഷാനവാസ് ഉപയോഗിക്കുന്നുണ്ട്; ഭ്രാന്ത് ആണ് ആ രൂപകം. മിഷേല്‍ ഫൂക്കോയെ ഒപ്പം ചേര്‍ത്ത്, ഭ്രാന്തിനെ സര്‍ഗ്ഗാത്മകതയുടെ അപാര / അപര ബോധമായി നിര്‍വചിച്ച്, മലപ്പുറത്തെ മനുഷ്യരുടെ ജീവിതത്തെ രൂപപ്പെടുത്തിയ ഔലിയാമാരുടയും സൂഫികളുടെയും തങ്ങന്മാരുടെയും വെറ്റിലയുടെയും കെസ്സ് പാട്ടുകളുടെയും ബീഡിതെറുപ്പിന്റെയും ഒക്കെ വേറിട്ട കഥനങ്ങള്‍ അവതരിപ്പിക്കുകയാണ് ഷാനവാസ്. അവിടെ എം.എസ്. ബാബുരാജുണ്ട്, ഷഹബാസ് അമന്‍ ഉണ്ട്, പേരറിയാത്ത അനേകം പാട്ടുകാരുണ്ട്.

ഷാനവാസ് എഴുതുന്ന ഭാഷ, പത്രപ്രവര്‍ത്തനകാലത്തെ ഫീച്ചറുകളില്‍ നിന്ന് കൊത്തിയടര്‍ത്തിയെടുത്ത് അതിന് ആത്മഭാഷണത്തിന്റെ ചാരുത നല്‍കിയതാണ്. ചിലപ്പോള്‍ രണ്ടു വാക്കുകള്‍. ചിലപ്പോള്‍ നീണ്ടുപോയൊരു വാചകം.
ഷാനവാസ് എഴുതുന്ന ഭാഷ, പത്രപ്രവര്‍ത്തനകാലത്തെ ഫീച്ചറുകളില്‍ നിന്ന് കൊത്തിയടര്‍ത്തിയെടുത്ത് അതിന് ആത്മഭാഷണത്തിന്റെ ചാരുത നല്‍കിയതാണ്. ചിലപ്പോള്‍ രണ്ടു വാക്കുകള്‍. ചിലപ്പോള്‍ നീണ്ടുപോയൊരു വാചകം.

ഇടയ്ക്കിടെ ഷാനവാസില്‍ വര്‍ത്തമാനരാഷ്ട്രീയത്തിന്റെയും അതിനെ രൂപപ്പെടുത്തിയ ചയാപചയങ്ങളുടെയും ഭ്രാന്തന്‍ ചിന്തകള്‍ കടന്നുവരും. അപ്പോള്‍ ഇ.എം. എസ്സും കെ. ദാമോദരനും പി. കൃഷ്ണപിള്ളയും എന്‍.സി. ശേഖറും ഒക്കെ കടന്നുവരും. അങ്ങനെ പോകുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന സി.പി.എമ്മിന്റെ ആസ്ഥാനമന്ദിരങ്ങളുടെ വാസ്തുശില്പങ്ങളെ ഒന്ന് വിലയിരുത്തി മുന്നോട്ടുപോകാന്‍തോന്നും. ചായപ്പീടികകളില്‍ നിന്ന്, വള്ളപ്പുരകളില്‍ നിന്ന്, ബീഡി ഫാക്ടറികളില്‍ നിന്ന്, കോലായകളിലും വരാന്തകളിലും നിന്ന് സി.പി.എം, എ.കെ.ജി സെന്റര്‍ പോലുള്ള ദുര്‍ഗ്ഗങ്ങളിലേയ്ക്ക് മാറിയതില്‍ (സ്ഥാപനവല്‍ക്കരണത്തിന്റെ അനിവാര്യ പരിണതികളില്‍) അടങ്ങിയിരിക്കുന്ന വീക്ഷണവ്യതിയാനം വിഷയമായി വരുന്നു. എം. എ. ബേബി കൊല്ലത്ത് പാര്‍ട്ടി ഓഫീസ് ഉണ്ടാക്കാന്‍ തെരഞ്ഞെടുത്ത ഇല്ലം, വാസ്തുശില്പം അതിന്റെ വ്യാഖ്യാനവിശേഷങ്ങളെ മറികടന്ന് യാഥാസ്ഥിതികത്വത്തിന്റെ മറ്റൊരു രൂപകമായി മാറുന്നത് വിചാരണ ചെയ്യപ്പെടുന്നു. ഈ പുസ്തകത്തിലെ മികച്ചൊരു അധ്യായമാണത്.

പാട്ടുകള്‍ക്കൊപ്പം ചിത്രകലയും കടന്നുവരുന്നുണ്ട് ഷാനവാസിന്റെ ആഖ്യാനങ്ങളില്‍. പൊന്നാനി ചരിതങ്ങളില്‍, ഹിന്ദുത്വ ഭാഷയിലേക്ക് പകര്‍ന്നാടി എന്ന വിമര്‍ശനം നേരിട്ട കെ.സി. എസ്. പണിക്കര്‍ക്ക് മലബാര്‍ മനുഷ്യരോടും പൊന്നാനിയിലെ പ്രകൃതിയോടുമുള്ള ഒടുങ്ങാത്ത സ്‌നേഹത്തെ ചിത്രങ്ങളുടെ ഉദാഹരണങ്ങളോടെ ഷാനവാസ് വെളിപ്പെടുത്തുന്നു. ടി.കെ. പദ്മിനിയും വേറിട്ട വഴികളിലൂടെ നടന്നതിന്റെ കഥ പറയുന്നുണ്ട്. മറുവശത്ത്, ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗ് രൂപപ്പെട്ടതിന്റെ ചരിത്രം പറയുമ്പോഴും പിന്നീട് ലീഗിന് സംഭവിച്ച അപചയവും, മുസ്‍ലിം സമൂഹമൊന്നാകെ അതിന്റെ സൂഫി പാരമ്പര്യങ്ങളില്‍നിന്ന് അകന്നുപോയതിന്റെ വേദനയും പങ്കിടുന്നു.

മിഷേല്‍ ഫൂക്കോയെ ഒപ്പം ചേര്‍ത്ത്, ഭ്രാന്തിനെ സര്‍ഗ്ഗാത്മകതയുടെ അപാര/അപര ബോധമായി നിര്‍വചിച്ച്, മലപ്പുറത്തെ മനുഷ്യരുടെ ജീവിതത്തെ രൂപപ്പെടുത്തിയ ഔലിയാമാരുടയും സൂഫികളുടെയും തങ്ങന്മാരുടെയും വെറ്റിലയുടെയും കെസ്സ് പാട്ടുകളുടെയും ബീഡി തെറുപ്പിന്റെയും ഒക്കെ വേറിട്ട കഥനങ്ങള്‍ അവതരിപ്പിക്കുകയാണ് പി.പി. ഷാനവാസ്, ‘ഒരു ഇന്ത്യൻ മുസൽമാന്റെ കാശിയാത്ര’ എന്ന പുസ്തകത്തിൽ.
മിഷേല്‍ ഫൂക്കോയെ ഒപ്പം ചേര്‍ത്ത്, ഭ്രാന്തിനെ സര്‍ഗ്ഗാത്മകതയുടെ അപാര/അപര ബോധമായി നിര്‍വചിച്ച്, മലപ്പുറത്തെ മനുഷ്യരുടെ ജീവിതത്തെ രൂപപ്പെടുത്തിയ ഔലിയാമാരുടയും സൂഫികളുടെയും തങ്ങന്മാരുടെയും വെറ്റിലയുടെയും കെസ്സ് പാട്ടുകളുടെയും ബീഡി തെറുപ്പിന്റെയും ഒക്കെ വേറിട്ട കഥനങ്ങള്‍ അവതരിപ്പിക്കുകയാണ് പി.പി. ഷാനവാസ്, ‘ഒരു ഇന്ത്യൻ മുസൽമാന്റെ കാശിയാത്ര’ എന്ന പുസ്തകത്തിൽ.

ഷാനവാസ് എഴുതുന്ന ഭാഷ, പത്രപ്രവര്‍ത്തനകാലത്തെ ഫീച്ചറുകളില്‍ നിന്ന് കൊത്തിയടര്‍ത്തിയെടുത്ത് അതിന് ആത്മഭാഷണത്തിന്റെ ചാരുത നല്‍കിയതാണ്. അതിനാല്‍ത്തന്നെ ചിലപ്പോള്‍ രണ്ടു വാക്കുകള്‍ മാത്രമുള്ള വാചകങ്ങള്‍ കാണാം. ചിലപ്പോള്‍ നീണ്ടുപോയൊരു വാചകം അര്‍ത്ഥപൂര്‍ത്തിയിലെത്താതെ പൂര്‍ണ്ണവിരാമത്തില്‍ ലയിച്ചശേഷം അടുത്ത വരികളില്‍ അതിന്റെ ആത്മാവിനെ സന്നിവേശിപ്പിക്കുന്നതുകാണാം. അതിനാല്‍ത്തന്നെ ഈസി റീഡിങ് എന്നൊരു വായനാരീതി എടുക്കുവാന്‍ പ്രയാസമാണ്. ചിലപ്പോള്‍ ആരോടോ പറയുന്നതുപോലെയും ചിലപ്പോള്‍ നിലാവത്ത് ഒറ്റയ്ക്കിരുന്ന് സംസാരിയ്ക്കുന്നതുപോലെയും മറ്റു ചിലപ്പോള്‍ പൊതുവായി ആരോടെന്നില്ലാതെ പറയുന്നതുപോലെയുമുള്ള ടോണാണ് അനുഭവപ്പെടുന്നത്.

ചായപ്പീടികകളില്‍ നിന്ന്, വള്ളപ്പുരകളില്‍നിന്ന്, ബീഡി ഫാക്ടറികളില്‍ നിന്ന്, കോലായകളിലും വരാന്തകളിലും നിന്ന് സി.പി.എം, എ.കെ.ജി സെന്റര്‍ പോലുള്ള ദുര്‍ഗ്ഗങ്ങളിലേയ്ക്ക്  മാറിയതില്‍ (സ്ഥാപനവല്‍ക്കരണത്തിന്റെ അനിവാര്യപരിണതികളില്‍) അടങ്ങിയിരിക്കുന്ന വീക്ഷണവ്യതിയാനം വിഷയമായി വരുന്ന അധ്യായം, ഈ പുസ്തകത്തിലെ മികച്ചൊരു അധ്യായമാണ്.
ചായപ്പീടികകളില്‍ നിന്ന്, വള്ളപ്പുരകളില്‍നിന്ന്, ബീഡി ഫാക്ടറികളില്‍ നിന്ന്, കോലായകളിലും വരാന്തകളിലും നിന്ന് സി.പി.എം, എ.കെ.ജി സെന്റര്‍ പോലുള്ള ദുര്‍ഗ്ഗങ്ങളിലേയ്ക്ക് മാറിയതില്‍ (സ്ഥാപനവല്‍ക്കരണത്തിന്റെ അനിവാര്യപരിണതികളില്‍) അടങ്ങിയിരിക്കുന്ന വീക്ഷണവ്യതിയാനം വിഷയമായി വരുന്ന അധ്യായം, ഈ പുസ്തകത്തിലെ മികച്ചൊരു അധ്യായമാണ്.

പുസ്തകത്തിന് തലക്കെട്ട് കൂടിയായ ‘ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശി യാത്ര’ എന്ന ലേഖനം ഷാനവാസിന്റെ കാശിയാത്ര തന്നെയാണ്. ഗുരുപരമ്പരകളിലെ വിശ്വാസവും ശ്രീ എം-ന്റെ ശിഷ്യത്വവും അതില്‍നിന്നുളവാവുന്ന ഭക്തിഭാവവും ശൈവാരാരാധനകളോടുള്ള പ്രിയവും ഗംഗയുടെ മാറില്‍ തോണിയാത്രയും തുഴച്ചില്‍ക്കാരെല്ലാം ജ്ഞാനികളാണെന്നുള്ള കാഴ്ചപ്പാടും മണികര്‍ണ്ണികാ ഘാട്ടിനെക്കുറിച്ചുള്ള വിവരണങ്ങളും എല്ലാം ഒരു സെൽഫ് എക്‌സോട്ടിസൈസിങ് ശ്രമമായിത്തോന്നി. മറ്റു ലേഖനങ്ങളില്‍ ഷാനവാസ് ഒരു ചരിത്രകാരനായിരിക്കെ, ദീര്‍ഘമായ ഒരു ഫീച്ചറെഴുത്തായാണ് ഈ അദ്ധ്യായം അനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ, പുസ്തകത്തിന് മറ്റൊരു തലക്കെട്ട് നൽകാമായിരുന്നില്ലേ എന്നൊരു തോന്നല്‍ എനിയ്ക്കുണ്ടായി. എന്നാല്‍ മുസല്‍മാനും വരണാസിയും എന്ന് പറയുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുന്ന ഒരു കൗതുകമുണ്ടല്ലോ, എന്നെയും നയിച്ചു ആ കൗതുകം. അത് മാര്‍ക്കറ്റിങ്ങിന് ആവശ്യമാണെന്ന് പ്രസാധകര്‍ക്ക് അറിയുന്നതുകൊണ്ടുമാകാം.


ജോണി എം.എൽ

ക്യുറേറ്റര്‍, കലാചരിത്രകാരന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍. ക്യുറേറ്ററുടെ കല, പുറനാടന്റെ രഹസ്യജീവിതങ്ങള്‍, ദളിത് പോപ്പ്, പുത്രസൂത്രം, ബ്രാന്റി ഷോപ്പ്, ആസക്തിയുടെ പുസ്തകം, നായകനിര്‍മിതിയുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.

Comments