റൊബെർത്തോ ബൊലാഞ്ഞോ / bolanobolano.com

2666 - ഒരു വായനാസഹായി

റുവർഷങ്ങളുടെ ഇടവേളയിലാണ് റൊബെർത്തോ ബൊലാഞ്ഞോയുടെ "2666' ഞാൻ രണ്ടാം തവണ വായിച്ചത്. ഈ കാലയളവിൽ ബൊലാഞ്ഞോയുടെ പല പുസ്തകങ്ങൾ വായിയ്ക്കുകയുണ്ടായി, എഴുത്തുകാരനെപ്പറ്റിയുള്ള ഒന്നുരണ്ടു പുസ്തകങ്ങളും ചില ലെക്ചറുകളും മറ്റും കാണുകയുമുണ്ടായി. സദാ പുസ്തകചർച്ച നടക്കുന്ന മലയാളത്തിൽ എന്തോ സാവേജ് ഡിറ്റക്റ്റീവ്‌സ്, 2666 തുടങ്ങിയ ബൊലാഞ്ഞോയുടെ മികച്ച നോവലുകൾ എന്ന് പരക്കെ കരുതപ്പെടുന്ന വർക്കുകളെപ്പറ്റി വായനക്കാരോ നിരൂപകരോ ഓൺലൈൻ ഗ്രൂപ്പുകളോ ഒന്നും മിണ്ടുന്നത് അധികം കണ്ടിട്ടില്ല - അതെന്താണ് എന്ന ആലോചനയുടെ ഒടുവിലാണ് രണ്ടു നോവലുകളും വായിയ്ക്കാൻ സഹായിയ്ക്കുന്ന/പ്രേരിപ്പിയ്ക്കുന്ന എന്തെങ്കിലും സാധാരണ വായനക്കാർക്കായി എഴുതണം എന്നു തീരുമാനിച്ചത്.

ബൊലാഞ്ഞോയുടെ 2666 ൽ, ഒരു പരാജയപ്പെട്ട എഴുത്തുകാരൻ ആർച്ചിംബോൾഡി എന്ന കേന്ദ്രകഥാപാത്രത്തോട് ‘എഴുത്തുകാർ മാസ്റ്റർപീസുകൾ മാത്രമേ എഴുതാവൂ’ എന്ന് പറയുന്ന രംഗമുണ്ട്. സാമാന്യം ദൈർഘ്യമുള്ള സാവേജ് ഡിറ്റക്റ്റീവ്‌സ് വായിച്ചു കഴിഞ്ഞ്​ ഈ നോവലിൽ എത്തുമ്പോൾ നമുക്ക് ബൊലാഞ്ഞോ ഈ ഒരു സംഗതി എത്ര ഗൗരവമായാണ് കാണുന്നത് എന്ന് മനസ്സിലാകും. പലപ്പോഴായി എഴുതി പിൽക്കാലത്ത് കൂട്ടിച്ചേർത്ത നോവലാണല്ലോ ഇത് - നോവൽ പൂർണവുമല്ല, ഇതെഴുതുന്ന സമയത്താണ് ബൊലാഞ്ഞോ മരിയ്ക്കുന്നത്. അഞ്ചു പുസ്തകങ്ങളായി ചെയ്യാൻ ബൊലാഞ്ഞോ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അതൊറ്റ പുസ്തകമായി ഇറക്കുകയായിരുന്നു - വായനക്കാർക്ക് അക്കാര്യത്തിൽ പരാതിയുണ്ടാകാനിടയില്ലതാനും.

ബൊലാഞ്ഞോയുടെ ആശയങ്ങളും അഭിപ്രായങ്ങളും മനസിലാക്കാൻ, അയാളുടെ രണ്ടു വലിയ നോവലുകളും പൂർണമായി വായിച്ചെടുക്കേണ്ടത്​ ആവശ്യമാണ് - അതിലൊന്ന്​: "എന്താണ് ഒന്നാംകിട എഴുത്ത്? എന്നുമുള്ള അതേ സംഗതി തന്നെ - ഇരുട്ടിലേയ്ക്ക് ഉറ്റുനോക്കാനുള്ള, നിശ്ശൂന്യതയിലേയ്ക്ക് എടുത്തു ചാടാനുള്ള കഴിവ്, സാഹിത്യം അടിസ്ഥാനപരമായി അപകടകരമാണെന്നുള്ള അറിവ്. മലയുടെ ചെങ്കുത്തായ ചെരിവിലൂടെ ഓടാനുള്ള കഴിവ്, ഒരു വശത്ത് അറ്റമില്ലാത്ത ഗർത്തം, മറുവശത്ത് നിങ്ങൾ സ്‌നേഹിയ്ക്കുന്ന മുഖങ്ങൾ, പുഞ്ചിരി കളിയാടുന്ന നിങ്ങൾ സ്‌നേഹിയ്ക്കുന്ന മുഖങ്ങൾ, പുസ്തകങ്ങൾ, സുഹൃത്തുക്കൾ, ഭക്ഷണം. നിങ്ങൾ എന്ത് കണ്ടെത്തുന്നുവോ അതിനെ സ്വീകരിയ്ക്കാനുള്ള സന്നദ്ധത, അവ മരിച്ച എല്ലാ എഴുത്തുകാരുടെയും ശവക്കല്ലറകളുടെ ഫലകങ്ങളെക്കാൾ ഭാരമുള്ളവയാണെങ്കിലും'.

ഇവിടെ പറയുന്ന അറ്റമില്ലാത്ത ഗർത്തം (abyss) 2666 എന്ന നോവലിൽ അനവധി തവണ, പല കഥാപാത്രങ്ങളിലൂടെ ആവർത്തിയ്ക്കുന്ന വാക്കാണ്. ഇത് നീഷേയുടെ abyss and monsters എന്ന ആശയത്തിലേയ്ക്കുള്ള സൂചനയാണ് ( "Whoever fights monsters should see to it that in the process he does not become a monster. And when you look long into an abyss, the abyss also looks into you.')

നീഷേയുടെ സരതുഷ്ട്രയിലെ വാചകങ്ങളും ഓർക്കുക ("Why did this criminal kill? He wanted to rob. But I say to you: his soul wanted blood , not robbery', ഇങ്ങനെ തുടങ്ങുന്ന ഖണ്ഡിക. "And so he listened to his poor reason, like lead its speech lay upon him - and he robbed as he murdered.' എന്നാണ് അത് അവസാനിയ്ക്കുന്നത്). എന്നാൽ ഇത്തരം സംഗതികളിലേക്കുള്ള alluding മാത്രമേ ബൊലാഞ്ഞോയ്ക്ക് താല്പര്യമുള്ളൂ, അതിനെ എഴുത്തിൽ പൊലിപ്പിയ്ക്കുന്നില്ല, നോവലിസ്റ്റ്. നോവലിൽ നിഷേയോടും റിൽകെയോടും ഒക്കെ സാമ്യമുള്ള കഥാപാത്രങ്ങളുണ്ട്. അതുപോലുള്ള quirks ആണ് എഴുത്തുകാരന് കൂടുതൽ പ്രിയം.

ഫ്രഡറിക് നീഷേ

ഒരിടത്ത് ഒരു എഴുത്തുകാരനായ കഥാപാത്രത്തിന്റെ പേര് റൈറ്റർ എന്നാണ് (Reitter, അയാൾ ശരിയ്ക്കും എഴുത്തുകാരനാണ്, ആരെന്നു വഴിയേ പറയാം). Óscar Amalfitano എന്ന നിരൂപകന്റെ വീടിനുപിറകിൽ ഒരു അയയിൽ കെട്ടിത്തൂക്കിയിട്ടിരിയ്ക്കുന്ന ഒരു പുസ്തകമാണ് ഇതുപോലെ മറ്റൊന്ന് - ഒരു ജിയോമെട്രി പുസ്തകമാണത് - അത് ജീവിതത്തെപ്പറ്റി പഠിയ്ക്കുമോ എന്ന് നോക്കുകയാണ് അയാളുടെ ലക്ഷ്യം, കണക്കിനും കലയ്ക്കും മനുഷ്യജീവിതത്തിലുള്ള നിസ്സാരമായ സ്വാധീനത്തെപ്പറ്റിയാണ് ഇവിടെ സൂചന - Amalfitano ഒരിടത്തു പറയുന്നത്, the human being, broadly speaking, is the closest thing there is to a rat (എലിയ്ക്കു തുല്യനായി കാണാവുന്ന ഒന്നാണ് മനുഷ്യൻ) എന്നാണ്. എന്തിനാണ്? എന്താണ് ഈ സൂചനകൾ ലക്ഷ്യമാക്കുന്നത് ? നോവലിന്റെ നാലാം ഭാഗമാണ് അതിനുള്ള മറുപടി - The Part about the Crimes. Narrative Tension, എന്തോ ഒന്നോ സംഭവിയ്ക്കാൻ പോകുന്നു എന്ന് തോന്നിപ്പിയ്ക്കുക, എന്നത് ഒരു ബൊലാഞ്ഞോ ടെക്‌നിക്കാണ്. ഇത് 2666-ൽ മാത്രമല്ല, ഉദാഹരണത്തിന് Amulet എന്ന നോവലിന്റെ തുടക്കത്തിൽ തന്നെ Auxilio Lacouture എന്ന കഥാപാത്രം "this is going to be a horror story' എന്ന് പറയുന്നതോർക്കുക. അതിലെ കഥ Tlatelolco Massacre മായി (ഗൂഗിളിൽ നോക്കുക) ബന്ധപ്പെട്ടതാണല്ലോ.

അഞ്ചു ഭാഗങ്ങളാണ് നോവലിന് - 1) The Part about the Critics, 2 )The Part about Amalfitano 3) The Part about Fate 4) The Part about the Crimes 5) The Part about Archimboldi.

The Part about the Critics എന്ന ആദ്യഭാഗത്തിൽ ആർച്ചിംബോൾഡി എന്ന elusive എഴുത്തുകാരനെ തിരഞ്ഞുനടക്കുന്ന നാലു നിരൂപകരുടെ കഥയാണ്. ഈ ഭാഗം തുടങ്ങുന്നതുതന്നെ "The first time that Jean-Claude Pelletier read Benno von Archimboldi was Christmas 1980, in Paris, when he was nineteen years old and studying German literature.' എന്ന വാചകത്തിലാണ് - Xmas, പാരീസ്, അവിടെ ജർമൻ ലിറ്ററേച്ചർ പഠിയ്ക്കുന്ന ആൾ, ഇറ്റാലിയൻ പേരുള്ള ജർമൻ എഴുത്തുകാരൻ (Giuseppe Arcimboldo ഇറ്റാലിയൻ പോർട്രൈറ്റ് പെയിന്ററാണ്, പഴങ്ങളുടെയും, പൂക്കളുടെയും, പച്ചക്കറികളുടെയും shapes ഉപയോഗിച്ചാണ് അയാളുടെ പെയിന്റിങ്ങുകൾ മുഴുവൻ - ഗൂഗിൾ നോക്കുക) - ഈ ഒരൊറ്റ വാചകത്തിൽ എന്തൊക്കെയാണ് കടന്നുവരുന്നത്, its a sweeping sentence! ബൊലാഞ്ഞോ ഒരു വാക്കുപോലും നോവലിൽ വെറുതെ ഉപയോഗിച്ചിട്ടില്ലെന്നു ചുരുക്കം. നാലുപേരിൽ Pelletier ഫ്രഞ്ചാണ്, Piero Morini ഇറ്റലിക്കാരൻ, Manuel Espinoza സ്പാനിഷ്, Liz Norton ഇംഗ്ലീഷുകാരിയും. നാലുപേരും ആർച്ചിംബോൾഡിയുടെ പുസ്തകങ്ങൾ തിരഞ്ഞു പിടിച്ചു വായിയ്ക്കുകയാണ്. അവർ പലപ്പോഴായി കണ്ടുമുട്ടുകയും സുഹൃത്തുക്കളാകുകയും ചെയ്യുന്നു. കൂടാതെ ഈ നാൽവർ സംഘം ആർച്ചിംബോൾഡിയുടെ ജർമൻ നിരൂപകരുമായും നിരന്തരം തർക്കിയ്ക്കുന്നുണ്ട്. ആർച്ചിംബോൾഡി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാതെ ഒളിച്ചുകഴിയുന്ന എഴുത്തുകാരനാണ് എന്ന് പറഞ്ഞല്ലോ - അയാളെ തിരഞ്ഞു പോവുകയാണ് നാലുപേരും. അങ്ങനെ അവർ സാന്റാ തെരീസാ എന്ന പട്ടണത്തിൽ എത്തുകയാണ്. Juárez എന്ന മെക്‌സിക്കൻ പട്ടണത്തെ ആധാരമാക്കി ബൊലാഞ്ഞോ സൃഷ്ടിയ്ക്കുന്ന സാങ്കൽപ്പിക ഇടമാണിത് - സാവേജ് ഡിറ്റക്റ്റീവ്‌സ് എന്ന നോവലിലും ഈ സ്ഥലം വരുന്നുണ്ട്, ആ നോവലിലും ഇതുപോലെ ഒരന്വേഷണമാണ് ഉള്ളതെന്നോർക്കുക. സാവേജിലും (‘ഏതു വർഷമാണ് വിപ്ലവം വരിക' എന്ന് ചോദിയ്ക്കുമ്പോൾ Cesárea Tinajero "2666-ൽ' എന്ന് പറയുന്നു), Amulet എന്ന നോവെല്ലയിലും 2666 എന്ന നമ്പർ കടന്നുവരുന്നു (666 ബൈബിളിൽ നിന്നാണ്). Elusive/Mysterious എഴുത്തുകാരും മില്ല്യണയർ എഴുത്തുകാരും അമേരിക്കക്കാരുടെ സ്ഥിരം ഒബ്‌സെഷൻസ് ആണെന്ന്​ ബൊലാഞ്ഞോ ഒരഭിമുഖത്തിൽ പറയുന്നുണ്ട് (തോമസ് പിഞ്ചൺ, ഉദാഹരണത്തിന്) - ഇങ്ങനെ പല ത്രെഡുകൾ പിന്തുടർന്ന് വായന കാടുകയറാനിടയുള്ള നോവലാണ് ഇത്. നോവലിന്റെ അഞ്ചുഭാഗങ്ങളുടെ പേരിൽ നിന്ന് ഒരു വിദേശി സുഹൃത്ത് CAFCA (കാഫ്ക) എന്ന പേര് വായിച്ചെടുത്തത് അടുത്തുണ്ടായ ഒരു രസകരമായ insight ആയിരുന്നു.

സാന്റാ തെരീസാ ആണ് നോവലിന്റെ കേന്ദ്രം എന്ന് പറഞ്ഞല്ലോ. ക്രൈം എന്ന ഭാഗം അവിടെയാണ് നടക്കുന്നത്. ഈ പട്ടണത്തിൽ എത്തുന്നതോടെ നിരൂപകരുടെ സ്വഭാവത്തിനും ചെയ്തികൾക്കും വരെ മാറ്റങ്ങൾ വരുന്നു. പെൽറ്റിയായും എസ്പിനോസായും ലിസ് നോർട്ടണുമായി അതിനുമുന്നെ തന്നെ പ്രണയത്തിലായിരുന്നു. ആദ്യം വെവ്വേറെയും പിന്നെ ഒരുമിച്ചും അവർ മൂവരും രതിയിലേർപ്പെടുന്നു. പുരുഷന്മാർ രണ്ടുപേരും തമ്മിൽ അസൂയയും കിടമത്സരവും വരുന്നെങ്കിലും അവരുടെ സൗഹൃദം തകരുന്നില്ല. എന്നാൽ മൂന്നാമതൊരാൾ, പ്രായം കുറഞ്ഞ ഒരു ഇംഗ്ലീഷുകാരൻ, ലിസിന്റെ ജീവിതത്തിൽ കടന്നുവരുന്നതോടെ ഈ നിരൂപകരുടെ സമനില തെറ്റുന്നു - ആദ്യ സംഭാഷണത്തിൽ തന്നെ ഇംഗ്ലീഷുകാരൻ നോർട്ടനെ മെഡൂസയോടാണ് ഉപമിയ്ക്കുന്നത്. അത് കേട്ടശേഷം കോപാകുലനായ നിരൂപകർ നോർട്ടനോടൊപ്പം ഒരു പാക്കിസ്ഥാനിയുടെ ടാക്‌സിയിൽ പോകുമ്പോൾ അവരുടെ സംഭാഷണം കേട്ടുകൊണ്ടിരിയ്ക്കുന്ന ഡ്രൈവർ നോർട്ടണെ വേശ്യയെന്ന് വിളിച്ചു പരിഹസിയ്ക്കുന്നു (തന്റെ നാട്ടിലായിരുന്നെങ്കിൽ എന്ന് അയാൾ..) - അതു കേട്ട ‘സംസ്‌കാരസമ്പന്നരും പണ്ഡിതരുമായ' ഇരുവരും ചേർന്ന് ടാക്‌സിക്കാരനെ അക്രമിയ്ക്കുന്നു - ഉച്ചത്തിൽ തെറി വിളിച്ചുകൊണ്ടാണ് അവരുടെ മർദ്ദനം. പിന്നീട് തങ്ങൾക്കുണ്ടായ മൂല്യച്യുതി യിൽ വിഷമിയ്ക്കുകയാണ് ഇരുവരും. ഇവിടെ ബൊലാഞ്ഞോയുടെ കേന്ദ്ര ആശയം അവർത്തിയ്ക്കുകയാണ് - abyss, violence, eros (ഇത് മനസിലാക്കിയില്ലെങ്കിൽ ബൊലാഞ്ഞോയുടെ റേസിസം എന്ന് ആരോപിയ്‌ക്കേണ്ടി വരും) - വയലൻസിന്റെ കേന്ദ്രമായ സാന്റാ തെരീസയാണ് നിരൂപകരുടെ സമനില തെറ്റിയ്ക്കുന്നത് എന്നാണ് ഇവിടെ സൂചന. ലിസ് കാണുന്ന കണ്ണാടികളെപ്പറ്റിയുള്ള ദീർഘമായ ഒരു പേടിസ്വപ്നമാണ് ഈ ഭാഗത്തെ മറ്റൊരു പ്രധാന മുഹൂർത്തം - chilling എന്ന് വിശേഷിപ്പിയ്ക്കാവുന്ന എഴുത്താണ് ഇവിടെ. ഇതേ രംഗം വീൽചെയർ ഉപയോഗിയ്ക്കുന്ന മോറിനിയുമായി ബന്ധപ്പെടുത്തി ആവർത്തിയ്ക്കുന്നുണ്ട്, ചെയറും അയാളും വെവ്വേറെയായാണ് ലിസ് കാണുന്നത്. പിന്നെയും സ്വപ്നരംഗങ്ങൾ ഈ ഭാഗത്തുണ്ട് - ചിലതു കുരുക്കഴിയ്ക്കുക ദുഷ്‌കരമാണെങ്കിലും.

എസ്പിനോസ ഒരു പെൺകുട്ടിയെ കാണുന്നതും അവളുമായി പ്രേമത്തിലാവുന്നതുമായ മറ്റൊരു കഥയുമുണ്ട് - ഓരോ തവണ അവളുമായി സന്ധിച്ചതിനുശേഷം തിരികെ ഹോട്ടലിലെത്തുന്ന അയാൾ പെൽറ്റിയെ ആർച്ചിംബോൾഡിയുടെ ഓരോ നോവലുകളായി വായിച്ചുകൊണ്ടിരിയ്ക്കുന്നതായി കാണുന്നു. അവസാനം ആ പെൺകുട്ടിയെ നോർട്ടനെപ്പോലെ വസ്ത്രങ്ങൾ ധരിപ്പിച്ചു അവളുമായി രതിയിലേർപ്പെട്ട് അയാൾ തിരികെയെത്തുന്ന രാത്രി പെൽറ്റിയയെ അവിടെയെങ്ങും കാണുന്നില്ല. ഈ മൂന്നു പുരുഷ കഥാപാത്രങ്ങളും interchangeable ആണെന്ന് സ്ഥാപിയ്ക്കുകയാണ് എഴുത്തുകാരൻ. ആദ്യഭാഗത്ത് ലിറ്റററി നോവൽ/അലിഗറി, രണ്ടും മൂന്നും ഭാഗത്ത് ക്രൈം allude ചെയ്യുന്നത്, നാലാം ഭാഗത്ത് മിസ്റ്ററി/ക്രൈം നോവൽ പോലെ - ഇങ്ങനെ തന്റെ എഴുത്തുശൈലി തന്നെ പലവിധത്തിൽ മാറ്റുന്നുണ്ട് ബൊലാഞ്ഞോ. ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തിന്റെ ആദ്യഭാഗങ്ങളിലും മാത്രമേ, സാവേജ് പോലെയുള്ള വർക്കുകളിലെ എഴുത്തുകാരനെ നമ്മൾ കാണുകയുള്ളൂ. അവസാന ഭാഗത്ത് നോവൽ തികച്ചും അസാധാരണമായ ഒരു നിലയിലേയ്ക്ക് ഉയരുന്നത് കാണാം - അവിടെ കഥയ്ക്കുള്ളിൽ കഥകളാണ് - പലപ്പോഴും ആരാണ് കഥപറയുന്നത് എന്ന സംശയം വായനക്കാരനുണ്ടാവും.

The Part about Amalfitano എന്ന ഭാഗത്ത് അമൽഫിത്താനോ എന്ന ചിലിയൻ പ്രൊഫസറെ, അയാൾ സാന്റാ തെരീസ യൂണിവേഴ്‌സിറ്റിയിലാണ് പഠിപ്പിയ്ക്കുന്നത്, നമ്മൾ അടുത്തറിയുന്നു. അയാളെ നിരൂപകർ നാലുപേരും പരിചയപ്പെടുന്നത് മെക്‌സിക്കൻ ഗവൺമെന്റിൽ വരെ പിടിപാടുണ്ടെന്നു പറയുന്ന ഒരാൾ വഴിയാണ്. ഈ ഭാഗത്ത് സാന്റാ തെരീസയിൽ നടക്കുന്ന സംഗതികളിലേയ്ക്കുള്ള ചുവടുവയ്പ്പാണ്. അയാൾ ബൊലാഞ്ഞോയുടെപോലെ നാടുകടത്തപ്പെട്ട ഒരു ചിലിയനാണ്. നോർട്ടൻ, വിദേശവാസം കഷ്ടപ്പാടായിരിയ്ക്കും എന്ന് പറയുമ്പോൾ അയാളുടെ മറുപടി: exile helps to abolish fate എന്നാണ്. Books are the only homeland for a true writer, every reader becomes an exile simply by opening a book എന്നെല്ലാം ബൊലാഞ്ഞോ അയാളുടെ Exile എന്ന ലേഖനത്തിൽ പറയുന്നുണ്ട്, അതും കൂടി ചേർത്ത് വേണം ഇത് വായിയ്ക്കുവാൻ.

അമൽഫിത്താനോ കണ്ടുമുട്ടുന്ന ഒരു ഫാർമസിസ്റ്റ് തന്റെ വായനയെപ്പറ്റി പറയുന്ന ഭാഗമാണ് മറ്റൊന്ന് :- "He chose The Metamorphosis over The Trial, he chose Bartleby over Moby-Dick, he chose A Simple Heart over Bouvard and Pecuchet, and A Christmas Carol over A Tale of Two Cities or The Pickwick Papers'.

"എത്ര ദുഃഖകരമായ വിരോധാഭാസം, അമൽഫിത്താനോ ആലോചിച്ചു. പുസ്തകപ്രേമികളായ ഫാർമസിസ്റ്റുകൾക്കുവരെ മഹത്തായ, എന്നാൽ അപൂർണമായ, അപ്പോഴും ഉഗ്രശക്തിയുള്ള, ദുരൂഹതയിലേയ്ക്ക് തീച്ചാലുകൾ കീറുന്ന പുസ്തകങ്ങളോടടുക്കാൻ പേടിയാണ്. അവർ മാസ്റ്റേഴ്‌സിന്റെ എല്ലാം തികഞ്ഞ വ്യവഹാരങ്ങളെ മാത്രം തിരഞ്ഞെടുക്കുന്നു. അഥവാ, അവർക്ക് മാസ്റ്റേഴ്‌സ് മുഷ്ടിയുദ്ധം നടത്തുന്നത് കാണണം, എന്നാൽ ശരിയ്ക്കുള്ള യുദ്ധത്തിൽ അവർക്ക് താല്പര്യമില്ല, മാസ്റ്റേഴ്‌സ് യാതൊന്നുമായാണോ പോരാടുന്നത്, നമ്മെളെയെല്ലാം ഭയപ്പെടുത്തുന്ന ആ സംഗതി, അത് തന്നെയാണ് നമ്മെ കീഴ്‌പ്പെടുത്തുന്നതും നയിയ്ക്കുന്നതും; ഒഴുകുന്ന ചോരയ്ക്കും, മാരകമായ മുറിവുകൾക്കും, ദുർഗന്ധത്തിനുമെല്ലാമിടയ്ക്ക്'.

വീണ്ടും "He who fights monsters should see to it that he himself does not become a monster. And if you gaze for long into an abyss, the abyss gazes also into you.' എന്ന നീഷേ വാചകം ഓർക്കുക. ഇവിടെ അമൽഫിത്താനോ പടിപടിയായി ഭ്രാന്തിലേയ്ക്ക് വീഴുകയാണ്. അത് ഭയത്തിൽ നിന്നാണ് തുടങ്ങുന്നത്. പിന്നെ ആദ്യഭാഗത്തിൽ നോർട്ടനുണ്ടാകുന്നത് പോലെയുള്ള സ്വപ്നങ്ങൾ അയാൾ കാണുന്നു - അയാൾ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങുന്നു. അയാൾ വീടിനുപിന്നിൽ തൂക്കിയിട്ടിരിയ്ക്കുന്ന പുസ്തകത്തെപ്പറ്റിയും അതിനെപ്പറ്റി അയാൾ ആലോചിയ്ക്കുന്നതും മുന്നേ പറഞ്ഞല്ലോ. Madness is contagious എന്ന് അയാൾ പിന്നീട് പറയുന്നുണ്ട്. ഇതും നോവലിന്റെ ആദ്യഭാഗത്തിന്റെ ആവർത്തനമാണ്. അവിടെ നിരൂപകർ ഒരു അസൈലത്തിൽ ചെന്ന് കാണുന്ന Edwin Johns എന്ന കലാകാരനാണ് എങ്കിൽ ഇവിടെ അമൽഫിത്താനോയുടെ ഭാര്യ ലോല, അസൈലത്തിൽ ചെന്ന് കാണുന്ന ഒരു കവിയാണ് ഭ്രാന്തുള്ള കഥാപാത്രം (Edwin Johns വാൻഗോഗിനുള്ള homage ആണ് - വാൻഗോഗ് ചെവി മുറിച്ചപോലെ ഇയാൾ തന്റെ കൈപ്പത്തി മുറിച്ചെടുത്ത് അത് ഇൻസ്റ്റാളേഷൻ ആക്കിമാറ്റുകയാണ്). മകളായ റോസയെപ്പറ്റിയുള്ള വേവലാതികളാണ് അമൽഫിത്താനോയുടെ സ്വാസ്ഥ്യം കെടുത്തുന്നത്. അവളെ ആരോ തട്ടിക്കൊണ്ടു പോകാൻ വരുന്നെന്ന ഭയം അയാൾക്കുണ്ട് - ഇത് സാന്റാ തെരീസായിലെ കുറ്റകൃത്യങ്ങളിലേയ്ക്കുള്ള സൂചനയാണ്. നമ്മൾ കൂടുതൽ കൂടുതൽ നോവലിന്റെ നാലാം ഭാഗത്തേയ്ക്ക് അടുക്കുകയാണ്.

The Part about Fate എന്ന ഭാഗത്തിൽ ആഫ്രിക്കൻ അമേരിക്കൻ വംശജനായ Oscar Fate ആണ് കേന്ദ്രത്തിൽ. അയാളുടെ അമ്മയുടെ മരണത്തെപ്പറ്റിയുള്ള അസാധാരണ രംഗത്തോടെയാണ് ഈ ഭാഗം തുടങ്ങുന്നത്. അയാളുടെ പേര് ബൊലാഞ്ഞോ തന്റെ wordplay-യ്ക്ക് ധാരാളം ഉപയോഗിയ്ക്കുന്നുണ്ട്. Fate kept the appointment, Fate laughed എന്ന രണ്ടു വാക്കുകൾമാത്രമുള്ള വാചകം ഇങ്ങനെ അനവധി പ്രയോഗങ്ങൾ ഈ ഭാഗത്തുണ്ട്. ഒരു ബോക്‌സിങ് മാച്ച് റിപ്പോർട്ട് ചെയ്യാനാണ് അയാൾ മെക്‌സിക്കോയിലെത്തുന്നത് - സ്‌പോർട്‌സ് ലേഖകനല്ല ഫെയ്റ്റ്, അവരുടെ സ്‌പോർട്‌സ് ലേഖകൻ ചിക്കാഗോയിൽ കൊല്ലപ്പെട്ടതുകൊണ്ടാണ് അയാൾക്ക് ഈ അസൈൻമെന്റ് ഏറ്റെടുക്കേണ്ടി വരുന്നത്. അവിടെയെത്തിയ നിമിഷം മുതൽ അയാൾക്ക് വയറിനു സുഖമില്ലാതെയാകുന്നു - വിദേശികൾക്ക് സാധാരണ മൂന്നാംലോകത്ത് എത്തുമ്പോഴുണ്ടാകുന്ന സാധാരണ അസുഖം തന്നെ. എന്നാൽ അയാൾ കറുത്ത വംശജനാണ് എന്നതുണ്ട്. ഒരു സ്ഥലത്ത് ഫെയ്റ്റ് താൻ അമേരിക്കക്കാരനാണ് എന്ന് പറഞ്ഞതിനുശേഷം ആലോചിയ്ക്കുന്നത് താൻ ആഫ്രിക്കൻ അമേരിക്കൻ എന്ന് പറയണമായിരുന്നോ എന്നാണ്. ഇവിടെയുള്ള മറ്റൊരു സംഗതി മക്കിലഡോറ എന്ന് വിളിയ്ക്കപ്പെടുന്ന അമേരിക്കൻ കമ്പനികളാണ് - ടാക്‌സ് വെട്ടിയ്ക്കാനും ചീപ്പ് ലേബറിനും വേണ്ടി അമേരിയ്ക്കൻ അതിർത്തിയ്ക്കടുത്ത് തുടങ്ങുന്ന കമ്പനികളാണ് ഇവ. കൂണുപോലെ മുളച്ചുപൊങ്ങുന്ന ഈ കമ്പനികളാണ് തങ്ങളുടെ നാട്ടിലെ ക്രൈം റേറ്റ് കൂട്ടുന്നത് എന്നാണ് മെക്‌സിക്കോക്കാരുടെ ആക്ഷേപം (ഗ്യാങ്ങുകൾ, ഡ്രഗ് കാർട്ടൽസ് മുതലായവ). ഈ കമ്പനികൾ സ്ത്രീകൾക്ക് ജോലി കൊടുക്കുന്നതുകൊണ്ട് അവർ കൂടുതൽ സ്വതന്ത്രരാവുകയും അതുമൂലം അവർക്കെതിരെയുള്ള അക്രമങ്ങൾ കൂടുകയും ചെയ്യുന്നു എന്ന തിയറി യൊക്കെ നോവലിന്റെ അടുത്ത ഭാഗത്തിൽ വരുന്നുണ്ട്. ഫെയ്റ്റ്, റോസാ അമൽഫിതാനോയെ പരിചയപ്പെടുന്നതാണ് ഈ ഭാഗത്തെ മറ്റൊരു പ്രധാന സംഗതി. അവൾ ചെന്നുപ്പെട്ടിരിയ്ക്കുന്ന സാഹചര്യത്തെപ്പറ്റി ഫെയ്റ്റ് ബോധവാനാകുന്നു. അയാൾ സാന്റാ തെരീസയിലെ കൊലപാതകങ്ങളെപ്പറ്റി മനസിലാക്കുന്നു - അതിനെപ്പറ്റി എഴുതാനായി അയാൾ തന്റെ പത്രത്തിലേയ്ക്ക് വിളിയ്ക്കുമ്പോൾ പക്ഷെ, ബോക്‌സിങ് മാച്ച് മാത്രം റിപ്പോർട് ചെയ്യാനുള്ള നിർദ്ദേശമാണ് അയാൾക്ക് ലഭിയ്ക്കുന്നത്.

ഒരു റെസ്റ്റോറന്റിൽ ഇരിയ്ക്കുമ്പോൾ അയാൾ കേൾക്കുന്ന അടിമക്കച്ചവടത്തെപ്പറ്റിയുള്ള സംഭാഷണമാണ് മറ്റൊന്ന് - അവിടെ ചില തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ചിലവ റിപ്പോർട്ട്​ചെയ്യപ്പെടാതിരിയ്ക്കുന്നതും മറ്റും കടന്നു വരുന്നുണ്ട് - വീണ്ടും, നാലാം ഭാഗത്തേയ്ക്കുള്ള റഫറൻസ് ആണിത്. അയാൾ കൊലപാതകങ്ങളെപ്പറ്റി റിപ്പോർട്ട്​ചെയ്യുന്ന ഒരു സ്ത്രീ ജേർണലിസ്റ്റിനെ കണ്ടുമുട്ടുകയും അവരുടെയൊപ്പം അന്വേഷണത്തിന് കൂടുകയും ചെയ്യുന്നു. ഈ ഭാഗത്തിന്റെ അവസാനം പ്രശസ്തമാണ്, നോവൽ വായന തീർന്നതിനുശേഷം ആലോചിയ്ക്കുമ്പോൾ പ്രത്യേകിച്ചും, stunning എന്ന് പറയാവുന്ന ഒരു രംഗത്തിലാണ് അതവസാനിയ്ക്കുന്നത് - ഫെയ്റ്റും അയാൾ പരിചയപ്പെടുന്ന സ്ത്രീയും അവരുടെ fate-നെ മുഖാമുഖം കാണുകയാണ്. ഈ ഭാഗത്തെ മറ്റൊരു സംഗതി ലോകത്തിന്റെ അറ്റത്തുള്ള സ്ഥലം എന്നുള്ള സൂചനയാണ് (Patagonia, the place one goes to die എന്നാണ് വിശേഷണം, ഇതും വരാനിരിയ്ക്കുന്ന ഭാഗത്തെ ദുരന്തത്തിന്റെ ആഴം കാണിയ്ക്കുന്നതാണ്). അഞ്ചു പുസ്തകങ്ങളായി ഇറക്കാമായിരുന്നു എന്ന ആർഗ്യുമെന്റിന് അനുകൂലമായി നിരൂപകർ എടുത്തുപറയുന്ന ഭാഗമാണ് The Part about Fate. ആദ്യ രണ്ടുഭാഗങ്ങളിൽ നിന്നും തികച്ചും വേറിട്ട് നിൽക്കുന്ന ഒന്നാണ് ഇത് - ആദ്യ വാചകത്തിൽ തന്നെ ഞാൻ ആദ്യം സൂചിപ്പിച്ചപോലെ അത് ആരംഭിയ്ക്കുന്നു.

The Part about the Crimes എന്ന ഭാഗത്തിനാണ് നോവലിലുടനീളം വായനക്കാർ കാത്തിരിയ്ക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല - അഞ്ചാം ഭാഗംപോലും ഈ ഭാഗത്തിന് മുന്നെയാണ് സംഭവിയ്ക്കുന്നത്. Sergio González Rodríguez എന്ന ജേർണലിസ്റ്റിനെക്കുറിച്ച് ബൊലാഞ്ഞോ മുൻപ് അയാളുടെ ലേഖനങ്ങളിൽ പറഞ്ഞിട്ടുണ്ട് - അയാളാണ് Juarez-ൽ യഥാർത്ഥത്തിൽ നടന്ന കൊലപാതകങ്ങളെപ്പറ്റി റിപ്പോർട്ട് ചെയ്യുകയും അതിനെത്തുടർന്ന് കൊലപാതകശ്രമത്തിന്​ ഇരയാവുകയും ചെയ്ത, ബൊലാഞ്ഞോയുടെ ഈ വിഷയത്തിലെ കൺസൾട്ടന്റ് - അയാൾ കൊടുത്ത വിവരങ്ങളാണ് ഈ ഭാഗത്തിന്റെ ശക്തി (ജേണലിസ്റ്റിന്റെ പേര് അതുപോലെ ഉപയോഗിയ്ക്കുമെന്ന് ബൊലാഞ്ഞോ അയാളോട് പറഞ്ഞത്രേ). 1993-നും 2002നും ഇടയ്ക്ക് നൂറിലധികം (109, പെൺകുട്ടികളുടെ മരണത്തിന്റെ വിഷമത്തിൽ ഒരു അദ്ധ്യാപിക ആത്മഹത്യ ചെയ്യുന്നതുമുണ്ട്, ഫുൾ ലിസ്റ്റ് ഇന്റർനെറ്റിൽ ലഭ്യമാണ്) സ്ത്രീകളാണ് അവിടെ കൊല്ലപ്പെട്ടത് (നോവലിൽ സാന്റാ തെരീസയാണ് ആ സ്ഥലം). ക്രൂരമായ രീതിയിൽ പീഡിപ്പിയ്ക്കപ്പെട്ടശേഷമാണ് അധികകൊലകളും നടക്കുന്നത് - അതിന്റെ വിവരണങ്ങൾ വായിച്ചു തീർക്കുക എളുപ്പമല്ല (its so dark and bleak ) - അഥവാ, വായനക്കാരൻ പ്രതീക്ഷയോടെ വായിയ്ക്കാനെടുക്കുന്ന നോവലിന്റെ ഈ ഭാഗം കടന്നുകിട്ടുക തന്നെ കഠിനമാണ്. അത്രയ്ക്ക് യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന, വിശദീകരിച്ചുള്ള, ജേർണലിസ്റ്റിക് (നിർവികാരം എന്ന് പറയാവുന്ന) വിവരണങ്ങളാണ് ഇവിടെ. ആദ്യകാലത്ത് കൊലപാതകങ്ങൾക്കു സമാന്തരമായി പള്ളികളിൽ കയറി പ്രതിമകളും മറ്റും തകർക്കുകയും വിസർജ്ജനം ചെയ്യുകയും ചെയ്യുന്ന ഒരു സംഭവുമുണ്ട് - പത്രങ്ങൾ കൊലപാതകങ്ങളെക്കാൾ പ്രാധാന്യം കൊടുക്കുന്നത് ഇതിനാണ്. കുറെ പൊലീസുകാർ ഒരു റെസ്റ്റോറന്റിൽ ഇരുന്ന്​തികച്ചും സ്ത്രീ വിരുദ്ധമായ തമാശകൾ പറയുന്നത് മറ്റൊരിടത്തുണ്ട്. അതുപോലെയാണ് സ്ത്രീകളെ ഏതൊക്കെ രീതിയിൽ ലൈംഗികമായി പീഡിപ്പിയ്ക്കാം എന്നു പൊലീസുകാർ ചർച്ച ചെയ്യുന്നത് - മക്കിലഡോറ സ്ത്രീകളെ സ്വതന്ത്രരാക്കി, അത്തരം സ്ത്രീകൾ ഇതർഹിയ്ക്കുന്നു എന്ന തിയറിക്കാരും കുറവല്ല. മൊത്തത്തിൽ മെക്​സിക്കൻ സമൂഹം, ഇന്ത്യയിലെപ്പോലെ, ഇരയെ പ്രതിസ്ഥാനത്തു നിറുത്തുന്നതും മീഡിയയും നിയമപാലകരും അതിന്​ ഒത്താശ ചെയ്യുന്നതും എല്ലാമാണ് ബൊലാഞ്ഞോയുടെ വിഷയം. ആരാണ് കൊലപാതകങ്ങൾക്ക് പിന്നിൽ എന്നത് നോവലിന്റെ ഈ ഭാഗത്തെ ദീർഘമായ അന്വേഷണമാണ് - അത് എന്നാൽ, പൂർണമാകുന്നില്ല എന്നുമാത്രം. ഈ ഭാഗം എഴുതിക്കൊണ്ടിരിക്കെയാണ് ബൊലാഞ്ഞോയ്ക്ക് എഴുത്തുനിറുത്തേണ്ടി വരുന്നത്, താമസിയാതെ അയാൾ മരിയ്ക്കുകയും ചെയ്തു.

അപ്പോൾ നോവലിന്റെ അവസാനഭാഗം എന്താണ് എന്ന ചോദ്യം വരുമല്ലോ. സത്യത്തിൽ ബൊലാഞ്ഞോ ആദ്യം എഴുതി തയ്യാറാക്കിയ ഭാഗമാണ് The Part about Archimboldi. ഭാഗങ്ങളുടെ ക്രമം പിന്നീടുള്ള തീരുമാനമായിരുന്നു. കാലഗണനയുടെ കാര്യത്തിലും ആദ്യം വരുന്നത് ഇതാണ് - ഒന്നാം ലോകമഹായുദ്ധത്തിനുമുന്നേ, ആർച്ചിംബോൾഡിയുടെ അച്ഛനിൽ തുടങ്ങി, ആർച്ചിംബോൾഡി 2001-ൽ മെക്‌സിക്കോയിലേയ്ക്ക് പോകുന്നത് വരെയുള്ള ദീർഘമായ കഥയാണ് ഇവിടെ. റൈറ്റർ എന്ന കഥാപാത്രത്തെ കുറിപ്പിന്റെ ആദ്യത്തിൽ സൂചിപ്പിച്ചല്ലോ (Hans Reitter), അയാളുടെ പേരിൽ ആർച്ചിംബോൾഡി ഒരു ഹോട്ടലിൽ മുറിയെടുത്തത് തങ്ങളുടെ അന്വേഷണത്തിനിടെ നിരൂപകർ, നോവലിന്റെ ആദ്യഭാഗത്ത് കണ്ടെത്തുന്നുണ്ട് (എസ്പിനോസയ്ക്കു അയാളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു). സത്യത്തിൽ Hans Reitter ആർച്ചിംബോൾഡി തന്നെയായിരുന്നു. ഒരു കടലോര ഗ്രാമത്തിൽ ജനിച്ചു വളരുന്ന റൈറ്റർ പിന്നീട് ജർമ്മൻ പട്ടാളത്തിൽ ചേരുകയും ലോകമഹായുദ്ധകാലത്ത് പല രാജ്യങ്ങളിലൂടെ സഞ്ചരിയ്ക്കുകയും പല അനുഭവങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു. ഇവിടെ കഥയ്ക്കുള്ളിൽ കഥകളാണ് - അമേരിക്കക്കാർ തടവിൽ പാർപ്പിയ്ക്കുന്ന സമയത്ത് റൈറ്റർ പരിചയപ്പെടുന്ന സാമ്മർ എന്ന സൈനികൻ തന്റെ മുൻകാലജീവിതത്തിൽ നാസി ഭരണകൂടത്തിന് ജോലിക്കാരെ എത്തിച്ചുകൊടുക്കുന്ന ഒരു ഏജൻസി നടത്തുകയായിരുന്നു - ഓഷ്വിറ്റ്‌സിലേയ്ക്കയച്ച ജൂതത്തടവുകാർ എന്തോ കാരണത്താൽ അയാളുടെ കയ്യിലെത്തുന്നു. അയാൾ തടവുകാരെ താൻ കഴിവതും നന്നായി നോക്കി എന്നാണ് പറയുന്നത് - എന്നാൽ അവരെ കൊന്നുകളയാൻ ഗവണ്മെന്റ് പറയുമ്പോൾ അയാളത് ചെയ്യുകയും ചെയ്യുന്നു - സമയമെടുത്ത് ബാച്ച് തിരിച്ചാണ് ഈ കൊലപാതകങ്ങൾ അയാൾ നടത്തുന്നത് - എന്നാൽ അയാൾ കഥപറയുമ്പോൾ നമുക്ക് തോന്നുക അയാൾ നിഷ്‌കളങ്കനായ, നമ്മുടെയൊക്കെ നാട്ടിലെ അരാഷ്ട്രീയ മധ്യവർഗ്ഗക്കാരെപ്പോലെ, തനിയ്ക്ക് രാഷ്ട്രീയമൊന്നുമില്ലെന്നു പറയുന്ന ഒരാളായാണ്. ജൂതന്മാരുടെ കാര്യത്തിൽ അയാൾക്ക് എന്തോ വിഷമം ഉണ്ടെന്നു പോലും തോന്നും (ലോകമെങ്ങുമുള്ള വലതുപക്ഷ തീവ്രവാദികളുടെ സ്ഥിരം പറച്ചിലാണ് താൻ എന്തൊക്കെ ക്രൂരകൃത്യങ്ങൾ കാണേണ്ടി വന്നുവെന്നത്, ഒരിയ്ക്കലും തങ്ങളാണത് ചെയ്തതെന്ന് അവർ പറയില്ല എന്ന് Hannah Arendt എഴുതിയിട്ടുണ്ട്).

റൈറ്ററോട് അയാൾ ആദ്യം മറ്റൊരു കഥയാണ് പറഞ്ഞിരുന്നത്. അമേരിക്കൻ സൈനികർ അയാളെ യുദ്ധക്കുറ്റവാളികളുടെ ലിസ്റ്റിൽ പെടുത്തുന്നതോടെ അയാൾ എല്ലാം തുറന്നു പറയുന്നു. റഷ്യൻ സയൻസ് ഫിക്ഷൻ എഴുത്തുകാരനായ ഇവാനോവ് (ബൊലാഞ്ഞോയുടെ സയൻസ് ഫിക്ഷൻ, ക്രൈംനോവൽ താൽപ്പര്യങ്ങൾ മറ്റൊരു ടോപിക്കാണ്), ഒരു റൊമേനിയൻ സൈനികത്തലവനും അയാളുടെ കാമുകിയും, ദൈവം വെളിപ്പെടുന്ന ഒരു സൈനികൻ (ദൈവം അയാൾക്ക് അമരത്വം വാഗ്ദാനം ചെയ്യുന്നു, പക്ഷെ പിന്നാലെ ഒരു വണ്ടിയിടിച്ച് അയാൾ മരിയ്ക്കുന്നു), റൈറ്ററെ ചെറുപ്പത്തിൽ ആ ഗ്രാമത്തിനു പുറത്തെ വലിയ ലോകത്തേയ്ക്ക് നയിയ്ക്കുന്ന ഹാൾഡർ എന്ന കഥാപാത്രം, റൈറ്ററുടെ അനിയത്തി (അവരുടെ കഥ ദീർഘമാണ്, നോവലിൽ പ്രധാനപ്പെട്ട ഒരു സംഗതിയുടെ താക്കോൽ അവരുടെ കഥയിലാണ്, അത് ഞാൻ വായനക്കാർക്ക് വിടുന്നു) - അങ്ങനെ അനവധി കഥാപാത്രങ്ങൾ ഈ ഭാഗത്തുണ്ട്. ആർമി വിട്ട് എഴുത്തിലേയ്ക്കു തിരിയുന്ന റൈറ്റർ (നോവലിൽ ഉടനീളം ഹാൻസ് എന്നും റൈറ്റർ എന്നുമെല്ലാം അയാൾ വിളിയ്ക്കപ്പെടുന്നു), ആർച്ചിംബോൾഡി എന്ന പേര് സ്വീകരിയ്ക്കുകയാണ്. അയാളുടെ ആദ്യ നോവലുകൾക്ക് പബ്ലിഷറെ കിട്ടുന്നില്ല. അയാൾക്ക് കിട്ടുന്ന പബ്ലിഷർ ആവട്ടെ അയാളുടെ മുഴുവൻ പുസ്തകങ്ങളും പ്രിന്റ് ചെയ്യുന്നെന്ന് മാത്രമല്ല, പലപ്പോഴും അയാൾക്ക് നല്ല പ്രതിഫലം കൊടുക്കുകയും അയാളുടെ നോവലുകൾ തിരുത്തില്ലാതെ പ്രസിദ്ധീകരിയ്ക്കുകയും ചെയ്യുന്നു. പബ്ലിഷറുടെ ഭാര്യ റൊമേനിയൻ സൈനിക കമാന്ററുടെ കാമുകിയായിരുന്നു, പബ്ലിഷറുടെ മരണശേഷവും അവർ ആർച്ചിംബോൾഡിയുടെ പുസ്തകങ്ങൾ അച്ചടിയ്ക്കുന്നു. അവർ തമ്മിൽ പല തവണ കണ്ടുമുട്ടുന്നതും എല്ലാം കഥയിലുണ്ട് - ഇതിനു സമാന്തരമായി ആർച്ചിംബോൾഡിയുടെ കാമുകി അപ്രത്യക്ഷമാകുന്ന ഒരു കഥയുമുണ്ട്. ആർച്ചിംബോൾഡിയാണോ സാന്റാ തെരീസയിലെ കൊലപാതകി എന്നത് ഈ ഭാഗത്തെ ഒരു പ്രധാന ചോദ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ. അത് ക്ഷമയോടെ നോവൽ വായിയ്ക്കാനൊരുങ്ങുന്ന വായനക്കാർക്ക് വിട്ടുകൊടുക്കുന്നു. ആർച്ചിംബോൾഡി മെക്‌സിക്കോയിലെത്തിയ ശേഷമാണ് നോവലിന്റെ ആദ്യഭാഗം വരുന്നത് എന്നതോടെ നോവലിന് പെട്ടെന്ന് ഒരു circular ഘടന വരുന്നു - അഥവാ, നോവൽ അവസാന ഭാഗത്തുനിന്ന് തിരികെ ആദ്യഭാഗത്തേയ്ക്കെത്തുന്നു. ഈ രണ്ടാം വായന നോവലിനെ മറ്റൊരു വിധത്തിൽ വായനക്കാർക്കു തുറന്നുതരും എന്നും പറയേണ്ടതില്ലല്ലോ.

ഹാൻസ് റൈറ്റർ ഇങ്ങനെ ഒരിടത്ത് പറയുന്നുണ്ട് - "എന്തൊരാശ്വാസമാണ് എഴുതാതിരിയ്ക്കുന്നത്, വായനയാണ് സുഖം'. ഹാൻസ്, ബൊലാഞ്ഞോയെപ്പോലെ വൈകി എഴുത്തു തുടങ്ങിയ ആളാണ്. ആർച്ചിംബോൾഡി ഒരിടത്തു പറയുന്നു - തനിയ്ക്ക് 69 വയസ്സായി, സെർവാന്റിസ് ഡോണ്കീഹോത്തെ എഴുതിയത് ഈ പ്രായത്തിലാണ്. ഇതെല്ലാം ബൊലാഞ്ഞോയുടെ എഴുത്തിലേയ്ക്ക് തന്നെയുള്ള സൂചകങ്ങളാണ് - താൻ അവസാനമായി എഴുതുന്നത് തന്റെ മാസ്റ്റർപീസ് ആയിരിയ്ക്കും എന്ന ചിന്ത ബൊലാഞ്ഞോയുടെ ഉള്ളിൽ എപ്പോഴുമുണ്ട് എന്നത് അയാളുടെ ലേഖനങ്ങളിൽ ആവർത്തിയ്ക്കുന്നുണ്ട്. ആ നോവൽ എന്നെങ്കിലും എഴുതിത്തീർക്കാൻ കഴിയുമോ എന്ന സന്ദേഹവും അങ്ങിങ്ങുണ്ട്. What is popular വേഴ്‌സസ് what is permanent എന്നതാണ് ബൊലാഞ്ഞോയുടെ നിരന്തരമായ അന്വേഷണം എന്ന് പല നിരൂപകരും സൂചിപ്പിച്ചിട്ടുണ്ട്.

കോർമാക് മക്കാർത്തിയുടെ ബ്ലഡ് മെരിഡിയൻ എന്ന നോവലുമായി 2666 താരതമ്യം ചെയ്യപ്പെടാറുണ്ട്. പ്രത്യേകിച്ച് പ്ലോട്ടൊന്നും ഇല്ലെന്നതും, അന്തരീക്ഷത്തിന്റെ തീവ്രതയുമാണ് ഈ നോവലുകളെ പ്രത്യക്ഷത്തിൽ ബന്ധിപ്പിയ്ക്കുന്ന സംഗതി (നോവലിൽ കത്തികൊണ്ട് ഒരാളുടെ തലയറുക്കുന്ന സീൻ ഓർക്കുക, പിറ്റേന്നും അയാളുടെ തലയില്ലാത്ത ശരീരം അവിടെത്തന്നെയിരിയ്ക്കുന്നതിന്റെ വിവരണം - 2666-ൽ മരിച്ച ഒരു പെൺകുട്ടിയുടെ ശരീരം ഒരു പോസ്റ്റിൽ ചാരി നിൽക്കുന്നപോലെ കാണപ്പെടുന്നതായുണ്ട്, ഒറ്റനോട്ടത്തിൽ അവർ മരിച്ചെന്നു തോന്നുകയില്ല, എന്നാൽ അതിഭീകരമായ ഒരു രംഗമാണ് അത്. മെരിഡിയനിൽ ദുർബ്ബലയായ സ്ത്രീയുടെ തലയിൽ തോക്കുവച്ചു നിറയൊഴിയ്ക്കുന്ന രംഗമുണ്ട്, അത് വായിയ്ക്കുമ്പോൾ അസാധാരണമായ ഒരു നിസ്സഹായത വായനക്കാരന് തോന്നും). മറ്റൊന്ന് allusions(പരോക്ഷസൂചനകൾ) ആണ്. രണ്ടു നോവലുകളിലും പ്രത്യേകിച്ചും, 2666-ൽ, അവ വളരെയധികമുണ്ട്. Modeling Evil, Rejecting Innocence തുടങ്ങിയ സംഗതികളാണ് പിന്നെയുള്ളത്. Odd Details ആണ് മറ്റൊന്ന്. ഇവ വിശദീകരിയ്ക്കണ്ടതില്ലെന്നു കരുതുന്നു. മക്കാർത്തിയുടെ ഒരു ഉദ്ധരണിയും പ്രശസ്തമാണ് - The novel depends for its life on the novels that have been written. 1992-ൽ ആദ്യ അഭിമുഖം കൊടുക്കുന്നതുവരെ ആർക്കും പിടികൊടുക്കാത്ത ഒരെഴുത്തുകാരനുമായിരുന്നു മക്കാർത്തി.

ഒരു കാര്യം വായനക്കാരുടെ മനസ്സിലുയരുക സ്വാഭാവികമാണ് - ബൊലാഞ്ഞോയെ ഇത്ര കഷ്ടപ്പെട്ട് എന്തിനു വായിയ്ക്കണം? അതിനു ലളിതമായ ഉത്തരമാണുള്ളത് - എല്ലാവർക്കുമുള്ള എഴുത്തുകാരനല്ല അയാൾ. എന്നാൽ അയാളെ വെറുതെ വായിച്ചുതള്ളുന്നതിൽ കാര്യവുമില്ല. സ്വന്തം എഴുത്തിലേയ്ക്കും മറ്റുള്ളവയിലേയ്ക്കും ധാരാളം ഹൈപ്പർലിങ്കുകൾ ഉള്ള എഴുത്താണ് അയാളുടെ. അത്തരത്തിലൊരു കൗതുകമില്ലാത്ത, യാഥാസ്ഥിതികരായ വായനക്കാർക്ക്, ബൊലാഞ്ഞോ ദഹിയ്ക്കില്ല. ബൊലാഞ്ഞോയുടെ ഈ വലിയ രണ്ടു നോവലുകളെങ്കിലും അയാളുടെ മറ്റു ഫിക്ഷൻ /നോൺഫിക്ഷൻ എഴുത്തുകളുമായി ചേർത്തുവയ്ക്കാതെ വായിയ്ക്കുക സാധ്യവുമല്ല. Horacio Castellanos Moya-യ്ക്ക് എഴുതിയ കത്തിൽ "fusty private club full of cobwebs, presided over by Vargas Llosa, García Marquez, Fuentes and other pterodactyls.' എന്നെഴുതിയ ബൊലാഞ്ഞോ ലാറ്റിനമേരിക്കൻ ബൂം ജെനെറേഷനോട് കടുത്ത വിയോജിപ്പുള്ള ആളായിരുന്നു. ‘Even if I was starving to death, I wouldn't accept any charity from the Boom' എന്നും അയാൾ പറഞ്ഞിട്ടുണ്ട്. അവസാനകാലത്ത് തന്റെ എഴുത്തിനോട് പോസിറ്റീവ് പ്രതികരണങ്ങൾ വന്നു തുടങ്ങിയപ്പോൾ ബൊലാഞ്ഞോ ഈ ആക്രമണങ്ങൾ വർദ്ധിപ്പിയ്ക്കുകയാണ് ചെയ്തത്. Dissent ആയി അയാളുടെ മുഖമുദ്ര. സാവേജ് ഡിറ്റക്റ്റീവ്‌സ്, Antwerp, Third Reich തുടങ്ങിയ നോവലുകൾ വന്നപ്പോഴുള്ള അഭിമുഖങ്ങൾ ശ്രദ്ധിച്ചാൽ ഈ സംഗതി മനസ്സിലാകും (Antwerp ആണ് തനിയ്ക്ക് നാണക്കേട് തോന്നാത്ത ഏക വർക്ക് എന്ന് അയാൾ പറഞ്ഞിട്ടുണ്ട്). എന്നാൽ അയാൾ അപ്പോഴൊക്കെ തന്റെ മാസ്റ്റർപീസ് ആയ 2666-ൽ പണിയെടുത്തുകൊണ്ടിരിയ്ക്കുകയായിരുന്നു താനും.

അമേരിക്കക്കാർക്ക് എന്താണ് ഇയാളോടിത്ര പ്രിയം എന്ന് തിയറി പോലുമുണ്ട് - അയാളുടെ മിത്തിക്കൽ ഇമേജ് തന്നെയാണ് അതിൽ പ്രമുഖം. അലഞ്ഞുനടന്ന യൗവനം, ദാരിദ്ര്യം, ചിലിയിലെ ജയിൽവാസം, മെക്‌സിക്കൻ കവിതയിലെ enfant terrible എന്ന ഇമേജ്, സാവേജ് ഡിറ്റക്റ്റീവീസിനു Rómulo Gallegos prize കിട്ടിയത്, തുരുതുരാ എഴുതിയിരുന്നത് തുടങ്ങി അനവധി സംഗതികൾ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അയാളുടെ ജയിൽവാസത്തെപ്പറ്റിയുള്ള പല കഥകളും ഉണ്ട് - അങ്ങനെ ഉണ്ടായിട്ടില്ലെന്നും മറ്റും - അതിനെപ്പറ്റി ബൊലാഞ്ഞോ തന്നെ തമാശയോടെ ഇങ്ങനെ പറഞ്ഞിട്ടുണ്ട് - ""എന്നെ എട്ടുദിവസത്തേയ്ക്കാണ് തടവിൽ വച്ചത്... എന്റെ പുസ്തകങ്ങൾ ജർമ്മനിയിൽ ഇറങ്ങിയപ്പോൾ അവരതിൽ തടവ് ഒരു മാസമായിരുന്നു എന്ന് കൊടുത്തു; ആദ്യപുസ്തകം അത്ര നന്നായി വിറ്റില്ല, അപ്പോൾ രണ്ടാമത്തെ ബുക്കിൽ തടവ് മൂന്നുമാസമായി കൊടുത്തു; മൂന്നാമത്തേതിൽ നാലുമാസം... ഇപ്പോൾ നോക്കിയാൽ ഞാൻ എന്നും ജയിലിലായിരുന്നു എന്ന് തോന്നും''.

മറ്റൊന്ന് അയാളുടെ എഴുത്തിൽ ആത്മകഥാപരമായുള്ളത് എന്ത്, ഭാവനയെന്ത് എന്ന് പറയുകവയ്യ എന്നതാണ്. പിന്നെയുള്ളത്, ബൊലാഞ്ഞോ സാഹിത്യത്തിലെ irony യുടെ അടിയൊഴുക്കാണ്, സാഹിത്യത്തോടുള്ള അതിരുകടന്ന അഭിനിവേശവും, സാവേജ് പോലുള്ള നോവലുകളിൽ കടന്നുവരുന്ന ഐക്കണിക് ആയുള്ള സാഹിത്യകാരന്മാരും അവരുടെ പാരഡികളും, എഴുത്തുകാരെ ദൈവങ്ങളെപ്പോലെ കാണുന്ന പ്രവണതയും എല്ലാം അതിൽപ്പെടും (ഇതൊന്നും അമേരിക്കക്കാരുടെ പ്രാക്ടിക്കൽ കൾച്ചറിൽ ഇല്ല എന്നതു മറ്റൊരു ആകർഷണം ആണത്രേ, അമേരിക്കക്കാരുടെ ലിറ്റററി ഒബ്‌സെഷൻസിനെപ്പറ്റി ബൊലാഞ്ഞോ പറഞ്ഞ തമാശ കുറിപ്പിന്റെ ആദ്യഭാഗത്തുണ്ടല്ലോ). ഇങ്ങനെ പല ആശയങ്ങളുടെ, അഭിപ്രായങ്ങളുടെ, മിത്തുകളുടെ സമാഹാരമാണ് ബൊലാഞ്ഞോ - അയാളെ അറിയേണ്ടവർക്ക് എല്ലാം അറിയേണ്ടതായി വരും, അതാണ് അയാളെ വായിയ്ക്കുന്നതിലെ രസവും വെല്ലുവിളിയും - അയാളെ ചുറ്റിപ്പറ്റി ഒരു കൾട്ട് പോലും രൂപപ്പെടുന്നുണ്ടെന്നു തോന്നും. അതുപോലൊരു എഴുത്തുകാരൻ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ലോകസാഹിത്യത്തിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം, അതാണ് ബൊലാഞ്ഞോയുടെ വായനക്കാർ അയാൾക്ക് കാണുന്ന പ്രസക്തിയും.

Source: Beyond Good and Evil / Nietzsche, Between Parentheses : Essays, Articles, and Speeches, 1998-2003 / Roberto Bolaño, Roberto Bolaño's fiction : An Expanding Universe / Chris Andrews, Yale Courses Channel, Writing Life / Annie Dillard, Various interviews / Roberto Bolaño from Youtube.


അഭിലാഷ് മേലേതിൽ

നോവലിസ്റ്റ്, സോഫ്റ്റ്​വെയർ എഞ്ചിനീർ. പൊറ്റാളിലെ ഇടവഴികൾ പ്രധാന കൃതി.

Comments