‘മുതലാളിത്തം’ എന്ന ഓമനപ്പേരിൽ മലയാളക്കരയിൽ അറിയപ്പെടുന്ന ആഗോള സാമ്പത്തിക- രാഷ്ട്രീയ ക്രമത്തിന് സ്വന്തമായി ഒരു പ്രത്യയശാസ്ത്രമുണ്ടോ? എങ്കിൽ എന്താണ് അത് നമ്മോടു പറയുന്നത്? അങ്ങേയറ്റം ലളിതമായി വിവരിച്ചാൽ, സമൂഹത്തിലെ ഓരോ അംഗവും അവരവരുടെ വ്യക്‌തിതാല്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമ്പോൾ അത് എല്ലാവരുടെയും സമൃദ്ധി ഉറപ്പുവരുത്തുന്നു എന്നാണ് മുതലാളിത്തം അവകാശപ്പെടുന്നത്. ഇതെങ്ങിനെ സംഭവിക്കുന്നു?
ദൈവതുല്യമെന്നോണം ചലിക്കുന്ന വിപണിയുടെ അദൃശ്യകരങ്ങളുടെ കൃപയാൽ, എന്ന് ലിബറൽ സമ്പദ്ശാസ്ത്ര വിശാരദർ നമ്മുടെ കാതിൽ ഓതുന്നു. അതോടൊപ്പം തന്നെ 'ശക്തർ അതിജീവിക്കും' എന്ന (വ്യാജ)പ്രകൃതിവാദം മറുകാതിലും. ഇങ്ങനെ നമ്മിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പരസ്പരവിരുദ്ധമായ വാദങ്ങൾ ഒരേ സമയം മന്ത്രിച്ചുകൊണ്ടേയിരിക്കുന്ന 'നാലായി പിരിഞ്ഞ നാവുള്ള' ഒന്നാണ് ആഗോള മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രം.
ഇതിനു വിരുദ്ധമായി, യഥാർത്ഥ ഉത്പാദകശക്തിയായ സംഘടിത തൊഴിലാളിവർഗത്തിന്റെ അധ്വാനശേഷി ആസൂത്രിതമായി ചൂഷണം ചെയ്ത്, ന്യൂനാൽ ന്യൂനപക്ഷം മാത്രമായ മുതലാളിവർഗ്ഗത്തിന് കൊള്ളലാഭം നേടിക്കൊടുക്കുക എന്ന ഏകലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന പൈശാചിക വ്യവസ്ഥയാണിതെന്ന് മാർക്സിസം ഇതിനുനേരെ വാളോങ്ങുന്നു. മുതലാളി- തൊഴിലാളി വർഗ്ഗ ദ്വന്ദ്വവും ഇരു വർഗ്ഗങ്ങളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യവും പ്രമാണമായി സ്വീകരിച്ച്, തൊഴിലാളിവർഗ്ഗം സംഘടിത വിപ്ലവത്തിലൂടെ ഈ വ്യവസ്ഥക്കുമേൽ ആധിപത്യം നേടുന്നതാണ് മുതലാളിത്ത ചൂഷണത്തിനുള്ള മാർക്സിസ്റ്റ് മറുമരുന്ന്.

എന്നാൽ ഈ രണ്ടു വ്യവസ്ഥകളും, അവയെ പിന്താങ്ങുന്ന പ്രത്യയശാസ്ത്രങ്ങളും ഉത്പാദനം, ഉത്പാദനശക്തി, ഉത്പാദനക്ഷമത എന്നീ മൂല്യങ്ങൾക്ക് തത്വത്തിലും പ്രയോഗത്തിലും സർവ്വോപരി പ്രാമുഖ്യം കല്പിക്കുന്നവയാണെന്നും, അതിനാൽ അടിസ്ഥാനപരമായി ഇവ രണ്ടും പ്രത്യുല്പാദനശക്തികളുടെയും പ്രകൃതിയുടെയും അനിയന്ത്രിതമായ ചൂഷണത്തെ ആസ്പദമാക്കി നിലകൊള്ളുന്നവയാണെന്നുമുള്ള വാദമാണ് പത്തനംതിട്ട പ്രസക്തി ബുക്സ് പ്രസിദ്ധീകരിച്ച, അശോകകുമാർ വി. എഴുതിയ 'അറിവിന്റെ ആപത്കരമായ തൂവൽസ്പർശം' എന്ന ഈ പുസ്തകത്തിന്റെ കാതൽ. മലയാള വായനക്കാർ പരിചയിച്ചുപോന്നിട്ടുള്ള സാമ്പ്രദായിക ഇടതുപക്ഷ- നവലിബറൽ വിമർശനമല്ല ഇത്. അപ്പോഴും ഇരു വ്യവസ്ഥകളെയും ഒരേ തുലാസിൽ തൂക്കാൻ മുതിരുന്നില്ല ഗ്രന്ഥകാരൻ. പകരം ഇരു വ്യവസ്ഥകളെയും പരമ്പരാഗത കീഴാള സമൂഹങ്ങളുടെയും പ്രകൃതിയുടെയും പക്ഷം ചേർന്നു നിന്ന് ചോദ്യം ചെയ്യുന്ന, മൗലികവും ചർച്ച ചെയ്യപ്പെടേണ്ടതുമായ വാദഗതിയാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്നത്.
പ്രത്യുല്പാദനം അല്ലെങ്കിൽ പ്രത്യുത്പാദന ശക്തികൾ എന്നതുകൊണ്ട് കൃത്യമായി എന്തിനെയാണ് അല്ലെങ്കിൽ, ആരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നും, അവ ഉത്പാദനത്തിൽ നിന്നും, ഉത്പാദനശക്തികളിൽ നിന്നും എങ്ങനെ വ്യതിരിക്തമായിരിക്കുന്നുവെന്നും, എന്തുകൊണ്ട് ഈ വ്യത്യാസം പ്രധാനമാണെന്നും അറിയാൻ നമുക്ക് എഴുത്തുകാരന്റെ വാക്കുകളെ തന്നെ ആശ്രയിക്കാം: "പ്രകൃതി, പെണ്ണുങ്ങൾ, ആദിവാസി- ദലിത് സമൂഹം, കാർഷിക ജനത, കൈവേലക്കാർ, മൂന്നാംലോക രാഷ്ട്രങ്ങൾ തുടങ്ങിയ പ്രത്യുദ്പാദന ശക്തികളെ ആഗോള മൂലധനവും അതിന്റെ കൂലിവേലക്കാരും സാങ്കേതിക വിദ്യകളും അടങ്ങുന്ന ഉത്പാദനശക്തികൾ അടിമപ്പെടുത്തുന്നതിന്റെയും, അതിനെതിരെ പ്രത്യുത്പാദനശക്തികൾ നടത്തുന്ന ചെറുത്തുനില്പിന്റെയും കഥയാണ് ആധുനിക ലോകചരിത്രം. ഈ ചരിത്രം തുടങ്ങുന്നത് അഞ്ചു നൂറ്റാണ്ടു മുൻപ് അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ പ്രത്യുത്പാദനശക്തികളായ ഭൂപ്രകൃതിക്കും തദ്ദേശീയ ജനങ്ങൾക്കും മേലുള്ള യൂറോപ്യൻ അധിനിവേശത്തോടെയാണ്... ഭൂമിയുടെ പ്രത്യുത്പാദനക്ഷമത പരിപോഷിപ്പിക്കുന്നവരല്ല, ഭൂമിയുടെ പ്രത്യുത്പാദനക്ഷമതയെ നശിപ്പിച്ചു, അതിനെ ഉത്പാദനപരമാക്കി മാറ്റുന്നവരാണ് ഭൂമിയുടെ യഥാർത്ഥ ഉടമകൾ എന്ന പാശ്ചാത്യ ഭരണകൂട നിർവചനത്തിലാണ് യൂറോപ്യൻ അധിനിവേശം കുടിയിരിക്കുന്നത്... അതായത് ലോകത്തിൻ്റെ സംഘർഷം ഉല്പാദനശക്തികളായ മൂലധനവും തൊഴിലാളിയും തമ്മിലല്ല. കാരണം മൂലധനത്തെ സൃഷ്ടിക്കുന്ന തൊഴിലാളിയുടെ അധ്വാനത്തെ നിർമ്മിക്കുന്നത് പ്രത്യുല്പാദനശക്തികളാണ് - കീഴാള സമൂഹമാണ്. അതിനാൽ നവ ലിബറൽ ലോകത്ത് ഒരു വശത്ത് ഉല്പാദനശക്തികളാണെങ്കിൽ അവർക്കു നേർ നിൽക്കുന്നത് പ്രത്യുല്പാദനശക്തികളാണ്."
എന്തുകൊണ്ട് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി 'വികസനം' എന്ന ഓമനപ്പേരിൽ വിളിക്കുന്ന നവ ലിബറൽ സാമ്പത്തിക നയപരിപാടി ലോകമെങ്ങും പ്രത്യയശാസ്ത്ര- സൈദ്ധാന്തിക സങ്കോചങ്ങളേതുമില്ലാതെ രാഷ്ട്രീയ കക്ഷികളും ഔദ്യോഗിക ബുദ്ധിജീവികളും ഉദ്യോഗസ്ഥവൃന്ദങ്ങളും ഒരുപോലെ ഏറ്റെടുക്കുകയും, ആഘോഷിക്കുകയും തദ്ദേശീയ ജനസമൂഹങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നുവെന്നതിനും പുസ്തകം ചില ഉത്തരങ്ങൾ തരുന്നുണ്ട്. മൂന്നാംലോക അപകോളനീകരണ ചിന്തയെ പിൻപറ്റിക്കൊണ്ട്, ലിബറൽ ചിന്തകരും മാർക്സിസ്റ്റുകളും പലപ്പോഴും യാന്ത്രികമായി ഉദാത്തവത്കരിക്കാറുള്ള പടിഞ്ഞാറൻ ആധുനികത, യൂറോപ്യൻ നവോത്ഥാനം, ജ്ഞാനോദയം തുടങ്ങിയ ധൈഷണിക-രാഷ്ട്രീയ പദ്ധതികളുടെ കണിശമായ അപഗ്രഥനത്തിലൂടെയാണത്. വിരുദ്ധചേരികളിലായി പരസ്പരം മല്ലിട്ടു നിൽക്കുന്ന പടിഞ്ഞാറൻ ആശയസംഹിതകൾ തമ്മിലുള്ള ജനിതകമായ പൊരുത്തങ്ങൾ പുസ്തകം ചൂണ്ടിക്കാണിക്കുന്നു: "സമ്പത്തിന്റെ സമാഹരണത്തിന് ഏതൊരാൾക്കും സ്വാതന്ത്ര്യം നൽകിയാലേ സാർവ്വത്രിക പുരോഗതി സാധ്യമാകൂ എന്ന് വ്യക്തിസ്വാതന്ത്ര്യവാദികൾ പറഞ്ഞപ്പോൾ, വ്യക്തികൾക്കിടയിൽ സമത്വം വന്നാലേ സ്വാതന്ത്ര്യം സാധ്യമാകൂ എന്ന് സമത്വവാദികൾ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യമാണോ സമത്വമാണോ വലുത് എന്ന് ഇരുചേരി വടംവലിക്കാരും കാലുറപ്പിച്ചു നിന്നതാകട്ടെ, കോളനികളിൽ നിന്നും വാരിക്കൂട്ടിയ സമ്പത്തും ജ്ഞാനോദയവും വ്യവസായ വിപ്ലവവും കൂടിച്ചേർന്നു ദൃഢപ്പെടുത്തിയ ഒരൊറ്റ മണ്ണിലാണ്."

കോളനി ഭരണത്തിൽ തുടങ്ങി, ലിബറൽ ജനാധിപത്യത്തിന്റെ പിറവിയിലൂടെയും രാഷ്ട്രീയ-ശാസ്ത്ര-വ്യവസായ വിപ്ലവങ്ങളിലൂടെയും യൂറോപ്യൻ ജ്ഞാനോദയത്തിലൂടെയും ഉയർച്ചതാഴ്ചകളിലൂടെ നൂണ്ട്, നവ ലിബറൽ ലോകക്രമത്തിന്റെ പ്രഭവസ്ഥാനം തേടിപ്പോവുന്ന അന്വേഷണമായാണ് ആഖ്യാനം ചുരുൾ നിവരുന്നത്. ഈ അന്വേഷണത്തിൽ നവ ലിബറൽ വ്യവസ്ഥക്ക് ഒരു പോലെ അടിത്തറയായും അലങ്കാരമായും പ്രവർത്തിക്കുന്ന ആധുനിക ശാസ്ത്രവും പ്രതിക്കൂട്ടിലാവുന്നു. കാരണം മറ്റൊന്നുമല്ല, "നിരീക്ഷണങ്ങൾ, തെളിവുകൾ, യുക്തിബോധം, ശാസ്ത്രീയമായ പ്രവചനശേഷി എന്നിങ്ങനെ ആധുനിക ശാസ്ത്രം വരച്ചിട്ട നാച്വറലിസത്തിന്റെയും പോസിറ്റിവിസത്തിന്റെയും ഈ കളിത്തട്ടിലാണ് വ്യക്തിസ്വാതന്ത്ര്യമാണ് പരമോന്നത മൂല്യമെന്നു ലിബറൽ സ്വാതന്ത്ര്യവാദികളും അതല്ല സാമൂഹികസമത്വമാണ് ഏറ്റവും ഉദാത്തമെന്നു സമത്വവാദികളും പരസ്പരം കൊമ്പുകോർത്തത്."
ഇത്തരമൊരു അന്വേഷണം എന്തുകൊണ്ട് പ്രധാനമാകുന്നു എന്ന് സൂചിപ്പിക്കാൻ നവ ലിബറലിസം അതിന്റെ വിശ്വരൂപം പൂണ്ടു നിൽക്കുന്ന ഇന്നത്തെ ലോകാവസ്ഥയിലേക്കൊന്നു കണ്ണോടിച്ചാൽ മാത്രം മതി. മുൻകാല യൂറോപ്യൻ നോവലുകളിലെ അഭിശപ്തരായ നായകന്മാരുടെ കുമ്പസാരങ്ങളെയൊ മറ്റോ അനുസ്മരിപ്പിക്കുന്ന ഋജുവും തീക്ഷ്ണവുമായ വരികളിലൂടെ ഈ (നിസ്സഹായ) അവസ്ഥയെ അടയാളപ്പെടുത്തിക്കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്:
"ഭൂഗോളത്തെ പൊതിഞ്ഞ നവ ലിബറൽ വായു മണ്ഡലത്തിലൂടെയാണ് ഇന്ന് ഞാൻ എന്നെയും അപരലോകത്തെയും അനുഭവിക്കുന്നത്. നവ ലിബറലിസം എന്നെ ഊട്ടിവളർത്തുന്നതിനാലും ഞാൻ തിരികെ നന്ദിപൂർവ്വം അതിനായി അതിലപ്പുറം സമർപ്പിക്കുന്നതിനാലും അങ്ങനെ അതും ഞാനും രണ്ടല്ലാത്തതിനാലും എനിക്ക് അതിന്റെ അന്തരീക്ഷത്തെ ഭേദിക്കുക എളുപ്പമല്ലാതെയുമായിരിക്കുന്നു.
കാരണം ഋതുവായ പെണ്ണിനും തെണ്ടിക്കും ചുടലപ്പണിക്കാരനും ആഭാസനും അഗ്നിഹോത്രിക്കും ഹരിനാമകീർത്തനം ചൊല്ലാം എന്ന് എഴുത്തച്ഛൻ പാടിയ പോലെ, മതവാദിക്കും മതേതരർക്കും മതവിരോധിക്കും പ്രത്യയശാസ്ത്ര നിരപേക്ഷമായി നവ ലിബറലിസം വികസനത്തിന്റെ കീർത്തനമാലയാണിപ്പോൾ. അത് അത്രമേൽ നിഷ്പക്ഷവും സർവ്വോപകാരദായകവും, ഒരു ചെടിയുടെ പ്രകൃത്യാലുള്ള വളർച്ച പോലെ അത്രമേൽ സ്വാഭാവികവുമായി എല്ലാവർക്കും അനുഭവപ്പെടുകയാണിന്ന്. അതായത് പ്രത്യയശാസ്‌ത്രപരമായി പല ചേരികളിലാണെങ്കിലും നവലിബറൽ വികസന-സാമ്പത്തിക പദ്ധതികളോട് എല്ലാവരും ഐക്യപ്പെടുകയാണ്. അങ്ങനെ കാലം കാത്തിരുന്ന അജയ്യമായ സാമ്പത്തികവ്യവസ്ഥയാണ് നവ ലിബറലിസം എന്ന ആശയം ആവർത്തിച്ചു സമൂഹഹൃദയത്തിൽ ഉറപ്പിക്കപ്പെടുന്നു. എന്നാൽ ലോകത്തെ ബന്ധിച്ചിരിക്കുന്ന ഒരു ബോധമണ്ഡല പദ്ധതിയെന്ന നിലയിൽ നവ ലിബറലിസത്തെ തിരിച്ചറിയുമ്പോൾ ഞാൻ എന്നെത്തന്നെ തന്നെ മനസ്സിലാക്കാൻ തുടങ്ങുന്നു".
ആഗോള വിപണിയുടെ സാംസ്കാരിക-മനഃശാസ്ത്ര-ആത്മീയ പരിസരം മറ നീക്കി പുറത്തുകൊണ്ടുവരുന്നു എന്ന് മാത്രമല്ല, നാമിന്നു ജീവിച്ചുകൊണ്ടിരിക്കുന്ന, നവ ലിബറലിസത്തിന്റെ കൂടി സൃഷ്ടിയായ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാംസ്കാരിക- രാഷ്ട്രീയ പരിസരത്തിൽ രണ്ടു കാലും ഊന്നിനിന്ന് അത് ചെയ്യാനുള്ള പേശീബലം കാട്ടുന്നു എന്നത് കൂടിയാണ് ഈ എഴുത്തിന്റെ സവിശേഷത. സരളമായ ഈ ആഖ്യാനപാടവം കൊണ്ടുതന്നെ ഇതിലെ ഉള്ളടക്കത്തിന്റെ കാതൽ ഓരോ അധ്യായങ്ങളുടെയും തലക്കെട്ടുകളിൽ നിന്ന് തന്നെ നമുക്ക് വായിച്ചെടുക്കാനാവും:
-ലിബറലിസം: ശുദ്ധികലശവും പുനഃ പ്രതിഷ്ഠയും.
-തീ കൊണ്ട് വരച്ച ആഫ്രോ ഏഷ്യൻ ഭൂപടങ്ങൾ.
-അധിനിവേശത്തിന് വെള്ളം കോരുന്ന മാർക്കറ്റ് ഫെമിനിസം.
-അധ്വാനശേഷിയുടെ അന്യവത്കരണവും മനുഷ്യത്തീറ്റയും.
-വിചാരണ കൂടാതെ തടവിലായ 51 അക്ഷരങ്ങൾ.
-മാനവസങ്കീർത്തനത്തിൽ മുങ്ങിപ്പോയ പ്രകൃതി.
-വിപണി നൽകുന്ന രതിലഹരി.
മുകളിൽ ആഖ്യാതാവ് പ്രകടിപ്പിക്കുന്ന നിസ്സഹായാവസ്ഥയും അതിനെ മറികടക്കാനുള്ള ആലോചനകളുമെല്ലാം നവ ലിബറൽ ലോകക്രമത്തിന് കീഴിൽ നാമെല്ലാവരും നേരിട്ടനുഭവിക്കുന്നവ തന്നെയാണ്. അതുകൊണ്ട് തന്നെ, നവ ലിബറലിസത്തേക്കുറിച്ച് ഇനിയും എന്താണ് പറയാനുള്ളത് എന്നുയരാവുന്ന ന്യായമായ ചോദ്യത്തിന്, പറഞ്ഞതിലുമോട്ടേറെ എന്ന് പുസ്തകം സാക്ഷ്യപ്പടുത്തുന്നു.
കാരണം, കോളനി ഭരണം പോലെ നമുക്കന്യമായ, എന്നാൽ പുറത്തു നിന്നുകൊണ്ട് നമ്മെ നിരന്തരം ചൂഷണം ചെയ്യുന്ന ഒരു ഉപരിവ്യവസ്ഥയല്ല നവ ലിബറലിസം. ഇരുപതാം നൂറ്റാണ്ടിൽ പല ലോകരാഷ്ട്രങ്ങളെയും കാൽക്കീഴിൽ ഞെരിച്ചമർത്തിയ സർവ്വാധിപത്യത്തിന്റെ പരുക്കൻ രീതിയുമല്ല അതിന്റേത്. മറിച്ച്, ചരിത്രപരമായ കാരണങ്ങളാൽ കോളനി ഭരണം തകർച്ച നേരിട്ടപ്പോൾ അതിനു പകരം വെക്കാൻ അതീവ തന്ത്രപരമായി രൂപം കൊടുക്കപ്പെട്ട, ഒരു തരം ആന്തരിക കോളനിവത്കരണത്തിലൂടെ നമ്മുടെ തന്നെ മുൻകൈയിൽ നമ്മുടെ സർവ്വ വിഭവങ്ങളുടെയും ശേഷികളുടെയും ചൂഷണം സാധ്യമാക്കുന്ന, സർവ്വവ്യാപിയായ അധീശവ്യവസ്ഥയാണത്. അറിവും ആസക്തിയും ഒരു പോലെ പ്രയോഗിച്ച്, മനുഷ്യന്റെ ധിഷണയെയും തൃഷ്‌ണയെയും ഒരു പോലെ വരുതിയിലാക്കി, ഭീമൻ കുത്തകകൾ നിയന്ത്രിക്കുകയും സ്വേച്ഛാധിപത്യമെന്നോ ജനാധിപത്യമെന്നോ മതരാഷ്ട്രമെന്നോ ദേശഭേദമില്ലാതെ ഭരണകൂടങ്ങൾ ഒത്താശ ചെയ്യുകയും ചെയ്യുന്ന ആഗോളവിപണിയുടെ ആന്തരിക സ്വത്വമാണത്. ആ വ്യവസ്ഥക്കുള്ളിൽ ജനിച്ചു വീഴുന്ന ഓരോ കൊച്ചു കുഞ്ഞിനെയും അതിനു മുന്നിൽ സ്വയം മുട്ടുകുത്താൻ പ്രേരിപ്പിക്കുന്ന, അവനോ അവളോ ഉരുവാകുന്ന കാലം മുതൽ നിരന്തരം ചെവിയിൽ ഓതിക്കൊടുക്കുന്ന 'കുതന്ത്ര തന്ത്ര മന്ത്ര'മാണത് (റാപ്പർ വേടന്റെ ഭാഷ കടമെടുത്താൽ). അങ്ങിനെ സ്ഥലത്തിനും സന്ദർഭത്തിനും അനുകൂലമായ രൂപത്തിലും ഭാവത്തിലും എല്ലായിടവും പടർന്നുകയറി, ലോകക്രമമായും, 'ഗ്ലോബൽ' ജീവിതശൈലിയായും, സംസ്ക്കാരമായുമെല്ലാം ലോകരെയോരോരുത്തരെയും അക്ഷരാർത്ഥത്തിൽ തന്നെ 'ബാധിച്ചിരിക്കുന്ന' ആത്മീയജ്വരം കൂടിയാണ് നവ ലിബറലിസം എന്ന് നാം തിരിച്ചറിയുന്നു.

കാണാമറയത്തു നിന്ന് നമ്മെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രം മാത്രമല്ല അത്, മറിച്ച് ആധുനിക മനുഷ്യന്റെ ഏറ്റവും ഉന്നതമായ നേട്ടങ്ങൾ എന്ന് ഗണിക്കപ്പെടുന്ന ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും വെറും അടിമകളാക്കി വെച്ചുകൊണ്ടിരിക്കുന്ന ആഗോള മുതലാളിത്തത്തിന്റെ സമകാലിക ദൈവശാസ്ത്രമായി കൂടിയാണ് നമ്മളിലേക്കത് സന്നിവേശിക്കുന്നത്. ഭരണകൂടങ്ങളും, മാധ്യമങ്ങളും, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും, സർവകലാശാലകളും, തിങ്ക് ടാങ്കുകളും എൻജിഓകളുമെല്ലാമായി, അടരടരുകളായി പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന സർവ്വവ്യാപിയും സർവ്വജ്ഞാനിയും സർവ്വശക്തവുമായ ഈ വ്യവസ്ഥയുടെ അകക്കാമ്പിലേക്കും, അതിന്റെ പരമമായ കാമ്പില്ലായ്മയിലേക്കും ആഖ്യാനം നമ്മെ കൂട്ടികൊണ്ട് പോകുന്നുണ്ട്.
തന്റെ തന്നെ അതിജീവനവും നേട്ടവും മാത്രം ലക്ഷ്യമാക്കി, ഏതൊന്നിനോടും പ്രതിബദ്ധതയോ ആരോടെങ്കിലും മമതയോ ഇല്ലാത്ത ഒരു വ്യക്തിയെപ്പോലെ, നൈതികവും പ്രായോഗികവുമായ ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള അസാധാരണമായ മെയ്‌വഴക്കം നവ ലിബറലിസത്തിന് സാധ്യമാവുന്നത് ഉള്ളു പൊള്ളയായ ഈ അസ്‌തിത്വം കൊണ്ടുതന്നെയാണെന്നു വ്യക്തം. പക്ഷെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നു എന്ന് തോന്നിക്കുമ്പോഴും, ആർക്കും ഒന്നിനും തരണം ചെയ്യാനാവാത്ത പ്രതിസന്ധികളുടെ പ്രതിസന്ധിയായി (crisis of crises, or polycrisis) അത് അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്നതും, മനുഷ്യരാശിയെയും പ്രകൃതിയെയുമപ്പാടെ ഈ ഭീമൻ പ്രതിസന്ധിയുടെ നിഴലിലാഴ്ത്തിയിരിക്കുന്നതുമായ നടുക്കുന്ന കാഴ്ചയും പുസ്തകം നമുക്ക് മുന്നിൽ തുറന്നിടുന്നു.
വർധിച്ചുവരുന്ന പാരിസ്ഥിതിക ദുരന്തങ്ങളും ഏകാധിപത്യ പ്രവണതകളും സാമുദായിക -മതവൈരങ്ങളും സാമ്പത്തിക അസമത്വവും കടിഞ്ഞാണില്ലാതെ പായുന്ന പുതു സാങ്കേതികവിദ്യകളും, ഏറ്റവുമൊടുവിൽ വംശഹത്യകളും ആണവഭീഷണികളും യുദ്ധങ്ങളുമെല്ലാം എടുത്തണിഞ്ഞ് തന്റെ വിശ്വരൂപം കാട്ടി നിൽക്കുകയാണ് ഈ വ്യവസ്ഥ ഇന്ന്.
ഈയർത്ഥത്തിൽ, സർവ്വാരാധനയുടെ ഈ പ്രത്യയശാസ്ത്രം തത്വദീക്ഷയില്ലാത്ത (nihilistic) ഒന്നുമാത്രമല്ല, ആത്യന്തികമായി സർവ്വവിനാശകാരിയും (annihilistic) കൂടിയാണെന്ന് നാം തിരിച്ചറിയുന്നു. പൂരപ്പറമ്പിലെ കൂട്ടപ്പൊരിച്ചിൽ പോലെ നവ ലിബറലിസത്തിന്റെ 'ഒടുക്കത്തെ' ആഘോഷമാണത്.
വീണ്ടും പുസ്തകത്തിലെ വരികളിലേക്ക്: "കോളിനത്വമെന്നത് മൺമറഞ്ഞ ഏതാനും ചരിത്രസംഭവങ്ങളല്ല, പകരം അത് ഇന്നും പ്രത്യുല്പാദനശക്തികളുടെ സ്വയംഭരണത്തെ ഭൗതികമായും സാംസ്ക്കാരികമായും കീഴ്പെടുത്തി ആഭ്യന്തരവും വൈദേശികവുമായ ഉല്പാദനശക്തികൾ അധീശത്വം പുലർത്തുന്ന ആഗോളവ്യവസ്ഥയാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ഉല്പാദനം പ്രത്യുല്പാദനത്തെ ഇല്ലായ്മ ചെയ്തു വളരുന്നതും, അത് ഉല്പാദനശക്തികളെ തന്നെ പ്രതിസന്ധിയിലാക്കുന്നതും, അതിൽ നിന്നും കരകയറാൻ വീണ്ടും പ്രത്യുല്പാദനശക്തികളെ തകർക്കുന്നതുമായ ഈ രാജ്യാന്തര വ്യവസ്ഥയുടെ തികച്ചും പുതുക്കിയ രൂപഭാവങ്ങളാണ് നവ ലിബറലിസത്തിൽ നാം അനുഭവിക്കുന്നത്. നവ ലിബറൽ യുഗത്തിൽ പ്രത്യുല്പാദന ക്രമത്തിനെതിരെയുള്ള അതിക്രമങ്ങൾ അതിൻ്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നതിൻ്റെ തെളിവായി ഉല്പാദനവ്യവസ്ഥയുടെ കാർബൺ ബഹിർഗമനത്താൽ വന്നുചേർന്ന ആഗോളതാപനത്തെയും കാലാവസ്ഥാമാറ്റത്തെയും, അതോടൊപ്പം ലോകവ്യാപകമായി സംഭവിക്കുന്ന ഭീകരമായ സാമ്പത്തികാസമത്വത്തെയും അതിൻ്റെ വിപത്തുകളെയും തിരിച്ചറിയണം".
"ഉല്പാദനശക്തികളെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും പ്രത്യുല്പാദനശക്തികളായതിനാൽ പ്രത്യുല്പാദനശക്തികളുടെ ക്ഷേമവും പരിരക്ഷയുമാണ് യഥാർത്ഥത്തിൽ ആദ്യത്തെ ഭരണകൂടധർമ്മം. കുടുംബത്തിൽ പെൺ ചുമതലകളായി കരുതുന്ന പരിരക്ഷണം, പരിപോഷണം, പരിപാലനം എന്നിവയാണ് അനേകം കുടുംബങ്ങളുടെ സമുച്ചയമായ സാമൂഹ്യവ്യവസ്ഥയിൽ ഭരണകൂടം നിറവേററുന്ന പരമ പ്രധാന ഉത്തരവാദിത്വങ്ങൾ. ഭരണകൂടമെന്നത് പ്രത്യുല്പാദനമേഖലയായ കുടുംബത്തിൻ്റെ സാമൂഹ്യാവിഷ്കൃത രൂപമാണ്. പോലീസും പട്ടാളവും ധർമ്മാശുപത്രിയും സൗജന്യവിദ്യാഭ്യാസവും പെൻഷനും സബ്സിഡികളും ഗതാഗതവും ഉച്ചക്കഞ്ഞിയുമെല്ലാം പെൺ പ്രത്യുല്പാദനധർമ്മത്തിൻ്റെ സാമൂഹ്യാവിഷ്ക്കാരങ്ങളത്രേ. നവ ലിബറൽ ഭരണകൂടം സാമൂഹ്യ പ്രത്യുല്പാദനത്തിൻ്റെ ഈ അടിസ്ഥാന ഉത്തരവാദിത്വങ്ങളിൽ നിന്നും പിന്മാറുകയും, പ്രത്യുല്പാദനശക്തികളെ വിപണിയുടെ മത്സരക്കളത്തിൽ ഉല്പാദനശക്തികളുടെ മുന്നിലേക്കു ഇരയായി നിർദ്ദയം തള്ളിയിടുകയും മാത്രമല്ല, ഭരണകൂടത്തിൽ അർപ്പിതമായ പ്രത്യുല്പാദന ധർമ്മങ്ങളെ ഉല്പാദനശക്തികളുടെ പരിപോഷണത്തിനായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ നവ ലിബറൽ വ്യവസ്ഥ പ്രകൃതിയുടെയും സമൂഹത്തിൻ്റെയും പ്രത്യുല്പാദനചക്രത്തെ അവതാളത്തിലാക്കുകയാണ്".
നാം എത്തിനിൽക്കുന്ന വിപത്സന്ധിയെ മിഥ്യബോധമേതുമില്ലാതെ, കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ പരിസരത്ത് ഉറച്ചു നിന്നുകൊണ്ട് ഉറ്റുനോക്കുന്ന ഈ പുസ്തകം, അതിൽനിന്നും പുറത്തുകടക്കാനുള്ള വഴി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. 'പ്രത്യുത്പാദന ശക്തികളുടെ മാനിഫെസ്റ്റോ' എന്ന അവസാന അധ്യായത്തിൽ, ഇടത്-വലത്, മുതലാളിത്തം-സോഷ്യലിസം, വികസിതം-വികസ്വരം തുടങ്ങിയ സാമ്പ്രദായിക ദ്വന്ദ്വങ്ങളെ മറികടന്നുകൊണ്ട് പുതിയൊരു ചരിത്രവീക്ഷണവും രാഷ്ട്രീയ-സാംസ്കാരിക കാഴ്ചപ്പാടും മുന്നോട്ടു വെക്കുന്നുണ്ട് ഗ്രന്ഥകാരൻ.
ഇടുങ്ങിയതെങ്കിലും പച്ചപ്പേറിയ ഒരു നാട്ടിടവഴി പോലെ തോന്നിക്കുന്ന ഈ രക്ഷാമാർഗത്തിന്, ഒരു പക്ഷെ ഗ്രാമീണമെന്നു മാത്രം വിശേഷിപ്പിക്കാനാവുന്ന സാമാന്യ ബുദ്ധിയുടെയും സംഘബോധത്തിന്റെയും പശിമയുണ്ട്:
"പ്രത്യുല്പാദന ശക്തികളുടെ ഉയിർത്തെഴുന്നേല്പ്, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിനകം ഉല്പാദനശക്തികളാൽ നിർമ്മിക്കപ്പെട്ട ലോകവീക്ഷണത്തെ തന്നെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നതാണ്. ഉല്പാദനശക്തികളാൽ നിർമ്മിതമായ ലോകവീക്ഷണം ഒന്നാമതായി ഉല്പാദന-പ്രത്യുല്പാദനങ്ങളെ രണ്ടായി വേർപെടുത്തുകയും ഉല്പാദനത്തിൽ പ്രത്യുല്പാദനത്തിൻ്റെ പങ്ക് (കുടുംബം, പെണ്ണ്, പ്രകൃതി, കൂലിയതീത വേല, മൂന്നാംലോക രാഷ്ട്രങ്ങൾ) തമസ്ക്കരിക്കുകയും ഉല്പാദനശക്തിയെ (തൊഴിലിടം, മൂലധനം, കൂലിവേല, ആണ് , യൂറോപ്യൻ കോളനിവാഴ്ച ) കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. എന്നാൽ സാമൂഹ്യമായ പ്രത്യുല്പാദനശക്തികളില്ലാതെ ഉല്പാദനശക്തികൾക്കു നിലനില്പില്ല. പ്രകൃതിയിലും കുടുംബത്തിലും സമൂഹത്തിലും കുടികൊള്ളുന്ന ചിരസ്ഥായിയായ പരിരക്ഷണം, പരിചരണം, പരിപോഷണം എന്നിങ്ങനെയുള്ള കൂലിയതീത വേലകളാണ് കൂലിവേലയ്ക്കാധാരമായ ആൺ അധ്വാനശക്തിയെ സൃഷ്ടിക്കുന്നത്. പെണ്ണുങ്ങളും കുട്ടികളും ആദിവാസി-ദലിതുകളും കൃഷിക്കാരും കൈവേലക്കാരും മൂന്നാംലോക പ്രകൃതിയും അടങ്ങിയ കീഴാളകൂട്ടായ്മയാണ് കൂലിയതീത വേലയുടെ ആഗോള സമൂഹം...

ഇന്ന് എല്ലാ വൻകരകളിലും നടക്കുന്ന കാർഷിക - ആദിവാസി പ്രക്ഷോഭങ്ങൾ പ്രത്യുല്പാദനശക്തികളുടെ സ്വയംഭരണം മുന്നോട്ടു വെയ്ക്കുന്നു. അത് പരിസ്ഥിതി സംബന്ധമായ വിനിയോഗവും ഉല്പാദനവും പ്രത്യുല്പാദനശക്തികൾക്ക് അനുഗുണമാക്കുന്നതിനുള്ള തദ്ദേശ ജനതയുടെ അവകാശസമരമാണ്...പ്രത്യുല്പാദനശക്തികളുടെ അടിമത്തം ശാശ്വതമാക്കുന്നതിനായി ഉല്പാദനശക്തികൾ രൂപപ്പെടുത്തിയ ലോകവീക്ഷണത്തെ അനുസരിക്കുന്നതിനു പകരം അതിൻ്റെ ഓരോ അടരും പ്രത്യേകം പ്രത്യേകം പുന:പരിശോധിക്കുക എന്നതാണ് പ്രത്യുല്പാദന ശക്തികളുടെ കടമ...സാക്ഷരത - നിരക്ഷരത, ഭരണം - സ്വയംഭരണം, ആൺ-പെൺ , ഉല്പാദനം - പ്രത്യുല്പാദനം, കൂലിവേല - കൂലിയില്ലാവേല, ഭൗതികം - ആത്മീയം, സാമ്പത്തിക ലോകം - വരദാന ലോകം, സ്വദേശം - വിദേശം, പൗരത്വം - മനുഷ്യത്വം, പ്രകൃതി - മനുഷ്യൻ, തൊഴിലിടം - കുടുംബം, ഭരണകൂടം - സമൂഹം, യുക്തി - വിശ്വാസം, പഴമ -പുതുമ എന്നിങ്ങനെയുള്ള വിഭജനങ്ങളെയും മറികടക്കുന്ന ലോകവീക്ഷണം ഉയർത്തിപ്പിടിക്കുന്നതാകും പ്രത്യുല്പാദനശക്തികളുടെ അതിജീവന സമരം. ആൺ നിർമ്മിത ഉല്പാദനമൂല്യങ്ങളിലേക്കു പെൺ സൃഷ്ടികളായ പ്രത്യുല്പാദനമൂല്യങ്ങൾ ലയിപ്പിച്ചു ചേർക്കലാണത്".
ഒട്ടുമിക്കവാറും പടിഞ്ഞാറാൻ അക്കാദമിക് ചിന്തകരുടെ എഴുത്തുകളെ പിൻപറ്റിക്കൊണ്ടുള്ള സൈദ്ധാന്തിക-വിമർശന രചനകൾ മാത്രം പ്രസിദ്ധീകരിക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ, സ്വതസിദ്ധമായ രീതിയിൽ, അതും തനി മലയാളത്തിൽ കാര്യഗൗരവം ഒട്ടും ചോരാതെ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുക എന്ന സാഹസികദൗത്യമാണ് എഴുത്തുകാരൻ നിർവ്വഹിക്കുന്നത്. ആഗോളതലത്തിൽ എതിരില്ലാതെ വിരാജിക്കുന്ന അറിവിന്റെ ഒരു അധീശവ്യവസ്ഥയെ, തനിമയാർന്നതും തികച്ചും പ്രാദേശികവും എന്നാൽ ഒട്ടും സങ്കുചിതമല്ലാത്തതുമായ വീക്ഷണകോണിൽ നിന്ന്, അക്കാദമിക ജടിലതകളേതുമില്ലാതെ വിലയിരുത്താൻ മലയാളത്തിലെ ഒരെഴുത്തുകാരൻ മുതിർന്നു എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം ഈ പുസ്തകം മലയാളി വായനാസമൂഹം ഏറ്റെടുക്കേണ്ടതാണ്.
