ജാതി, സ്വത്വം, രാഷ്ട്രീയം, മതം എന്നിവയുടെ ഇടകലരലുകൾ (intersection) ഇന്ത്യൻ സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചരിത്രപരമായി പര്യവേഷണം ചെയ്യുന്ന നോവലാണ് ശരൺകുമാർ ലിംബാളെയുടെ ‘സനാതൻ’. സുവർണ ഭൂതകാലത്തെ പറ്റിയുള്ള വലതുപക്ഷ വർണനകളെ തകർക്കുന്ന കൃതിയാണിത്. ‘സനാതന ധർമത്തിൽ' അടിസ്ഥാനപ്പെടുത്തിയുള്ള സമൂഹത്തിൽ ആർക്കാണ് സുവർണ ഭൂതകാലമുണ്ടായിരുന്നത് എന്ന മറുചോദ്യം എഴുത്തുകാരൻ ഉന്നയിക്കുന്നു.
സ്വാതന്ത്ര്യത്തിനു മുൻപുള്ള മഹർവാഡയിലെ ‘തൊട്ടുകൂടാത്ത’ സമൂഹമായ മഹറുകളുടെ കഥയാണ് നോവൽ പറയുന്നത്. ഗ്രാമത്തിനു പുറത്ത് ചേരികളിൽ താമസിക്കാൻ നിർബന്ധിതരാക്കപ്പെട്ട ഒരു ജനത. അതുകൊണ്ടുതന്നെ ഈ നോവലിൽ ഒരു നായകകഥാപാത്രമില്ല. ഒരു പ്രദേശത്തെ മഹർ സമുദായത്തിലെ മനുഷ്യരെ ചുറ്റിപ്പറ്റിയാണ് പ്രമേയം പുരോഗമിക്കുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിൽ ദലിതർക്കു നേരെ നടന്ന നിന്ദ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ച് സംക്ഷിപ്തധാരണ ലഭിക്കുന്നതിന് മഹറുകളുടെ ദൈനംദിന ജീവിതം നോവലിൽ വിവരിക്കുന്നത് നോക്കിയാൽ മതി. ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർക്കുവേണ്ടി ഹീനമായ പണികൾ ചെയ്താണ് അവർ ജീവിച്ചിരുന്നത്. രാത്രി ഗ്രാമത്തിൽ കാവൽക്കാരായി റോന്തുചുറ്റി. പണിയ്ക്ക് ഒരുതരത്തിലുള്ള ശമ്പളവും ലഭിച്ചില്ല എന്നുമാത്രമല്ല വിശപ്പടക്കാൻ പഴകിയ ഭക്ഷണത്തിനുപോലും അവർക്ക് യാചിക്കേണ്ടിവന്നു. അതിനായി അവർ വീടുകൾ തോറും കയറിയിറങ്ങി, ചിലപ്പോൾ നായ്ക്കളുടെ വായിൽ നിന്ന് റൊട്ടി പറിച്ചെടുക്കേണ്ടിവന്നു.
‘സനാതൻ’ എന്ന നോവലിൽനിന്ന്: “മതം മനുഷ്യരുടെ ആത്മാവിനെ കൊള്ളയടിക്കുന്നു, അധികാരം അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നു. മതവും അധികാരവും മനുഷ്യജീവിതത്തെ മറയ്ക്കുന്ന തിന്മകളാണ്.”
ശരൺ കുമാർ ലിംബാളെ എഴുതുന്നു: "ഒരു മഹറിന്റെ ജോലി എന്താണ്? പന്ത്രണ്ട് മാസവും ഭക്ഷണത്തിനായി കാത്തിരിക്കുക. അവന്റെ ജോലിയുടെ കൂലി എന്താണ്? പഴകിയ ഭക്ഷണം".
ഒരു മൃഗം ചത്താൽ, അവർ അത് കഴിക്കണമായിരുന്നു. പലപ്പോഴും ചത്ത മൃഗങ്ങൾക്കായി അവർ പ്രാർത്ഥിച്ചിരുന്നു, "ഒരു മൃഗത്തിന്റെ മരണം മഹറുകൾക്ക് ഒരു ഉത്സവമായിരുന്നു. ചിലപ്പോൾ ഉയർന്ന ജാതിക്കാർ മഹർകൾ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം മൃഗങ്ങളെ കൊന്നതായി ആരോപിച്ച് മർദ്ദിക്കുക പതിവായിരുന്നു. ഗോവധവും പശുക്കടത്തും ആരോപിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും ചരിത്രപരമായ വേരുകൾ കിടക്കുന്നത് ചാതുർവർണ്ണ്യത്തിലാണെന്ന് ഇവിടെ വ്യക്തമാകുന്നു. നടക്കുമ്പോൾ, ഉയർന്ന ജാതിക്കാരുടെ മേൽ അവരുടെ നിഴൽ വീഴുന്നതുപോലും അയിത്തമായാണ് കണക്കാക്കിയിരുന്നത്. പേഷ്വാ ഭരണം നിലന്നിരുന്ന പ്രദേശങ്ങളിൽ നടക്കുമ്പോൾ മഹർ മനുഷ്യർ കാൽപ്പാടുകൾ മായ്ക്കാൻ പിന്നിൽ ചൂൽ കെട്ടേണ്ടിവന്നു. ഇത്തരം സാമൂഹിക ബഹിഷ്കരണങ്ങൾ ജാതിവ്യവസ്ഥ നിലനിർത്തുന്നതിലും അതിന്റെ ആന്തരികവൽക്കരണത്തിലും നിർണായക പങ്കുവഹിക്കുന്നു.

മതപരിവർത്തനത്തിലൂടെ തങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാമെന്നു പല മഹറുകളും വിശ്വസിച്ചിരുന്നെങ്കിലും അത് യഥാർഥ്യമായില്ല. ഇസ്ലാം സ്വീകരിച്ചവർക്ക് അവിടെയും വിവേചനം നേരിടേണ്ടിവന്നു, കാരണം ‘ഗ്രാമം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും തൊട്ടുകൂടാത്തവർക്കും ഇടയിൽ വ്യക്തമായി വിഭജിക്കപ്പെട്ടിരുന്നു’. ക്രിസ്തു മതത്തിലും വാഗ്ദാനം ചെയ്യപ്പെട്ട സമത്വം അവർക്ക് ലഭിച്ചില്ല. സെമറ്റിക് മതങ്ങൾ പോലും ഇന്ത്യയിൽ ജാതിയെ ആന്തരികവൽക്കുന്നു എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്.
ദലിതരുടെ മനുഷ്യത്വരഹിതമായ ദുരവസ്ഥയ്ക്ക് മതവും ബ്രാഹ്മണവേദങ്ങളും ഇതിഹാസങ്ങളും അടക്കമുള്ള ഗ്രന്ഥങ്ങളാണ് ഉത്തരവാദിയെന്ന് നോവലിസ്റ്റ് ആരോപിക്കുന്നു. വേദ-ഇതിഹാസങ്ങൾ മുതൽ ബ്രാഹ്മണ്യമുണ്ടാക്കിയ കെട്ടുകഥകളിൽ നിന്നുവരെ ഈ ആരോപണത്തിന്റെ പൊരുൾ നോവലിസ്റ്റ് വിശദീകരിക്കുന്നുണ്ട്.
നോവലിൽനിന്ന്: “മതം മനുഷ്യരുടെ ആത്മാവിനെ കൊള്ളയടിക്കുന്നു, അധികാരം അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നു. മതവും അധികാരവും മനുഷ്യജീവിതത്തെ മറയ്ക്കുന്ന തിന്മകളാണ്.”
ഒരു കഥയനുസരിച്ച്, ഭഗവാൻ ശിവൻ ഒരു കുട്ടിക്ക് ജന്മം നൽകി. അയാൾ ചത്ത പശുവിനെ തിന്നാൻ തുടങ്ങി. അങ്ങനെ അവൻ ചത്ത മൃഗങ്ങളുടെ മാംസം തിന്നാൻ അവനെ ശപിച്ചു. അങ്ങനെയാണ് മഹർ ജാതി ജനിച്ചത്.
തൊട്ടുകൂടാത്തവർ എവിടെ താമസിക്കണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം, ഏതുതരം വീടുകളിൽ താമസിക്കണം, എന്ത് ആഭരണങ്ങൾ ധരിക്കണം, ഏത് ഭാഷ സംസാരിക്കണം, ഏത് ഭാഷ കേൾക്കണം, എന്ത് പേരുകൾ വിളിക്കണം തുടങ്ങി എല്ലാം ബ്രാഹ്മണവേദങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ശരൺകുമാർ ലിംബാളെ പറയുന്നു. ഈ നിയമങ്ങൾ നിരസിക്കാനുള്ള ധൈര്യം ഒരാൾക്ക് ഈ വേദങ്ങൾ മനസ്സിലാക്കുമ്പോൾ മാത്രമേ ലഭിക്കൂ. തപസ്സു ചെയ്തത്തിന്റെ പേരിൽ താഴ്ന്ന ജാതിക്കാരനായ ശംബൂകനെ രാമൻ വധിച്ച രാമായണകഥയും നോവലിൽ പരാമർശിക്കുന്നുണ്ട്.
തുടർച്ചയായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയരായ താഴ്ന്ന ജാതിക്കാരായ സ്ത്രീകൾ നേരിടുന്ന ക്രൂര യാഥാർത്ഥ്യങ്ങളെ നോവൽ അഭിമുഖീകരിക്കുന്നുണ്ട്.
തീവ്ര വലതുപക്ഷം 'ഹിന്ദു പൊതുപാരമ്പര്യം' എന്ന ആശയം ഉയർത്തി ന്യൂനപക്ഷ അപരവത്കരണം നടത്തുകയും അതിന്റെ മറവിൽ സവർണ രാഷ്ട്രീയശക്തികൾ ദലിത്- പിന്നാക്ക സമൂഹങ്ങളെ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതുമായ ഈ കാലത്ത് ഈ ആഖ്യാനത്തിന് ഏറെ പ്രാധാന്യമുണ്ട്. ചരിത്രാതീതകാലം മുതൽ പൊതു പാരമ്പര്യങ്ങളും പൊതുമഹത്വങ്ങളും പൊതു രാഷ്ട്രീയ- സാംസ്കാരിക അനുഭവങ്ങളും പങ്കിട്ടവരാണ് എല്ലാ ഹിന്ദുക്കളും എന്ന തീവ്ര ഹിന്ദുത്വവാദി പ്രചാരണത്തെയാണ് ശരൺ കുമാർ ലിംബാളെ ഈ നോവലിലൂടെ ചോദ്യം ചെയ്യുന്നത്. ഇന്ത്യയിലെ ദലിത്- പിന്നാക്ക സമുദായങ്ങൾക്ക് ഈ സവർണ്ണരുമായി എന്ത് അനുഭവങ്ങളാണ് പങ്കിടാനുള്ളത്? ഭൂരിപക്ഷ ജനങ്ങളെ അടിമകളും തൊട്ടുകൂടാത്തവരുമാക്കി, ന്യൂനപക്ഷമായ ആര്യന്മാരെ ഭൂമിയിലെ ദൈവങ്ങളാക്കി മാറ്റിയ ഒരു സാമൂഹിക വ്യവസ്ഥയിൽ നൂറ്റാണ്ടുകളായി ജീവിക്കേണ്ടിവന്നത് പൊതു പാരമ്പര്യവും പൊതു അനുഭവങ്ങളുമാണോ? ജാതിവ്യവസ്ഥയ്ക്ക് ആശയപരമായ സാധൂകരണം നൽകിയ വേദ ഇതിഹാസങ്ങളും ധർമ്മശാസ്ത്രങ്ങളും എങ്ങനെ പൊതുപാരമ്പര്യമായി കണക്കാൻ കഴിയും? ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ചോദ്യമാണ് ഈ നോവൽ ഉയർത്തുന്നത്. അഭിമാനിക്കാത്തക്ക ഒരു സുവർണ്ണ ഭൂതകാലവും 'സനാതന' കാലത്ത് ബഹുഭൂരിപക്ഷം ബഹുജനങ്ങൾക്കും ഉണ്ടായിരുന്നില്ല എന്ന് ‘സനാതൻ’ വ്യക്തമാകുന്നു.

സുവർണ്ണ ഭൂതകാലത്തെ സ്ത്രീ
തുടർച്ചയായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയരായ താഴ്ന്ന ജാതിക്കാരായ സ്ത്രീകൾ നേരിടുന്ന ക്രൂര യാഥാർത്ഥ്യങ്ങളെ നോവൽ അഭിമുഖീകരിക്കുന്നുണ്ട്. കേരളത്തലേതിനുസമാനമായി തൊട്ടുകൂടാത്ത സ്ത്രീകൾക്കുമേൽ ചുമത്തിയിരുന്ന മുലക്കരം എന്ന ഭയാനകമായ രീതിയെ ശരൺകുമാർ ലിംബാളെ ഓർമ്മിപ്പിക്കുന്നു. ഇതിനപ്പുറം, ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ കുൻബീൻ സ്ത്രീകളുടെ മേൽ അനിയന്ത്രിതമായ അധികാരം പ്രയോഗിച്ച്, അവരെ സവർണ്ണ പുരുഷന്മാരുടെ ലൈംഗിക സംതൃപ്തിക്കുള്ള വസ്തുക്കൾ മാത്രമായി ചുരുക്കി.
കൊളോണിയലിസത്തെക്കുറിച്ച്
ഒരു വ്യത്യസ്ത കാഴ്ചപ്പാട്
കൊളോണിയലിസത്തെ പറ്റി മുഖ്യധാരാ സാഹിത്യത്തിൽ നിന്ന് വ്യത്യസ്തമായ വീക്ഷണമാണ് ഈ നോവൽ മുന്നോട്ടുവയ്ക്കുന്നത്. ദലിത്-അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യം ഉയരുന്നതിൽ കോളണിയൽ ആധുനികത പങ്കു വഹിക്കുന്നതായി കാണാം. ഈ കോളണിയൽ ആധുനികതയെ പ്രയോജനപ്പെടുത്തി 1848-ൽ മഹാത്മാ ജ്യോതിബ ഫൂലെയും സാവിത്രി മായും പൂനെയിൽ പെൺകുട്ടികളുടെ സ്കൂൾ തുറന്നതിന്റെയും 1852-ൽ വേതാൽപെത്തിൽ ദലിത്-ബഹുജൻ കുട്ടികൾക്കായി സ്കൂൾ ആരംഭിച്ചതിന്റെയും ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് എഴുത്തുകാരൻ പരാമർശിക്കുന്നു.
പിന്നീട് കഥ 1857-ലെ കലാപത്തിലേക്കും ഈസ്റ്റിന്ത്യാ കമ്പനിഭരണം ബ്രിട്ടീഷ് രാജിലേക്ക് സ്വാംശീകരിക്കുന്നതിലേക്കും നീങ്ങുന്നു. 1918-ൽ മാർലി മിന്റോയുടെ പരിഷ്കാരങ്ങളിലേക്ക് നീങ്ങുന്ന കഥ ഒടുവിൽ, സിഡെൻഹാം കോളേജിലെ പ്രൊഫസറായ ബി.ആർ. അംബേദ്കർ, ഭരണത്തിൽ തൊട്ടുകൂടാത്തവരുടെ പ്രാതിനിധ്യമാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം അയക്കുന്ന, പ്രതീക്ഷ നൽകുന്ന ഒരിടത്ത് അവസാനിക്കുന്നു.
നോവലിനെ അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിക്കാൻ വിവർത്തകനായ ഡോ. എൻ.എം. സണ്ണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
