‘‘പ്രൊഫ. ഈച്ചരവാരിയർ കോഴിക്കോട് ഗവ. ആർട്ട്സ് കോളേജിലെ ഹിന്ദി വിഭാഗം തലവനാണ്. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ഏറെക്കാലം. തൃശൂരിലെ ചേർപ്പ് സ്വദേശിയാണെങ്കിലും എറണാകുത്ത് 'സൗഹൃദനിലയം' എന്നൊരു വീടുവെച്ച് അവിടെയാണിപ്പോൾ സ്ഥിരതാമസം.
മാർച്ച് ഒന്നാം തിയതി വെളുപ്പിന് അദ്ദേഹം കോഴിക്കോട്ടെത്തിയതേയുള്ളൂ. ഈ മുപ്പത്തൊന്നാം തിയതി അദ്ദേഹം സർവ്വീസിൽനിന്നും പെൻഷൻപറ്റി പിരിയും. അതു കൊണ്ടും മറ്റും കുറെ ദിവസങ്ങൾ അവധിയിലായിരുന്നു.
വെളുപ്പിന് കോഴിക്കോട്ടെത്തിയപ്പോൾ പ്രൊഫസർ 'കേരളഭവൻ ' ഹോട്ടലിൽ ഒരു മുറിയെടുത്തു. മകൻ രാജനോട് ഒന്നാം തിയതി വൈകുന്നേരം 'കേരളഭവനിൽവച്ച്' കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്.
ഫെബ്രുവരി 17-ന് രാജനെ കണ്ടതാണ്. അന്ന് പ്രൊഫസർ മെഡിക്കൽ കോളേജാശുപത്രിയിൽ ചെക്കപ്പിന് പോവുകയുണ്ടായി. വിവരമറിഞ്ഞ് രാജൻ ആശുപത്രിയിൽ വന്നു. ഏറെനേരം അച്ഛൻ്റടുത്തിരുന്നു. ഒട്ടേറെ കാര്യങ്ങൾ - മൂത്തമകൾ രമയുടെ വിവാഹം, ഇളയമകൾ ചാന്ദ്നിയുടെ പരീക്ഷ - പ്രൊഫസർ അന്ന് മകനുമായി സംസാരിച്ചു. ആർട്ട്സ് ക്ലബ്ബുമായി പാട്ടുപാടി നടന്ന് പരീക്ഷ ഉഴപ്പരുതെന്ന് രാജനെ അച്ഛൻ ഉപദേശിച്ചു. 'ഒന്നാംക്ലാസിൽ കുറയുക' യില്ലെന്ന് ചിരിച്ചുകൊണ്ട് രാജൻ ഉറപ്പു നൽകി. എം.എസ്.സി എൻജിനിയറിങ്ങിന് പോകാൻ ഒന്നാം ക്ലാസ് വേണ്ടിവരുമെന്ന് പ്രൊ. ഈച്ചരവാരിയർ ഓർമ്മിപ്പിക്കുകയുണ്ടായി.
അന്ന് പറഞ്ഞ് നിശ്ചയിച്ചതാണ് ഒന്നാം തിയതി വൈകിട്ട് 'കേരളഭവനി' ൽ വെച്ച് കാണാമെന്ന് - പത്തു മണി കഴിഞ്ഞാണ് പ്രൊഫ. ഈച്ചരവാരിയർ കോളേജിലെത്തിയത്. അവിടെ അദ്ദേഹത്തെ കാത്തുനിന്നിരുന്നു, ജ്യേഷ്ഠൻ്റെ മകനും എൻജിനീയറിങ്ങ് കോളേജിലെ പ്രൊഫസറുമായ ശങ്കരൻ.
അശനിപാതമായിട്ട് ആ വാർത്ത പ്രൊഫസറുടെ നെറുകയിൽ പതിച്ചു: രാജനെ അറസ്റ്റു ചെയ്തു? എന്തിന്? എന്തിന്??
അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഞെട്ടലിൽ നിന്ന് അദ്ദേഹം വീണു… "
(ശവംതീനികൾ, പേജ് - 50 & 51)
കോഴിക്കോട് റീജ്യനൽ എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിയായിരുന്ന പി. രാജനെ 1976 മാർച്ച് ഒന്നിന് പുലർച്ചെ കോളേജ് ഹോസ്റ്റലിൽ നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയി. എന്തിന് എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ലായിരുന്നു. പിന്നിടാരും രാജനെ കണ്ടിട്ടില്ല. കക്കയം പോലീസ് ക്യാമ്പിൽ വെച്ച് മാർച്ച് രണ്ടിനുതന്നെ രാജൻ പോലീസ് മർദ്ദനത്താൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഈ വിവരം ലോകമറിയാതെ പോലീസും ഭരണവർഗ്ഗവും അതീവ രഹസ്യമായി സൂക്ഷിച്ചു. രാജൻ്റെ പിതാവായ പ്രൊഫ. ഈച്ചരവാരിയരും കേരളത്തിൻ്റെ പൊതുസമൂഹവും മാസങ്ങളോളം രാജനെത്തേടിയലഞ്ഞു. മകനെന്തു സംഭവിച്ചു എന്നറിയാനുള്ള ഈച്ചരവാരിയരുടെ അന്വേഷണങ്ങളിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാളായിരുന്നു മീഞ്ചന്ത ആർട്സ് ആൻ്റ് സയൻസ് കോളേജിലെ സഹപ്രവർത്തകനും വാര്യരോടൊപ്പം ലോഡ്ജിൽ ഒരേമുറിയിൽ താമസിക്കുകയും ചെയ്ത സി.ആർ. ഓമനക്കുട്ടൻ എന്ന മലയാളം അധ്യാപകൻ. രാജൻ സംഭവം കേരളത്തിൻ്റെ മനഃസാക്ഷിയെ ഞെട്ടിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയുടെ കേരളത്തിൽ നിന്നുള്ള ഇര.
രാജനെയും പിതാവ് ഈച്ചരവാരിയരെയും അടുത്തറിഞ്ഞ സി.ആർ. ഓമനക്കുട്ടനെ അന്നത്തെ ദേശാഭിമാനി പത്രാധിപരായിരുന്ന പി.ഗോവിന്ദപ്പിള്ള ഒരു ദൗത്യം ഏൽപ്പിക്കുന്നു. രാജൻ സംഭവത്തെപ്പറ്റി ലേഖനപരമ്പര എഴുതിക്കൊടുക്കണം. അങ്ങനെ അദ്ദേഹം താനറിഞ്ഞ വിവരങ്ങൾ ചേർത്തുവെച്ച് 'ശവംതീനികൾ' എന്ന പേരിൽ 1977-ൽ ഒരു ലേഖനപരമ്പരയെഴുതി. പതിനാറോ പതിനേഴോ ദിവസങ്ങളായി അത് ദേശാഭിമാനി പത്രത്തിൽ അച്ചടിച്ചുവന്നു. ലക്ഷക്കണക്കിന് വായനക്കാരെ ഞെട്ടിച്ചുകൊണ്ടാണ് ഓരോ ദിവസവും ആ കുറിപ്പുകൾ പുറത്തേക്കുവന്നത്. അസാധാരണമായ ആ വായനാനുഭവത്തെ മലയാളി വായനക്കാർ വേദനയോടെ നെഞ്ചിലേറ്റി. അത് രാജൻ സംഭവത്തെപ്പറ്റിയുള്ള ആദ്യത്തെ രേഖപ്പെടുത്തലായിരുന്നു. അതിലെ ഒരു ഭാഗമാണ് മുകളിൽ ഉദ്ധരിച്ചത്. ഇത്തരത്തിലുള്ള 74 കുറിപ്പുകളാണ് അദ്ദേഹം എഴുതിയത്. രാജനെ പോലീസ് പിടിച്ചുകൊണ്ടു പോയതു തൊട്ട് രാജനെ കണ്ടെത്താൻ ഈച്ചരവാര്യർ ഹൈക്കോടതിയിൽ കൊടുത്ത ഹേബിയസ് കോർപ്പസ് റിട്ടിൽ ഹൈക്കോടതി വിധി പറയുന്നതുവരെയുള്ള സംഭവങ്ങൾ.
താൻ വ്യക്തിപരമായി അടുത്തറിഞ്ഞ സംഭവങ്ങളെ തീവ്രവികാരത്തോടെ എഴുതിയപ്പോഴും 'ഞാൻ ' അതിൻ്റെ ഭാഗമാകാതെ അകന്നുനിന്നുകൊണ്ടുള്ള ഒരെഴുത്തായിരുന്നു ഓമനക്കുട്ടൻ മാഷിന്റേത്. (അന്നത്തെ സി.ആർ. ഓമനക്കുട്ടൻ പിന്നീട് എല്ലാവരുടെയും ഓമനക്കുട്ടൻ മാഷെന്നറിയപ്പെട്ടു.) മാഷിന് രാജൻ ഒരു സുഹൃത്തിനെപ്പോലെയായിരുന്നു. അച്ഛനെത്തേടി റൂമിലേക്കെത്തുന്ന രാജനുമായി തമാശ പറഞ്ഞും പാട്ടു പാടിയും ഒരുപാട് വൈകുന്നേരങ്ങൾ അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ച്ചകളിലും വ്യാഴാഴ്ചകളിലും വൈകീട്ട് രാജൻ അച്ഛനെ കാണാൻ മുറിയിലെത്തും. പലപ്പോഴും രാജനോടൊപ്പം ഓമനക്കുട്ടനും പുറത്തു പോകും. ബസ് സ്റ്റാൻഡ് വരെ കൂടെപ്പോയി ചായ കുടിച്ച് പിരിയും. രാജൻ നന്നായി പാട്ടു പാടുമായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്യും.
അവസാന വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ രാജൻ കോളേജിലെ ആട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. കോളേജിലെ കലാപരിപാടികളുടെ ജീവനാഡി. രാജൻ അഭിനയിച്ച ഒരു നാടകത്തിൻ്റെ പേരാണ് 'ശവംതീനികൾ'. രാജനെപ്പറ്റിയെഴുതിയ പരമ്പരയ്ക്കും പിന്നീടത് പുസ്തകമാക്കിയപ്പോഴും 'ശവംതീനികൾ' എന്ന പേരാണ് മാഷിട്ടത്. 1977-ൽ തന്നെ, 'ശവംതീനികൾ' പുസ്തകമായിറങ്ങി. ചെറിയ കാലയളവിൽ പല പതിപ്പുകൾ പുറത്തുവന്നു. പിന്നീടത് കിട്ടാതായി.
45 - വർഷത്തിനുശേഷം ആ പുസ്തകത്തിന് ഇപ്പോളൊരു പുതിയ പതിപ്പുണ്ടായിരിക്കുന്നു. നാലര പതിറ്റാണ്ടിനിപ്പുറവും വേദനയോടെ മാത്രമെ ഈ ചെറിയ പുസ്തകം വായിച്ചവസാനിപ്പിക്കാനാവൂ. അത്രമാത്രം ഹൃദയഭേദകമായാണ് അന്നത്തെ സംഭവങ്ങളെ ഗ്രന്ഥകാരൻ കുറിച്ചുവെച്ചിട്ടുള്ളത്. ചുരുങ്ങിയ വാക്കുകളിലൂടെ രാജൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട ഓരോരോ സംഭവങ്ങൾ കൊച്ചുകൊച്ചു കുറിപ്പുകളായി എഴുതുകയായിരുന്നു. അതിൽ വൈകാരികതയും വസ്തുതയും രാഷ്ട്രീയവും നിഴലിച്ചുകിടന്നിരുന്നു. കാലങ്ങൾക്കിപ്പുറവും അത് വേദനിപ്പിക്കുന്നു. പുതിയ തലമുറയെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഓരോ വായനക്കാരെയും ചോദ്യങ്ങളിലേക്ക് തള്ളിവിടുന്നു.
എഴുതിയ കാലത്ത് മുൻ മാതൃകകളില്ലാത്ത ഒരെഴുത്തുരീതിയാണ് ഗ്രന്ഥകാരൻ ഉപയോഗിച്ചിരിക്കുന്നത്. പിന്നീട് ന്യൂ ജേണലിസം എന്ന പേരിൽ ഇത്തരം എഴുത്തുരീതികൾ പാശ്ചാത്യ മാധ്യമ ലോകത്ത് സജീവമായി. എന്നാൽ കേരളത്തിലോ ഇന്ത്യയിലോ അത്തരമൊരഴുത്ത് നമുക്ക് കാണാൻ കഴിയില്ല. ഈ അപൂർവതയെപ്പറ്റി പുതിയ പതിപ്പിൻ്റെ അവതാരികയിൽ പ്രശസ്ത പത്രപ്രവർത്തകനായ ജോസി ജോസഫ് വിശദമായി എഴുതിയിട്ടുണ്ട്.
ഭരണകൂടം എത്ര നിസ്സാരമായാണ് വ്യക്തിയേയും വ്യക്തിയുടെ പ്രശ്നങ്ങളെയും നോക്കിക്കാണുന്നതെന്നും, അതേസമയം ഭരണകൂടത്തിൻ്റെ കൈപ്പിഴവുകളെ അവരെത്ര മാത്രം കൗശലത്തോടെ മറച്ചുവെക്കുന്നുവെന്നും ഈ പുസ്തകം കാണിച്ചുതരുന്നുണ്ട്. അടിയന്തരാവസ്ഥയുടെ മറവിൽ കേരളത്തിൽ നടന്ന ഭീകരമായ പോലീസ് തേർവാഴ്ചയുടെ ചിത്രം കൂടിയാണിത്. ജനാധിപത്യത്തിൻ്റെ തുറസ്സുകളെയും മാർക്സിസത്തിൻ്റെ മാനവികതയെയും ഒരുപോലെ ചേർത്തുപിടിച്ച് പൊതുപ്രവർത്തനം നടത്തിയവർ അധികാരത്തിൻ്റെ തടവറയിൽ ചുരുങ്ങിയില്ലാതാവുന്നതിൻ്റെ ദാരുണചിത്രവും ചെറിയ കുറിപ്പുകളിലൂടെ സി.ആർ. ഓമനക്കുട്ടൻ കാണിച്ചുതരുന്നു.
അടുത്ത പരിചയക്കാരനായിരുന്നിട്ടും ഈച്ചരവാരിയരുടെ മുന്നിൽ അച്യുതമേനോൻ എന്ന പ്രഖ്യാതനായ മുഖ്യമന്ത്രി കാണിക്കുന്ന നിസ്സംഗതയും പുറംതിരിയലും ആധുനിക കേരളത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്, ചൊടിപ്പിച്ചത്. അന്ന് ഭരണപക്ഷത്തുണ്ടായിരുന്ന എം.എൻ. ഗോവിന്ദൻ നായർ, എൻ.ഇ. ബാലറാം, പി.കെ.വാസുദേവൻ നായർ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളും ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. അവരും ഈ മനുഷ്യാവകാശ ധ്വംസനത്തിനുമുന്നിൽ കണ്ണടച്ചു. രാജൻ്റെ വധത്തെച്ചൊല്ലിയും സഹായം തേടിയെത്തിയ ഈച്ചരവാരിയരുടെ വേദനയെ ഓർത്തും ഇവർക്കൊന്നും മനസാക്ഷിക്കുത്തില്ലാതെ പോയതെന്തുകൊണ്ട് എന്ന വലിയ ചോദ്യം ഇവിടെ ഉയരുന്നുണ്ട്.
"... പടിവാതിലുകൾ തോറും അലഞ്ഞു. ആർക്കും കണ്ണുണ്ടായിരുന്നില്ല… ആർക്കും കാതുണ്ടായിരുന്നില്ല…ആർക്കും കരളുണ്ടായിരുന്നില്ല … " (പേജ് 62 )
ഇവരെയൊക്കെ ഇങ്ങനെയാക്കിത്തീർത്ത അധികാരക്കൊതിയുടെ രാഷ്ട്രീയത്തെ ചുരുക്കം ചില വാക്കുകളിലൂടെ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. ഇത് എക്കാലത്തും പൗരസമൂഹത്തിൻ്റെ ആലോചനാവിഷയമായി നിലകൊള്ളണ്ടതുണ്ട്. അക്കാലത്തെ നേതാക്കളെയും അവരുടെ നിലപാടുകളെയും സൂക്ഷ്മമായി വിലയിരുത്താനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്, അച്യുതമേനോനെയും കരുണാകരനെയും.
ഈച്ചരവാരിയരുടെ സഹോദരൻ മാധവവാരിയർ മുഖ്യമന്ത്രി അച്യുതമേനോനെ കാണാൻ പോയ കാര്യം വിവരിക്കുന്ന ഭാഗം കാണുക:
മാധവവാര്യർ അച്യുതമേനോനെ ചെന്നു കണ്ടു. മുഖ്യമന്ത്രി ഏറെ തിരക്കിലായിരുന്നെങ്കിലും രാജനെപ്പറ്റി അന്വേഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ‘സി.ബി.ഐയോട് ചോദിക്കട്ടെ.’
‘സി.ബി.ഐ അല്ല, സഖാവിൻ്റെ സർക്കാരാണ്, ക്രൈംബ്രാഞ്ചാണ് എൻ്റെ കുട്ടിയെ പിടിച്ചു കൊണ്ടു പോയത്’, മാധവവാരിയർ അറിയിച്ചു.
‘ശരി അന്വേഷിക്കട്ടെ.’
‘അദ്ദേഹം അന്വേഷിക്കും; വേണ്ട നടപടികളും സ്വീകരിക്കും. സ്വന്തം മകൻ രാമൻകുട്ടി മെഡിക്കൽ കോളേജിൽവച്ച് റാഗു ചെയ്യപ്പെട്ടപ്പോൾ റാഗിങ്ങിനെതിരേ കർശന നടപടികൾ സ്വീകരിച്ച മുഖ്യമന്ത്രിയല്ലേ?’, മാധവവാരിയർ ആശ്വസിച്ചു.
(പേജ് 58)
കരുണാകരനെപ്പറ്റി മറ്റൊരിടത്ത് ഇങ്ങനെയും എഴുതി:
എണ്ണമറ്റ രാജന്മാരെ വായ നിറയെ അഴുക്കുതുണി കുത്തിത്തിരുകി ശ്വാസം മുട്ടിച്ച്, തുടയിലും നെഞ്ചത്തും ഇരുമ്പു റോളുരുട്ടി, വെള്ളം കൊടുക്കാതെ, കൊന്നു കുഴിച്ചു മൂടിയ പോലീസിൻ്റെ മന്ത്രിയായിരുന്ന കരുണാകരനും ദൈവനാമത്തിൽ പൊട്ടച്ചിരിച്ചു.
നൂറിലേറെ വരുന്ന കൗരവർ ഡ്സ്കിലടിച്ച് ചിരിച്ചു. അവസാനം കരുണാകരൻ എണീറ്റ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു താഴെ ഞെളിഞ്ഞ് നിന്നു കൊണ്ടാരു പ്രസ്താവന: 'പ്രൊഫ ഈച്ചരവാരിയരുടെ മകൻ രാജനെ പോലീസ് അറസ്റ്റു ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടില്ല.’
(പേജ് 76)
ഈച്ചരവാരിയർ ഹൈക്കോടതയിൽ കൊടുത്ത ഹേബിയസ് കോർപ്പസ് ഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിച്ചുകൊണ്ടാണ് ഈ പുസ്തകം അവസാനിക്കുന്നത്. കോടതിയിൽ എന്തൊക്കെ നടന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. സത്യത്തിൽ ഒരു തിരക്കഥയിലെന്നപോലെയാണ് ഓമനക്കുട്ടൻ മാഷ് അക്കാലത്തുനടന്ന, ഇതുമായി ബന്ധപ്പെട്ട ഓരോ സംഭവത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്. പലതും നാടകീയമായാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് തോന്നും. അതങ്ങനെയാണ് എൻ്റെ മനസ്സിൽ വന്നത് എന്ന് മാഷ് സാക്ഷ്യപ്പെടുത്തുന്നു.
തീർച്ചയായും ഈ പുസ്തകമാണ് രാജൻ സംഭവത്തിൻ്റെ ആഴത്തെപ്പറ്റിയും ക്രൂരതയെപ്പറ്റിയും വേദനയെപ്പറ്റിയും മലയാളി സമൂഹത്തോട് ആദ്യമായി അറിയിച്ചത്. വർഷങ്ങൾ കഴിഞ്ഞാണ് ഈച്ചരവാരിയരുടെ ‘ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ’ ഉൾപ്പടെയുള്ള മറ്റു പുസ്തകങ്ങൾ പുറത്തു വന്നത്. സുഹൃത്തിൻ്റെ ദുഃഖം ആത്മാവിലുൾക്കൊണ്ട് കൊടിയ വേദനയോടെ തൊട്ടടുത്ത ദിനങ്ങളിൽ തന്നെ താനറിഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തുകയായിരുന്നു ഓമനക്കുട്ടൻ മാഷ്. അടിയന്തരാവസ്ഥയുടെ ദുർദിനങ്ങളിൽ താൻ ഈച്ചരവാരിയരോടൊപ്പമുണ്ടായിരുന്നു എന്നതിൽ അദ്ദേഹം എപ്പോഴും അഭിമാനിച്ചു. ഭരണകൂടത്തിൻ്റെ വേട്ടപ്പട്ടികൾ തട്ടിക്കൊണ്ടുപോയ ഏകമകനെത്തേടിയുള്ള ഒരച്ഛൻ്റെ യാത്രയിൽ കൂടെയുണ്ടാവാൻ കഴിഞ്ഞുവല്ലോ എന്ന അഭിമാനം.
ഓർമ പലപ്പോഴും ഒരു തിരുത്താണ്. അതുകൊണ്ട് തന്നെ ഈ ഓർമപ്പുസ്തകം എക്കാലത്തും വായിക്കപ്പെടേണ്ടതുണ്ട്. ഭരണകൂടവും അവരുടെ വേട്ടപ്പട്ടികളും പുതിയ ഇരകളെ തേടുകയും, കണ്ടെത്തി കൊല്ലുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. ശവംതീനികൾ ഇല്ലാതാവുന്നില്ലല്ലോ എന്ന ദുഃഖം നമുക്കൊക്കെ ബാക്കിയും.
(കുറിപ്പ്: ഈ പുസ്തകത്തെപ്പറ്റി എഴുതിത്തുടങ്ങിയതിൻ്റെ അടുത്ത ദിവസം കാലത്ത് അപ്രതീക്ഷിതമായി ഓമനക്കുട്ടൻ മാഷ് ഹൃദയാഘാതത്താൽ മരിച്ചു. തുടർന്ന് രണ്ടു മൂന്നുനാൾ ഇത് പൂർത്തിയാക്കാൻ മനസ്സുവന്നില്ല. പുസ്തകത്തെ കാലത്തിനായി ബാക്കിവെച്ച് മാഷും ഓർമ്മയായി. അവസാനം വരെ ആ മനസ്സിൽ രാജനും ഈച്ചരവാരിയയും അവരുടെ ദുരനുഭവങ്ങളും മങ്ങലേൽക്കാത്ത ഓർമ്മയായി നിലകൊണ്ടു.)