ഷെര്‍ലക് ആരെയാണ് മാന്തുന്നത്?

ഓരോ വായനക്കാരിലും അപസര്‍പ്പകത്വമന്വേഷിക്കുന്ന ഒരു വിദ്വാന്‍ - വിദുഷി - ഉണ്ട്. കഥയില്‍ മുഖ്യകഥാപാത്രമായി അയാളോ അവളോ നുഴഞ്ഞ് കയറാറുണ്ട്. നുഴഞ്ഞുകയറ്റക്കാരനായ അത്തരമൊരു വായനക്കാരന്റെ / വായനക്കാരിയുടെ കഥയാണോ എം.ടിയുടെ ഷെര്‍ലക്ക്?

എം.ടി.യുടെ രചനയുടെ പ്രത്യേകതകളെപ്പറ്റി പലരും എടുത്തുപറഞ്ഞ ചില വസ്തുതകളുണ്ട്. നായകകഥാപാത്രങ്ങളുടെ ഭീതി നിറഞ്ഞ ഗൃഹാതുരത്വവും അതിനെ പിമ്പറ്റി നില്‍ക്കുന്ന പൈതൃകബോധവുമാണത്. എന്നാല്‍, വാനപ്രസ്ഥം എം.ടി.യുടെ കഥയിലെ ഒരു വഴിമാറി നടപ്പാണെന്ന് ചിലരെങ്കിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍, സദാചാരഭ്രംശത്തിന്റെ സുഖദായകമായ ബിന്ദുവില്‍ പോലും കഥയിലെ ഗുരുശിഷ്യബന്ധത്തിനകത്ത് ഒരു പിതൃബോധം ആ കഥയിലും തലകാണിക്കുന്നുണ്ട്.

സമൂഹവും പൈതൃകവും തമ്മിലുള്ള വൈരുദ്ധ്യഗതിക്കുള്ളില്‍ നിലനില്‍ക്കാനുള്ള സങ്കല്‍പത്തിന്റെ ഹരിതദ്വീപ് നിര്‍മ്മിച്ച് പരിപൂര്‍ണമായും അതിലും അലിഞ്ഞു ചേരാനാവാതെ തുടരുന്ന അപഭ്രംശ വ്യക്തിത്വത്തിന്റെ ഉടമകളായി ഈ പാത്രങ്ങളില്‍ പലരും മാറുന്നു.

‘‘പൊതുവേ പറഞ്ഞാല്‍ മനുഷ്യാവസ്ഥവയെക്കുറിച്ചുള്ള കാല്‍പനിക ധ്യാനങ്ങളാണ് എം.ടി.യുടെ കൃതികള്‍. ഒറ്റപ്പെട്ട വ്യക്തിയുടെ വ്യസനം ഈ എഴുത്തുകാരന്റെ ബോധത്തെ പലപ്പോഴും വലയം ചെയ്ത് നിര്‍മ്മാണാത്മകമാക്കിയിരിക്കുന്നു’’ എന്നാണ് കെ. പി. അപ്പന്‍ അടിവരയിട്ടത്.

എം.ടി തന്റെ രചനകളിലൂടെ നിലനിര്‍ത്തിയ ഉറപ്പേറിയ ഈ കാല്‍പനിക ബോധത്തിന് വിച്ഛേദമായി ഭവിക്കുന്ന രചനയാണ് ഷെര്‍ലക്ക്. ഇന്ത്യയ്ക്ക് /കേരളത്തിന് പുറത്ത്, പല എം.ടി. കഥകളും ലൊക്കേഷന്‍ തേടിയിട്ടുണ്ടെങ്കിലും മുന്നേ സൂചിപ്പിച്ച കാല്പനികത്വബോധത്തില്‍നിന്ന് അവയ്ക്കും രക്ഷപ്പെടാനായിട്ടില്ല. കുടുംബം നേരിടുന്ന 'തരിശുയുഗവ്യസനങ്ങള്‍ 'എന്നതിലുപരി പുതുകോളനീകരണകാലത്തെ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള സംസ്‌കാരാന്തര വ്യാകരണം പ്രസരിപ്പിക്കാന്‍ ഷെര്‍ലക്കില്‍ ചില ശ്രമങ്ങളുണ്ട്.

ഷെര്‍ലക്ക് എന്ന് പേരിട്ടുവിളിക്കുന്ന ഒരു പൂച്ചയാണല്ലോ ഈ കഥയിലെ മുഖ്യകഥാപാത്രം. എം.ടിയുടെ കഥകളില്‍ പൊതുവെ തിര്യക്കുകള്‍ കുറവാണ്. മനുഷ്യര്‍ക്കും അവരുടെ മുഖങ്ങള്‍ക്കുമാണ് എം.ടി. കഥകളില്‍ മുഖ്യസ്ഥാനം. മനുഷ്യമുഖം 'സംസ്‌കാരത്തിന്റെ കണ്ണാടി’യായി മാറുന്ന കലയുടെ ഈ പ്രകൃതം പാശ്ചാത്യരില്‍നിന്ന് നമുക്ക് കിട്ടിയതാണെന്ന് പറയാം. ഹെമിംഗ് വേയുടെ അതികായന്മാരായ ചില കഥാപാത്രങ്ങളുടെ അഭിഭാവം എം.ടിയുടെ ഭാവനാകാശത്തെ നിറമണിയിച്ചിട്ടുണ്ടെന്ന് മുന്‍പ് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

തിര്യക്കുകള്‍ രണ്ടുതരത്തില്‍ കഥാലോകത്ത്​ കടന്നുവരാം. ഒന്ന്, മനുഷ്യവികാരത്തിന്റെ ധര്‍മ്മത്തെ പ്രതിനിധീകരിക്കുന്ന ബിംബമോ പ്രതീകമോ ആയി.
രണ്ട്, മനുഷ്യജീവിതപരിതസ്ഥിതിയിലെത്തന്നെ അംഗങ്ങളായി.

ഷെര്‍ലക്കിലെ പൂച്ച വെറുമൊരു പൂച്ചയാണോ അതോ മനുഷ്യമുഖമുള്ള തിര്യക്കാണോ?

എം.ടി വാസുദേവൻ നായർ

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന ഇന്ത്യന്‍ കുടുംബത്തിലേയ്ക്ക്, അനുജനും അഭ്യസ്തവിദ്യനും തൊഴില്‍രഹിതനുമായ ബാലു എന്ന ചെറുപ്പക്കാരന്‍ എത്തിപ്പെടുന്നതും ഏതാനും ദിവസം അവിടെ കഴിച്ചുകൂട്ടുമ്പോഴുള്ള സംഭവവികാസങ്ങളുമാണ്​ ഷെര്‍ലക്ക് എന്ന കഥയുടെ ഇതിവൃത്തം. ബാലുവിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത അളിയന്‍ ജയന്ത് എന്ന ഹിന്ദിക്കാരന്‍ കുറെ ദിവസമായി അമേരിക്കയിലെ സാന്‍ഹോസയില്‍ ബിസിനസ് ടൂറിലാണ്. ജയന്ത് എത്തിയാല്‍ അനിയന് എന്തെങ്കിലും ജോലി തരപ്പെടുത്താമെന്ന ധാരണയിലാണ് ബാലുവിന്റെ ചേച്ചി. മാത്രമല്ല ഒരുമിച്ച് ചില ടൂറുകളും അവള്‍ മനസ്സില്‍ കണ്ടിട്ടുണ്ട്.

പൂച്ചകളെക്കുറിച്ച് നിര്‍മ്മിച്ചെടുക്കുന്ന ആഖ്യാനവിശേഷത്തിലൂടെ ഷെര്‍ലക്കിന്റെ സ്ഥാനം വെറുമൊരു തിര്യക്ക് എന്ന നിലയില്‍നിന്നും അമേരിക്ക എന്ന ദേശത്തിന്റെ ജീവിതരീതിയുടെ ആഖ്യാനവിശേഷങ്ങളുമായി കൂടിക്കുഴയുന്നു.

വീട്ടിലെ വളര്‍ത്തുപൂച്ചയായ ഷെര്‍ലക്ക് ആണ് ഈ സാധാരണ സംഭവത്തിനിടയ്ക്ക് കയറിവന്ന് കഥ സൃഷ്ടിക്കുന്നത്. അമേരിക്കയിലെ വളര്‍ത്തു പൂച്ചകളെക്കുറിച്ചുള്ള സവിശേഷമായ ചില ആഖ്യാന വ്യവഹാരങ്ങളിലൂടെയാണ് കഥയുടെ ആദ്യത്തെ ഇഴ പാകുന്നത്. ജയന്തിന്റെ കുടുംബത്തിലെ ഒരംഗമാണെന്ന നിലയ്ക്ക് ഷെര്‍ലക്കിന്റെ സ്ഥാനമലങ്കരിക്കുന്ന വസ്തുതകള്‍ കൂടിയാണിവ. കഥയുടെ രണ്ടാമത്തെ അടര് ബാലുവുമായി ഷെര്‍ലക്ക് ഉണ്ടാക്കിയെടുക്കുന്ന ബന്ധത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ബാലുവിന്റെ വരവിനെ സന്തോഷാതിരേകത്തോടെയാണ് ചേച്ചി എതിരേല്‍ക്കുന്നതെങ്കിലും ദിനങ്ങള്‍ പിന്നിടുമ്പോള്‍ മനോഭാവത്തില്‍ ചെറുങ്ങനെ മാറ്റം വരുന്നുണ്ട്. അനിയന് അമേരിക്കയില്‍ സ്‌കോളര്‍ഷിപ്പ് തരപ്പെടുത്തുന്നതിനെപ്പറ്റിയും ജോലി ശരിയാക്കുന്നതിനെപ്പറ്റിയുമൊക്കെ ഭര്‍ത്താവ് വന്നാല്‍ ആലോചിക്കാമെന്നു പറയുമ്പോള്‍ത്തന്നെ 'ഇവിടെ, അദ്ധ്വാനിക്കുന്നവര്‍ക്കേ അമേരിക്കയില്‍ എന്തെങ്കിലും ആയിത്തീരാന്‍ കഴിയൂ, വിജയത്തിന്റെ മുകള്‍ത്തട്ടാവട്ടെ, ആകാശത്തേക്കാള്‍ ഉയരത്തിലും' -എന്ന സൂചനയും ചേച്ചി നല്‍കുന്നുണ്ട്. ഉടനെ വന്നെത്തുമെന്ന് ഇടയ്ക്ക് വിളിച്ചുപറയാറുണ്ടെങ്കിലും സമയമടുക്കുമ്പോള്‍ വരവ് നീട്ടിവെയ്‌ക്കേണ്ടിവരുന്ന ജയന്തിന്റെ ഫോണ്‍കോളുകള്‍ തിരക്കുപിടിച്ച അമേരിക്കന്‍ ജീവിതത്തിന്റെയും ചേച്ചിയും അളിയനും തമ്മിലുള്ള ദാമ്പത്യത്തിന്റെ വിള്ളലുകളേയും സൂചിപ്പിക്കാന്‍ പോന്നതാണ്.

ഷെര്‍ലക്ക് എന്ന പൂച്ചയുടെ റോള്‍ ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. അമേരിക്കയിലെ വളര്‍ത്തുപൂച്ചകളെക്കുറിച്ചുള്ള ചേച്ചിയുടെ ആഖ്യാനം ഈ കാര്യത്തിന് അടിവരയിടും. ജയന്ത് കൊണ്ടു വന്ന പൂച്ചയ്ക്ക്, ഷെര്‍ലക്ക് എന്ന് പേരിടുന്നത് ഷെര്‍ലക്ക് ഹോംസിന്റെ ആരാധകനായ അദ്ദേഹം തന്നെയാണ്. ഏകാകിയാകുമ്പോള്‍ ജീവനുള്ള ഒന്നിന്റെ സ്‌നേഹസമ്പൂര്‍ണ്ണമായ സാന്നിദ്ധ്യമാണ് ഷെര്‍ലക്ക് നല്‍കുന്നതെന്ന് ചേച്ചി പറയുന്നുണ്ട്. വൃത്തിയും മെനയും ചിട്ടയും എല്ലാ കാര്യങ്ങളിലും ശ്രദ്ധയുമുള്ള ഷെര്‍ലക്ക് ആ വീട് ആവശ്യപ്പെടുന്ന സിസ്റ്റത്തെ നിലനിര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.

തെരുവിലൂടെ ചുറ്റിക്കറങ്ങുന്ന ബാലു അവിടുത്തെ റെസ്റ്റോറന്റുകളുടെ പെരുപ്പം കണ്ട്, അമേരിക്ക വലിയൊരു വയറാണ് എന്ന് ഡയറിയില്‍ കുറിച്ചിടണമെന്നുപോലും ആലോചിക്കുന്നുണ്ട്.

ബാലു വന്നതിനുശേഷം, ആദ്യമായി ചേച്ചി ഓഫീസില്‍ പോയദിവസം രണ്ടു കാര്യങ്ങളാണ് അവനെ ഓര്‍മ്മിപ്പിക്കുന്നത്. ഒന്ന്, പുറത്തേയ്ക്ക് പോകുമ്പോള്‍ താക്കോല്‍ മറക്കരുത്. കാരണം, അടച്ചാല്‍ പൂടുന്ന വാതിലാണ് വീടിന്റേത്. രണ്ട്, ടോയ്‌ലറ്റിന്റെ വാതില്‍ അടച്ചിടരുത്. അവിടെയാണ് ഷെര്‍ലക്കിനുള്ള ഭക്ഷണത്തട്ടികയും കാഷ്ടമിടാനുള്ള പ്രത്യേക സ്ഥലവും. അമേരിക്കയിലെ വളര്‍ത്തുപൂച്ചകള്‍ ഉച്ഛിഷ്ടം കഴിക്കില്ല എന്നതാണ് വേറൊരു വിവരം.

മറ്റൊരു ഇന്ത്യന്‍ കുടുംബമായ നന്ദിനിയുടെ കുടുംബത്തെ കുറിച്ച് ചേച്ചി ബാലുവിനോട് ഓര്‍മ്മിപ്പിക്കുന്നത്, അവിടുത്തെ വളര്‍ത്തുപൂച്ചകളുടെ കാര്യം പറയാനാണ്. വളര്‍ത്തുപൂച്ചകള്‍ക്ക് മാത്രമായി മുന്തിയ ഭക്ഷണപ്പൊതികള്‍ അമേരിക്കയിലുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുച്ഛവിലയ്ക്ക് വിറ്റഴിക്കുന്ന തീറ്റസാധനങ്ങള്‍ അവിടുത്തെ പൂച്ചകള്‍ കഴിക്കില്ല. പതുപതുത്ത സോഫകള്‍ മാന്തിക്കീറാതിരിക്കാന്‍, വീട്ടിലെ വളര്‍ത്തു പൂച്ചകളുടെ നഖങ്ങള്‍ സര്‍ജറിയിലൂടെ നീക്കംചെയ്യുക പതിവാണ്. ഷെര്‍ലക്കിന്റെ നഖങ്ങളും ഇങ്ങനെ നീക്കം ചെയ്യപ്പെട്ടവയാണ്.

ഇങ്ങനെ പൂച്ചകളെക്കുറിച്ച് നിര്‍മ്മിച്ചെടുക്കുന്ന ആഖ്യാനവിശേഷത്തിലൂടെ ഷെര്‍ലക്കിന്റെ സ്ഥാനം വെറുമൊരു തിര്യക്ക് എന്ന നിലയില്‍നിന്നും അമേരിക്ക എന്ന ദേശത്തിന്റെ ജീവിതരീതിയുടെ ആഖ്യാനവിശേഷങ്ങളുമായി കൂടിക്കുഴയുന്നു. 'പൂച്ചയ്ക്ക് ആര് മണികെട്ടും' എന്നൊക്കെയുള്ള നമ്മുടെ ഉക്തി അവിടെ വഴുതിപ്പോവുകയും ചെയ്യും.

ഇതിനോട് കൂട്ടിവായിക്കാവുന്ന സാംസ്‌കാരികമായ ചില സൂചനകളെ കഥയില്‍ ശ്രദ്ധിക്കാതിരുന്നുകൂടാ. ചേച്ചി ഓഫീസിലേയ്ക്ക് പോയപ്പോള്‍ ഏകാന്തത അകറ്റാനായി, അവരുടെ ബെഡ്‌റൂമിലെ ടി.വി. ഓണ്‍ചെയ്യുന്ന ബാലു കാണുന്നത് വൈല്‍ഡ് വെസ്റ്റിന്റെ സിനിമയാണ്. താല്‍പര്യമില്ലാതെ, അയാളത് ഓഫാക്കുകയും ചെയ്തു. അമേരിക്കന്‍ കൗബോയ് ജീവിതസംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് വൈല്‍ഡ് വെസ്റ്റിന്റെ ചിത്രങ്ങള്‍. അലസ- വിനോദ- ജിപ്‌സി ജീവിതത്തിന്റെ ഭാവദീപ്തികളെ പ്രകാശിപ്പിക്കുന്നവയാണ് അവ. മനുഷ്യബന്ധങ്ങളെക്കാളുപരി ധനസമ്പാദനത്തിലൂടെ, സുഖജീവിതത്തിന്റെ ഔന്നത്യങ്ങളിലേയ്ക്ക് പോവുന്ന ജീവിതവീക്ഷണം അമേരിക്കന്‍ മുതലാളിത്ത ജീവിതത്തിന്റെ പ്രത്യേകതയാണ്.

ആദ്യമായി മുറിക്കു പുറത്തുപോകുന്ന ബാലു രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഒന്ന് റോഡില്‍, വാഹനങ്ങളേ ഉള്ളൂ, ആളുകളില്ല. ചേച്ചിയുടെ ആദ്യ ഭര്‍ത്താവായ കുമാരേട്ടന്റെ ചരിത്രം കഥയില്‍ രൂപപ്പെടുന്നതു തന്നെ ഇതേ വസ്തുതയുമായി ബന്ധപ്പെട്ടാണ്. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തില്‍ ജീവിച്ചുശീലമായ കുമാരേട്ടന് അമേരിക്കയിലെ മാനവമുഖമില്ലാത്ത ജീവിതത്തില്‍ മടുപ്പ് തോന്നുകയും ഡ്രൈവിംഗ് പഠിക്കാതെ അവിടെ നിലനില്‍പ്പ് അസാധ്യമാണ് എന്നറിയുകയും ചെയ്യുന്നതോടെയാണ് ചേച്ചിയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടിവരുന്നത്.

ബാലു എത്തുന്നതോടെ ജീവിതത്തിന്റെ ഈ ഏടുകളെല്ലാം ഗൃഹാതുരത്വത്തോടെ കഥയില്‍ നിറയുന്നു. ഓര്‍മ്മകളിലൂടെ ചരിത്രത്തെ സംക്ഷേപിക്കുന്ന ഒരു മൂന്നാംലോക രാജ്യക്കാരിയുടെ ശീലം ചേച്ചിയുടെ പില്‍ക്കാല ജീവിതത്തില്‍ ഇല്ലാതായിരിക്കുന്നു. ഭൂതകാലം ആവശ്യമില്ലാതായിത്തീരുകയും അങ്ങനെ ചരിത്രം ഒരനാവശ്യ വസ്തുവായിത്തീരുകയും ചെയ്യുന്ന അമേരിക്കന്‍ ജീവിതത്തിലേയ്ക്ക് ചില പാളികള്‍ തുറക്കുന്നുണ്ട് ഇവയൊക്കെ.

തെരുവിലൂടെ ചുറ്റിക്കറങ്ങുന്ന ബാലു അവിടുത്തെ റെസ്റ്റോറന്റുകളുടെ പെരുപ്പം കണ്ട്, അമേരിക്ക വലിയൊരു വയറാണ് എന്ന് ഡയറിയില്‍ കുറിച്ചിടണമെന്നുപോലും ആലോചിക്കുന്നുണ്ട്. വീട്ടിലെ ഏകാന്തതയും ഷെര്‍ലക്കുമായുള്ള ബന്ധത്തില്‍ അനുഭവപ്പെടുന്ന മടുപ്പുമകറ്റാന്‍ ബാലു പുസ്തകങ്ങളെ ആശ്രയിച്ചുതുടങ്ങുന്നു. അപസര്‍പ്പകഥകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജയന്തിന്റെ ഷെല്‍ഫില്‍ കൂടുതലും കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ വിജ്ഞാനഗ്രന്ഥങ്ങളാണ്. ചേച്ചി വായിച്ചുവച്ച രണ്ടു പുസ്തകങ്ങള്‍ ബാലു വായിക്കുന്നുണ്ട്. അതിലൊന്ന്, ഗ്രാറ്റോ ഗാര്‍ബോ എന്ന ഹോളിവുഡ് താരത്തിന്റെ ജീവചരിത്രവും മറ്റൊന്ന് വിവാദകഥകളിലെ നായികയായ ഡയാന രാജകുമാരിയെക്കുറിച്ചുള്ള ബെസ്റ്റ് സെല്ലറുമാണ്. ഇത്തരം പുസ്തകങ്ങളിലൂടെ കടന്നുപോകാന്‍ ചേച്ചിയെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും?

അമേരിക്കയിലെ ഇന്ത്യന്‍ കുടുംബാന്തരീക്ഷത്തില്‍ ഒരു വളര്‍ത്തുപൂച്ചയുടെ സ്ഥാനം ആ ദേശത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട സാംസ്‌കാരികവും, രാഷ്ട്രീയവുമായ ചില സൂചനകള്‍ഉദ്പാദിപ്പിക്കുന്നു

എന്നാല്‍, ഷെര്‍ലക്ക് എന്ന കഥയില്‍ അമേരിക്കയിലെ പള്‍പ്പ് സമൂഹത്തിന്റെ സൂചകങ്ങള്‍ എന്ന നിലയില്‍ ഇവയ്ക്ക് സവിശേഷ സ്ഥാനം തന്നെയുണ്ട്.
'പൂച്ചക്കെന്താ പൊന്നുരുക്കുന്നേടത്ത്' എന്ന് നാമിവിടെ ചോദിക്കാറുണ്ട്.
തിര്യക് -പ്രകൃതിയായ പൂച്ച കര്‍മസ്ഥാനത്തും യജമാനനായ മനുഷ്യന്‍ കര്‍തൃസ്ഥാനത്തും നില്‍ക്കുമ്പോഴാണ് ഇത്തരമൊരു ഉക്തി രൂപപ്പെടുക. പൂച്ച തന്നെ പൊന്നുരുക്കാന്‍ തുടങ്ങിയാലോ? ഷെര്‍ലക്ക് എന്ന് പേരുള്ള പൂച്ച അധികാരത്തിന്റെ കര്‍തൃ സ്ഥാനത്തേയ്ക്ക് മാറുന്നത്, ഷെര്‍ലക്ക് ഹോംസ് കഥയില്‍ പെരുമാറിത്തുടങ്ങുമ്പോഴാണ്. ഷെര്‍ലക്കിന്റെ അധികാരപരിധികള്‍ ഒരു ദേശസങ്കല്‍പനിര്‍മ്മിതിയില്‍ എത്രത്തോളമാവാമെന്ന് ഇതൊക്കെ വ്യക്തമാക്കുന്നു.

ബാലു എന്ന 'അപരിചിതനു'മായി ഷെര്‍ലക്ക് വളര്‍ത്തിയെടുക്കുന്ന ബന്ധത്തില്‍ വൈചിത്ര്യങ്ങള്‍ ഏറെയുണ്ട്. കഥയുടെ ആദ്യത്തെ അടരിന്റെ തുടര്‍ച്ചയായി നാം ഓര്‍മ്മിക്കേണ്ട ചില വസ്തുതകളുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ കുടുംബാന്തരീക്ഷത്തില്‍ ഒരു വളര്‍ത്തുപൂച്ചയുടെ സ്ഥാനം ആ ദേശത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട സാംസ്‌കാരികവും, രാഷ്ട്രീയവുമായ ചില സൂചനകള്‍ ഉദ്പാദിപ്പിക്കുന്നു (Political and cultural reference).

അപരിചിതനായ, അന്യദേശക്കാരനായ ഒരാളോട് ഉച്ചനീചത്വത്തിന്റെ രാജ്യാന്തരരാഷ്ടീയം ഷെര്‍ലക്കിന്റെ ശരീരഭാഷയിലൂടെ പല രീതിയില്‍ ഉണര്‍ന്നു വരുന്നുണ്ട്. ഈ 'ഷെര്‍ലക്ക് ഹോംസ്' അംശം മറ്റ് എം.ടി. കഥകളില്‍ കാണുന്ന കാല്പനികത്വത്തെ ഈ കഥയില്‍നിന്ന്​ മാറ്റിനിര്‍ത്തുന്നു. അപരത്തെ സ്വീകരിക്കുന്ന ഒന്നില്‍നിന്ന്​ മാറ്റിനിര്‍ത്തുന്ന അധികാരഭാവം കൂടുതല്‍ ധ്വനിപ്പിക്കുന്നു. 'മ്യാവൂ' എന്ന മാര്‍ജ്ജാരഭാഷയ്ക്കുപകരം 'മുരള്‍ച്ച' ഒരു ഭാഷയായി തീരുന്നതോര്‍മ്മിക്കുക, ബാലുവിന്റെ ഓരോ നീക്കത്തേയും സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്. 'ചേച്ചി തനിച്ചാകുമ്പോള്‍ ചാരവൃത്തി നടത്താന്‍ ജയന്ത് പരിശീലിപ്പിച്ചതാവണം ഇവനെ' എന്നും ബാലു ചിന്തിക്കുന്നുണ്ട്.

ഗത്യന്തരമില്ലാതെ ഷെര്‍ലക്കിനെ മെരുക്കാനുള്ള തന്ത്രങ്ങള്‍ അയാള്‍ ആരായുന്നു. അത് ഫലിച്ചുതുടങ്ങി എന്ന ആദ്യ സൂചന കിട്ടിയപ്പോഴാണ്, ‘അമേരിക്കയുമായി ഞാന്‍ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു’ എന്ന് സുഹൃത്തിനെഴുതുന്ന കത്തില്‍ കുറിച്ചിടണമെന്ന് അയാള്‍ക്ക് തോന്നുന്നത്. തന്റെ സ്വകാര്യ പ്രവര്‍ത്തനങ്ങളെ പൂച്ച വിടാതെ പിന്‍തുടരുമ്പോള്‍, കൈക്കൂലി കൊടുത്ത് പാട്ടിലാക്കുന്ന ഇന്ത്യക്കാരന്റെ വൈദഗ്ധ്യം ബാലു പുറത്തെടുക്കുന്നു. മാത്രമല്ല, തനിക്ക് വന്നുപിണഞ്ഞ അപരത്വത്തെ മറികടക്കാനുള്ള അയാളുടെ നയതന്ത്രം കൂടിയാണ് അയാള്‍ സജ്ജമാക്കുന്നത്.

അമേരിക്ക/ ഇന്ത്യ എന്ന ദേശഭേദചിന്ത എം.ടി. പല രീതിയിലും സൂചിപ്പിക്കുന്നുണ്ട് കഥയില്‍. ഷെര്‍ലക്കിന് തന്ത്രപൂര്‍വ്വം ബാലു നല്‍കിയ വോഡ്ക കഴിച്ചശേഷം അവനെ ലഞ്ചിനായി ക്ഷണിക്കുന്നു. ഇന്ത്യക്കാരന്റെ ചോറിനെക്കുറിച്ചുള്ള കഥനം ഇത്തരത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ചോറിനോട് കൊതി കാണിക്കുന്ന ഷെര്‍ലക്കിന്റെ പ്രകൃതിയെ ഒരു അധികാരിയുടെ സുഖത്തോടെയാണ് ബാലു നോക്കിക്കാണുന്നത്. ഷെര്‍ലക്കിലെ, ചാരന്റെ ഊര്‍ജ്ജം വാര്‍ന്നുപോകുന്നതുപോലെ അയാള്‍ക്ക് അനുഭവപ്പെടുന്നു. ഇതുവരെ ചോറുതിന്നാത്ത ഷെര്‍ലക്കിന് അത് കുഴച്ചുനീട്ടുമ്പോള്‍ ബാലു പറയുന്നത് ഇങ്ങനെയാണ്: 'ഇന്ത്യ, ചൈന, ജപ്പാന്‍, തായ്‌ലന്റ്, ബര്‍മ്മ... ഇങ്ങനെ അമേരിക്കയുടെ പുറത്ത് അനേക നാടുകളുണ്ട്. അവിടെ മനുഷ്യന്‍ തിന്നുന്നതിതാണ്. അതുകൊണ്ട് ഇന്ത്യക്കാര്‍ വളര്‍ത്തുന്ന പൂച്ചയ്ക്കും തിന്നാം ചോറ്. ചോറിനു വേണ്ടിയാണ് ഇന്ത്യക്കാര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്.'

എന്നാലും സര്‍ജറിയിലൂടെ നീക്കിയ നഖങ്ങള്‍ വീണ്ടെടുത്ത് പൂച്ച തന്നെ എതിരിടുമോ എന്ന ഭയം അയാള്‍ക്കുള്ളിലുണ്ട്.

ദേശീയതയുടെ രാജ്യാന്തരരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തി, ബാലുവിന്റെ, അമേരിക്കയിലെ അതിജീവനവുമായി ബന്ധപ്പെട്ട് അയാളുടെ ഉപബോധമനസ്സ് കണ്ടുപിടിക്കുന്ന ഒരു ബിംബമാണ് ഷെര്‍ലക്ക് എന്ന പൂച്ച, എന്നും വാദിക്കാമോ?

അനന്തരം, ഷെര്‍ലക്ക് ഹോംസിന് എന്ത് സംഭവിച്ചു? കഥ തുടര്‍ന്നു വായിക്കുക: ‘‘അയാള്‍ പിന്നെ സ്വന്തം മുറിയിലെത്തി കിടന്നപ്പോള്‍ പൂച്ച വീണ്ടും കടന്നു വന്നു. ഒരു പരസ്പരധാരണയിലെത്തിയപോലെ മന്ദഹസിച്ചു. മെത്തയിലേയ്ക്ക് കയറിയ ഷെര്‍ലക്ക് അടുത്തു കിടന്നപ്പോള്‍ ബാലു ചിരിച്ചു. നഖമൊളിപ്പിച്ചുവെച്ച അവന്റെ കാലുകള്‍ തടവി. കഴുത്തു തടവി. അപ്പോള്‍ മുറിയില്‍ ഒരു ചിരി മുഴങ്ങി. ആരാണ് ചിരിച്ചത്? ഷെര്‍ലക്ക് നീയോ ഞാനോ? അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പൂച്ച തടഞ്ഞുകൊണ്ട് നെഞ്ചിലേയ്ക്ക് ഒരു കാല്‍ കയറ്റിവെച്ച്, മെത്തയിലേയ്ക്ക് അമര്‍ത്തി പിറുപിറുത്തു, 'ഉറങ്ങ് സുഖമായി ഉറങ്ങ്'.
നെഞ്ചില്‍ തടവി ആശ്വസിപ്പിക്കുകയാണ് ഷെര്‍ലക്ക് പരമരഹസ്യം പോലെ ചെവിയില്‍ പിറുപിറുക്കുന്നു, ‘ഞാനിവിടെയുണ്ട്. പേടിക്കാതെ ഉറങ്ങ്'. അപ്പോള്‍ അയാള്‍ക്ക് ഉറക്കെ കരയണമെന്ന് തോന്നി. അതിനു കഴിയാതെ വന്നപ്പോള്‍ വിതുമ്പിക്കൊണ്ട് കണ്ണടച്ചു.’’

ദേശീയതയുടെ രാജ്യാന്തരരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തി, ബാലുവിന്റെ, അമേരിക്കയിലെ അതിജീവനവുമായി ബന്ധപ്പെട്ട് അയാളുടെ ഉപബോധമനസ്സ് കണ്ടുപിടിക്കുന്ന ഒരു ബിംബമാണ് ഷെര്‍ലക്ക് എന്ന പൂച്ച, എന്നും വാദിക്കാമോ? അതോ ഡിക്ടറ്റീവിന്റെ മറ്റൊരടവാണോ ഷെര്‍ലക്ക് പയറ്റുന്നത്? ഏതായാലും ചേച്ചിയുടെ അഭാവം കഥയില്‍ നിറയ്ക്കുന്ന ഇരുളിലാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കേണ്ടത്.

അതോ, ഇത് വായനക്കാരുടെ കഥയാണോ?
ഓരോ വായനക്കാരിലും അപസര്‍പ്പകത്വമന്വേഷിക്കുന്ന ഒരു വിദ്വാന്‍ - വിദുഷി - ഉണ്ട്. കഥയില്‍ മുഖ്യകഥാപാത്രമായി അയാളോ അവളോ നുഴഞ്ഞ് കയറാറുണ്ട്. നുഴഞ്ഞുകയറ്റക്കാരനായ അത്തരമൊരു വായനക്കാരന്റെ / വായനക്കാരിയുടെ കഥയാണോ ഷെര്‍ലക്ക്?

'ആരാണ് ചിരിച്ചത്?
ഷെര്‍ലക്ക്; നീയോ, ഞാനോ?'

-ബാലുവിന്റെ നെഞ്ചില്‍ നഖമില്ലാത്ത കൈക്കൊണ്ടമര്‍ത്തി നില്‍ക്കുന്ന പൂച്ച ശരിക്കും ആരായിരിക്കാം? വായനക്കിടയില്‍ ഒരു ഡിറ്റക്​റ്റീവിനെപ്പോലെ നുഴഞ്ഞുകയറുന്ന ഷെര്‍ലക്ക് ഹോംസ് തന്നെയായിരിക്കുമോ?

ചുറ്റിപ്പിണയുന്ന ആഖ്യാനത്തിലൂടെ (Discursive Narrative) ദേശാന്തര മനുഷ്യബന്ധങ്ങളും നവകോളനീകൃതമായ സാമൂഹ്യവ്യവസ്ഥക്കുള്ളിലെ മനുഷ്യന്റെ പ്രതിസന്ധികളും എം.ടി ഈ കഥയില്‍ ചിത്രീകരിക്കുന്നു. ഒപ്പം ഏതുകഥയും വായനക്കാരുടെ സങ്കല്പദേശാന്തരത്തിന്റെ കഥ കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments