പദബന്ധങ്ങളിൽ നിന്ന് ഉയിർക്കുന്ന അർഥാനുഭൂതിയാണ് കവിത എന്നു ധ്വനിപ്പിക്കുന്ന ശീർഷകത്തോടെ പുസ്തകപ്രസാധകസംഘം പ്രസിദ്ധീകരിച്ച ‘ഉറുമ്പുകൾക്ക് ഒളിത്താവളങ്ങൾ വേണ്ട’ എന്ന പുസ്തകം ആർ. മോഹനന്റെ കവിതകളുടെയും ആത്മഭാഷണങ്ങളുടെയും ചെറുസമാഹാരം മാത്രമല്ല; സവിശേഷമായ ചരിത്ര - സാംസ്‌കാരിക സ്വത്വമുള്ള കോഴിക്കോടിന്റെ തിരോഭവിച്ച ഒരു ചരിത്രഘട്ടത്തിന്റെ അനുഭവാവിഷ്‌ക്കാരങ്ങളുടെയും സ്മൃതിശകലങ്ങളുടെയും സംഗ്രഹം കൂടിയാണ്.
ക്ഷോഭിക്കുന്ന എൺപതുകൾ എന്ന് ഏറെ വാഴ്ത്തപ്പെട്ട കേരള ചരിത്രത്തിലെ തീരെ ദൈർഘ്യം കുറഞ്ഞതും ചലനോത്സുകവുമായ ഒരു ഇടവേളയായിരുന്നു, അത്. ജനാധിപത്യ ധ്വംസനങ്ങളും പൗരാവകാശനിഷേധങ്ങളും കൊണ്ട് ഭീതിദമായ അടിയന്തരാവസ്ഥയിൽനിന്ന് പിറവിയെടുത്ത കണിശമായ നീതിബോധത്തിലേക്കും വിമോചനപ്രതീക്ഷകളിലേക്കും യുവത്വം ആവേശത്തോടെ ചുവടുവെച്ച സംക്രമണഘട്ടമായിരുന്നു അത്. അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണ് എന്നു വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തു, അവർ. തെരുവുകൾ സമരമുഖങ്ങളും വിചാരണാ വേദികളുമായി. കവിത, നാടകം, ചിത്ര- ശില്പകല, സിനിമ എന്നിങ്ങനെ സർഗ്ഗാവിഷ്‌കാരങ്ങളുടെ സമസ്ത തലങ്ങളും ദീപ്തമായ ഒരു വരുംകാലത്തിന്റെ സ്വപ്നങ്ങളാൾ നിർഭരമായി. ബ്രെഹ്റ്റും നെരൂദയും ഗുവേരയും കാമ്പസ്സുകളിൽ ചിന്തകളെ ഉത്തേജിപ്പിച്ചു.
‘‘നിന്നുപോയ നിങ്ങളുടെ വാച്ചുകളിൽ നേരം ശരിയാക്കുവിൻ. ഇടി മുഴങ്ങുന്നു. വസന്തം മുഴങ്ങുന്നു"- തീച്ചിറക് വിടർത്തി കവിതയിൽ കെ.ജി.എസും, സച്ചിദാനന്ദനും കടമ്മനിട്ടയും പ്രത്യാശയുടെ പതാകാവാഹകരായി. ‘അമ്മ അറിയാൻ’, ‘ചെന്നായ്ക്കൾ’- ഉൾക്കാമ്പുള്ള അരാജകത്വവും മാനുഷികതയും കൊണ്ട് ജോൺ എബ്രഹാം സത്യത്തിന്റെ തുറമുഖത്ത് തീക്കാറ്റിന്റെ നങ്കൂരമായി. ഫിലിം സൊസൈറ്റികൾ കാഴ്ചയുടെ ഭാവുകത്വത്തെ കീഴ്മേൽ മറിച്ചു. "പൈക്കിന്റേ… പൈക്കിന്റേ" ആദിവാസിയുടെ വിശപ്പും വേദനകളും പേറി, നാടുഗദ്ദിക നഗരത്തിലേക്കു ചുരമിറങ്ങി. ‘അമ്മ’, ‘പടയണി’, ‘കലിഗുല’, ‘ഭോമ’- മധുമാസ്റ്ററും രാമചന്ദ്രൻ മൊകേരിയും ജോസ് ചിറമ്മലും ശാന്തനും കൂട്ടരും നാടകങ്ങളെ പ്രക്ഷോഭത്തിന്റെ രംഗചലനങ്ങളാക്കി.
പ്രത്യയശാസ്ത്രങ്ങളുടെ വികലപാഠങ്ങളോ, പ്രയോഗത്തിന്റെ വൈകല്യങ്ങളോ, എന്തുകൊണ്ടോ ഉൽസുകമായ മുന്നേറ്റങ്ങളൊക്കെയും പതിയെപതിയെ ദിക്കും ദിശയുമില്ലാതെ നാനാവിധമായി. ചെറുപ്പക്കാർ ദാരുണമായ ഇച്ഛാഭംഗങ്ങളിലേക്കും ആത്മ വിനാശത്തിലേക്കും ഛിന്നഭിന്നമായി.
അടയാളപ്പെടുത്താതെപോയ ആ കാലത്തിന്റെ വിശ്ലഥമായ വചനസാക്ഷ്യമാണ് ആർ. മോഹനന്റെ "ഉറുമ്പുകൾക്കു ഒളിത്താവളങ്ങൾ വേണ്ട". ആർ. മോഹനൻ ഒരാളോ ഏകവചനമോ അല്ല. ആ ക്ഷുഭിതകാലത്തിന്റെ ദീപ്തസ്മരണകളുടെ ശേഷിക്കുന്ന ആത്മസ്പന്ദമാണ്.

പച്ചക്കറിയും ഭൂതകാലവും എന്ന കവിതയിൽ മോഹനൻ ഇങ്ങനെ പറയുന്നുണ്ട്:
തപിച്ച ജീവിതങ്ങൾക്ക്
പേരും സ്മാരകങ്ങളുമില്ല
ജ്വലിച്ച യൗവ്വനങ്ങൾക്ക്
അടയാളങ്ങൾ ഒന്നുമില്ല.
കഥയും കളിക്കമ്പങ്ങളും കഴിഞ്ഞു
എല്ലാം വളരെ മൃദുവായി
മാറിത്തീർന്നിരിക്കുന്നു.
മലയാളവായനക്കാർക്ക് അത്രയൊന്നും സുപരിചിതനായ കവിയല്ല ആർ. മോഹനൻ. ഉള്ളുണർച്ചയുടെ അപൂർവ്വ അവസരങ്ങളിൽ മാത്രം എഴുതുകയും എഴുതിയതിൽ ചിലതു മാത്രം വല്ലപ്പോഴും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മോഹനന് കാലത്തിന്റെ സ്പന്ദനങ്ങളുടേയും ഭാഷയുടെ സൂക്ഷ്മചലനങ്ങളുടെയും മാപിനിയാണ് എഴുത്ത്.
ഇരുട്ടും ആഴവും
വാത്സല്യത്തിന്റെ
അവസാനത്തെ വിരലനക്കങ്ങൾ
നനഞ്ഞ കൺപീലികൾ
പിറ്റേന്നും പതിവ് സൂര്യൻ
പകൽപ്പച്ചയുടെ പ്രളയഭൂമി
(‘പ്രാണരാത്രി’)
പതിഞ്ഞ പദതാളമാണ് ആർ. മോഹനന്റെ കവിതകളുടെ സഹജഭാവം. അതിവൈകാരികതയും പറഞ്ഞു പൊലിപ്പിക്കാനുള്ള വ്യഗ്രതയുമില്ല. ഉൾക്കാഴ്ചകളുടെ വെളിച്ചം സ്ഫുരിക്കുന്ന ബിംബങ്ങളുടെ ആർദ്രസ്പർശത്തിലൂടെ മോഹനൻ കവിതയെ പ്രിയതരമായ അനുഭവമാക്കുന്നു.
നൂൽച്ചില്ലയിൽ
ഒരൂഞ്ഞാൽ
ഊർന്നുപോയ
ഒരോർമ
അവിടവിടെ
മറന്നുവെച്ച
നക്ഷത്രങ്ങളുടെ
കൈയക്ഷരങ്ങളിൽ
മായുന്ന മൺലിപികൾ
പ്രത്യക്ഷതകൾക്കപ്പുറത്തെ ഗൂഢസാരങ്ങളിലേക്കും സൗന്ദര്യനിർഭരതകളിലേക്കും സ്ഫുടം ചെയ്ത വാക്കും രൂപകങ്ങളും കൊണ്ട് വായനക്കാരെ കൂടെ കൂട്ടുന്ന സിദ്ധിയും കയ്യടക്കവും മോഹനന്റെ ഓരോ രചനകളിലും അനുഭവിക്കാനാവും.
സമാഹാരത്തിലെ ആദ്യ കവിത, ‘എങ്കിലും ചന്ദ്രികേ’ നെറികേടുകളുടെ മനുഷ്യാനുഭവങ്ങളോട് യാതൊരു ദാക്ഷിണ്യവുമില്ലാത്ത കവിയുടെ നിൽപ്പും നിലപാടും പരിഹാസരൂപത്തിൽ വിളിച്ചറിയിക്കുന്നു.

അടുക്കളയിൽ പലതും വേവുന്നു
താള്, തകര, ചേമ്പ്, കാച്ചിൽ മുതൽ
അപ്പപ്പോൾ മുളച്ചുപൊന്തുന്ന
വികാരവായ്പുകൾ വരെ
പറഞ്ഞാൽ തീരില്ല
ഉടലും ഉന്മാദവും
രുചിയും അഭിരുചിയും
ചരിത്രവും വർത്തമാനവും
ആവി പാറുന്നു.
വ്യവഹാരഭാഷയെ കവിതയിലേക്ക് വാറ്റിയെടുത്ത് അനുഭവതീക്ഷ്ണമായ പ്രതിരൂപങ്ങൾ സൃഷ്ടിക്കുന്ന മോഹനന്റെ സർഗവൈഭവം പ്രകടമാവുന്ന കവിതയാണിത്. സ്ത്രീയെന്ന പതിതജന്മത്തിന്റെ കഠിന സഹനങ്ങളെയും ദാരുണമായ അതിജീവനത്തേയും വരച്ചിടുന്നതോടൊപ്പം ഈ കവിത കാല്പനികതരളമായ മലയാളകാവ്യചരിത്രത്തിന്റെ നിശിതവും രൂക്ഷവുമായ വിമർശനം കൂടിയാവുന്നു.
വിശപ്പുപോലെ നിന്റെ നിശ്ശബ്‍ദതയും
ഒറ്റക്കായിരുന്നു
വല്ലപ്പോഴും
ഒരു കിളിവന്നു ചിലച്ചെങ്കിലായി
ഒരു തൂവൽ വന്നു തൊട്ടെങ്കിലായി
നിറങ്ങൾ തന്നെ നീ
മറന്നുപോയില്ലേ
കൊടിയും അടയാളങ്ങളും
നീ കണ്ടില്ലല്ലോ
ആഹ്വാനങ്ങളൊന്നും
നീ കേട്ടില്ലല്ലോ
വിശപ്പാണ് നിനക്ക്
മോഷ്ടാവിന്റെ പദവി തന്നത്.
(‘നീ ഇപ്പോഴും കാട്ടിൽത്തന്നെ’)
അട്ടപ്പാടിയിൽ ആൾക്കൂട്ടം കെട്ടിയിട്ടു തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ ഓർമ്മയ്ക്കായ് എഴുതിയ, ‘നീ ഇപ്പോഴും കാട്ടിൽത്തന്നെ’ എന്ന കവിത, അന്തഃസ്തോഭങ്ങൾ ഘനീഭവിച്ച വാങ്മയങ്ങൾകൊണ്ട് ഉള്ളുലയ്ക്കുന്ന രചനയാണ്.
പുസ്തകം തുറക്കുമ്പോൾ പുറംചട്ടക്ക് പിറകിൽ ആക്റ്റിവിസ്റ്റും നാടകകാരനുമായ മധുമാസ്റ്ററുടെ ചിത്രമാണ്. പിൻചട്ടക്ക് പിറകിൽ ജേണലിസ്റ്റും ആക്റ്റിവിസ്റ്റുമായ കെ. ജയചന്ദ്രനും. കവിയുടെ ചിത്രത്തേക്കാൾ വലുത്.
ശീർഷകത്തോടൊപ്പം എഴുതിച്ചേർത്ത ‘കവിതാ സമാഹാരം’ എന്ന വിശേഷണത്തെ പുതിയൊരു തലത്തിലേക്കു മാറ്റിത്തീർത്ത സ്മരണകളുടെയും ആഖ്യാനങ്ങളുടെയും പുസ്തകം കൂടിയാണിത്. കീഴ്പ്പെടാൻ വിസമ്മതിക്കുന്ന ആത്മവീര്യത്തോടെ സർഗ്ഗസ്വാതന്ത്ര്യം ആഘോഷിച്ച്, എല്ലാ മനുഷ്യ വിരുദ്ധതകളോടും നിരന്തരം കലഹിച്ച്, സ്വന്തം വ്യതിരിക്തത അടയാളപ്പെടുത്തി കടന്നുപോയ പ്രിയ മിത്രങ്ങളെ അസൂയാവഹമായ സൂക്ഷ്മതയോടെ തൊട്ടറിഞ്ഞ് ചേർത്തുപിടിക്കുന്ന ഒരു പിടി രചനകളുണ്ട് ഈ പുസ്തകത്തിൽ.
കവി എ. അയ്യപ്പൻ (അരാജകനായ കോമാളി), എ. നന്ദകുമാർ (ദൃഢചിത്തമായ വാതിൽ), എ. സോമൻ (വീണ്ടെടുക്കപ്പെടുന്ന വാസ്തവങ്ങൾ), നാടുഗദ്ദിക ബേബി, ടി. ഗുഹൻ, കെ. ജയചന്ദ്രൻ ( ഒരാൾ- കവിത), ജോയ് മാത്യു, കല്പറ്റ നാരായണൻ, ഡോ. ഐ. രാജൻ, കെ. എൻ. ഷാജി, ഒ. കെ. ജോണി എന്നിവർ വേർപെടുത്താനാവാത്തവിധം സ്വത്വത്തിന്റെ ഭാഗമായ ആർ. മോഹനന് സമർപ്പിച്ച ആത്മസ്പന്ദങ്ങളും ചേർന്ന് ഈ പുസ്തകത്തെ വേറിട്ട ഒരനുഭവമാക്കുന്നു.
