ശിവശങ്കരനും സ്വപ്നയും: ആരുടേതാണ് ചതി ?

സ്റ്റേറ്റ് എന്ന സങ്കൽപം, അതിന്റെ വ്യവഹാരങ്ങൾ, വിചാരണകൾ, മാധ്യമ വിചാരണകൾ ഒക്കെയുള്ള ഈ പുസ്തകത്തിൽ ശിവശങ്കർ ഒഴിച്ചിടുന്നതോ വിചാരണ ചെയ്യാതെ വിടുകയോ ചെയ്യുന്നത്, ശിവശങ്കറിനെ മാത്രമാണ്. സൗഹൃദത്തെ നിർവചിക്കുന്നതിൽ മാത്രമല്ല, സ്വയം നിർവചിക്കുന്നതിലും ഈ ആത്മകഥ പരാജയമാണ്.

ത്മകഥയുടെ വേരുകൾ ജീവിതത്തിലും ഭാവനകളിലും ഇറങ്ങിപ്പടർന്നേക്കാം. ജീവിതത്തിലെ അഭാവങ്ങൾ ഭാവതലത്തിൽ പ്രഭാവങ്ങളായി അവതരിപ്പിക്കാൻ ഭാവനയുടെ അധിക ഭാഷയും അതിനാവശ്യമായ സ്വപ്നം കാണലുകളും വേണ്ടി വരും. ജീവിതത്തിലെ "ഒരുപാടു കാര്യങ്ങളെ' ഓർത്തോർത്തു പറയുന്ന "ഒന്നല്ല ആത്മകഥ. അങ്ങനെയെഴുതാൻ എളുപ്പമാണ്. ഓർമകൾക്ക് വിരുന്നൊരുക്കി കുറേ ദിവസങ്ങൾ വെറുതെയിരുന്നാൽ മതി. കൈ വിരലുകൾ എണ്ണുന്നത് പോലെ പ്രധാനപ്പെട്ട ഓർമകളെ ഒന്ന്, രണ്ട്, മൂന്ന് - എന്നു പറഞ്ഞ് ഓർമിച്ചെടുക്കാം.

എന്നാൽ ചില ആത്മകഥകൾ, ഓർമയുടെ ജൈവികമായ വിന്യാസമാണ്. ഷൂസെ സരമാഗുവിന്റെ ബാല്യകാല സ്മരണകൾ പോലെ. ഓർമകൾക്കനുബന്ധമായി പഴയ ചിത്രങ്ങൾ പോലും കണ്ടെത്തുന്നുണ്ട്, ഷൂസെ സരമാഗു. നെരൂദയുടെ ആത്മകഥയും സംഭവങ്ങളുടെ തുടർച്ചയല്ല, ഓർക്കപ്പേടേണ്ട സംഭവങ്ങളിലേക്കുള്ള വിരലെണ്ണലുകളാണ്. മലയാളത്തിൽ എഴുതപ്പെട്ട ആത്മകഥാ ജീവചരിത്രങ്ങളിലും അവരവരുടെ ആഴങ്ങളിലേക്ക് പോകുന്ന ധാരാളം രചനകളുണ്ട്. സ്വയം തുറന്നു കാട്ടുന്ന ആത്മരേഖകൾ പലതും പക്ഷെ, പിന്നീട് സാത്വികവും പൊതു സമൂഹത്തിന്റെ ആദരവും സ്വച്ഛമായി അനുഭവിച്ചവരിൽ നിന്നുണ്ടായതാണ്. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ട ഒരു വ്യക്തിഗത ഏകാന്ത തലങ്ങളിൽ നിന്ന് രൂപപ്പെട്ട ആത്മ രേഖകൾ എടുത്തു പറയാൻ മാത്രമില്ല. അടിയന്തരാവസ്ഥയിൽ ജയിൽ പീഢനത്തിന്റെ അനുഭവങ്ങൾ പേറുന്നവരും "തടവറ കവിതകൾ' ആണെഴുതിയത്. തടവറ കവിതകളിൽ രാഷ്ട്രീയമായ വിങ്ങലുകൾ പോലെ കാൽപനിക വിഷാദങ്ങളും ചിലർ അവർക്കാവുന്ന ഭാഷയിൽ കുറിച്ചു വെച്ചു. എങ്കിലും എന്താണ് ജയിൽ, എന്താണ് അഴികൾക്കകത്തു നിന്ന് പുറത്തു കാണുന്ന ആകാശം, എന്താണ് ജയിലിലെ ഏകാന്തത ഇതൊക്കെ ഏറ്റവും ഏകാന്ത തടവ് അനുഭവിച്ച പി.ടി.തോമസ് പോലും അഭിമുഖ സംഭാഷണങ്ങളിലാണ് വെളിപ്പെടുത്തുന്നത്. ഓർമയെ രാഷ്ട്രീയമായി അവതരിപ്പിക്കുകയെന്ന ജീവിതത്തിന്റെ പുനരവതരണങ്ങളിൽ, ഓർക്കുമ്പോഴെല്ലാം ബോധവും ശരീരവും പിടയുന്നതു കൊണ്ടാവാം, അത്തരം അനുഭവങ്ങളുടെ ആത്മസാക്ഷികൾ പലരും ആത്മകഥ എഴുതിയുമില്ല.

ഇവിടെയാണ് എം.ശിവശങ്കർ എഴുതിയ "അശ്വത്ഥാമാവ് ,വെറും ഒരു ആന' പ്രസക്തമാവുന്നത്. അത് "സ്റ്റേറ്റിന്റെ' ഉന്നതമായ പദവിയിൽ ഇരിക്കുന്ന ഒരാൾ എഴുതുന്ന ആത്മകഥയാണ്. എന്നാൽ സ്റ്റേറ്റ്, ഒരു പൗരനിലേക്ക് എങ്ങനെ നിയമത്തിന്റെയും ചോദ്യം ചെയ്യലുകളുടെയും കാർക്കശ്യങ്ങളിലേക്ക് കടന്നു വരുന്നു എന്ന് ഇതിൽ വിവരിക്കുന്നത് വളരെ സൂക്ഷ്മമായിട്ടാണ്. ആനന്ദിന്റെ ഒരു നോവൽ വായിക്കുന്നത് പോലെയാണ് ആ അനുഭവങ്ങളുടെ അവതരണങ്ങൾ. അനുഭവങ്ങളുടെ തുടർച്ചകൾ നിർഭയനാക്കിയ ഒരു ഏകാകിയുടെ തുറന്നെഴുത്ത് ആ ഭാഗങ്ങളിലുണ്ട്. നിയമം, ചോദ്യം ചെയ്യൽ, തടവ്, ജയിൽ, ജാമ്യം ഈ അനുഭവങ്ങളിലൂടെ വ്യക്തികൾ കടന്നു പോകുന്ന ഏകാന്ത യാതനകൾ ശിവശങ്കർ രേഖപ്പെടുത്തുന്നുണ്ട്. ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരിന്നിട്ടും കർക്കശമായ ജയിൽ ചട്ടങ്ങൾക്ക് അദ്ദേഹം വിധേയനുമാവുന്നുണ്ട്. "ചട്ടങ്ങളിൽ ' ജയിൽ പക്ഷപാതിത്വം കാട്ടുന്നില്ല എന്ന നിലയിലും ആ ഭാഗങ്ങളെ വായിക്കാം.

എന്നാൽ, ഈ പുസ്തകം ആത്യന്തികമായി മുന്നോട്ടു വെക്കുന്ന പ്രമേയം, മാധ്യമ വിമർശനമാണ്. മുഖ്യധാരാ ചാനലുകളും പത്രങ്ങളും എങ്ങനെയാണ് വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് എന്ന് ആത്മരോഷത്തിൽ ഇത്തിരി പരിഹാസം കൂടി കലർത്തി ശിവശങ്കർ രേഖപ്പെടുത്തുന്നു. ജയിൽ, ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ, മാധ്യമ വിചാരണയും നിരവധി ഊഹങ്ങളിൽ നിറം കലർത്തിയ അതിന്റെ തത്സമയ സംപ്രേഷണവും - ഇതിൽ ഏറ്റവും നിന്ദാകരവും ഒരു വ്യക്തിയുടെ മൗലികമായ അവകാശങ്ങൾ ഭയാനകമായി തടയപ്പെട്ടതുമായ അനുഭവമായി തോന്നേണ്ടത്, മാധ്യമ വിചാരണ തന്നെയാണ്. ജയിൽ പോലും ആ മനുഷ്യനെ അത്രമേൽ ആഘാതമേൽപിച്ചിട്ടില്ല. പക്ഷെ, ഈ പുസ്തത്തിലെ ആ അനുഭവച്ചൂട് വായിച്ചു മനസ്സിലാക്കാവുന്ന സ്വയം വിമർശനാത്മകമായ വിവേകത്തിലേക്ക് ഉണരുന്നവരല്ല, നിർഭാഗ്യവശാൽ നമ്മുടെ മാധ്യമ പ്രവർത്തകരിൽ പലരും. പലരുമെന്നത് അടിവരയിടുന്നു. സത്യത്തെ വെളിച്ചത്തു കൊണ്ടു വരിക എന്നതു പോലെ സത്യത്തെ വഴിതിരിച്ചു വിട്ട് ഇരുട്ടിൽ നിർത്തുക എന്നതും മാധ്യമ രീതിയായി മാറിയിട്ടുണ്ട്. മലയാള മനോരമയെ രൂക്ഷമായ ഭാഷയിൽ ശിവശങ്കർ വിമർശിക്കുന്നുണ്ട്. മറ്റു മുഖ്യധാരാ ചാനൽ ആങ്കർമാരെയും. "എന്തു കൊണ്ട് ഞങ്ങൾ വിമർശന വിധേയരായി 'എന്ന്, മനുഷ്യർക്കിടയിൽ നില നിൽക്കുന്ന ആത്മവിമർശനത്തിന്റെ മനോഭാവം ഇപ്പോഴും അവശേഷിച്ചിട്ടുണ്ടെങ്കിൽ, മാധ്യമ പ്രവർത്തർ ഇതിലെ മാധ്യമ വിമർശനത്തിന്റെ ആ ഭാഗങ്ങളെങ്കിലും കണ്ണ് തുറന്നു വായിക്കേണ്ടതാണ്. അത്തരമൊരു വായന പക്ഷെ, നടക്കില്ല.

ഈ പുസ്തകത്തിന് മറുപടിയുമായി സ്വപ്ന സുരേഷ് ഇപ്പോൾ മാധ്യമങ്ങളിൽ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. അവർ ആർജ്ജവത്തോടെ സംസാരിക്കുന്നുണ്ട്. ആ സംവാദത്തിലേക്ക് സ്വപ്ന സുരേഷ് തന്നെയാണ് മുന്നിൽ വരേണ്ടത് എന്ന് ശിവശങ്കർ പുസ്തകത്തിന്റെ ആമുഖത്തിൽ തന്നെ പറയുന്നുണ്ട്. ശിവശങ്കർ എഴുതുന്നു: "ഇതിൽ പ്രതീക്ഷിക്കേണ്ടതില്ലാത്ത മൂന്നു കാര്യങ്ങളുണ്ട്.
ഒന്ന്: സ്വപ്നയെക്കുറിച്ചും അവരോടും കുടുംബത്തോടുമുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. അവരുടെ തികച്ചും വ്യക്തിനിഷ്ഠമായ കുറേയേറെ വസ്തുതകളും വിശദമാക്കാതെ പറയാനാകാത്ത കാര്യങ്ങളാണവ. അതൊരു പുസ്തകത്തിലോ പൊതുവേദിയിലോ പറയണോ എന്നു തീരുമാനിക്കാനുള്ള അധികാരവും ഇനി അങ്ങനെ വേണമെങ്കിൽ അത് ആദ്യാവകാശവും അവരുടേതാണ് '

അതായത്, താനുമായി സ്വപ്നയ്ക്കും കുടുംബത്തിനുമുണ്ടായിരുന്ന ബന്ധത്തെ നിർവ്വചിക്കേണ്ടത് സ്വപ്ന തന്നെയാണ് എന്ന് ശിവശങ്കർ പറയുന്നു.

സ്വപ്ന സുരേഷ്.

ആ പുസ്തകം വിജയിക്കുന്നതോ പരാജയപ്പെടുന്നതോ ആയ ഒരു ഭാഗം അവിടെയാണ്. അങ്ങനെ പറഞ്ഞ ശിവശങ്കർ സ്വപ്നയെ പാടേ ഒഴിവാക്കിയിട്ടുമില്ല. ജന്മദിന സമ്മാനമായി സ്വപ്നയിൽ നിന്ന് ഒരു ഐ ഫോൺ വാങ്ങിയിരുന്നത്​, അത് അവർക്ക് കൈക്കൂലിയായി ലഭിച്ചുവെന്ന് പറയപ്പെടാവുന്ന സാധനമത്രെ... ‘വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്നത് പോലെ. ഇത്തരമൊരു ചതി സ്വപ്ന തന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ... '

ഇങ്ങനെയൊക്കെ ആത്മഗതം പോലെ പറഞ്ഞു പോകുന്നുണ്ട്. "ചതി ' എന്നത് സൗഹൃദത്തെ മുറിവേൽപിക്കുന്ന പ്രയോഗമാണ്. സ്ത്രീകൾക്ക് പ്രത്യേകിച്ചും.

താനുമായുള്ള ബന്ധത്തെ സ്വപ്ന തന്നെ വിശദീകരിക്കട്ടെ, അതിനുള്ള അധികാരവും ആദ്യ അവകാശവും അവരുടേതാണ് എന്ന് ആമുഖത്തിൽ ശിവശങ്കർ സ്നേഹപൂർവ്വം അനുവദിച്ചു കൊടുക്കുമ്പോഴും, ആ അധികാരവും അവകാശവും ആദ്യം വിനിയോഗിച്ചത് ശിവശങ്കറാണ് എന്ന വൈരുദ്ധ്യം അമ്പരപ്പുണ്ടാക്കുന്നതാണ്. ആമുഖത്തിലെഴുതിയതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു വരിയാണത്. സ്വയം വിശദീകരിക്കാനുള്ള കൺസെൻറ്​ നൽകുകയും പിന്നെ സ്വയം അത് റദ്ദാക്കുകയും ചെയ്യുന്ന രീതി.

ഈ പുസ്തകത്തെ പ്രശ്നവിഷയമാക്കുന്നത്, അത്തരം ചില വരികളാണ്. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് എഴുതിയ പോലെ, ഒരു പുസ്തകത്തിന്റെ നട്ടും ബോൾട്ടും ഊരി ഒരു വാച്ച് പോലെ പരിശോധിക്കുമ്പോൾ അങ്ങനെ പല വൈരുദ്ധ്യങ്ങൾ കാണാം. സ്വയം ഏറെ സത്യസന്ധനായി അവതരിപ്പിക്കുന്ന ചില വരികൾ ഇത്തരം ഒരു ആത്മകഥയിൽ നിന്ന് എന്തുകൊണ്ടും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ശിവശങ്കർ കാര്യക്ഷമതയും ഭാവനാസമ്പനനും ജനപ്രിയനുമായ ഒരു ഉദ്യോഗസ്ഥനാണ് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ഔദ്യോഗിക ജീവിതത്തിൽ സത്യസന്ധരായിരിക്കുക എന്നത് ഏതൊരു പൗരന്റെയും പ്രാഥമിക ബാദ്ധ്യതയാണ്. അത് ഊന്നിപ്പറയേണ്ട കാര്യമില്ല. സൗഹൃദങ്ങൾ പരസ്പരം പാരിതോഷികങ്ങൾ കൈമാറാനുള്ളതുമാണ്.

പുനത്തിൽ കുഞ്ഞബ്ദുള്ള രണ്ടോ മൂന്നോ ആത്മകഥ, ജീവചരിത്ര, ബദൽ ജീവിതങ്ങളിലൂടെ കടന്നു പോയത് ബന്ധങ്ങളെയും സൗഹൃദങ്ങളെയും നിർവചിച്ചും വ്യാഖ്യാനിച്ചുമാണ്. ഏത് വ്യക്തിയും കാലിടറുന്ന ഒരു ടേണിങ്ങ് പോയിൻറ്​ അവിടെയാണ്. പുനത്തിൽ അവിടെയൊന്നും കാലിടറിയില്ല, എ. അയ്യപ്പനും മാധവിക്കുട്ടിക്കും അത്തരം കാലിടറലുകൾ ഉണ്ടായില്ല. എന്നാൽ, സുകുമാർ അഴീക്കോടിന് കാലിടറി. ആത്മകഥയിൽ അദ്ദേഹം ഭാഷാശാസ്ത്രമെഴുതി വെച്ചു. വായിക്കപ്പെടാത്ത ഒരു പുസ്തകമായി, ഏറ്റവും പോപ്പുലറായ ആ മനുഷ്യന്റെ ജീവിതം.

ബന്ധങ്ങളിലെ നൈതിക മാനങ്ങൾ ഏറെ വിശാലമാണ്. അതിനു കൊടുക്കേണ്ടി വരുന്ന വിലയും അത്രയും തന്നെ വലുതായിരിക്കാം. ആത്മകഥ/ ജീവിത കഥകൾ എഴുതുന്നവർ അഭിമുഖീകരിക്കുന്ന കുഴക്കുന്ന പ്രശ്നങ്ങളാണത്.

ഈ ആത്മകഥയിലെ അവസാനത്തെ അധ്യായം "ഏകാന്തതയിലെ പുനർ വായനകൾ' ഉജ്ജ്വലമായ ഒരധ്യായമാണ്. "ജോഡി ചേർന്ന ഫാസിസ്റ്റ് ബൂട്ടുകളുടെ കടന്നാക്രമണങ്ങളെ' ക്കുറിച്ച് ആത്മരോഷത്തോടെയും അത്ര തന്നെ വേദനയോടെയും ശിവശങ്കർ എഴുതുന്നു.

സ്റ്റേറ്റ് എന്ന സങ്കൽപം, അതിന്റെ വ്യവഹാരങ്ങൾ, വിചാരണകൾ, മാധ്യമ വിചാരണകൾ ഒക്കെയുള്ള ഈ പുസ്തകത്തിൽ ശിവശങ്കർ ഒഴിച്ചിടുന്നതോ വിചാരണ ചെയ്യാതെ വിടുകയോ ചെയ്യുന്നത്, ശിവശങ്കറിനെ മാത്രമാണ്. സൗഹൃദത്തെ നിർവചിക്കുന്നതിൽ മാത്രമല്ല, സ്വയം നിർവചിക്കുന്നതിലും ഈ ആത്മകഥ പരാജയമാണ്.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments