ഇതാ ഹെമിങ്‌വേയുടെ അപ്രകാശിത കഥ

ഏണസ്റ്റ് ഹെമിങ്‌വേയുടെ ഒരു അപ്രകാശിത കഥ കഴിഞ്ഞ മാസം ന്യൂയോർക്കർ മാഗസിൻ പ്രസിദ്ധീകരിച്ചു. ഹെമിങ്‌വേയുടെ കൊച്ചുമകൻ സീൻ ഹെമിങ്‌വേ, ഹെമിങ്​വേ കൃതികളുടെ ശേഖരത്തിൽ നിന്ന് കണ്ടെടുത്ത ''Pursuit as Happiness'' എന്ന കഥ ഒരുപക്ഷെ ലോകം കീഴടക്കിയ 'ഓൾഡ്​ മാൻ ആൻഡ് ദി സീ' എന്ന കഥാതന്തുവിന് പ്രേരണയായിട്ടുണ്ടാകാം. ആ കഥ ഇവിടെ വായിക്കപ്പെടുന്നു

കാർലോസ് പച്ച നിറമുള്ള ചൂണ്ടക്കര മുറിക്കുമ്പോൾ ഞാൻ മത്സ്യത്തിനെ നോക്കികൊണ്ടിരിക്കുകയായിരുന്നു.

പിന്നീട് ഞാൻ വലിയ ഒരു നിലവിളിയാണ് കേട്ടത്. ഒരിക്കലും സാമാന്യബോധമുള്ള ഒരു മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്.

ഒരുപക്ഷെ അത് കാണുന്നവർ എത്ര ഉറക്കെ ഒച്ചയുണ്ടാകാൻ ശ്രമിച്ചാലും ശബ്ദം പുറത്തുവരാതെ സ്തബ്ധമാവുന്ന ഒരവസ്ഥ വന്നുചേരും.

പിന്നെ ഞാൻ കണ്ടത് ജോയ്‌സിയുടെ വിരലുകൾക്കിടയിലൂടെ ആ പച്ച ചൂണ്ടക്കര താഴോട്ട് ഊർന്നുപോകുന്നതാണ്. കാർലോസ് തെറ്റായ ചരട് മുറിച്ചത് കാരണം മത്സ്യം ഞങ്ങളുടെ കാഴ്ചയിൽ നിന്നും അപ്രത്യക്ഷമായി.

ഞാൻ കാർലോസിനെ കാണാൻ താഴേക്കിറങ്ങി. അയാൾ തലയിൽ കൈവെച്ചു ഛർദിച്ചുകൊണ്ടിരുന്നു . ഞാൻ അയാളോട് പറഞ്ഞു, സാരമില്ല ... ഇതാർക്കും സംഭവിക്കാവുന്ന ഒന്നല്ലേ ഉള്ളൂ? അയാൾ വിചിത്രമായ സ്വരത്തിൽ കരഞ്ഞുകൊണ്ടിരുന്നു, അതുകൊണ്ട് തന്നെ ഞാൻ അവനെ കേട്ടു.

ഇത്ര കാലമായുള്ള എന്റെ മുക്കുവജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു മത്സ്യത്തിനെ കണ്ടിട്ടില്ല. ഞാൻ എന്റെ ജീവിതത്തെയും നിങ്ങളുടെ ജീവിതത്തെയും ഒരേസമയം നശിപ്പിച്ചു.

സീൻ ഹെമിങ്‌വേ

ഈ വരികൾ ഏണസ്റ്റ് ഹെമിങ്‌വേ എന്ന അമേരിക്കൻ സാഹിത്യകാരൻ തന്റെ മാസ്റ്റർപീസ് കൃതിയായ "ഓൾഡ് മാൻ ആൻഡ് ദി സീ' എന്ന നോവെല്ലക്ക് മുൻപേ 1936ൽ എഴുതിയ അപ്രകാശിത, പേരിടാത്ത നീണ്ടകഥയിലെ സന്ദർഭമാണ്. ന്യൂയോർക്കർ മാഗസിനിൽ ജൂൺ ലക്കം അച്ചടിച്ചുവന്ന കഥ ഹെമിങ്​വേയുടെ കൊച്ചുമകൻ സീൻ ഹെമിങ്‌വേ ബോസ്റ്റണിലെ ജോൺ എഫ്. കെന്നഡി ലൈബ്രറിയിലുണ്ടായിരുന്ന ഹെമിങ്‌വേ കൃതികളുടെ ശേഖരത്തിൽ നിന്ന് കണ്ടെടുത്തതാണ്. അദ്ദേഹം തന്നെയാണ് ഈ കഥക്ക് ""Pursuit as Happiness'' (അന്വേഷണത്തിന്റെ ആനന്ദം) എന്ന പേരിട്ടത്. ഒരുപക്ഷെ ലോകം കീഴടക്കിയ "ഓൾഡ് മാൻ ആൻഡ് ദി സീ' എന്ന കഥാതന്തുവിനു കാരണക്കാരൻ ഈ കഥ ആയിരിക്കാം. അതിൽ സാന്റിയാഗോ എന്ന വയോധികന്റെ വാക്കുകളിൽ ആത്മവിശ്വാസം മുറ്റിനിന്നിരുന്നു.

‘‘ഞാൻ മത്സ്യത്തെ പിടിക്കാതെ വർത്തമാനക്കടലാസുകളുടെ മീതെ കിടക്കയിൽ തനിച്ചു കിടക്കുകയായിരുന്നുവെങ്കിൽ .... പക്ഷെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് പരാജയപ്പെടാനല്ല''.
എന്നാൽ ‘പർസ്യുട്ട് ആസ് ഹാപ്പിനെസ്' എന്ന കഥയിൽ മത്സ്യം കൈയിൽ നിന്ന് നഷ്ടപ്പെട്ട ദുഃഖത്തിൽ ‘ഞാൻ നിങ്ങളുടെയും എന്റെയും ജീവിതം നശിപ്പിച്ചു' എന്നുപറഞ്ഞു വിലപിക്കുന്ന കാർലോസിന് ‘ഓൾഡ് മാൻ ആൻഡ്ദി സീ' എന്ന നോവെല്ലയിലെ സാന്റിയാഗോ എന്ന വയോധികൻ കൊടുക്കുന്ന മറുപടിയുണ്ട്;
‘‘ഒരു മനുഷ്യനെ നശിപ്പിക്കാനായേക്കാം, എന്നാൽ അവനെ തോൽപ്പിക്കാനാവില്ല.''
മനുഷ്യന്റെ ഉള്ളിലെ ശക്തമായ ആഗ്രഹത്തിന് ഏത് പ്രതിസന്ധികളെയും പ്രതിബന്ധങ്ങളേയും അനായാസം തരണം ചെയ്യാൻ കഴിവുണ്ട്. ആഗ്രഹിച്ചത് നേടിയെടുക്കുന്നതുവരെ അവന്റെ അന്വേഷണത്തിലുടനീളം അവൻ അനുഭവിക്കുന്ന ആനന്ദം പരിണാമം മുതൽ മനുഷ്യനിൽ തുടർന്നുപോന്നിരുന്നു എന്ന വെറും ബാഹ്യമായ വാദം മാത്രമായിരുന്നില്ല രണ്ട് കഥകളും മുന്നോട്ടുവെച്ചത്. അതിനപ്പുറം വിവേചനത്തിന്റയും ആധിപത്യത്തിന്റെയും ആൺബോധത്തിന്റെയും ആൺആഘോഷത്തിന്റെയും നിഷ്‌കരുണമായ പ്രകടനവും അതിനുള്ളിൽനിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്. അതിന്റെ ദൃശ്യവും അദൃശ്യവുമായ വ്യവഹാരത്തെകുറിച്ച് സാമൂഹ്യശാസ്ത്ര ചിന്തകൻ പിയറി ബോർദ്യു ‘Masculine Domination'എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ‘‘നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ലോകമാണിത്. പക്ഷെ അവ സ്വാഭാവികമാണെന്ന് കരുതപ്പെടുന്നു.

ഹെമിങ്​വേയുടെ ‘ഓൾഡ് മാൻ ആൻഡ് ദി സീ' എന്ന നോവെല്ലയിൽ ഒരു സ്ത്രീ കഥാപാത്രം പോലുമില്ലെങ്കിൽ ‘pursuit as happiness' എന്ന കഥയിൽ ബിയർ പാർലറിൽ രണ്ട് പെൺകുട്ടികൾ കയറി വരുന്ന സന്ദർഭം മാത്രമാണ് സൂചിപ്പിച്ചത്​. ആണധികാരവും ആൺആഘോഷങ്ങളും വിഷയമാക്കുന്ന കഥാപരിസരത്ത് സ്ത്രീകഥാപാത്രങ്ങളുടെ അപ്രസക്തി എത്രമാത്രമാണ് എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു

ആണധികാര വ്യവസ്ഥയുടെ അധീശത്വം അടിച്ചേൽപ്പിക്കപെട്ട രീതിയും സ്വീകരിക്കപ്പെട്ട രീതിയും ഇതിന് ഉദാഹരണമാണ്. പ്രതീകാത്മക ഹിംസയുടെ ഉൽപ്പന്നമായാണ് പൊരുത്തക്കേടുകളോടെയുള്ള കീഴൊതുങ്ങൽ സാധ്യമാകുന്നത്. ആണാധീശത്വം ‘മാന്യമായ' ഒരു തരം അതിക്രമമാണ്. അത് കാണാനാവാത്തതും പ്രതീകക്രമങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്നതുമാണ്''.
സാമൂഹിക ക്രമത്തിൽ അദൃശ്യമായി എങ്ങനെയാണ് ആണത്ത അധികാരം ആധിപത്യത്തിന്റെയും ആഘോഷത്തിന്റെയും രൂപത്തിൽ വിനിമയം ചെയ്യപ്പെടുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹെമിങ്​വേയുടെ മുകളിൽ പറഞ്ഞ രണ്ട് കൃതികളും.

ഏണസ്റ്റ് ഹെമിങ്‌വേ

ആൺ ആഘോഷങ്ങളുടെ രതിമൂർച്ച
പുരുഷൻ ഉണ്ടാക്കിയെടുത്ത വ്യവസ്ഥിതിയിൽ പ്രകൃതിക്ക് എപ്പോഴും സ്‌ത്രൈണഭാവം കൊടുത്തിരുന്നു. സ്ത്രീയുടെ വികാര വിചാരങ്ങൾ എന്നും പ്രകൃതി പ്രതിഭാസങ്ങളോട് ഉപമിച്ചിരുന്നു. പ്രകൃതിയെ അമ്മയായും ദേവിയായും കണ്ടു. അങ്ങിനെ നിരന്തരമുള്ള വ്യാഖ്യാനങ്ങളിലൂടെ വ്യവഹാരങ്ങളിലൂടെ പ്രകൃതിയുടെ സ്ത്രീത്വത്തെ മൂർച്ചകൂട്ടികൊണ്ടിരുന്നു. വ്യവസ്ഥിതി നിർമിച്ച സ്ത്രീ പ്രകൃതിയോടും അതിന്റെ പ്രതിഭാസങ്ങളോടും ചൂഷണങ്ങളോടും ഇണങ്ങിയും കീഴടങ്ങിയും സ്വന്തം സ്വത്വത്തെ അടിച്ചമർത്തി രൂപപെട്ട സങ്കൽപ്പമാണെങ്കിൽ പുരുഷൻ പ്രകൃതിയെയും അതിന്റെ വികൃതമുഖങ്ങളെയും അതിസാഹസികമായി കീഴടക്കി ആൺബോധത്തിനെ മിനുക്കികൊണ്ടിരുന്നു. അങ്ങനെ ചെയ്യുമ്പോഴാണ് ആധിപത്യത്തിന്റെയും കീഴടക്കലിന്റെയും സ്വഭാവം അതിന് വന്നുചേരുന്നത്. പുരുഷന്റെ ബോധത്തിലും അബോധത്തിലും പ്രകൃതിക്കുമേൽ അധീശ്വത്വം സഥാപിക്കുക എന്നത് അവന്റെ സ്വത്വപ്രകാശനത്തിന്റെ മാനദണ്ഡമായി കണക്കാക്കപ്പെട്ടു. അത്തരത്തിലുള്ള ആൺ ആഘോഷങ്ങളുടെ രതിമൂർച്ഛയാണ് ഹെമിങ്​വേ ഈ രണ്ട് കഥകളിലൂടെ ആവിഷ്‌കരിച്ചത്.
അദ്ദേഹത്തിന്റെ മിക്ക കഥകളിലും കഥപറച്ചിലുകാരൻ ആണ് തന്നെയായിരിക്കും. അവരൊക്കെ തന്നെയും യുദ്ധത്തെയും അക്രമത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിസാഹസികമായി വിജയിച്ചവർ ആണ്. അതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയാണ് ‘പർസ്യൂട്ട് ആസ് ഹാപ്പിനെസ്', ‘ഓൾഡ് മാൻ ആൻഡ് ദി സീ' എന്നീ കഥകളിൽ നിറഞ്ഞുനിൽക്കുന്ന പുരുഷകേന്ദ്രീകൃത പരിസ്ഥിതി. മീൻ വേട്ട കഥാകൃത്തിന്റെ ഇഷ്ടവിനോദം ആയതിനാൽ സ്വന്തം ജിവിത പരിസരത്തുള്ള അനുഭവങ്ങളെ ഫിക്ഷന്റെ സ്വഭാവം കലർത്തി ആവിഷ്‌ക്കരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ രണ്ടിലും ആത്മകഥാംശം നിലനിൽക്കുന്നുണ്ട്.

ഓൾഡ് മാൻ ആൻഡ് സീ / Photo: loc.gov

സാഹസികമായി പിടിച്ച മത്സ്യം കൈയിൽ നിന്ന് വഴുതി പോയപ്പോൾ ജീവിതം തന്നെ നശിച്ചു എന്ന് പറഞ്ഞ് കാർലോസ് നിലവിളിക്കാനുള്ള കാരണം പ്രകൃതിയുടെയും സകലജീവജാലങ്ങളുടെയും മേൽ ആധിപത്യം സ്ഥാപിച്ച് ഉണ്ടാക്കിയെടുത്ത പുരുഷഭാവം നഷ്ടപെട്ടു എന്ന ആശങ്കയിൽ നിന്നാണ് . ബോധത്തിലും അബോധത്തിലും ഹെമിങ്​വേയുടെ ആൺ കഥാപാത്രങ്ങൾ മെയിൽ ഷോവനിസത്തിന്റെ പ്രയോക്താക്കൾ ആയിരുന്നു. അത്തരമൊരു മത്സരത്തിന്റെ മറ്റൊരു മുഖമാണ് 87 ദിവസം തുടർച്ചയായി കടലിൽ പോയി മത്സ്യം കിട്ടാതെ തിരിച്ചു പോന്നിരുന്ന വയോധികനെ വീണ്ടും കടലിൽ പോകാനും വലിയ മത്സ്യങ്ങളെ പിടിച്ചുകൊണ്ടുവരാനുള്ള ജീവൻമരണ പോരാട്ടത്തിന് പ്രേരിപ്പിച്ചത്. മീനിനെ കീഴടക്കാൻ സാന്റിയാഗോ നടത്തുന്ന സമരത്തിൽ ആദ്യം മുതൽ അവസാനം വരെ അയാളെ ഭരിച്ചത് ആൺബോധമാണ്. മീനിനെ എതിർത്ത് തോൽപ്പിച്ച് അതിനെ കൊന്ന് പച്ച മത്സ്യക്കഷ്ണങ്ങൾ ആർത്തിയോടെ ഭക്ഷിക്കുമ്പോഴും എതിരാളിയുടെ കരുത്തിനോട് യുദ്ധം ചെയ്ത് തോൽപ്പിച്ച തന്റെ മാനസിക കായിക ബലത്തിനോട് എന്തെന്നില്ലാത്ത ആരാധന അയാൾക്ക് തോന്നുന്നതും തന്നിലെ പുരുഷഭാവത്തോടുള്ള അടങ്ങാത്ത അഭിവാഞ്ച കൊണ്ടാണ്. മാത്രവുമല്ല, പോരാടി കൈക്കലാക്കിയ മീനിന്റെ കരുത്തിനെ താരതമ്യം ചെയ്യുന്നത് ആണിന്റെ കായിക ശക്തികൊണ്ടാണ് എന്ന് ഈ വരികൾ സൂചിപ്പിക്കുന്നുണ്ട്.
‘‘ഒരു ആണിനെപോലെയാണവൻ ചൂണ്ടയിൽ കൊത്തിയത്. ആണിനെപോലെയാണ് ചൂണ്ടനൂൽ വലിക്കുന്നതും. പോരാട്ടത്തിൽ ഒരു പരിഭ്രാന്തിയും കാണാനില്ല''.

ആൺകോയ്മയുടെ ഹെമിങ്‌വേ

ഹെമിങ്​വേയുടെ ‘ഓൾഡ് മാൻ ആൻഡ് ദി സീ' എന്ന നോവെല്ലയിൽ ഒരു സ്ത്രീ കഥാപാത്രം പോലുമില്ലെങ്കിൽ ‘Pursuit as Happiness' എന്ന കഥയിൽ ബിയർ പാർലറിൽ രണ്ട് പെൺകുട്ടികൾ കയറി വരുന്ന സന്ദർഭം മാത്രമാണ് സൂചിപ്പിച്ചത്​. ആണധികാരവും ആൺആഘോഷങ്ങളും വിഷയമാക്കുന്ന യുദ്ധവും മീൻ വേട്ടയും അതിസാഹസികതയും നിറഞ്ഞ കഥാപരിസരത്ത് സ്ത്രീകഥാപാത്രങ്ങളുടെ അപ്രസക്തി എത്രമാത്രമാണ് എന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ള കഥകൾ പരിശോധിച്ചാലും ഒരു മീസോജനറ്റിക് കാഴ്ചപ്പാടാണ് ഹെമിങ്​വേ സ്ത്രീകളോട് പുലർത്തിയിരുന്നത് എന്നുകാണാം. അദ്ദേഹം സ്ത്രീകളെ ചേർത്തുനിർത്തിയത് വ്യവസ്ഥിതിക്ക് അനുകൂലമായിട്ടാണ്. ഗർഭധാരണം, കുഞ്ഞുങ്ങളുടെ സംരക്ഷണം, കുടുംബഭദ്രത കാത്തുസൂക്ഷിക്കുക എന്നീ ചുമതലകൾ ചാർത്തിക്കൊടുത്തുകൊണ്ട് ആൺകോയ്മ നിലനിർത്താൻ എന്നും ശ്രമിച്ചിരുന്നു.

സാഹസികത എന്ന പദത്തെ ഹെമിങ്​വേ പുരുഷനോട് ആണ് കൂട്ടികെട്ടിയത്. അതുകൊണ്ടാണ് മീൻവേട്ടയുടെ ഭൂമികയിൽ ഹെമിങ്​വേക്ക് സ്ത്രീ അപ്രധാനി ആയത്

ഇവിടെ കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്ധമായ കടലിനോടും ഭീകരമായ മത്സ്യങ്ങളോടും ഏറ്റുമുട്ടുന്നത് ആൺബോധമായിരിക്കണം. വ്യവസ്ഥിതി നിർമിച്ച സ്ത്രീക്ക് അതിന് അവകാശമില്ല. ഇവിടെ പ്രകൃതി എന്ന സ്ത്രീയെ കൈയടക്കുക എന്ന ത്വരയും നായകനിൽ മുന്നിട്ടുനിൽക്കുന്നു. പ്രകൃതി പ്രതിഭാസങ്ങളെ വെല്ലുവിളിച്ചു അതിജീവിക്കാൻ കഴിയുന്നവന് വീരപരിവേഷം ചാർത്തികൊടുത്ത മിത്തുകളും ആദിരൂപങ്ങളും അതിന് കാലങ്ങളായി ആക്കം കൂട്ടിയിട്ടുണ്ട്. രാജാക്കന്മാർ വന്യമൃഗങ്ങളെ വേട്ടയാടുന്ന ഹീറോയിസത്തെ വരച്ചു കാട്ടിയ സങ്കൽപങ്ങളും പ്രലോഭനങ്ങളായി ആൺബോധത്തെ പിന്തുടരുന്നുണ്ട്. അത്തരത്തിലുള്ള സങ്കൽപ്പങ്ങളുടെ ബോധാബോധ പ്രകടനമാണ് രണ്ട് കഥകളും. ഇതിലൂടെ പുരുഷ കേന്ദ്രീകൃതവ്യവസ്ഥിതിയുടെ ഉൾകാഴ്ചകൾ വിളംബരം ചെയ്യുകയാണ് ഹെമിങ്​വേ.

സ്ത്രീയെ സ്വപ്‌നം കാണാത്ത നായകൻ
സാന്റിയാഗോ ഒരിക്കലും സ്ത്രീയെ സ്വപ്നം കണ്ടില്ല. മീൻ വേട്ട കഴിഞ്ഞു വന്ന രാത്രി സ്വപ്നം കണ്ടത്​ സിംഹത്തെയാണ്. സിംഹം എക്കാലവും മാസ്‌കുലിനിറ്റിയുടെ പ്രതീകാത്മ ചിഹ്നമായാണ് സമൂഹത്തിൽ പ്രചുരപ്രചാരം നേടിയത്. അതിന്റെ പ്രതിഫലനമെന്നോണമാണ് അങ്ങനെയുള്ള ബിംബങ്ങളെ സാന്ദർഭികമായി ഉപയോഗിക്കുന്നത്. സാഹസികത എന്ന പദത്തെ ഹെമിങ്​വേ പുരുഷനോടാണ് കൂട്ടിക്കെട്ടിയത്. അതുകൊണ്ടാണ് മീൻവേട്ടയുടെ ഭൂമികയിൽ ഹെമിങ്​വേയ്ക്ക് സ്ത്രീ അപ്രധാനി ആയത്. വേട്ടയാടൽ പുരുഷന്റേതാണ് എന്നും അത് പുരുഷബോധത്തെ ഉറപ്പിച്ചുനിർത്തുമെന്നും ആവർത്തിച്ച് ഉറപ്പിക്കുന്ന ഹെമിങ്​വേയുടെ ഒരു പ്രസ്താവന ഇങ്ങനെയാണ്; ‘‘വേട്ടയാടൽ നിങ്ങളുടെ മസ്തിഷ്‌ക്കത്തെ തലയിൽതന്നെ സൂക്ഷിക്കുന്നതിന് സഹായിക്കും. ഹൃദയത്തെ അതിന്റെ സ്ഥാനത്തും''. ആണത്വത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ മഹത്വവത്കരിക്കുകയാണ് അദ്ദേഹത്തിന്റെ രണ്ട് കഥകളും. ഒരു ഉത്തമപുരുഷൻ എങ്ങനെയായിരിക്കണം എന്ന പാട്രിയാർക്കൽ ബോധത്തെ നിരന്തരം ഊട്ടിയുറപ്പിക്കുന്നുമുണ്ട് കഥയിലുടനീളം.
""Pursuit as Happiness'' എന്ന കഥയിൽ ക്യൂബൻ കോസ്റ്റിൽ ഇരുപത്തഞ്ചും നാല്പത്തിയഞ്ചും മാർലിൻ മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ച മീൻവേട്ട കാപ്പിന്റെയും ജോയ്സിയുടെയും ഏറ്റവും വലിയ ലക്ഷ്യത്തെ തൃപ്തിപ്പെടുത്തുന്നില്ല. വലിയ മാർലിൻ എന്നത്തേയും പോലെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു. ചെറിയ മത്സ്യങ്ങളെ പിടിക്കുമ്പോൾ പ്രത്യേക പരിഗണന ഒന്നും കൊടുക്കാത്ത സമൂഹം വലിയ മത്സ്യത്തെ പിടിക്കുന്നവന് വീരപുരുഷത്വം നൽകുന്നു. പുരുഷ കേന്ദ്രീകൃത സമൂഹം ഈ പ്രക്രിയയെ നിരന്തരം ഉത്തേജിപ്പിക്കുന്നുണ്ട്. വേട്ടയാടി കൊണ്ടുവന്ന മീനിനെ വെട്ടിനുറുക്കി ജനങ്ങൾക്ക് വിതരണം ചെയ്യുമ്പോൾ പൊലീസുകാരന്റെ തോക്കിന്റെ പാത്തി കൊണ്ട് അടിയേറ്റ നിസ്സഹായനായ മനുഷ്യന്റെ മുഖം അന്നത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ ആൺഅധികാര വ്യവസ്ഥയുടെ നേർചിത്രം വരച്ചിടുന്നുണ്ട്.

അധീശ്വത്വത്തിന്റെ ആനന്ദം

സാന്റിയാഗോയും അഞ്ചു വയസ്സുള്ള കുട്ടിയും തമ്മിലുള്ള ഹൃദയബന്ധം ശക്തമാണ്. പക്ഷെ ഹെമിങ്​വേ കുട്ടിക്ക് പ്രായത്തിൽ കവിഞ്ഞ പക്വത നൽകുന്നുണ്ട്. മുതിർന്ന പുരുഷന് കൊടുക്കുന്ന ബഹുമാനം കൊടുക്കുന്നുമുണ്ട്. ഒരു വേളയിൽ തന്നോടൊപ്പം സഞ്ചരിക്കുന്ന സഹയാത്രികനെ പോലെ കുട്ടിയുടെ അസാന്നിധ്യത്തിൽ പോലും അവന്റെ സാന്നിധ്യം സാന്റിയാഗോ അനുഭവിക്കുന്നുണ്ട്. സാന്റിയാഗോയുടെ സാഹസിക ജീവിതത്തിൽ കൈത്താങ്ങായി കുട്ടിയെ സങ്കൽപ്പിച്ച് അയാൾ പലപ്പോഴും ഉരുവിടുമായിരുന്നു; ‘‘കുട്ടി ഉണ്ടായിരുന്നുവെങ്കിൽ'' എന്ന്.
അത്രയും ഗാഢബന്ധമാണ് ""Pursuit as Happiness'' ൽ കാപ്പും ജോയ്സിയും തമ്മിൽ. ‘‘നോ സോഷ്യൽ ലൈഫ്’’ എന്ന് പറഞ്ഞ് കാപ്പിനെ ഉപദേശിക്കാനുള്ള കാരണം ജോയ്‌സിക്ക് കാപ്പ് കഥകൾ എഴുതുന്നത് ഇഷ്ടമുള്ളതുകൊണ്ടാണ്. അനിത എന്ന ബോട്ടിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ കഥകളായി കാപ്പിലിൽ നിന്ന് പുറത്തു വരാനും പുതിയ കഥകൾ എഴുതിക്കൊണ്ടിരിക്കാനും ജോയ്‌സി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സാന്റിയാഗോയെ കടലിൽ പോവാൻ കുട്ടി പ്രേരിപ്പിക്കുന്നതുപോലെ.

വേട്ടയാടിക്കൊണ്ടുവന്ന മീനിന്റെയോ മീനിന്റെ അസ്ഥികൂടത്തെ കാണാനല്ല ജനക്കൂട്ടം ഓടിക്കൂടിയത്, മറിച്ചു ആൺബോധത്തെ ഊട്ടിഉറപ്പിച്ച നായകനെ കാണാനാണ്, കാരണം ആൾക്കൂട്ടം എന്നും നായകനോടൊപ്പമാണ് എന്ന് കാപ്പ് പറയുമ്പോൾ

"I want to keep proud of you' എന്ന് ജോയ്‌സി പറയുന്ന മറുപടി അതിന് തെളിവാണ്.

സ്ത്രീ പുരുഷ ബന്ധങ്ങളിൽ നിലനിൽക്കുന്ന തീവ്രമായ വൈകാരിക തലം രണ്ട് പുരുഷൻമാർ തമ്മിലും നിലനിൽക്കുന്നുണ്ടെന്ന് കാപ്പും ജോയിസിയും തമ്മിലുള്ള ദൃഢമായ ഹൃദയബന്ധം സൂചിപ്പിക്കുന്നുണ്ട്. കഥയുടെ തുടക്കം മുതൽ അവസാനം വരെ ഈ ബന്ധത്തിന്റെ ഊഷ്മളത വായനക്കാർ അനുഭവിക്കുന്നു. ഇവർ തമ്മിൽ ഒരു ഗേ റിലേഷൻഷിപ്പിന്റെ ഭാവങ്ങൾ ആഴത്തിലുള്ള വായനയിലൂടെ മനസിലാക്കാം. ഇത്തരത്തിലുളള ബന്ധം തെളിയിക്കുന്ന ധാരാളം സന്ദർഭങ്ങളും വാചകങ്ങളും കഥയുടെഅവസാനഭാഗത്തുനിന്ന് കണ്ടെത്താൻ കഴിയും
"I liked Mr. Josie's face very much, too. I liked it more than the face of almost anybody I knew'
ജോയ്സിയുടെ മുഖസൗന്ദര്യത്തെ ഹെമിങ്​വേ സൗന്ദര്യാത്മകമായി വർണിക്കുന്നുണ്ട്. ഈ ലോകത്ത് എനിക്ക് അറിയാവുന്ന ആരെക്കാളും ആ മുഖം ഞാൻ ഇഷ്ടപെടുന്നുവെന്ന് തുറന്നുപറയുന്നുണ്ട്. ജോയ്‌സിയുടെ കാൽപ്പനിക ഭാവം വിടരുന്ന കണ്ണുകളുടെ മനോഹാരിതയെ അപൂർവമായ നീലിമയുള്ള മെഡിറ്ററേനിയൻ കടലിനോട് ഉപമിച്ചുകൊണ്ടാണ് ഹെമിങ്​വേ സംസാരിക്കുന്നത്. യഥാർത്ഥത്തിൽ കാപ്പ് എന്ന കഥാപാത്രം ഹെമിങ്​വേയാണ്. അദ്ദേഹത്തിന് ആൺവർഗത്തോടും ആൺബോധത്തോടുമുള്ള ആരാധന കൃത്യമായും വ്യക്തമായും കഥയുടെ അവസാന സന്ദർഭത്തിൽ വായിച്ചെടുക്കാം.
പക്ഷെ മീൻവേട്ടയിൽ സാന്റിയാഗോയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടത് കാർലോസ് എന്ന മീൻപിടുത്തകാരനാണ്. വർഷങ്ങളായി മീൻവേട്ടയിൽ അനുഭവം കൊണ്ട് പരിജ്ഞാനം ആർജിച്ചെടുത്ത കാർലോസ് വാവിട്ട് കരഞ്ഞതും തന്റെ ജിവിതകാലത്തു ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ വലുപ്പമുള്ള മാർലിൻ മത്സ്യം നഷ്ടപ്പട്ട സങ്കടം കൊണ്ടുമാത്രമല്ല. ഇത്രകാലം കടലിനെയും മത്സ്യത്തെയും വെട്ടി പിടിച്ചു നിർമിച്ച ഹീറോയിസം തകർന്നുവെന്ന തോന്നൽ കൊണ്ടാണ്. അതുകൊണ്ടാണ് ഒരിക്കൽ കൈയിൽനിന്ന് വഴുതിപോയ മാർലിൻ മത്സ്യത്തെ പിടിക്കാനുള്ള ആന്തരികമായ ത്വര കാർലോസിന് ഉണ്ടായത്. അത് തന്നെയാണ് 85 ദിവസം മീനിനെ പിടിക്കാൻ കഴിയാതെ 86-ാമത്തെ ദിവസം മടുപ്പില്ലാതെ മീൻവേട്ടക്ക് ഇറങ്ങാൻ സാന്റിയാഗോ എന്ന വയോധികനെ പ്രേരിപ്പിച്ചത്.
പ്രതികൂല സാഹചര്യത്തോടും കടൽക്കാറ്റിനോടും മഴയോടും വിശപ്പിനോടും ഭീമാകാരമായ മത്സ്യങ്ങളോടും പടവെട്ടി വലിയ മീനിനെ കീഴടക്കി ആൺബോധത്തെ മൂർച്ച കൂട്ടിയ ആഹ്ലാദമാണ് ഇരുവരുടെയും ബോധതലത്തിൽ നിറഞ്ഞു നിന്നിരുന്നത്. സ്രാവുകൾ കൊത്തിതിന്നതിനുശേഷം അവശേഷിച്ച അസ്ഥികൂടമായി കരയിലേക്ക് നടന്നുവരുന്ന സാന്റിയാഗോ എന്ന വയോധികനും ഒരിക്കൽ പരാജയപ്പെട്ട് വീണ്ടും തേടിപിടിച്ച് ഒരുകേടുപാടും സംഭവിക്കാത്ത വലിയ മാർലിൻ മത്സ്യമായി കരയിലേക്ക് നടന്നുവരുന്ന കാർലോസും ആഘോഷിക്കുന്നത് അധീശ്വത്വത്തിന്റെ ആനന്ദമാണ്. പ്രകൃതിയിലും സാമൂഹിക വ്യവസ്ഥയിലും അതീശ്വത്വം സ്ഥാപിച്ച ആൺ ആഘോഷത്തിന്റെ വേഷപ്പകർച്ചയാണ്.
വേട്ടയാടിക്കൊണ്ടുവന്ന മീനിന്റെയോ മീനിന്റെ അസ്ഥികൂടമോ കാണാനല്ല ജനക്കൂട്ടം ഓടിക്കൂടിയത്, മറിച്ചു ആൺബോധത്തെ ഊട്ടിഉറപ്പിച്ച നായകനെ കാണാനാണ്, കാരണം ആൾക്കൂട്ടം എന്നും നായകനോടൊപ്പമാണ്.
ധീരതയും ജയവും പുരുഷന്റേതാണ്, അതുണ്ടെങ്കിൽ ലോകം മുഴുവനും നിന്നോടൊപ്പം നിൽക്കും എന്ന അവകാശവാദമാണ് ഹെമിങ്​വേ മുന്നോട്ടുവെച്ചത്. പാരമ്പര്യ ധാരണകൾ അധീശത്വപരമായിരുന്നു. അവിടെയൊക്കെ പ്രവർത്തിച്ചത് പുരുഷനെ പറ്റിയുള്ള ഭാവനകളും ധാരണകളുമാണ്. നമ്മുടെ അനുഭൂതി ചരിതങ്ങളും അഭിമുഖീകരിച്ചത് പുരുഷനെയാണ്. വിജയത്തിലെത്തുവാൻ സ്ത്രീയെ നിർത്താനുള്ള ആലോചനയോ പുനരാലോചനയോ ഹെമിങ്‌വേയുടെ ചിന്തകളിൽ ഉണ്ടായിരുന്നില്ല. അധീശ്വത പുരുഷ ഭാവന പ്രവർത്തിക്കുന്ന അബോധമാണ് ഹെമിങ്​വേയുടെ അനുഭൂതി ചരിതങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നത്.
"അന്വേഷണത്തിന്റെ ആനന്ദ'ത്തിലൂടെയും (Pursuit as Happiness ) "കിഴവനും കടലി'ലൂടെയും (The Old Man and the Sea ) അദ്ദേഹം പറയാൻ ശ്രമിച്ചത് "Man is not made for defeat, A man can be destroyed but not defeated' എന്നാണ്. ഇവിടെ "man' എന്നതുകൊണ്ട് ഹെമിങ്​വേ ഉന്നം വെച്ചത് സ്ത്രീയും പുരുഷനും അടങ്ങിയ മനുഷ്യവർഗ്ഗത്തെയല്ല, എല്ലാ അർത്ഥത്തിലും പരിപൂർണമായി പുരുഷവർഗത്തിനെ മാത്രമാണ്.

Reference

Ernest Hemingway: Pursuit as Happiness, NewYorker magazine, june 2020

Ernest Hemingway: Old Man and the Sea , Charles Scribner's son. 1952

Pirerre Bourdieu, Masculine Domination, Stanford university press, 2001

ആണത്തവും അതീശ്വത്വവും: പിയറി ബോർദ്യു, സംഗീത എം.കെ, ഡോ. കെ.എം.അനിൽ.

ശ്രീകല മുല്ലശ്ശേരിയുടെ മറ്റ് ലേഖനങ്ങൾ

ഡൗൺസ് സിൻഡ്രോമുള്ള കുഞ്ഞിന്റെ അമ്മ

വാക്കുകൾ വേണ്ടാത്ത പാട്ട്

Comments