നട്ടെല്ല് തുളച്ചു പോകുന്ന കവിതയുടെ സഞ്ചാരപഥങ്ങൾ

ഇന്ത്യൻ ഇംഗ്ലീഷ് കവിയായ റാഷിന്റെ ( Ra Sh, രവി ശങ്കർ. എൻ) "ദ ബുള്ളറ്റ് ട്രെയിൻ ആൻഡ് അദർ ലോഡഡ് പോയംസ് " എന്ന കവിതാ സമാഹാരത്തെ കുറിച്ചുള്ള പഠനം. കവിയും ശാസ്ത്രാധ്യാപികയുമാണ് ലേഖിക

റാഷ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എൻ.രവിശങ്കറിന്റെ രണ്ടാമത്തെ കവിതാസമാഹാരമായ "ദ ബുള്ളറ്റ് ട്രെയിൻ ആൻഡ് അദർ ലോഡഡ് പോയംസ്'ൽ (The Bullet Train and Other Loaded poems), അദ്ദേഹത്തിന്റെ ആദ്യ സമാഹാരമായ "ആർകിടെക്ച്ചർ ഓഫ് ഫ്‌ളെഷ്'ൽ (Architecture of Flesh) ഊന്നുന്ന മാംസനിബദ്ധമായ അനുഭവതലങ്ങളുടെ തുടർച്ചയോടൊപ്പം നാം കാണുന്നത് സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളുടെ ഉറച്ച പ്രഖ്യാപനവും ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ കാലാവസ്ഥയുടെ ശക്തമായ വിമർശനവുമാണ്.

റാഷ് / ഫോട്ടോ: അഷ്‌റഫ് മലയാളി

ഈ സമാഹാരത്തിലെ ആദ്യ കവിതയായ "ദ ബുള്ളറ്റ് ട്രെയിൻ' ലോകത്തിലെ ആദ്യത്തെ ആധാർ ബന്ധിതമായ കവിതയായാണ് പരിഹാസരൂപേണ ഇതിൽ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. പന്ത്രണ്ടു അക്കങ്ങളുള്ള യാന്ത്രിക സൂചകങ്ങൾ ആയി മാത്രം മനുഷ്യർ ചാപ്പ കുത്തപ്പെടുകയും അവരുടെ ജീവിതങ്ങൾ കമ്പോളത്തിലെ ചരക്കായി മാറുകയും ചെയ്യുന്ന സാമൂഹിക പരിസരത്തിലാണ് ഈ കവിത നമ്മെ നിർത്തുന്നത്. നട്ടെല്ലിലൂടെ തുളച്ചുകയറുന്ന ഒറ്റ വെടിയുണ്ട സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ സ്വരങ്ങളെ ഹനിക്കാൻ പുറപ്പെടുന്ന അതിന്റെ വിനാശകരമായ സഞ്ചാരപഥങ്ങളെ കുറിച്ച് ഈ സമാഹാരത്തിലെ ഓരോ കവിതയും വിവിധ തലങ്ങളിൽ നമ്മളോട് സംവദിക്കുന്നു. അതിനാൽ തന്നെ ഈ വരികൾ കൂടുതൽ വായിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നു.

" ഒരു 7 .65 കാലിബർ "മെയ്ക് ഇൻ ഇന്ത്യ' മോഡൽ
അത് ചീറിപ്പായുന്നത്
വിചിത്ര നാമങ്ങൾ ഉള്ള സ്റ്റേഷനുകളിലൂടെ
പൻസാരെ വെസ്റ്റ്
ധബോൽക്കർ സെൻട്രൽ
കൽബുർഗി സൗത്ത്
ലക്ഷ്യം ബംഗലൂരു
അവിടെ അതൊരു തുടിക്കുന്ന
ഹൃദയത്തെ തുളച്ചു കുതിച്ചു പായുന്നു.'

(ദ ബുള്ളറ്റ് ട്രെയിൻ) ( മൊഴിമാറ്റം: ലേഖിക)

"ദ സ്‌നോ ഗേൾസ് ' (The Snow girls ) എന്ന കവിതയിൽ വെടിയേറ്റ് രക്തത്തിൽ മുങ്ങിയ ചുവന്ന പനിനീർപ്പൂക്കൾ നെഞ്ചോടു ചേർത്തു വീഴുന്ന കാശ്മീരിലെ പെൺകുട്ടികൾ അവരുടെ തൂവാലകളിൽ എഴുതി വെച്ച "കാശ്മീരിൽ നിന്ന് സ്‌നേഹപൂർവ്വം' (With love from Kashmir) എന്ന വാക്കുകൾ നീളുന്നത് അകലങ്ങൾ കനം വെപ്പിച്ച നമ്മുടെ നിസ്സംഗതയിലേക്കാണ്.

ഒരു കവിതാശരീരത്തിൽ ഉടനീളം ഉണങ്ങാത്ത ചോര കിനിയുന്ന മുറിവുകൾ പോലെ ആവർത്തിക്കപ്പെടുന്ന As if a ...എന്ന കവിത തീവ്ര വലതുപക്ഷ രാഷ്ട്രീയാന്ധത ബാധിച്ചിരിക്കുന്ന ഇന്ത്യൻ സമൂഹ മനസ്സാക്ഷിയുടെ നാണം കെട്ട നിശ്ശബ്ദതകളെ, മനപ്പൂർവ്വമുള്ള മറവികളെ ചോദ്യം ചെയ്തുകൊണ്ട്, വയലറ്റ് നിറമുള്ള ഒരു കുഞ്ഞുടുപ്പിനെ ഓർമിപ്പിക്കുന്നു. ആരാധനാലയങ്ങൾ ബലാൽക്കാരികളുടെ കേന്ദ്രമാകുന്നത്, നിയമങ്ങൾ ചരിത്രത്തിൽ ഒരു കീറ താൾപോലെ ചീന്തിയെറിയപ്പെടുന്നത് എങ്ങനെയെന്ന് കാണിച്ചു തരുന്നു.

""As if Asif_ was never raped, never tortured, never ravaged
As if Asif_ is a myth, a fantasy, a lie, a fading photo
As if we are we were we will be ......''
"ദ സ്‌ട്രേഞ്ച് ഡെത് ഓഫ് ആൻ ഔട്കാസ്‌റ്' ( The Strange Death of an outcast) എന്ന കവിതയിൽ രോഹിത് വെമുല ഭൂതകാലത്തും വർത്തമാനകാലത്തും ജീവിതത്തിൽ നിരന്തരമായി ഇടപെടുന്ന സാന്നിധ്യമായി നിറയുന്നു. ( ഈ സമാഹാരം സമർപ്പിച്ചിട്ടുള്ളത് തന്നെ രോഹിത് വെമുലയ്ക്കാണ്.)

Rohith Vemulas crowd my life, criss crossing my life's pathways as playmates, classmates, lovemates, workmates, shaapmates.

ഈ കവിതയിലെത്തന്നെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം രോഹിത് വെമുലയുടെ ജീവത്യാഗത്തിന്റെ രാഷ്ട്രീയപ്രസക്തി ഊന്നിപ്പറയുന്നു.
""A Rohith Vemula saved me from drowning
when i was trying to pluck a lotus flower
in the local pond. he got sucked into the slush.''

ഇത്തരത്തിൽ സമകാലീന രാഷ്ട്രീയവിഷയങ്ങൾ തികച്ചും സ്വാഭാവികമായി നമ്മുടെ മുന്നിലെത്തുകയും അതിന്റെ നൈസർഗികതയാൽ തന്നെ നമ്മുടെ മനസ്സാക്ഷിയിലേക്കുള്ള ഉന്നം പിഴക്കാത്ത ചാട്ടുളികളാവുകയും ചെയ്യുന്നു.
"How to lynch a man' ഒരർത്ഥത്തിൽ വളരെ ക്രൂരമായ എന്നാൽ സത്യസന്ധമായ കവിതയാണ്.
when

he stops moving turn his body with two or
three kicks and unzip your pyjama and pee
into his mouth. he will still be breathing in the
pool of blood. now douse him with kerosene.
throw a light on him. step back to view your
fiery installation with the eye of an artist.

കറുത്ത ഹാസ്യവും കീറിമുറിക്കുന്ന വിശകലനങ്ങളും പല കവിതകളിലും കാണാൻ കഴിയും. "ശക്തിമാൻ' എന്ന കവിത, യു.പിയിലെ ഗോരഖ്പൂരിലെ ആശുപത്രിയിൽ മരണപ്പെട്ട നവജാതശിശുക്കളെക്കുറിച്ചുള്ള 72 എന്ന കവിത,
നോട്ടുനിരോധനത്തെക്കുറിച്ചുള്ള കവിതകൾ തുടങ്ങിയവയ്ക്കൊപ്പം തന്നെ "A Biblio Surgeon ' s Workbook' എന്ന കവിതയിലെ ഈ വരികൾ.

I am a darya ganj messaiah.
I am now in a high security press
(Where new 2000 rupee notes are getting printed)
with a secret mission to interpolate
Golwalker into Ambedkar.........ഈ സമാഹാരത്തിന്റെ നിലപാട് കൃത്യമായി വ്യക്തമാക്കുന്നു.

എന്നാൽ ഈ രാഷ്ട്രീയ ചിന്തയുടെ അഗ്‌നി കടന്നുപോകുമ്പോഴും റാഷിന്റെ കവിതകളുടെ സ്വഭാവം, അവ സംസാരിക്കുന്ന ലൈംഗികതയുടെ ഭാഷ, പുരുഷാധിപത്യസ്വഭാവം നില നിൽക്കുന്ന ഈ സമൂഹത്തിലെ വായനക്കാർ എങ്ങനെയാണ് വായിച്ചെടുക്കുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഈ കവിതകളുടെ രാഷ്ട്രീയം ആന്തരവൽക്കരിക്കണമെങ്കിൽ അതിന്റെ മാംസളതയിൽ നിന്നും രതിനിബദ്ധതയിൽ നിന്നും ആഴത്തിൽ ഇറങ്ങി ആ കാവ്യസത്തയോട് സംവദിക്കാനുള്ള ആഭിമുഖ്യം ആസ്വാദകർക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ അത് അവർ നേടിയെടുക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു. അതേ സമയം തന്നെ, ഈ രാഷ്ട്രീയബോധ്യത്തിനു കടകവിരുദ്ധമായി ഒരു തരം നിസ്സംഗത പ്രകടിപ്പിക്കുന്ന ചില രചനകളും ഈ സമാഹാരത്തിൽ ഉണ്ടെന്നു പറയാതെ വയ്യ. "Protest Tourism' എന്ന ഒരു വല്ലാത്ത തലക്കെട്ടിൽ തുടങ്ങുന്ന കവിത, ഒരു പക്ഷെ, നിരാശയിൽ നിന്നും ഉടലെടുത്തതാകാം.

They stood for a day.
They stood for a week.
They stood for a month.
They stood for a year.
They stood for a decade.
They stood for a century.
They stood for a millennium.
They are still standing.

Meanwhile, the ground on which they stood changed to an express highway, a football stadium, a performing arts centre, a hospital, an army camp, a water theme park and a graveyard.

Now, it is a dead volcano
with a placid blue lake in the crater
that attracts one million tourists per year.

എത്രയോ കാലം തലമുറകൾ തെരുവുകളിൽ നിന്നുവെന്നും ഇപ്പോഴും നിൽക്കുന്നുവെന്നും ഈ കവിത നമ്മെ ഓർമിപ്പിക്കുന്നുണ്ട്. അണഞ്ഞുപോയ അഗ്‌നിപർവ്വതങ്ങളിൽ ബാക്കിയാകുന്ന തടാകങ്ങൾ വിനോദസഞ്ചാരികൾക്ക് പ്രദര്ശനവസ്തുവായേക്കാം. പക്ഷെ, അണയാത്ത അഗ്‌നിപർവ്വതങ്ങൾ ഭൂമിയുടെ നെഞ്ചകത്തു തിളക്കുന്നുവെന്നതിന്റെ തെളിവാകുന്നുണ്ട് നട്ടെല്ല് തുളയ്ക്കുന്ന ബുള്ളറ്റിനേയും നിഷ്പ്രഭമാക്കുന്ന ഗൗരി ലങ്കേഷിന്റെയും പൻസാരെയുടെയും കൽബുർഗിയുടെയും ജീവിതങ്ങളെ കുറിക്കുന്ന "ദ ബുള്ളറ്റ് ട്രെയിൻ' എന്ന കവിതയിലെ വരികൾ.

ഈ സമാഹാരത്തിലെ കവിതകളെ കുറിച്ച് പറയുമ്പോൾ ഒരിക്കലും വിട്ടുപോകരുതാത്ത കവിതയാണ് അവസാന കവിതയായ "Onam - Setting the record straight.' ഇത് സഹോദരൻ അയ്യപ്പൻ എഴുതിയ കവിതയുടെ പരിഭാഷയാണ്. അദ്ദേഹം മഹാബലിയുടെ കഥ പുനർവായനയ്ക്കും വ്യാഖ്യാനത്തിനും വിധേയമാക്കുന്നത് വഴി ബ്രാഹ്മണാധിപത്യത്തിനെതിരെ ജാതീയതയ്ക്കെതിരെ മൂർച്ചയുള്ള ഒരായുധമായി കവിത മാറുന്നതെങ്ങിനെയെന്നു ഈ രചനയും നമ്മെ ബോധ്യപ്പെടുത്തുന്നു.

Discard Vamana's morals, we must.
Bring back Maveli's reign, we must.

സമാഹാരത്തിന്റെ ആദ്യ പേജുകളിൽ നിന്ന് പുറപ്പെട്ട ബുള്ളറ്റ് വായനക്കാരുടെ മനസ്സാക്ഷിയെ മുറിപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ ധിഷണയിൽ മായാത്ത അടയാളങ്ങൾ ബാക്കി വെക്കുകയും ചെയ്തുകൊണ്ട് നട്ടെല്ലുകളിൽ നിശബ്ദമായി തറഞ്ഞുനിൽക്കുന്നു. അങ്ങനെ അത് ഒരു മികച്ച വായനാനുഭവമായി മാറുന്നു.

Comments