മൂലഭാഷയിൽ അതീവഹൃദ്യമാണ് ഉണ്ണിയുടെ നോവൽ. ഇംഗ്ലീഷ് പരിഭാഷയും നന്ന്. മൊഴിമാറ്റം ചെയ്തിട്ടുള്ളത് പ്രകടമായ ചായ്‌വുകളോടെയാണ്; കൃതിയുടെ കാമ്പിനോട് ചേർന്നുനിൽക്കുന്ന ചായ്വുകൾ തന്നെ. നാട്ടുതനിമയിലാണ് ഉണ്ണി തിളങ്ങുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പുതിയ എഴുത്തുകാർ ഏതെങ്കിലും ഒരു നാടിന്റെ തനിമയിൽ ഉറച്ചു നിന്നെഴുതുന്നുണ്ട് എന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
ഉണ്ണിയാകട്ടെ നല്ല തഴക്കത്തോടെയാണ് എഴുതുന്നത്. എവിടെയും ഒന്നും മുഴച്ചുനിൽക്കുന്നേയില്ല. കൃതിയുടെ ചില ഭാഗങ്ങളിൽ ഉണ്ണിയുടെ തൂലിക ചോര ചിന്തുന്നിടത്തോളം ചെല്ലുന്നുണ്ട്. വായന മുൻപോട്ടു നീങ്ങുംതോറും കേരളത്തിന്റെ പുറംപൂച്ചുകളെ നാം കടന്നുപോകുന്നുമുണ്ട്. കേരളത്തിന്റെ ഉയർന്ന സാമൂഹികനിലവാരവുമായി വലിയ ബന്ധമൊന്നുമില്ല മലയാളിയുടെ നിത്യജീവിതത്തിന് എന്ന തോന്നലാണുണ്ടാകുന്നത്.
നിത്യമെന്നോണം കേരളത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന എന്നെപ്പോലെയുള്ള ഒരു വ്യക്തിയെപ്പോലും അമ്പരപ്പിച്ചുകളയുന്ന പലതും ഈ കൃതിയിലുണ്ട്. പറഞ്ഞുപറഞ്ഞ് പുസ്തകത്തിന്റെ സാരം വെളിപ്പെടുത്തുന്നത് ശരിയല്ലല്ലോ. പകരം, ഈ കൃതിയുടെ രണ്ടാംവായനക്കുശേഷം ഞാൻ വരച്ച ഒരു കാർട്ടൂൺ പങ്കുവെയ്ക്കുകയാണ്.
(വിവർത്തനം: പ്രസന്ന കെ. വർമ)