മലപ്പുറത്തിൻെറ ആത്മകഥയായി മാറുന്ന ഇന്ത്യൻ മുസൽമാൻെറ കാശിയാത്ര

ഈ പുസ്തകം മരണത്തിൻ്റെ, വിനാശത്തിൻ്റെ, ഭാവിയുടെ ദു:സൂചനകൾ നൽകുന്നു. ഡിജിറ്റൽ മാധ്യമത്തിനുവേണ്ടി എഴുതിയ ലേഖനങ്ങളുടെ ഭാഷ, അറബിയും ആംഗലേയവും മലയാളവും സംസ്കൃതവും തമിഴും കലർന്ന മണിപ്രവാളമാണ്. ദൃശ്യം മുന്നിട്ടു നിൽക്കുന്നതും കാവ്യം കഥ പറയുന്നതുമാണ്. ആത്മായനത്തിന്റെ സ്വഭാവം പുസ്തകത്തിനുണ്ടെങ്കിലും സാംസ്കാരിക പഠനത്തിന്റെ വിശകലന ബുദ്ധിയാണ് നിറഞ്ഞുനിൽക്കുന്നത്. - പി.പി ഷാനവാസ് എഴുതി റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു ഇന്ത്യൻ മുസൽമാൻെറ കാശി യാത്ര’ എന്ന പുസ്തകത്തെക്കുറിച്ച് ടി.പി.നസീഫ് എഴുതുന്നു…

മാധ്യമപ്രവർത്തകനായ പി.പി ഷാനവാസിന്റെ (P.P.Shanavs) ഇതിനകം പുറത്തിറങ്ങിയ ‘ആ പേരുകൾ ഇപ്പോൾ എന്ത് ചെയ്യുന്നു’ എന്ന യാത്രാപുസ്തകത്തിന്റെ ഒരർത്ഥത്തിലുള്ള തുടർച്ചയാണ്, റാറ്റ് ബുക്സ് (Rat Books) പുറത്തിറക്കിയ ‘ഒരു ഇന്ത്യൻ മുസൽമാന്റെ കാശി യാത്ര.’ (Oru Indian Musalmante Kashi Yathra) കാശി യാത്രയ്ക്ക് തിരിക്കും മുമ്പെന്നോണം, എഴുത്തുകാരൻ തന്റെ ചുറ്റുപാടുകളിൽ നടത്തിയ അന്വേഷണങ്ങളുടെ വൈവിധ്യങ്ങളിലൂടെയാണ് ആദ്യ ഇരുപത് അധ്യായങ്ങൾ കടന്നുപോകുന്നത്. 'മലപ്പുറത്തിന്റെ ചിദംബര രഹസ്യം' എന്ന ഒന്നാം അധ്യായം, തെക്കേ മലബാറിലെ കർഷക കുടിയാൻ സമര പോരാട്ടങ്ങളുടെ ചരിത്രത്തെ ഐറിഷ് വിപ്ലവപ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് നൂതന പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നു. മലപ്പുറത്തിന്റെ മധ്യഹിമാലയൻ പ്രകൃതി തീർത്ത, പാശ്ചാത്യ കാല്പനിക പ്രസ്ഥാനത്തെ ഓർമിപ്പിക്കുന്ന, കാവ്യ സംസ്കൃതിയെക്കുറിച്ചാണ് അടുത്ത അധ്യായം, 'വിലാപങ്ങൾ, മദ്ഹുകൾ, മങ്കി ഗീതയും മങ്കൂസ് മൗലൂദും'.

'പൊന്നാനിയിലെ നീല ജലാശയങ്ങൾ,' കെസിഎസ് പണിക്കരിൽ തുടങ്ങി കെ.പി.കൃഷ്ണകുമാറിൽ ചെന്നെത്തുന്ന മലപ്പുറം ചിത്രകലയുടെ ചോള മണ്ഡലം ബന്ധങ്ങളെ തേടുന്നു. 'തൂതപ്പുഴയിൽ നിന്നുള്ള രോഗശാന്തി' സൈലൻറ് വാലിയിൽ നിന്ന് തുടങ്ങി നിളയിൽ സംഗമിക്കുന്ന തൂതപ്പുഴയുടെ ഔഷധശാന്തിയും വൈദ്യ ചരിത്രവും വിവരിക്കുന്നതാണ്. ‘പട്ടാപ്പകലും ചൂട്ടും മിന്നിച്ച്' മനുഷ്യരെ തേടി നടന്നവരുടെ കഥ’യാണ് അടുത്ത അധ്യായത്തിൽ ചുരുൾ നിവരുന്നത്. തലച്ചൂടിന്റെയും മസ്തിന്റെയും നാറാണത്തുഭ്രാന്തന്റെയും നാടിനെ കുറിച്ച്. ഭ്രാന്തിനെക്കുറിച്ച് എഴുതിയ ഫൂക്കോയും ഇവിടെ മലപ്പുറം 'സന്ദർശിക്കുന്നു'. 'കൊച്ചിൻ ബിനാലെയിലെ കൊണ്ടോട്ടിക്കാർ' കൊണ്ടോട്ടിയുടെ സൂഫിപാരമ്പര്യവും പാട്ടും അനുഷ്ഠാനവും സംഗീതവും ഫോട്ടോ പ്രതിനിധാനമായി മാറിയ കൊച്ചിൻ ബിനാലെയിലെ കൊണ്ടോട്ടിക്കാരെക്കുറിച്ചാണ്. ആ ചരിത്രം നെടിയിരുപ്പ് സ്വരൂപത്തോളം നീളുന്നു. 'പശുവിനെ പുണരുമ്പോൾ' എന്ന അധ്യായം, സമകാലീന ഭാരതത്തിൽ ചർച്ചാവിഷയമായ 'പശു' എന്ന രൂപകത്തെ മുൻനിർത്തി, ദൈവശാസ്ത്രത്തിലും മതത്തിലും മന:ശാസ്ത്രത്തിലും നരവംശ ശാസ്ത്രത്തിലും സമകാലീന രാഷ്ട്രീയത്തിലും 'പശു'വിന്റെ വിവക്ഷകളെ ചർച്ച ചെയ്യുന്നു. തുടർന്ന് പുസ്തകം, ഗുരുവിനെ 'അപനിർമ്മിക്കുക'യും, ഊട്ടി ഫേൺഹില്ലിലെ നാരായണ ഗുരുകുലം തേടി പോവുകയും അവിടെ വച്ച് നടരാജ ഗുരുവിന്റെ തത്വചിന്തയെകുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. പിന്നെ ബാബുരാജിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഗീത രഹസ്യങ്ങളിലേക്കും മാപ്പിളമാരുടെയും തങ്ങന്മാരുടെയും സൂഫികളുടെയും ജീവിതസംസ്കൃതിയിലേക്കും നീങ്ങുന്നു.

ആത്മായനത്തിന്റെ സ്വഭാവം പുസ്തകത്തിനുണ്ടെങ്കിലും സാംസ്കാരിക പഠനത്തിന്റെ വിശകലന ബുദ്ധിയാണ് നിറഞ്ഞുനിൽക്കുന്നത്. (Photo: varanasiguru.com)
ആത്മായനത്തിന്റെ സ്വഭാവം പുസ്തകത്തിനുണ്ടെങ്കിലും സാംസ്കാരിക പഠനത്തിന്റെ വിശകലന ബുദ്ധിയാണ് നിറഞ്ഞുനിൽക്കുന്നത്. (Photo: varanasiguru.com)

യവനകൃതികളിൽ പ്രസിദ്ധമായ, സംഘകാലത്തെ പൗരാണിക തുറമുഖമായ ടിൻഡിസിനെ കണ്ടെത്താനുള്ള രഹസ്യ യാത്രകളും പുസ്തകത്തിൽ രേഖയാകുന്നു. ഇഎംഎസിന്റെയും ദാമോദരൻ്റെയും മലപ്പുറത്തെക്കുറിച്ചും വാസ്തുവിദ്യയിലൂടെ പാർട്ടിയുടെ മാറുന്ന ചരിത്രവും പറയുന്നു. 'ഒപ്പനപ്പാട്ടിനൊപ്പം വെറ്റില മുറുക്കിയ മലപ്പുറം', 'മുഹിയുദ്ധീൻ മാല തല്ലുമാലയായ കഥ' എന്നിവ ലഹരിയുടെ ചരിത്രത്തിലൂടെ സംസ്കൃതിയുടെയും അതിന്റെ പരിണാമത്തിന്റെയും അതിനു ചുറ്റുവട്ടത്തുണ്ടായ പ്രസ്ഥാനങ്ങളുടെയും കഥ പറയുന്നു. സമകാലികമായി നടന്ന ശ്രദ്ധേയമായ രണ്ട് സമ്മേളനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, പ്രവാചക ജീവചരിത്രങ്ങളെയും കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ വിചിത്രവും വിസ്മയകരവുമായ രാഷ്ട്രീയപ്രവേശനവും അതിന്റെ സമകാലിക നിലനിൽപ്പിനെക്കുറിച്ചുമുള്ള ലേഖനവും പുസ്തകത്തിലുണ്ട്. 'മലപ്പുറത്തിന് ഒരു ഹംസ ഗാനം' ക്വാറി ഖനനവും പരിസ്ഥിതിയെ മറന്നുള്ള വികസനവും ഒരു ദേശത്തെ ഇല്ലാതാക്കുന്നതിനെ സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നു. ആരാമ്പ്രം മലനിരകളുടെ വിനാശം മലപ്പുറം ജീവിതത്തിന് ഹംസഗാനം പാടുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നു. മലപ്പുറത്തെ കവളപ്പാറയ്ക്ക് മറുപുറമാണ് ഇപ്പോൾ ഉരുൾ പൊട്ടിയ ചൂരൽമല എന്ന ചിന്ത നൽകുന്നു.

"ഭൂമി അതിന്റെ പ്രകമ്പനം ചെയ്യപ്പെട്ടാൽ, ഭൂമി അതിന്റെ ഭാരങ്ങളെ പുറന്തള്ളുകയും ചെയ്താൽ അതിന് എന്തു പറ്റി എന്നു മനുഷ്യർ പരിഭ്രാന്തിയോടെ ചോദിക്കുകയും ചെയ്താൽ ആ ദിവസം അതിന്റെ വർത്തമാനം പറഞ്ഞറിയിക്കുന്നതാണ്. താങ്കളുടെ നാഥൻ അതിന് ബോധനം നൽകിയത് നിമിത്തം." എന്ന് വിശുദ്ധ ഖുർആന്റെ മുന്നറിയിപ്പ് പകർന്നാണ് ലേഖനം അവസാനിക്കുന്നത്. തുടർന്ന് തിരുന്നാവായ നവാമുകുന്ദന്റെയും മാമാങ്കത്തിന്റെയും കിസ്സയും കെസ്സും. പിന്നെ ജ്യോതിശാസ്ത്രത്തിന്റെ മലപ്പുറം മഹിമയിലേക്കു നീങ്ങി കഥാഖ്യാനത്തിന്റെ 'ആയിരത്തൊന്നു രാവുകൾ' നീളുന്നു. 'യാ റബ്ബുൽ ആലമീൻ: ഒരു ഇന്ത്യൻ മുസൽമാന്റെ കാശിയാത്ര' എന്ന അനുബന്ധ യാത്രാലേഖനം ഇവിടെ നിന്നുമാണ് ആരംഭിക്കുന്നത്. കാശിയെ മുഴുവൻ അനുഭവിപ്പിക്കുന്ന ആഖ്യാനം ഒരു ഭക്തന്റെ കാഴ്ചപ്പാടിൽ നിന്നാണ് എന്ന കാര്യം നമ്മെ അതിശയിപ്പിക്കും.

ആത്മായനത്തിന്റെ സ്വഭാവം പുസ്തകത്തിനുണ്ടെങ്കിലും സാംസ്കാരിക പഠനത്തിന്റെ വിശകലന ബുദ്ധിയാണ് നിറഞ്ഞുനിൽക്കുന്നത്.
ആത്മായനത്തിന്റെ സ്വഭാവം പുസ്തകത്തിനുണ്ടെങ്കിലും സാംസ്കാരിക പഠനത്തിന്റെ വിശകലന ബുദ്ധിയാണ് നിറഞ്ഞുനിൽക്കുന്നത്.

ഈ പുസ്തകം മരണത്തിൻ്റെ, വിനാശത്തിൻ്റെ, ഭാവിയുടെ ദു:സൂചനകൾ നൽകുന്നു. ഡിജിറ്റൽ മാധ്യമത്തിനുവേണ്ടി എഴുതിയ ലേഖനങ്ങളുടെ ഭാഷ, അറബിയും ആംഗലേയവും മലയാളവും സംസ്കൃതവും തമിഴും കലർന്ന മണിപ്രവാളമാണ്. ദൃശ്യം മുന്നിട്ടു നിൽക്കുന്നതും കാവ്യം കഥ പറയുന്നതുമാണ്. ആത്മായനത്തിന്റെ സ്വഭാവം പുസ്തകത്തിനുണ്ടെങ്കിലും സാംസ്കാരിക പഠനത്തിന്റെ വിശകലന ബുദ്ധിയാണ് നിറഞ്ഞുനിൽക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള സദാ ഉത്കണ്ഠയും ഈ തൂലികയിലുണ്ട്. കലാനിരൂപകൻ ജോണി എം.എൽ നിരീക്ഷിച്ചത് പോലെ, ‘ചിലപ്പോൾ ഒറ്റക്കിരുന്ന് പറയും പോലെ, ചിലപ്പോൾ നിലാവിലിരുന്ന് ആരോടാ പറയുംപോലെ, ചിലപ്പോൾ ആത്മഗതം പോലെ’യാണ് ഇതിലെ പറച്ചിലുകൾ. സമകാലീന ജീവിതത്തിനെ മനസ്സിലാക്കുന്നതിനും അതിന്റെ പ്രതിസന്ധികളിൽ നിന്ന് പുറത്തു കടക്കുന്നതിനും പുസ്തകം പ്രത്യാശ നിറഞ്ഞ നിഗമനങ്ങളും മുന്നോട്ടുവെക്കുന്നു. അതുകൊണ്ട് ഈ പുസ്തകം നിങ്ങളുടെ ഗൗരവമായ വായനയ്ക്കായി ശുപാർശ ചെയ്യുന്നത്.

വിവർത്തക ജയശ്രീ കളത്തിലിന്റെതാണ് അവതാരിക. അവതാരികയിൽ അവർ പറയുന്നു: "ഇന്ത്യൻ മുസൽമാൻ - ശരിക്കും പറഞ്ഞാൽ മലപ്പുറത്തെ മാപ്പിള കുട്ടി -കാശിയിൽ എത്തുന്ന കഥ. ഈ കഥ വായിക്കുന്ന നമുക്ക് ഇതിൽ നമ്മെ തന്നെ തിരിച്ചറിയാൻ കഴിയും. മനുഷ്യന്റെ 'അവസ്ഥ' മനസ്സിലാക്കാനുള്ള വഴിയാണ് കഥപറച്ചിലെങ്കിൽ 'A mode to understand the condition of being human!' ഇതുതന്നെയാണ് ഷാനവാസിന്റെ എഴുത്തിന്റെ വിജയം.

Comments