സോവിയറ്റ് യൂണിയൻ എന്ന അതിബൃഹത്തായ രാഷ്ട്രത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ സാർവ്വലൗകികമായ മനുഷ്യാവസ്ഥയുടെ സങ്കീർണ്ണതലങ്ങളെ അനന്തവൈചിത്രമുള്ള മനുഷ്യവികാരങ്ങളുടെയും ധാർമ്മികതയുടെയും തത്വചിന്തയുടെയും അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന ഇതിഹാസമാനമുള്ള ടോൾസ്റ്റോയിയുടെയും ദസ്തയെവ്സ്കിയുടെയും മഹാകൃതികൾ ലോകത്തെമ്പാടുമുള്ള എഴുത്തുകാർക്കും വായനക്കാർക്കും ഇന്നും തീരാത്ത പ്രചോദനമാണ്. അതിവിപുലമായ കഥാപാത്രസഞ്ചയങ്ങളിലൂടെ, മനുഷ്യചേതനയുടെ അടിസ്ഥാനങ്ങളെ അതിന്റെ സാധ്യമായ സമസ്ത ഭാവവൈചിത്ര്യങ്ങളോടെയും ആവിഷ്ക്കരിക്കുന്ന മഹാഗാഥകളാണവ.
ടോൾസ്റ്റോയ്, ദസ്തയെവ്സ്കി, ആൻ്റൺ ചെഖോവ് തുടങ്ങിയ മഹാരഥന്മാർക്കുശേഷം റഷ്യൻ സാഹിത്യത്തിൽ രൂപം കൊണ്ടത് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങളെയും അധികാരപ്രമത്തതകളെയും മർദ്ദകസംവിധാനങ്ങളെയും ചെറുക്കുന്ന പ്രതിരോധസാഹിത്യത്തിന്റെ സോവിയറ്റ് ഘട്ടമായിരുന്നു. ബുൾഖാകോവ്, പാസ്റ്റർനാക്ക്, സോൾഷിനിത്സൻ എന്നിവരായിരുന്നുവല്ലൊ അതിന്റെ പ്രണേതാക്കൾ. മലയാളി വായനക്കാർ നെഞ്ചേറ്റിയ മേൽപ്പറഞ്ഞവർക്കുശേഷമുണ്ടായ തലമുറയിലെ എഴുത്താളരിൽ പ്രമുഖയാണ് ലുഡ്മില ഉളിറ്റ്സ്കയ (Ludmila Ulitskaya). സോവിയറ്റനന്തര റഷ്യൻ ഫിക്ഷന്റെ സമകാലിക മുഖമെന്നു പറയാവുന്ന Ludmila Ulitskaya-യുടെ നോവൽകൃതികളിൽ ഏറ്റവും ശ്രദ്ധേയമാണ് The Big Green Tent.
▮
1934 ജൂൺ 13- ന് വിഖ്യാത റഷ്യൻ കവിയും നോവലിസ്റ്റുമായ ബോറിസ് പാസ്തർനാക്കിന്റെ മോസ്ക്കോയിലെ അപാർട്ട്മെൻ്റിലേക്ക് ക്രെംലിനിൽ നിന്ന് ഒരു ഫോൺ സന്ദേശം വന്നു:
‘‘ജനറൽ സെക്രട്ടറി സഖാവ് സ്റ്റാലിൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു’’- ഫോൺ വിളിച്ച ക്രെംലിനിലെ ഉദ്യോഗസ്ഥൻ കവിയോട് പറഞ്ഞു. അദ്ദേഹം ആകെ പരിഭാന്തനായി.
മൂന്നു മാസം മുമ്പ് മോസ്കോയിലെ തെരുവിലൂടെ നടന്നുപോകുമ്പോഴാണ് പാസ്തർനാക്ക് പഴയ സുഹൃത്തും അറിയപ്പെടുന്ന കവിയുമായ ഒസിപ് മാൻഡൻസ്റ്റാമിനെ കണ്ടുമുട്ടുന്നത്.
‘‘സുഹൃത്തേ, നിങ്ങളെ ഞാനെന്റെ പുതിയ ഒരു കവിത കേൾപ്പിക്കാം’’- മാൻഡൽസ്റ്റാം പറഞ്ഞു. തുടർന്ന് അയാൾ സ്റ്റാലിനെ വിമർശിച്ച് താനെഴുതിയ ‘സ്റ്റാലിൻ എപിഗ്രാം’ എന്ന കവിത പാസ്തർനാക്കിനെ ചൊല്ലിക്കേൾപ്പിച്ചു. സമഗ്രാധിപത്യം സൃഷ്ടിച്ച ഭയതരംഗങ്ങൾ അന്തരീക്ഷത്തിലെമ്പാടും പ്രസരിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്.
വിറച്ചുപോയ പാസ്തർനാക്ക് പറഞ്ഞു: ‘നിങ്ങളിത് എന്നോടു ചൊല്ലിയിട്ടുമില്ല, ഞാനിത് കേട്ടിട്ടുമില്ല’.
ഈ ഒരൊറ്റ കവിത ചൊല്ലൽ അയാളെയും തന്നെയും അത്യന്തം കുഴപ്പത്തിൽ ചാടിക്കുമെന്ന് ഉറപ്പായിരുന്ന പാസ്തർനാക്ക് ഇത്രയും പറഞ്ഞിട്ട് ധൃതിയിൽ അവിടെനിന്ന് നിഷ്ക്രമിച്ചു.
താമസിയാതെ ഒസിപ് മാൻഡൽസ്റ്റാം അറസ്റ്റ് ചെയ്യപ്പെട്ടു. അയാളുടെ ഈ കവിത ചൊല്ലിക്കേട്ട മറ്റാരോ രഹസ്യപ്പൊലീസായ NKVD- ക്ക് വിവരം ചോർത്തുകയായിരുന്നു. ‘സ്റ്റേറ്റിനെതിരായ’ അത്തരം പ്രവൃത്തികൾക്ക് വധശിക്ഷയിലോ നാടുകടത്തലിലോ കുറഞ്ഞ ഒന്നും ചിന്ത്യമല്ലാതിരുന്ന കാലത്ത് മാൻഡൽസ്റ്റാമിന്റെ കാര്യത്തിൽ ഇടപെടണമെന്ന ആവശ്യവുമായി പാസ്റ്റർനാക്ക് ധൈര്യപൂർവ്വം കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനേതാവായിരുന്ന ബുഖാറിനെ സമീപിക്കുകയുണ്ടായി.

ഈയൊരു പശ്ചാത്തലത്തിലാണ് പാസ്റ്റർനാക്കിന് സ്റ്റാലിന്റെ വിളിവരുന്നത്.
‘മാൻഡൽസ്റ്റാം നിങ്ങളുടെ സുഹൃത്താണോ’ എന്ന സ്റ്റാലിന്റെ ചോദ്യത്തിന്, ‘കവികൾക്കൊരിക്കലും സുഹൃത്തുക്കളാകാൻ കഴിയില്ല’ എന്ന നയചാതുര്യത്തോടെയുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്.
എന്നാൽ സ്റ്റാലിൻ അങ്ങനെ വിട്ടുകളയാൻ ഒരുക്കമായിരുന്നില്ല: ‘അയാളുടെ കവിതകളക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ കവിതകൾ മഹത്തരങ്ങളാണോ?’.
ഒരു നിമിഷം താൻ പെട്ടുപോയെന്ന് തോന്നിയെങ്കിലും പാസ്തർനാക്ക് സമചിത്തത വെടിഞ്ഞില്ല: ‘ഞങ്ങളിരുവരുടെയും കാവ്യസങ്കല്പനങ്ങളും തത്വചിന്തയുമൊക്കെ പാടേ വ്യത്യസ്തമാണ്’- തുടർന്നെന്തെങ്കിലും വിശദീകരിക്കുന്നതിന് മുമ്പുതന്നെ സ്റ്റാലിൻ ഫോൺ കട്ടു ചെയ്തു. കടുത്ത മാനസിക സംഘർഷത്തിന്റെ നാളുകളായിരുന്നു പിന്നീട് കവിയുടേത്.
എന്നാൽ ഭാഗ്യം മാൻഡൽസ്റ്റാമിനെ തുണച്ചു. അയാൾ ഗുലാഗിലേക്ക് അയയ്ക്കപ്പെട്ടില്ല, വടക്കൻ പ്രവിശ്യയിലെ ഒരു ചെറുനഗരത്തിലേക്ക് നാടുകടത്തപ്പെടുകയാണുണ്ടായത് (ല്യൂബാങ്ക ജയിലിലെ ചോദ്യം ചെയ്യലിൽ ഒസീപ് മാൻഡൽസ്റ്റാം പാസ്തർനാക്കിന്റെ പേരു വെളിപ്പെടുത്തിയില്ല എന്നതാണ് വാസ്തവം). തുടർന്ന് അദ്ദേഹം ആത്മഹത്യാശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പക്ഷേ, പരിക്ഷീണനായിപ്പോയ മാൻഡൽസ്റ്റാം അതോടെ കവിതയെഴുത്ത് അവസാനിപ്പിച്ചു.
പിൽക്കാലത്ത് തന്റെ ദേശം കടന്നുപോകുന്ന ഭീതിദമായ കാലഘട്ടത്തെക്കിച്ച് ബോറിസ് പാസ്റ്റർനാക്ക് സുഹൃത്തായ വർലം ഷാലമോവി നെഴുതി:
‘‘നമ്മുടെ കാലത്തിന്റെ അനീതിയിൽ സാന്ത്വനപ്പെട്ടിരിക്കരുത്. നമ്മുടെ ധാർമ്മികമൂല്യങ്ങളെ അതിന്റെ അധാർമ്മികത വെളിപ്പെടുത്തുന്നില്ല; അതിനെ വെറുതെ എതിർക്കുന്നതു കൊണ്ടു മാത്രം അതിന്റെ അപമാനവികതയിൽ നാം മാനവികവുമാകുന്നില്ല’’.
സ്റ്റാലിന്റെ മരണാനന്തരം, സോവിയറ്റ് രാഷ്ട്രത്തെ ശീതയുദ്ധകാലത്തിന്റെ നാളുകളിലൂടെ, ഇരുമ്പുമറ തകർന്നുവീഴുന്ന ഘട്ടം വരെ, മോസ്കോനഗരവാസികളുടെ ജീവിതപശ്ചാത്തലത്തിലൂടെ അടയാളപ്പെടുത്തുകയാണ് ഈ നോവൽ.
ഈ ആമുഖവാക്യങ്ങളോടെയാണ് സമകാലിക റഷ്യൻ നോവൽ സാഹിത്യത്തിലെ അതികായയായ ലുഡ്മില ഉളിറ്റ്സ്കയയുടെ ബൃഹദ് നോവലായ ‘ദ ബിഗ് ഗ്രീൻ ടെൻറ്' ആരംഭിക്കുന്നത്. ഈ കൃതിയുടെ ആന്തരികസത്തയിലേക്കുള്ള കൃത്യമായ പ്രവേശികയാണത്. ദസ്തയെവ്സ്കി ടോൾസ്റ്റോയ് പ്രഭൃതികളുടെ ആഖ്യാനപാരമ്പര്യത്തിന്റെ തുടർച്ചയായിരിക്കുമ്പോഴും, തന്റെ ദേശത്തിന്റെ വിമോചനത്തിൽ വിധിനിർണായകമായ ജനതയുടെ രാഷ്ട്രീയപരമായ ഉണർവ്വിന് ഭാഷ്യം നൽകുന്നതിനാൽ അവരുടെ കൃതികളുമായി പ്രമേയതലത്തിലുള്ള വിടർച്ച ഉളിറ്റ്സ്കയയുടെ നോവലിൽ പ്രകടമാണ്. അത്തരുണത്തിൽ നോക്കിയാൽ അവർ റഷ്യൻ നോവൽചരിത്രത്തിൽ ബോറിസ് പാസ്റ്റർനാക്കിന്റെ രാഷ്ട്രീയ പിന്തുടർച്ചക്കാരിയാണെന്നത് നിസ്തർക്കമാണ്.
സ്റ്റാലിന്റെ മരണാനന്തരം, സോവിയറ്റ് രാഷ്ട്രത്തെ ശീതയുദ്ധകാലത്തിന്റെ നാളുകളിലൂടെ, ഇരുമ്പുമറ (iron curtain) തകർന്നുവീഴുന്ന ഘട്ടം വരെ, പ്രധാനമായും ഇല്യ, മിഖ, സാനിയ എന്നീ മൂന്നു ഉറ്റചങ്ങാതിമാരായ മോസ്കോനഗരവാസികളുടെ ജീവിതപശ്ചാത്തലത്തിലൂടെ അടയാളപ്പെടുത്തുകയാണ് ഈ നോവൽ. അവർക്ക് സമാന്തരമായി ഓൾഗ, ഗാല്യ, തമാര എന്നീ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെയും സാന്നിധ്യമുണ്ട്. സോവിയറ്റ് വിമതരുടെ നഷ്ടകാലത്തിലേക്ക് നമ്മെ ആനയിക്കുന്ന കൃതിയാണിതെന്നു പറയാം.
റഷ്യൻ ധർമ്മസങ്കടങ്ങൾ
റേഡിയോയിലൂടെ സ്റ്റാലിന്റെ ചരമവാർത്ത കേൾക്കുന്ന തമാര, അവളുടെ അമ്മ, അമ്മൂമ്മ എന്നിവരിൽ തുടങ്ങി ഒട്ടനേകം കഥാപാത്രങ്ങളിലൂടെ സ്റ്റാലിനനന്തര സോവിയറ്റ് ദേശത്തിന്റെ രാഷ്ട്രീയവും സാസ്കാരികവുമായ പരിണതികളെ, ഐതിഹാസികമാനങ്ങളിലേക്കുയരുന്ന വിപുലമായ ജീവിതസഞ്ചയങ്ങളിലൂടെ അനാവൃതമാക്കുകയാണ് നോവലിസ്റ്റ്. സ്റ്റാലിന്റെ മരണവാർത്ത കേട്ട് പാർട്ടിയുടെ ഔദ്യോഗികപക്ഷത്തുള്ള ഓൾഗയുടെ അമ്മ, ‘നമുക്ക് ദൗർഭാഗ്യം സംഭവിച്ചിരിക്കുന്നു’ എന്ന് പ്രതികരിക്കുമ്പോൾ; തമാരയുടെ അമ്മൂമ്മ 'ബിഗ് എസ്' മരിച്ചത് ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. അമ്മൂമ്മ കൊച്ചുമകളോട് മധുര പലഹാരം വാങ്ങിവരാൻ പറയുന്നു- സ്റ്റാലിൻ മരിച്ചിരിക്കുന്നു! (അക്കാലത്ത് സ്റ്റാലിനെയും ലെനിനെയും കുറിച്ച് പറയാൻ ചില രഹസ്യപദങ്ങളാണ് അവരുപയോഗിച്ചിരുന്നത്).
സ്റ്റാലിൻ മരിച്ചപ്പോൾ ഒരു കഥാപാത്രം മറ്റൊരാൾക്ക് ഉറപ്പുനൽകുന്നതിങ്ങനെയാണ്: ‘വിഷമിക്കരുത്, കാര്യങ്ങൾ ഇപ്പോഴത്തേക്കാളും ഒട്ടുമധികം ഇനി വഷളാകാനില്ല’.
എന്നാൽ, രാഷ്ട്രീയമായ തേർവാഴ്ച്ചയും സ്റ്റാലിന്റെ അന്ത്യത്തോടൊപ്പം അവസാനിക്കുമെന്ന് പ്രത്യാശിച്ച റഷ്യൻ ജനതയ്ക്ക് തെറ്റുപറ്റി. സ്റ്റാലിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിനേതാക്കളുടെ സംയുക്തനേതൃത്വം ഹ്രസ്വകാലത്തേക്ക് ക്രെംലിന്റെ സാരഥ്യമേറ്റെടുത്തെങ്കിലും താമസിയാതെ ക്രൂഷ്ചേവ് അധികാരം കൈക്കലാക്കി. സ്റ്റാലിനനന്തര സോവിയറ്റ് നാട്ടിൽ പുതിയൊരു യുഗം പിറന്നു.

ക്രൂഷ്ചേവ് ഡി- സ്റ്റാലിനൈസേഷൻ പ്രക്രിയ ആരംഭിച്ചതോടെ ജനതയിൽ പ്രത്യാശയുടെ നാമ്പുകൾ തളിർത്തു. പക്ഷേ, അധികം താമസിയാതെ കെ.ജി.ബിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂനിയൻ ഒരു സർവെയ്ലൻസ് സ്റ്റേറ്റായി മാറി. തുടർന്ന് റഷ്യൻ സമൂഹത്തിൽ അരങ്ങേറിയ വിമതവേട്ടയും ഭരണകൂട സെൻസർഷിപ്പും, അതിനെതിരെ നിലകൊണ്ട വിധ്വംസകശേഷിയുള്ള അണ്ടർഗ്രൗണ്ട് കലയുടെയും സാഹിത്യത്തിന്റെയും പ്രതിരോധസന്നാഹങ്ങളും കൊണ്ട് സംഭ വബഹുലമാണ് ഈ നോവൽ. ഭരണകൂടത്തിന്റെ നിരീക്ഷണസംവിധാനങ്ങളും അത് മുന്നോട്ടുവെച്ച 'സോവിയറ്റ് ആദർശങ്ങൾ' പിന്തുടർന്ന് ജീവിതം ക്രമപ്പെടുത്താനുള്ള നിർബന്ധങ്ങളുമൊക്കെച്ചേർന്ന് നിത്യജീവിതം വീണ്ടും നരകതുല്യമായിത്തുടർന്നു.
തങ്ങളുടെ സമൂഹം ഭയത്താലും സംശയങ്ങളാലും ഗ്രസിക്കപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞുവെന്ന യാഥാർത്ഥ്യം ഉൾതാപത്തോടെ റഷ്യൻ ജനത തിരിച്ചറിയുന്നുണ്ട്. ഇവിടെ ആര് എപ്പോൾ നിങ്ങളെ തുണയ്ക്കുമെന്നോ തള്ളിപ്പറയുമെന്നോ അധികാരികൾക്ക് ഒറ്റിക്കൊടുക്കുമെന്നോ പറയുക അസാധ്യം. അല്ലെങ്കിൽ, ഈ റോളുകളൊക്കെ എങ്ങനെ മാറിമറിഞ്ഞേക്കുമെന്ന് അവർക്ക് ഊഹിക്കാൻ പോലുമാകുമായിരുന്നില്ല.
ഭയത്തിന്റെ സ്ഥാപനവത്ക്കരണത്തിലൂടെയും പൊതുസമൂഹത്തിൽ ചാരന്മാരെ വിന്യസിച്ചും മനുഷ്യബന്ധങ്ങളിലും സൗഹൃദങ്ങളിലും കുടിലബുദ്ധിയോടെ കടന്നുകയറി മനുഷ്യരുടെ പരസ്പരവിശ്വാസത്തിൽ വിള്ളലുകളുണ്ടാക്കിയുമാണ് അക്കാലത്ത് KGB പ്രവർത്തിച്ചിരുന്നത്. വിമതചിന്തകൾ കൊണ്ടുനടക്കുന്നവരെ തെരഞ്ഞുപിടിച്ച് നിർബന്ധിതമായി മനോരോഗ ചികിത്സാലയങ്ങളിലയക്കുകപോലും പതിവായിരുന്നു.
സ്റ്റാലിന്റെ അന്ത്യത്തിനുതൊട്ടുമുമ്പുള്ള കാലം മുതൽ സോവിയറ്റ് യൂനിയന്റെ പതനം വരെയുള്ള കാലത്തെ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ അധ്യായങ്ങളെ, മാറിയ സാമൂഹ്യ- രാഷ്ട്രീയ പരിതോവസ്ഥയിൽ, ഒട്ടനവധി കഥപാത്രങ്ങളിലുടെ അവതീർണ്ണമാക്കുകയാണ് നോവലിസ്റ്റ്.
1964-ൽ ബ്രഷ്നേവ് അധികാരത്തിലേറി. അക്കാലത്ത് ഒട്ടനവധി മനുഷ്യരെ ഐക്യപ്പെടുത്തിയ ഘടകം സ്റ്റാലിനിസത്തോടുള്ള വെറുപ്പായിരുന്നു. ക്രൂഷ്ചേവിന്റെ കാലത്തെ രക്തദാഹികളായ ഉദ്യോഗസ്ഥവൃന്ദത്തിനുപകരം മറ്റൊരു കൂട്ടർ വന്നു. അവരുടെ ബൗദ്ധികമായ ശേഷിക്കുറവിന്റെ പ്രതിഫലനം രാജ്യത്താകമാനമുണ്ടായി. ശാസ്ത്രസ്ഥാപനങ്ങളിലും മറ്റും ‘അല്പബുദ്ധികൾ’ മേഞ്ഞുനടന്നു. സാംസ്കാരികമേഖല ജഡസമാനമായി. ധൈഷണികമായ ഔന്നത്യം പുലർത്തിയ ന്യൂനപക്ഷമാകട്ടെ അധികാരത്തിന്റെ പുതിയ ശ്രേണീഘടനയുടെ പുറത്തായി. അവർ ക്രമേണ വായനയുടെ ലഹരിയിൽ സ്വയം നഷ്ടപ്പെട്ടു. അതൊരു ന്യൂറോസിസായി മാറിയെന്നുതന്നെ പറയേണ്ടിവരും. അവരുടെ കാര്യത്തിൽ വായനയെന്നത് ജീവിത്തിനു പകരംനിന്നു.
സ്റ്റാലിന്റെ അന്ത്യത്തിനുതൊട്ടുമുമ്പുള്ള കാലം മുതൽ സോവിയറ്റ് യൂനിയന്റെ പതനം വരെയുള്ള കാലത്തെ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ അധ്യായങ്ങളെ, മാറിയ സാമൂഹ്യ- രാഷ്ട്രീയ പരിതോവസ്ഥയിൽ, ഒട്ടനവധി കഥപാത്രങ്ങളിലുടെ അവതീർണ്ണമാക്കുകയാണ് നോവലിസ്റ്റ്. ഫോട്ടോഗ്രഫിയോട് കലശലായ ഭ്രമമുണ്ടായിരുന്ന ഇല്യയുടെയും കവിയായ മിഖയുടെയും സംഗീതജ്ഞനായ സാന്യയുടെയും അവരുടെ പ്രണയിനിമാരുടെയും സംഭവബഹുലമായ ജീവിതത്തിലെ ഏറ്റിറക്കങ്ങളാണ്, അവരുടെ രാഷ്ട്രത്തിന്റെ ചരിത്രസന്ധിയുടെ പശ്ചാത്തലത്തിൽ, നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
ബാല്യകാലം മുതലേ ചങ്ങാതിമാരായിരുന്ന അവർ 'ട്രയാനൻ' എന്നാണ് സ്വയം വിശേഷിപിച്ചിരുന്നത്. റഷ്യൻ സാഹിത്യത്തോടും കലയോടുമുള്ള ഉൽക്കടമായ അഭിനിവേശമാണ് ഇവരുടെ ഉറ്റസൗഹൃദത്തിന്റെ കാതൽ. ആ സവിശേഷ ബന്ധത്തിന്റെ ഇഴകൾ പാകിയാണ് നോവലിന്റെ വൈകാരിക ചട്ടക്കൂട് നോവലിസ്റ്റ് നിർമ്മിച്ചെടുക്കുന്നത്. മുതിരുന്നതോടെ വ്യക്തിജീവിതത്തിലെയും സാമൂഹ്യ ജീവിതത്തിലെയും സംത്രാസങ്ങളിൽപെട്ടുഴറിയ അവർക്ക് പരസ്പരം അകന്നുപോകേണ്ടിയും വരുന്നുണ്ട്.
1953- ൽ സ്റ്റാലിന്റെ മരണം മൂന്ന് പ്രധാന കഥപാത്രങ്ങളായ തമാര, ഓൾഗ, ഗാല്യ എന്നീ പെൺകുട്ടികളുടെ ജീവിതത്തിൽ നിർണ്ണായകമായത് എങ്ങനെയെന്ന് ആരംഭത്തിൽതന്നെ സൂചിതമാകുന്നുണ്ട്. നോവലിൽ അവരുടെ ജീവിതം കെട്ടുപിണഞ്ഞുകിടക്കുന്നു. പല മുഖ്യ കഥാപാത്രങ്ങളുടെയും ജീവിതാന്ത്യത്തിൽനിന്ന് ആഖ്യാനം പിന്നെയും അവരുടെ പൂർവ്വകാലത്തേക്ക് മടങ്ങുന്നു. ഒരിക്കലും വേർപിരിയാനാകില്ലെന്നു കരുതിയ കൂട്ടുകാർ അവരവരുടേതായ വഴികളിലൂടെ സ്വന്തം ലോകങ്ങളിലേക്ക് മാറി സഞ്ചരിക്കുന്നു.

മോസ്കോ നിവർത്തിയിട്ട സാഹിത്യഭൂപടം
സോവിയറ്റ്നാടിനെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ ഭൂചലനങ്ങളുടെ എപ്പിസെൻ്റർ (ഇടക്കാലത്തെ ലെനിൻഗ്രാഡ് അഥവാ സെൻ്റ്പീറ്റേഴ്സ്ബെർഗ് ഒഴിച്ചുനിർത്തിയാൽ) എക്കാലവും മോസ്ക്കോ നഗരം തന്നെയായിരുന്നു. മോസ്കോയുടെ ഗതകാലത്തെ പലവിതാനങ്ങളിൽ ശോഭായമാനമാക്കിയ റഷ്യൻ സാഹിത്യകാരന്മാർ ഈ ആഖ്യായികയിലെ പ്രധാന കഥാപാത്രങ്ങളുടെയൊക്കെ ഇരുണ്ട ജീവിതപഥങ്ങളിൽ വഴിവെളിച്ചംപോലെ നിറഞ്ഞു നിൽപ്പുണ്ട്.
സാഹിത്യത്തോട് അഗാധമായ അഭിനിവേശം പുലർത്തുന്നവരാണ് നോവലിലെ പല കഥാപത്രങ്ങളും. അധ്യാപകനായ വിക്റ്റർ യൂലീവിച്ചിന്റെ നേതൃത്വത്തിൽ മിഖ, ഇല്യ, സാനിയ എന്നീ സുഹൃത്തുക്കൾ ചേർന്ന് LORL (Lovers of Russian Literature) എന്നൊരു കൂട്ടായ്മയ്ക്ക് രൂപം നൽകുന്നു. അവർ മോസ്കോ നഗത്തിന്റെ സന്തതികളായിരുന്നു. തങ്ങളുടെ അതിജീവനത്തിനുതകുന്ന ഒരേയൊരുപാധി സാഹിത്യം മാത്രമാണെന്ന് വിക്റ്റർ തന്റെ വിദ്യാർത്ഥികളെ ഓർമപ്പെടുത്തുന്നുണ്ട്. അവരുടെ സാഹിത്യാധ്യാപകനായ വിക്റ്റർ യൂലിയേവിച്ച് തങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത് എന്തെന്ന് പാതി ക്ലാസിനും ഗ്രഹിക്കാനായില്ല, മറുപാതിയാകട്ടെ അയാളുടെ ഓരോ വാക്കിനും ചെവിയോർത്തു. സാഹിത്യാഭിനിവേശം ഈ നോവൽശരീരത്തിന്റെ സുഷുമ്നാനാഡിയാണെന്നുതന്നെ പറയാം. മിക്ക കഥപാത്രങ്ങളും റഷ്യൻ സാഹിത്യത്തെയും എഴുത്തുകാരെയും നെഞ്ചേറ്റിനടക്കുന്നവരാണ്.
സ്വന്തം ദേശം സമഗ്രാധിപത്യത്തിന്റെയും വിമതവേട്ടയുടെയും ദുർദശകളിലൂടെ കടന്നുപോകുമ്പോൾ തങ്ങളുൾപ്പെടുന്ന കാലസന്ധിയോട് അവർക്കുളള ആഭിമുഖ്യത്തിന്റെ ഒരേയൊരു കാരണവും ഉജ്ജ്വലമായ റഷ്യൻ സാഹിത്യം തന്നെയായിരുന്നു. സാഹിത്യത്തോടുള്ള അവരുടെ കലശലായ പ്രേമത്തിന്റെ മറുപുറമായിരുന്നു സ്റ്റാലിനിസത്തോടുള്ള അവരുടെ കടുത്ത വെറുപ്പ്.
ബുധനാഴ്ചകളിൽ വിക്റ്റർ യൂലിയേവിച്ച് LORL എന്ന കൂട്ടായ്മയ്ക്കൊപ്പം മോസ്കോ നഗരം ചുറ്റുമായിരുന്നു. മിഖ, ഇല്യ, സാനിയ എന്നീ ഉറ്റചങ്ങാതിമാരുടെ സ്കൂളിൽ പുതിയതായി വന്ന അധ്യാപകനായ വിക്റ്റർ അവരുടെ വിമോചന സ്വപ്നങ്ങളെ ജ്വലിപ്പിച്ചു. നാം ജീവിക്കുന്നത് പ്രകൃതിയിലല്ല, ചരിത്രത്തിലാണ്- പുഷ്കിനും പാസ്റ്റർനാക്കും നടന്നുപോയ മോസ്ക്കോ തെരുവിലൂടെ നടക്കുമ്പോൾ വിക്റ്റർ അവരോട് പറയുമായിരുന്നു.
മോസ്കോ നഗരം അവരുടെ ഭാവനയ്ക്കും വിമോചനസ്വപ്നങ്ങൾക്കും ചിറകുവിരുത്താനുള്ള ഇടം മാത്രമായിരുന്നില്ല; സ്റ്റേറ്റിന്റെ സൃഷ്ടിയായ പാരനോയിയയിൽ അമർന്നുപോയ നഗരം കൂടിയായിരുന്നു. അതിൽനിന്ന് സ്വയം രക്ഷപ്പെടാൻ അവർ നഗരത്തിന്റെ അധോതലങ്ങളെ സ്റ്റേറ്റിന്റെ മർദ്ദകസംവിധാനങ്ങൾക്കെതിരായ വിധ്വംസകസങ്കേതങ്ങളാക്കി മാറ്റി.
ഉജ്ജ്വലമായ റഷ്യൻ സാഹിത്യത്തിന്റെ കനൽത്താരയിലേക്ക് അയാൾ തന്റെ വിദ്യാർത്ഥികളെ നയിച്ചു. മാന്ത്രികമായ പുല്ലാങ്കുഴൽ വാദനവുമായി മറ്റൊരു പൈഡ്പൈപ്പർ അവരെ ദരിദ്രവും അഭിശപ്തവുമായ ദേശകാലങ്ങളിൽ നിന്ന് മോചിപ്പിച്ച് സാഹിത്യവും സംഗീതവും മറ്റു കലകളും പുഷ്ക്കലമാകുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു ലോകത്തിലേക്ക് അവരെ നയിക്കുന്നതുപോലെയായിരുന്നു അത്.
എന്നാൽ അത് കേവലമായ കാൽപ്പനിക സ്വപ്നാടനമായിരുന്നില്ല. സ്റ്റാലിന്റെ കലക്ടിവൈസേഷൻ നയങ്ങൾ റഷ്യൻ ജനതയെ ദുരിതക്കയത്തിലാഴ്ത്തിയതാണ് ഒസിപ് മാൻഡൽസ്റ്റാം എന്ന കവിയെ പ്രകോപിതനാക്കിയതെങ്കിൽ, തുടർന്നുവന്ന മെലങ്കോവിന്റെയും ക്രൂഷ്ചേവിന്റെയും നേതൃത്വത്തിലുള്ള ഭരണകൂടങ്ങളുടെ മർദകനയങ്ങളും വിമതവേട്ടകളുമാണ് മൂവർ സംഘത്തെ വിമതകൂടാരത്തിലെത്തിച്ചത്.
അവർ നടന്നുപോയത് മോസ്കോനഗരം നിവർത്തിയിട്ട സാഹിത്യഭൂപടത്തിലൂടെയായിരുന്നു. ജെൻട്രിക്കോവ് ലെയ്നിലെത്തുമ്പോൾ അവർ സമീപത്തെ കെട്ടിടത്തിന്റെ മുറ്റത്തേക്ക് നോക്കി നിൽക്കും. അവിടെ വെച്ചാണ് മയക്കോവ്സ്ക്കി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതെന്ന് മറ്റു പല മോസ്കോ നിവാസികളെയും പോലെ അവരും തെറ്റായി വിശ്വസിച്ചു. കുറച്ചുകൂടി നടന്നാൽ യോഗെലിന്റെ നൃത്തക്ലാസുകൾ നടക്കുന്നിടണെത്തും. അവിടെ വെച്ചാണ് മഹാകവി അലക്സാണ്ടർ പുഷ്കിൻ, പിൽക്കാലത്ത് തന്റെ ഭാര്യയായ, നടാലിയ എന്ന യുവസുന്ദരിയെ ആദ്യമായി കണ്ടുമുട്ടിയത്.
പുഷ്കിൻ സ്ക്വയറിൽനിന്ന് അവർ ഒരു കാലത്ത് മരിയ സ്വെറ്റേവയും ലെർമൻ്റേവും താമസിച്ചിരുന്ന വീടുകളുടെ ഭാഗത്തെ തെതുവുകളിലേക്ക് നടക്കും. ആ നടത്തങ്ങൾ അവരെ നയിച്ചത് മോസ്കോയുടെ അധോതലങ്ങളിലേക്കായിരുന്നു. എന്തെന്നാൽ മോസ്കോ നഗരം അവരുടെ ഭാവനയ്ക്കും വിമോചനസ്വപ്നങ്ങൾക്കും ചിറകുവിരുത്താനുള്ള ഇടം മാത്രമായിരുന്നില്ല; സ്റ്റേറ്റിന്റെ സൃഷ്ടിയായ പാരനോയിയയിൽ അമർന്നുപോയ നഗരം കൂടിയായിരുന്നു. അതിൽനിന്ന് സ്വയം രക്ഷപ്പെടാൻ അവർ നഗരത്തിന്റെ അധോതലങ്ങളെ സ്റ്റേറ്റിന്റെ മർദ്ദകസംവിധാനങ്ങൾക്കെതിരായ വിധ്വംസകസങ്കേതങ്ങളാക്കി മാറ്റി. ഭരണകൂടവിരുദ്ധ കവിതകൾ വായിച്ചും നിരോധിക്കപ്പെട്ട പുസ്തകങ്ങൾ പ്രചരിപ്പിച്ചും അവർ ഒരു സമാന്തരലോകം പണിതുയർത്തി.

തങ്ങളുടെ ജീവിതത്തെ പൊതിഞ്ഞുനിൽക്കുന്ന റഷ്യൻ സംസ്കാര കംബളത്തിന്റെ ഓരോ നൂലിഴയോടും ബന്ധിതനായ മനുഷ്യനായിരുന്നു വിക്റ്റർ. തന്റെ ജ്ഞാനം അയാൾ തന്റെ വിദ്യാർത്ഥികൾക്കും പകർന്നുനൽകി. ചില വിഷയങ്ങളിലെ തന്റെ പരാധീനത ബോധ്യപ്പെട്ടപ്പോൾ അയാൾ അത്തരം വിഷയങ്ങളിൽ ബൗദ്ധികമായി കൂടുതൽ മുഴുകി. തന്റെ കൈവശമുള്ള പുസ്തകശേഖരം തീർന്നപ്പോൾ അയാൾ ടോൾസ്റ്റോയിയുടേതുൾപ്പടെയുള്ള റഷ്യൻ ക്ലാസിക്കുകളിലേക്ക് മടങ്ങിപ്പോയി. തന്റെ വിദ്യാർത്ഥികളുടെ കൗമാരയൗവ്വനങ്ങളെ ആഴത്തിലറിയാനായിരുന്നു അയാളുടെ ശ്രമം. റഷ്യൻ സാഹിത്യത്തിന്റെ വൻകരയിലുടെയുള്ള സഞ്ചാരമായിരുന്നു അയാൾ മുന്നോട്ടുവെച്ച ഉദ്ബോധനവിദ്യ. ഇല്യയും സാനിയയയും മിഖയും അയാൾ നയിച്ച പാതയിലൂടെ ആവേശഭരിതരായി മുന്നോട്ടുപോയി.
സാഹിത്യകൃതികളുടെ പാരായണത്തിലൂടെ മനുഷ്യാവസ്ഥയുടെ വൈചിത്ര്യങ്ങളും വിഭിന്ന ജീവിതസന്ദർഭങ്ങളിലെ എണ്ണമറ്റ മനുഷ്യവികാരങ്ങളും അവർ പരിചയിച്ചു. അതിലൂടെ അവർ പിൽക്കാലജീവിത്തിലേക്കുവേണ്ട കരുത്ത് ആർജ്ജിക്കുകയായിരുന്നു. തങ്ങളുടെ ദേശത്തിന്റെ ഒരു സവിശേഷ കാലഘട്ടത്തിന്റെ രൂപപ്പെടലിൽ താന്താങ്ങളുടെ പങ്ക് ഏറ്റെടുക്കാനുള്ള ഊർജ്ജം അവരിലേക്ക് സംക്രമിക്കുകയായിരുന്നു. അതായിരുന്നു അധ്യാപകനായ വിക്റ്ററിന്റെ നിയോഗം. ഒരിക്കൽ ഗോർക്കി സ്ടീറ്റിൽ വെച്ച് അയാൾ അവരോടു പറഞ്ഞു: 'സാഹിത്യം, അതു മാത്രമേ നമ്മ അതിജീവിക്കാൻ പ്രാപ്തരാക്കൂ. നാം ജീവിക്കുന്ന കാലത്തോട് സന്ധിചെയ്യാൻ അതു മാത്രമേ നമുക്ക് ഉതകുകയുള്ളൂ’.
‘ഡോക്ടർ ഷിവാഗൊ’യുടെ കയ്യെഴുത്തു പ്രതികൾ റഷ്യയിൽനിന്ന് കടത്താനും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കാരമുള്ള ശ്രമങ്ങളെ നോവൽ പരാമർശിക്കുന്നുണ്ട്. പാസ്റ്റർനാക്കിന് നോബൽ പുരസ്കാരം ലഭിച്ചത് റഷ്യൻ ഭരണകൂടത്തെ അത്യധികം കുപിതരാക്കിയിരുന്നുവല്ലൊ.
‘സാമിസ്ഡാറ്റ്’ സാഹിത്യവും
വിമതവേട്ടകളും
സ്വന്തം ദേശത്തിന്റെ ചരിത്രത്തോടും സാംസ്കാരിക സത്തയോടും ആബദ്ധരായ, അതിന്റെ രാഷ്ട്രീയ പരിണതികളിൽ രോഷം പൂണ്ട് വിധ്വംസക വ്യക്തിത്വങ്ങളായി മാറേണ്ടിവന്നവരാണ് ഈ നോവലിലെ പല കഥാപാത്രങ്ങളും. അവരിൽ പലരും സാമിസ്ഡാറ്റ് (Samizdat) - നിരോധിക്കപ്പെട്ട- പുസ്തകങ്ങൾ രഹസ്യമായി വിതരണം ചെയ്യുന്നു. രഹസ്യമായി കൃതികളുടെ പതിപ്പുകളുണ്ടാക്കി ഒളിച്ചു കടത്തുന്നു.
കഥാനായകരിലൊരാളായ ഇല്യ ഒരു അധോതല പുസ്തകവിൽപ്പനക്കാരനായി മാറുന്നുണ്ട്. പിന്നീട് ഇല്യയും മിഖയും ചേർന്ന് ‘ഹമയോൻ’ എന്ന അണ്ടർഗ്രൗണ്ട് മാസിക പുറത്തിറക്കുന്നുണ്ട്. സോവിയറ്റനന്തര പ്രതിഷേധ സാഹിത്യത്തിന്റെ പ്രോദ്ഘാടകനെന്നു വിശേഷിപ്പിക്കാവുന്ന എഡ്വേർഡ് ലിമനോവിന്റെ കൃതികൾക്ക് അവർ വൻപ്രചാരം തന്നെ നൽകി. സോൾഷിനിറ്റ്സിന്റെ ‘ദ ഗുലാഗ് ആർക്കിപെലാഗോ' യും അണ്ടർഗ്രൗണ്ട് അച്ചടിശാലകൾ വഴി വായനക്കാരുടെ കൈകളിലെത്തിച്ചേർന്നു.
റഷ്യക്കാർ അവരുടെ രാജ്യത്തെ നിരോധിക്കപ്പെട്ട എഴുത്തുകാരെ മാത്രമല്ല, ലോകമെമ്പാടുമുള്ള അത്തരം എഴുത്തുകാരെയും സാമിസ്ഡാറ്റ് വഴി വായിച്ചുതുടങ്ങി.
പാസ്റ്റർനാക്കിന്റെ ‘ഡോക്ടർ ഷിവാഗോ'യുടെ ആദ്യ വായനക്കാരിലൊരാൾ അധ്യാപകനായ വിക്റ്റർ യൂലിവിച്ചായിരുന്നു. ടൈപ്പു ചെയ്ത രൂപത്തിലുള്ള നോവൽ അയാൾക്ക് സമ്മാനിച്ചത് അയാളുടെ വിദ്യാർത്ഥികളിലൊരുവളും. അവളുടെ അമ്മൂമ്മ പാസ്റ്റർനാക്കിന്റെ ടൈപ്പിസ്റ്റായിരുന്നു. അങ്ങനത്തെ ഒരൊറ്റ പുസ്തകം മതി, മനുഷ്യജീവിതത്തിന്റെ ഭാഗധേയം മാറ്റിമറിക്കാനെന്ന് വിക്റ്റർ അവളോട് പറയുന്നുണ്ട്. ആ പുസ്തകം സമ്മാനിച്ചതിന് താൻ ജീവിതാന്ത്യംവരെ അവളോട് കടപ്പെട്ടിരിക്കുന്നു. വിക്റ്റർ പിന്നീട് വിവാഹം കഴിക്കുന്നതും അവളെത്തന്നെയാണ്.
‘ഡോക്ടർ ഷിവാഗൊ’യുടെ കയ്യെഴുത്തു പ്രതികൾ റഷ്യയിൽനിന്ന് കടത്താനും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കാരമുള്ള ശ്രമങ്ങളെ നോവൽ പരാമർശിക്കുന്നുണ്ട്. പാസ്റ്റർനാക്കിന് നോബൽ പുരസ്കാരം ലഭിച്ചത് റഷ്യൻ ഭരണകൂടത്തെ അത്യധികം കുപിതരാക്കിയിരുന്നുവല്ലൊ. നബോക്കോവ് പോലും അവരുടെ എതിരാളിയായി ചിത്രീകരിക്കപ്പെട്ടു. കവി ജോസഫ് ബ്രോഡ്സ്കി സ്വതന്ത്രരചനകുടെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടു. ഇരുവരുടെയും ഒളിച്ചുകടത്തപ്പെട്ട കൃതികൾ അക്കാലത്ത് പാശ്ചാത്യരാജ്യങ്ങളിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
വിമത എഴുത്തുകാരും കലാകാരന്മാരും അണ്ടർഗ്രൗണ്ടിൽ പ്രവർത്തനം തുടർന്ന കാലത്ത് അവരെ തുണയ്ക്കാൻ പല സ്ത്രീകളും നിർഭയം മുന്നോട്ടുവന്നു. സോൾഷിനിറ്റ്സിന്റെ ഗുലാഗ് ആർക്കിപെലാഗോ ഉൾപ്പെടെയുള്ള സാമിസ്ഡാറ്റ് സാഹിത്യകൃതികളുടെ ടൈപ്പിംഗും മറ്റും നിർവ്വഹിച്ചത് സ്ത്രീകളായിരുന്നു. അവർക്കെതിരായി ഭരണകൂടത്തിന്റെ ഭീകര തേർവാഴ്ച്ച പലവിധത്തിൽ അരങ്ങേറി. വിമതസ്വഭാവമുള്ളതും നിരോധിക്കപ്പെട്ടതുമായ പുസ്തകങ്ങൾക്കായി വിമതരുടെയും വിമതരെന്ന് സംശയിക്കപ്പെടുന്നവരുടെയും വീടുകൾ രഹസ്യപ്പൊലീസ് അരിച്ചുപെറുക്കി. പലരും തുറുങ്കിലടക്കപ്പെട്ടു. ചിലരെ നാടുകടത്തി. അക്കാലത്തെ കിരാതനടപടികൾ പലരെയും ആതമഹതയിലേക്ക് നയിച്ചു. എങ്കിലും വിമതരുടെ അതിജീവനത്വര അസാധാരണമായിരുന്നു.

പിൽക്കാലത്ത്, ഇല്യ നിരോധിക്കപ്പെട്ടതോ സെൻസർ ചെയ്യപ്പെട്ടതോ ആയ പുസ്തകങ്ങളുടെ അണ്ടർഗ്രൗണ്ടിലേക്കാണ് സ്വയം സമർപ്പിക്കുന്നത്. പിന്നീട് മിഖയും അതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. കൈക്ക് പരിക്കുപറ്റിയ ശേഷം സംഗീതവുമായി ബന്ധപ്പെട്ട സൈദ്ധാന്തികപഠനം തുടരുകയാണ് സാന്യ. സോവിയറ്റ് യൂണിയൻ ഒരു സർവൈലൻസ് സ്റ്റേറ്റായിരുന്ന അക്കാലത്ത് KGB ചാരന്മാർ പ്രച്ഛന്ന വേഷങ്ങളിൽ അവർക്കിടയിലുണ്ടായിരുന്നു. ഈ നോവലിലെ കഥാപാത്രങ്ങളുടെ ജീവിതഗതിയെ പാളം തെറ്റിക്കുന്നത് അവർ, കെ ജി ബിയുടെ നോട്ടപ്പുള്ളികളാകുന്നതോടെയാണ്. കവി ജോസഫ് ബ്രോഡ്സ്കി അമേരിക്കയിൽ അഭയം പ്രാപിക്കുന്നത് KGB- യുടെ നിരന്തര പീഢനത്തെആടർന്നാണ്.
അറസ്റ്റിലായ എഴുത്തുകാരൻ യൂലി ഡാനിയേലിന്റെ നിരോധിക്കപ്പെട്ട കൃതി കൈവശം വെച്ചതിനാണ് മിഖയെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നത്. പിന്നീട് അയാൾ ഇല്യയുടെ സംഘത്തിനൊപ്പം നിയമവിരുദ്ധമായ മാസികകൾക്ക് രൂപം കൊടുക്കുന്നു.
കൈക്ക് പരിക്കേറ്റതിനാൽ സംഗീതത്തിന്റെ സൈദ്ധാന്തികപാഠത്തിൽ മുഴുകിയിരുന്ന കാലത്ത് ഒരു ശരിയായ ഗുരുവിനെ കണ്ടെത്തുക എന്നാൽ പുനർജനിക്കുക എന്നാണർത്ഥമെന്ന് സാനിയ വിചാരപ്പെടുന്ന ഒരു സന്ദർഭമുണ്ട്. അത് യൂറി ആന്ദേവിച്ച് കൊളോസൊ എന്ന സംഗീതാധ്യാപകനായിരുന്നു. സംഗീതവിദ്യാർത്ഥികൾ അദ്ദേഹത്തെ ആരാധിച്ചുവെങ്കിലും അധികാരികൾ അയാളെ സംശയദൃഷ്ടിയോടെ മാത്രം കണ്ടു; അയാളിൽ ഒരു സോവിയറ്റ് വിരുദ്ധനുണ്ടെന്ന് അവർക്ക് തോന്നി.
1968- ൽ ഓപ്പറേഷൻ ഡാന്യൂബ് എന്നു വിളിക്കപ്പെട്ട ചെക്കോസ്ലോവാക്യയിലെ റഷ്യൻ അധിനവേശത്തിന്റെ ഭാഗമായി പ്രാഗിലൂടെ റഷ്യൻ ടാങ്കുകൾ നീങ്ങിത്തുടങ്ങിയത് മിഖയെയും വിമതസംഘത്തെയും തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. മിഖയുടെ സുഹൃത്തുക്കൾ പലരെയും KGB അറസ്റ്റുചെയ്ത് തുറുങ്കിലടച്ചു; പലരും പിന്നീട് തിരിച്ചെത്തിയില്ല, എഡിക് അവരിലൊരാളായിരുന്നു.
റഷ്യൻ കലയും സാഹിത്യവും എപ്രകാരമാണ് ഭരണകൂട പ്രൊപ്പഗാൻഡകളെ തകർക്കാനും സത്യം വിളിച്ചുപറയാനും നിരന്തരം യത്നിക്കുന്നതെന്ന് നോവലിലുടനീളം ലുഡ്മില കാട്ടിത്തരുന്നുണ്ട്.
എലിന അലക്സീവ്നയുടെ വീട്ടിൽ നിന്ന് KGB കണ്ടെത്തിയത് ബുദ്ധപ്രതിമയും ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളുടെ പകർപ്പുകളും ജപമാലകളുമായിരുന്നു. ആ രചനകളൊക്കെ അജ്ഞാത ഭാഷയിലുള്ള ആൻ്റിസോവിയറ്റ് സാഹിത്യമായി ധരിച്ചുവശായ അവർ ഏതു ഭാഷയിലാണ് അവയൊക്കെയും എഴുതിയിരിക്കുന്നത് എന്ന അന്വേഷണത്തിലാണ്. തന്റെ കയ്യിലുള്ള രേഖകൾ ഏഴാം നൂറ്റാണ്ടിലേതാണെന്നും, താൻ ഒരു ബുദ്ധിസ്റ്റ് സ്കോളറാണെന്നും പൗരസ്ത്യപഠനം നടത്തുന്നയാളാണെന്നുമൊക്കെ അവൾ വിശദീകരിക്കുന്നുണ്ട്. താൻ കൂടുതലും ഉപയോഗിക്കുന്ന രണ്ടു ഭാഷകൾ സംസ്കൃതവും ടിബറ്റനുമൊക്കെയാണെന്ന് അവൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
എഡിക് മിയയെക്കുറിച്ച് വിവരം നൽകിയെന്നു പറഞ്ഞ് KGB മിഖയ്ക്ക് സമൻസയച്ചിരിക്കുന്നു. മിഖ പക്ഷേ അതു വിശ്വസിച്ചില്ല. ‘ഡോക്ടർ ഷിവാഗോ’യുടെ പ്രതി കൈവശം വെച്ചുവെന്നതാണ് അവനിൽ ആരോപിക്കപ്പെട്ട ഒരു കുറ്റം. മറ്റൊന്ന്, ആ പുസ്തകത്തിൽനിന്ന് താഴെ വീണ കടലാസുകഷ്ണത്തിലുണ്ടായിരുന്നത് ക്രിമിയൻ റ്റാറ്റർ ജനസംഖ്യയെക്കുറിച്ചുള്ള കുറിപ്പായിരുന്നു എന്നതാണ്. (ഇസ്ലാമിലെ സുന്നി വിഭാഗമാണ് റ്റാറ്ററുകൾ. സോവിയറ്റ് യൂനിയൻ, പ്രത്യേകിച്ച് സ്റ്റാലിനിസ്റ്റ് യുഗത്തിൽ, ക്രിമിയൻ റ്റാറ്റർ വംശജരെ മിക്കവാറും നാടുകടത്തി. അവർ ഉസ്ബെക്കിസ്ഥാനിലാണ് അഭയം പ്രാപിച്ചത്).
KGB- യുടെ അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ഇല്യ ഒരുപായം കണ്ടെത്തുന്നു. ‘ഡോക്ടർ ഷിവാഗോ’ എന്ന പുസ്തകത്തെക്കുറിച്ച് ധാരാളം കേട്ടിരുന്നതിനാലാണ് ഒരു തെരുവുകച്ചവടക്കാരനിൽ നിന്ന് അവനതു വാങ്ങിച്ചത് എന്നു മിഖ പറയണം. മിഖ ആ നോവൽ വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെ വായിക്കാൻ സമയം കിട്ടിയിട്ടില്ല. മാത്രവുമല്ല, ആർക്കു വേണമെങ്കിലും മോസ്ക്കോയിലെ തെരുവുകളിലെ സെക്കൻഡ് ഹാൻഡ് പുസ്തകക്കടകളിൽ നിന്ന് അതിന്റെ ഒരു കോപ്പി വാങ്ങിക്കാവുന്നതേയുള്ളൂ.
KGB- യുടെ മുന്നിൽ അവൻ ഉച്ചരിക്കുന്ന ഓരോ വാക്കും അവനെതിരായിത്തീരുമെന്ന് ഇല്യ മുന്നറിയിപ്പു നൽകുന്നു. ഇല്യയും മുമ്പ് അവരുടെ കസ്റ്റഡിയിൽ പെട്ടുപോയിട്ടുണ്ട്. താമസിയാതെ തീവണ്ടിനിലയത്തിൽ വെച്ച് മിഖയെ അവർ അറസ്റ്റുചെയ്യുന്നു. മിഖയെ എഡിക്കിന് പരിചയപ്പെടുത്തിയത് ഇല്യയായിരുന്നതിനാൽ മിയ ജയിലിലാകാൻ കാരണം ഇല്യയാണെന്ന് സാനിയ കുറ്റപ്പെടുത്തുന്നു.

മിയയെ അവർ പാർപ്പിക്കുന്നത് ക്രിമിയൻ റ്റാറ്റർ പ്രസ്ഥാനത്തിന്റെ ഭാഗമായ ഒരു റ്റാറ്ററിന്റെ കൂടെയാണ്. അയാളാകട്ടെ മിഖയുടെ പരിചയക്കാരായ റവിലിന്റെയും മൂസയുടെയും സുഹൃത്തായിരുന്നു. ഡീ - സ്റ്റാലിനൈസേഷന്റെ കാലത്തുപോലും വളരെക്കുറച്ചു റ്റാറ്ററുകൾക്കേ തിരിച്ച് ജന്മദേശത്തേക്ക് തിരിച്ചെത്താൻ കഴിഞ്ഞുള്ളൂ. അക്കാലത്ത് നടന്നത് ഒരുതരം സാംസ്കാരിക വംശഹത്യ (cultural genocide) യായിരുന്നുവെന്ന് പിന്നീട് സോവിയറ്റ് ഭരണകൂടം തിരിച്ചറിയുന്നുണ്ട്.
സ്വാതന്ത്ര്യബോധത്തോടെ കവിതകൾ രചിച്ചതിനെപ്രതി ഭരണകൂടത്തിന്റെ നിരന്തര പീഢയേറ്റുവാങ്ങിയ കവി ജോസഫ് ബ്രോഡ്സ്കിയുടെ മരണത്ത പരാമർശിച്ചുകൊണ്ടാണ് 'ദ ബിഗ് ഗ്രീൻ ടെൻറ്' അവസാനിക്കുന്നത്. റഷ്യൻ കലയും സാഹിത്യവും എപ്രകാരമാണ് ഭരണകൂട പ്രൊപ്പഗാൻഡകളെ തകർക്കാനും സത്യം വിളിച്ചുപറയാനും നിരന്തരം യത്നിക്കുന്നതെന്ന് നോവലിലുടനീളം ലുഡ്മില കാട്ടിത്തരുന്നുണ്ട്. അതിനാൽതന്നെ ഈ നോവലിന്റെ രചയിതാവായ ലുഡ്മില ഉളിറ്റ്സ്കയക്കും വ്ലാദിമിർ പുടിന്റെ വിർശക എന്ന നിലയിൽ സെൻസർഷിപ്പ് ഭീഷണി നേരിടേണ്ടിവന്നു എന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ല. നോവലിന്റെ ശീർഷകം രൂപപ്പെടുന്നത് ഒരു കഥാപാത്രത്തിന്റെ സ്വപ്നത്തിൽ നിന്നാണ്. മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയുംകൊണ്ടു നിറഞ്ഞ ഒരു വലിയ പച്ചക്കൂടാരത്തിന്റെ ദൃശ്യമാണതിൽ.
സ്റ്റാലിന്റെ ശവസംസ്കാരത്തിലേതായി കാണപ്പെട്ട ആ ടെൻറ്റിനെ കലയുടെയും സ്വതന്ത്രചിന്തയുടെയും വിമതത്വത്തിന്റെയും രൂപകാത്മക കൂടാരമാക്കി മാറ്റുകയാണ് എഴുത്തുകാരി. എന്നാൽ ആ വലിയ വിമതകൂടാരത്തിൽ എത്തിയവരെല്ലാം ഏകമാനമായ ലക്ഷ്യമുള്ളവരായിരുന്നില്ല. പക്ഷേ, മർദ്ദക ഭരണകൂടത്തിനെതിരെ രൂപപ്പെട്ട സർവ്വമാന എതിരാഖ്യാനങ്ങളുടെയും പ്രതിരോധങ്ങളുടെയും അടരുകളെ അത് ഉൾവഹിക്കുന്നുണ്ട്. സോവിയറ്റ് ഭൂതകാലത്തെക്കുറിച്ച് ഗൃഹാതുരത്വം പുലർത്തുന്ന, അങ്ങനെ ഭരണകൂടത്തോടുള്ള വിധേയത്വം സ്വാഭാവികമായ ജീവിതനിഷ്ഠയായി ശീലിച്ചുപോയ റഷ്യക്കാർക്കുള്ള മുന്നറിയിപ്പുകൂടിയാണത്.
