2017-ന്റെ തണുത്തുറഞ്ഞ ഡിസംബറിൽ, ജാർഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലുള്ള ചൈബാസ ഡിവിഷനിൽ ചില വിചിത്രമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'കോൽഹാൻ' എന്ന ഭൂപ്രദേശം ഇന്ത്യൻ യൂണിയനിൽ നിന്ന് വേർപെട്ട്, ബ്രിട്ടീഷ് കോമൺവെൽത്തിന്റെ തണലിലേക്ക് വീണ്ടും ചേക്കേറുന്നുവെന്നതായിരുന്നു ആ ചുവരെഴുത്തുകളിലെ വിളംബരം. എൺപത്തിമൂന്നിന്റെ വാർധക്യത്തിലും ഒരു സമാന്തരസ്വപ്നം നെഞ്ചിലേറ്റിയ രാമ ബിറുവ എന്ന മുൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു ഈ അസാധാരണ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് നേതൃത്വം നൽകിയത്. "കോൽഹാൻ എസ്റ്റേറ്റ് ഗവൺമെന്റ്" എന്ന ഇരുപതംഗ കൗൺസിലിന്റെ 'മാലിക്' ആയ തനിക്ക്, പൂർവികർക്ക് ബ്രിട്ടീഷുകാർ നൽകിയ 'ഖേവത്ദാർ നമ്പർ 1' എന്ന പദവി എലിസബത്ത് രാജ്ഞി പുതുക്കിനൽകിയിരിക്കുന്നു എന്നായിരുന്നു അയാളുടെ വാദം. കൊളോണിയൽ ഭരണകൂടം തയ്യാറാക്കിയ ‘വിൽക്കിൻസൺസ് റൂൾസ്’ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഒരു നിയമത്തിനും കോൽഹാനിൽ സാധുതയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ചരിത്രത്തിന്റെ വിചിത്രമായൊരു ഓർമ്മപ്പെടുത്തൽ മാത്രമായിരുന്ന, സ്വതന്ത്ര ഇന്ത്യയിൽ നിയമപരമായ യാതൊരു പിൻബലവുമില്ലാത്ത ആ പ്രഖ്യാപനത്തിനു മുന്നിൽ ജില്ലാ ഭരണകൂടം പതറി; നാൽപ്പത്തിമൂന്ന് ഗ്രാമീണർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഭരണകൂട പ്രതികാരത്തെ ഭയന്ന് പച്ചപ്പുനിറഞ്ഞ ആ ഗ്രാമങ്ങൾ പൊടുന്നനെ വിജനമായി. സിംഗ്ഭൂമിന്റെ മണ്ണിൽ വിരിഞ്ഞ ആദ്യത്തെ വിപ്ലവസ്വപ്നമായിരുന്നില്ല അത്. 1981 മാർച്ചിൽ ഇതേ പട്ടണത്തിൽ നിന്ന് സമാനമായൊരു സ്വാതന്ത്ര്യപ്രഖ്യാപനം ഉയർന്നിരുന്നു. അന്ന് 'സ്വതന്ത്ര കോൽഹാൻ' പ്രതിനിധികൾ ലണ്ടനിലേക്കും ജനീവയിലേക്കും കടൽ കടന്ന് കോമൺവെൽത്ത്, യു.എൻ.ഒ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ തങ്ങളുടെ പരമാധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചു. ആ സ്വപ്നങ്ങൾ തകർന്നടിഞ്ഞപ്പോൾ, കോൽഹാനിസ്ഥാനിനായി പോരാടിയവർ കാടുകളിലേക്ക് മറഞ്ഞു; രണ്ടു പതിറ്റാണ്ടോളം അവരുടെ ജീവിതം വനാന്തരങ്ങളിൽ രഹസ്യമായി ഒടുങ്ങി.
രാജ്യം സ്വാതന്ത്ര്യത്തിന്റെ എൺപതാം വാർഷികത്തിന്റെ ദീപ്തിയിൽ നിൽക്കുമ്പോൾ, ഇന്നത്തെ വായനക്കാർക്ക് മേൽപ്പറഞ്ഞവ കൗതുകമുണർത്തുന്ന ഒറ്റപ്പെട്ട പ്രാദേശിക ഏടുകളായി തോന്നാം. എന്നാൽ ഉമർ ഖാലിദ് തന്റെ 'ഫ്രാക്ചേർഡ് കമ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദ പൊളിറ്റിക്സ് ഓഫ് പവർ' (Fractured Communities: Adivasi Histories and the Politics of Power, Juggernaut Books, 2026) എന്ന പുസ്തകം ഉപസംഹരിക്കുന്നത് ഈ ചരിത്രം പങ്കുവെച്ചുകൊണ്ടാണ്. അതൊരു ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്. ഇരുനൂറു വർഷങ്ങൾക്കുമുമ്പ് ബ്രിട്ടീഷ് സാമ്രാജ്യം സിംഗ്ഭൂമിൽ പരീക്ഷിച്ചുറപ്പിച്ച "അസാധാരണതയിലൂടെയുള്ള ഭരണം" (Rule by Exception) എന്ന രാഷ്ട്രീയതന്ത്രത്തിന്റെ ഇന്നത്തെ തുടർച്ചയായാണ് ഖാലിദ് ഇതിനെ കാണുന്നത്. സാമ്രാജ്യത്വ ഭരണകൂടം ചെയ്തത് ഒരൊറ്റ പൊതുനിയമം എല്ലാവർക്കും ബാധകമാക്കുകയല്ല; മറിച്ച് നേരിട്ട് ഭരിക്കാൻ പ്രയാസമുള്ള ജനതയ്ക്കുമേൽ സവിശേഷമായ നിയന്ത്രണങ്ങളും പ്രത്യേക ക്രമീകരണങ്ങളും അടിച്ചേൽപ്പിക്കുകയായിരുന്നു. ആർക്കൈവുകളുടെ പൊടിപിടിച്ച ഫയലുകളിൽനിന്ന് ഇന്നും തുടരുന്ന ഇത്തരം രാഷ്ട്രീയയുക്തിയുടെ വേരുകൾ കണ്ടെടുക്കുകയാണ് ഖാലിദ് ചെയ്യുന്നത്.

തീവ്രമായ പ്രതിസന്ധികൾക്കിടയിലാണ് ഖാലിദ് ഈ ഗവേഷണം നടത്തിയത്. അത് രാജ്യത്തെ ജനതയ്ക്ക് ഒട്ടുമുക്കാലും അറിയുന്നതുമാണ്. ഒടുവിൽ ഡൽഹി ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ 2018 ആഗസ്റ്റിലാണ് 'Contesting Claims and Contingencies of Rule: Singbhum 1800-2000' എന്ന പ്രബന്ധം ജെ.എൻ.യുവിൽ സമർപ്പിക്കപ്പെട്ടത്. ആ ഗവേഷണത്തിന്റെ ഉൾക്കാഴ്ചകൾ കാത്തുസൂക്ഷിച്ചാണ് രാമചന്ദ്ര ഗുഹയുടെ അവതാരികയോടും നന്ദിനി സുന്ദറിന്റെ അനുബന്ധക്കുറിപ്പോടും കൂടി ഈ പുസ്തകം പുറത്തുവരുന്നത്. പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിന് "ഭരണം അസാധാരണതയിലൂടെ" (Administration through Exception) എന്ന് പേരിടുമ്പോൾ, സാധാരണ നിയമങ്ങൾക്ക് പുറത്ത് ഒരു പ്രത്യേക സംവിധാനമുണ്ടാക്കി ഒരു ജനതയെ തളച്ചിട്ട അതേ യുക്തി പിൽക്കാലത്ത് തനിക്കുനേരെയും തിരിയുമെന്ന് ഖാലിദ് കരുതിയിട്ടുണ്ടാകില്ല. 2020 സെപ്റ്റംബർ മുതൽ യു.എ.പി.എ.യുടെ തടവറയിൽ, വിചാരണപോലും ശരിയായി ആരംഭിക്കാതെ ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഖാലിദ് സ്വന്തം ജീവിതംകൊണ്ടുതന്നെ "അസാധാരണതയിലൂടെ ഭരിക്കപ്പെടുന്നവനായി" മാറിയിരിക്കുന്നു. ഈ പുസ്തകം ചർച്ച ചെയ്യുന്ന “അസാധാരണ ക്രമീകരണം യഥാർത്ഥത്തിൽ ആരെയാണ് സേവിക്കുന്നത്?” എന്ന ചോദ്യം അതുകൊണ്ടുതന്നെ നമ്മെ കൂടുതൽ വേട്ടയാടുന്നു.
അധികാരത്തിന്റെ മാന്ത്രികപ്പട്ടികകൾ
ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിക്കുന്നതിനു മുൻപ് സിംഗ്ഭൂം, കോൽഹാൻ എന്നീ ഭൂ/ഭരണ പ്രദേശങ്ങൾ നിലനിന്നിരുന്നോ എന്ന മൗലികമായ ചോദ്യത്തിലാണ് പുസ്തകം ചിറകുവിടർത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടുമുതൽ ഈ പ്രദേശത്തെയും ജനതയെയും പറ്റി നടന്നിട്ടുള്ള പഠനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യത്തോടെ, 'ഹോ' (ബ്രിട്ടീഷ് ഭാഷ്യത്തിൽ ലാർക്കാ കോൾ) സമുദായത്തിന്റെ ആവാസകേന്ദ്രമായ കോൽഹാനെ കൊളോണിയൽ 'സദ്ഭരണം' കാത്തുകിടന്ന ഒരു ശൂന്യപ്രദേശമായി കാണാൻ ഖാലിദ് വിസമ്മതിക്കുന്നു.

അതുപോലെതന്നെ, ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് ബാഹ്യലോകവുമായി ബന്ധമില്ലാതെ പ്രകൃതിയോട് ചേർന്നുജീവിച്ച, പുറത്തുനിന്നുള്ള പ്രകോപനങ്ങളെ അക്രമത്തിലൂടെ മാത്രം നേരിട്ട, വർഗ്ഗവ്യത്യാസങ്ങളില്ലാത്ത 'കാട്ടുമനുഷ്യർ' ജീവിച്ചിരുന്ന ഇടമായിരുന്നു വനഭൂമികൾ എന്ന വാദത്തെയും ഖാലിദ് തള്ളിക്കളയുന്നു. പകരം, പരസ്പരം പോരാടുന്ന തലവന്മാരും അവർക്ക് കപ്പം നൽകിയിരുന്ന ഉപതലവന്മാരും (ജാഗിർദാരന്മാരും, സമീന്ദാരന്മാരും) അധികാരം കൈയ്യാളുന്ന കുടുംബങ്ങളും അടങ്ങുന്ന, ചലനാത്മകമായ ഒരു ലോകത്തെയാണ് പുസ്തകം അനാവരണം ചെയ്യുന്നത്. ഈ ലോകത്തിലേക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ രാഷ്ട്രീയ ഇടപെടലുകളും സൈനികനടപടികളുമാണ് ആദ്യം 'കോൽഹാൻ ഗവൺമെന്റ് എസ്റ്റേറ്റി'ന്റെയും പിന്നീട് സിംഗ്ഭൂമിന്റെയും ജന്മത്തിന് കാരണമായത്. അതായത് ബ്രിട്ടീഷുകാർ കോൽഹാനെയോ സിംഗ്ഭൂമിനെയോ കണ്ടെത്തുകയായിരുന്നില്ല, മറിച്ച് ഒരു ഭരണ-നിയമ സംവർഗ്ഗമായി അതിനെ 'നിർമ്മിച്ചെടുക്കുക'യായിരുന്നു.
പരമ്പരാഗത തലവന്മാരിലൂടെയുള്ള ബ്രിട്ടീഷ് പരോക്ഷഭരണത്തെ ഗോത്രാചാരത്തോടുള്ള ബഹുമാനമായി വ്യാഖ്യാനിച്ച കൊളോണിയൽ-ദേശീയ ചരിത്രകാരരുടെ പതിവുരീതിയെ ഖാലിദ് ചോദ്യം ചെയ്യുന്നു. ഹോ ഗ്രാമങ്ങളുടെ നേതാക്കളായിരുന്ന 'മുണ്ട'മാരെയും ഗ്രാമക്കൂട്ടങ്ങളുടെ തലവന്മാരായിരുന്ന 'മാങ്കി'മാരെയും കൊളോണിയൽ ഭരണകൂടം അംഗീകരിച്ചുവെന്നത് ശരിയാണ്. എന്നാൽ അവരുടെ പരമ്പരാഗത സ്ഥാനങ്ങൾക്ക് പകരം, നികുതിപ്പിരിവിന് ശമ്പളംപറ്റുന്ന ഏജന്റുമാരായും പോലീസായും കോടതികളായും അവരെ പരിവർത്തിപ്പിക്കുകയാണ് ഉണ്ടായത്. പൊതുനിയമങ്ങൾക്ക് സാധുതയില്ലാത്ത ഒരു പ്രത്യേക ഭരണപരിസരമായി കോൽഹാൻ മാറി.
ഈ മാറ്റം മുണ്ടകൾക്കും മാങ്കികൾക്കും മുൻപില്ലാത്തവിധം ഭൂമിയും അധികാരവും സ്വരൂപിക്കാൻ അവസരമൊരുക്കി. കാടുവെട്ടിത്തെളിച്ച് ഗ്രാമം സ്ഥാപിച്ച ആദ്യനിവാസികളുടെ പിൻമുറക്കാരായ 'ഖുന്ത്കട്ടി'കളുടെ പരമ്പരാഗത അവകാശങ്ങളെ മാനിക്കാതെ, നികുതി കാര്യക്ഷമമായി പിരിക്കാത്ത തലവന്മാർക്കുപകരം മറ്റ് പ്രബലകുടുംബങ്ങളെ ഭരണകൂടം വാഴിച്ചു. ഇതോടെ ഗോത്രസമൂഹം ഉള്ളിൽനിന്ന് കൂടുതൽ ഛിന്നഭിന്നമായി; പുറത്തുനിന്ന് ഒരൊറ്റ 'ഗോത്രം' എന്ന് തോന്നിച്ച സമുദായത്തിനുള്ളിൽത്തന്നെ വിജയികളും പരാജിതരും ഉണ്ടായി.

1908-ലെ ചോട്ടാ നാഗ്പുർ ടെനൻസി ആക്ട് (CNTA) സിംഗ്ഭൂമിലേക്ക് വ്യാപിപ്പിച്ചതോടെ ഈ വിള്ളലുകൾ കൂടുതൽ ആഴമുള്ളതായി. ഗ്രാമങ്ങൾ സ്ഥാപിച്ച ‘ഖുന്ത്കട്ടി’ അവകാശമുള്ളവർക്ക് കാർഷികനികുതിയിൽ ഇളവ് ഉറപ്പുനൽകിയപ്പോൾ, തങ്ങൾക്കിടയിൽ അത്തരം വേർതിരിവുകളില്ലെന്ന് കാണിച്ച് അയ്യായിരത്തോളം ഹോ കർഷകർ ഭീമഹർജി നൽകി. തുടർന്ന് ആദ്യ കർഷകന്റെ പിൻതലമുറയ്ക്ക് കുറഞ്ഞ ഭൂനികുതി സ്ഥിരപ്പെടുത്താമെന്നും അതിനായി വംശാവലി രേഖകൾ ഹാജരാക്കണമെന്നും റവന്യൂ ബോർഡ് ഉത്തരവിട്ടു. ഭരണസംവിധാനവുമായി അടുപ്പമുണ്ടായിരുന്ന ഗ്രാമത്തലവന്മാർ ഈ അവസരം മുതലെടുത്ത് തങ്ങളെത്തന്നെ ആദ്യ കർഷകരുടെ പിൻമുറക്കാരായി രേഖപ്പെടുത്തി. അങ്ങനെ, അതുവരെ സാമൂഹികമായിരുന്ന അധികാരം സാമ്പത്തികമായ ചൂഷണോപാധിയായി രൂപാന്തരപ്പെടുകയും സമുദായത്തിനുള്ളിലെ പഴയ വൈരങ്ങൾ രൂക്ഷമാവുകയും ചെയ്തു.
ചിതറിപ്പോയ പ്രതികരണങ്ങളും ആന്തരിക കലാപങ്ങളും
ഹോ സമൂഹത്തിൽ രൂപപ്പെട്ട ഈ അധികാര-സാമ്പത്തിക അസമത്വങ്ങൾ വ്യത്യസ്ത പ്രതികരണങ്ങൾക്ക് വഴിവെച്ചുവെന്ന് ഖാലിദ് നിരീക്ഷിക്കുന്നു. 1893-ൽ സിംഗ്ഭൂമിലെ ഉയർന്ന പ്രദേശങ്ങളായ 'ഗോറ' ഭൂമിക്കുമേൽ പുതുതായി നികുതി ചുമത്താൻ ബ്രിട്ടീഷുകാർ ആലോചിച്ചപ്പോൾ, ഗ്രാമത്തലവന്മാരിൽ ഭൂരിഭാഗവും അതിനെ എതിർത്തു. എന്നാൽ ക്യാപ്റ്റൻ ഡേവിഡ് മാങ്കി എന്നൊരാൾ ഇതിനെ അനുകൂലിച്ചു. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആ ഒറ്റസ്വരത്തെ "ജനതയുടെ പൊതുശബ്ദമായി" വ്യാഖ്യാനിച്ച് നികുതി നടപ്പാക്കി.
ഈ സംഭവത്തെക്കുറിച്ച് ചരിത്രകാരി സഞ്ജുക്ത ദാസ്ഗുപ്ത മുന്നോട്ടുവെച്ച നിഗമനങ്ങളോട് ഖാലിദ് വിയോജിക്കുന്നു. തലവന്മാർക്കിടയിലെ ഈ ഭിന്നത പരമ്പരാഗത രാഷ്ട്രീയ കൂറുകളുടെ തുടർച്ചയാണെന്ന ദാസ്ഗുപ്തയുടെ വാദത്തിന് പകരം കൃത്യമായ സാമ്പത്തിക വിശകലനമാണ് ഖാലിദ് അവതരിപ്പിക്കുന്നത്. 1867-ലെ സെറ്റിൽമെന്റിനുശേഷം പുതിയ ഭൂമി വെട്ടിത്തെളിക്കുന്ന ഗ്രാമത്തലവന്മാർക്ക് പിരിച്ചെടുക്കുന്ന നികുതിയുടെ പകുതി സ്വന്തമാക്കാൻ ബ്രിട്ടീഷുകാർ അനുവാദം നൽകിയിരുന്നു. ക്യാപ്റ്റൻ ഡേവിഡ് മാങ്കിയെപ്പോലുള്ളവർ ഈ പുതിയ വ്യവസ്ഥയിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയവരായിരുന്നു.

മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക താൽപ്പര്യങ്ങളാണ് ഈ ഭിന്നതയ്ക്ക് പിന്നിലെന്ന് സ്ഥാപിക്കുക വഴി, രണജിത് ഗുഹ അടക്കമുള്ള സബാൾട്ടേൺ ചരിത്രകാരരുടെ ചില നിഗമനങ്ങളിലെ പോരായ്മകളെ ഖാലിദ് ചൂണ്ടിക്കാണിക്കുന്നു. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെ വാഴ്ത്തുമ്പോൾ, അതേ വ്യവസ്ഥയിൽനിന്ന് നേട്ടമുണ്ടാക്കിയ മറ്റൊരു വിഭാഗംകൂടി അവർക്കിടയിൽ ഉണ്ടായിരുന്നു എന്ന യാഥാർത്ഥ്യം വിസ്മരിക്കപ്പെടുന്നു. അതിനാൽ, ഈ പ്രക്ഷോഭങ്ങളെ കേവലം ആദിവാസി-ബ്രിട്ടീഷ് സംഘർഷമായി മാത്രമല്ല, വ്യവസ്ഥയുടെ ഗുണഭോക്താക്കളായ വരേണ്യർക്കെതിരെ സാധാരണക്കാർ നടത്തിയ ആന്തരിക കലാപങ്ങളായിക്കൂടിയാണ് പുസ്തകം അടയാളപ്പെടുത്തുന്നത്.
ഈ സംഘർഷങ്ങൾ സ്വാതന്ത്ര്യത്തോടെ അവസാനിച്ചില്ല. പരമ്പരാഗത തലവന്മാരുടെ പ്രത്യേക പദവികൾ റദ്ദാക്കപ്പെടുകയും ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ നിലവിൽ വരികയും ചെയ്തതോടെ, കോൽഹാനിലെ ഗ്രാമങ്ങളിൽ പാരമ്പര്യത്തിന്റേതും ജനാധിപത്യത്തിന്റേതുമായ രണ്ട് അധികാരകേന്ദ്രങ്ങൾ ഒരേസമയം നിലനിന്നു. 1972-ൽ പരമ്പരാഗത തലവന്മാരെ പൂർണ്ണമായി സർക്കാർ ഉദ്യോഗസ്ഥരാക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ, കൊളോണിയൽ കാലത്തെ പ്രബലകുടുംബങ്ങൾക്ക് തങ്ങളുടെ സ്വാധീനം നഷ്ടമായി. 'കോൽഹാൻ രാഷ്ട്രം' എന്ന പിൽക്കാല വാദം നഷ്ടപ്പെട്ടുപോയ ഈ പദവികൾ വീണ്ടെടുക്കാനുള്ള ആഗ്രഹം കൂടിയായിരുന്നു.
അതേസമയം, പഴയ "ഒഴിവാക്കപ്പെട്ട പ്രദേശങ്ങൾ" ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം "പട്ടികപ്രദേശങ്ങൾ" എന്ന് പേരുമാറ്റി നിലനിർത്തപ്പെട്ടു. വിധേയനായ തലവന്റെ വാക്കിനെ ജനങ്ങളുടെ ശബ്ദമായി കണ്ട കൊളോണിയൽ ഭരണശീലം സ്വതന്ത്ര ഇന്ത്യയും തുടർന്നു. വൈവിധ്യങ്ങളെ മായ്ച്ച് വിധേയനായ ഒരു തലവന്റെയോ ഖനന കമ്പനി തിരഞ്ഞെടുത്ത ഗ്രാമസഭയുടെയോ ഒരൊറ്റ ശബ്ദം നിലനിർത്തുന്നത് ഭരണകൂടങ്ങൾക്ക് എക്കാലത്തും സൗകര്യപ്രദമായിരുന്നു. എങ്കിലും, മാവോയിസ്റ്റ് സ്വാധീനത്തെ "ജൽ-ജംഗിൾ-സമീൻ" എന്ന ഏകീകൃത മുദ്രാവാക്യത്തിലേക്ക് മാത്രം ചുരുക്കാതെ, അധികാരമാറ്റങ്ങളിലൂടെ നിരന്തരം പിളരുന്ന ഒരു സമൂഹത്തിന്റെ യാഥാർത്ഥ്യമാണ് ഖാലിദ് തുറന്നുകാട്ടുന്നത്.
ചരിത്രരചനാ ധാരകളുമായുള്ള സംവാദം
സിംഗ്ഭൂമിലെ കോളനിഭരണം പ്രവർത്തിച്ചത് നിലവിലുള്ള ഗോത്രസ്ഥാപനങ്ങളെ പൂർണ്ണമായി അടിച്ചമർത്തിക്കൊണ്ടല്ല, മറിച്ച് അവയെ അംഗീകരിച്ച് ഉള്ളുപൊള്ളയാക്കിക്കൊണ്ടാണ് എന്ന ഖാലിദിന്റെ വാദം പ്രധാനപ്പെട്ട മറ്റു ചരിത്രരചനാ ധാരകളുമായി നേരിട്ട് സംവദിക്കുന്നുണ്ട്. സഞ്ജുക്ത ദാസ്ഗുപ്തയുടെ 'ആദിവാസീസ് ആൻഡ് ദ രാജ്' എന്ന കൃതിയിലെ കണ്ടെത്തലുകളോട് ഖാലിദ് കലഹിക്കുന്നു. മാങ്കികളിലൂടെയുള്ള പരോക്ഷഭരണം വഴി പത്തൊൻപതാം നൂറ്റാണ്ടിലെ ലാർക്കാ കോളുകൾ ഇരുപതാം നൂറ്റാണ്ടോടെ സമാധാനകാംക്ഷികളായ കൃഷിക്കാരായി മാറിയെന്ന ദാസ്ഗുപ്തയുടെ നിരീക്ഷണത്തെ ഖാലിദ് തിരുത്തുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനു മുൻപുതന്നെ അവർ സമാധാനപരമായ കാർഷികജീവിതം നയിച്ചവരായിരുന്നുവെന്ന് 1820-കളിലെ രേഖകൾ ഉദ്ധരിച്ച് അദ്ദേഹം സമർത്ഥിക്കുന്നു. ഒപ്പം, ഇരുപതാം നൂറ്റാണ്ടിൽ പ്രത്യക്ഷമായ കലാപങ്ങൾ കുറവായിരുന്നെങ്കിലും, ബ്രിട്ടീഷ് വനനിയമങ്ങൾക്കെതിരെ കാടുകൾ വെട്ടിത്തെളിച്ചും കാട്ടുതീ പടർത്തിയും ഹോകൾ നടത്തിയ നിശ്ശബ്ദ ചെറുത്തുനിൽപ്പുകളെ ഖാലിദ് വെളിച്ചത്തുകൊണ്ടുവരുന്നു. 1895–96-ൽ മാത്രം സിംഗ്ഭൂമിലെ മൂന്നുലക്ഷത്തിലധികം ഏക്കർ സംരക്ഷിത വനമാണ് ഇത്തരം പ്രതിഷേധങ്ങളിൽ കത്തിനശിച്ചത്.

കൂടാതെ, മറ്റ് പ്രധാന ചരിത്രപാരമ്പര്യങ്ങളെയും പുസ്തകം അഭിമുഖീകരിക്കുന്നു. കെ.എസ്. സിംഗ്, എസ്.കെ. സെൻ തുടങ്ങിയവർ മുന്നോട്ടുവെച്ച, ഗോത്രകലാപങ്ങൾ ഘട്ടംഘട്ടമായി വളർന്ന് ദേശീയ പ്രസ്ഥാനത്തിൽ ലയിച്ചു എന്ന രേഖീയ മാതൃകയെ ഖാലിദ് ചോദ്യം ചെയ്യുന്നു. ഗോത്രജനതയ്ക്ക് സ്വതന്ത്ര രാഷ്ട്രീയബോധം കൽപ്പിച്ചുനൽകുമ്പോഴും, "ദികു" (പുറത്തുനിന്നുള്ളവർ) എന്ന ശത്രുവിനെതിരെയുള്ള ഒരൊറ്റ ഏകശിലാത്മക ഘടകമായി ഗോത്രത്തെ കണ്ട രണജിത് ഗുഹയുടെ വീക്ഷണത്തിലെ പരിമിതികളെ അദ്ദേഹം മറികടക്കുന്നു. കൊളോണിയലിസത്തെ മാത്രം പാരിസ്ഥിതിക വിള്ളലുകളുടെ തുടക്കമായി കാണുന്ന റൊമാന്റിക് വീക്ഷണങ്ങളെ, അർച്ചന പ്രസാദിന്റെ നിരീക്ഷണങ്ങൾ കടമെടുത്ത് കൊളോണിയൽ പൂർവ്വ കാലത്തെ ആന്തരിക വിഭവസംഘർഷങ്ങൾ ചൂണ്ടിക്കാട്ടി ഖാലിദ് തിരുത്തുന്നു. ഗോത്രസ്വത്വം വർഗ്ഗ-ലിംഗ-ജാതി അസമത്വങ്ങളെ എങ്ങനെ മറച്ചുപിടിക്കുന്നു എന്ന് പരിശോധിച്ച അൽപ്പാ ഷാ, ഉദയ് ചന്ദ്ര തുടങ്ങിയ സമകാലിക ഗവേഷകരുടെ ധാരയോടൊപ്പമാണ് ഖാലിദ് നിലയുറപ്പിക്കുന്നത്.
എന്നിരുന്നാലും ചില പരിമിതികൾ കാണാതിരുന്നുകൂടാ. 19, 20 നൂറ്റാണ്ടുകളിൽ കോൽഹാനിൽ താമസമുറപ്പിച്ച ‘ദിക്കു’കളിൽ ചിലരെ ബ്രിട്ടീഷ് നിയമസംവിധാനം പുറത്താക്കുകയും, മറ്റുചിലരെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഈ വേർതിരിവിന് സാമ്പത്തിക കാരണങ്ങൾ മാത്രമാണ് ഖാലിദ് നിരത്തുന്നത്. എന്നാൽ അത്തരം വേർതിരിവുകളെ സ്വാധീനിക്കാവുന്ന ജാതി, ലിംഗം തുടങ്ങിയ സാമൂഹിക ശ്രേണികൾ പരിഗണിക്കപ്പെടുന്നില്ല. അതുപോലെ, കോൽഹാനിൽ നിലനിന്നിരുന്ന അസാധാരണതയിലൂടെയുള്ള ഭരണത്തെ പറ്റി പഠിക്കുമ്പോഴും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ കുറ്റവുമായി ബന്ധപ്പെട്ട വകുപ്പുകൾ, ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെപ്പോലെ കേൽഹാനിൽ എന്തുകൊണ്ട് ബാധകമായി എന്ന് സമർത്ഥിക്കുന്നതിലും ചരിത്രകാരൻ വിജയിക്കുന്നില്ല. ആർക്കൈവൽ രേഖകളെ വിമർശനാത്മകമായി വായിച്ച ചരിത്രകാരൻ തന്റെ ഫീൽഡ് വർക്കിനോടും വാമൊഴി സ്രോതസ്സുകളോടും അതേ സൂക്ഷ്മത പുലർത്തിയോ എന്നതും ചിന്തനീയമാണ്. സിംഗ്ഭൂമിന്റെ അപാരമായ ധാതുസമ്പത്തും അതിന്മേലുള്ള രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങളും കൂടുതൽ വിശകലനം ചെയ്യപ്പെടേണ്ടിയിരുന്നു എന്ന ആനന്ദ് തെൽതുംബ്ഡെയുടെ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്.
സ്വതന്ത്രമായ പുസ്തകം, തടവിലാക്കപ്പെട്ട എഴുത്തുകാരൻ
ഒരു പുസ്തകം അതിന്റെ ചിന്താശേഷിയാൽ ചർച്ചചെയ്യപ്പെടുമ്പോഴും അതിന്റെ രചയിതാവ് വിചാരണപോലുമില്ലാതെ തടവറയിൽ കഴിയേണ്ടിവരുന്നത് ജനാധിപത്യത്തെക്കുറിച്ച് എന്താണ് നമ്മോട് പറയുന്നത്? 2020 സെപ്റ്റംബറിൽ പൗരത്വ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ഉമർ ഖാലിദ്, യു.എ.പി.എ.യുടെ 43D(5) വകുപ്പിന്റെ ഇരയാണ്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടാൽ ജാമ്യം നിഷേധിക്കപ്പെടണം എന്ന ഈ വകുപ്പ് വിചാരണയെത്തന്നെ ഒരു ശിക്ഷയാക്കി മാറ്റുന്നു. 2019-ലെ 'വടാലി' വിധിയിലൂടെ സുപ്രീം കോടതി നൽകിയ കർക്കശ വ്യാഖ്യാനം പ്രതികൾക്ക് നീതി ലഭിക്കാനുള്ള വഴികളെ കൂടുതൽ സങ്കീർണ്ണമാക്കി.
2019 മുതൽ 2023 വരെയുള്ള യു.എ.പി.എ. കേസുകളിൽ ശിക്ഷാവിധി നിരക്ക് വെറും 3.2 ശതമാനം മാത്രമാണെന്ന് പാർലമെന്റ് രേഖകൾ വ്യക്തമാക്കുന്നു. അതായത്, കുറ്റാരോപിതരാകുന്നവരിൽ ബഹുഭൂരിപക്ഷവും നീണ്ട വർഷങ്ങളുടെ ജയിൽവാസത്തിന് ശേഷം ഒടുവിൽ നിരപരാധികളായി വിട്ടയക്കപ്പെടുന്നു. കെ.എ. നജീബ് കേസിൽ സുപ്രീം കോടതി ഉയർത്തിപ്പിടിച്ച ഭരണഘടനാപരമായ വേഗത്തിലുള്ള നീതിയുടെ വെളിച്ചം ഇത്തരം രാഷ്ട്രീയകേസുകളിലും പ്രയോഗിക്കപ്പെടേണ്ടതുണ്ട്.
സാരണ്ട വനങ്ങളുടെ വന്യസൗന്ദര്യത്തിലേക്ക് തിരികെപ്പോകാനും അപൂർണ്ണമായ അന്വേഷണങ്ങൾ തുടരാനുമുള്ള ആഗ്രഹത്തോടെയാണ് ഖാലിദ് തന്റെ ഗവേഷണം അവസാനിപ്പിച്ചത്. "കൂടുതൽ വിവേകമുള്ള ഒരു കാലത്ത്" താൻ മടങ്ങിയെത്തുമെന്ന ഖാലിദിന്റെ പ്രത്യാശയ്ക്ക് ഒരു ദശകം പിന്നിടുമ്പോഴും കാത്തിരിപ്പ് തുടരുകയാണ്. ആരും കാണാത്ത രേഖകൾ നെഞ്ചിലേറ്റി നടന്ന ചൈബാസയിലെ ആ വൃദ്ധനെപ്പോലെ, അസാധാരണതയിലൂടെയുള്ള ഭരണത്തെക്കുറിച്ച് എഴുതിയ ആ ചരിത്രകാരൻ തന്നെയാണ് ഇന്ന് അസാധാരണമായ മറ്റൊരു നിയമത്തിന്റെ തടവറയിൽ കഴിയുന്നത്. പുസ്തകം ഇന്ന് സ്വതന്ത്രമായി ലോകം ചുറ്റുമ്പോഴും അതിന്റെ സ്രഷ്ടാവ് ഇരുമ്പഴികൾക്കുള്ളിലാണ്. ചിന്തകളെ ഭയക്കുന്ന ഒരു സമൂഹത്തിന്, ആറു വർഷമായി സ്വന്തം എഴുത്തുമേശയിൽനിന്ന് അകറ്റിനിർത്തപ്പെട്ട ഒരു യുവപ്രതിഭയുടെ നഷ്ടപ്പെട്ട സർഗ്ഗവസന്തങ്ങൾക്ക് എന്ത് മറുപടിയാണ് നൽകാനുള്ളത്?

