മാർകേസിന്റെ അനയുടെ രതി, പ്രണയം, ആനന്ദം

“വാക്കുകളുടെ സംവിധാനത്തിലെ മാർകേസിയൻ സിദ്ധിയും അദ്ദേഹത്തിൽ നിന്നും വിട്ടു പോയിരുന്നില്ല. ഭാഷയിലാണ് എഴുത്തുകാരൻ വിപ്ലവം സൃഷ്ടിക്കുന്നത് എന്ന് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.” - ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ പുതിയ നോവല്‍ 'ആഗസ്റ്റ് വരെ' (Until August)യുടെ വായനാനുഭവം എന്‍.ഇ. സുധീര്‍ എഴുതുന്നു.

ലോകം ഒരിക്കൽ കൂടി മാർകേസിയൻ ഭാവനയുടെ ലഹരി നുകരുകയാണ്. അവിചാരിതമായി ലഭിച്ച ഈ ആനന്ദത്തിന് നമ്മൾ മാർകേസിൻ്റെ മക്കളോട് നന്ദി പറയണം. ഓർമ്മകൾ കടഞ്ഞെടുത്തു കൊണ്ട് വിസ്മയിപ്പിക്കുന്ന ഭാവനാലോകം സൃഷ്ടിച്ച ആ മാന്ത്രികൻ ജീവിതാസ്തമയ കാലത്ത്, തന്നിൽ നിന്നും ഓർമ്മകൾ പടിയിറങ്ങി പോയിക്കൊണ്ടിരുന്ന ഒരു കാലത്ത് വലിയൊരു സർഗാത്മക പോരാട്ടത്തിലൂടെ സൃഷ്ടിച്ചെടുത്ത അപൂർണ്ണമെന്ന് വിശേഷിപ്പിക്കാവുന്ന രചനയാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയ 'ആഗസ്റ്റ് വരെ' (Until August ) എന്ന ലഘുനോവൽ.

തൻ്റെ തൃപ്തിക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങൾക്കോ, മിനുക്കുപണികൾക്കോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നതിനാൽ നശിപ്പിച്ചേക്കാമെന്ന് അദ്ദേഹം തന്നെ കരുതിയ ഒരു രചനയാണിത്.

മക്കളത് സൂക്ഷിച്ചു വെച്ചു. അച്ഛന് തൃപ്തി തോന്നാത്ത ആ രചന മക്കളുടെ പുനർചിന്തയിലൂടെ പത്തു വർഷങ്ങൾക്കു ശേഷം ഇന്നിപ്പോൾ വായനക്കാരിലെത്തിയിരിക്കുന്നു.

മാർകേസ് / Photo: Sebástian Freire
മാർകേസ് / Photo: Sebástian Freire

അവരുടെ ഈ തീരുമാനത്തിൻ്റെ പിന്നിലെ ശരിതെറ്റുകളെപ്പറ്റിയും ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. അതേപ്പറ്റി വായനയ്ക്കു ശേഷം നല്ല വായനക്കാർ അഭിപ്രായം പറയുന്നതാവും യുക്തം. കൃതിയാണ് ഇക്കാര്യത്തിലെ അവസാന വാക്കായി എപ്പോഴും നിലകൊള്ളണ്ടത്.

മനുഷ്യജീവിതത്തിൻ്റെ ആന്തരികചലനങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത് സൗന്ദര്യാനുഭവമാക്കി മാറ്റുന്ന എഴുത്തിലെ മാന്ത്രികനായാണ് ഗബ്രിയേൽ ഗാർസിയ മാർകേസ് അറിയപ്പെടുന്നത്. അദ്ദേഹം സൃഷ്ടിച്ച ലോകത്തിന് മധുരമായ ഒരു സൗന്ദര്യതലം ഉണ്ടായിരുന്നു.

അത്തരമൊരു ചെറിയ ലോകം ‘ആഗസ്റ്റ് വരെ’ എന്ന ഈ ചെറുനോവലിലും കാണാൻ കഴിയുന്നുണ്ട്. എന്നാൽ ഇതിൻ്റെ രചനയിലൂടെ എന്തായിരിക്കും അദ്ദേഹം ഉദ്ദേശിച്ചിരിക്കുക എന്നത് പൂർണമായും വ്യക്തമാകുന്നില്ല. അതുകൊണ്ട് തന്നെയാവും നശിപ്പിച്ചുകളയാം എന്ന് അദ്ദേഹവും ചിന്തിച്ചിട്ടുണ്ടാവുക.

അതേസമയം ഒരു ഡ്രാഫ്റ്റിൽ "Gran OK final " (version - 5 -ൽ) എന്നദ്ദേഹം തന്നെ കുറിച്ചിട്ടുമുണ്ട്. എന്തായാലും അവസാനകാലത്തും എന്തോ ചിലത് പറയാനുണ്ട് എന്ന് ഈ ശ്രമത്തിലൂടെ അദ്ദേഹം ഉറപ്പിക്കുകയാണ്. ജിവിതത്തിൻ്റെ വേറിട്ട ഒരു സൗന്ദര്യം പ്രകാശിതമാക്കാനാണ് മാർകേസ് ഈ കൃതിയിലൂടെയും ശ്രമിക്കുന്നത് എന്നു വേണം ഇതിലെ അപൂർണമായ പ്രമേയത്തെ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ കരുതാൻ.

മധ്യവയസ്കയായ ഒരു സ്ത്രീയുടെ നാലഞ്ചു വർഷത്തെ ജീവിതമാണ് നോവലിലെ പ്രമേയം. അവൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തെയും സന്തോഷത്തെയും കാണിച്ചു തരാനാണ് മാർകേസ് നോവലിലൂടെ ശ്രമിച്ചിരിക്കുന്നത്.

മുഖ്യ കഥാപാത്രമായ അന മഗ്‌ദലേന ബക് ഭർത്താവിനോടും കുട്ടികളോടുമൊപ്പം സുഖമായി ജീവിക്കുകയാണ്. എല്ലാ ആഗസ്റ്റിലും അവൾ അവളുടെ അമ്മയെ അടക്കം ചെയ്ത ഒരു ദ്വീപിലേക്ക് ഒറ്റയ്ക്ക് യാത്ര പോകാറുണ്ട്. അത്തരം നാലു യാത്രകളിലെ വേറിട്ട അനുഭവങ്ങളാണ് മാർകേസ് ഇവിടെ പറയുന്നത്.

ഈ ഓരോ യാത്രയിലും അവൾ പതിവുകൾ തെറ്റിച്ചില്ല. എല്ലാ വർഷവും ആഗസ്റ്റ് 16 ന് അവിടെയെത്തി, ഒരേ ടാക്സിയിൽ യാത്ര ചെയ്ത്, ഒരേ പൂക്കാരനിൽ നിന്ന് ഒരേ തരം പൂക്കൾ വാങ്ങി ശ്മശാനത്തിലെത്തി കല്ലറയിൽ ചെന്ന് അമ്മയുടെ ഓർമ്മയിൽ നിന്നു കൊണ്ട് കഴിഞ്ഞ വർഷത്തെ ജീവിതത്തെപ്പറ്റി അമ്മയോട് ചുരുക്കിപ്പറഞ്ഞ് ആ രാത്രി അവിടെ തങ്ങി അടുത്ത രാവിലെയുള്ള ബോട്ടിൽ മടങ്ങും

അതിനിടയിൽ സംഗീതം ആസ്വദിക്കും. ഇഷ്ട പുസ്തകങ്ങൾ വായിക്കും. ദ്വീപിലെ രാത്രികളിൽ ഡിന്നറിനു ശേഷം അവൾ അപരിചിതരായ ഓരോ പുരുഷനോടൊപ്പം കിടക്ക പങ്കിടുന്നു. അഥവാ രതിക്രീഡയിലേർപ്പെടുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു? ഈ ഒറ്റരാത്രി സമാഗമത്തിൽ തീർത്തും അപരിചിതരായ ഓരോ വ്യക്തിയെ തൻ്റെ ജീവിതത്തോട് ചേർത്തു നിർത്തുന്ന വികാരത്തിൻ്റെ പേരെന്ത്? ഇവർ എന്താണ് ഈ ഇണചേരലിലൂടെ നേടിക്കൊണ്ടിരിക്കുന്നത്? അന മഗ്ദലേന ബക് ഇതിനെ നോക്കിക്കാണുന്നതെങ്ങനെ? അവളുടെ ജീവിതത്തിൽ എന്തിൻ്റെ കുറവാണ് ഉണ്ടായിരുന്നത്? ഇത്തരം ചോദ്യങ്ങളാണ് വായനയ്ക്ക് ശേഷം നമ്മളിൽ അവശേഷിക്കുക.

അതേസമയം ഒരു ഡ്രാഫ്റ്റിൽ "Gran OK final " (version - 5 -ൽ) എന്നദ്ദേഹം തന്നെ കുറിച്ചിട്ടുമുണ്ട്.
അതേസമയം ഒരു ഡ്രാഫ്റ്റിൽ "Gran OK final " (version - 5 -ൽ) എന്നദ്ദേഹം തന്നെ കുറിച്ചിട്ടുമുണ്ട്.

ആദ്യ തവണ, അവൾ ഇത് തിരിച്ചറിയുന്നുണ്ട്. തൻ്റേതല്ലാത്ത ഒരു പുരുഷനോടൊപ്പമാണ് താൻ രാത്രി ചിലവഴിച്ചതെന്ന്, അഥവാ ‘വ്യഭിചരിച്ച’തെന്ന ചിന്ത അവൾക്കുണ്ടാവുന്നുണ്ട്. അയാളാരെന്നു പോലും അവൾക്കറിയുമായിരുന്നില്ല. പേരറിയില്ല; ആ മാദക രാത്രിയുടേതായി ബാക്കിയുണ്ടായിരുന്നത് അയാളുടെ ശരീരത്തിൻ്റെ ഗന്ധം മാത്രമായിരുന്നു. രാത്രിയിൽ ഉറങ്ങും മുമ്പ് അയാൾ ചോദിച്ചിരുന്നു.

‘എന്തുകൊണ്ട് ഞാൻ ?’

‘പെട്ടന്നുണ്ടായ ഓരാവേശം’

അവൾ മറുപടി പറഞ്ഞു.

‘നിങ്ങളെപ്പോലൊരു സ്ത്രീയിൽ നിന്നും ലഭിക്കുന്ന ഒരംഗീകാരമാണിത്’

അയാൾ പറഞ്ഞു.

‘ഓ അപ്പോൾ - അതൊരാനന്ദമായിരുന്നില്ല അല്ലേ ?’

അവളുടെ ആ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞില്ല.

സ്വന്തം നേതൃത്വത്തിൽ നടന്ന രതിയുടെ ആഹ്ലാദത്തിൽ അവളുറങ്ങിപ്പോയി. രാവിലെ ഉണർന്നപ്പോൾ അയാൾ മുറിയിലുണ്ടായിരുന്നില്ല. എന്നാൽ അവളുടെ പുസ്തക താളുകളുടെ ഇടയിൽ അയാൾ വെച്ച ഇരുപതു ഡോളറിൻ്റെ ഒരു നോട്ടുണ്ടായിരുന്നു.

അതവളെ വല്ലാതെ അസ്വസ്ഥയാക്കി. താൻ അപമാനിതയായല്ലോ എന്നവൾ ചിന്തിക്കുന്നു. ഈ രാത്രി വായനക്കാരോട് പലതും വിളിച്ചു പറയുന്നുണ്ട്. സ്ത്രീയും പുരുഷനും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിലെ സമീപനത്തെപ്പറ്റി നമ്മൾക്ക് ചിന്തിക്കാവുന്നതാണ്.

ലൈംഗികതയോടുള്ള സമീപനത്തിലെ വ്യത്യാസം മാർകേസ് ഇവിടെ പറയാൻ ശ്രമിക്കുന്നുണ്ട്. ആനന്ദം എന്നതിനപ്പുറം അതിനെ നിർവചിക്കാൻ ശ്രമിക്കരുത് എന്ന സന്ദേശം അദ്ദേഹം തരുന്നുണ്ട്. പ്രണയവും രതിയും തമ്മിലുള്ള നേരിയ അതിർവരമ്പുകളെപ്പറ്റി ഓർമ്മിപ്പിക്കുന്നുണ്ട്. അവൾ പിന്നീടൊരിക്കൽ ഭർത്താവിനോട് അയാളുടെ പരസ്ത്രീ ബന്ധത്തെപ്പറ്റി ചർച്ച ചെയ്യുന്ന സന്ദർഭത്തിലും ഇത്തരം ചിന്തകൾ വായനക്കാരനിലേക്ക് കടന്നു വരും. മാർകേസ് ഒന്നും നേരിട്ടു പറയുകയില്ല. നമുക്ക് ചിന്തിക്കാനുള്ള അവസരങ്ങൾ കോറിയിട്ട് കടന്നു പോവുക മാത്രമാണ്.

നാല്പത്തിയാറാം വയസ്സിൽ വീണു കിട്ടിയ ആ ആനന്ദത്തിൽ നിന്നും അവൾ പിൻവാങ്ങുന്നില്ല. ഓരോ ആഗസ്റ്റ് പതിനാറിനും അവൾ ആ ദ്വീപിലെത്തി മറ്റൊരാളെ കണ്ടെത്തുന്നു. ആ രാത്രി തൊട്ട് രാവിലേക്കുവരെ മാത്രമായി ഒരാൾ. അവരെയെല്ലാം അവൾ തുടർന്നും ഓർമ്മിക്കുന്നുണ്ട്. നാലാമത്തെ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ മറ്റു പലതും സംഭവിക്കുന്നു. അതോടെ നോവൽ അവസാനിക്കുന്നു.

സ്ത്രീ-പുരുഷ ബന്ധത്തിൻ്റെ വിചിത്രമാനങ്ങളെ നോക്കിക്കാണാനാണ് മാർകേസ് ഈ രചനയിലൂടെയും ശ്രമിക്കുന്നത്. ഒറ്റ ഇണ സങ്കല്പത്തിൻ്റെ ഇരകളായി ജീവിക്കേണ്ടി വരുന്ന മനുഷ്യാവസ്ഥയെക്കുറിച്ചാണ് ഈ നോവൽ.

നല്ലൊരു വായനാനുഭവമായി നിൽക്കുമ്പോഴും ഒരു നോവലിൻ്റെ പൂർണത ഇതിനില്ല എന്നത് യാഥാർഥ്യമാണ്. അപൂർവം ചില സന്ദർഭങ്ങൾ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അന ബക് ഒഴികെ മറ്റൊരു കഥാപാത്രസൃഷ്ടിയും മികവാർന്നതായി തോന്നിയില്ല. ആഖ്യാനത്തിൻ്റെ തുടർച്ചയിലും പലേടത്തും കല്ലുകടി അനുഭവപ്പെടുന്നുമുണ്ട്. മാർകേസിന് പലേടത്തും ഉദ്ദേശിച്ചതു പോലെ മികവാക്കാൻ സാധിച്ചില്ല.

രോഗത്തിൻ്റെ പിടിയിലും, താനെഴുതിയത് മികച്ചതായില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ശരിക്കും അദ്ദേഹമപ്പോൾ രണ്ടു മനസ്സിലായിരുന്നിരിക്കും. തൃപ്തി തോന്നിയതുമില്ല; നശിപ്പിക്കാൻ മനസ്സു വന്നതുമില്ല. എത്ര തന്നെ കുറവുണ്ടെങ്കിലും നശിപ്പിക്കാത്തതു നന്നായി.

പതിവുപോലെ മാർകേസിന് പ്രിയപ്പെട്ട സംഗീതവും പുസ്തകങ്ങളുമൊക്കെ ഇതിൽ ധാരാളമുണ്ട്. അനയുടെ കുടുംബത്തിലെല്ലാവരെയും സംഗീതവുമായി ബന്ധപ്പെട്ടവരായാണ് ചിത്രീകരിച്ചിരിക്കുന്നത്. അവളുടെ കയ്യിൽ മാർകേസിനിഷ്ടപ്പെട്ട ബ്രാം സറ്റോക്കറിൻ്റെ ഡ്രാക്കുളയും, ഹെമിങ്ങ് വേയുടെ ഓൾഡ് മാൻ ആൻറ് ദ സീയും, കാമുവിൻ്റെ ദ സ്ട്രേൻജറും കാണാനുണ്ട്. അതൊന്നും അദ്ദേഹം അപ്പോഴും മറന്നിട്ടില്ല എന്നർഥം.

വാക്കുകളുടെ സംവിധാനത്തിലെ മാർകേസിയൻ സിദ്ധിയും അദ്ദേഹത്തിൽ നിന്നും വിട്ടു പോയിരുന്നില്ല. ഭാഷയിലാണ് എഴുത്തുകാരൻ വിപ്ലവം സൃഷ്ടിക്കുന്നത് എന്ന് ഒരിക്കൽകൂടി ഗബ്രിയേൽ ഗാർസിയ മാർകേസ് തെളിയിച്ചിരിക്കുന്നു. മാർകേസിനെ വായിക്കുമ്പോൾ നമ്മൾ ഭാഷയുടെ സംഗീതം കൂടി ആസ്വദിക്കുകയാണ്. പരിഹരിക്കാവുന്നതല്ലാത്ത ചില ഏകാന്തതകൾ നമ്മൾ മനുഷ്യരെയെല്ലാം വേട്ടയാടുന്നുണ്ട് എന്ന വലിയ സത്യം മറ്റു കൃതികളിലെന്നതു പോലെ ഈ അവസാന രചനയിലും അദ്ദേഹം പറഞ്ഞു വെക്കുന്നു.

മാർകേസിയൻ സ്ത്രീകളിലൊരാളായി ഇതിലെ അന മഗ്‌ദലേന ബകും കാലത്തിൽ ജീവിക്കും എന്നുതന്നെയാണ് എന്നിലെ വായനക്കാരൻ കരുതുന്നത്. അവളുടെ ജീവിതത്തിന് നിറക്കൂട്ട് കുറവാണെങ്കിലും അവളുടെ ഏകാന്തത നമ്മളറിയുന്നുണ്ട്.

സ്ത്രീയെ മനസ്സിലാക്കുക എന്നത് മാർകേസ് എപ്പോഴും കരുതലോടെ ചെയ്തിരുന്ന ഒരു പ്രവൃത്തിയാണ്. 2005 ൽ ‘മെമ്മറീസ് ഓഫ് മൈ മെലങ്കളി വോഴ്സ്’ പ്രസിദ്ധീകരിച്ചപ്പോൾ അത് അദ്ദേഹത്തിൻ്റെ അവസാന നോവലാണെന്ന് വായനാലോകം കരുതിയില്ല. അപ്പോഴേക്കും രോഗവും വാർദ്ധക്യവും അദ്ദേഹത്തെ അലട്ടിത്തുടങ്ങിയിരുന്നു. വാർദ്ധക്യത്തെ അതിജീവിക്കാൻ പ്രണയം സഹായിക്കുമെന്ന് മാർകേസ് വിശ്വസിച്ചിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതു തന്നെയാവാം ‘അൺടിൽ ആഗസ്റ്റ്’ എന്ന നോവലിനും കാരണമായത്. ഏകാന്തയുടെ കഥാകാരൻ അദ്ദേഹത്തെ സ്നേഹിക്കാനായി പലതും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. അതിലൊന്നു കൂടി നമ്മളെ തേടിയെത്തിയല്ലോ എന്ന ആഹ്ലാദത്തോടെ ഞാനീ കുറിപ്പ് അവസാനിപ്പിക്കുന്നു. ജീവിതത്തെ നോക്കാതെ ജീവിതത്തിലൂടെ കടന്നു പോകരുത്. കാരണം നമുക്കൊക്കെ ഒരു ജീവിതയേയുള്ളൂ. ഗാബോ ജീവിതത്തെ നോക്കാൻ പഠിപ്പിച്ച ഒരെഴുത്തുകാരനാണ്.

Book: Until August
Author: Gabriel Garcia Marquez
Publisher: Viking - An Imprint of Penguin Books


Summary: വാക്കുകളുടെ സംവിധാനത്തിലെ മാർകേസിയൻ സിദ്ധിയും അദ്ദേഹത്തിൽ നിന്നും വിട്ടു പോയിരുന്നില്ല. ഭാഷയിലാണ് എഴുത്തുകാരൻ വിപ്ലവം സൃഷ്ടിക്കുന്നത് എന്ന് ഒരിക്കൽകൂടി അദ്ദേഹം തെളിയിച്ചിരിക്കുന്നു.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments