ഡോ. യു.ആർ. അനന്തമൂർത്തി, ചന്ദൻ ഗൗഡ

സ്വദേശി ചിന്തന

ആഭ്യന്തര വിമർശനത്തെ സൂക്ഷ്മമായി മനസ്സിലാക്കേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. ചിന്തയ്ക്കുള്ളിലും സർഗ്ഗാത്മകതയ്ക്കുള്ളിലും ഒരു പ്രതിപക്ഷത്തെ സൃഷ്ടിക്കലാണത്. രാഷ്ട്രീയത്തിൽ മാത്രമല്ല, സംസ്കാരത്തിലും പ്രതിപക്ഷം ഒരു അനിവാര്യതയാണെന്ന് യു.ആർ. അനന്തമൂർത്തിയുമായി ചന്ദൻ ഗൗഡ നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമായ ‘ലോകത്തിലെ ഒരു ജീവിതം’ എന്ന പുസ്തകം തെളിയിക്കുന്നു.

‘സ്വദേശി ചിന്തന’ എന്നൊരു പരിപ്രേഷ്യത്തിനു ചുറ്റുമുള്ള ഗാഢമായ ആലോചനയായിരുന്നു, യു.ആർ. അനന്തമൂർത്തിക്ക് സാഹിത്യം. അദ്ദേഹത്തിൻ്റെ നായകർ ഒരേസമയം അസ്തിത്വ സംബന്ധിയും സാമൂഹികവുമായ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരായിരുന്നു​; പ്രാണേശാചാര്യർ ആയാലും ജഗന്നാഥൻ ആയാലും കൃഷ്ണപ്പ ആയാലും. എന്നാൽ പാശ്ചാത്യ സിദ്ധാന്തങ്ങൾ ഉപയോഗിച്ചാൽ അവരുടെ വേപഥു അളക്കാനാവില്ല. കീഴിലെ മണ്ണിൽ മാത്രം വേരിറക്കാൻ അറിയുന്ന മരം പോലെ, അവരിൽ ദേശവും ദേശത്തിൽ അവരും പടർന്നു. ദേശം എന്നതോ കാല്പനിക സങ്കല്പവും അല്ലായിരുന്നു. അതിനാൽ അനന്തമൂർത്തിയെ വായിക്കുമ്പോൾ നമ്മൾ കഥയാസ്വദിക്കുന്ന ഒരാളല്ല. എഴുത്തുകാരനും കഥാപാത്രവും വായനക്കാരനും വായനക്കാരിയും ഒരേ പ്രശ്നത്തിൻ്റെ ചുഴിയിൽ പെട്ട് കറങ്ങിക്കൊണ്ടിരിക്കുന്നവരാണ്. പാരമ്പര്യവും വർത്തമാനവും ചേർന്നുണ്ടാക്കുന്ന ആ ചുഴിയിൽ നിന്ന് വായന അവസാനിപ്പിച്ച് കരേറുമ്പോൾ നമുക്ക് ഉത്തരങ്ങൾ ഒന്നും കിട്ടിയെന്നിരിക്കില്ല. പക്ഷെ, നമ്മുടെ സ്വത്വത്തിന് ഒരു വലയം കൂടുതൽ കിട്ടിയിരിക്കും.

സാമ്രാജ്യത്തേതരമായ ഒരു സർഗ്ഗാത്മകത വികസിപ്പിച്ചെടുത്താൽ പോലും ഇന്ത്യയുടെ തനതായ ഉച്ചനീചത്വ ചരിത്രങ്ങളേയും ജാതിവ്യവസ്ഥയേയും അഭിസംബോധന ചെയ്യാൻ അതിന് കഴിയുന്നില്ലെങ്കിൽ, അത് ഭാഗികം മാത്രമായിരിക്കും.

‘സ്വദേശി ചിന്തന’ എന്ന പരികല്പന അവതരിപ്പിച്ചതും വളർത്തിയതും അനന്തമൂർത്തി അല്ല. ടാഗോറിലും അനേകം ഭാഷാസാഹിത്യകാരരിലും കൂടി തിടം വെച്ച കല്പനയാണത്. കന്നഡത്തിൽ തന്നെ കുവെമ്പുവിനെ ഉദ്ധരിച്ചാണ് ആ പരികല്പനയെ അനന്തമൂർത്തി മുന്നോട്ടുവെയ്ക്കുന്നത്. ഒരു പക്ഷെ, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ബഹുഭാഷാ, ബഹുസ്വര സർഗ്ഗാത്മകതയിൽ സ്വാഭാവികമായി വന്നുചേർന്ന ഒന്നാണത്. ഇന്ത്യൻ ഭരണഘടനയുടെ നിർമാണദശയിൽ അതേറ്റെടുത്ത പ്രധാനപ്പെട്ട ദൗത്യം, വൈദേശികമായ സാമൂഹിക സ്ഥാപനങ്ങളെ സ്വദേശി സാമൂഹിക സ്ഥാപനങ്ങൾ കൊണ്ട് പകരം വെയ്ക്കുക എന്നതായിരുന്നു എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത്, സാമ്രാജ്യത്വ നിർമൂലന പദ്ധതിയെ മുഴുമിപ്പിക്കുക എന്നത്. തത്തുല്ല്യമായ ഒന്ന്, സർഗ്ഗാത്മകതയിലും ചെയ്യേണ്ടതുണ്ടായിരുന്നു. പുതിയ മൂല്യവ്യവസ്ഥകളെ അടിസ്ഥാനമാക്കിയുള്ള പുതിയ ജീവിതസങ്കല്പത്തെ അവതരിപ്പിക്കുക. അതിനുള്ള രണ്ട് തടസ്സങ്ങൾ സാമ്രാജ്യത്തിൻ്റെ അവശിഷ്ടഭാരവും സാമ്രാജ്യത്തത്തിനുപുറത്ത് ഇന്ത്യൻ സമൂഹത്തിലെ തന്നെ ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥയുമായിരുന്നു. മത കലഹങ്ങൾക്ക് ഒരു സാമ്രാജ്യത്വ ചരിതമുള്ളതുപോലെത്തന്നെ സാമ്രാജ്യത്തേതര ചരിത്രവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സാമ്രാജ്യത്തേതരമായ ഒരു സർഗ്ഗാത്മകത വികസിപ്പിച്ചെടുത്താൽ പോലും ഇന്ത്യയുടെ തനതായ ഉച്ചനീചത്വ ചരിത്രങ്ങളേയും ജാതിവ്യവസ്ഥയേയും അഭിസംബോധന ചെയ്യാൻ അതിന് കഴിയുന്നില്ലെങ്കിൽ, അത് ഭാഗികം മാത്രമായിരിക്കും.
അതിനാൽ ‘സ്വദേശി ചിന്തന’ എന്നത് അതിൽ തന്നെ സങ്കീർണ്ണമാണ്.

കുവെമ്പു
കുവെമ്പു

നമ്മുടെ യാഥാസ്ഥിതികർ കരുതിയിരുന്നത്, അവർക്കറിയാവുന്ന മൂല്യവ്യവസ്ഥകൾ വെച്ചു തന്നെ ഇത് പരിഹരിക്കാമെന്നായിരുന്നു. മഹാഭാരതവും രാമായണവും രണ്ടു കൃതികൾ എന്നതിനേക്കാൾ രണ്ടു ഭാഷകളാണെന്ന് കുവെമ്പുവിനെ തന്നെയാണെന്ന് തോന്നുന്നു, ഉദ്ധരിച്ച് അനന്തമൂർത്തി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ അവയെ ഉപജീവിച്ചുകൊണ്ടുള്ള സാഹിത്യ പ്രപഞ്ചങ്ങൾ രൂപം കൊള്ളുകയുണ്ടായി. എന്നാൽ അവയ്ക്കപ്പുറം ആധുനിക ലോകത്ത് നിരവധി പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. മതഭാവനക്കു പുറത്ത് നിരവധി മതേതര ഭാവനകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ഭാവനകളും നിലവിൽ വന്നിരുന്നു. പുതിയ സ്വത്വത്തിനായി കൊതിക്കുന്ന ഒരു ഇന്ത്യൻ വ്യക്തിബോധത്തിൻ്റെ പിറവിയോടെയാണ് ഈ സങ്കീർണതകളെ സങ്കീർണതകൾ എന്ന മട്ടിൽ തിരിച്ചറിഞ്ഞത്.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്തി പിറവിയെടുത്ത ഇന്ത്യയിൽ ഈ പുതിയ സാമ്രാജ്യത്വത്തെ ഫലപ്രദമായി തുറന്നുകാട്ടാൻ, ചില അരികുപ്രസ്ഥാനങ്ങളും ഒറ്റപ്പെട്ട വ്യക്തികളുമല്ലാതെ ആരുമില്ല എന്നതാണ് സ്ഥിതി.

നമ്മെക്കുറിച്ചുള്ള ഈ ആലോചനകളിലേയ്ക്ക് നിരന്തരം തള്ളിവിടുന്നു എന്നതാണ് ‘ലോകത്തിലെ ഒരു ജീവിതം’ (A life in the world ) എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. അനന്തമൂർത്തിയുമായി ചന്ദൻ ഗൗഡ നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമാണിത്. നവ ഉദാരവാദം എന്നും ആഗോളവത്ക്കരണം എന്നും പിൽക്കാല മുതലാളിത്തം എന്നും പല പേരിൽ അറിയപ്പെടുന്ന പുതിയ സാമ്രാജ്യത്വകാലത്തിൻ്റെ ഉച്ചതയിൽ ഇരുന്നുകൊണ്ടാണ് നാം ഈ പുസ്തകം വായിക്കുന്നത് എന്നതാണ് ആ വായനയുടെ ആദ്യ പ്രസക്തി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്തി പിറവിയെടുത്ത ഇന്ത്യയിൽ ഈ പുതിയ സാമ്രാജ്യത്വത്തെ ഫലപ്രദമായി തുറന്നുകാട്ടാൻ, ചില അരികുപ്രസ്ഥാനങ്ങളും ഒറ്റപ്പെട്ട വ്യക്തികളുമല്ലാതെ ആരുമില്ല എന്നതാണ് സ്ഥിതി. മാത്രമല്ല കേന്ദ്ര ഭരണകൂടം മാത്രമല്ല, ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാന ഭരണകൂടങ്ങളും സാമ്രാജ്യത്വത്തെ പുൽകി നിൽക്കുന്ന കാലമാണിത്. അതേസമയം സാമ്രാജ്യത്വമാകട്ടെ മറ്റെന്നെത്തേക്കാളുമധികം ആന്തരവൈരുദ്ധ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കാലവും. പക്ഷെ, നമ്മുടെ സർഗ്ഗാത്മകതയിൽ നിന്ന് , സ്വദേശി ചിന്തനയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയം അങ്ങേയറ്റം ദുർബലപ്പെടുകയും ചെയ്തിരിക്കുന്നു.

യു.ആർ. അനന്തമൂർത്തി
യു.ആർ. അനന്തമൂർത്തി

തൻ്റെ സംഭാഷണങ്ങളിലൊന്നിൽ ഇന്ത്യയുടെ ആത്മാവിലെ അടങ്ങാത്ത വിശപ്പുകളെപ്പറ്റി അനന്തമൂർത്തി ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്ന് വിശപ്പുകളെയാണ് പ്രധാനമായും അദ്ദേഹം എടുത്തുകാണിക്കുന്നത്.
ഒന്ന്, തുല്യതക്കുവേണ്ടിയുള്ള വിശപ്പ്.
രണ്ട്, ആത്മീയതയ്ക്ക് വേണ്ടിയുള്ള വിശപ്പ്.
മൂന്ന്, ആധുനികതക്കു വേണ്ടിയുള്ള വിശപ്പ്.

യൂറോപ്യൻ ദൃഷ്ടിയിൽ പരസ്പരവിരുദ്ധമെന്ന് തോന്നുന്ന ഈ മൂന്നു കാര്യങ്ങളും ഇന്ത്യയിൽ ഏതോ വിധം ഇഴ ചേർന്നിരിക്കുന്നു. സ്വദേശി ചിന്തനയുടെ മൂന്ന് പ്രധാനപ്പെട്ട ആശയങ്ങൾ ഇതാകാം. ഇതിൽ തുല്യത എന്നത് ജാതീയവും സാമ്പത്തികവും ലിംഗപരവുമായ വ്യത്യസ്ത മണ്ഡലങ്ങളിൽ സജീവമായി നിലനിൽക്കുന്നു. തുല്യതയുടേതായ സൂക്ഷ്മരാഷ്ട്രീയം ഇന്ന് സജീവമാണെങ്കിലും സ്ഥൂലരാഷ്ട്രീയം തുല്യതയെ നിരാകരിക്കുന്ന മട്ടിൽ വളർന്നുകൊണ്ടിരിക്കുന്നു. ഹൈന്ദവ ഫാഷിസവും പുതിയ സാമ്രാജ്യത്വവും ജനതയെ അസമമായി വിഭജിച്ചുകൊണ്ടിരിക്കുന്നു.

ഒരുപക്ഷേ, കേരളത്തെ സംബന്ധിച്ച് സ്വദേശി ചിന്തനയിൽ ഏറ്റവും കൂടുതൽ അഭാവം അനുഭവപ്പെടുന്നത് ദേശീയ ചരിത്രവുമായുള്ള മുഖാമുഖത്തിലാണ്. ദേശീയ ചരിത്രത്തെ മുഴുവനായി നിരാകരിച്ചുകൊണ്ടുള്ള ഇന്ത്യയെ സങ്കല്പിക്കാൻ കഴിയാത്ത പോലെ, സ്വദേശി ചിന്തനയെയും സങ്കല്പിക്കാൻ സാധ്യമല്ല. ആധുനികമായ സ്വദേശി ചിന്തനയുടെ കേരളീയ ഉദാഹരണമായി എടുത്തുകാണിക്കാനുള്ളത് എൺപതുകളിലെ മലയാള കവിതയാണ്. എഴുപതുകളിലെ ദേശാന്തരചിന്തനയിൽ നിന്ന് കൊച്ചിയിലെ വൃക്ഷങ്ങളും മെഴുക്കുപുരണ്ട ചാരുകസേരയും അന്യാധീനവും ഇവനെക്കൂടിയും മഹാബലി അവശിഷ്ടങ്ങളിലൂടെ നടക്കുന്നുവും കയറ്റവും ഒക്കെ വ്യതിരിക്തമാകുന്നത് സ്വദേശി ചിന്തനയുടെ പ്രബലത മൂലമാണ്. ഇക്കാലത്തെ മുൻനിർത്തി വേണമെങ്കിൽ അനന്തമൂർത്തിയുടെ സംഭാഷണങ്ങളെ കുറേക്കൂടി കേരളീയമായി വായിക്കാവുന്നതാണ്.

മഹാത്മാഗാന്ധി, റാം മനോഹർ ലോഹ്യ, ജവഹർലാൽ  നെഹ്റു, ഡോ. ബി.ആർ. അംബേദ്ക്കർ
മഹാത്മാഗാന്ധി, റാം മനോഹർ ലോഹ്യ, ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്ക്കർ

ഗാന്ധിയും ലോഹ്യയും നെഹ്റുവും അംബേദ്ക്കറും ഈ സംഭാഷണങ്ങളിൽ വിടർന്നുവരുന്നു. ഒരർത്ഥത്തിൽ നാഗരിക ചിന്തനയുടെ പുതുമച്ചമയങ്ങൾക്ക് വിപരീതമായി സഞ്ചരിക്കുന്ന ഒന്നാണിത്. സാംസ്കാരിക കമ്പോളത്തിൽ അന്നന്ന് ഓഹരി നിലവാരം ഉയർന്നുനില്ക്കുന്ന ആശയങ്ങളേയും പരികല്പനകളേയും പിൻപറ്റുന്ന ഒന്നല്ല അത്.

ജാതിവ്യവസ്ഥയെ സാമ്പത്തിക കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ, ജാതിവ്യവസ്ഥയ്ക്കുള്ളിൽ തന്നെ നിന്നുകൊണ്ട് കീഴാളരുണ്ടാക്കിയ സ്വാഭിമാനത്തിൻ്റേയും ജീവിതാഹ്ലാദത്തിൻ്റേയും കഥയേയും അനന്തമൂർത്തി എടുത്തു കാണിക്കുന്നുണ്ട്.

ഒരുദാഹരണം ചൂണ്ടിക്കാട്ടട്ടെ. നമ്മൾ പലപ്പോഴും ഉയർത്തിപ്പിടിക്കുന്ന ഒന്നാണ് ഇന്ത്യയുടെ ബഹുസ്വരത. മിക്കവാറും എതിർക്കുന്ന ഒന്ന് ജാതിവ്യവസ്ഥയും. ഒരുപക്ഷെ ഇന്ത്യയിൽ 'പുരോഗാമി'യുടെ ലക്ഷണം എന്നത് ബഹുസ്വരതയെ മാറോടണക്കലും ജാതിവ്യവസ്ഥയെ എതിർക്കലും ആണ്. എന്നാൽ അനന്തമൂർത്തി ഒരു ചോദ്യം നമുക്കു മുന്നിൽ എടുത്തിടുന്നു. ഇന്ത്യയിലെ ബഹുസ്വരതയുടെ പ്രധാനപ്പെട്ട നിദാനം ജാതിവ്യവസ്ഥയാണ്. നമ്മുടെ 'പുരോഗമിത്വം' നിലനിർത്താൻ ഈ കണ്ടെത്തലിനെ നിരാകരിക്കാം. പക്ഷെ, യഥാർത്ഥത്തിൽ 'പുരോഗമിത്വം ' നിലനിൽക്കുന്നത് ഇത്തരത്തിൽ നിരവധി സംഘർഷഭരിതമായ ചോദ്യങ്ങൾ  അതിജീവിച്ചാണ് എന്ന് ഇത് നമ്മെ ഓർമിപ്പിക്കുന്നു. എന്തുകൊണ്ടാണ് രാമാനുജൻ്റെ ജാതിയുടെ തത്തുല്ല്യത ബസവയുടെ ജാതി നിർമ്മാർജ്ജനത്തേക്കാൾ എങ്ങനെ കന്നഡ സമൂഹത്തിൽ ഫലപ്രദമായി പ്രവർത്തിച്ചു എന്നത് ഇതിന് തുടർച്ചയായി അനന്തമൂർത്തി വിശദീകരിക്കുന്നുണ്ട്.

ജാതിവ്യവസ്ഥയെ സാമ്പത്തിക കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ, ജാതിവ്യവസ്ഥയ്ക്കുള്ളിൽ തന്നെ നിന്നുകൊണ്ട് കീഴാളരുണ്ടാക്കിയ സ്വാഭിമാനത്തിൻ്റേയും ജീവിതാഹ്ലാദത്തിൻ്റേയും കഥയേയും അനന്തമൂർത്തി എടുത്തു കാണിക്കുന്നുണ്ട്. അതും വലിയൊരു പ്രതിരോധത്തിൻ്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നത് ഇന്നത്തെ തിരിച്ചറിവിൻ്റെ ഭാഗം കൂടിയാണ്. അങ്ങനെയുള്ള ജീവിതാഹ്ലാദത്തിൽ, പട്ടിണിക്കാർ ചേർന്നുണ്ടാക്കുന്ന ജീവിതാഹ്ലാദത്തിൽ, മേലാളത്തത്തിൻ്റെ നിരാകരണമുണ്ട്. എന്നാൽ ദുരിതങ്ങൾ ഒരു പ്രത്യേക നിലയിൽനിന്ന് വീണ്ടും താഴ്ന്നാൽ ആ ആഹ്ലാദവും ഇല്ലാതാകും എന്ന വസ്തുതയും മറന്നുകൂടാ.

ശാന്താവരി ഗോപാല ഗൗഡ
ശാന്താവരി ഗോപാല ഗൗഡ

തൻ്റെ രാഷ്ട്രീയ ഗുരുനാഥനായ ശാന്താവരി ഗോപാല ഗൗഡയെക്കുറിച്ച് സംഭാഷണങ്ങളുടെ പല മടക്കുകളിൽ അനന്തമൂർത്തി രേഖപ്പെടുത്തി വെച്ചിരിക്കുന്നതായി കാണാം. അമ്പത് വയസ്സെത്തും മുമ്പേ മരിച്ചുപോയ ഗോപാല ഗൗഡയാണ് കർഷകരെ മുൻനിർത്തിയുള്ള സമരം പഴയ മൈസൂർ സംസ്ഥാനത്തിൽ ആവിഷ്ക്കരിക്കുന്നത്. രാം മനോഹർ ലോഹ്യയും മറ്റും പങ്കെടുത്ത കാഗോഡു സമരത്തിൽ തൻ്റേതായ നിലയിൽ പങ്കെടുക്കുന്നതോടെയാണ് അനന്തമൂർത്തിയുടെ ലോകബോധം വളരുന്നത്. കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായി തൊഴിലാളികൾ എന്ന സംവർഗ്ഗത്തെയല്ല ഇന്ത്യയിലെ സാമൂഹ്യമുന്നേറ്റത്തിന് ബദലായി സോഷ്യലിസ്റ്റുകൾ കണ്ടത്, കർഷകരെയാണ്. കർണ്ണാടകത്തിലെ കർഷക മുന്നേറ്റത്തെക്കുറിച്ചും അതിന് ഗോപാലഗൗഡ കൊടുത്ത നേതൃത്വത്തെപ്പറ്റിയും വലിയൊരു ഉൾക്കാഴ്ച അനന്തമൂർത്തി നൽകുന്നുണ്ട്. ഒരിക്കൽ തൻ്റെ പിതാവ് കർഷക സമരം ജന്മികുടുംബങ്ങളിലെ സ്ത്രീകളെ ബാധിക്കുന്നതിനെ കുറിച്ച് ഉത്കണ്ഠപ്പെട്ടപ്പോൾ, "കരപറ്റിയവരേക്കാൾ കരപിടിക്കാത്തവരെ പറ്റി" ഉത്കണ്ഠപ്പെടാൻ ആവശ്യപ്പെടുന്ന ഗോപാല ഗൗഡയെ അനന്തമൂർത്തി ഓർത്തെടുക്കുന്നുണ്ട്. ഒപ്പം, എന്തിനേയും മൂർത്തമായി ആവിഷ്ക്കരിക്കാൻ അദ്ദേഹത്തിനുള്ള കെല്പിനെക്കുറിച്ചും. കാഗോഡു സത്യാഗ്രഹം തദ്ദേശീയ ജന്മികൾക്കെതിരായിരുന്നു. യഥാർത്ഥത്തിൽ ടാറ്റയുടേയും ബിർളയുടേയും ഭൂമിയായിരുന്നു പിടിക്കേണ്ടിയിരുന്നത് എന്ന തൻ്റെ നഗരസുഹൃത്തുക്കളുടെ അഭിപ്രായം അറിയിക്കുമ്പോൾ ഗോപാല ഗൗഡ പറയുന്നത്, " ആകാശം വിഭജിച്ചതിനുശേഷം വേണം ഭൂമി വിഭജിക്കാൻ" എന്ന അഭിപ്രായം രാഷ്ട്രീയ വിരുദ്ധമോ അരാഷ്ട്രീയമോ ആണെന്നാണ്.

ഗോപാലഗൗഡയും ലോഹ്യയും അടക്കമുള്ള സോഷ്യലിസ്റ്റുകൾ കർണ്ണാടകത്തിലെ ആധുനികതാ പ്രസ്ഥാനമായ ‘നവ്യ’ പ്രസ്ഥാനത്തെ പിന്തുണച്ചു എന്നതും കൗതുകകരമാണ്. അതിൻ്റെ ഫലമായി രാഷ്ട്രീയോന്മുഖത നവ്യ പ്രസ്ഥാനത്തിൻ്റെ കാതൽ ആയി മാറി. കേരളത്തിൽ പുരോഗമന പ്രസ്ഥാനം പലപ്പോഴും ആധുനികതാ വിരുദ്ധ നിലപാട് സ്വീകരിച്ചതുകൊണ്ട് പുരോഗമന പ്രസ്ഥാനം സൃഷ്ടിച്ച എഴുത്തുകൾ കാല്പനിക എഴുത്തുകൾ തന്നെയായി. പ്രത്യേകിച്ച് കവിതയിൽ. രോഗക്കിടക്കയിലിരുന്ന് ഗോപാലകൃഷ്ണ അഡിഗയുടെ കവിത ചൊല്ലുന്ന ഗോപാല ഗൗഡയെ അനന്തമൂർത്തി ഓർത്തെടുക്കുന്നുണ്ട് .

ഡോ. രാജാ രാമണ്ണ
ഡോ. രാജാ രാമണ്ണ

ജാതി, ആധുനികത, ഗാന്ധിസം, മാർക്സിസം, സോഷ്യലിസം, പാരമ്പര്യം, ആധുനികത, ആത്മീയത എന്നിങ്ങനെ ഇന്ത്യയുടെ നിതാന്ത പ്രശ്നങ്ങളിലേയ്ക്ക് നിരന്തരം വെളിച്ചം വീശുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഈ വർഷത്തിൻ്റെ താൾ മറിയുമ്പോൾ, ഈ പുസ്തകത്തിൻ്റെ വായന സവിശേഷമായി വേറിട്ടു നിൽക്കുന്നത് ‘സ്വദേശി ചിന്തന’യുടെ ആധുനികമായ പടർച്ച നിറഞ്ഞുനിൽക്കുന്നതു കൊണ്ടാണ്. പലപ്പോഴും സ്വദേശി ചിന്തന ഉണ്ടാക്കിയിരുന്നത് ആഭ്യന്തര 'പൗരസ്ത്യ വാദ 'ത്തെയാണ്. സ്വദേശി ചിന്തനയുടെ ഈ ചതിക്കുഴിയിൽ നിന്ന് ഈ ആധുനിക വായന വേറിട്ടു നില്ക്കുന്നു. ഇന്ത്യ ഒരു രാജ്യം എന്നതിനേക്കാൾ ഒരു സമൂഹമായി ഇതിൽ നിറഞ്ഞു നിൽക്കുന്നു.

ഈ പുസ്തകം തന്ന ഏറ്റവും വലിയ ആഹ്ളാദം, ദ്വന്ദ്വങ്ങളെ ആശ്രയിച്ചല്ല ഇതിലെ വിചാരങ്ങൾ മുന്നോട്ടു പോകുന്നത് എന്നതാണ്. ഡോ. രാജാരാമണ്ണ, പ്രാചീനമായ ഒരു ഇന്ത്യൻ ഗ്രന്ഥത്തിൽ നിന്ന് കണ്ടെടുത്ത അഞ്ചിന യുക്തിയെക്കുറിച്ച് അനന്തമൂർത്തി പരാമർശിക്കുന്നുണ്ട്. ദ്വന്ദ്വയുക്തിയുടെ കയ്പിൽ കഴിയുന്ന നമ്മെ സംബന്ധിച്ച് അത് വിസ്മയകരമായ സാധ്യതയാണ്. ഇന്ത്യ പോലൊരു ബഹുസ്വര രാഷ്ട്രത്തിൽ ഒരു യുഗ്മ യുക്തിക്ക് ഒരു കാലത്തും സംസ്കൃതിയിലേയ്ക്ക് ആഴ്ന്നിറങ്ങാൻ കഴിയില്ല എന്ന് ഇത് വീണ്ടും പഠിപ്പിക്കുന്നു.

യു.ആർ. അനന്തമൂർത്തി മരിച്ചപ്പോൾ കർണാടകത്തിൽ ഹിന്ദുത്വ രാഷ്ട്രീയക്കാർ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു  / Photo: daijiworld.com
യു.ആർ. അനന്തമൂർത്തി മരിച്ചപ്പോൾ കർണാടകത്തിൽ ഹിന്ദുത്വ രാഷ്ട്രീയക്കാർ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു / Photo: daijiworld.com

അനന്തമൂർത്തി മരിച്ചത് കർണാടകത്തിൽ ഹിന്ദുത്വ രാഷ്ട്രീയക്കാർ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചതെന്തിന് എന്ന് ഈ സംഭാഷണങ്ങൾ വെളിവാക്കുന്നു. ഗാന്ധിയെ ഹിന്ദു ഫാഷിസ്റ്റുകൾ കൊല ചെയ്തപ്പോൾ ഹിന്ദുത്വ ഫാഷിസ്റ്റുകൾ തിരുവനന്തപുരം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ ഇവ്വിധം ആഘോഷ പരിപാടികൾ നടത്തിയതായി നാം കാണുകയുണ്ടായി. ഈ രണ്ടു പേരും, അനന്തമൂർത്തിയും ഗാന്ധിയും, അനന്തമൂർത്തിയുടെ ഭാഷ തന്നെ ഉപയോഗിച്ചു പറഞ്ഞാൽ, ആഭ്യന്തര വിമർശകർ ആയിരുന്നു. അവർ മതസ്വത്വത്തെ ഉപേക്ഷിക്കാതെ തന്നെ മത വിമർശം നടത്തി. ദേശീയവാദികളായിരുന്നുകൊണ്ട് ദേശീയതാ വിമർശനവും അവർ നടത്തി. ആഭ്യന്തര വിമർശനത്തെ സൂക്ഷ്മമായി മനസ്സിലാക്കേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. ചിന്തയ്ക്കുള്ളിലും സർഗ്ഗാത്മകതയ്ക്കുള്ളിലും ഒരു പ്രതിപക്ഷത്തെ സൃഷ്ടിക്കലാണത്. രാഷ്ട്രീയത്തിൽ മാത്രമല്ല, സംസ്കാരത്തിലും പ്രതിപക്ഷം ഒരു അനിവാര്യതയാണെന്ന് ഈ പുസ്തകം ആഴത്തിൽ ചൂണ്ടിക്കാട്ടുന്നു.

Comments