പോയ കാലങ്ങളുടെ വസ്തുതാപരമായ ആഖ്യാനം മാത്രമല്ല ചരിത്രം. ചില കാര്യങ്ങളെ സ്ഥാപിച്ചെടുക്കലും കൂടിയാണ്. നമ്മുടെ നോവലുകളെല്ലാം ചരിത്രകൃതികളെപ്പോലെ ഏറിയും കുറഞ്ഞും ഈയൊരു ധർമ്മം പിന്തുടരുന്നുണ്ടെന്നു കാണാനാകും. പി. സുരേഷ് എഴുതിയ മറതി എന്ന നോവൽ വ്യക്തമായും ഇത്തരമൊരു ചരിത്രനിർമ്മിതി ഒന്നിലധികം തലങ്ങളിൽ സാധിക്കുന്നുണ്ട്. ചിലത് സൂക്ഷ്മമാകുമ്പോൾ ചിലത് നോവലിനെ പുതഞ്ഞുനിൽക്കുന്ന സ്ഥൂലചരിത്രത്തിന്റെ അബോധത്തിലുള്ള ആഖ്യാനമാണെന്നും കാണാം.
തെയ്യോൻ എന്ന സ്വതന്ത്ര്യസമരസേനാനിയെയാണ് ഈ നോവൽ പ്രാഥമികമായി സ്ഥാപിച്ചെടുക്കുന്നത്. ഉള്ള്യേരിയിലും പരിസരത്തും ജീവിച്ച മനുഷ്യനാണ് തെയ്യോൻ. എന്നാൽ അരക്കിറുക്കനായ ഒരു പാവം ദളിത് മനുഷ്യൻ എന്നേ അദ്ദേഹം അടയാളപ്പെട്ടിരുന്നുള്ളു. നോവലിസ്റ്റ് തെയ്യോനെ ഒരു മഹാമനുഷ്യനായി സ്ഥാനപ്പെടുത്തിയിരിക്കുന്നു. ഒരാളെ സ്ഥാപിച്ചെടുക്കാൻ ആദ്യം വേണ്ടത് കൃത്യമായ ആശയപ്രപഞ്ചം ഉണ്ടാക്കിയെടുക്കുകയാണ്. രാഷ്ട്രീയ ഭൂമിശാസ്ത്രം (Political Geography) എന്ന സങ്കല്പനം അവതരിപ്പിക്കുന്നത് ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ഹെൻറി ലെഫവറാണ് (Lefebvre: 1991). അദ്ദേഹം പറയുന്ന ഭൗതിക ഇടം (Physical Space), പ്രതിനിധാനപരമായ ഇടം (Representational Space), സങ്കൽപനപരമായ ഇടം (Conceptual Space) എന്നിവയിൽ മൂന്നാമത്തേതിന്റെ ധർമ്മമാണ് നോവൽ ഭംഗിയായി നിർവഹിച്ചിരിക്കുന്നത്.
തെയ്യോൻ എന്ന സ്വാതന്ത്ര്യസരമസേനാനിക്ക് ഇനി സ്മാരകങ്ങളുണ്ടാക്കാം. ജഡശില്പങ്ങൾക്കുപകരം വായനശാലകളോ വിദ്യാലയങ്ങളോ പഠനഗവേഷകകേന്ദ്രങ്ങളോ അദ്ദേഹത്തിന്റെ പേരിലുണ്ടാക്കാം. അതായത് ഒരാശയം എന്നതിൽനിന്ന് മുന്നോട്ടു സഞ്ചരിച്ച് തീർത്തും ഭൌതികമായ ഒരു ജൈവ ഇടമായി പരിണമിക്കാനുള്ള തുറസ്സ് ഈ നോവൽ ഒരുക്കിവച്ചിട്ടുണ്ട്. തെയ്യോന്റെ കാര്യം നോവലിൽനിന്നുള്ള പ്രതിനിധാനസൂചകമായാണ് ഇവിടെ എടുത്തു കാണിച്ചിരിക്കുന്നത്. ഇത്തരം വേറെയും കഥാപാത്രങ്ങളെ ഈ നോവലിൽനിന്ന് കണ്ടെടുത്ത് സ്ഥാനപ്പെടുത്താനാകും.

ഇതൊരു രാഷ്ട്രീയപ്രവർത്തനമാണ്. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളിൽ മിക്കവരെയും ഇത്തരം പ്രക്രിയകളിലൂടെ സ്ഥാപിച്ചെടുത്തതാണ്. ഓരോരുത്തരും എന്തായിരുന്നു എന്നതും അവർ അറിയപ്പെടേണ്ടത് എങ്ങനെയാണ് എന്നതും കാലത്തിന്റെ തീർപ്പുകളാണ്. ചിലർ അനർഹമായത് നേടുമ്പോൾ പലർക്കും അർഹമായതുപോലും കിട്ടാറില്ല. രണ്ടാമത്തെ ഗണത്തിൽ പെട്ടുപോയ ഒരു മനുഷ്യരെയാണ് മറതി കൃത്യമായി കണ്ടെടുക്കുന്നത്.
ഫൂക്കോയുടെ ചരിത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമായി ചേർത്തുവായിക്കുമ്പോഴാണ് ഈ പ്രക്രിയയുടെ രാഷ്ട്രീയം നമുക്കു കൂടുതൽ വ്യക്തമാവുക. ചരിത്രരേഖകൾ അറിവും അധികാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ചരിത്രം 'വിജ്ഞാനം' എന്ന നിലയിൽ എങ്ങനെ രൂപപ്പെടുന്നു എന്നും, അത് സമൂഹത്തിലെ അധികാരഘടനകളെ എങ്ങനെ നിലനിർത്തുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ചരിത്രരേഖയും നിഷ്പക്ഷമല്ലെന്നും, അത് അധികാരം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഒരു 'വ്യാഖ്യാനം' ആണെന്നുമാണ് ഫൂക്കോ വാദിച്ചത് (Pantheon: 1980). ഇതിന്റെ തുടർച്ചയാണ് പ്രതിചരിത്രനിർമ്മിതികൾ. ഇതിനുവേണ്ട അധികാരം ജനാധിപത്യപ്രക്രിയയിലൂടെ സിദ്ധിച്ചതാണെന്നുകൂടി കാണേണ്ടതുണ്ട്.
ഒരു നോവൽ വായനയ്ക്ക് ഇത്രയും സൈദ്ധാന്തികമായ ആമുഖം വേണ്ടതുണ്ടോ എന്ന് തോന്നിയേക്കാം. എന്നാൽ മറതിയിലാണ്ടുപോയേക്കാവുന്ന തെയ്യോൻ എന്ന ചരിത്രപുരുഷനെ / ചരിത്രപുരുഷന്മാരെ ആശയപരമായി സ്ഥാപിച്ചെടുക്കുന്നതിന്റെ ആലോചനാവഴികൾ വിശദീകരിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല. ചരിത്രത്തിലെ ‘മറതി’കൾ നിഷ്കളങ്കമല്ല. ജനങ്ങളുടെ ബോധമണ്ഡലത്തെ സ്വാധീനിക്കുന്ന രീതിശാസ്ത്രങ്ങളുടെ സ്വാധീനം അതിലുണ്ട്. പ്രതിബോധങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ആയാസരഹിതമായ ഒന്നല്ല എന്നും കാണേണ്ടതുണ്ട്. സാഹിത്യം ചരിത്രമാണോ എന്ന ചോദ്യത്തിന് സ്റ്റീഫൻ ഗ്രീൻബ്ലാറ്റ് (Stephen Greenblatt), ഹെയ്ഡൻ വൈറ്റ് (Hayden White) തുടങ്ങിയ നവചരിത്രചരിത്രവാദത്തിന്റെ വക്താക്കൾ മറുപടി പറഞ്ഞിട്ടുണ്ട്. സാഹിത്യം ചരിത്രമുക്തമായ ഒന്നല്ല എന്നു പറയുന്നതുപോലെ ചരിത്രം ഭാവനാമുക്തവുമല്ല എന്ന് അവർ പറഞ്ഞുവച്ചിട്ടുണ്ട്.
ഇരുനൂറിൽ താഴെ പേജുകളുള്ള ഈ നോവൽ തെയ്യോനെ അടയാളപ്പെടുത്താൻ മാത്രം രചിച്ച ഒന്നല്ല. പല തരത്തിലുള്ള അനേകം മറതികളെ അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട്. വ്യക്തികൾ, സംഭവങ്ങൾ, ഇടങ്ങൾ, നിരവധിയായ സ്ഥലനാമങ്ങൾ, വ്യക്തിനാമങ്ങൾ, സസ്യലതാദികൾ, അവയുടെ പേരുകൾ, ഭക്ഷണസംസ്കാരം എന്നിവയൊക്കെ ഈ നോവലിലെ വീണ്ടെപ്പുകളുടെ പട്ടികയിലേക്ക് ചേർത്തു വയ്ക്കാവുന്നവയാണ്. പുനർനാമകരണങ്ങളുടെ രാഷ്ട്രീയത്തിന്റെ രണ്ടു വശം ഈ നോവൽ കാണിച്ചുതരുന്നുണ്ട്. ഒന്ന് ഗോപാലൻ എന്നു പേരുള്ള ദലിത് വിദ്യാർത്ഥിയുടെ പേര് തെയ്യോൻ എന്ന് ബലാൽ തിരുത്തുന്നതാണ്. അയാളുടെ അധ്യാപകൻ തന്നെയാണ് നാട്ടിലെ ജന്മിയുടെകൂടി ഒത്താശയോടെ ഇങ്ങനെയൊരു പണി ചെയ്യുന്നത്. അതൊരു പേരുമാറ്റം മാത്രമല്ല, വിദ്യാർത്ഥിത്വനിഷേധം കൂടിയായിരുന്നു. ഗാന്ധിയെ തൊട്ട മനുഷ്യർ എന്ന അധ്യായത്തിലാണ് രണ്ടാമത്തെ പേരു മാറ്റം വരുന്നത്. അതിങ്ങനെയാണ്:

‘നല്ലമ്പ്രക്കുന്നിലാണ് ഗാന്ധിജി വരുന്നത്. ഹരിജനോദ്ധാരണ ത്തിനായി, ഗാന്ധിജിയുടെ നിർദ്ദേശത്താൽ കേളപ്പജിയാണ് നല്ലമ്പ്രക്കുന്നിൽ ശ്രദ്ധാനന്ദ വിദ്യാലയം സ്ഥാപിച്ചത്. കുന്നിന്റെ പേരിപ്പോൾ പാക്കനാർപുരം എന്നു മാറ്റിയിട്ടുണ്ട്. വള്ളത്തോളാണ് ആ പേര് നൽകിയത്.’ (സുരേഷ്: 2025)
നല്ലമ്പ്രക്കുന്ന് സൂത്രത്തിൽ പാക്കനാർ പുരമായതു നോക്കൂ. കേളപ്പജി സ്ഥാപിച്ച വിദ്യാലത്തിന്റെ പേര് ശ്രദ്ധാനന്ദ എന്നാണ്. ഈ ഭാഗം വായിച്ചപ്പോൾ മാറിപ്പോയ നിരവധി സ്ഥലനാമങ്ങളെ കുറിച്ച് ആലോചിച്ചു പോയി. പ്രാദേശിക മനുഷ്യർ രൂപപ്പെടുത്തുകയും നൂറ്റാണ്ടുകളായി കൊണ്ടുനടക്കുകയും ചെയ്ത പേരുകളാണ് ആധുനികതയുടെയും പുരോഗമനത്തിന്റെയും ചെലവിൽ മാറിപ്പോയത്. ഈ പേരുകളൊക്കെ ദ്രാവിഡമായിരുന്നു, ദലിത് നോട്ടത്തിന്റെ ദാർശനികഭംഗികൾ ചേർന്നതായിരുന്നു. അതിനുമേൽ മറ്റൊയൊരു ലാവണ്യബോധത്തെ സ്ഥാപിക്കുകയാണ് പുതിയ പേരുകൾ. അതേസമയം ദളിത് മനുഷ്യരുടെ സംജ്ഞാനാമങ്ങൾ ഇത്തരത്തിൽ പരിഷ്കരിക്കപ്പെടുന്നത് തടയുകയും ചെയ്യുന്നു. ദളിതന്റെ ഇടങ്ങളിലേക്കും സ്വത്തുവകകളിലേക്കും ലാവണ്യബോധത്തിലേക്കും കൈയ്യേറ്റം നടത്തുന്നവർ ദലിതനെ ദലിതനായിത്തന്നെ നിലനിർത്തുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയമാണ് ഇവിടെ വെളിപ്പെടുന്നത്. ഈ കുറിപ്പിൽ എടുത്തു കാണിക്കുന്നതുപോലെ കടുപ്പിച്ചല്ല നോവൽ കാര്യങ്ങളെ അവതരിപ്പിക്കുന്നത്. വില്ലന്മാരില്ലാത്ത ഈ നോവൽ ആസകലം പിന്തുടരുന്നത് സംയമനത്തിന്റെ മനോഹരമായ ഭാഷയാണ്. കൊളോണിയൽ അധികാരികളെയും അതിന്റെ ദല്ലാൾപ്പണിക്കാരെയും മാത്രമാണ് ഈ നോവൽ അപരസ്ഥാനത്തു നിർത്തിയിരിക്കുന്നത്.
പേരുമാറ്റങ്ങൾ ഭാഷയുമായും കീഴാളജീവിതവുമായും ബന്ധപ്പെട്ട രാഷ്ട്രീയം കൂടിയാണെന്നാണ് പറഞ്ഞുവന്നത്. രണ്ടു സംഭവങ്ങളേ ഇത്തരത്തിൽ എടുത്തുപറയുന്നുള്ളു. അതേസമയം ഇന്നു കാണാത്ത വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും സസ്യലതാദികളുടെ പേരുകളും നിത്യജീവിതത്തിൽനിന്നുള്ള നിരവധി പദാവലികളും നോവലിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അവയൊക്കെ ഇന്ന് എവിടപ്പോയി എന്ന ചോദ്യത്തിനുത്തരം വായനക്കാർക്കു വിട്ടുതന്നിരിക്കുകയാണ്. സ്വാഭാവികവും അനിവാര്യവുമായ ഒന്നായി ഈ വാക്കുകളുടെ പിൻവാങ്ങലിനെ നോവലിസ്റ്റ് കാണുന്നില്ല. മറിച്ച് വേദന നിറഞ്ഞ ഒരു പുഞ്ചിരി വരികൾക്കിടയിൽ കാണുകയും ചെയ്യുന്നു.
1940- കളിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയപശ്ചാത്തലമാണ് നോവൽ വിവരിക്കുന്നത്. ഗാന്ധിയുടെ വരവ്, വ്യക്തിസത്യഗ്രഹം, ഗാന്ധി അറസ്റ്റു ചെയ്യപ്പെട്ട ശേഷം ഇന്ത്യയാകെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉള്ള്യേരിയിലെ മാതാം തോട് പൊളിക്കുന്നതും അംശക്കച്ചേരികളും രജിസ്ട്രാപ്പീസുകളും കത്തിക്കുന്നതും മറ്റുമാണ് ഈ നോവലിലെ പ്രധാന സംഭവങ്ങൾ. അക്കാലത്തെ നേതാക്കളൊക്കെ നേരിട്ടോ പരാമർശങ്ങൾ വഴിയോ നോവലിൽ കടന്നുവരുന്നുണ്ട്. ബ്രിട്ടീഷ് സർക്കാരിലെ ഉദ്യോഗസ്ഥരും അവർക്ക് ഒത്താശ ചെയ്യുന്ന നാട്ടുപ്രമാണിമാരും ഉണ്ട്. ആതശ്ശേരി ക്ഷേത്രത്തിനു മുന്നിലൂടെ വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരം മുതൽ കാക്കഞ്ചേരിയിലെ കൈതോലസമരം വരെ വിശദീകരിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതും പ്രാദേശികവുമായ നിരവധി സമരങ്ങളുടെ കഥ പറയുന്നതിനൊപ്പം ധാരാളം മനുഷ്യരെയും അവരുമായി ബന്ധപ്പെട്ട ഉപകഥകളെയും ഭംഗിയായി നോവൽ ഇഴചേർത്തു വച്ചിട്ടുണ്ട്. ഇതിൽ ദാമ്പത്യവും പ്രണയവും അഗമ്യഗമനങ്ങളും മരണങ്ങളും ദുരന്തങ്ങളും വേദനകളുമെല്ലാമുണ്ട്. ഈ വിധം ഭിന്നതലങ്ങളെ സ്പർശിക്കുന്ന മൾടി ട്രാക്ക് ആഖ്യാനമാണ് നോവലിന്റെ സൌന്ദര്യം. നോവലിന്റെ ഉള്ളടക്കപരവും ആഖ്യാനപരവുമായ സവിശേഷതകൾ വിശകലനം ചെയ്തുകൊണ്ടുള്ള നിരവധി പേർ ഇതിനകം വന്നതുകൊണ്ട് ഇവിടെ അതിനു മുതിരുന്നില്ല.

നോവലിനെ ചൂഴ്ന്നുനിൽക്കുന്ന, അല്ലെങ്കിൽ ഈ നോവൽ അബോധത്തിൽ ഉണർത്തിയെടുക്കാൻ ശ്രമിക്കുന്ന വേറൊരു ചരിത്രനിർമ്മിതി കൂടി സൂചിപ്പിക്കേണ്ടതുണ്ട്. വിസ്മൃതിയിലായിപ്പോയ ഒരു ദേശീയത ഈ നോവലിന് പശ്ചാത്തലമാകുന്നുണ്ട്. ഇത് അല്പം വിശദീകരിക്കേണ്ട കാര്യമാണ്. ദേശീയത എന്നു കേൾക്കുമ്പോൾ ഇന്ത്യൻ ദേശീയത എന്നാണ് പെട്ടെന്ന് മനസ്സിൽ വരിക. അതുപോലെ മറ്റു ദേശരാഷ്ട്രങ്ങളുടെ ദേശീയതകളെയും ഓർത്തേക്കാം. ഒന്നുകൂടി ആലോചിക്കുമ്പോഴാണ് നിരവധി ഉപദേശീയതകളുടെ കൂട്ടമാണല്ലോ ഇന്ത്യ എന്ന കാര്യം ഓർമ്മ വരിക. ഇനി കേരളത്തിലേക്കു വന്നാലോ, ചരിത്രപരമായും സാംസ്കാരികമായും ഏറെക്കുറേ സ്വതന്ത്രയൂണിറ്റുകളായി നിന്ന ഇടങ്ങൾ ചേർന്നതാണ് ഇന്നത്തെ കേരളം. ഇതിൽ ചിലതെല്ലാം സാമാന്യമായെങ്കിലും ‘ദേശീയതകൾ’ എന്നു വിളിക്കാവുന്നത്രയും പ്രബലമായിരുന്നു എന്നു മനസ്സിലാക്കുന്നു. പുതിയ ഭൂപടങ്ങൾ വരച്ചും രാഷ്ട്രീയമായി ഏകീകരിച്ചും സാംസ്കാരികമായി ഒറ്റ എന്ന് ഭാവിച്ചും എത്രതന്നെ മുന്നോട്ടു പോയാലും അതിന്റെ ചില അംശങ്ങൾ ഞാൻ ഞാൻ എന്ന് അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇത്തരമൊരു അടയാളപ്പെടുത്തൽ മറതിക്ക് പശ്ചാത്തലമാകുന്നുണ്ട് എന്നു ഞാൻ വിചാരിക്കുന്നു.
തുടക്കത്തിൽ പറഞ്ഞതുപോലെ ചരിത്രവൽക്കരണത്തിന്റെ ശക്തമായ ചില താൽപര്യങ്ങൾ എക്കാലത്തും നോവൽ രചനകൾക്ക് പ്രേരണയായിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇതുവരെ പറഞ്ഞതിനപ്പുറം എന്തെങ്കിലും പ്രേരണ ഈ നോവലിനു പിന്നിലുണ്ടോ എന്ന് ആലോചിക്കുമ്പോഴാണ് അത് തെളിഞ്ഞുവരിക. കേവലം സൂക്ഷ്മചരിത്രാഖ്യാനം (micro historic narration) എന്നതിനപ്പുറം പോകുന്നുണ്ട് അത്. കൃത്യമായ സാമ്പത്തികപ്രവർത്തനങ്ങളും അതിനെ ഏകോപിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വവും ഇതു രണ്ടിൽനിന്നുമുണ്ടാകുന്ന മധ്യവർഗവും മധ്യവർജീവിതത്തിന്റെ തുടർച്ചയായ സാംസ്കാരികമായ സ്ഥാനപ്പെടലുകളും ചേർന്നതിനെയാണ് ഞാനിവിടെ ദേശീയത എന്നു വ്യവഹരിച്ചത്. മറതി എന്ന നോവലിന്റെ ആധാരസ്ഥാനമായി വർത്തിക്കുന്ന ഉള്ളിച്ചേരിമുക്ക് ഇത്തരമൊരു ദേശീയതയുടെ നാഡീബന്ധങ്ങൾക്കിടയ്ക്ക് വരുന്ന ഇടമാണ്.
ഡോ. അഭിലാഷ് മലയിൽ എഴുതിയ റയ്യത്തുവാരി കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ ഉള്ളിച്ചേരിമുക്ക് ഉൾപ്പെടുന്ന കുറുമ്പ്രനാടിന്റെ സാമ്പത്തികചരിത്രം സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ചരിത്രഗ്രന്ഥമാണ്. (അഭിലാഷ് : 2022) ഈ പ്രദേശത്തിന്റെ രാഷ്ട്രീയചരിത്രത്തിലല്ല ഡോ. അഭിലാഷ് ഊന്നുന്നതെങ്കിലും കോരപ്പുഴയ്ക്കു വടക്കുള്ള നാട്ടുരാജ്യങ്ങൾ ഹൈദരാലിയുടെ ഭരണത്തിൻകീഴിൽ വരുന്നതും ടിപ്പുവിന്റെ പതനത്തോടെ അത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലാകുന്നതും അവിടവിടെ സൂചിപ്പിച്ചു പോകുന്നുണ്ട്. പിന്നീട് മദ്രാസ് സ്റ്റേറ്റിന്റെ അതിരുകൾക്കുള്ളിലായ മലയാള പ്രദേശങ്ങളെയാകെ മലബാർ ജില്ലയിൽ ചേർത്തു. ഈ ജില്ലയിലെ ഒരു താലൂക്കായിരുന്നു കുറുമ്പനാട്. കുറേക്കൂടി പിന്നിലേക്കു പോയാൽ കുറുമ്പ്രനാട് ഒരു നാട്ടുരാജ്യമായിരുന്നു എന്നുകൂടി കാണാനാകും. സാമൂതിരിയുടെ കോഴിക്കോടിനും കോലത്തിരിയുടെ കോലത്തുനാടിനും (കണ്ണൂർ) ഇടയിലെ ഒരു ചെറു രാജ്യം.
കീഴരിയൂർ ബോംബുകേസുപോലെ ദേശീയശ്രദ്ധ നേടിയ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലോചിക്കുമ്പോഴാണ് എത്ര വലിയ മധ്യവർഗസ്വാധീനമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നത് എന്നു മനസ്സിലാവുക. (കീഴരിയൂർ ബോംബുകേസിന്റെ ആലോചകനകളിലും പ്രവർത്തനങ്ങളിലും ബാഹ്യബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല). കുറ്റ്യാടിപ്പുഴയ്ക്കും കോരപ്പുഴയ്ക്കും വയനാടൻ മലനിരകൾക്കും അറബിക്കടലിനും ഇടയിലുണ്ടായിരുന്ന കുറുമ്പ്രനാട്, ഇന്ന് വടകര, കൊയിലാണ്ടി എന്നിങ്ങനെ രണ്ടു താലൂക്കുകളാണ്. അതിരുകൾ കൃത്യമാവണമെന്നില്ല. അതുപോലെ ഇതിന്റെ ഓർമ്മകളും സാംസ്കാരിക സ്വാധീനവും അതിരുകൾ ഭേദിക്കുന്നുമുണ്ട്. നമ്മൾ ചർച്ച ചെയ്യുന്ന തരത്തിൽ വിപുലവും അടങ്ങാത്തതുമായ ഓർമ്മകളെ നിർമ്മിക്കുന്ന ഈ ദേശീയതയെ രൂപപ്പെടുത്തുന്ന വാണിജ്യ സാംസ്കാരികബന്ധങ്ങൾക്ക് മധ്യകാലത്തിനും പിന്നിലേക്ക് വേരുകളുണ്ട് എന്നു കാണാനാകും. ആ ബന്ധങ്ങളുടെ വ്യതിരിക്തതകളാണ് ഡോ. അഭിലാഷ് വിശദീകരിക്കാൻ ശ്രമിക്കുന്നത്. അതിൽനിന്ന് കിനിഞ്ഞിറങ്ങുന്ന സാംസ്കാരികസ്മൃതികളെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളാണ് നോവലാഖ്യാനങ്ങളുടെ ചരിത്രത്തിന്റെ വീക്ഷണകോണിൽനിന്നുള്ള പ്രേരണ.

സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട ഒന്നാണ് ഇത്. വയനാടൻ മലനിരകളിൽനിന്ന് അനേകം ചുരങ്ങളിലൂടെ തലച്ചുമടായി നദീതടങ്ങളിലെത്തിയ ചരക്കുകൾ ചങ്ങാടങ്ങളിലൂടെയും വള്ളങ്ങളിലൂടെയും സഞ്ചരിച്ച് ഇടസ്ഥാനങ്ങളിലെത്തുകയും അവിടങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്ന ചരക്കുകൾ കാളവണ്ടികളിലോ വീണ്ടും ജലമാർഗമോ തുറമുഖങ്ങളിലേക്കു നീങ്ങുകയും ചെയ്യുന്നതിന്റെ ഒരു ചിത്രം സങ്കല്പിക്കേണ്ടതുണ്ട്. കുറുമ്പ്രനാടിനെ സംബന്ധിച്ച് പന്തലായനി തുറമുഖമാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യസ്ഥാനം. അറബിക്കടൽ കേന്ദ്രീകരിച്ചുള്ള കച്ചവടങ്ങളുടെ പശ്ചാത്തലത്തിൽ പന്തലായനിയും ഒരു ഇടസ്ഥാനം മാത്രമാണെന്നു കാണാനാകും. ദീർഘകാലം നിലനിന്ന ഈ വാണിജ്യപ്രവർത്തനങ്ങളിൽ നദികൾ ഞരമ്പുകളായും നദീതീരങ്ങളോടു ചേർന്ന അങ്ങാടികൾ സന്ധിബന്ധങ്ങളായും പ്രവർത്തിക്കുന്നതുകാണാം. വർത്തകപ്രമുഖരും ഇടനിലക്കാരും ചേർന്ന് രൂപപ്പെടുന്ന അധികാരബന്ധങ്ങളും ജാതിമതസമൂഹങ്ങളുടെ രൂപപ്പെടലും ഇതിന്റെ തുടർച്ചയാണ്. വിദേശവാണിജ്യത്തിലൂടെ വന്നു ചേരുന്ന പണത്തിന്റെ പുനർവിതരണം ഭൂബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പന്തലായനി തുറമുഖത്തോടു ചേർന്നുണ്ടായ ഹിന്ദു- മുസ്‍ലിം വിഭാഗങ്ങളുടെ വലിയ ആരാധനാലയങ്ങൾ(കൊയിലാണ്ടി വലിയ പള്ളിയും പിഷാരികാവും) ഇതിനോടു ചേർത്തു വായിക്കണം.
അധികാരബന്ധങ്ങളുടെ പരിണാമത്തോടൊപ്പം ചേർന്നുനിന്നും ഇടറിയും മുന്നേറിയ മധ്യവർഗത്തിൽനിന്നുള്ള ഫ്രാക്‍ഷനുകളാണ് പിൽക്കാലത്ത് ബ്രിട്ടീഷ് കൊളോണിഭരണത്തിനെതിരെ സമാനതകളില്ലാത്ത പോരാട്ടങ്ങളിലേക്കു കടന്നുവരുന്നത്. പോർച്ചുഗീസ് കാലം തൊട്ടുള്ള ഇതിന്റെ ആഖ്യാനങ്ങൾ പഴയ കുറുമ്പ്രനാടിന്റെ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നതു കാണാം. അത്തരത്തിലുള്ള ആദ്യത്തെ ഓർമ്മ പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടിയ കഥകൂടിയുള്ള തേവർ വെള്ളന്റെ ചരിത്രമാണ്. ഇത് ഐതിഹ്യമായും പിന്നീട് ഒരു ചെറുനോവിലൂടെ സ്ഥാനപ്പെട്ടും നമുക്കു വായിക്കാനാകും. പി. ദേവ് ഷാ എഴുതിയ തേവർ വെള്ളൻ എന്ന നോവൽ, പ്രദീപൻ പാമ്പിരികുന്നിന്റെ എരി, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെയും യു.എ.ഖാദറിന്റെയും രചനാലോകം, യു.കെ. കുമാരന്റെ നോവൽ, റിഹാൻ റാഷിദിന്റെ രചനകൾ, ഷംസുദ്ദീൻ കുട്ടോത്തിന്റെ ഇരീച്ചാൽ കാപ്പ് തുടങ്ങി വലിയൊരു നിര എഴുത്തുകാർ കുറുമ്പ്രനാടിന്റെ ഓർമ്മകളും വർത്തമാനങ്ങളും എഴുതിക്കൊണ്ടേയിരിക്കുന്നു. ഈ നോവലുകളെയെല്ലാം ചേർത്ത് കുറുമ്പ്രനാട് നോവലുകൾ എന്നു വിളിക്കാൻ സാധിക്കും. അത്തരത്തിൽ വിപുലമായ പഠനങ്ങളും ഈ നോവലുകൾ അർഹിക്കുന്നുണ്ട്. കേരളം എന്ന ഒറ്റ ദേശീയതയിൽ വിലയം പ്രാപിക്കേണ്ടി വന്ന കുറുമ്പനാടിന്റെ സ്വതബോധവും വ്യക്തിത്വവുമാണ് കുറുമ്പ്രനാട് നോവലുകളെ രൂപപ്പെടുത്തുന്നത്. ഇതിന്റെ തുടർച്ചയിലാണ് മറതിയും ഇടംപിടിച്ചിരിക്കുന്നത്.
മീനാക്ഷി മുഖർജി അമിതാവ് ഘോഷിന്റെ The Shadow Lines (1988) എന്ന നോവലിനെക്കുറിച്ചെഴുതിയ പഠനത്തിൽ, വ്യക്തികളുടെ ഓർമ്മകളിൽ ദേശീയതാസങ്കൽപ്പങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുന്നു (Mukherjee: 2000). ദേശീയതയുടെ അതിരുകൾ (shadow lines) വെറും ഭൂപടത്തിലെ വരകളല്ലെന്നും, അവ വ്യക്തികളുടെ ഓർമ്മകളിലും അനുഭവങ്ങളിലുമുള്ള രാഷ്ട്രീയ-സാംസ്കാരിക നിർമ്മിതികളാണെന്നും അവർ വാദിക്കുന്നു. ഔദ്യോഗിക ചരിത്രത്തിൽനിന്ന് വ്യത്യസ്തമായി, വൈയക്തികമായ ഓർമ്മകൾ ദേശീയതയെക്കുറിച്ചുള്ള ധാരണകളെ ചോദ്യം ചെയ്യുകയും പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
എഡ്വേർഡ് ഓവൻ ടെഗ്ഗ് സൽമാൻ റുഷ്ദിയുടെ Midnight's Children എന്ന നോവലിലെ അതിരുകളുടെയും ഓർമ്മകളുടെയും രാഷ്ട്രീയവശങ്ങൾ വിശകലനം ചെയ്യുന്നുണ്ട് (Max Havelaar 2022). അരുന്ധതി റോയിയുടെ The God of Small Things ലെ ജാതി- സ്ഥല-അധികാരബന്ധങ്ങളെ ലഫവറുടെ spatial poetics–നെ മുൻനിർത്തി വിശകലനം ചെയ്യുന്ന സൂസൻ സ്റ്റാൻഫോർഡ് ഫ്രീമാന്റെ പഠനവും ശ്രദ്ധേയമാണ് (Susan Stanford Friedman: 2005).
പല നോവലുകളിൽ ഒന്ന് എന്ന മട്ടിൽ വായിക്കപ്പെടേണ്ടതാണ് മറതി എന്നല്ല പറഞ്ഞുവരുന്നത്. ഇങ്ങനെയൊരു പശ്ചാത്തലം കൂടി നോവൽ ചർച്ച ചെയ്യുന്ന മറതികൾക്ക് പശ്ചാത്തലമാകുന്നുണ്ട് എന്ന് തിരിച്ചറിയുന്നു എന്നു മാത്രം. ഒതുക്കിപ്പറയുക എന്നതാണ് പി. സുരേഷ് എന്ന എഴുത്തുകാരന്റെ ശീലം. മുഖ്യമായും നിരൂപകനായ അദ്ദേഹത്തിന്റെ നിരൂപണക്കുറിപ്പുകൾ വായിക്കുന്നവർക്ക് ആ ഒതുക്കം അനുഭവിക്കാനാകും. കുറച്ചു പറയലല്ല അത്, സാന്ദ്രീകരിക്കലാണ്. ഓരോ പൊടിയും വിടർത്തിവിടർത്തി വായിക്കാനുള്ള അനേകം സാധ്യതകൾ ഒളിപ്പിച്ചുകൊണ്ടുള്ള എഴുത്തു ശൈലിയാണ് ഇത്. മറതിയും അത്തരമൊരു രചനാരീതി പിന്തുടരുന്നുവെങ്കിലും നൂറ്റമ്പതിനടുത്ത് കഥാപാത്രങ്ങൾ, മനുഷ്യരോളം വലിപ്പത്തിൽ ജന്തുസസ്യജാലങ്ങൾ, സംഭവങ്ങൾ, ഓർമ്മകൾ, മറന്നു പോയ വാക്കുകൾ എന്നിവയെല്ലാം നോവലിൽ നിറഞ്ഞു നിൽക്കുന്നുവല്ലോ എന്നത് വിസ്മയത്തോടെയേ ഓർക്കാനാകൂ. വ്യക്തിപരമായി വിപുലവും സങ്കീർണ്ണവുമായ നോവലുകൾ വായിക്കാനാണ് എനിക്കിഷ്ടം. നോവൽ ആഖ്യാനത്തിന്റെ പൽച്ചക്രങ്ങളിൽ കുരുങ്ങി ചതഞ്ഞു ചതഞ്ഞു പോകാൻ ആഗ്രഹിക്കുന്ന വായനക്കാർക്കു വേണ്ടി വിപുലമായ നോവലുകൾ അദ്ദേഹം കുറുമ്പ്രനാടിന്റെ തന്നെ ഭൂമികയിൽനിന്ന് കണ്ടെടുക്കുമെന്ന് നമുക്കു പ്രത്യാശിക്കാം. വയനാടൻ മലനിരകളും കുടകുദേശവും കടന്ന് കിഴക്കോട്ടും അറബിക്കടലു കടന്ന് പടിഞ്ഞാറോട്ടും വികസിക്കാനുള്ള തുറസ്സ് കുറുമ്പ്രനാട് തുറന്നു വച്ചിട്ടുണ്ടല്ലോ.

▮
ഗ്രന്ഥസൂചി:
-അഭിലാഷ് മലയിൽ, റയ്യത്തുവാരി കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും: മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ, അദർ ബുക്സ്, 2022.
-സുരേഷ്, പി., മറതി, ഡി.സി.ബുക്സ്, 2025.
-Foucault, Michel. Power/Knowledge: Selected Interviews and Other Writings, 1972–1977. Edited by Colin Gordon, Pantheon Books, 1980.
-Friedman, Susan Stanford. “Spatial Poetics and Arundhati Roy’s The God of Small Things.” A Companion to Narrative Theory, edited by James Phelan and Peter J. Rabinowitz, Blackwell, 2005.
-Greenblatt, Stephen. Renaissance Self-Fashioning: From More to Shakespeare. University of of Chicago P, 1980.
-Lefebvre, Henri. The Production of Space. Translated by Donald Nicholson-Smith, Blackwell, 1991.
-Mukherjee, Meenakshi. “Maps and Mirrors: Co-ordinates of Meaning in The Shadow Lines.” The Perishable Empire: Essays on Indian Writing in English, Oxford Univerisity Press, 2000.
