അരപ്പാത്തിമ ഒരു പൂർണ പാത്തിമ ആയിരുന്നപ്പോൾ ഈ ലോകത്ത് അവശേഷിപ്പിക്കും എന്നു കരുതിയത് തന്റെ മനോഹരമായ റോസ് നിറത്തിലുള്ള തുടകളായിരുന്നു. ഈർച്ചത്തൊഴിലാളിയായ കെട്ടിയോൻ അസ്സയിനാർ അറക്കവാൾ കൊണ്ട് അതു മുറിച്ചിട്ടപ്പോൾ വാർന്നുവീണ ചോര പടർന്നിറങ്ങിയത് കാലത്തിലും ചരിത്രത്തിലും മുദ്രയുണ്ടാക്കി. അത് പാത്തിമയുടെ രക്തം കൊണ്ടുള്ള ഒപ്പായി, വിലാസമായി ഭൂമിയിൽ ജീവനുകൾക്കുമേൽ ഒഴുകിക്കൊണ്ടിരിക്കുന്നു.
രക്തത്തിന്റെ സഞ്ചാരപഥങ്ങൾ ഒറ്റ ജന്മത്തിൽ അവസാനിക്കുന്നില്ല. കാലത്തിലൂടെ തിരശ്ചീനമായും ലംബമായും യാത്രചെയ്യുകയാണ് ചോര. ആ പടർന്നൊഴുകലിന്റെ കഥയും ചരിത്രവുമാണ് പ്രമോദ് രാമന്റെ ആദ്യനോവലായ രക്തവിലാസം. സമൂഹത്തിന്റെ ധമനികളിലൂടെ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തിന്റെ പടർന്നാട്ടം. നോവൽ നോവല്ലാതെ മറ്റൊന്നുമല്ലെന്നാണ് നോവലിസ്റ്റിന്റെ സത്യവാങ്മൂലം. ചെറുകഥകളിലൂടെ മനുഷ്യാവസ്ഥയുടെ സൂക്ഷ്മവൈവിധ്യങ്ങളെ വ്യതിരിക്തതയോടെ ആവിഷ്‌കരിച്ച പ്രമോദ് രാമൻ തന്റെ ആദ്യനോവലിലും സങ്കീർണമായ ജീവിതാവസ്ഥയുടെ ആഴങ്ങളിലേയ്ക്ക് രാഷ്ട്രീയമായ ഉൾക്കാഴ്ചയോടെ ഊളിയിടുന്നു.
കാലത്തിലൂടെ തിരശ്ചീനമായും ലംബമായും യാത്ര ചെയ്യുകയാണ് ചോര. ആ പടർന്നൊഴുകലിന്റെ കഥയും ചരിത്രവുമാണ് പ്രമോദ് രാമന്റെ ആദ്യനോവലായ രക്തവിലാസം. സമൂഹത്തിന്റെ ധമനികളിലൂടെ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തിന്റെ പടർന്നാട്ടം.
നാല് ഭാഗങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന നോവലിന് ആകെ നൂറ്ററുപത്തേഴ് പുറങ്ങൾ. അവയിൽ ചെറുകഥയുടെ ഇറുക്കവും അടിത്തട്ടുമനുഷ്യരുടെ ചരിത്രജീവിതത്തിന്റെ ഉള്ളൊഴുക്കുമായി നോവലെന്ന നോവ് നിൽക്കുന്നു. ആദ്യ രണ്ടുഭാഗങ്ങളിലും ആഖ്യാനത്തിനകത്ത് കഥയും ചരിത്രവും ലയിച്ചൊന്നായതിന്റെ വായനസുഖം കൂടുതലുണ്ട്. അകൃത്രിമമായ ആഖ്യാനത്തിന്റെ ഭംഗി തരുന്ന ഉന്മേഷം കഥയിലേയ്ക്ക് ആണ്ടുമുഴുകാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതാണീ ഭാഗം.
അരപാത്തിമയുടെ കൂരയിൽ കഥ സംഭവിക്കുമ്പോഴും എ. കെ.ജി.യും ഇ.എം.എസും ഓടിക്കുന്ന പോരാട്ടത്തിന്റെ ചരിത്രവാഹനങ്ങൾ സ്വാഭാവികമെന്നോണം തന്നെയാണ് സമീപത്തെ നിരത്തുകളിലൂടെ കടന്നുപോവുന്നത്. ആസ്വാദനമാകുന്ന പച്ചിലപന്തലിന്റെ കിളിവാതിലുകളിലൂടെ വായനക്കാർക്ക് അത് അനുഭവിക്കാൻ കഴിയും. അടിയന്തരാവസ്ഥയുടെ അടിച്ചേൽപ്പിക്കപ്പെട്ട അച്ചടക്കങ്ങൾ, പൊലീസുവണ്ടികളുടെ ചീറിപ്പായലുകൾ, അതിനെതിരെയുള്ള യാതനാനിർഭരമായ പോരാട്ടം എല്ലാം കഥപറച്ചിലിന്റെ നൈസർഗികമായ ഒഴുക്കിനകത്തുതന്നെ സംഭവിക്കുന്നുണ്ട്. എന്നാൽ അവസാനഭാഗത്ത് ജിഗ്‌നേഷ് മേവാനിയും രാധിക വെമുലയും മറ്റുള്ളവരും നോവൽ ഗാത്രവുമായി അത്രമേൽ ലയിച്ചുചേർന്നിട്ടുണ്ടോ എന്ന സംശയം നിലനിൽക്കുന്നു. ഒപ്പം ഭീമ കൊറെഗാവ് അനുസ്മരണവും എൽഗാർ പരിഷത്ത് സമ്മേളനവും മറ്റും. നോവൽ രചനാകാലത്തുണ്ടായ ഇടവേളകൾ ഒരുപക്ഷേ, അവ തമ്മിൽ സ്വാഭാവികമായ ഒരു പാലം പണിയാൻ തടസ്സമായി എന്നു വിചാരിക്കാം. ആ ഭാഗങ്ങളിൽ ഭാഷയുടെ പ്രയോഗത്തിലും മാറ്റം വന്നതായി അനുഭവപ്പെടുന്നു.
വയലക്കുളത്തെ ക്ഷേത്രത്തിലെ ശ്രീകൃഷ്ണവിഗ്രഹത്തിന് അരപാത്തിമയുടെ മകൾ മുക്കാൽ നബീസയിൽ പിറന്ന യശോദ നോവൽ എഴുതുന്നതായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. 1986 ഏപ്രിലിൽ ഇടപ്പള്ളി ലോക്കൽ കമ്മിറ്റി ആഫീസ് വരാന്തയിൽ ജനിച്ചുവീണവളാണ് യശോദ. ശാന്തയും ഭർത്താവ് കരുണനും കൂടി വന്ന് വിളിച്ചപ്പോഴും പോകാതെ ചക്കരയുടെ കൂരയിൽ തന്നെ കഴിഞ്ഞ നബീസയാണ് യശോദയെ പെറ്റത്. കഥയിൽ ശ്രീകൃഷ്ണനാൽ ഗർഭിണിയായവളാണ് നബീസ. നബീസയുടെ ഗർഭപാത്രത്തിൽ പൊടിച്ച സത്യം. അതിലപ്പുറം അവളുടെ പിതൃത്വത്തെക്കുറിച്ച് പരേതനായ ശിശുപാലൻ കൊണ്ടുവരികയും തിരിച്ചുപോകുമ്പോൾ കൊണ്ടുപോകുകയും ചെയ്ത വഴികളിൽ നിന്ന് ലഭ്യമല്ല. അവളുടെ വേരുകൾ തേടിയുള്ള യാത്രയിൽ അനാവൃതമാകുന്നത് മുക്കാൽ നൂറ്റാണ്ടുകാലത്തിന്റെ ചില മുദ്രണങ്ങളാണ്. ചരിത്രവും രാഷ്ട്രീയവും നിലീനമായ നിസ്വരായ മനുഷ്യരുടെ ജീവിതത്താൽ അടയാളപ്പെട്ടവ. അത് വയലക്കുളത്തുനിന്നും ഡൽഹിയിലേയ്ക്കും പൂനയിലേയ്ക്കും നീണ്ടു. പ്രസ്ഥാനം എത്തിച്ചതനുസരിച്ച് കാട്ടിയുടേയും ചക്കരയുടേയും ഇളയ മകനൊപ്പം അവിടെയാണ് യശോദ വളർന്നത്. ബാലന്റേയും കൗസല്യയുടേയും ഒപ്പം ,അവരുടെ മകൻ സത്യനൊപ്പം. അനന്തരം എന്ന പേരിലുള്ള അവസാന ഭാഗത്ത് മാത്രമേ ആ കഥ ചുരുൾ നിവരുന്നുള്ളൂ.
അരപാത്തിമയുടെ ജീവിതത്തിനും മരണത്തിനും അനുഭവസാക്ഷിയായ കൊളുമ്പി ചക്കരയാണ് ആദ്യഭാഗത്ത് കഥയെ മുന്നോട്ട് കൈപിടിച്ചുനടത്തുന്നത്. അവിസ്മരണീയ കഥാപാത്രമായി കൊളുമ്പി ചക്കര അവിടെ നിറഞ്ഞു നിൽക്കുന്നു. അടിത്തട്ടിലെ സ്ത്രീകൾക്ക് സഹജമായ സകല അനുകമ്പയും നിറഞ്ഞ ദശകങ്ങൾ ആണ് അവർ ജീവിച്ചുതീർത്തത്. എല്ലാ ദുരിതങ്ങളും കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും ചക്കര ജീവിതത്തിന്റെ ചുവപ്പുകൊടി ഉയർത്തിപ്പിടിക്കുന്നു. ജീവിതപങ്കാളിയായ കാട്ടി ചെയ്തതുപോലെ പാർട്ടിയിൽ അവർ അംഗത്വമെടുത്തിരുന്നില്ല. അതൊന്നുമില്ലാതെ തന്നെ മനുഷ്യത്വത്തിന്റെ പ്രസ്ഥാനമായി ഐതിഹാസികമായി അവർ ജീവിച്ചു. നോക്കിയാൽ മാത്രം ഇന്നും കാണാൻ കഴിഞ്ഞേയ്ക്കാവുന്ന ഒരു സമർപ്പിതജീവിതം. പടച്ചോൻ ഉണ്ടാക്കിയതും കെട്ടിയോൻ രണ്ടാക്കിയതുമായ അരപാത്തിമയ്ക്ക് ഭൂമിയിൽ നിന്ന് യോനിയിലേയ്ക്കുള്ള ദൂരമായ കാലുകളായി മാറി കൊളുമ്പി ചക്കര അവരുടെ ശിഷ്ടജീവിതത്തെ നടത്തിച്ചു. അപൂർവമായ സുഗന്ധങ്ങൾ ശ്വസിച്ച ചിത്രശലഭങ്ങൾക്ക് പറന്നുനടക്കാൻ അവർ തന്റെ ജീവിതം കൊണ്ട് ഇടമൊരുക്കി.
1950കൾ മുതൽ 2020 വരെ നോവൽ സഞ്ചരിക്കുന്നുണ്ട്. തുടർച്ചകളെന്നപോലെ ഇടർച്ചകളും ഉണ്ട് അവയ്ക്കിടയിൽ. വിടവുകളെ പൂരിപ്പിച്ചുകൊണ്ടുള്ള ഒരു വായനയ്ക്ക് അവയ്ക്കിടയിൽ നൈരന്തര്യം കണ്ടെടുക്കാൻ പ്രയാസമുണ്ടാവില്ല.
ചക്രക്കസേരയിൽ പാറ്റകളോടും അട്ടകളോയും കുരുമാണ്ടികളോടും ഒപ്പം ജീവിക്കുന്ന തന്റെമേൽ അസ്സയിനാർ കാണിക്കുന്ന കോപ്രായങ്ങളോട് നിസ്സംഗമായിക്കൊണ്ടുതന്നെ കുഞ്ഞിക്കാലുകൾ കാണാനുള്ള മോഹത്തിൽ അരപാത്തിമ നിലകൊണ്ടു. അസ്സയിനാൽ അവിടന്നും മുന്നോട്ടുപോയി അരപാത്തിമയെ തന്റെ മുതലാളിയ്ക്ക് ഭോഗിക്കാൻ കൈമാറിയപ്പോൾ അവളുടെ നിലവിട്ടു. ഉന്മാദം അരപാത്തിമയെ അറിവില്ലാപാത്തിമയും വെളിവില്ലാപാത്തിമയുമാക്കി വരിഞ്ഞുമുറുക്കി. അസ്സയിനാർ ചെയ്ത കൂട്ടിക്കൊടുക്കൽ പക്ഷേ വർഷങ്ങൾ കഴിഞ്ഞേ വീട്ടുകാരും നാട്ടുകാരും അറിഞ്ഞുള്ളൂ. അസ്സയിനാർ പാത്തിമയുടെ കാലുകൾ മുമ്പ് വെട്ടിയിട്ടതും തന്റെ മുതലാളിയായ ദാമോദരൻ നമ്പ്യാർക്ക് അവൾ വഴങ്ങാത്തതുകൊണ്ടായിരുന്നു എന്നും വയലക്കുളത്തുകാർ അറിയുന്നത് അതോടൊപ്പമാണ്. പോസ്റ്റുമാൻ കുഞ്ഞൻഭാസ്‌കരന്റെ പറച്ചിലിൽനിന്നും. പുരുഷലോകത്ത് അതിജീവിക്കുന്ന സഹനവും പ്രതിരോധവും അലിവും കലർന്ന സ്ത്രീകളുടെ ജീവിതസമീപനം ഇവിടെ കാണാം.
നബീസയെ പെറ്റിട്ട് കണ്ണോരങ്ങളിൽ നിന്ന് നീർച്ചാൽ വീഴ്ത്തിക്കൊണ്ട് അരപാത്തിമ ഈ ലോകം വിട്ടു. ഇ. എം. എസ് സർക്കാരിനെ നെഹ്‌റു പിരിച്ചുവിട്ട അതേ വർഷത്തിലായിരുന്നു നബീസയുടെ ജനനം. പിറവികൊണ്ട നബീസയുടെ ഒരു കാൽ മുക്കാലേ ഉണ്ടായിരുന്നുള്ളൂ. അരപാത്തിമയുടെ മോൾ മുക്കാൽനബീസ. പിറവിയിൽ തന്നെ അനാഥയായ നബീസ വളർന്നത് കൊളുമ്പി ചക്കരയുടെ ദീനം പിടിച്ച നാല് മക്കൾക്കൊപ്പമായിരുന്നു. ശങ്കരനും ദയനും ബാലനും ശാന്തയ്ക്കുമൊപ്പം. ശാന്തയ്‌ക്കൊപ്പം കൃഷ്ണന്റെ അമ്പലത്തിൽ പോയി ഭഗവാന്റെ മണവാട്ടിയായിത്തീർന്നു നബീസ. ജീവിതസഖാവ് കാട്ടി പാർട്ടിപ്രവർത്തനത്തിൽ മുഴുകി എപ്പോഴും പുറത്തായതിനാൽ ചക്കര തന്നെയായിരുന്നു എല്ലാറ്റിനുമുണ്ടായിരുന്നത്. പട്ടിണിയുടേയും അസുഖങ്ങളുടേയും മൂർദ്ധന്യത്തിൽ ശങ്കരന്റെ ജീവൻ ധർമാസ്പത്രിയിലെ മരുന്നുവെള്ളത്തിന് രക്ഷിക്കാനായില്ല. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച് ബാലൻ മാത്രം ഇതിലൊന്നും പങ്കാളിയാകാതെ കഴിഞ്ഞു. നാടുവിട്ടുപോയ പാത്തിമയുടെ മൂത്താങ്ങള സുലൈമാൻ തിരിച്ചെത്തി വിളിച്ചിട്ടും നബീസ പോകാതെ ചക്കരക്കൊപ്പം ജീവിയ്ക്കാൻ തീരുമാനിച്ചു. അവസാനനിമിഷം വരെ കൂടെയുണ്ടാകും എന്നൊരുറപ്പ് ആ തീരുമാനത്തിലുണ്ടായിരുന്നു. നബീസ അതിലുറച്ചുനിൽക്കുകയും ചെയ്തു.
എ. കെ. ജി പറഞ്ഞാൽ ബാക്കിയെല്ലാം മറക്കുന്ന കാട്ടി അടിയന്തരാവസ്ഥ വന്നതോടെ രഹസ്യപ്രവർത്തനങ്ങളുടെ സാഹസികവും ദുരിതപൂർണവുമായ പ്രവർത്തനങ്ങളിൽ ആണ്ടിറങ്ങി. ഭാര്യയേയും മക്കളേയും കാണാൻ വന്ന ഒരു രാത്രിയിൽ അടിയന്തരാവസ്ഥയെ തോൽപ്പിക്കാൻ മകൻ ദയൻ ശാഖയിൽപോകുന്നതറിഞ്ഞ് അയാൾക്ക് തലകറങ്ങി. അതിന്റെ കാരണം പാവപ്പെട്ട ചക്കരയ്ക്ക് മനസ്സിലായതുമില്ല. ആ രാത്രി പോലിസ് പിന്തുടരുന്നത് അറിഞ്ഞ് രക്ഷപ്പെട്ടോടി മറഞ്ഞതിൽ പിന്നെ കൊളുമ്പി സഖാവിനെ കണ്ടിട്ടില്ല. രാഷ്ട്രീയചലനങ്ങളുടെ ഇത്തരം സ്വാഭാവികമായ വന്നുചേരലുകൾ നോവലിനെ കരുത്തുറ്റതാക്കുന്നുണ്ട്. നോവലിന്റെ വ്യത്യസ്തതയും കാതലും ഇത്തരം ചരിത്രവത്കരണങ്ങളാണ്.
അടിയന്തരാവസ്ഥ കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്ത കാട്ടിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായി. എ. കെ. ജി യെ ഹൃദയത്തിലേറ്റിയിരുന്ന കാട്ടി അദ്ദേഹത്തിന്റെ വിയോഗത്തിൽ മനം നൊന്ത് ജീവിതം അവസാനിപ്പിച്ചുവെന്ന പാർട്ടിയുടെ വെളിപ്പെടുത്തൽ സ്വീകരിക്കാനേ ചക്കരയ്ക്കും മക്കൾക്കും കഴിയുമായിരുന്നുള്ളൂ. പതിനെട്ട് കഴിഞ്ഞ ശാന്തയെ പാർട്ടി നൽകിയ പണത്തിന്റെ സഹായംകൊണ്ട് വിവാഹം കഴിച്ച് അയച്ചു. ശാന്തയ്ക്ക് ഒരു കുടയുടെ തണൽ ലഭിച്ചതോർത്ത് ചക്കരയ്ക്ക് ആശ്വാസം അനുഭവപ്പെട്ടു. കാലം മുമ്പോട്ട് പോകവേ മക്കൾ സ്വന്തം ജീവിതം സുരക്ഷിതമാക്കി നീങ്ങുന്നതിന് നിശ്ശബ്ദസാക്ഷിയായി ചക്കര നിന്നു. നബീസ മാത്രമായി അവൾക്ക് സഹായത്തിന്. നബീസ ഒരേയൊരു മകനും മകളും ആയി. അവൾ ഇറ്റിച്ചുകൊടുത്ത നീര് അകത്താക്കി കൊളുമ്പി ചക്കര മറുലോകത്തേയ്ക്ക് യാത്രയായി. ശവശരീരം ദിവസങ്ങൾ കഴിഞ്ഞ് നാട്ടുകാർ കാണുന്നതുവരെ നബീസ ബോധരഹിതയായി മൃതദേഹത്തിനൊപ്പം കിടന്നു. ആശുപത്രിയിലായ അവളെ ദയൻ അവിടെച്ചെന്ന് കൂടെപ്പോരാൻ ക്ഷണിച്ചെങ്കിലും കൊളുമ്പി ചക്കരയുടെ കൂര വിട്ട് എങ്ങോട്ടും പോകാനിഷ്ടമില്ലാത്തതിനാൽ അവളതു നിഷേധിച്ചു. പ്രസ്ഥാനത്തെ പൂർണമായും വിശ്വസിച്ച് ജീവൻ നൽകിയും അതിനെ വളർത്തുന്ന ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരുടെ സമർപ്പിതജീവിതമാണ് ഇവിടെ കാണാൻ കഴിയുക.
വായനയിലൂടെ സൃഷ്ടിക്കപ്പെടുന്ന ചരിത്രസ്ഥലികൾ പ്രധാനമാണ്. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് കുറച്ചുകൂടെ വ്യക്തതയുള്ള നോട്ടങ്ങൾക്ക് അതു കാരണമാകും. രക്തവിലാസത്തിന് അതു കഴിയുന്നുണ്ട് വലിയ അളവിൽ.
തനിച്ച് താമസം തുടങ്ങിയ നബീസ യത്തീംഖാനയിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും അവൾ പോയില്ല. എവിടേയ്ക്കും അവൾക്ക് പോകാൻ കഴിയുമായിരുന്നില്ല. പാത്തിമയുടേയും ചക്കരയുടേയും അടുത്തടുത്തുള്ള കുഴിമാടങ്ങളിലേയ്‌ക്കോ കൃഷ്ണന്റെ അമ്പലത്തിലേയ്‌ക്കോ മാത്രമേ അവൾ പോകാൻ ആഗ്രഹിച്ചുള്ളൂ. അങ്ങനെയിരിക്കേ ഒരു ദിവസം നബീസ തലചുറ്റി വീണു.ആശുപത്രിയിൽ വച്ച് അവൾ ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടു. വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛൻ ഭഗവാൻ കൃഷ്ണനാണെന്ന് അവളെ വിസ്തരിക്കാൻ വീട്ടിൽ വന്ന സകലരോടുമായി പറഞ്ഞ് അവൾ നിസ്സംഗയായി. അതു നാട്ടിൽ മുസ്ലിംകളും ഹിന്ദുക്കളും തമ്മിൽ സംഘട്ടനത്തിലേക്ക് നയിച്ചു. സംഘർഷാവസ്ഥ നാടിനെ ഗ്രസിച്ചു. കൊലപാതകവും തീവെപ്പും പോലിസതിക്രമവും നടന്നു. നാട്ടിലെ സംസാരം മുഴുവൻ അവളെക്കുറിച്ചായെങ്കിലും നബീസ കൂസലില്ലാതെ അനങ്ങാതിരുന്നു. അവളുടെ കുടിലും തീവയ്ക്കപ്പെട്ടു. മതവൈരങ്ങളും സമുദായികപ്രമാണിത്തവും മുൻകൈ നേടുന്ന സമൂഹത്തിന്റെ മാറ്റങ്ങളാണ് സൂക്ഷ്മമായി ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്.
വി.എസിനെ ഇഷ്ടപ്പെടുന്ന പാർട്ടിക്കാരനായ സഹീറിനെ പ്രണയിച്ചിരുന്ന യശോദയുടെ ഓർമകളിൽ രാഷ്ട്രീയവും ഭൂതകാലവും തെളിയുകയും ചിലപ്പോൾ കെട്ടുപിണയുകയും ചെയ്യുന്നുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർത്ഥിസഖാക്കളുടെ സദാചാരപ്പൊലിസ് ചമയലും മറ്റും അവളോർക്കുന്നു. എഴുത്ത് മുഴുമിപ്പിക്കാനായി എത്തിയ അവളുടെ ഓർമകളിൽ സത്യേട്ടൻ ജ്വലിച്ചു നിൽക്കുന്നു. ഭീമാ കൊറേഗാവിലെ എൽഗാർ പരിഷത്ത് സമ്മേളനത്തിൽ വച്ച് 2018 ന്റെ പുലരിയിൽ അയാൾ കൊല്ലപ്പെടുന്നു. 2010 ൽ കമ്യൂണിസ്റ്റായി ഡൽഹിയിലേയ്ക്ക് പോയ സത്യൻ എന്ന കേരളത്തിലെ യുവജനനേതാവ് 2014 ആകുമ്പോഴേക്കും അംബേദ്കറിസ്റ്റായി മാറിയിരുന്നു. അഥവാ സവർണർക്ക് ആധിപത്യമുള്ള ഇന്ത്യൻ സമൂഹത്തിലെ അടിത്തട്ടുയാഥാർത്ഥ്യങ്ങൾ അയാളെ മാറ്റിയിരുന്നു. കൊല്ലപ്പെട്ട് ഒരു വർഷത്തിനകം യശോദ അയാളുടെ തട്ടകമായ പൂനെയിലേയ്ക്ക് പോകുന്നു. സത്യന്റെ സുഹൃത്തുക്കളേയും സഖാക്കളേയും കാണുന്നു. അവിടെ സത്യേട്ടൻ ബാക്കിവെച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നു. ഗണേശനെ പരിചയപ്പെടുന്നു. അവർ ഇണകളായി ഒന്നിച്ചു നീങ്ങുന്നു. കബീർ കലാ മഞ്ചിന്റെ ഇടപെടലുകളിൽ ചെറിയ തോതിൽ ഭാഗഭാക്കാകുന്നു. അതിനിടെയാണ് സത്യന്റെ കൊലപാതകത്തിന്റെ വാസ്തവങ്ങൾ അവൾ മനസ്സിലാക്കുന്നത്. സത്യനെ അവിടെയുള്ള സാധാരണ മനുഷ്യർ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട് എന്നറിയുന്നത്. ദലിത് മുന്നേറ്റങ്ങളുടെ ഗതിവിഗതികൾ മനസ്സിലാക്കുന്നത്. പ്രതിഷേധത്തിനിടെ പോലിസ് വെടിവെപ്പിൽ വധിക്കപ്പെട്ട യോഗേഷ് യാദവിനേയും രക്ഷപ്പെട്ട് ഇപ്പോഴും പ്രവർത്തനം തുടരുന്ന വിശാലിനേയും അറിയുന്നത്. സിസ്റ്റർ മഗ്ദലിനയുടെ ക്രൂരമായ ബലാൽസംഗത്തിനും വധത്തിനും സാക്ഷിയാകുന്നത്. സവർണസംഘി ഭീകരരുടേയും പോലിസിന്റേയും നോട്ടപ്പുള്ളിയാകുന്നത്. അതോടെ അവൾ പൂന വിടുന്നു. പാത്തിമയുടേയും നബീസയുടെയും കൊളുമ്പിയുടെയും ഓർമയിടത്തിലെത്തി എഴുത്ത് പൂർത്തിയാക്കുന്നത്.
കമ്യൂണിസ്റ്റായ സത്യന്റെ അംബേദ്കറിസ്റ്റ് (കൂടി) ആയുള്ള പരിണാമം ഇന്ത്യനവസ്ഥയിൽ തീർത്തും യുക്തിസഹമാണ്. ഒപ്പം, അത് വർത്തമാനത്തേയും ഭാവിയേയും കുറിച്ച് സൂചനകൾ ലഭ്യമാക്കുന്ന ഒന്നു കൂടിയാണ്. ചരിത്രസംഭവങ്ങൾ നിറഞ്ഞ കാലത്തിലൂടെയും രാഷ്ട്രീയാവസ്ഥയിലൂടെയും സഞ്ചരിക്കുന്ന പ്രമേയം സ്വപ്നാനുഭവങ്ങളിലൂടെ നോവലിന്റെ ഭൂപ്രകൃതി സ്വീകരിക്കുന്നു. കാലത്തെ നിർണയിച്ച ചരിത്രസംഭവങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തതിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിലൊന്ന്. കൊളുമ്പി ചക്കരയുടേയും കാട്ടിയുടേയും ജീവിതത്തെ സ്വാധിനിക്കുന്ന ചരിത്രത്തിലെ സംഭവങ്ങൾ പാത്തിമയുടെയും നബീസയുടെയും ജീവിതത്തേയും കൂടി നിർണയിക്കുന്ന സംഭവങ്ങളായി മാറുന്നു. അവരുടെ ജീവിതം പറയുന്നതിലൂടെ രാഷ്ട്രീയമായ ഉള്ളൊഴുക്കുകൾ തെളിമ നൽകുന്ന കഥാപരിസരം സൃഷ്ടിക്കപ്പെടുന്നു.
അരപാത്തിമയുടെ കൂരയിൽ കിടന്നുകൊണ്ട് നോവൽ എഴുതി പൂർത്തിയാക്കാൻ തീരുമാനിക്കുന്ന യശോദയുടെ വഴികാട്ടിയായി എത്തുന്നത് രണ്ടു വർഷം മുമ്പ് മരിച്ച ശിശുപാലനാണ്. ചരിത്രകാരൻ എന്ന നിലയ്ക്ക് മരണമില്ലാതെ കഴിയാനുള്ള ആഗ്രഹമുള്ളയാളാണ് പരേതൻ. കൗതുകപ്പെടുത്തുന്ന ഈ ഭാവന രസകരമായി ആഖ്യാനത്തെ മുമ്പോട്ടുനടത്തിയതായി കാണാം. നോവൽ ജീവിതം കഥാപാത്രങ്ങളുടെ മരണത്തോടെ അവസാനിക്കുന്നില്ല. മരണത്തിനുശേഷം കഥ പറയാൻ കഴിയുന്ന കഥാപാത്രങ്ങളുടെ കൂടി ദേശവുമാണ് നോവൽ. രക്തവിലാസത്തിലെ ശിശുപാലൻ നോവലിന്റെ പേരിൽ ഉറപ്പുകിട്ടിയ കഥാപാത്രമാണ്. പലപ്പോഴും നമ്മുടെ ഓർമകളിൽ ജീവിക്കുന്ന മനുഷ്യരാണ് നമ്മെ ഭൂതകാലത്തെ ശരിയായി മനസ്സിലാക്കാൻ നമുക്ക് വഴികാട്ടിയായി ഉണ്ടാവുക. അവർ കാലത്തിന്റെ നേർ സാക്ഷികളായിരുന്ന് നമ്മോട് കഥ പറയുന്നു. ചരിത്രം പറയുന്നു. രാഷ്ട്രീയം പറയുന്നു. അവരില്ലാതെ നമ്മുടേയും നമ്മുടെ കാലത്തിന്റേയും കഥ പൂർത്തിയാവുന്നില്ല. സമുദായം മറച്ചുവെയ്ക്കുന്ന വാസ്തവങ്ങൾ അവരുടെ വചനങ്ങളിൽ കണ്ടെടുക്കാൻ കഴിയും.
നോവൽ ജീവിതം കഥാപാത്രങ്ങളുടെ മരണത്തോടെ അവസാനിക്കുന്നില്ല. മരണത്തിനുശേഷം കഥ പറയാൻ കഴിയുന്ന കഥാപാത്രങ്ങളുടെ കൂടി ദേശവുമാണ് നോവൽ. പലപ്പോഴും നമ്മുടെ ഓർമകളിൽ ജീവിക്കുന്ന മനുഷ്യരാണ് നമ്മെ ഭൂതകാലത്തെ ശരിയായി മനസ്സിലാക്കാൻ നമുക്ക് വഴികാട്ടിയായി ഉണ്ടാവുക.
വായന നെടുകേയും കുറുകേയും സഞ്ചരിച്ച് കൃതിയുടെ ദർശനത്തിൽ എത്തിച്ചേരേണ്ടതുണ്ട്. 1950കൾ മുതൽ 2020 വരെ നോവൽ സഞ്ചരിക്കുന്നുണ്ട്. തുടർച്ചകളെന്നപോലെ ഇടർച്ചകളും ഉണ്ട് അവയ്ക്കിടയിൽ. വിടവുകളെ പൂരിപ്പിച്ചുകൊണ്ടുള്ള ഒരു വായനയ്ക്ക് അവയ്ക്കിടയിൽ നൈരന്തര്യം കണ്ടെടുക്കാൻ പ്രയാസമുണ്ടാവില്ല. വായനയിലൂടെ സൃഷ്ടിക്കപ്പെടുന്ന ചരിത്രസ്ഥലികൾ പ്രധാനമാണ്. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് കുറച്ചുകൂടെ വ്യക്തതയുള്ള നോട്ടങ്ങൾക്ക് അതു കാരണമാകും. രക്തവിലാസത്തിന് അതു കഴിയുന്നുണ്ട് വലിയ അളവിൽ. അരപാത്തിമയുടെയും മകൾ മുക്കാൽ നബീസയുടെയും കാലത്ത് തുടങ്ങുന്ന സംഭവങ്ങളുടെ ആഖ്യാനം യശോദയുടെ യൗവനകാലത്തിലാണ് അവസാനിക്കുന്നത്. യശോദ അമ്മയേയും അമ്മമ്മയേയും അവരുടെ കാലത്തിന്റെ ചരിത്രവും കണ്ടെടുക്കുന്നതപ്പോഴാണ്. അപ്പോഴാണ് അതിലെ ചോരകൊണ്ടുള്ള മുദ്രണങ്ങൾ തെളിഞ്ഞുവരുന്നത്. ചരിത്രബോധവും കൃത്യമായ രാഷ്ട്രീയവും സർഗാത്മകതയോടൊപ്പം സമ്മേളിക്കുമ്പോഴാണ് ഇത്തരം ആഖ്യാനങ്ങൾ പിറവിയെടുക്കുക. സർഗാത്മകമായ മനുഷ്യശേഷി തടവിലിടപ്പെടുന്ന സമകാലിക ഇന്ത്യയിൽ ഇത്തരം സൃഷ്ടികൾക്ക് ചരിത്രപരമായ ദൗത്യം നിർവഹിക്കാനുണ്ട്. ▮