സ്ത്രീകളുടെ സ്വതന്ത്രമായ കൂടിയിരുപ്പുകളെ പുരുഷാധിപത്യ സമൂഹം ഭയന്നിരുന്നു. ആ ഭയമാണ് നാല് തലയുടെയും നാല് മുലയുടെയും ചേർച്ച യില്ലായ്മയുടെ രൂപത്തിൽ പ്രചരിപ്പിക്കപ്പെട്ടതും അതിൽ അല്പം അശ്ലീലമുണ്ട് എന്നു പൊതുധാരണ കൊണ്ടും അത് ആഘോഷിക്കപ്പെട്ടു. സ്ത്രീകൾ സംസാരം തുടങ്ങിയാൽ പരദൂഷണം പ്രസരിപ്പിക്കപ്പെടും എന്നതും ഇതേ ആൺകോയ്‌മ സമൂഹത്തിൻ്റെ മുൻധാരണയുടെ ബാക്കിയായിരുന്നു. അസൂയയും കുശുമ്പും നിറഞ്ഞ അവരുടെ വർത്തമാനങ്ങൾ പൊതുവേ അടുക്കള വർത്തമാനങ്ങളായി കണക്കാക്കപ്പെടുകയും അവ സമൂഹത്തെ ദുഷിപ്പിക്കും എന്ന പൊതുധാരണയോടെ സ്വീകരിക്കപ്പെടുകയും ചെയ്‌തു. ഇതെല്ലാം കാലാകാലങ്ങളായി നിലനിൽക്കുന്നതും ഈ ഇരുപത്തിയഞ്ചാം നൂറ്റാണ്ടിലും അതേപോലെ തുടർന്നു പോരുന്നതുമാണ്. എന്നിട്ടും അവയൊക്കെ വെല്ലുവിളി ച്ചു കൊണ്ട് പെൺകൂട്ടായ്‌മകൾ ഉയർന്നുവരുന്നതാണ് ഏക ആശ്വാസം. അതിനെയൊക്കെ ചുണ്ടുകോട്ടി പരിഹാസത്തോടെ നേരിടുന്നതും ഇതേ പുരുഷാധിപത്യ സമൂഹം തന്നെയാണ്. ഇതേ പരിഹാസത്തിൻ്റെ വെളിപാടു കളായിരുന്ന നമ്മുടെ സാഹിത്യസൃഷ്ടികളിൽ സ്ത്രീകളുടെ ശാരീരിക വർണ്ണന കൾക്കായിരുന്നു പ്രാധാന്യമേറിനിന്നത്.
ആധുനികത എന്ന വാഴുത്തുകാലത്തും നമ്മുടെ സാഹിത്യകാരന്മാർ അവരുടെ നായികന്മാരെ സൃഷ്ടിച്ചതും അവതരിപ്പിച്ചതുമായ തരംതാണ അവസ്ഥകളൊന്നും നാം മറന്നിട്ടില്ല. അതിനുശേഷം വന്ന എഴുത്തുകാരാവട്ടെ മുൻതലമുറയുടെ ചെയ്തികൾക്കൊക്കെയും മാപ്പിരക്കുന്നതുപോലെ എഴുതുകയും ഒരു പെൺപക്ഷ രചനാരീതി വികസി പ്പിക്കുകയും ചെയ്‌തു. അതിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ എന്ന തരത്തിൽ സാധാരണ വ്യവഹരിക്കപ്പെടുന്നതൊന്നും സ്ത്രീകളുടെ മാത്രം പ്രശ്നങ്ങളല്ലെന്നും രോഗാതുരമായ ഒരു സമൂഹത്തിൻ്റെ പൊതുവായ പ്രശ്‌നങ്ങളാണെന്നും അവരും വെളിപ്പെടുത്തി. അത്തരത്തിൽ രണ്ടു സ്ത്രീകളുടെ സംഭാഷണങ്ങളിൽ എഴുതപ്പെട്ട നോവലാണ് റിഹാൻ റാഷിദിൻ്റെ 'വരാൽ മുറിവുകൾ'.
റെയിൽപാളത്തിൽ തലവെച്ച് ആത്മഹത്യ ചെയ്യാനുറച്ച് കിടക്കുന്ന രണ്ട് സ്ത്രീകളുടെ സംഭാഷണം എന്ന് ആഖ്യാനതന്ത്രത്തിലാണ് നോവൽ പുരോഗമിക്കുന്നത്. എലീനയും അന്നമ്മ എന്ന് എലീന വിളിക്കുന്ന അഞ്ചുവും ചേർന്നാണ് മരിക്കാൻ വന്നു കിടക്കുന്നത്. അഞ്ചുവിന് മരിക്കാൻ വലിയ താൽപര്യമൊന്നും ഇല്ല. പക്ഷേ എലീന വിളിക്കുമ്പോൾ അവളെ ഒറ്റക്ക് വിടാനും ആവുന്നില്ല.
എന്തിനാണ് എലീന മരിക്കാൻ തീരുമാനിച്ചത് എന്ന ചോദ്യത്തിന് ഉത്തരം എന്ന നിലയിൽ ആരംഭിക്കുന്ന സംഭാഷണം ഒരു പിതൃ ആധിപത്യ സമൂഹത്തിൽ ഒരു സ്ത്രീക്ക് നേരിടേണ്ടിവരുന്ന ദുരന്തങ്ങളുടെ ഒരു വെളിപ്പെടുത്തലായി മാറുന്നു. വളരെ ചെറിയ പ്രായം മുതൽ പല പെൺകുട്ടികളും ഇതേ ശാരീരിക ആക്രമണങ്ങളിലൂടെ കടന്നുപോവുന്നതെന്നും വ്യക്തമാവുന്നു. സ്വന്തം അച്ഛന്റെ അനുജനെന്നാൽ അച്ഛനെപ്പോലെ തന്നെ സംരക്ഷിക്കുവാൻ കടപ്പെട്ടവനാണ് എന്നിരിക്കെ അപ്പാപ്പിയാണ് ആരും ഇല്ലാത്ത നേരത്ത് എലീനയെ ലൈംഗീകച്ചുവയോടെ കൈയ്യേറ്റം ചെയ്യുന്നത്. ആ ശ്രമം പരാജയപ്പെടു ന്നുണ്ടെങ്കിലും അത്തരം ഒരു അനുഭവം അവളുടെ മനസ്സിൽ വല്ലാത്ത മുറിവുണ്ടാക്കുന്നു. ഉദ്ധരിച്ചതും സ്ഖലിച്ചതുമായ അയാളുടെ ലിംഗം പ്രദർശിപ്പിച്ചു കൊണ്ടാണ് എലീനയുടെ മാതാപിതാക്കളുടെ വരവോടെയാണ് അപ്പാപ്പി അവിടെ നിന്നും പോവുന്നത്. തുപ്പൽ ഇറ്റിക്കുന്ന ഒരു വരാലിൻ്റെ ഓർമ്മയാണ് ആ പ്രദർശനത്തിൽ നിന്ന് അവൾ അനുഭവിക്കുന്നത്. ആ ഓർമ്മയാവട്ടെ എത്രയോ വർഷങ്ങൾക്കുശേഷവും എലീനയിൽ നടുക്കം സൃഷ്ടിക്കുന്നുമുണ്ട്. ഏറ്റവും ഭീതിപ്പെടുത്തുന്ന ഒരോർമ്മയായി അത് അവളെ പിൻതുടരുന്നുമുണ്ട്. അമ്മയോട് ആ കൈയ്യേറ്റം തുറന്നുപറയാൻ കഴിഞ്ഞതാണ് അവൾക്ക് തുണയായത്. കോളനിയുടെ ഇത്തിരിവട്ടത്തിലും ആ വീട്ടിലും അവൾ സുരക്ഷിതയല്ല എന്ന തോന്നലിൽ നിന്നാണ് അവളെ മഠത്തിലേക്ക് മാറ്റുന്നത്. പഠിക്കാനും സുരക്ഷിതമായി നിൽക്കാനുമുള്ള ഒരിടമായി അവളുടെ വീട്ടുകാർ മഠം കാണുന്നുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ. അപ്പാപ്പിയുടെ ആക്രമണങ്ങൾ ഇനിയും ഉണ്ടാവാം എന്ന ഭയം, അവളുടെ സുരക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠ, ലക്ഷം വീട് കോളനിയുടെ അരക്ഷിത ജീവിതം- ഇതൊക്കെ അത്തരം ഒരു തീരുമാനത്തിന് പിന്നിലുണ്ടാവാം.
-57c9.jpg)
കന്യാസ്ത്രീകളുടെ കർശനനിയമങ്ങൾക്കുള്ളിൽ പ്ലസ്‌ടു കാലം വരെ എലീന പിടിച്ചുനിന്നത് ഗതികേടു കൊണ്ടു മാത്രമാണ്. അവൾ അവധിക്ക് വരുമ്പോൾ വീട്ടിൽ ഒറ്റക്കാവുന്ന ഒരു ദിവസം അപ്പാപ്പിയിൽ നിന്നും ഇതേ മോശമായ അ അനുഭവം വീണ്ടും ഉണ്ടാവുന്നു. അന്ന് അയാൾ യാചനയും ഭീഷണിയും ഒരുപോലെ ഉപയോഗിക്കുന്നു. അപ്പാപ്പിയുടെ കടന്നുകയറ്റം പ്രതീക്ഷിച്ചിരുന്നതിനാൽ എലീനയുടെ അമ്മ ഒരുപാട് മുൻകരുതലുകളും മുന്നറിയിപ്പുകളും നൽകിയാണ് പുറത്തേക്ക് പോയിരുന്നത്. ഒരു ചട്ടിയിൽ മണ്ണുനിറച്ച് അവൾക്ക് മൂത്രമൊഴിക്കാനുള്ള സജ്ജീകരണം വരെ ചെയ്‌തു വെയ്ക്കുന്ന ആ അമ്മ നമ്മുടെ നാട്ടിലെ എത്രയോ അമ്മമാരുടെ പ്രതീകമാണ്.
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ / പെൺകുട്ടികൾ വീടകങ്ങളിൽ സുരക്ഷിതരല്ലാത്ത പോലെ തന്നെ തൊഴിലിടങ്ങളിലും സുരക്ഷിതരല്ല. എലീന ജോലി ചെയ്തിരുന്ന സ്ഥാപത്തിലെ സഹപ്രവർത്തകനിൽ നിന്ന് അവൾക്കുണ്ടാവുന്ന അനുഭവം ഇത് വെളിപ്പെടുത്തുന്നു. ഡെലിവറിബോയ് ആയ ജ്യോതിഷിനെ എല്ലാവരും കിളി എന്നു വിളിച്ചിരുന്നു. അവൻ്റെ നല്ലവാക്കുകളിലും സംസാരത്തിലും ആരും വീണുപോകുമായിരുന്നു. അവൻ്റെ സുഖ മില്ലാത്ത അമ്മയെ കാണാനാണ് അവളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. അവിടെ ചെന്നപ്പോഴാണ് അവരവിടെ ഇല്ല എന്നറിയുന്നത്. മരണാസന്നനായ അവൻ്റെ അച്ഛനെ കാണിച്ചുകൊടുത്ത് സഹതാപം നേടാനും ശ്രമിക്കുന്നു. ആശുപത്രിയിൽ പോയ അമ്മ വിപാരിച്ചതിലും വേഗം തിരികെ വരുന്നതോടെയാണ് അവന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നത്. അടുത്തയാഴ്‌ച ഒരുമിച്ചൊരു യാത്ര എന്ന വാഗ്ദാനം ചെയ്യുന്നതോടെ അവൾ കൂടുതൽ തരളിതയാവുന്നു. പിന്നീട് അവൻ ഓഫീസിൽ വരാതെയാവുമ്പോൾ അവളുടെ അന്വേഷണങ്ങൾക്ക് അച്ഛ നെയും കൊണ്ട് ആശുപത്രിയിലാണ് എന്നാണ് പ്രതികരണം. അവനും ഓഫീസിലെ ഒരു പെൺകൂട്ടിയും ലോഡ്‌ജിലെ പോലീസ് റെയിഡിനിടെ അറസ് ചെയ്യപ്പെട്ടു എന്ന വാർത്ത അറിയുന്നതോടെയാണ് അവൻ്റെ തനിസ്വഭാവം മനസ്സിലാവുന്നത്. അതിലേറെ അവളെ വേദനിപ്പിക്കുന്നത് മറ്റൊരു സഹപ്രവർത്തകന്റെ അശ്ലീലം നിറഞ്ഞ ചോദ്യമാണ്. അവൾ പൊട്ടിത്തെറിച്ചുകൊണ്ട് പ്രതികരിക്കുന്നുണ്ടെങ്കിലും അതിൽ ഉള്ളുപൊള്ളുന്ന നൊമ്പരമുണ്ട്. എത്ര മോശമായ മനോഭാവത്തോടും ആഭാസകരമായ ഭാഷയിലുമാണ് സഹപ്രവർത്തകയോട് ഇവരൊക്കെ പ്രതികരിക്കുന്നത് എന്നോർക്കുക സ്ത്രീകൾ വെറും ലൈംഗിക ഉപകരണങ്ങൾ മാത്രമാണെന്ന ധാരണ പുലർത്തുന്ന രോഗാതുരമായൊരു സമൂഹത്തിൻ്റെ മനോഭാവമാണിത്. എലീനയുടെ വീട്ടുകാരെപ്പോലെ അനേകം പേർ മഠം വളരെ സുരക്ഷിതമായ ഇടമായി കണക്കാക്കു കയും മക്കൾക്ക് കിട്ടിയ ദൈവവിളിയിൽ സന്തോഷിക്കുകയും ചെയ്യുന്നുണ്ടാവാം. സോന എന്ന കൊച്ചുകന്യാസ്ത്രീ കിണറ്റിൽ മരിച്ചു കിടന്നതോടെ ആ വാർത്ത അറിയുന്നതോടെ അത്തരം സുരക്ഷിതത്വധാരണകൾ മാറ്റിമറിക്കപ്പെ ടുന്നു. എലീനയുടെ അപ്പൻ മകളെ കർത്താവിൻ്റെ മണവാട്ടിയായി കാണാൻ ആഗ്രഹിച്ച ആളാണ്. പക്ഷേ സോനയുടെ മരണവിവരം അറിയുന്നതോടെ അവളുടെ തീരുമാനമായിരുന്നു ശരി എന്ന് അയാൾ പറയുന്നുണ്ട്.
നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ കേരളത്തിൽ നിന്ന് ജാതിയെ തുടച്ചുനീക്കി എന്ന് അവകാശപ്പെടുകയോ ഊറ്റം കൊള്ളുകയോ ചെയ്യുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം, ജാതി അതിൻ്റെ സർവ്വശക്തിയോടും കൂടി കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നതാണ്. എലീനയുടെ മഠം ജീവിതക്കാലത്താണ് അത് കൂടുതലായി അനുഭവിക്കുന്നത്. അവൾ നൽകുന്ന പലഹാരങ്ങൾ കന്യാസ്ത്രീകൾ വേസ്റ്റുപാത്രങ്ങളിൽ ഇടുന്നത്, അവയൊന്നും കഴിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കുന്നത്, അവളെ അടിക്കുമ്പോൾ ആവർത്തിച്ച് ‘പെലയ ക്രിസ്ത്യാനി’ എന്ന് വിളിക്കുന്നത്, അവളുടെ വൃത്തിയില്ലായ്മയെയും ഉളുമ്പു മണത്തെയും പറ്റി സദാ പരാതി പറയുന്നത്- ഒക്കെ ജാതീയ വേർതിരിവുകളാണ്. എലീനയുടെ അനിയൻ്റെ കല്യാണം തന്നെ പ്രണയമാണെങ്കിലും ജാതീയമായ എത്ര അപമാനങ്ങളിലൂടെയും ഭീഷണികളിലൂടെയും അവരും കടന്നുപോവുന്നുണ്ട്. നമ്മുടെ പുതിയകാലത്തെ പെൺകുട്ടികൾ അവരുടെ ഇഷ്ടങ്ങൾക്ക് കൽപ്പിക്കുന്ന വിലയാണ് പോലീസുകാരൻ്റെ അധികാരവും ധാർഷ്ട്യവും നിറഞ്ഞ ചോദ്യത്തോടുള്ള സഹോദരൻ്റെ ഭാര്യയുടെ പ്രതികരണം.
-74e3.jpg)
നമ്മുടെ വീടകങ്ങൾ ദാമ്പത്യബന്ധത്തിൻ്റെ പരസ്‌പരധാരണയിൽ ഇന്നും പരമ്പരാഗത സങ്കൽപങ്ങളെ ഊട്ടിയുറപ്പിക്കുകയാണെന്ന് അന്നമ്മയുടെ സുഹൃത്ത് ശിശിരയുടെ ജീവിതം തെളിയിക്കുന്നു സ്നേഹത്തിൻ്റെ വെളിപ്പെടുത്തലാ യി ഭർത്താവിന്റെ ലൈംഗികാതിക്രമങ്ങളെ നേരിടാൻ വിധിക്കപ്പെടുകയും ആരോടും പറയാനാവാതെ ഇരിക്കുകയും ചെയ്യുന്ന ദുരന്തമാണ് ശിശിര അനുഭവിക്കുന്നത്. സ്വന്തം അമ്മക്കുപോലും അവളുടെ വേദനയോ പ്രശ്‌നങ്ങളോ ഉൾക്കൊള്ളാനാവുന്നില്ല. അവളുടെ എല്ലാ സുഹൃദ് ബന്ധങ്ങളോടും അയാൾക്ക് സംശയമാണ്. അന്നമ്മയെ വിളിക്കുമ്പോൾ അയാളുടെ ഭാഷയുടെ ലൈംഗികച്ചുവയും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീയോടാണ് സംസാരിക്കുന്നതെന്നുപോലും മറന്നുപോവുന്ന വിധമാണ് കൊഞ്ചൽ, അവൾ അവിവാഹിതയായി ഇപ്പോഴും നിൽക്കുന്നു എന്നത് അയാളുടെ വർത്തമാനത്തെ ആവേശഭരിതമാക്കുന്നു. ആ സംഭാഷണത്തിന് ശ്രോതാവാകുന്ന ശിശിരയുടെ മനോനില എത്രയോ പരിതാപകരമാണ്.
അന്നമ്മയുടെ മറ്റൊരു കൂട്ടുകാരിയായ സീനത്ത് വിവാഹശേഷം ഭർതൃപിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിടുന്നവളാണ്. വീടിൻ്റെ സാമ്പത്തികാധികാരി താനായതിനാൽ തനിക്ക് അതിന് അധികാരമുണ്ടെന്ന വികലമായ ധാരണയിലാണ് അയാൾ നിൽക്കുന്നത്. നമ്മുടെ സമൂഹത്തിലെ ആൺകോയ്‌മാശാസ്വങ്ങളുടെയും വികലധാരണകളുടെയും ബാക്കിയാണ് ഈ കയ്യേറ്റങ്ങളും. ശിശിരയെ പോലെയല്ല സീനത്ത്. തന്റെ നേരെ വരുന്ന അമ്മായിയച്ഛനെ ശാരീരികമായ പ്രഹരം നൽകി അകറ്റി നിർത്താൻ അവൾക്കാവുന്നു.
ഈ ചെറുനോവൽ നമ്മുടെ മൂന്നിലേക്ക് തരുന്ന ഏറ്റവും നല്ല കാര്യം, സ്ത്രീകളുടെ ഉപാധികളില്ലാത്ത ബന്ധങ്ങളുടെ ദൃഢതയാണ്. അഞ്ചുവിനെ ‘അന്നമ്മോ’ എന്ന് വിളിക്കുന്നതിൻ്റെ അടിസ്ഥാനം പോലും ഇതേ അടുപ്പമാണ്. എലീനയെ ‘ഇലേ’ എന്ന് തിരികെ വിളിക്കുന്നതിൻ്റെ കാരണവും അതേ. എലീന വിളിച്ചയുടനെ അമ്മയോട് കള്ളം പറഞ്ഞ് ഓടിവരുന്നതും മരിക്കാനാണ് എന്നറിയുമ്പോൾ വലിയ ഇഷ്ടമൊന്നും ഇല്ലെങ്കിലും ഒപ്പം മരിക്കാം എന്ന് തീരുമാനിക്കുന്നതും അവളെ ഒറ്റക്ക് വിടാൻ ഇഷ്ടമില്ലാത്തതിനാലാണ്.
അഞ്ചുവിന് അവളുടെ പാപ്പനോട് തോന്നുന്ന വികാരം അയാൾക്ക് മനസ്സിലാവാഞ്ഞിട്ടല്ല. അയാൾ അതിനെ അവഗണിക്കുന്നു. ആ അവഗണനയാണ് അവളെ മരണചിന്തകളിലേക്ക് തള്ളിവിടുന്നത്. സ്വന്തം ശരീരം ഏറ്റവും വലിയ പാപപ്രേരകമാ ണെന്നും സ്ത്രീകൾ പരസ്‌പരം സ്‌പർശിക്കുന്നത് ചാവുദോഷമാണെന്നുമുള്ള മഠത്തിന്റെ പഠിപ്പിക്കലുകളെയാണ് മരണം കാത്തുള്ള കിടപ്പിലെ ഓരോ സ്‌പർശനത്തിലൂടെയും അവർ ഇരുവരും വെല്ലുവിളിക്കുന്നത്. താൻ സ്വയംഭോഗം ചെയ്തതിനെപറ്റി അന്നമ്മ പറയുന്നുണ്ട്. അവൾക്ക് തന്റെ തന്നെ വലിയ മാനസിക വിക്ഷോഭങ്ങളിൽ നിന്നുള്ള മോചനം കൂടിയാണത്. ഇപ്പോൾ ആ മരണത്തിന്റെ കാത്തുകിടപ്പിനിടയിൽ അവരുടെ അലിഞ്ഞുചേർന്നുള്ള കിടപ്പിൽ അപാകത കാണുന്നവരുണ്ടാവാം. പക്ഷേ അവരിരുവരും അതിൽ തെറ്റു കാണുന്നുമില്ല. ജീവിതത്തിന് തീർപ്പു കൽപ്പിക്കുന്നവരോടുള്ള ഒരു വെല്ലുവിളി കൂടിയാണ്. ലക്ഷംവീട് കോളനിയിലെ മാലിന്യ നിക്ഷേപക്കുഴിയിലേക്ക് അപ്പാപ്പി എന്ന ഉപദ്രവകാരിയെ തള്ളിയിടാൻ എലിനയെ പ്രേരിപ്പിക്കുന്നത് സോനയാണ്. പണ്ട് മഠത്തിൽ കഴിഞ്ഞ കാലങ്ങളിൽ അവളെ ഏറ്റവും കരുതിയ സോന. ആ കരുത്ത് എലിന നേടുന്നത് സോനയുടെ സാന്നിധ്യത്തിൽ നിന്നാണ്. തൻ്റെ സഹോദര ഭാര്യയോട് അപ്പാപ്പി കാണിക്കുന്ന സ്വാതന്ത്ര്യം അവളെ ഭയപ്പെടുത്തുന്നതും ഒരു കാരണമാവാം. അയാൾ ആ മാലിന്യക്കുഴിലേക്ക് വീണു പോയതോടെ അതിൻ്റെ പ്രത്യാഘാതങ്ങൾ ഭയന്നാണ് മരിക്കാൻ തീരുമാനിക്കുന്നത്.
അവർക്ക് മരിക്കാൻ താൽപര്യമേ ഇല്ല എന്ന് തെളിയിക്കുന്ന അനേകം വാചകങ്ങളും പ്രവർത്തികളും നോവലിലുണ്ട്. പാളം, മാറിക്കിടപ്പ്, കിടന്ന് കഴുത്തു വേദനിക്കുന്നു എന്ന പരാതി, ഹരിഹരൻ്റെ പാട്ടുകേൾപ്പ്, ഇടയ്ക്കിടെയുള്ള വെള്ളംകുടി, ചക്ക വറുത്തത് ആസ്വദിച്ച് കഴിക്കുന്നത്, കഥ കേൾക്കുവാനുള്ള ആകാംക്ഷ, വൈകുന്തോറും മരിക്കാൻ പേടിയാവുന്നു എന്ന തുറന്നുപറച്ചിൽ- ഇവയൊക്കെ മരണത്തിൽ നിന്നുള്ള തിരിഞ്ഞുനടപ്പാണ്. അവസാനം അവർ ജീവിക്കാൻ തീരുമാനിക്കുന്നു. അത്രയും വൃത്തികെട്ട ഒരുത്തനെ ഇല്ലായ്മ ചെയ്‌തത് കുറ്റബോധത്തിൻ്റെ കാരണമേ ആവേണ്ടതില്ല എന്നതാണ് ആ തീരുമാനത്തിനുപിന്നിൽ. അങ്ങനെ പാളത്തിൽ നിന്ന് എഴുന്നേറ്റ് പോവുമ്പോൾ അവരെ വിട്ട് ഈ ലോകത്തുനിന്ന് പോയവരും ഒപ്പം നടക്കുന്നു എന്ന തോന്നലും ഇനിയുള്ള ജീവിതത്തിന്റെ ധൈര്യമാണ്.
അവസാനമായി, 'വരാൽ മുറിവുകൾ' എന്ന പേരു കൊണ്ട് എഴുത്തുകാരൻ എന്താവാം ഉദ്ദേശിച്ചത്? വെള്ളം എന്ന ആവാസവ്യവസ്ഥ നഷ്ടപ്പെട്ടാലും പിടച്ച് പിടച്ച് കരയിൽ കിടന്ന് വാ പൊളിക്കുന്ന ആ മീനിൻ്റെ അതിജീവനവ്യഗ്രത തന്നെയാവാം അത്. മറ്റൊന്ന്, ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ അസുഖകരമായ ഒരു ദൃശ്യം എങ്ങനെ സ്ത്രീയുടെ ജീവിതത്തെ വേട്ടയാടും എന്ന ഓർമ്മപ്പെടുത്തലാവാം അത്. അങ്ങനെ ഒരു കാഴ്‌ച എത്ര വലിയ മുറിവാണ് ഒരാളിൽ അവശേഷിപ്പിക്കുന്നത് എന്നു കൂടി ഈ ഒറ്റ സൂചകത്തിലൂടെ വെളിപ്പെടുത്തുന്നു. അതിനൊക്കെ അപ്പുറത്ത് സ്ത്രീകളുടെ സൗഹൃദങ്ങളും കൂട്ടായ്മകളും എത്രമാത്രം ആവശ്യമായ ഒരു ലോകത്തും സമൂഹത്തിലുമാണ് നാം ജീവിക്കുന്നതെന്നും 'വരാൽ മുറിവുകൾ' എന്ന ചെറിയ പുസ്തകം പറയുന്നു.
-9a44.jpg)
രണ്ട് സ്ത്രീകൾ കുറച്ചു സമയം ഒരുമിച്ച വർത്തമാനം പറയുമ്പോൾ ഉള്ളിലും വീടകങ്ങളിലും പൊതിഞ്ഞു സൂക്ഷിക്കേണ്ട എന്തെല്ലാം കാര്യങ്ങളാണ് പുറത്തുവന്നത്. പെണ്ണുങ്ങൾ അധികം വർത്തമാനം പറയേണ്ട എന്ന് സമൂഹം കാലാകാലങ്ങളായി തീർപ്പുകൽപിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമായില്ലേ?
