അഗമ്യഗമനങ്ങളുടെ ചിതൽപ്പുറ്റുകൾ

മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിൽ സെമിറ്റിക് മതങ്ങളും സെമിറ്റിക് വ ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്ലാസിക് മതങ്ങളും നിരന്തരം ഇടപെടുകയും അവന്റെ ലൈംഗിക താൽപര്യത്തിൽ പോലും നിയന്ത്രണങ്ങൾ വരുത്താൻ ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ പുറ്റ് എന്ന നോവൽ ഉയർത്തുന്ന വിമർശനാത്മക സമീപനം എഴുത്തുകാരന്റെ ഉത്തരവാദിത്തമാണ് എന്നത്​ നിഷേധിക്കാനാവില്ല. കാലങ്ങളായി വിക്ടോറിയൻ സദാചാര പദ്ധതികളുടെ നിയത വഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന മലയാള നോവൽ സാഹിത്യത്തിൽ ഒരു വിമത കൃതിയാവുകയാണ് വിനോയ്​ തോമസിന്റെ ‘പുറ്റ് എന്ന് പറയാം

തികഞ്ഞ ഗോത്രജീവിയും വന്യമായ ആക്രമണ/ പ്രതിരോധ സ്വഭാവങ്ങൾ പ്രകൃത്യാ സ്വന്തമായുള്ളവനുമായ മനുഷ്യനെ ഒറ്റ വ്യവസ്ഥക്കു കീഴിൽ നിയന്ത്രിച്ചു നിർത്താനും അതു വഴി തങ്ങൾക്കനുകൂലമായ അധികാരഘടന രൂപപ്പെടുത്തിയെടുക്കാനും ക്രിസ്തുവിനുശേഷം വന്ന ക്രൈസ്തവ സഭകൾ നടത്തിയ പ്രയത്‌നങ്ങളാണ് ഇന്നു നാം കാണുന്ന രൂപത്തിലും ഘടനയിലുമുള്ള കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപീകരണത്തിലേക്കു നയിക്കുന്നത്. ക്രിസ്തുമതത്തിനു മുമ്പുള്ള കുടുംബ വ്യവസ്ഥകൾ കുറേക്കൂടി അയവുള്ളതും മനുഷ്യകേന്ദ്രീകൃതവുമായിരുന്നു. അതിന്റെ പാപപുണ്യസങ്കല്പങ്ങളും വ്യത്യസ്തമായിരുന്നു. കർശനമായ പാപബോധത്തിലേക്ക് മനുഷ്യനെ ക്രമപ്പെടുത്തുകയും അതുവഴി അവന്റെ സ്വാഭാവിക ജീവിതത്തേയും ജൈവ ചോദനകളേയും നിയന്ത്രിക്കുന്നതിൽ ക്രിസ്തീയത പരമാവധി ശ്രദ്ധ ചെലുത്തുകയും അപ്രകാരം കഠിനമായ സംഘർഷങ്ങളിലേക്ക് വൈയക്തിക മനുഷ്യനെ നിർബന്ധപൂർവം നയിക്കുകയും ചെയ്തു.

യഥാർഥത്തിൽ കുടുംബം എന്നത് അതിന്റെ സദുദ്ദേശ്യങ്ങളെയൊക്കെത്തന്നെ അപ്രസക്തമാക്കുകയും സമൂഹത്തിന്റെ അധികാര വ്യവസ്ഥയുടെ ഒരു കണ്ണി മാത്രമായിത്തീരുകയും ചെയ്യുകയാണുണ്ടായത്. ശരിതെറ്റുകളുടെ നിർണയത്തിലും സ്വാതന്ത്ര്യബോധത്തിന്റെ പ്രയോഗ പരതയിലുമെല്ലാം നിരന്തര സംഘർഷത്തിനു ഹേതുവായി കുടുംബം എന്ന സ്ഥാപനം നിൽക്കുന്നു. അതിസങ്കീർണമായ ഈ സാമൂഹ്യാവസ്ഥയുടെ ആഖ്യാനത്തിനുള്ള പരിശ്രമമാണ് പുറ്റ് എന്ന നോവലിൽ വിനോയ് തോമസ് നടത്തുന്നത് എന്ന് കാണാം. കുടുംബസങ്കല്പത്തെ കേവലമായ ശരി- തെറ്റ് ദ്വന്ദങ്ങളിലേക്ക് പരിമിതപ്പെടുത്താനോ ആത്യന്തികമായി ശരി-തെറ്റുകളെ നിർവചിക്കാനോ ഉള്ള ശ്രമം ബോധപൂർവം നോവലിൽ മാറ്റി നിർത്തപ്പെടുന്നുണ്ട്. അതേസമയം ക്രിസ്തീയത മുന്നോട്ടുവക്കുന്ന കുടുംബ സങ്കല്പം തികഞ്ഞ അസംബന്ധമാണെന്നും അത് മനുഷ്യ വിരുദ്ധമാണെന്നുമുള്ള നിലപാട് പരോക്ഷമായെങ്കിലും നോവൽ സ്വീകരിക്കുന്നുമുണ്ട്.

'പുറ്റ് ' കവർ

ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച്, അസ്വാഭാവിക ലൈംഗിക (!) ശീലങ്ങളുള്ളവരെക്കുറിച്ച്, ഒക്കെ നമ്മുടെ സമീപനങ്ങളിൽ തിരുത്തലുകൾ വേണമെന്ന് വിനോയ് തോമസ് കരുതുന്നു. അതിനാൽ തന്നെ കാലങ്ങളായി വിക്ടോറിയൻ സദാചാര പദ്ധതികളുടെ നിയത വഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന മലയാള നോവൽ സാഹിത്യത്തിൽ ഒരു വിമത കൃതിയാവുകയാണ് പുറ്റ് എന്ന് പറയാം.

അഗമ്യഗമനങ്ങളുടെ ആഖ്യാനം

മനുഷ്യോൽപത്തിയേക്കുറിച്ച് ലോകത്തുള്ള എല്ലാ മതങ്ങളും വിചിത്ര കാഴ്ചപ്പാടുകളാണ് പുലർത്തിയിട്ടുള്ളത്. സ്ഥൂലാർഥത്തിൽ മനുഷ്യവർഗത്തിന്റെ വംശവർദ്ധനവിന്റെ തുടക്കം പിതാവും മകളും തമ്മിലോ സഹോദരനും സഹോദരിയും തമ്മിലോ ഉള്ള ഇണചേരലിൽ നിന്നാണ്. കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ കർക്കശ നിലപാടുകൾ പുലർത്തുന്ന ക്രിസ്തീയതയുടെ കാര്യം അതിലേറെ വിചിത്രമാണല്ലോ. ക്രിസ്തുമതം നില നിൽക്കുന്ന ഏറ്റവും വലിയ വിശ്വാസമായ മറിയത്തിന്റെ ദിവ്യഗർഭം എന്ന കേവല സങ്കല്പത്തിനപ്പുറം മറിയ ആരിൽ നിന്ന്​ ഗർഭം ധരിച്ചു എന്ന എക്കാലത്തേയും ചോദ്യം അവശേഷിക്കുന്നുണ്ട്. അത്തരമൊരു വംശപരമ്പരയുടെ പാപ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്തീയത ലൈംഗികത പാപമായി കണക്കാക്കുന്നത്. അതായത്, ലൈംഗികത പാപമാണ് എന്ന ബോധ്യത്തിനു മുകളിലാണ് ക്രിസ്ത്യൻ കുടുംബ വ്യവസ്ഥ നിലകൊള്ളുന്നത്. അത്തരമൊരു സമൂഹത്തിൽ സംഭവിക്കുന്ന സദാചാരലംഘനങ്ങളുടെ ആഖ്യാനമാണ് പുറ്റ്. വിരുദ്ധമായ വിശ്വാസങ്ങളുടേയും സങ്കല്പനങ്ങളുടേയും അസാധ്യമായ ചേരുവയാണല്ലോ മതം. അതു കൊണ്ടാണ് ലൈംഗികത പാപമായിരിക്കുമ്പോൾ തന്നെ അത് വംശവർദ്ധനവിനെക്കുറിച്ച് സംസാരിക്കുന്നത്. ലൈംഗികത നിഷിദ്ധമാണ് എന്ന് പറയുമ്പോൾ തന്നെ പുരോഹിതന്മാരടങ്ങുന്ന വിശുദ്ധ സമൂഹം അഗമ്യഗമനത്തിന്റെ സോദോം ഗൊമോറയാകുന്നത്. അഗമ്യഗമനങ്ങളുടേയും അസംബന്ധ സദാചാര സംഹിതകളുടെ നിരാകരണത്തിന്റേയും ആഖ്യാനമാണ് പുറ്റ്.

എസ്.കെ. പൊറ്റെക്കാട്ട്

തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ കഥകൾ നാം ഒട്ടനവധി കേട്ടിട്ടുണ്ട്. പാറപ്പുറവും എസ്.കെ. പൊറ്റെക്കാട്ടും തുടങ്ങി നിരവധി എഴുത്തുകാരിലൂടെ അത്തരം കുടിയേറ്റങ്ങളുടെ ഭൂമിക നമുക്കു പരിചിതവുമാണ്. എന്നാൽ അത്തരം കുടിയേറ്റങ്ങളുടെ മൂലകാരണം സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളാണ്. കൂടുതൽ സമ്പത്തിനു വേണ്ടിയുള്ള അന്വേഷണവും ഏറിയാൽ പുതിയ ഭൂപ്രദേശങ്ങളിലേക്ക് കടന്നു കയറാനുള്ള മനുഷ്യസഹജമായ വാസനയും എന്നതിനപ്പുറമുള്ള വായനാ സാധ്യതകൾ അവ മുന്നോട്ടു വക്കുന്നതേയില്ല. എന്നാൽ പുറ്റിൽ സംഭവിക്കുന്ന കുടിയേറ്റങ്ങൾക്ക് സാമ്പത്തികവും സാമൂഹ്യവുമായ കാരണങ്ങളേക്കാളേറെ സദാചാര സംബന്ധിയായ കാരണങ്ങളാണുണ്ടായിരുന്നത്. ചെറുകാനാ വർക്കി 1952ൽ പെരുമ്പാടിയിലേക്ക് വരുന്നതു തന്നെ അയാളിൽ നിന്ന്​ ഗർഭിണിയായ മകളേയും കൊണ്ടാണല്ലോ. അതാണ് പെരുമ്പാടിയിലെ ഒന്നാം കുടുംബം..
ജറമിയാസ് പോൾ എന്ന നാട്ടു മധ്യസ്ഥം പറയുന്നതിൽ പ്രഗത്ഭനായ നവീകരണ ഭവനം എന്ന് പേരുള്ള വീട്ടിലെ അംഗമായ ഒരു മനുഷ്യന്റെ കാഴ്ചയിലൂടെയും അനുഭവങ്ങളിലൂടെയുമാണ് പുറ്റ് വളർന്നു വലുതാകുന്നത്. ഒരു കഥയിൽ നിന്ന് മറ്റൊന്നിലേക്കും അവിടെ നിന്ന് ഇനിയൊന്നിലേക്കും കമ്പോടു കമ്പ് ചേർന്ന് പടരുകയും ഭൂത വർത്തമാനകാലങ്ങളിലൂടെ ഒരു ട്രപ്പീസു കളിക്കാരന്റെ വൈഭവത്തോടെ നമ്മെ കൊണ്ടുപോവുകയും ചെയ്യുന്ന ആഖ്യാനരീതി പുതിയതല്ലെങ്കിലും അത്ര മടുപ്പുണ്ടാക്കുന്നില്ല എന്നു കാണാം.. ജറമിയാസ് പോളിന്റെ അപ്പൻ പോളിന് ഒമ്പത്, പത്ത് വയസുള്ളപ്പോഴാണ് ആ കുടുംബം പെരുമ്പാടിയിലെത്തുന്നത്. പോളിന്റെ അമ്മ ചിന്നക്ക് അവളുടെ ചേച്ചിയുടെ ഭർത്താവിൽ നിന്ന് കിട്ടിയ അവിഹിത ഗർഭമാണ് പോൾ. കുമ്മണ്ണൂർ എന്ന തിരുവിതാംകൂറിലെ ചിന്നയുടെ കുടുംബനാമം അവളുടെ ആങ്ങളമാർ അവൾക്കു നൽകിയില്ല. അങ്ങനെയാണ് 2002 ൽ കുടിയേറ്റത്തിന്റെ അമ്പതാം വർഷത്തിൽ ആ കുടുംബത്തിന് നവീകരണ ഭവനം എന്ന പേര് കൽപിച്ചു കൊടുക്കുന്നത്.

പാറപ്പുറത്ത്

നവീകരണ ഭവനം എന്ന കുടുംബം ആരംഭിക്കുന്നതുതന്നെ ക്രിസ്തീയ കുടുംബസങ്കല്പങ്ങൾക്ക് കടകവിരുദ്ധമായാണ്. നോവലിന്റെ ആദ്യ അധ്യായം ഭവാനി ദൈവം എന്ന ആൾ ദൈവത്തിന്റെ കുടുംബത്തിലെ തർക്കം തീർക്കാൻ ജറമിയാസ് മാധ്യസ്ഥ ചർച്ചക്കു പോവുന്നതിന്റെ വിശദാംശങ്ങളാണ്. ഭവാനി പണ്ട് മാക്കൂട്ടത്ത് കശുവണ്ടി കള്ളക്കടത്തുകാർക്ക് ശരീരസുഖം വിറ്റിരുന്നയാളാണ്. ശരീരത്തിന് ആവതില്ലാതായപ്പോൾ അവർ സ്വയം ദൈവമായി പരിണമിക്കുകയാണുണ്ടായത്. ഭവാനി മാത്രമല്ല, അവരുടെ അമ്മ വാച്ചി. അപ്പം മേരി. അവരുടെ മകൾ രഞ്ജിതിനെ കെട്ടിയ പ്രീത, കൊച്ചരാഘവന്റെ അമ്മ മാത എന്നിങ്ങനെ നോവലിലുടനീളം വേശ്യാവൃത്തി കൊണ്ട് ജീവിക്കുകയും അതിലൂടെ തന്നെ അടിസ്ഥാനമില്ലാത്ത കുടുംബങ്ങൾ രൂപീകരിക്കുകയും ചെയ്യുന്ന നിരവധി ആളുകളെ പരിചയപ്പെടാം.

കുടുംബം എന്ന മതസങ്കൽപം

കുടുംബം എന്നതിന് ഗണ്യമായ പവിത്രതയോ ഔന്നത്യമോ കൽപിക്കേണ്ടതില്ലെന്നും അത് കേവലമൊരു സങ്കല്പമാണെന്നും സ്ഥാപിച്ചെടുക്കലാണ് നോവലിന്റെ പ്രാഥമിക ലക്ഷ്യം.
അസ്വാഭാവിക ലൈംഗികതയോട് നോവൽ നവീനമായ സമീപനമാണ് സ്വീകരിക്കുന്നത്. അഗമ്യഗമനം എന്നോ നിഷിദ്ധ ബന്ധങ്ങൾ എന്നോ പൊതു സമൂഹം വിലയിരുത്തുന്ന ലൈംഗികതയോട് വേറിട്ടൊരു സമീപനം പുലർത്തുന്ന കൃതി സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയാണ്. സമുദ്രശിലയിൽ അംബയും മകനും തമ്മിലുണ്ടാകുന്ന വേഴ്ചക്ക് പാപബോധ്യത്തിന്റെ സദാചാര പരിണാമമാണ് നോവലിസ്റ്റ് വിധിക്കുന്നത്. എന്നു മാത്രമല്ല മാതൃ പുത്ര ലൈംഗികവേഴ്ച മരണശിക്ഷ വിധിക്കപ്പെടേണ്ട പാപമാണ് എന്ന ക്രിസ്തീയ നിലപാടിനെ സുഭാഷ് ചന്ദ്രൻ സാധൂകരിക്കുന്നുമുണ്ട്. എന്നാൽ വിനോയ് തോമസിന്റെ നോവലിൽ നായികാ പ്രാധാന്യമുള്ള കഥാപാത്രമായ നീരു അവളുടെ ഭർതൃപിതാവിനെ പ്രാപിക്കുന്നത് ഒട്ടും പാപബോധമില്ലാതെയാണ്. നിങ്ങളെയെങ്കിലും എനിക്കു വേണം എന്ന നീരുവിന്റെ പ്രസ്താവന ജൈവികമായ അവളുടെ ചോദനകൾ പൂർത്തീകരിക്കപ്പെടേണ്ടത് അവളുടെ അവകാശമാണെന്ന സ്വാതന്ത്ര്യബോധത്തിന്റെ സ്ഥാപനവും സ്ത്രീ ലൈംഗികത പാസീവ് ആണ് എന്ന പൊതുബോധ്യത്തിന്റെ നിരാകരണവുമാണ്. അവളുടെ ഭർത്താവ്, ജറമിയാസിന്റെ മകൻ അരുൺ സ്വവർഗസ്‌നേഹിയാണ് എന്ന് അംഗീകരിക്കാനും അവന് അവന്റെ സ്വാതന്ത്ര്യമുണ്ട് എന്ന് വകവച്ചു കൊടുക്കാനും നീരു തയ്യാറാവുന്നു എന്നതും ലൈംഗികതയെ സംബന്ധിച്ചുള്ള മാറുന്ന കാഴ്ചപ്പാടിലേക്കുള്ള നമ്മുടെ പരിണാമത്തെ സ്ഥാപിച്ചെടുക്കുന്നു.
അരുണിന്റെ പ്രശ്‌നം ചർച്ച ചെയ്യാൻ ഡോക്ടർ പ്രിസ് അഗസ്റ്റിൻ എന്ന മനോരോഗ വിദഗ്​ധന്റെ അടുത്തെത്തുന്ന ജറമിയാസിനോടും നീരുവിനോടും ഡോക്ടർ നടത്തുന്ന ദീർഘമായ പ്രഭാഷണം കുടുംബം എന്ന മതസങ്കല്പം എങ്ങനെയാണ് സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമാകുന്നത് എന്ന് വ്യക്തമാക്കുന്നു. നിർബന്ധിതമായി ക്ഷമിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് മതപരമായി കൂട്ടിച്ചേർക്കപ്പെട്ട കുടുംബങ്ങളിലാണ് എന്ന് നോവൽ നിരീക്ഷിക്കുന്നു. കുടുംബം എന്ന (മത)സങ്കല്പം അപനിർമിക്കപ്പെട്ടേ മതിയാവൂ എന്നും അതിലൂടെ മാത്രമേ പൂർണമായ മനുഷ്യ സ്വാതന്ത്ര്യം സാധ്യമാവൂ എന്നും നോവൽ പരോക്ഷമായെങ്കിലും നിർദ്ദേശിക്കുന്നുണ്ട്. അതിലുമപ്പുറം കുടുംബം ലൈംഗികതയുടെ പ്രയോഗവൽക്കരണത്തിനുള്ള ഒരു ഏജൻസി മാത്രമായാണ് പ്രവർത്തിക്കുന്നതെന്നു കൂടി പുറ്റ് പറയുന്നുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്റെ അധികാര സ്ഥാപനത്തിനുള്ള ഉപാധി കൂടിയായാണ് ലൈംഗികത പ്രവർത്തിക്കുന്നത്.

പെരുമ്പാടിയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ ഒരാളാണ് ലൂയീസ്. അയാൾ നേടിയ സമ്പത്തത്രയും അയാളുടെ വിനയത്തിന്റേയും വിധേയത്വത്തിന്റേയും ഉൽപ്പന്നമാണ്. കുടുംബത്തിന് / വീടിന് പുറത്ത് പരമ ശുദ്ധനും നിഷ്‌കളങ്കനുമായ ലൂയീസ് പക്ഷേ വീടിനകത്ത് ക്രൂരനായ ഏകാധിപതിയാണ്. അയാളുടെ ഭാര്യ ജറമിയാസിനോട് പറയുന്ന പരാതി കൂടുതലൊന്നും വേണ്ട, ഞങ്ങളും മനുഷ്യരാണെന്ന് അയാളംഗീകരിച്ചാൽ മതിയെന്നാണ്. ലൂയീസ് ഇതിനു നൽകുന്ന ന്യായീകരണം കുടുംബം എന്ന അധികാര കേന്ദ്രത്തെക്കുറിച്ച് നടത്തുന്ന ഏറ്റവും മികച്ച നിർവചനമാണ്. പുറം ലോകത്ത് അയാൾ കാണിക്കുന്ന വിധേയത്വം പൂർണമായും കൃത്രിമവും വീടിനകത്ത് അയാൾ അനാവരണം ചെയ്യുന്നത് അയാളുടെ യഥാർഥ മുഖവുമാണ്. വീട് അയാൾക്ക് അധികാരമുള്ള സ്ഥാനമാണ്. അയാളുടെ പക, കാമം, ക്രോധം തുടങ്ങി എല്ലാ ഋണസ്വഭാവങ്ങളുടേയും ബഹിർസ്ഫുരണത്തിന് അയാൾക്ക് അവകാശപ്പെട്ട സ്ഥലം. ഇതിനു പരിഹാരമായി ജറമിയാസ് നിർദ്ദേശിക്കുന്നത് അധികാരം പ്രകടിപ്പിക്കാൻ വീടിനു പുറത്ത് ഒരു മാർഗം കണ്ടെത്താനാണ്. അപ്രകാരം ലൂയിസ് തന്റെ ‘വൃത്തികേടുകൾ' പ്രയോഗിക്കാൻ ശമ്പളം നൽകി ആളെ നിയമിക്കുകയും ചെയ്യുന്നുണ്ട്. പറഞ്ഞുവന്നത്, കുടുംബം എന്നത് സമൂഹത്തിലെ സുബല- ദുർബല ദ്വന്ദങ്ങൾക്കിടയിലുള്ള പ്രായോഗികാധികാരത്തിന്റെ ഏറ്റവും താഴത്തെ കണ്ണിയായാണ് പ്രവർത്തിക്കുന്നത് എന്നും ആ അധികാര ശ്രേണിയെ നിലനിർത്തുകയാണ് മതാധിഷ്ഠിത സദാചാര സംഹിതകളുടെ ലക്ഷ്യമെന്നും പുറ്റ് ഊന്നിപ്പറയുന്നു എന്നാണ്.

പെരുമ്പാടി ഒരു പക്ഷേ മനുഷ്യസമൂഹങ്ങളുടെ പ്രാതിനിധ്യസ്വഭാവമുള്ള ജനപഥമാണ്. ഏതു ദേശവും പെരുമ്പാടിയാവാം. ഒരു ശരാശരി സമൂഹത്തിനു വേണ്ടുന്ന എല്ലാ ചേരുവകളും പെരുമ്പാടിയിലുണ്ട്. മുഖമില്ലാത്ത നഗരസമൂഹങ്ങളിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലാത്ത ഏതൊരു പ്രദേശത്തേയും പെരുമ്പാടിയിലേക്ക് ആവാഹിക്കാവുന്നതാണ്. എന്തു കൊണ്ടെന്നാൽ രഹസ്യ ബന്ധങ്ങളും സാമാന്യ സദാചാരയുക്തിക്ക് നിരക്കാത്ത ആൺ പെൺ ഇടപെടലുകളുമില്ലാത്ത ഒരു കുടുംബം പോലും പെരുമ്പാടിയിലില്ല തന്നെ. പെരുമ്പാടിപ്പുഴയിൽ ഒരു ജലജീവിയെപ്പോലെ ജീവിക്കുന്ന കൊച്ചരാഘവൻ വെള്ളത്തിനടിയിൽ വച്ചു നൽകുന്ന ആ വിചിത്രാനുഭൂതികൾക്ക് വശംവദരാകാത്ത ഒരു പെണ്ണു പോലും പെരുമ്പാടിയിലില്ല. ആൺമനുഷ്യനും പെൺ മനുഷ്യനും അടക്കി വച്ച ശാരീരിക തൃഷ്ണകളുള്ള സാധാരണ ജന്തുക്കളാണ് എന്ന് പുറ്റ് ഉറക്കെ പറയുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ സദാചാരനിബന്ധനങ്ങൾക്ക് വഴങ്ങാൻ ഒട്ടും തയ്യാറല്ലാത്ത ഒരു സമൂഹത്തിൽ കുടുംബത്തിന്റെ കെട്ടുറപ്പ് സംരക്ഷിക്കുന്നതിനു വേണ്ടി മാധ്യസ്ഥം പറയേണ്ടി വന്ന ഒരു വിചിത്ര ജന്മമാണ് ജറമിയാസിന്റേത്. ജറമിയാസ് മാധ്യസ്ഥം പറയേണ്ടി വന്ന എല്ലാ പ്രശ്‌നങ്ങളും അവിഹിത ബന്ധങ്ങളെ സംബന്ധിച്ചുള്ളതായിരുന്നല്ലോ. ജറമിയാസ് അനുഭവിക്കുന്ന ആത്മസംഘർഷവും അതു തന്നെയാണ്. ഈ വിഷയത്തിൽ ശരിതെറ്റുകളെക്കുറിച്ച് പറയാൻ തനിക്കെന്തവകാശം എന്ന ചിന്തയാണ് അയാളെ അവസാനം വരെയും അലട്ടുന്നത്.

അദ്ദേഹത്തിന്റെയടുത്ത് അവസാനകാലത്തെത്തുന്ന ഒരു കുടുംബ പ്രശ്‌നം - തീർച്ചയായും അവിഹിത ബന്ധം സംബന്ധിച്ചു തന്നെ - ഒരു ആദിവാസി കുടുംബത്തിന്റേതാണ്. തന്റെ കുട്ടി കുടിക്കേണ്ട പാല് ഭാര്യയുടെ അമ്മാവൻ കുടിക്കുന്നു എന്നാണ് ഭർത്താവായ രാജേഷിന്റെ പരാതി. എന്നാൽ രാജേഷ് അങ്ങനെ ചെയ്യരുത് എന്നു പറഞ്ഞതിൽ പിന്നെ താൻ അവളുടെ മുല കുടിച്ചിട്ടേയില്ലെന്ന് അമ്മാവൻ പറഞ്ഞത് അവളും അവനും ശരിവച്ചു. പറഞ്ഞു വന്നപ്പോൾ അവർക്കു മുന്നാൾക്കും പരാതിയില്ല. പരാതി അവരെ ജറമിയാസിന്റടുത്തേക്ക് കൂട്ടിക്കൊണ്ടു വന്ന പഞ്ചായത്ത് മെംബർക്കാണ്. ആദിവാസി സമൂഹങ്ങൾ സാമൂഹ്യ ജീവിതത്തിന്റെ കാര്യത്തിൽ യൂറോപ്യൻ നിലവാരം പുലർത്തുന്നവരാണെന്നും നാം അവരോടൊപ്പമെത്തണമെങ്കിൽ ഒരു നൂറ്റാണ്ടെങ്കിലും എടുക്കുമെന്നും നോവൽ നിരീക്ഷിക്കുന്നു. ലൈംഗികത പൂർണമായും വൈയക്തികമാകണമെന്നും അതിൽ ഇടപെടുന്നതിലൂടെ മതം അതിന്റെ അധികാര പ്രയോഗം നടത്തുകയാണെന്നും അപ്രകാരം പുറ്റ് സിദ്ധാന്തിക്കുന്നു.

ക്രിസ്​തീയതയും ലൈംഗികതയും

ക്രിസ്ത്യൻ സഭകളുടെ ഉദ്ദേശ്യശുദ്ധിയും പ്രവർത്തന രീതികളുമെല്ലാം കർക്കശമായ വിമർശനത്തിന് വിധേയമാകുന്നുണ്ട് നോവലിൽ. എസ്. എച്ച്. എച്ച് കന്യാസ്ത്രീ സഭ സ്ഥാപിച്ച് അതിന്റെ നേതൃത്വത്തിൽ പവിത്രമായ പ്രകൃതിചികിത്സാരീതി (ഹോളി നാച്ചുറോപ്പതി ) നടപ്പിലാക്കിയ ഫിലോമിന മദറിനോട് സഭ സ്ഥാപിക്കാൻ അവരെ സഹായിച്ച ഫാദർ അവിരാ ഇടക്ക് ഇതെല്ലാം വിട്ട് നമുക്ക് കുടുംബ ജീവിതമാരംഭിച്ചാലോ എന്ന് ചോദിക്കുന്നുണ്ട്.. സഭയുടെ സംരക്ഷണം നഷ്ടപ്പെടുത്തുന്ന ഒരു കളിക്കും ഞാനില്ല എന്നായിരുന്ന ഫിലോമിനയുടെ മറുപടി. ഓരോ കന്യാസ്ത്രീമഠങ്ങളും ലൈംഗിക അധാർമികതയുടെ ( !) കേന്ദ്രങ്ങളാണ് എന്ന് നോവലിസ്റ്റ് ആവർത്തിച്ചു പറയുന്നുണ്ട്. ഒരു മിശ്രലിംഗക്കാരി / കാരനായ വത്സ മഠത്തിലെ പാചകക്കാരി മാത്രമല്ല കന്യാസ്ത്രീകളുടെ ലൈംഗിക ഉപകരണം കൂടിയാണ്. ഓരോ ദിവസവും അവരുടെ സേവനം മുൻകൂട്ടി നിശ്ചയിച്ച് മഠത്തിലെ അന്തേവാസികൾ പ്രയോജനപ്പെടുത്തുന്നു. അടക്കിവെച്ച ലൈംഗികത അത്രമാത്രം സങ്കീർണമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് ക്രിസ്തീയത അതിന്റെ ഏറ്റവും വലിയ നിയന്ത്രണോപാധിയായി ലൈംഗികതയെത്തന്നെ ഉപയോഗിക്കുന്നത് എന്നതാണ് ഉച്ചത്തിൽ ചോദിക്കപ്പെടുന്ന ചോദ്യം.
ജറമിയാസിന്റെ അമ്മ കത്രീനച്ചേടത്തി മരിക്കാൻ കിടക്കുമ്പോൾ ബൈബിൾ വായിക്കാൻ നീരുവിനോട് ആവശ്യപ്പെടുന്നുണ്ട്. അവൾ വായിക്കുന്നത് ഉൽപ്പത്തി പുസ്തകത്തിൽ മോവാബ്യരുടേയും അമോന്യരുടേയും ഉത്ഭവം വിശദമാക്കുന്ന ഭാഗമാണ്. സോവാറിൽ നിന്ന് തന്റെ പെണ്മക്കളേയും കൊണ്ട് പാലായനം ചെയ്ത ലോത്ത് മലയിൽ ഒരു ഗുഹയിൽ താമസിക്കുന്നു. ഭൂമിയിൽ ഒരു പുരുഷനും അവശേഷിച്ചിട്ടില്ലാത്തതിനാൽ നമുക്ക് പിതാവിൽ നിന്ന് ഗർഭം ധരിക്കാം എന്ന് തീരുമാനിച്ച അയാളുടെ പെൺമക്കളിൽ നിന്നാണ് മൊവാബ്യരും അമോന്യരും ഉണ്ടാവുന്നത്. മനുഷ്യന്റെ ഉൽപ്പത്തി തന്നെ നിഷിദ്ധമെന്ന് നാം വിളിക്കുന്ന ബന്ധത്തിലൂടെയാണെന്നിരിക്കെ ലൈംഗികതയെക്കുറിച്ചുള്ള സദാചാര നിലപാടുകൾ അസംബന്ധമല്ലാതെ മറ്റൊന്നല്ല എന്ന് പുറ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നു.

ഒരു സാമൂഹ്യ വിമർശനോപാധി എന്ന നിലയിൽ പുറ്റ് എന്ന നോവൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ പ്രസകതമാണ് എന്നു തന്നെ പറയാം. പ്രത്യേകിച്ച് മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിൽ സെമിറ്റിക് മതങ്ങളും സെമിറ്റിക് വ ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്ലാസിക് മതങ്ങളും നിരന്തരമായി ഇടപെടുകയും അവന്റെ ആഹാര നീഹാരാദികൾക്കുമപ്പുറം ലൈംഗിക താൽപര്യത്തിൽ പോലും നിയന്ത്രണങ്ങൾ വരുത്താൻ ആസൂത്രിത നീക്കങ്ങൾ നടത്തുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ ഇത്തരമൊരു വിമർശനാത്മക സമീപനം എഴുത്തുകാരന്റെ ഉത്തരവാദിത്തമാണ് എന്നതും നിഷേധിക്കാനാവില്ല. അതേ സമയം പുറ്റ് മുന്നോട്ടു വക്കുന്ന, സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽകുന്ന സമൂഹങ്ങൾ ലൈംഗിക അരാജകത്വത്തിന്റെ വിളനിലങ്ങളാണ് എന്ന ആശയം അതേപോലെ അംഗീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.

സ്വതന്ത്ര ലൈംഗികതയെക്കുറിച്ചുള്ള ആഖ്യാനം എന്ന വ്യാജേന കുടിയേറ്റ കർഷക സമൂഹളാകെത്തന്നെ കഞ്ചാവിനടിമകളും വികല ലൈംഗികതയുടെ വക്താക്കളുമാണ് എന്ന നിലപാട് സങ്കുചിതവും ഏകപക്ഷീയവുമാണ്.

കുടിയേറ്റ സമൂഹങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധികൾ ചർച്ച ചെയ്ത കരിക്കോട്ടക്കരിയിൽ നിന്ന് പുറ്റിലേക്കെത്തുമ്പോഴും വിനോയ് തോമസിന്റെ എഴുത്തുഭൂമികക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

അതേ സമയം ഏതു സാമൂഹ്യ പ്രതിസന്ധിയുടേയും / അവസ്ഥയുടേയും കാരണം ലൈംഗികതയിൽ കൊണ്ടു ചെന്നെത്തിക്കുന്ന വിപണി താൽപര്യങ്ങളുടെ സ്വാധീനം നോവലിൽ വ്യക്തമായി കാണാം.

Comments