സ്വാമി വിവേകാനന്ദൻ എന്ന സംഘ്പരിവാർ പ്രതിയോഗി

ഗോവിന്ദ് കൃഷ്ണൻ വി. രചിച്ച് അലഫ് പബ്ലിക്കേഷൻ പുറത്തിറക്കിയ, സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകമാണ്, Vivekananda The Philosopher of Freedom - How the Sangh Parivar’s Greatest Icon Is Its Arch Nemesis. നീതിനിഷ്ഠനായ ഒരു ചരിത്രാന്വേഷിയുടെ നിപുണമായ സംവേദനം എന്ന് കേവലഭാഷയിൽ ഈ പുസ്തകത്തെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.

സംഘ്പരിവാർ രാഷ്ട്രീയം സ്വാമി വിവേകാനന്ദനെ തങ്ങളുടെ പൊളിറ്റിക്കൽ ബിംബമായി പ്രതീകവത്കരിക്കുന്നതിനെ വളരെ കൃത്യമായി ഖണ്ഡിച്ചുകൊണ്ട്, ആശയതലങ്ങളിൽ സംഘ്പരിവാറിന്റെ യഥാർത്ഥ പ്രതിയോഗിയാണ് സ്വാമി വിവേകാനന്ദനെന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കുന്ന രചനയാണിത്. വിവേകാനന്ദന്റെ 'കംപ്ലീറ്റ് വർക്സ് ഓഫ് സ്വാമി വിവേകാനന്ദ' യുടെ എട്ടാം വാല്യം ആഴത്തിൽ പഠിച്ചശേഷമാണ് ഗോവിന്ദ് കൃഷ്ണൻ ഈ പുസ്തകം എഴുതിയിട്ടുള്ളത്. വിവേകാനന്ദനിലേക്കുള്ള തന്റെ വാതായനങ്ങൾ എങ്ങനെയാണ് തുറക്കുന്നതെന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നുണ്ട്.

ഗോവധവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് വിവരിക്കുകയും ഇതിൽ വിവേകാനന്ദന്റെ സമകാലിക പ്രസക്തമായ നിലപാടുകൾ സ്പഷ്ടമായി പ്രതിപാദിക്കുകയും ചെയ്യുന്നു, ഗോവിന്ദ് കൃഷ്ണൻ.

മെയ് 2015 നും ഡിസംബർ 2018 നും ഇടയിൽ ഏകദേശം മുപ്പത്തിയാറ് മുസ്‍ലിംകൾ മോബ് ലിഞ്ചിംഗിന് ഇരയായിട്ടുണ്ടെന്ന വസ്തുത ഗോവിന്ദ് കൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു. പശുവിനെ കടത്തി, അല്ലെങ്കിൽ ബീഫ് കഴിച്ചു എന്ന കിംവദന്തികളുടെ പേരിലാണിതത്രയും സംഭവിച്ചത്. ഒപ്പം നൂറുകണക്കിന് മുസ്‍ലിംകളും ദലിതരും 'വിജിലന്റ് ഗോ രക്ഷക'രുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിൽ ബീഫ് കഴിക്കുന്നത് പൂർണമായും നിരോധിച്ചുകൊണ്ടുള്ള നിയമനിർമ്മാണങ്ങളുണ്ടായി. ഗോവധം ശക്തമായ കുറ്റകൃത്യമായി കണ്ട് അതിലുൾപ്പെടുന്നവരെ അറസ്റ്റ് ചെയ്യാനും ശക്തമായ ശിക്ഷാനടപടികൾ എടുക്കാനുമുള്ള തീരുമാനം നിലവിൽ വന്നു. രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് സർക്കാരുകൾ ഗോരക്ഷകരെ ആധികാരികമായി അംഗീകരിക്കുകയും അവർക്ക് ഐഡന്റിഫിക്കേഷൻ കാർഡുകൾ നൽകുകയും ചെയ്തു എന്നും പുസ്തകത്തിൽ കൃത്യമായി പറയുന്നു.

എന്നാൽ, ഇത്തരം വിഷയങ്ങളിൽ ഇതിന് നേർവിരുദ്ധമായ നിലപാടാണ് സ്വാമി വിവേകാനന്ദൻ സ്വീകരിച്ചിട്ടുള്ളതെന്ന് വിവേകാനന്ദന്റെ വാക്കുകളിലൂടെ തന്നെ ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു. സംഘടിത മതത്തിന് എതിരായിരുന്നു വിവേകാനന്ദനെന്ന് അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ ഗോവിന്ദ് കൃഷ്ണൻ സമർത്ഥിക്കുന്നു. ഒരിക്കൽ സാൻഫ്രാൻസിസ്‌കോയിൽ ഇവ്വിഷയകമായി നടന്ന ഒരു പ്രഭാഷണത്തിൽ സ്വാമി വിവേകാനന്ദൻ നിലപാട് വ്യക്തമാക്കുന്നത് ഗോവിന്ദ് കൃഷ്ണൻ ഇങ്ങനെ എഴുതുന്നു: ‘‘നിങ്ങൾ ഒരു മതം ആകണമെങ്കിൽ, നിങ്ങളൊരിക്കലും സംഘടിത മതത്തിന്റെ വാതിലിലൂടെ പ്രവേശിക്കരുത്. കാരണം സംഘടിത മതങ്ങൾ നന്മയെക്കാൾ നൂറിരട്ടി തിന്മ ചെയ്യുന്നു. അവർ വ്യക്തികളുടെ വികാസത്തെ തടയിടുന്ന പ്രവൃത്തിയിലേർപ്പെടുന്നു. നിങ്ങൾ എല്ലാം പഠിച്ചോളൂ, പക്ഷേ നിങ്ങൾ നിങ്ങളുടെ കസേരയിൽ ഭദ്രമായിരിക്കണം; നിങ്ങളുടെ കസേരയെ ഭദ്രമായി സൂക്ഷിക്കണം. നിങ്ങളെന്തെങ്കിലും ഉപദേശങ്ങൾ എടുക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ശിരസ്സ് അതിനുള്ളിലെ കെണിയിൽ പെട്ടുപോകുന്ന തരത്തിലാവരുത്. നിങ്ങൾ പെട്ടുപോകുന്ന ആ നിമിഷം അവർ അവരുടെ ചരട് നിങ്ങളുടെ കഴുത്തിലിടും. അപ്പോൾ നിങ്ങൾ നിങ്ങളുടെ കഴുത്തിനെ സ്വതന്ത്രമാക്കി മറ്റെവിടേക്കെങ്കിലും പോവുക. ഒരു തേനീച്ച അതിനാവശ്യമായ തേൻ പൂക്കളിൽ നിന്നുമെടുക്കുന്നു, പക്ഷേ തേനീച്ച സ്വതന്ത്രമാണ്. അതൊരു പുഷ്പവുമായും ദേദിക്കാനാവാത്ത വിധം ബന്ധനത്തിലേർപ്പെടുന്നില്ല. അതുപോലെ നിങ്ങൾ ഒന്നിനോടും അമിതമായി 'ബൗൻഡഡ്' ആയിത്തീരാൻ പാടില്ല. അതിനാൽ നിങ്ങളൊരിക്കലും സംഘടിത മതത്തിന്റെ വാതിലിലൂടെ അകത്ത് കടക്കരുത്. മതമെന്നത് നിങ്ങളും ദൈവവും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണ്. അതിൽ മൂന്നാമതൊരാളുടെ ആവശ്യം നിങ്ങൾക്കിടയിലില്ല. നോക്കൂ, ഈ സംഘടിത മതങ്ങൾ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്.? ഞാനും നിങ്ങളും സംഘടിച്ചാൽ എപ്പോഴും നമ്മൾ എല്ലാ മനുഷ്യരേയും വെറുക്കാൻ തുടങ്ങും. നാം ഒരാളെ വെറുക്കാൻ വേണ്ടിയാണെങ്കിൽ അവരെ സ്നേഹിക്കാതിരിക്കുന്നതാണ് നല്ലത്. വെറുപ്പായി പരിണമിക്കുന്ന ഒന്നും സ്നേഹമല്ല. അതൊരു നരകമാണ്. നിങ്ങളുടെ സ്വന്തം ആളുകളെ സ്നേഹിക്കുന്നത് മറ്റുള്ളവരെ വെറുക്കാനാണ്, അപ്പോൾ ആ സ്വാർത്ഥതയും പൈശാചികതയും നിങ്ങളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിക്കേണ്ടതുണ്ട്.’’

Complete works of Swami Vivekananda- യുടെ ആറാമത്തെ വോള്യത്തിൽ ഒരു ഗോരക്ഷകനുമായുള്ള സംഭാഷണത്തിന്റെ പ്രസക്ത ഭാഗം പുസ്തകം പരിശോധിക്കുന്നു. ഒരാൾ സ്വാമി വിവേകാനന്ദന്റെ അരികിലെത്തി സ്വയം പരിചയപ്പെടുത്തുകയും അനന്തരം അദ്ദേഹം ഒരു ഗോമാതാവിന്റെ ചിത്രം സ്വാമിജിക്ക് നൽകുകയും ചെയ്യുന്നു. സ്വാമിജി അത് വാങ്ങി തൊട്ടടുത്തുള്ള ആളിന്റെ കയ്യിലേക്ക് കൊടുത്ത്, ഗോരക്ഷകനുമായി അഭിമുഖ സംഭാഷണത്തിലേർപ്പെടുന്നു. വിവേകാനന്ദൻ ഗോരക്ഷകനോട് ചോദിക്കുന്നു, നിങ്ങളുടെ സോസൈറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യമെന്താണ്?

ഗോരക്ഷകൻ: അത് നമ്മുടെ രാജ്യത്തുള്ള, നാം ഗോമാതാവായി കാണുന്ന മാതൃപശുക്കളെ സംരക്ഷിക്കുക എന്നതാണ്. എന്നുവെച്ചാൽ കശാപ്പുകാരിൽ നിന്നും അവരുടെ കൈകളിൽ നിന്നും പശുക്കളെ സംരക്ഷിക്കുക എന്നർത്ഥം. ചില സ്ഥലങ്ങളിൽ രോഗാവസ്ഥയിൽ കിടക്കുന്ന പശുക്കളെ കണ്ടെത്തിയിട്ടുണ്ട്. കശാപ്പുകാരുടെ കയ്യിൽ നിന്ന് വാങ്ങിയും അവരിൽ നിന്നും പിടിച്ചെടുത്ത് സംരക്ഷിച്ചും വരുന്നുണ്ട്.
വിവേകനന്ദൻ പറഞ്ഞു, നല്ല കാര്യം തന്നെ. എന്നാൽനിങ്ങൾക്ക് ഇതിനുള്ള സാമ്പത്തികം എവിടെ നിന്നാണ് വരുന്നത്?
ഗോരക്ഷകൻ: ഞങ്ങൾക്ക് പലരും സമ്മാനമായിട്ട് തരുന്നു. പിന്നെ അങ്ങയെപ്പോലുള്ള വലിയ വലിയ ആളുകൾ ഞങ്ങളെ സഹായിക്കുന്നു.
സ്വാമിജി: നിങ്ങൾ ഇപ്പോൾ എത്ര പണം സ്വരൂപിച്ചു കഴിഞ്ഞിട്ടുണ്ട്?
ഗോരക്ഷകൻ: ഈ മാർവ്വാരി സമൂഹമാണ് ഞങ്ങളെ കൂടുതലായി സഹായിക്കുന്നത്. വലിയ തുക അവർ നമുക്ക് വേണ്ടി നൽകിയിട്ടുണ്ട്. വിവേകാനന്ദൻ ചോദിക്കുന്നു: നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് മധേന്ത്യയിൽ ഇപ്പോൾ തീക്ഷ്ണമായ ക്ഷാമകാലമാണ്. നിലവിൽ ഇന്ത്യ ഗവണ്മെന്റ് അവിടെ മരിച്ചവരുടെ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏകദേശം ഒൻപത് ലക്ഷം ആളുകൾ പട്ടിണി മൂലം അവിടെ മരിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഗോരക്ഷകൻ: അങ്ങനെ ഒരു ക്ഷാമകാലത്തോ ദുരന്തകാലത്തോ ആരെയെങ്കിലും സഹായിക്കാൻ ഞങ്ങളുടെ സൊസൈറ്റിക്ക് ഉദ്ദേശമില്ല. ഞങ്ങളുടെ സൊസൈറ്റിയുടെ ലക്ഷ്യം ഗോമാതാവിനെ അഥവാ മാതൃപശുക്കളെ സംരക്ഷിക്കുക എന്നുള്ളത് മാത്രമാണ്.
ഈ ഉത്തരത്തോടുള്ള വിവേകാനന്ദന്റെ പ്രതികരണം അദ്ദേഹത്തിന്റെ ശക്തമായ നിലപാടിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. അദ്ദേഹം ഗോരക്ഷകനോട് ചോദിച്ചു; സ്വന്തം സഹോദരിമാരും സഹോദരന്മാരും മരണത്തെ അഭിമുഖീകരിക്കുമ്പോൾ അവരെ സഹായിക്കാത്ത, മറ്റെന്ത് കാര്യമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്?എന്തുകൊണ്ട് നിങ്ങൾ മനുഷ്യരെ സഹായിക്കാൻ സന്നദ്ധമാവുന്നില്ല?
ഗോരക്ഷകന്റെ മറുപടി, ക്ഷാമകാലത്ത് മരിച്ചുവീഴുന്നവർ പൂർവ്വകാല കർമഫലങ്ങൾ അനുഭവിക്കുകയാണ്. അതിന് നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നായിരുന്നു.
ഇതുകേട്ട വിവേകാനന്ദൻ ദേഷ്യത്തോടെ ഗോരക്ഷകനോട് പറഞ്ഞു; നിങ്ങളുടെ സൊസൈറ്റിയെ കുറിച്ച് എനിക്ക് യാതൊരു സിംപതിയുമില്ല. കാരണം മനുഷ്യസമൂഹം ദാരുണമായി മരിച്ചുവീഴുന്ന സമയത്ത് ഒരു ചെറുവിരലനക്കാൻ നിങ്ങൾ തയ്യാറല്ല. എന്നാൽ നിങ്ങൾ പക്ഷിമൃഗാദികൾക്കുവേണ്ടി എത്രയോ ഭക്ഷണങ്ങൾ പാഴാക്കി കളയുന്നു. നിങ്ങൾ പറയുന്നത് കർമം കൊണ്ടാണ് മനുഷ്യർ മരിച്ചു വീഴുന്നതെന്നാണ്. അങ്ങനെയെങ്കിൽ, കശാപ്പ് തൊഴിലാളികളുടെ കൈകളിൽ പശുക്കൾ എത്തുന്നതും ആ പശുക്കൾ ചെയ്തിട്ടുള്ള മുജ്ജന്മ കർമ്മത്തിന്റെ ഭാഗമായി കരുതാൻ എന്തുകൊണ്ട് നിങ്ങൾ തയ്യാറാവുന്നില്ല. അതുകൊണ്ട് ഈ പശു രക്ഷായത്‌നം ദുർവ്യയമാണ്.

വിവേകാനന്ദന്റെ കൃത്യമായ നിലപാട് വന്ന വ്യക്തിയെ വല്ലാതെ കോപാകുലനാക്കി. അയാൾ പറഞ്ഞു, നിങ്ങൾ പറയുന്നത് ശരിയാണ്. എന്നാൽ ശാസ്ത്രം പറയുന്നത് പശു നമ്മുടെ മാതാവാണെന്നാണ്.
സ്വാമി അതിനു നൽകിയ മറുപടി: ഞാൻ മനസ്സിലാക്കുന്നു, ഈ മാതാവിനല്ലാതെ നിങ്ങളെപ്പോലുള്ളവരെ ഉല്പാദിപ്പിയ്ക്കാൻ കഴിയില്ലല്ലോ.

ബീഫ് വർജ്ജനവുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദൻ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും താൻ നിലനിന്ന ഹിന്ദുസമൂഹത്തിന്റെ സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പെരുമാറിയിട്ടുള്ളതെന്ന് കാണാനാവും.

മേരി ലൂയിസ് ബുർകെ
മേരി ലൂയിസ് ബുർകെ

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലൊരിക്കൽ ലണ്ടനിൽ മാർഗെറ്റ് നോബിളിന്റെ സഹോദരൻ ഒരു ബീഫ് സ്റ്റീക്ക് ഡിന്നറിന് വിവേകാനന്ദയെ ക്ഷണിച്ചു. ഇത് മേരി ലൂയിസ് ബുർകെ 'സ്വാമി വിവേകാനന്ദ ഇൻ ദി വെസ്റ്റ്: ന്യൂ ഡിസ്‌കവറീസ്' എന്ന പുസ്തകത്തിന്റെ അഞ്ചാമത്തെ ഖണ്ഡത്തിൽ വിശദീകരിക്കുന്നുണ്ട്. ബീഫ് കഴിക്കുന്നതിനെതിരെയുള്ള ഭ്രഷ്ട് സാംസ്‌കാരികമായ കസ്റ്റം മാത്രമാണെന്നും ഇത്തരം സാംസ്‌കാരികമായ സാമൂഹികാചാരങ്ങളത്രയും വിവേകാനന്ദൻ തികഞ്ഞ വിപ്രതിപത്തിയോടെയാണ് ദർശിച്ചിട്ടുള്ളതെന്നും പുസ്തകം വ്യക്തമാക്കുന്നു.

D N Jha- യുടെ Myth of the Holly Cow എന്ന പുസ്തകത്തിൽ വേദകാലത്ത് ബ്രാഹ്മണന്മാർ ബീഫ് കഴിച്ചിരുന്നു എന്ന് പറയുന്നുണ്ട്. അമേരിക്കയിലേക്ക് പോകുന്നതിനുമുൻപ് വിവേകാനന്ദൻ തിരുവനന്തപുരത്ത് (അന്നത്തെ ട്രാവൻകൂർ) എത്തിയപ്പോൾ കുറെ ഓർത്തഡോക്‌സ് ബ്രാഹ്മണരെ കാണുകയും ഹിന്ദുയിസത്തിന്റെ ഏറ്റവും പ്രഭാപൂരിതമായ ഘട്ടത്തെ കുറിച്ച് അവരുമായി സംവേദിക്കുകയും ചെയ്തു. ആ കാലത്തെ മാതൃകാനുസാരിയായ രീതികൾ നിങ്ങൾ മുഖവിലക്കെടുക്കണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു.
സ്വാമി നിഖിലാനന്ദയുടെ വിവേകാനന്ദനെക്കുറിച്ചുള്ള ജീവചരിത്രത്തിൽ, വിവേകാനന്ദൻ വേദിക് കാലഘട്ടത്തെ കുറിച്ചു വിവരിക്കുന്നിടത്ത്, വേദകാലത്ത് അഞ്ചു ബ്രാഹ്മണന്മാർ ചേർന്ന് ഒരു പശുവിനെ ഭക്ഷിച്ചു തീർത്ത പ്രവൃത്തിയെകുറിച്ച് പറയുന്നുണ്ട്. polish of one cow എന്നാണ് ഇതിനകത്ത് പറയുന്നത്.

ഡിഎൻ ഝാ
ഡിഎൻ ഝാ

ഒരിക്കൽ വിവേകാനന്ദൻ ഒരു സദസ്സിനോട് പറയുന്നുണ്ട്; 'നിങ്ങൾ അത്ഭുതപ്പെട്ടു പോകും, എന്തുകൊണ്ടെന്നാൽ ഒരു പൗരാണിക ഹിന്ദു അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ചിട്ട്, ബീഫ് കഴിക്കാത്തവർക്ക് ഒരു നല്ല ഹിന്ദുവായ മനുഷ്യനായി തീരാൻ കഴിയില്ലെന്ന് ഞാൻ പറയുകയാണെങ്കിൽ.’

മറ്റൊരിക്കൽ ഹിന്ദുയിസത്തിൽ അനുഷ്ഠാനനിർബന്ധമായി ബീഫ് കഴിക്കുന്നതിനെ കുറിച്ച് വിവേകാനന്ദൻ പറയുന്നു, ഒരു കാലഘട്ടത്തിൽ ഈ രാജ്യത്ത് ബീഫ് കഴിക്കാതെ ഒരു ബ്രാഹ്മണനും ബ്രാഹ്മണനായി തുടരാൻ സാധിക്കില്ലായിരുന്നു. നിങ്ങൾക്ക് വേദഗ്രന്ഥങ്ങളിൽ വായിക്കാം, ഒരു സന്യാസി / രാജാവ് അല്ലെങ്കിൽ ഒരു വിശിഷ്ട വ്യക്തി ഒരു ഭവനത്തിലേക്ക് വന്നാൽ അവിടത്തെ ഏറ്റവും നല്ല കാളയെ പാകം ചെയ്ത് അക്കാലത്ത് നൽകുമായിരുന്നു.
ഈ രണ്ട് കാര്യങ്ങളും The Complete Works of Swami Vivekananda- യുടെ മൂന്നാമത്തെ വാല്യത്തിൽ വിവരിക്കുന്നു.

അസഹിഷ്ണതയുടെ ഈ കാലത്ത് നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്,
Vivekananda The Philosopher of Freedom - How the Sangh Parivar’s Greatest Icon Is Its Arch Nemesis.

Comments