ദൈവപ്പെടുന്ന മനുഷ്യർ
നിറഞ്ഞാടുന്ന ‘ദൈവക്കരു’

‘സ്റ്റഡി ഓഫ് സോഷ്യൽ എക്കോളജി’ കോഴ്സിന്റെ ഭാഗമായി, ആദ്യ വർഷ ഡിസൈൻ വിദ്യാർത്ഥികളെ വടക്കൻ മലബാറിലേക്ക് കൊണ്ടുവന്നപ്പോൾ കണ്ടെത്തിയ വി.കെ. അനിൽകുമാറിന്റെ ‘ദൈവക്കരു’ എന്ന നോവലിനെക്കുറിച്ചും അതിന്റെ വായന ഉണർത്തിയ അനുഭൂതികളെക്കുറിച്ചും എഴുതുന്നു അളക കാവല്ലൂർ.

ഠിപ്പിക്കുക എന്ന സ്പേസ് പഠിക്കുക എന്നതിനേക്കാളും പേടിപ്പെടുത്തിയിരുന്ന ഒന്നായിരുന്നു. പഠനവും പഠിപ്പിക്കലും എങ്ങനെയാണ് പേടിപ്പെടുത്തുന്നതായി പോയത്?

കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ അക്കാദമിക് എൻഗേജ്മെന്റിൽ, എങ്ങനെ തുല്യതയും സന്തോഷവുമുള്ള, അതോടൊപ്പം ക്രിയാത്മകവും വിമർശനാത്മകവുമായ പഠനസാഹചര്യങ്ങൾ ഉണ്ടാക്കാമെന്നത് തുടർന്നുകൊണ്ടിരിക്കുന്ന ഒരാലോചനയാണ്. ആ ആലോചനകളിൽ പ്രായോഗികമായി ഇടപെടാനാകുന്ന ചില കോഴ്സുകൾ പഠിപ്പിക്കാൻ ലഭിച്ചത് സന്തോഷകരമാണ്. അത്തരമൊരു കോഴ്സാണ് സ്റ്റഡി ഓഫ് സോഷ്യൽ എക്കോളജി.

പല കല, ആർക്കിടെക്ചർ, ഡിസൈൻ കോളേജുകളിലും മറ്റു പല സ്പേസികളിലും ഇത്തരം കോഴ്സുകളുണ്ട്. എന്നാൽ, ഇവിടെ പറയാനുദ്ദേശിക്കുന്നത്, സ്റ്റഡി ഓഫ് സോഷ്യൽ എക്കോളജി കോഴ്സ് എടുക്കാൻ പോയവഴി കണ്ടെത്തിയ മറ്റൊരു എക്കോളജിയെ കുറിച്ചാണ്. എഴുത്തിന്റെ ജീവിതത്തിന്റെയും അതിജീവിതത്തിന്റെയും ചരിത്രത്തിന്റെയും എക്കോളജി തുറന്നുപിടിച്ച ഒരു പുസ്തകത്തെ കുറിച്ച്.

എല്ലാ സന്തോഷങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട, നിരന്തരം മുറിപ്പെട്ട, എല്ലാ നോവുകളും ഏറ്റുവാങ്ങിയ, തോറ്റുപോയെന്നു വിധിയെഴുതിയ മനുഷ്യരാണ് ചരിത്രത്തിലും മറ്റു മനുഷ്യർക്ക് സന്തോഷവും സ്വാതന്ത്ര്യവും നേടിക്കൊടുത്തിട്ടുള്ളത്. ദൈവമെന്നാൽ മനുഷ്യനപ്പുറം മറ്റൊന്നുമല്ലെന്നു വിളിച്ചു പറയുകയാണ് ദൈവക്കരുവിലൂടെ.

സൃഷ്ടി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ, സ്റ്റഡി ഓഫ് സോഷ്യൽ എക്കോളജി കോഴ്സിന്റെ ഭാഗമായി, ആദ്യ വർഷ ഡിസൈൻ വിദ്യാർത്ഥികളെ വടക്കൻ മലബാറിലേക്ക് കൊണ്ടുവന്നപ്പോഴാണ്, ആ നാടിന്റെ ചരിത്രവും മിത്തും വർത്തമാനവുമായ തെയ്യം അവരെ കാണിച്ചു കൊടുക്കണം എന്ന് തീരുമാനിക്കുന്നത്. തെയ്യം, തിറ എല്ലാം ജീവിതത്തിന്റെ അനുഭവപരിസരത്തുണ്ടായിരുന്നെങ്കിലും, അറിയാത്തതായും ഏറെ ഉണ്ടായിരുന്നു. ഏതൊരു കോഴ്സിനും മുന്നേയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് തെയ്യത്തെ കുറിച്ച് കൂടുതൽ വായനകളിലേക്കും കാഴ്ചകളിലേക്കും തിരിയുന്നത്. ആ അന്വേഷണങ്ങളാണ് ദൈവക്കരു എന്ന ഡോക്യുമെന്ററിയിലേക്കും തുടർന്ന് വി.കെ. അനിൽകുമാറിന്റെ നോവലിലേക്കും എത്തിച്ചത്.

സ്രഷ്ടാവിന്റെ ചുറ്റുപാടുകൾ സൃഷ്ടിയുടെ സ്വത്വത്തിനു രൂപം കൊടുക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു നാടിന്റെ ചരിത്രം ഒരാളെ നിരന്തരം പിന്തുടരുകയും, പറയേണ്ട കഥകൾ പറഞ്ഞുകൊണ്ടേയിരിക്കണം എന്നോർമപ്പെടുത്തുകയും ചെയ്യുമ്പോൾ, വാക്കായും വരിയായും നേർസാക്ഷ്യങ്ങളായ എഴുത്തു പിറക്കുന്നു. അങ്ങനെയാണ് ഒരു നാടിന്റെ, മനുഷ്യരുടെ, കുടിയേറ്റങ്ങളുടെ, പ്രകൃതിയുടെ ആത്മാവിനെ ആവാഹിച്ച് ദൈവക്കരു പിറന്നതെന്നു തോന്നുന്നു. 2023-ൽ പുറത്തിറങ്ങിയ ഈ നോവൽ ഒരു വായനാനുഭവം എന്നതിനപ്പുറം ഒരുപാട് ദാർശനികമാനങ്ങളിലേക്കുള്ള വെളിച്ചം വീശൽ കൂടിയാണ്.

ചിത്രീകരണം: അളക കാവല്ലൂർ.
ചിത്രീകരണം: അളക കാവല്ലൂർ.

വായ്‌മൊഴികളുടെ വ്യാഖ്യാനങ്ങൾ

വാമൊഴി പാട്ടുകളിലും കഥകളിലും ഒരു ജനതയുടെ ഓർമയും, അവ പേറുന്ന ചരിത്രവും, ചരിത്രം വരച്ചുവെക്കുന്ന വർത്തമാനവും കുടികൊള്ളുന്നുണ്ട്. ഒന്നിലേക്കും ചുരുങ്ങാത്ത, ഒരാളിലേക്കുമൊതുങ്ങാത്ത, ചിന്തകളുടെയും ദർശനങ്ങളുടെയും കാഴ്ച്ചകളുടെയും ആഘോഷമാണ് മിത്തുകൾ. മിത്തുകളിൽ വിരിയുന്ന ഓരോ കലാരൂപങ്ങളിലും ആചാരങ്ങളിലും, ജീവിതരീതികളിലും ഓർമ്മകളുണ്ടാകേണ്ടതിന്റെ ഓർമ്മപ്പെടുത്തലുണ്ട്. ഓരോ ജനതയുടെയും ഓർമ്മകൾ നിലനിൽക്കേണ്ടതിന്റെ അനിവാര്യതക്ക് അടിവരയിട്ടുകൊണ്ടാണ് കഥകൾ പല രൂപത്തിൽ, ഭാവത്തിൽ പകർന്നാടുന്നത്. മിത്തുകളും സംസ്കാരവും ചരിത്രവും അധികാരവും ശക്തിയും വച്ച് ഭരണകൂടങ്ങളും മുതലാളിത്തവും കൈവശപ്പെടുത്തുന്ന സമകാലിക സാമൂഹിക സാഹചര്യത്തിൽ, ദൈവക്കരുവിലൂടെ, വി.കെ. അനിൽകുമാർ തന്നെ പിന്തുടർന്നുകൊണ്ടേയിരിക്കുന്ന, നാടിന്റെ കഥകളെയും കഥാപാത്രങ്ങളെയും പൂർണ ഉത്തരവാദിത്തത്തോടെ വീണ്ടും വായനനക്കാർക്കുമുന്നിൽ പുനരാഖ്യാനം ചെയ്യുകയാണ്.

തോറ്റുപോയ, നിരാലംബരായ, നിസ്സഹായരായ, മാറ്റിനിർത്തപ്പെട്ട ഒരു ജനതയ്ക്ക് ആ നോവറിയാത്ത ഒരു ദൈവത്തിനോട് എങ്ങനെ ആധിവ്യാധികൾ പറയാനാകും?

ഭാഷ, കാഴ്ച, കാഴ്ചപ്പാട്

ദൈവക്കരുവിലെ ഭാഷ ആ നാടിന്റെ തന്നെയാണ്. എന്നാൽ വടക്കൻ മലബാറിലെ നാട്ടുഭാഷാശൈലിയിൽ മാത്രം എഴുതപ്പെട്ട നോവലല്ലതാനും. ഓരോ വാക്കും വരിയും ശ്രദ്ധാപൂർവ്വം ഉപയോഗിച്ചു എന്ന തോന്നലുണ്ടാക്കുകയും എന്നാൽ അതിൽ അതിന്റേതായ ജൈവികത തുളുമ്പിനിൽക്കുകയും ചെയ്യുന്നു. വാമൊഴിക്കഥകളും തെയ്യവും തോറ്റവും ഉണർത്തുപാട്ടുപാടി ആനയിച്ച പോലെ ഓരോ വരിയും നമ്മെ ചിന്തിപ്പിക്കുന്നു. ചിന്തകളുടെ ഒഴുക്കിനെ ഉണർത്തുന്നു.

ഭാഷാപണ്ഡിതനായ ഗണേഷ് ദേവി, Each language is a unique world view എന്ന് പറയുന്നുണ്ട്.
ഓരോ ഭാഷയും മുന്നോട്ടുവെക്കുന്നത് പ്രത്യേക ലോക വീക്ഷണങ്ങളാകുമ്പോൾ 700- ലധികം ഭാഷകളുള്ള ഇന്ത്യയിൽ കാഴ്ചപ്പാടുകളുടെ വൈവിധ്യം രൂപപ്പെടുത്തിയ ഒരു ഭൂമികയുണ്ട്. അതിൽ തന്നെ ഒരു പ്രദേശം, കാടും കടലും മലകളും പുഴകളും അതിനുള്ളിൽ കുറെ മനുഷ്യരും അവരുടെ അകം പുറം സഞ്ചാരങ്ങളും, അവരുടെ ഭാഷയെ, അതിലെ കാഴ്ചകളെ, അതിലൂറുന്ന കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നു. അത് ഒരു സ്വത്വമായി പരിണമിക്കുന്നു. ആ വൈവിധ്യത്തെയും, ദാർശനിക മാനങ്ങളെയും ഉൾക്കൊള്ളാൻ മനസ് പാകപ്പെടുത്തി, നടത്തേണ്ട വായനയാണ് ദൈവക്കരുവിൽ കണ്ടത്.

കുറച്ചു വായിച്ചും, ഒരുപാട് അടിവരകളിട്ടും, ചിന്തിച്ചും, പലരോടും സംസാരിച്ചും, പലർക്കും പല പാരഗ്രാഫുകളും വായിച്ചുകൊടുത്തും ഒക്കെയാണ് ഞാൻ ദൈവക്കരു വായിച്ചുതീർത്തത് (Note: അളക കാവല്ലൂർ).
കുറച്ചു വായിച്ചും, ഒരുപാട് അടിവരകളിട്ടും, ചിന്തിച്ചും, പലരോടും സംസാരിച്ചും, പലർക്കും പല പാരഗ്രാഫുകളും വായിച്ചുകൊടുത്തും ഒക്കെയാണ് ഞാൻ ദൈവക്കരു വായിച്ചുതീർത്തത് (Note: അളക കാവല്ലൂർ).

യാത്രകൾ രൂപപ്പെടുത്തുന്ന മനുഷ്യർ

നോവലിൽ എഴുത്തിന്റെ ഘടനയിലും കഥാപാത്രങ്ങളുടെ പരിണാമങ്ങളിലും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രകളുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും, ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്കും, പല മാനസികതലങ്ങളിലേക്കും, ചിന്തകളിലേക്കും, ഗന്ധങ്ങളിലേക്കും ഒക്കെയായി ഒരുപാട് യാത്രകൾ. ഒന്നുപേക്ഷിച്ച് മറ്റൊന്നിലേക്കുള്ള യാത്രകൾ ഉപേക്ഷിക്കപ്പെട്ടതിന്റെ ഒക്കെയും പുതിയ മാനങ്ങൾ തേടുക കൂടിയാണ് ചെയ്യുന്നത്. ഈ യാത്രകൾ തീർക്കുന്ന ജൈവികമായ ഒരു ഭൂപടത്തിലൂടെയാണ് വായന മുന്നോട്ടു പോകുന്നത്.

മങ്ങാട്ടുനിന്ന് വീടുപേക്ഷിച്ച്, അച്ഛനോട് തൊടുത്ത്, സ്വന്തം വഴികൾ തിരഞ്ഞുപോകുന്ന മന്നപ്പന്റെ കുടക് മലകളിലേക്കുള്ള യാത്ര. അമ്മയുടെ വാത്സല്യത്തിൽ നിന്ന് ഉള്ളു നീറി അകന്നു പോകുന്ന, ചങ്ങാതിമാരുടെ സ്നേഹത്തിൽ നിന്ന് കരുതലിന്റെ നോവിലേക്കും ചതിയുടെ കയ്പ്പിലേക്കും ഒന്നിച്ചിറങ്ങിയ, സ്നേഹത്തിന്റെ ആഴവും പരപ്പുമായ അണ്ണുക്കനെ കണ്ടെടുക്കുന്ന യാത്ര. നേരമ്മാവന്റെയും അമ്മായിയുടെയും ചേർത്തുപിടിക്കലിൽ നിന്ന് ആദർശങ്ങൾക്കായുള്ള കലഹങ്ങളിലേക്കുള്ള യാത്ര. മകനായും കർഷകനായും കച്ചവടക്കാരനായും ചങ്ങാതിയായും രക്തസാക്ഷിയായും പകർന്നാടുന്ന പല യാത്രകൾ. നാടുതാണ്ടിപ്പോയ മനുഷ്യനും ചുരമിറങ്ങിവരുന്ന ദൈവത്തിനുമിടയിൽ ഒരു വായനകൊണ്ട് ഗ്രഹിക്കാവുന്നതിലും കൂടുതലുണ്ട്. അത് ചെമ്മരത്തിയോടാവട്ടെ, കാഞ്ഞിരവും, കദളിവാഴകളും, കളരിതട്ടുകളും, എരുതുകളുമാകട്ടെ… പുനർവായനകളിൽ മുളക്കാൻ കാത്തുസൂക്ഷിച്ചിരിക്കുന്ന വിത്തുകളുണ്ട്, ഓരോ വരിയിലും.

മന്നപ്പനിലൂടെയും മന്നപ്പന്റെ യാത്രകളിലൂടെയും പരിണാമപ്പെടുന്നത് അയാൾ മാത്രമല്ല. അയാൾക്ക് ചുറ്റുമുള്ള ഓരോ ജീവബിന്ദുക്കളും കൂടെയാണ്.

ദൈവക്കരു ഒരൊറ്റ നോവൽ ഒരു കഥ എന്ന തോന്നൽ ഇല്ലാതാക്കുന്നു. ദൈവക്കരു തുടർച്ചകളുടേതാണ്. തുടർച്ചകൾ ഉണ്ടാകേണ്ടതിനെ കുറിച്ചാണ്. അങ്ങനെയുള്ള തുടർച്ചയിൽ ഗുരുവും ഗാന്ധിയും ബുദ്ധനും മാർക്സും റോസയും വിർജിനിയയും എണ്ണിയാലൊടുങ്ങാത്ത, അപരർക്കുവേണ്ടി പുലർന്ന മനുഷ്യരുടെ ജീവിതം ചരിത്രമാകുന്നുണ്ട്.

തോറ്റുപോയവരെകുറിച്ച്,
തുടർച്ചയായവരെകുറിച്ച്

ദൈവക്കരുവിലെ കേന്ദ്ര കഥാപാത്രമായ മന്നപ്പൻ ഭൂമിയിലെ പരാജയപ്പെട്ടവരുടെ തത്വശാസ്ത്രമായാണ് ദൈവപ്പെടുന്നത്. ദൈവപ്പെട്ട കതിവന്നൂർ വീരൻ പ്രതീക്ഷയാണ്. തോറ്റുപോയ, നിരാലംബരായ, നിസ്സഹായരായ, മാറ്റിനിർത്തപ്പെട്ട ഒരു ജനതയ്ക്ക് ആ നോവറിയാത്ത ഒരു ദൈവത്തിനോട് എങ്ങനെ ആധിവ്യാധികൾ പറയാനാകും?

എല്ലാ സന്തോഷങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട, നിരന്തരം മുറിപ്പെട്ട, എല്ലാ നോവുകളും ഏറ്റുവാങ്ങിയ, തോറ്റുപോയെന്നു വിധിയെഴുതിയ മനുഷ്യരാണ് ചരിത്രത്തിലും മറ്റു മനുഷ്യർക്ക് സന്തോഷവും സ്വാതന്ത്ര്യവും നേടിക്കൊടുത്തിട്ടുള്ളത്. ദൈവമെന്നാൽ മനുഷ്യനപ്പുറം മറ്റൊന്നുമല്ലെന്നു വിളിച്ചു പറയുകയാണ് ദൈവക്കരുവിലൂടെ. അതുകൊണ്ടുതന്നെ ദൈവക്കരു ഒരൊറ്റ നോവൽ ഒരു കഥ എന്ന തോന്നൽ ഇല്ലാതാക്കുന്നു. ദൈവക്കരു തുടർച്ചകളുടേതാണ്. തുടർച്ചകൾ ഉണ്ടാകേണ്ടതിനെ കുറിച്ചാണ്. അങ്ങനെയുള്ള തുടർച്ചയിൽ ഗുരുവും ഗാന്ധിയും ബുദ്ധനും മാർക്സും റോസയും വിർജിനിയയും എണ്ണിയാലൊടുങ്ങാത്ത, അപരർക്കുവേണ്ടി പുലർന്ന മനുഷ്യരുടെ ജീവിതം ചരിത്രമാകുന്നുണ്ട്. ആ ചരിത്രം വർത്തമാനത്തിനു നൽകുന്ന ഊർജവും ഓർമ്മപ്പെടുത്തലുകളും ദൈവക്കരുവിൽ നിറഞ്ഞാടുന്നുണ്ട്.

ചിത്രീകരണം: അളക കാവല്ലൂർ.
ചിത്രീകരണം: അളക കാവല്ലൂർ.

സോഷ്യൽ എക്കോളജി

വിദ്യാർത്ഥികളുമായി വടക്കൻ മലബാറിലേക്കുള്ള യാത്രയാണല്ലോ ദൈവക്കരുവിലേക്കെത്തിച്ചത്. ഞങ്ങളുടെ യാത്രയും പഠനങ്ങളും അതുമായി ബന്ധപ്പെട്ട പ്രദർശനവുമെല്ലാം നല്ല രീതിയിൽ നടന്നു. ക്ലാസ് തുടങ്ങുമ്പോൾ ഞാൻ വായിച്ചു തുടങ്ങിയ പുസ്തകം സമയമെടുത്താണ് തീർത്തത്. കുറച്ചു വായിച്ചും, ഒരുപാട് അടിവരകളിട്ടും, ചിന്തിച്ചും, പലരോടും സംസാരിച്ചും, പലർക്കും പല പാരഗ്രാഫുകളും വായിച്ചുകൊടുത്തും ഒക്കെയാണ് ഞാൻ ദൈവക്കരു വായിച്ചുതീർത്തത്. തീർന്നു എന്ന് തോന്നാത്ത, തുടക്കം എന്ന് തോന്നിയ ഒരു വായന. ഈ എഴുത്തു മുഴുവൻ തന്നെ സോഷ്യൽ എക്കോളജി ആണെന്ന തിരിച്ചറിവ്. അങ്ങനെയാണ് ദൈവക്കരു ഉൾക്കാഴ്ചകളെ ഉണർത്തികൊണ്ടിരിക്കുന്നത്.


Summary: VK Anilkumar's malayalam novel Daivakkaru, a book review written by Alaka Kavallur.


അളക കാവല്ലൂർ

ആർട്ട്, ഡിസൈൻ എഡ്യുക്കേഷൻ, illustration, visual art, collaborative projects തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Comments