രാജനീതിയുടെ നൃശംസതയാർന്ന ലോകത്തെ ജനനീതിയുടെ അലിവാർന്ന നേരിലൂടെ ആഖ്യാനം ചെയ്യുന്ന നോവലാണ് ആർ. രാജശ്രീയുടെ ആത്രേയകം. മഹാഭാരതത്തിലെ അധികം അടയാളപ്പെട്ടിട്ടില്ലാത്ത കഥാ അടരുകളിലൊന്നിനെ ഉപയോഗപ്പെടുത്തിയാണ് നോവലിസ്റ്റ് ഇത് സാധ്യമാക്കിയിരിക്കുന്നത്. അധികാര കാമനകളുടെ കൗടില്യമാർന്ന വഴികൾ ഒരു ഭാഗത്തും കാരുണ്യം നിറഞ്ഞ അറിവിന്റെ ജനകീയമായ കൈവഴികൾ മറുഭാഗത്തുമായി ഒഴുകുന്ന ഒരു കഥാപരിസരം ആഖ്യാനം മുമ്പോട്ടു പോകവേ തെളിഞ്ഞു വരുന്നുണ്ട്. പാഞ്ചാല രാജകുമാരനായ നിരമിത്രനെ ചുറ്റിയാണ് കഥ വികസിക്കുന്നത്. ദ്രുപദ മഹാരാജാവിന്റെ സന്താനമായ നിരമിത്രൻ രാജനീതിയുടെ നാനാതരം ഉപജാപങ്ങളുടേയും ദുർവൃത്തതയുടേയും നടുവിൽ നിസ്സഹായമായിപ്പോയ ഒരു ജന്മമാണ്. നീചജന്മം എന്നും നപുംസകജന്മം എന്നും പരിഹസിക്കപ്പെട്ട ഒന്ന്.
നേരും നെറിയും എക്കാലത്തും ഭരണകൂടത്തിന്റെ ചെയ്തികൾക്ക് അന്യമായിരുന്നല്ലോ. രാജസിംഹാസനത്തിനകത്ത് ഇച്ഛകൾ വിലക്കപ്പെട്ട് ജീവിക്കേണ്ടിവന്ന അനേകം ജന്മങ്ങളുണ്ട് ഇതിഹാസങ്ങളിൽ. നോവലിൽ നിരമിത്രനും കൃഷ്ണയും രണ്ടു രീതിയിൽ രാജത്വത്തിന്റെ ക്ഷാത്രം നിറഞ്ഞ പെരുമാറ്റങ്ങളുടെ രക്തസാക്ഷികളാണ്. ആധുനികകാലത്തും ഉള്ളിന്റെ ഉള്ളിൽ കാര്യങ്ങൾക്ക് വലിയ മാറ്റം വന്നിട്ടില്ല എന്ന വാസ്തവം നോവൽ വായന നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു. അതിനാൽ നോവൽ ഇന്നിന്റെ മഹാസങ്കടങ്ങളുടെ കൂടി നേരാഖ്യാനം ആയി മാറുന്നു.
മഹാഭാരതത്തിന്റെ ഓരങ്ങളിലൊരിടത്ത് ഒരു സൂചന മാത്രമായി ഒതുങ്ങി ഇരുളാർന്ന് കിടന്ന ദേശമായിരുന്നു പാഞ്ചാലത്തിന്റെ ഭാഗമായ ആത്രേയകം. അതിന്റേതായ രീതികളും വിശ്വാസങ്ങളും നിയമങ്ങളും ആത്രേയകത്തിനുണ്ട്. ഒരാളുടെ ജീവിതത്തിലെ അനുഭവങ്ങൾക്ക് മറ്റുള്ളവർ ഉത്തരവാദികളല്ലെന്നതാണ് അവിടുത്തെ ഒരു നിയമം. ചികിത്സകരുടെ ഭൂമികയാണവിടം. അതിനാൽ തന്നെ ജീവിതവും മരണവും തമ്മിൽ അവിടെ കുറഞ്ഞ അകലമേയുള്ളൂ. മരണത്തിന്റെ വായിൽനിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരുടെ ഓർമകളെ പുനഃസ്ഥാപിക്കുന്ന ഇടമാണവിടം. ആത്മാക്കളുടെ താവളമാണ് അവിടത്തെ മരങ്ങൾ. അവ പുനർജനി വൃക്ഷങ്ങളത്രേ. രക്ഷയും സ്നേഹവും നിർലോഭം ലഭിക്കുന്നൊരിടം. സ്വപ്നസദൃശമായൊരിടം. അത് ആരേയും മോഹിപ്പിക്കും. ഹസ്തിനപുരിയ്ക്കും പാഞ്ചാലത്തിനും ദശാർണത്തിനും മദ്രത്തിനും ഇടയിലെ സ്നേഹസ്ഥലി. മരങ്ങളുടേയും മനുഷ്യാത്മാക്കളുടെയും മൗനം നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു തുരുത്ത്.
ആത്രേയകത്തിന്റെ മണ്ണിൽ പരിഹാരമില്ലാത്ത രോഗങ്ങളില്ല. അവിടെ ചികിത്സയും സുഖപ്പെടുത്തലും മാത്രമേയുള്ളൂ. മരണത്തെ പലപ്പോഴും ആത്രേയകത്തിന് മാറ്റിനിർത്താൻ കഴിയുന്നു. അനിവാര്യമായ മരണങ്ങളെ അത് ഉൾക്കൊള്ളുകയും ചെയ്യുന്നു. ശരീരത്തിനേറ്റ മുറിവുകൾ ഉണക്കുന്ന ആത്രേയകത്തിൽ മനസ്സിനേറ്റ വ്രണങ്ങൾക്കു സ്നേഹത്തിന്റെ ചികിത്സ കൂടിയുണ്ട്. വൃദ്ധനായ ചൂഡകനും യുവതിയായ ഇളയും അവരുടെ ചികിത്സാ രീതികളും പുഴയും ഔഷധങ്ങളും മൺകുടിലുകളും നിറഞ്ഞ കാടകമാണ് ആത്രേയകം. സഞ്ചാരിയായ ബലനും യോദ്ധാവായ പാതിമുഖമുള്ള ഗദനും സ്ഥലവാസികളായി അവിടുണ്ട്. മരുന്നിന്റെ മണമാണ് ആ ഭൂമിയ്ക്കും വായുവിനും. ഒരു പച്ചഭൂമിക. അവിടെ മുളപൊട്ടുന്ന ഒരു പുൽനാമ്പ് പോലും മരുന്നായി പരിവർത്തിക്കപ്പെടാം. രോഗചികിത്സ കഴിഞ്ഞാൽ അവിടെയുള്ളത് ആയോധന പരിശീലനമാണ്. അതും ജീവിതത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുവരാൻ ഉപകരിക്കും. നിരമിത്രന്റെ വരവോടെയാണ് ആ ഭൂമിക പുതിയ രൂപവും ഭാവവും ആർജിക്കുന്നത്. പാഞ്ചാല രാജധാനിയിൽ നിന്നും പുറത്താക്കപ്പെട്ട്, ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് കാടകത്തെത്തിയതായിരുന്നു നിരമിത്ര അഥവാ നിരമിത്രൻ.
വൃദ്ധനായ ചൂഡകനും യുവതിയായ ഇളയും അവരുടെ ചികിത്സാ രീതികളും പുഴയും ഔഷധങ്ങളും മൺകുടിലുകളും നിറഞ്ഞ കാടകമാണ് ആത്രേയകം. സഞ്ചാരിയായ ബലനും യോദ്ധാവായ പാതിമുഖമുള്ള ഗദനും സ്ഥലവാസികളായി അവിടുണ്ട്. മരുന്നിന്റെ മണമാണ് ആ ഭൂമിയ്ക്കും വായുവിനും. ഒരു പച്ചഭൂമിക.
ഭയത്തിൽ നിന്നും അഭയത്തിലേക്കുള്ള യാത്ര ഏറ്റവും സ്വാസ്ഥ്യമേകുന്നതെങ്കിലും അത് ലളിതമല്ലെന്ന് നിരമിത്രന്റെ ജീവിതയാത്ര നമ്മോട് പറയുന്നു. അത് അങ്ങേയറ്റം സാഹസികവും വൈതരണികളാൽ നിബിഡവുമാണ്. ഭയമാണ് രാജഭരണത്തിന്റെ അന്തരീക്ഷം മുഴുവൻ. ഇന്നും ഒരു പക്ഷേ ഭയമാണ് അധികാരത്തിന്റെ അകത്തളങ്ങളിൽ തങ്ങിനിൽക്കുന്ന വികാരം. ശ്രേണീകൃതമായ അതിന്റെ നിൽപ്പ് സമൂഹത്തിൽ ഭയം പ്രസരിപ്പിക്കുന്നു. രാജനീതിയുടെ വിഷം തീണ്ടൽ ഏൽക്കാത്ത ഒന്നുമില്ല രാജഭരണത്തിൽ. സമസ്തമേഖലയിലേക്കും പടരുന്ന കൊടിയ വിഷമാണത്. ചിലത് ഉടൻ ഫലം ഉണ്ടാക്കുന്നതെങ്കിൽ മറ്റു ചിലത് സാവധാനം ഒരോ അണുവിലേക്കും അരിച്ചിറങ്ങുന്നു. അവിടെ സാരവും നിസ്സാരവും അർഹതയുമൊക്കെ ആപേക്ഷികമാണ്. രഹസ്യങ്ങളാണ് ആ ഭൂമികയിലെമ്പാടും. മനുഷ്യരേയും രാജ്യത്തേയും സംബന്ധിച്ച രഹസ്യങ്ങൾ.'ലോകത്ത് ഏറ്റവുമധികം സൗന്ദര്യമുള്ളത് മനുഷ്യരുടെ രഹസ്യങ്ങൾക്കാണ്.അല്ലെങ്കിൽ അവയുടെ ചേരുവകൾക്കാണ് (പുറം 27).
നിരമിത്രന്റെ ജീവിതയാത്രയുടെ അസാധാരണത്വം ചിത്രീകരിക്കുക വഴി നോവലിസ്റ്റ് മനുഷ്യത്വം എത്രമാത്രം ആഴത്തിലാണ് ഭരണകൂടത്തിന്റെ ചെയ്തികളിലൂടെ മുറിവേൽപ്പിക്കപ്പെടുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്. നേരായ മാർഗത്തിൽ വിചാരം കൊള്ളുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഏതൊരാളുടേയും മേൽ ഭരണകൂടനീതിയുടെ രഥചക്രങ്ങൾ കയറിയിറങ്ങുന്നു. അയാളുടെ/അവളുടെ ശരീരത്തിന്റേയും മനസ്സിന്റേയും ഓരോ അണുവിനേയും അത് നോവിച്ചുവിടുന്നു. വ്യക്തിയായ ഒരാളെ അത് നിരന്തരം പ്രജയാക്കിക്കൊണ്ടിരിക്കുന്നു. കരുവാക്കിക്കൊണ്ടിരിക്കുന്നു. ഉപകരണമാക്കിക്കൊണ്ടിരിക്കുന്നു. 'എല്ലാവരും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഉപകരണങ്ങളാണ്’ (പുറം 152). കർമബന്ധങ്ങളുണ്ടാക്കുന്ന അനേകായിരം കടമകളിലൂടെ രാഷ്ട്രനീതിയുടെ കുടെ സഞ്ചരിക്കാൻ, അതിന് അടിമപ്പെടാൻ ഏതൊരാളും നിർബന്ധിക്കപ്പെടുന്നു. ഏവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിന് വിധേയമാക്കപ്പെടുന്നു. കൊട്ടാരത്തിനും പുറത്തും ജീവിക്കുന്ന മനുഷ്യരെ അത് വെറുതെ വിടുന്നില്ല. ഇഷ്ടപ്പെട്ട പ്രകാരം ജീവിക്കാൻ അത് ഒരാളേയും അനുവദിക്കുന്നില്ല. ആത്രേയകത്തിലായാലും പാഞ്ചാലത്തിലായാലും ഹസ്തിനപുരിയിലായാലും ദശാർണ്ണത്തിലായാലും മനുഷ്യരെ അത് ദയാരഹിതമായി ചവിട്ടിമെതിച്ചേ കടന്നുപോകുന്നുള്ളൂ.
'സൈന്യത്തെ നയിക്കാനും രാജ്യം ഭരിക്കാനും ശക്തിയാണ് വേണ്ടതെന്നത് ഒരു തെറ്റിദ്ധാരണയാണ്. ശക്തിയും ബുദ്ധിയുമല്ല, യുക്തിയാണ് പലപ്പോഴും വൻയുദ്ധങ്ങൾ ഒഴിവാക്കുക' (പുറം 31). നിരമിത്രൻ ലളിതമായ ഈ യുക്തിയിലാണ് ജീവിതത്തെ മുമ്പോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്. ആത്രേയകത്തിലെ സാധാരണ മനുഷ്യരേയും സരളമായ ഇത്തരം അവബോധങ്ങളാണ് നയിക്കുന്നത്. ചൂഡകനേയും ഇളയേയും ബലനേയും മറ്റും ജീവിപ്പിക്കുന്നത് അന്യജീവനുതകുന്ന വൈദ്യം എന്ന പ്രവൃത്തിയാണ്. നിരമിത്രൻ അവിടെ എത്തിച്ചേരുകയാണ് ചെയ്യുന്നത്. രാജനീതിയുടെ തേരോട്ടത്തിൽ ധീരതയുടേയും അലിവിന്റേയും കാരുണ്യത്തിന്റേയും ലോകമായ ആത്രേയകം ഇല്ലാതാക്കപ്പെടുകയാണ്. മനുഷ്യരുടെ പാരസ്പര്യങ്ങളെ ദയാരഹിതമായി തച്ചുതകർക്കുന്ന രാജാക്കന്മാരുടെ മാത്സര്യത്തിന്റേയും ദുരയുടേയും അധികാരോന്മത്തതയുടേയും സൂക്ഷ്മതലത്തിലെ കഥയാണ് ആർ. രാജശ്രീ ആത്രേയകത്തിലൂടെ പറയുന്നത്. അതിനാൽ തന്നെ അത് ആത്യന്തികമായി അധികാരത്തിൽ ഉള്ളടങ്ങിയിട്ടുള്ള അധാർമികതയേയും അനീതിയേയും മനുഷ്യവിരുദ്ധതയേയും അടിത്തട്ടിലുടെ സഞ്ചരിച്ച് ചോദ്യം ചെയ്യുന്ന രചനയാണ്.
മനുഷ്യരുടെ പാരസ്പര്യങ്ങളെ ദയാരഹിതമായി തച്ചുതകർക്കുന്ന രാജാക്കന്മാരുടെ മാത്സര്യത്തിന്റേയും ദുരയുടേയും അധികാരോന്മത്തതയുടേയും സൂക്ഷ്മതലത്തിലെ കഥയാണ് ആർ. രാജശ്രീ ആത്രേയകത്തിലൂടെ പറയുന്നത്. അതിനാൽ തന്നെ അത് ആത്യന്തികമായി അധികാരത്തിൽ ഉള്ളടങ്ങിയിട്ടുള്ള അധാർമികതയേയും അനീതിയേയും മനുഷ്യവിരുദ്ധതയേയും അടിത്തട്ടിലുടെ സഞ്ചരിച്ച് ചോദ്യം ചെയ്യുന്ന രചനയാണ്.
അതിരുകളില്ലാത്ത രാഷ്ട്രവികസനത്തേയും പുരോഗതിയേയും ലക്ഷ്യംവെക്കുന്ന അധികാരത്തിന്റെ ഉന്മത്തസഞ്ചാരത്തിന് സമാന്തരമായാണ് ആത്രേയകത്തിന്റേയും നിരമിത്രന്റേയും ചേർത്തുപിടിക്കലിന്റെ സഞ്ചാരം. അത് പക്ഷേ, പലപ്പോഴും ഫലപ്രാപ്തിയിലെത്താതെ നിസ്സഹായമായിത്തീരുന്നു. ആത്യന്തികമായി മനുഷ്യരുടെ കൂടപ്പിറപ്പായ സങ്കടവും നിസ്സഹായതയുമാണത്. 'ചാവാതിരിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്’ (പുറം 79). അന്ത്യമില്ലാത്ത ഉത്ക്കർഷേച്ഛയാണ് മറുപുറത്തുള്ളത്. ഏതു വിധേനയും അധീശത്വം നേടിയെടുക്കുകയാണ് ധർമം എന്നു കരുതുന്ന രാജനീതിയുടെ മനോഭാവണത്.
'ഉത്കർഷേച്ഛയില്ലാത്ത മനുഷ്യർ എത്ര ആദർശശാലികളാണെന്നാലും ജഡതുല്യരാണ് ' എന്ന് ധൃഷ്ടൻ പറയുന്നുണ്ട് (പുറം 193). വികസനത്തിന്റെ എക്കാലത്തേയും പ്രതിപുരുഷനായ ഛത്രാധിപതിയാണയാൾ. രാജത്വത്തിന്റെ ഉദ്ഘോഷണമാണത്. 'പ്രജകളുടെ അചഞ്ചലമായ വിശ്വാസമാണ് രാജ്യങ്ങളുടെ ശക്തി, രാജാക്കന്മാരുടേയും’ (പുറം 60 ). പ്രജകളുടെ വിശ്വാസം അചഞ്ചലമാക്കാനും അതിന് തുടർച്ചകളുണ്ടാക്കാനുമാണ് എക്കാലത്തും ലോകത്തെവിടേയും വികസനനായകരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണാധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആത്രേയകവും അവിടത്തെ മനുഷ്യരും അവിടെ എത്തിച്ചേരുന്ന നിരമിത്രനും പക്ഷേ, ഏവരുടേയും സൗഖ്യം ഉറപ്പുവരുത്തി മുമ്പോട്ടുപോകാവുന്ന ഒരു സംവിധാനത്തെ ആഗ്രഹിക്കുന്നവരാണ്.
സ്ത്രീയെ രാജനീതി എങ്ങനെയാണ് പരിചരിക്കുന്നത് എന്ന് നോവൽ സൂചിപ്പിക്കുന്നുണ്ട്. കുന്തി കൃഷ്ണയോട് ഉപദേശിക്കുന്നത് ഇപ്രകാരമാണ് - 'പുരുഷൻ വിടാതെ തുടരണമെങ്കിൽ സ്ത്രീകളും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം ശരീരമാണ്. പുരുഷന്റെ ക്ഷേത്രമാണത്. ശരീരത്തിന്റെ കാര്യത്തിൽ, യജമാനന്റെ ഭൂമി കൈവശം വച്ചിരിക്കുന്ന പരിചാരികയാണ് താനെന്ന ബോധം വിട്ട് സ്ത്രീ പ്രവർത്തിക്കരുത്. ദുഷിച്ച ഭൂമിയിൽ എത്ര മികച്ച വിത്തുവിതച്ചാലും പടുമുളതന്നെയേ ഉണ്ടാവൂ എന്ന ഓർമ വേണം’ ( പുറം 265 ). വീരശൂരപരാക്രമിയും വില്ലാളിവീരനുമായ അർജുനൻ തന്റെ പത്നിമാരോട് കാണിക്കുന്ന ക്രൂരമായ മനുഷ്യവിരുദ്ധത നോവലിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. തന്റെ വില്ലിനെ എല്ലാറ്റിനുമുപരിയായി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന അർജുനന്റെ മനോവ്യാപാരങ്ങളും ചെയ്തികളും രാജനീതിയിലടങ്ങിയ യുദ്ധോത്സുകതയുടേയും ആണത്തഭാവത്തിന്റേയും ആവിഷ്കാരമാണ്.
'നാഗന്മാരിൽ നിന്ന് വനങ്ങളെ മോചിപ്പിക്കണമെന്ന യുധിഷ്ഠിരന്റെ നിർദ്ദേശം നടപ്പാക്കാൻ അയാളുടെ എല്ലാ സഹോദരങ്ങളും ഒറ്റക്കെട്ടായിരുന്നു. അർജുനനും ഇക്കാര്യത്തിൽ നിർബന്ധബുദ്ധിയാണ്. കീഴടങ്ങാൻ വിസമ്മതിക്കുന്ന ഗോത്രങ്ങൾക്കുനേരെ അയാളുടെ അസ്ത്രം സദാ തൊടുക്കപ്പെട്ടു. അവിടുത്തെ സ്ത്രീകൾ അയാളുടെ കുട്ടികളേയും പ്രസവിച്ചു ' (പുറം 301 ). ആധുനികകാലത്തും സ്ത്രീകൾക്കുനേരെയുള്ള ഭരണകൂടാധികാരികളുടെ സമീപനത്തിന് അടിസ്ഥാനപരമായ മാറ്റം വന്നിട്ടില്ലെന്ന് നമുക്കറിയാം. 'അർജുനന് ആത്യന്തികമായ സ്നേഹവും കടപ്പാടും കൈയിലെ വില്ലിനോടു മാത്രമാണ് എന്നു തോന്നിയപ്പോൾ അങ്ങോട്ട് ഒഴുകിത്തുടങ്ങിയ പ്രണയത്തിനും സ്നേഹത്തിനും പ്രയോഗികബുദ്ധികൊണ്ട് ഒരു അണ കെട്ടി’ (പുറം 355) എന്ന് ചിത്രാംഗദ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആയിരിക്കണം പാണ്ഡവരുടെ വിജയാഘോഷങ്ങളിലെവിടേയും ഒരു സ്ത്രീയേയും കാണാതിരുന്നത്.
രാഷ്ട്രനീതിയിയുടെ അവിഭാജ്യഭാഗമാണ് കഥാകാലക്ഷേപസംഘം. അന്നും ഇന്നും അതുണ്ട്. രാഷ്ട്രാധികാരത്തുടർച്ചയ്ക്കുവേണ്ട ആഖ്യാനങ്ങൾ ഉണ്ടാക്കുകയാണ് അവയുടെ എക്കാലത്തേയും ധർമ്മം.
രാഷ്ട്രനീതിയിയുടെ അവിഭാജ്യഭാഗമാണ് കഥാകാലക്ഷേപസംഘം. അന്നും ഇന്നും അതുണ്ട്. രാഷ്ട്രാധികാരത്തുടർച്ചയ്ക്കുവേണ്ട ആഖ്യാനങ്ങൾ ഉണ്ടാക്കുകയാണ് അവയുടെ എക്കാലത്തേയും ധർമ്മം. പാഞ്ചാല രാജ്യത്ത് പുതിയ രാജകുമാരനെ വാഴിക്കാൻ വേണ്ടി പ്രചരിപ്പിക്കപ്പെട്ട വ്യാജമായിരുന്നു യാഗമധ്യേ ഹോമകുണ്ഡത്തിൽ നിന്നും ഉയർന്നുവന്ന കുമാരീ കുമാരൻമാർ. ഗണികയായ ഹരിണി എന്ന സ്ത്രീയിൽ ദ്രുപദന് ജനിച്ച ധൃഷ്ടദ്യുമ്നനെയും ദ്രൗപദിയെയും കൊട്ടാരത്തിലെത്തിച്ച ഉപജാപക കഥ. ‘കഥകൾ എപ്പോഴും കഥകൾ ആണെന്നോർക്കണം. ഒക്കെയും ഭംഗിയുള്ള കെണികളാണ്. അതിൽ വീഴാതെ ഭംഗിയും കണ്ട് തിരിച്ചുപോരുന്നവരാണ് സമർത്ഥർ’ (പുറം 167 ). രാഷ്ട്രനീതിസംഘങ്ങൾ മെനയുന്ന കഥകൾ എപ്പോഴും സാധാരണ മനുഷ്യരെ മുറിവേൽപ്പിക്കുന്നതും അവരെ ഏത് ബലിയ്ക്കും പ്രേരിപ്പിക്കുന്നവയുമാണ്. രാഷ്ട്രത്തിന് വേണ്ടി എന്ന പേരിൽ മനുഷ്യർ രാജാവിനും അധികാരിക്കും വേണ്ടി കൊല്ലുന്നതും മരിക്കുന്നതും കൃത്രിമമായ ഈ ആഖ്യാനങ്ങളുടെ ശക്തിയാലാണ്. ശത്രുക്കളില്ലാതെ രാഷ്ട്രവും പ്രജകളും പുലരുന്നതെങ്ങനെ എന്ന ചിന്തയാണ് അതുണ്ടാക്കുന്നത്. അതിനാൽ ശത്രുവിനെ സൃഷ്ടിച്ചുകൊടുക്കൽ രാജ്യനീതിയുടെ ഉത്തരവാദിത്തമത്രെ. ഈ രാജ്യനീതിയെ പ്രശ്നവൽക്കരിക്കുന്ന ഒരു തലം നോവലിൽ പ്രബലമാണ്. നോവലിന്റെ വിധ്വംസകത്വവും അതിൽ തന്നെയാണ് കാണാൻ കഴിയുക.'രാജസമ്മാനങ്ങളെ ഭയക്കണം, നമ്മെ പകരമെടുത്ത് നമുക്കുതന്നെ സമ്മാനിക്കുന്നതാണത്’ ( പുറം 212 ) - ബലൻ ഇളയോട് പറയുന്ന ഈ വാക്കുകളിൽ രാജ്യനീതിയുടെ ഉപായങ്ങളെക്കുറിച്ചുള്ള സൂചനകളാണുള്ളത്. പാരിതോഷികങ്ങളിലൂടെയുള്ള മെരുക്കിയെടുക്കലുകൾ ആധുനികകാലത്തുമുണ്ടല്ലോ. അവ പട്ടും വളയും നൽകുന്നതിലൂടെ മാത്രമാവണമെന്നില്ല. വാക്കാലുള്ള പ്രശംസയോ പരോക്ഷമായ അംഗീകാരമോ ആവാം. മനുഷ്യർ തൃഷ്ണകളുടെ തടവുകാരാകയാൽ അത് എളുപ്പത്തിൽ അധികാരത്തിന് പ്രായോഗികമാക്കാവുന്ന ഒന്നുമാണ്.
ആദ്യനോവലായ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത'യിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രചനാഭൂമികയിലെത്തുമ്പോൾ മനുഷ്യജന്മത്തിന്റെ വേദനകൾ കൂടുതൽ പക്വതയോടെയും നിർമമതയോടെയും കാട്ടിത്തരാനാകുന്നുണ്ട് നോവലിസ്റ്റിന്. ഇവിടെ വ്യാസപക്ഷം ചേരുന്ന ഒരു എഴുത്തുരീതിയെ വായനക്കാർക്ക് ദർശിക്കാം. അതൊരു വളർച്ചയായി തന്നെ അടയാളപ്പെടും എന്നു കരുതാം. പല സന്ദർഭങ്ങളിലും മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങളാൽ ദാർശനികമാനം കൈവരിക്കുന്നുണ്ട് ആഖ്യാനം. 'മനുഷ്യർക്ക് പൂർവ്വാശ്രമങ്ങൾ മുൾപ്പടർപ്പ് പോലെയാണ്. എവിടെത്തൊട്ടാലും എങ്ങോട്ടു തിരിഞ്ഞാലും മുറിയും. വകവെക്കാതെ നടന്നാൽ പിന്നിൽനിന്നും കൊളുത്തിവലിക്കും' (പുറം 83). 'ഗരിമയും മഹിമയും കൂടുന്തോറും മനുഷ്യർക്ക് പിഴവുകളുടെ ഭാരം താങ്ങാനാവാതെ വരും. പ്രത്യേകിച്ച് രാജാക്കന്മാർ. അവർ തങ്ങളുടെ പിഴവുകളെ ത്യാഗങ്ങളായാണ് മനസ്സിലാക്കുക. ഭയം മൂലം അതിന്റെ ശരിതെറ്റുകൾ ആരും ഇഴ കീഴാറില്ല' (പുറം 163). 'വേണ്ടപ്പെട്ട മനുഷ്യർ ചുറ്റുമുണ്ടാകുമ്പോഴാണ് ആരും രാജാവായിത്തീരുക. ഒറ്റപ്പെട്ടുപോയ മനുഷ്യൻ ചക്രവർത്തിയാണെങ്കിലും യാചകനാണ് ' (പുറം 311) . 'ചില വൃക്ഷങ്ങൾ ഒറ്റനോട്ടത്തിൽ ശക്തമാണെന്ന് തോന്നും. പെട്ടെന്നൊരു ദിനം അതു നിലംപറ്റുമ്പോഴാണ് തായ്ത്തടി തീർത്തും ദ്രവിച്ചിരുന്നതായി ലോകമറിയുക. അതിൽത്തന്നെ കടന്നുകൂടിയ ക്ഷുദ്രപ്രാണികളാവും കാലംകൊണ്ട് അതു ചെയ്തിട്ടുണ്ടാവുക' (പുറം 219 ). സന്ദർഭാനുസൃതം സ്വാഭാവികമായി നോവലിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം സംഭാഷണങ്ങളും നിരീക്ഷണങ്ങളും സന്ദർഭങ്ങളേയും കടന്ന് മനുഷ്യജീവിതത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളിലേക്ക് ഉയരുന്നുണ്ട്.
71 അധ്യായങ്ങളിലായി നാം പരിചയപ്പെടുന്ന ഇതിഹാസകഥാപാത്രങ്ങൾ ഓരോരുത്തരും ജീവിതസാരം പങ്കുവെക്കുന്ന പുതിയ പാഠങ്ങളായി മാറുന്നുണ്ട്. ആധുനിക മനുഷ്യജീവിതത്തിന്റെ പരിസരത്തിലേക്ക് പാലം പണിയുന്നുണ്ട് ഓരോ കഥാപാത്രവും. അകലങ്ങളിലേക്ക് മാറ്റി നിർത്തപ്പെട്ടവർ, ചതിക്കും ഒറ്റിനും വിധേയരായവർ, അധികാരത്തിന്റെ ക്രൂരമായ താഡനം ഏറ്റുവാങ്ങേണ്ടി വന്നവർ എല്ലാം അതിലുണ്ട്. നിരമിത്രനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ വിശ്വാസത്തിലേക്ക് പിടിച്ചുകയറാൻ ലഭിച്ച ഒരു നൂലിഴയായിരുന്നു ആത്രേയകം. 'ഭയത്തെ ഭയക്കരുത്, നേരിടണം' എന്ന ചൂഡകന്റെ ഉറപ്പുള്ള മൊഴിയാണ് അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചത്. ഒപ്പം ഔഷധഗന്ധമുള്ള ഇള എന്ന ചികിത്സകയും. ആ ദേശത്തിന്റെ സ്നേഹമരുന്നായവൾ. കൃഷ്ണയുടെ ശരീരത്തെ നിത്യമായ പുതുമയോടെ നിലനിർത്താൻ കുന്തി ഏൽപ്പിക്കുന്നതും ഇളയെയാണ്. വേണ്ടാത്ത ഭയത്തിന് പ്രിയപ്പെട്ടവരെ ബലികൊടുക്കരുതെന്ന് നിരമിത്രനെ പഠിപ്പിച്ചത് വിശാഖയാണ്. ഘടോൽക്കചനും ഹിഡിംബിയും ഉലൂപിയും ഇരാവാനും അഭിമന്യുവും അങ്ങനെ ഓരോരുത്തരം ഓരോ പാഠങ്ങളായി നോവലിലുണ്ട്. നിസ്സഹായരും പരാജിതരുമായാണ് അവരിൽ പലരും ജീവിച്ചത്. ഉന്മാദികളും വിജയികളുമായി ചിലപ്പോൾ അവർ വേഷം കെട്ടിയാടി. അന്യരുടെ ജീവിതത്തിൽ കൂടി നെടുകെയും കുറുകെയും നടന്നുകൊണ്ട് അവരവരുടെ ജീവിതം ജീവിക്കുന്നതിനിടയിൽ പലപ്പോഴും അവർ ദുർബലപ്പെട്ടു. 'ഏറ്റവും ദുർബലമായ നിമിഷങ്ങളിലാണ് മനുഷ്യർക്ക് ധർമലോപം സംഭവിക്കുക. ശരീരത്തിന്റെയോ ആത്മാവിന്റെയോ ഏതെങ്കിലുമൊരു സുഷിരത്തിലൂടെ കൽമഷം അകത്തുകയറും. ആകെ വ്യാപിക്കും' (പുറം 195). പരാമർശിച്ചുപോകേണ്ടതല്ലാത്തതായ ഒരു കഥാപാത്രവുമില്ല നോവലിൽ . 'മനുഷ്യനെന്നത് ഭൂമിയിലെ ദിവസങ്ങളാണ്, നിമിഷങ്ങളാണ്, ഓർമകളാണ്, ശബ്ദങ്ങളാണ്, രുചികളാണ്,' എന്നത് വാസ്തവം.
നോവലിൽ ധാരാളം ചോദ്യങ്ങളുണ്ടായി വന്നത് പൊളിച്ചെഴുത്തിന്റെ ഭാഗമായിരിക്കണം. ജീവിതത്തെക്കുറിച്ചുള്ളവയാണ് ആ ചോദ്യങ്ങൾ. മരണത്തേക്കുറിച്ചുള്ളതും. വായനക്കാരും നിസ്സഹായരായിപ്പോകും അവക്കുമുമ്പിൽ.
പാണ്ഡവർ നടത്തിയത് ധർമയുദ്ധമാണെന്ന പരിചിതമായ ആഖ്യാനത്തെ നോവൽ അപനിർമിക്കുന്നുണ്ട്. ആർക്കൊക്കെയോ വേണ്ടി മരിക്കുകയും കൊല്ലുകയും ചെയ്യാനെത്തിയവരായിരുന്നു യുദ്ധമുഖത്ത് ഇരുപക്ഷത്തുമുണ്ടായിരുന്നത്. അവർ ആർക്കൊക്കെയോ വേണ്ടിയാണ് യുദ്ധവിജയം ആഘോഷിച്ചതും. പാഞ്ചാല രാജാവിന് ഒരു പുത്രി മാത്രമാണുള്ളതെന്നാണ് ഞങ്ങളറിഞ്ഞതെന്ന് ആദ്യ കൂടിക്കാഴ്ചയിൽ അർജുനൻ പറയുന്നുണ്ട്. പാണ്ഡവരുടെ യഥാർത്ഥ പ്രകൃതം നിരമിത്രന്റേയും കൃഷ്ണയുടേയും നാഗന്മാരുടേയും അർജുനന്റെ പത്നിമാരുടേയും പക്ഷത്തുനിന്നുള്ള ആഖ്യാനം വഴി അനാവരണം ചെയ്യാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. അതോടെ ആ വിഗ്രഹങ്ങൾ, കൃഷ്ണനും പാണ്ഡവരുമെല്ലാം അടക്കം പൊളിഞ്ഞു വീഴുന്നു. ധർമ്മയുദ്ധമെന്ന് വിളിക്കപ്പെടുന്ന യുദ്ധത്തിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുന്നുണ്ട് ആത്രേയകം. വിജയം എന്ന അവസ്ഥ തന്നെ പൊളിച്ചെഴുതപ്പെടേണ്ടുന്ന ഒന്നായിത്തീരുന്നു. നോവലിൽ ധാരാളം ചോദ്യങ്ങളുണ്ടായി വന്നത് പൊളിച്ചെഴുത്തിന്റെ ഭാഗമായിരിക്കണം. ജീവിതത്തെക്കുറിച്ചുള്ളവയാണ് ആ ചോദ്യങ്ങൾ. മരണത്തേക്കുറിച്ചുള്ളതും. വായനക്കാരും നിസ്സഹായരായിപ്പോകും അവക്കുമുമ്പിൽ. 'മനുഷ്യന് അനുനിമിഷം ഭാരം തോന്നുന്നതും ഒഴിവാക്കാനൊരുങ്ങിയാലും സാധിക്കാത്തതും എന്താണ്' എന്ന ഇളയോടുള്ള കൃഷ്ണയുടെ ചോദ്യമുണ്ട്. ഇതാണ് ഉത്തരം - 'സ്വന്തം ജീവിതം’. ചോദ്യങ്ങളിലും ഉത്തരങ്ങളിലുമാണ് നോവൽ തുടങ്ങുന്നതു തന്നെ. ഒരു ചോദ്യം ഉത്തരം കണ്ടെത്താനായി വായനക്കാർക്കായി വിട്ടിട്ടുമുണ്ട്. 'മരിച്ചാലും വിടാത്തതേത്' എന്ന ചോദ്യമാണത്.
നിരമിത്രനെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് നോവലിസ്റ്റ് തന്റെ അപനിർമാണം നടത്തുന്നത്. പഞ്ചമവേദമായ മഹാഭാരതകഥ കേട്ട സർവർക്കുമറിയാവുന്നത് ദ്രുപദപുത്രനായ നപുംസക ജന്മത്തെയാണ്. മൂലകഥയിൽ ശിഖണ്ഡിയെന്നു മാത്രം നാം വായിച്ചറിഞ്ഞ ഒരു ജന്മം. ജന്മകഥയിൽ തളച്ചിടപ്പെട്ടവനായിരുന്നു അയാൾ. വിവാഹാനന്തരം വധുവിനാൽ ക്ലീബജന്മം തിരിച്ചറിയപ്പെട്ടതിനാൽ ഉപേക്ഷിക്കപ്പെട്ടവൻ. എല്ലാവരുടേയും നിന്ദയ്ക്ക് പാത്രമായവൻ. തുടർന്ന് രാജ്യഭ്രഷ്ടനാക്കപ്പെട്ട മനുഷ്യജന്മം. സ്വത്വനഷ്ടം മനുഷ്യന് ഭയാനകമായ അവസ്ഥയാണ്. നിർബ്ബന്ധ പൂർവ്വം വച്ചുകെട്ടപ്പെട്ട ഭാരമായിരുന്നു നിരമിത്രന് ആണത്തം. മനുഷ്യകുലം കടന്നു പോകാനിടയുള്ള മുഴുവൻ ജീവിതാനുഭവങ്ങളും ഉൾക്കൊണ്ടിരിക്കുന്ന ഇതിഹാസമെന്ന ഖ്യാതിയുണ്ടല്ലോ മഹാഭാരതത്തിന്. ഈ രചന നിരമിത്രനിൽ തുടങ്ങി വികസിച്ച് അവസാനിക്കുമ്പോൾ മനസ്സിൽ ഉറച്ചിരുന്ന ധാരണകൾ പാടേ തിരുത്തപ്പെടുകയും അപ്രധാനമായി കണ്ടിരുന്ന പലതും കനപ്പെട്ടുവരികയും ചെയ്യുന്നു. ആദ്യാവസാനം ആ വഴികളിലൂടെ ആഖ്യാനം പഴുതില്ലാതെ മുന്നേറുന്നതുകൊണ്ട് വായനക്കാരിൽ അത് വിങ്ങലുണ്ടാക്കുന്നു. വായനക്കാരെ ആശ്ചര്യപ്പെടുത്തുകയും വിഭ്രമിപ്പിക്കുകയും ഒടുവിൽ ഹൃദയത്തിലേക്കാവാഹിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്യുന്നു. സരമ ചൊരിയുന്ന ശാപവചനങ്ങളുടെ ദംശനമേറ്റ് തീണ്ടിയ ഭയം ഒളിഞ്ഞും തെളിഞ്ഞും തുടക്കം മുതൽ നോവലിൽ നിറഞ്ഞുനിൽക്കുന്നു. ജീവദായിനിയായ ജലത്തിനും തൊണ്ടയിൽ കുരുങ്ങി മനുഷ്യരെ കൊന്നുകളയാൻ പറ്റും എന്ന് നോവൽ നമ്മെ ജാഗ്രതപ്പെടുത്തുന്നു.