‘Fiction is the lie through which we tell the truth.'- Albert Camus
യാഥാർഥ്യം ഫിക്ഷനേക്കാൾ അവിശ്വനീയമാണെങ്കിൽ ഭാവന യാഥാർഥ്യത്തേക്കാൾ വിശ്വസനീയമെന്നു പറഞ്ഞുറപ്പിക്കാൻ നുണകൾക്ക് അഥവാ കഥകൾക്ക് കഴിയും. ‘ഇവിടെ എല്ലായിടങ്ങളിലും നിന്ന് അറിയാതെ കഥകൾ പൊട്ടിമുളയ്ക്കുകയാണ്. ഞാൻ നിൽക്കുന്നത് കഥകൾ കൊണ്ടും ഭയം കൊണ്ടും നിർമിച്ച ഒരു സ്ഥലകാലത്തിനുള്ളിലാണെന്ന് എനിയ്ക്കുതോന്നി' എന്ന് കഥാപാത്രമായ സിദ്ധാർത്ഥൻ പറയുന്നത് ശരിയാണ്. ജീവിതത്തെക്കുറിച്ച് നുണകളുടെ (കഥകളുടെ) അകമ്പടിയോടെയല്ലാതെ എങ്ങനെ ആഴത്തിൽ പറയാൻ കഴിയും?
ഭാവനകൾക്കേ വാസ്തവത്തിന്റെ അതിസൂക്ഷ്മ അടരുകളെ അനാവരണം ചെയ്യാനാവൂ. ഈ വാസ്തവത്തിന് അടിവരയിടുന്നു എം.ആർ. അനിൽകുമാറിന്റെ ഏകാന്തതയുടെ മ്യൂസിയം എന്ന നോവൽ. ഈ മ്യൂസിയത്തിലേയ്ക്ക് ഭാവനയുടെ പടവുകളിലൂടെ അകത്തുകടക്കുന്ന വായനക്കാർ അവിടത്തെ കാഴ്ചകൾ കണ്ട് ഏതു വാസ്തവത്തിന്റെ പടവുകളിലൂടെ ഇറങ്ങിവരും എന്ന് കുഴയുന്നു. തെല്ലിട പുറത്തിറങ്ങി വീണ്ടും വാസ്തവങ്ങളുടെ പടവുകളിലൂടെ കയറി ഭാവനയുടെ പടവുകളിലൂടെ ഇറങ്ങാമെന്ന വ്യാമോഹത്തിലകപ്പെടുന്നു. വർത്തുളാകൃതിയിലുള്ള ഈ മ്യൂസിയത്തിലെ വാസ്തവകഥനത്തെയും ഫാന്റസികളെയും സ്ഥലജലഭ്രമമില്ലാതെ സമീപിക്കുക ഒരു വെല്ലുവിളിയാണ്. ‘മുഷിഞ്ഞ കുപ്പായം ധരിച്ച് നിദ്രയിൽ വീണുപോയ ഒരു സഞ്ചാരിയെപ്പോലെ മുറ്റിനിൽക്കുന്ന ഏകാന്തത' യാണ് ഈ മ്യൂസിയത്തിൽ. ഇടയ്‌ക്കെങ്കിലും സംഭ്രമങ്ങൾ പടർത്തുന്ന ത്രില്ലറിന്റെ രൂപമാർജിക്കുന്ന നോവൽ തീർത്തും ഒരു ഫിക്ഷന്റെ മനോഹാരിതയും ആഴവുമുള്ള ശ്രദ്ധേയമായ ഒരു കൃതിയാണ്. ഭാവിയിൽ മലയാളത്തിലെ മികച്ച നോവലുകളിലൊന്നായി അംഗീകരം നേടുമെന്നുപറയാൻ കഴിയുന്നൊരു നോവൽ.
മെറ്റാഫിക്ഷനെ സവിശേഷമായ രീതിയിലാണ് ഈ നോവലിൽ സങ്കേതപ്പെടുത്തിയിരിക്കുന്നത്. കഥയും പിന്തുടരുന്ന അതികഥയും എന്ന ക്രമത്തിൽ.
രണ്ടു ഭാഗങ്ങളുണ്ട്, ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച, 741 പുറങ്ങളുള്ള ബൃഹത്തായ ഈ നോവലിന്. സ്വപ്നങ്ങളിൽ തുടങ്ങി ഫാന്റസികളിലൂടെ വ്യാപിച്ചുപരക്കുന്ന ആദ്യഭാഗവും ജീവിതത്തിന്റെയും മൃത്യുവിന്റെയും വിചിത്രമായ വഴികൾ നിറഞ്ഞ രണ്ടാംഭാഗവും. കണ്ടംപററി ന്യൂസിലെ എഡിറ്റോറിയൽ വിഭാഗം ഹെഡ് ആയ സിദ്ധാർത്ഥൻ ബാല്യത്തിലേ സ്വപ്നങ്ങളുടെ കൂട്ടുകാരനാണ്. അതിവിചിത്രങ്ങളായ സ്വപ്നങ്ങൾ എപ്പോഴും അവനെ സംഘർഷത്തിലേയ്ക്ക് കൊണ്ടിടുന്നു (‘നിഗൂഢതകളുമായുള്ള ആത്മാവിന്റെ രഹസ്യസംഭാഷണങ്ങളാണ് സ്വപ്നങ്ങൾ'). മുതിർന്നപ്പോഴും ഈ സ്വപ്നാടനവും അതിന്റെ ആധികളും അയാളിൽനിന്ന് ഒഴിഞ്ഞുപോയില്ല. താൻ സ്വപ്നങ്ങളിൽ ദർശിച്ചതും അതിന്റെ തുടർച്ചയെന്നു തോന്നിക്കുന്നതുമായ കുറച്ചുഭാഗങ്ങൾ അയാൾ ഒരു ബ്ലോഗിൽ വായിക്കാനിടയാവുന്നു.
ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന മലയാളി-ആംഗലേയ സാഹിത്യകാരൻ എഴുതിയ ‘ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ' എന്ന നോവലിന്റെ ഭാഗങ്ങളായിരുന്നു അത്. സിദ്ധാർത്ഥന്റെ സഹപ്രവർത്തക വർഷ അയച്ചുകൊടുത്ത ബ്ലോഗ് ലിങ്കിൽ നിന്നാണ് ആ നോവൽഭാഗം വായിക്കാൻ അയാൾക്ക് കഴിഞ്ഞത്. നോവലിന്റെ ചോരപുരണ്ട ഡി.ടി.പി. കോപ്പി വഴിയിൽനിന്ന് യാദൃശ്ചികമായി ലഭിച്ചതാണെന്ന് ബ്ലോഗർ എക്‌സ് എഴുതിയിട്ടുണ്ടായിരുന്നു. അത് കാര്യങ്ങളെ നിഗൂഢവും സങ്കീർണവുമാക്കിത്തീർക്കുന്നതായി പത്രപ്രവർത്തകനായ സിദ്ധാർത്ഥന് തോന്നി. അതിൽ തന്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മായികസുന്ദരിയെ കട്ടക്കാരന്റെ മഗ്ദലേന സലോമി എന്ന കഥപാത്രത്തിൽ അയാൾ കാണുന്നു. മഞ്ഞ എന്നും വെള്ള എന്നും പേരുള്ള ഇരട്ട ഗ്രാമത്തിൽ ജീവിക്കുന്ന ജോസഫ് കട്ടക്കാരനെന്ന രചയിതാവിനെ അന്വേഷിച്ച് സിദ്ധാർത്ഥൻ യാത്രതിരിക്കുന്നു. യാത്രയ്ക്കിടയിൽ ബസിൽ വച്ച് അയാൾ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാകുന്നു. തുടർന്ന് അയാളെ പൊലീസ് ചോദ്യംചെയ്യുന്നു. ഒരു വക്കീലിന്റെ സംരക്ഷണയിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിപ്പെടുന്ന സിദ്ധാർത്ഥൻ അവിടെ താമസിക്കേണ്ടതായിവരുന്നു. അവിടെ നിന്നും സിദ്ധാർത്ഥൻ അപ്രത്യക്ഷനാകുന്നു. പിന്നീട് വവക്കീലിന്റെ ശവശരീരം കണ്ടെടുക്കപ്പെടുന്നു.
വ്യത്യസ്തമായ പരിചരണമാണ് രണ്ടാംഭാഗത്തിന് രചയിതാവ് നൽകിയിരിക്കുന്നത്. ഭിന്ന വ്യാഖ്യാനങ്ങൾ സാധ്യമാകുന്ന തുറവികളിലേയ്ക്ക് വായനെക്കാരെ കൊണ്ടുപോകും വിധമാണ് രണ്ടാംഭാഗത്തിൽ സിദ്ധാർത്ഥനെന്ന കഥാപാത്രത്തിന്റെ ആവിഷ്‌കാരം.
സിദ്ധാർത്ഥന്റെ തിരോധാനത്തെപ്പറ്റി വർഷ നടത്തുന്ന അന്വേഷണം കൊല തൊഴിലാക്കിയ വൈറ്റില തമ്പാൻ എന്ന ടെറിൻ തോമസിൽ ചെന്നവസാനിക്കുന്നു. കണ്ടംപററി ന്യൂസിലെ സീനിയർ എഡിറ്ററായ റിമ തോബിയാസിന്റെ കാമുകരിൽ ഒരാളാണ് തമ്പാൻ എന്ന് വർഷ കണ്ടെത്തുന്നു. നിഗൂഢസാഹചര്യത്തിൽ വെടിയേറ്റ് ശയ്യാവലംബിയായ റിമയെ തമ്പാൻ പ്രണയപൂർവം പരിചരിച്ചു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരാൻ ശ്രമിക്കുന്നു. അഭിമുഖത്തിനായി അവിടെയെത്തുന്ന വർഷ തമ്പാന്റെ ജീവിതകഥ അറിയുന്നു. അയാളിലെ മനുഷ്യനെ തിരിച്ചറിയുന്നു.
ഈ സമയം കട്ടക്കാരൻ എഴുതിയെന്നുപറയുന്ന നോവലുമായി തന്റെ നോവലിനു സാമ്യമുണ്ടെന്നുപറഞ്ഞു ഒരു എഴുത്തുകാരൻ വർഷയെ സമീപിക്കുന്നു. ഈ എഴുത്തുകാരന്റെ പിന്നാലെയും കൊലയാളികൾ ഉണ്ട് എന്ന സൂചന വർഷയും എഴുത്തുകാരനും സംഗമിച്ച റസ്റ്റോറന്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിലൂടെ വായനക്കാർക്ക് നൽകിയാണ് ഒന്നാംഭാഗം അവസാനിക്കുന്നത്. തന്റെ നോവൽ മാറ്റിയെഴുതി പൂർത്തീകരിക്കാനായി ആ എഴുത്തുകാരൻ തീരുമാനിയ്ക്കുന്നു.
വ്യത്യസ്തമായ പരിചരണമാണ് രണ്ടാംഭാഗത്തിന് രചയിതാവ് നൽകിയിരിക്കുന്നത്. യഥാർഥ കത്തെ സിദ്ധാർത്ഥന്റെ തിരോധാനത്തിനുശേഷം കൽപിതമായ ഒരു സിദ്ധാർത്ഥനെയാണ് രണ്ടാംഭാഗത്തിൽ കാണാനാവുക. ഭിന്ന വ്യാഖ്യാനങ്ങൾ സാധ്യമാകുന്ന തുറവികളിലേയ്ക്ക് വായനെക്കാരെ കൊണ്ടുപോകുംവിധമാണ് രണ്ടാംഭാഗത്തിൽ സിദ്ധാർത്ഥനെന്ന കഥാപാത്രത്തിന്റെ ആവിഷ്‌കാരം. ക്രൂരമായ അധിനിവേശങ്ങൾക്കുവിധേയമായ ഇരട്ടഗ്രാമത്തിൽ എത്തുന്ന സിദ്ധാർത്ഥൻ കൊലകളുടെയും ദുർമരണങ്ങളുടെയും ചരിത്രപശ്ചാത്തലമുള്ള റൈറ്റേഴ്‌സ് ബംഗ്ലാവ് എന്നറിയപ്പെടുന്ന കൊളോണിയൽ ഭവനത്തിൽ താമസിക്കുന്ന ജോസഫ് കട്ടക്കാരനെ കാണുന്നു. ഉറക്കത്തിന്റെ ആലസ്യത്തിലാണ് എപ്പോഴും ഇരട്ടഗ്രാമം. കട്ടക്കാരൻ ഉറങ്ങാൻ തുടങ്ങിയാൽ ദിവസങ്ങളെടുക്കും എഴുന്നേൽക്കാൻ. അദ്ദേഹം സിദ്ധാർത്ഥനുമായി പങ്കുവെക്കുന്ന കഥകൾ, ചരിത്രങ്ങൾ, ഐതിഹ്യങ്ങൾ,അനുഭവങ്ങൾ തുടങ്ങിയവ നോവലിനെ മുന്നോട്ടുനയിക്കുന്നു. പൂർവികർ ചെയ്തുകൂട്ടിയ തെറ്റുകളുടെയും ഹിംസകളുടെയും ഇങ്ങേയറ്റത്ത് നിൽക്കുന്ന കട്ടക്കാരന്മാരുടെ ചരിത്രത്തിനൊപ്പം ഒന്നാം സ്വാതന്ത്ര്യസമരം മുതൽ അടിയന്തിരാവസ്ഥ വരെ ഇവയിൽ കടന്നുവരുന്നുണ്ട്. വെള്ളങ്കീരി മൂപ്പൻ, വള്ളിയമ്മ ചെല്ലം, പെരുംനുണയൻ മുതലായ മിത്തിക്കൽ കഥാപാത്രങ്ങൾ. മഞ്ഞ -വെള്ള ഗ്രാമങ്ങൾ, ഉന്മാദികളുടെ വീട്, ഏഴ് പുണ്യാളൻമാരുടെ പള്ളി, വീടിനുള്ളിലെ ശവക്കല്ലറ, ബാഗ്മ എന്ന നദി, സ്വപ്നമുറി, ഇയാൻ പാഴ്‌സന്റെ പ്രേതം, ബുക്ക് ഓഫ് മിറക്കിൾസ് തുടങ്ങി തദ്ദേശീയമായ ഫാന്റസി മോഹനമായി ശില്പപ്പെടുന്ന ആഖ്യാനമാണ് ഈ ഭാഗത്ത്. കഥകളിലും മിത്തുകളിലും ഭ്രമകല്പനകളിലും വന്യഭാവനകളിലും പണിത വാസ്തുശിൽപങ്ങൾ. മരണത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും കൊലകളുടെയും രതിയുടെയും കൊറിയോഗ്രാഫി. വീടകങ്ങൾ, തടാകങ്ങൾ, പാതയോരങ്ങൾ, ചുമരിടങ്ങൾ, നിലവറകൾ തുടങ്ങിയ സർറിയലിസ്റ്റിക് ദൃശ്യഖണ്ഡങ്ങൾ. എല്ലാം ഒരുവിധത്തിൽ ഏകാന്തതയുടെ കാവ്യാത്മകവും ജീവസ്സുറ്റതുമായ ആവിഷ്‌കാരങ്ങൾ. ഭ്രാന്തവും വന്യവുമായ കൽപനകളുടെ ചുഴലിയിലേയ്ക്ക് വായനക്കാരെ വലിച്ചെറിയുന്ന സംഭവങ്ങളും കഥാപാത്രങ്ങളും. റോസാ സെലിൻ, കരുണൻ മാഷ്, വിവർത്തകയായ മൃണാളിനി സുഭാഷ്, ദൈവം, ചെകുത്താൻ, സിദ്ധാർത്ഥൻ, കരുണൻ സാർ, ജൂഹു, സോജൻ ജോർജ്, സുലൈമാൻ ജഹ്നാരി, ഇയാൻ പാർസൺ, ആന്ദ്രയോസ് കട്ടക്കാരൻ ...
ഒന്നാംഭാഗത്തെ ഓർമയുടെ അടിപ്പടവിൽ നിർത്തി വേണം രണ്ടാംഭാഗത്തെ സമീപിക്കുവാൻ. ഗബ്രിയേൽ ജോസഫ് കട്ടക്കാരന്റെ കൊലപാതകവും, എഴുത്തുകാരനെ തേടിയുള്ള കൊലയാളിയുടെ വരവും വായനക്കാരിൽ കുഴമറിച്ചിൽ ഉണ്ടാക്കുന്നു. പൂർത്തിയാക്കിയ നോവലിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടെത്തിയ ചുമതലക്കാരോട് എഴുത്തുകാരൻ സംസാരിയ്ക്കുന്നു. സ്വന്തം സൃഷ്ടിയുടെ പര്യവസാനം നിശ്ചയിക്കുന്നതിൽ സംത്രാസമനുഭവിക്കുന്ന എഴുത്താളരുടെ സത്യവാങ്മൂലമാണ് ‘അവസാനത്തെ അധ്യായം' എന്ന പേരിൽതന്നെയുള്ള അവസാനത്തെ അധ്യായം.
രണ്ടുഭാഗങ്ങളുടെതുമായിരിക്കുമ്പോൾ തന്നെ രണ്ടുഭാഗങ്ങളിൽ നിന്നും വേറിട്ട സ്വതന്ത്രഭാഗമായും അതു നിൽക്കുന്നതായി അനുഭവപ്പെടുന്നു. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം തന്റെ ഭാവനയിൽ നേരത്തെ വന്ന കാര്യങ്ങൾ തന്നെയാണെന്നുകാണുന്ന ഒരാൾക്ക് (‘മനുഷ്യന്റെ ഭാവനയിൽ സാധ്യമാകുന്നതെന്തും യഥാർഥലോകത്തിലും സാധ്യമാകും. ഭാവനയുടെ ആവിഷ്‌കാരം തന്നെയാണ് ജീവിതം') ജീവിതം വിസ്മയവും നിസ്സംഗതയും ഒരേസമയം സമ്മാനിക്കുന്നു. തന്റെ കൊലയാളിയുടെ മുമ്പിൽ മൃത്യുവെ സ്വീകരിക്കാനൊരുങ്ങുന്ന എഴുത്തുകാരൻ ഈ വാസ്തവലോകത്തെ അവസാനമായി കാണുകയും അതോർത്ത് വിഷാദഭരിതനായിത്തീരുകയും ചെയ്യുന്നു. മുന്നിൽ വന്നു പതുങ്ങിനിൽക്കുന്ന മൃത്യുവെ (കൊലയാളിയെ) നേരിടുന്ന സന്ദർഭത്തിലാണ് ഈ ഭൂമിയും ജീവിതവും എത്ര വിഷാദഭരിതമായിരിക്കുന്നു എന്ന് എഴുത്തുകാരന് തോന്നുന്നത്. വലിയ കനമുള്ള ഈ വിചാരമാണ് നോവലിലെ അവസാനവാക്യം.
വിസ്മയപ്പെടുത്തുന്ന (വാസ്തവ)നുണകളാണ് ഈ മ്യൂസിയത്തിലെവിടെയും. ഭാവനയിൽനിന്ന് ചിന്തയിലേയ്ക്കും തിരിച്ചും ചുവടുമാറുക ഏത് പിരിയൻ ഗോവണിയിൽ നിന്നാണെന്ന് നിശ്ചയിക്കാനാവില്ല. സന്നിവേശിപ്പിച്ച മായികഭാവങ്ങൾ അവിടെ പതുങ്ങിനിൽപ്പുണ്ടാവും.
ചരിത്രബോധത്താലും രാഷ്ട്രീയഭാവനകളാലും നിറയുന്ന ഇതിലെ അനന്തമായ ഏകാന്തത ജനനിബിഡമാണ്. ഈ വിചാരലോകം ഉണ്ടാക്കുന്ന രൂപകങ്ങൾ നോവലിനെ നിരവധി മാനങ്ങളിലേയ്ക്ക് വികസിക്കുന്ന ഒന്നായിത്തീർക്കുന്നുണ്ട്. ഏകാന്തയുടെ മ്യൂസിയത്തിലൂടെ അലയുന്ന യാത്രികർ അപരിചിതങ്ങളും വിചിത്രങ്ങളുമായ ഗന്ധങ്ങൾ, നിറങ്ങൾ, കാഴ്ചകൾ, കിനാവുകൾ, ആചാരങ്ങൾ, ശബ്ദങ്ങൾ, ഈണങ്ങൾ, പക്ഷികൾ, വാസ്തുശിൽപങ്ങൾ ഇവയ്‌ക്കെല്ലാം കാഴ്ചപ്പെട്ടും കേൾവിപ്പെട്ടും നിലയില്ലാക്കയത്തിൽ എത്തിക്കപ്പെട്ടേയ്ക്കാം. അരയിൽ കൊമ്പുള്ള മൃഗം, കണ്ണാടിമാന്ത്രികം, ചാരസുന്ദരി, ബുക്ക് ഓഫ് മിറക്കിൾസ്, സുഖാനുഭവസ്വപ്നങ്ങളുടെ മുറി, മരണത്തിന്റെ പച്ചനിറമുള്ള പക്ഷി തുടങ്ങി നാടോടിഭാവനകളും അതിഭാവനകളും നിറഞ്ഞ ഒരു കയത്തിൽ. ‘നുണകൾ പറയാൻവേണ്ടി മാത്രം ഒരു പുതിയ ലോകം കണ്ടുപിടിച്ച ആളെ'പ്പോലെ എന്തുമാത്രം കഥകളാണ് നോവലിസ്റ്റ് പറയുന്നത്! പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കാമനകളുടെയും സദാചാരത്തിന്റെയും മറുപുറങ്ങൾ അനാവരണം ചെയ്യുന്ന ഉപാഖ്യാനങ്ങൾ. പലപ്പോഴും വായനക്കാർ ആദ്യം പരിചയപ്പെടുന്ന കഥാപാത്രങ്ങളെ പിന്നീട് അതേ പേരിലുള്ള അധ്യായങ്ങളിലൂടെയാണ് (റിമ തോബിയാസ്, റോസാ സെലിൻ, റാഹേൽ മുത്തശ്ശി, മഗ്ദലേന സലോമി...) അടുത്തറിയുന്നത്.
സങ്കീർണമായ വാസ്തവത്തിന്റെ ചുരുളുകളഴിക്കാനും സംവദിക്കാനും അത്യധികം ഉചിതമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയിൽ കഥകൾ ഇതിൽ പ്രവർത്തനക്ഷമമാകുന്നു. നോവലിൽ ഹൈപ്പർലിങ്കുകളെ നന്നായി ഉപയോഗിക്കുന്നവരാണ് പുതിയ എഴുത്തുകാർ. ഈ നോവലിസ്റ്റ് അതു സമൃദ്ധമായി ഉപയോഗപ്പെടുത്തുന്നു (ഒരു ഗുന്തർഗ്രാസിയൻ മീശപരാമർശം പോലും ഒരു ഹൈപ്പർലിങ്കായി പ്രവർത്തനക്ഷമമാവുകയാണിവിടെ). പല ഉപാഖ്യാനങ്ങളുടെയും കോമ്പൊസിഷൻ നിർവഹിച്ചിരിക്കുന്നതിൽ ഇത്തരം നവീനതകൾ ഉൾച്ചേർന്നിട്ടുണ്ട്. സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്ങിലെ പല സങ്കേതങ്ങളും ഉപയോഗപ്പെടുത്തുന്നതായി പലപ്പോഴും അനുഭവപ്പെടുന്നു. ഫങ്ഷൻ കാളിങ്ങിലൂടെ ദേശചരിത്രത്തെയും മിത്തുകളെയും രചനയിൽ ആവാഹിക്കുന്നു. ലഭ്യമായ എല്ലാ സങ്കേതങ്ങളെയും ‘ഏകാന്തതയുടെ മ്യൂസിയ'ത്തിൽ അനിൽകുമാർ പരീക്ഷിക്കുന്നുണ്ട്. വിസ്മയപ്പെടുത്തുന്ന (വാസ്തവ)നുണകളാണ് ഈ മ്യൂസിയത്തിലെവിടെയും. ഭാവനയിൽനിന്ന് ചിന്തയിലേയ്ക്കും തിരിച്ചും ചുവടുമാറുക ഏത് പിരിയൻ ഗോവണിയിൽ നിന്നാണെന്ന് നിശ്ചയിക്കാനാവില്ല. സന്നിവേശിപ്പിച്ച മായികഭാവങ്ങൾ അവിടെ പതുങ്ങിനിൽപ്പുണ്ടാവും. രാഷ്ട്രീയവും ചരിത്രവും മ്യൂസിയത്തിലെ വായുവിൽ ലയിച്ചുചേർന്നിട്ടുണ്ട്. ചില പോയിന്റുകളിൽ അതു സാന്ദ്രീകൃതരൂപത്തിൽ കാണാം. മാന്ത്രികമായ രചനാശൈലിയിൽ വിസ്മയപ്പെട്ടായിരിക്കും വായനക്കാർ കഥാപാത്രങ്ങളിലേയ്ക്ക് പരകായപ്രവേശം നടത്തുക. പ്രവചിക്കപ്പെട്ട മരണത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾ ആ ജീവിതത്തെ സൂക്ഷ്മമായി പിന്തുടരാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. നീതിയുടെ അധോലോകസഞ്ചാരങ്ങൾ സമയക്രമത്തിനപ്പുറം കടന്നു നമ്മെ പലപ്പോഴും സ്തബ്ധരാക്കുന്നു. ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും മാധ്യമത്തിന്റെയും യാത്രകൾ പലപ്പോഴും അധോലോകങ്ങളിലൂടെയാണ്. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ മരിച്ചുജീവിച്ചതും ജീവിച്ചുമരിച്ചവരുമായ നിസ്വജനത. അധിനിവേശത്തിന്റെ അശ്വങ്ങൾ അവരെ ചവിട്ടുമെതിച്ച് കടന്നുപോയ കാലങ്ങളുടെ അടയാളപ്പെടുത്തലുകൾ. ഭൂതകാലത്തെ പെൺവേട്ടകളുടെ ഉദ്ധൃതലിംഗങ്ങൾ നാം ഇതിൽ അടുത്തുനിന്നു കാണുന്നു.
വിചിത്രമായ സ്വപ്നങ്ങളുടെ, ഉന്മാദങ്ങളുടെ ആഖ്യാനങ്ങളിൽ ജീവിതം നിറയുന്നുണ്ട്. ഹിംസയും വേട്ടയും ആധുനികമനുഷ്യന്റെ ഉള്ളിടങ്ങളിൽ ഉറക്കം വിട്ടുണർന്ന് പ്രവർത്തനനിരതമാവുന്നതിന്റെ നിഗൂഢമായ കാരണങ്ങൾ അന്വേഷിക്കുക മാത്രമല്ല, അവയുടെ ഒരു സംവാദതലം നോവലിനകത്ത് സൃഷ്ടിക്കാനും അനിൽകുമാറിന്റെ രചനാസങ്കേതത്തിന് കഴിയുന്നു.
നോവലിലെ സംഭവങ്ങളുടെ നാവിഗേഷൻ ക്രമപ്പെടുത്തിയിരിക്കുന്നത് സവിശേഷമായ ശൈലിയിലാണ്. ദൈർഘ്യം കൂടിയ ചില ആഖ്യാനഖണ്ഡങ്ങൾ കൊച്ചുവിരസത ആദ്യം ഉണ്ടാക്കിയേക്കാം. പക്ഷേ പെട്ടെന്നുള്ള ചില പോസുകളും ഗതിമാറലും വേഗതാവ്യത്യാസങ്ങളും ഇവയുടെ തുടർച്ചയായി ഉണ്ടാകുമെന്നതിനാൽ അവപോലും വായനക്കാരെ എപ്പോഴും ഉണർന്നിരിക്കാൻ പ്രേരിപ്പിക്കും. ചില പ്രധാന സംഭവങ്ങൾ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ കൂസലില്ലാതെ പറഞ്ഞ് നമ്മെ ഞെട്ടിയ്ക്കും. പല വധങ്ങളും പെട്ടെന്ന് പറഞ്ഞുപോകുന്നത് ഉദാഹരണം. അകക്കാമ്പ് (kernel) പ്രോഗ്രാം ചെയ്ത രീതിയിലല്ല പലപ്പോഴും യൂസർ ഇന്റർഫേസ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. അകക്കാമ്പും അപ്ലിക്കേഷനുകളും തമ്മിൽ നടക്കുന്ന വിനിമയങ്ങൾ വേണ്ട സമയത്ത് ഗതിവേഗം ആർജിക്കുന്നത് കാണാം. രചനാസങ്കേതങ്ങളിൽ വരുത്തിയിരിക്കുന്ന ഇത്തരം നവീനതകൾ വലിയൊരു ആഴം നോവലിന് പ്രദാനം ചെയ്യുന്നുണ്ട്. എവിടെനിന്നും സഞ്ചരിച്ചെത്താവുന്നവിധമാണ് നോവലിസ്റ്റ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. പ്രവേശിച്ചുകഴിഞ്ഞാൽ വായനക്കാർക്ക് ലിഫ്റ്റുകളും എസ്‌കലേറ്ററുകളുമുണ്ട് കയറിയിറങ്ങാൻ. പൂർണമായും സ്വന്തം വേഗതയിൽ നടന്നുകാണേണ്ടവർക്ക് അതുമാവാം. കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്ന രീതിയിലാണ് ആന്തരിക സഞ്ചാരപഥങ്ങൾ ഒരുക്കിയിരിക്കുന്നത്. അതിനുള്ള സ്വാതന്ത്ര്യം ഇതിലുണ്ട്. കെട്ടുകഥകളുടെ ഗോവണിയിലൂടെ കയറുന്ന ഒരാൾക്ക് ചരിത്രത്തിലൂടെയോ രാഷ്ട്രീയത്തിലൂടെയോ നരവംശശാസ്ത്രത്തിലൂടെയോ നടന്നിറങ്ങാം. വിചാരങ്ങളിലേയ്ക്ക് ഇടയ്ക്കിടെ കയറിനിൽക്കാം. അവിടെനിന്നും അതികഥ (meta fiction)കളുടെ ഒരു കോറിഡോറിലൂടെ നീങ്ങാം. വിവിധ നോവലെഴുത്തുകാരെ പരിചയപ്പെടാം. അവരുമായി സംവദിക്കാം.
ഉപബോധമനസ്സിന്റെ സഞ്ചാരപഥങ്ങൾ സൂക്ഷ്മമായി ഗ്രഹിച്ച മനഃശസ്ത്രജ്ഞരാണല്ലോ മികച്ച എഴുത്തുകാർ. ഈ നോവലിൽ ചരിത്രം, നരവംശശാസ്ത്രം, ജനിതകശാസ്ത്രം തുടങ്ങി നിരവധി വിജ്ഞാനീയങ്ങളാൽ അത് വികസിതമാവുന്നു. വംശാവലിയെയും പാരമ്പര്യത്തെയും സംബന്ധിച്ച പരാമർശങ്ങൾ അത്തരം ഉൾക്കാഴ്ചയോടെ നിർവഹിച്ചിരിക്കുന്നു. ജീനുകളിൽ നിലീനമായ കോഡിങ്ങിൽ നിന്ന് മാറിനടക്കാനുള്ള മനുഷ്യരുടെ വാഞ്ഛകളാണോ ഒരാളുടെ പരിണതി നിർണയിക്കുന്നത്? അതിന് കാരണമായിത്തീരുന്ന സാമൂഹ്യയാഥാർഥ്യങ്ങളുണ്ടോ? അനേകം ചോദ്യങ്ങൾ ഈ ആഖ്യാനങ്ങൾ മുന്നോട്ടുവയ്ക്കുന്നതുപോലെ തോന്നുന്നു. ഇങ്ങനെ നോവലാകുന്ന മ്യൂസിയത്തിലെ സൃഷ്ടികൾ വായനക്കാരുമായി ഉണ്ടാക്കുന്ന സംവാദയിടങ്ങൾ ആവേശമുണ്ടാക്കുന്നു എന്നു പറയാതെ വയ്യ. വിചിത്രമായ സ്വപ്നങ്ങളുടെ, ഉന്മാദങ്ങളുടെ ആഖ്യാനങ്ങളിൽ ജീവിതം നിറയുന്നുണ്ട്. ഹിംസയും വേട്ടയും ആധുനികമനുഷ്യന്റെ ഉള്ളിടങ്ങളിൽ ഉറക്കം വിട്ടുണർന്ന് പ്രവർത്തനനിരതമാവുന്നതിന്റെ നിഗൂഢമായ കാരണങ്ങൾ അന്വേഷിക്കുക മാത്രമല്ല, അവയുടെ ഒരു സംവാദതലം നോവലിനകത്ത് സൃഷ്ടിക്കാനും അനിൽകുമാറിന്റെ രചനാസങ്കേതത്തിന് കഴിയുന്നു. ഈ ഇടം ചരിത്രത്തെയും ദർശനത്തെയും ഫിക്ഷന്റെ സവിശേഷ ആഖ്യാനതന്ത്രങ്ങളാൽ വ്യാഖ്യാനിക്കാനും ജീവിതത്തെ സംബന്ധിച്ച തന്റെ വിചാരലോകത്തെ അവതരിപ്പിക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നു.
രണ്ട് നൂറ്റാണ്ടിന്റെയെങ്കിലും ഓർമകൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ട് നടത്തുന്ന ആഖ്യാനത്തിൽ കഥകളായും കുറിപ്പുകളായും പുസ്തകങ്ങളായും ചിത്രങ്ങളായും ശിൽപങ്ങളായും ഇതിൽ സംവിധാനപ്പെട്ടുകിടക്കുന്നു. വ്യത്യസ്ത നോട്ടങ്ങളും വ്യാഖ്യാനങ്ങളും നോവലിൽതന്നെ അവതരിപ്പിക്കുമ്പോൾ വായനക്കാർക്ക് ആസ്വാദനത്തിന്റെ ഒരു പലമാവസ്ഥ ലഭ്യമാവുന്നു. മെറ്റാഫിക്ഷനെ സവിശേഷമായ രീതിയിലാണ് ഈ നോവലിൽ സങ്കേതപ്പെടുത്തിയിരിക്കുന്നത്. കഥയും പിന്തുടരുന്ന അതികഥയും എന്ന ക്രമത്തിൽ. ഉപാഖ്യാനങ്ങളിലൂടെ ഇവയൊക്കെയും കൈയടക്കത്തോടെയും പക്വതയോടെയും തന്റെ ആദ്യനോവലിൽ സാക്ഷാത്കരിച്ചിട്ടുണ്ട് അനിൽകുമാർ. അവയിലേതെങ്കിലും സ്വീകരിക്കുകയോ ഒന്നും സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. ആ മാനസികസഞ്ചാരം തന്നെ വായനാനുഭവത്തിന്റെ മനോഹരമായ ഏടുകളായിത്തീരുകയാണ്. അവിടെയെത്താൻ കഴിയുന്ന വായനക്കാർക്ക് ഏകാന്തതയുടെ സാരം വെളിപ്പെട്ടുകിട്ടുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.