അൻവർ അലി

അൻവർ അലി; നൂറിഴ കൂട്ടിപ്പിണച്ച ഒരു ഒഴുക്കുകയർ

അൻവർ അലിയുടെ ‘ഗാന്ധിത്തൊടൽ മാല’ എന്ന പുതിയ പുസ്തകം വായിക്കുന്നു, വി.എം. ഗിരിജ.

അൻവർ അലിയുടെ ‘ഗാന്ധിത്തൊടൽ മാല’ എന്ന പുതിയ പുസ്തകം വായിക്കാനുള്ള ഒരു ശ്രമമാണിത്. ആമുഖത്തിൽ, കവി ‘കവിതയിൽ താൻ ഒരു ഭാഷാവാദിയാണെങ്കിലും ഇന്ത്യൻ മുസ്ലീമിന്റെ നിരന്തരം അപരവൽക്കരിക്കപ്പെടുന്ന സാമുദായിക സ്വത്വത്തെ ഒരു പൗരനെന്ന നിലയിൽ മുൻപത്തേക്കാളും ആർജ്ജവത്തോടെ’ ഈ പുസ്തകത്തിൽ അഭിസംബോധന ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. പ്രജകളല്ലാതെ പൗരരായി നാം മാറിയിട്ട് അൻപത് വർഷങ്ങൾ കഴിഞ്ഞപ്പോഴേ അൻവർ അലി അത് അടയാളപ്പെടുത്തിയിട്ടുണ്ട്. ‘ഏകാന്തതയുടെ അൻപത് വർഷങ്ങൾ’ 1997-ൽ ഇറങ്ങി. ഇന്നത് ഏകാന്തതയുടെ 90 വര്ഷങ്ങളായപ്പോൾ ഇന്ത്യയിൽ മുസ്ലിം നാമം അരക്ഷിതമായ, വേട്ടയാടപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ട് താനും.

ഈ പുസ്തകത്തിന് മുൻപ് ‘മഴക്കാലം’, ‘ആടിയാടി അലഞ്ഞ മരങ്ങളെ’, ‘മെഹബൂബ് എക്സ്പ്രസ്’ എന്നീ മൂന്ന് കവിതാ സമാഹാരങ്ങളേ അൻവറിന് ഉള്ളൂ എന്നത് ഇക്കാലത്ത് ഒരു അത്ഭുതമായി തോന്നാം. സ്വയം എഡിറ്റിംഗ് നടത്തി കുറേ കവിതകൾ ഉപേക്ഷിക്കൽ, പരിപൂർണ്ണതാ വാദം എല്ലാം കൂടിയാണ് അൻവറിന്റെ കവിതാ പുസ്തകങ്ങളുടെ എണ്ണം കുറഞ്ഞത്. മെഹബൂബ് എക്സ്പ്രസ്സിന് കസാഹിത്യ അക്കാദമി പുരസ്കാരം കിട്ടി എന്നും ഓർമ്മിപ്പിക്കട്ടെ.

പുതിയ പുസ്തകത്തിലൂടെ കടന്നുവരുമ്പോൾ അൻവറിന്റെ കവിത, ബിജെപിക്ക് മേൽക്കൈ വന്ന, ഹിന്ദുത്വവാദത്തിന് ആയിരം തലകൾ ഉണ്ടായ ഇക്കാലത്ത് ഒരുപാട് മാറിപ്പോയി എന്ന് എനിക്ക്
അഭിപ്രായമില്ല. അൻവറിന്റെ ഉള്ളിലെ ഒഴുക്കുകൾ
എപ്പോഴും മാറാതെ വറ്റാതെ ഓടിക്കൊണ്ടിരിക്കുന്നതായി
കാണാം. ആ ഒഴുക്കുകൾ ഏവ? ലോകമാകെ കാൽ കൊണ്ട് അളക്കുന്ന തരം നാടോടിത്തം, ജിപ്സിഭാവം ഒന്ന്; അത് ജീവിതവും കവിതാന്വേഷണവുമാണ് അൻവറിൽ. ഈ അലഞ്ഞു തിരിയൽ കൊണ്ട് സ്വാംശീകരിക്കുന്ന ചെറിയ ചെറിയ വെളിച്ചങ്ങൾ, തണുപ്പുകൾ, രുചികൾ, ഇശലുകൾ, നാടോടിത്താളങ്ങൾ, ഈണങ്ങൾ, പേച്ചുകൾ, കഥകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, തോഴരോടൊത്തുള്ള പായാരങ്ങൾ, മദ്യശാലകളിലെ തുറന്ന കഥകൾ എന്നിങ്ങനെ ഒരുപാട് വേരുകൾ ഇതിനുണ്ട്. കടമ്മനിട്ടയുടെയും വിനയചന്ദ്രന്റെയും ചില ഓർമ്മകൾ പെട്ടെന്ന് ഈ കവിതാ ലോകത്ത് ഉദിച്ചുയരും.

അത് അൻവറിന്റെ കാവ്യ ജീവിതത്തിൽ മുഴുക്കനെ ഉണ്ട്, ഒരു പഴയ ഉദാഹരണം പറയാം. ‘നാടോടി മുകിൽപറ്റങ്ങൾ മിന്നൽ ചുഴറ്റി അടിച്ചു തെളിക്കുകയല്ലോ മലയാഴക്കാറ്റുകൾ’ എന്ന് ആര്യാവർത്തത്തിൽ ഒരു യക്ഷൻ! ക്ലാസിക് സാഹിത്യത്തെ കുറിച്ചുള്ള അറിവാണ് മറ്റൊന്ന്. ഉദാഹരണത്തിന് മഹാകവി കുമാരനാശാൻ, മറ്റു പല കവികൾക്കും എന്നപോലെ അൻവറിനും നിത്യസഹചാരി! ‘ആടി ആടി അലഞ്ഞ മരങ്ങളെ’ എന്ന കവിതയിൽ ‘നീല പുൽത്തറകൾക്കുമേൽ പലനിഴൽക്കൂടാരം ഉണ്ടാക്കിനടന്ന പഴങ്കഥകളേ’ എന്ന ആരംഭം ഉണ്ട്.

ഇന്ത്യൻ മുസ്ലീമിന്റെ നിരന്തരം അപരവൽക്കരിക്കപ്പെടുന്ന സാമുദായിക സ്വത്വത്തെ ഒരു പൗരനെന്ന നിലയിൽ മുൻപത്തേക്കാളും ആർജ്ജവത്തോടെ ‘ഗാന്ധിത്തൊടൽ മാല’യിൽ  അഭിസംബോധന ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അൻവർ അലി.
ഇന്ത്യൻ മുസ്ലീമിന്റെ നിരന്തരം അപരവൽക്കരിക്കപ്പെടുന്ന സാമുദായിക സ്വത്വത്തെ ഒരു പൗരനെന്ന നിലയിൽ മുൻപത്തേക്കാളും ആർജ്ജവത്തോടെ ‘ഗാന്ധിത്തൊടൽ മാല’യിൽ അഭിസംബോധന ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അൻവർ അലി.

“നീലപ്പുൽത്തറകൾക്കുമേൽ

പല നിഴൽക്കൂടാരം ഉണ്ടാക്കിയും

കാലത്തിൽ കനിയേകിയും,

കിളികൾ തൻ ഗാനോത്സവം കൂട്ടിയും

ബാലാരാധകമായ് കലാലയമിതിൻ മുമ്പേറെ

വമ്പാർന്നെഴും സ്ഥൂലാമ്രാധിപ കേഴുകീ

വിരഹമോർത്തെങ്ങും മഴക്കാറ്റിൽ നീ”

ഇത് എ.ആർ.രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ച് കുമാരനാശാൻ രചിച്ച പ്രരോദന ശ്ലോകം. അടിക്കുറിപ്പ് ഇല്ലാതെ തന്നെ ഉള്ളിൽ വിളങ്ങുന്നു. ‘ആര്യാവർത്തത്തിൽ ഒരു യക്ഷൻ’ എന്ന പേരിൽ തന്നെ കാളിദാസനും പഴയ ക്ലാസിക്കുകളും ഉണ്ട്.

“മഴുവേറ്റു മുറിഞ്ഞ തരംഗിണികൾ

പാടി വിളിക്കുകയല്ലോ

മീനാഴങ്ങളിൽ ഊളിയിടാൻ തുഞ്ചത്തെക്കട-

ലജ്ഞാനപ്പാന തുളുമ്പേ തെളിനീർ കോരാൻ

പൂന്താനക്കിണർ,

ഐന്തിണയുഴുതുമറിക്കാൻ

തുള്ളി വിളിക്കുകയല്ലോ കുഞ്ചൻ പുഴകൾ”

എന്ന വരികളും നോക്കുക. ഇങ്ങനെ, മലയാള തമിഴ് ക്ലാസിക്കുകൾ, പല ആഴക്കവികളുടെയും അന്തരംഗ സൗഹൃദം, അടുപ്പം എന്നിവയും അൻവറിന്റെ മനം ഓടുന്ന മാർഗങ്ങൾ അല്ലെങ്കിൽ ചോര ഓടുന്ന വഴികളാണ്. മഹാകവി അഡോണിസിന് ആശാൻ വിശ്വ പുരസ്കാരം കിട്ടിയപ്പോൾ, കേരളത്തിൽ എത്തിയ അദ്ദേഹത്തെ പരിചയപ്പെടാൻ കൂടിയ വളരെ കുറച്ചുപേരിൽ ഒരാൾ അൻവർ ആയിരുന്നു. ‘ആടി ആടി അലഞ്ഞ മരങ്ങളെ’ എന്ന സമാഹാരത്തിലെ ഒരു കവിതയുടെ പേര് ‘സ്വറ്റേയ്‌വ വായിച്ച രാത്രി’ എന്നതാണ്. പട്ടാമ്പിയിൽ കവി പി. രാമൻറെ വീട്ടിലിരുന്ന് ഞങ്ങൾ ‘മരീന സ്വറ്റേയ്‌വ’ എന്ന കവിയെ വായിക്കുകയായിരുന്നു

കവിത ഇങ്ങനെ:

“മുകളിലെ മുറി
ജനൽച്ചന്ദ്രൻ -
ഞങ്ങൾ പകുത്തു വായിക്കും
മരീന സ്വറ്റേയ്‌വ
നിനക്കു കേൾക്കാമോ?”

വിപ്ലവകാല ദുരിതങ്ങളുടെയും സ്റ്റാലിനിസ്റ്റ് ഭീകരതയുടെയും സാക്ഷിയും ഇരയുമായ റഷ്യൻ കവി എന്ന് തുടങ്ങുന്ന ഒരു അടിക്കുറിപ്പ് അതിനുണ്ട്. ഒരുപാട് ഭാഷകളിൽ നിന്ന് - ഇന്ത്യൻ ഭാഷകളിൽ നിന്നും വിദേശ ഭാഷകളിൽ നിന്നും - അൻവർ അലി കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആ ഒരു വഴിയും ഒഴുകി തെളിഞ്ഞ് ചിലപ്പോൾ മണ്ണിലൂടെ തവിട്ടു നിറമായി വറ്റി, പായൽ നിറം പൂണ്ട് വീണ്ടും തെളിനീരായി ഒഴുകുന്നത് കാണാം. ലോക രാഷ്ട്രീയത്തെക്കുറിച്ചും ലോക കവിതകളെ കുറിച്ചും ഉള്ള അവബോധം ഒരു പ്രധാനപ്പെട്ട അടിത്തട്ടാണ് അൻവർ കവിതയിൽ എന്ന് സൂചിതം.
നാടോടിവഴികളിലെ രണ്ടു കാര്യങ്ങൾ അൻവറിന്റെ കവിതകളെ ഇന്ന് എഴുതപ്പെടുന്ന മറ്റു കവിതകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കവിതയുടെ കാര്യത്തിൽ ഭാഷാ വാദിയാണ് താൻ എന്ന് വിശ്വാസത്തിന് അത് അടിവരയിടുന്നു.

ഭാഷയിലെ വാക്കുകളുടെ മുഴക്കം, അടുപ്പം, ആവർത്തനം, താളബോധം - ചുരുക്കത്തിൽ വാക്കുകളിലെ ശബ്ദബോധത്താൽ അനുഭൂതികളെ പരാവർത്തനം ചെയ്യാനുള്ള ശ്രമം -,
സൂക്ഷ്മമായ പടുക്കലുകൾ ഇതിലുണ്ട്. പാതി വൃക്ഷവും പാതി ശില്പവും ആകുന്ന മരത്തിൻറെ ജന്മമാണ് അൻവർ കവിതകൾക്ക്. അതായത് വളരുന്ന ഒരു മരത്തിനു ചുറ്റും
കിട്ടിയ തറയല്ല വിനീതമായ ഒരു കുടിലാണ് അത്. ഊറി വരുന്ന തന്റെ കാവ്യബോധം കൊണ്ട്തളിർക്കാനും പൂക്കാനും കവിതയെ സമ്മതിക്കുമെങ്കിലും കൊത്തുപണികളും ചെയ്യും. അതായത് നിരന്തരം വെട്ടി മുറിക്കും, ഏച്ചുകൂടും, മാറ്റിവയ്ക്കും; ഇതെല്ലാം ആദ്യം മുതലേ ഉണ്ട്. ‘ഗാന്ധിത്തൊടൽ മാല’ എന്ന പുസ്തകത്തിലെ ‘ഹൂറി കൊണ്ടോയോരു പാട്ട്’ നോക്കാം. ‘സൊറാബ്ദീൻ കൊലമാല’ എന്നാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തിന് പേരിട്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ അതിൻറെ രാഷ്ട്രീയം വ്യക്തം . പക്ഷേ മാല എന്ന വാക്കിന് കേരളത്തിലെ മാപ്പിള സംസ്കാരവുമായി ബന്ധമുണ്ട്. പ്രമേയം അനുസരിച്ചോ ഈണം നോക്കിയോ ഇതിനെ കൃത്യമായി നിർവചിക്കാൻ വിഷമം.

അൻവർ അലി. മലയാള തമിഴ് ക്ലാസിക്കുകൾ, പല ആഴക്കവികളുടെയും അന്തരംഗ സൗഹൃദം, അടുപ്പം എന്നിവയും അൻവറിന്റെ മനം ഓടുന്ന മാർഗങ്ങൾ അല്ലെങ്കിൽ ചോര ഓടുന്ന വഴികളാണ്.
അൻവർ അലി. മലയാള തമിഴ് ക്ലാസിക്കുകൾ, പല ആഴക്കവികളുടെയും അന്തരംഗ സൗഹൃദം, അടുപ്പം എന്നിവയും അൻവറിന്റെ മനം ഓടുന്ന മാർഗങ്ങൾ അല്ലെങ്കിൽ ചോര ഓടുന്ന വഴികളാണ്.

‘മാല’ ഒരു സാഹിത്യരീതിയാണ് മാലപ്പാട്ടുകളിലെ ആദ്യത്തേത് 1607-ൽ ഇറങ്ങിയ മുഹിയുദ്ദീൻ മാലയാണ്, മോയിൻകുട്ടി വൈദ്യരുടെ കറാമത്ത് മാല, കുഞ്ഞായിൻ മുസ്ലിയാരുടെ നൂൽ മാല, (അല്ലെങ്കിൽ നൂൽ മഹ്ദി), ആശിയത്ത് മാല, ബദർ മാല, മദിരപ്പൂ മാല, സുഖസുന്ദരി മാല, കിരികിട മാല, അത്ഭുതമാല ഇങ്ങനെ പല മാലകൾ മാപ്പിളപ്പാട്ടിൽ സുലഭം. ഈ ഒരു വംശം എഴുതിയ പാട്ടുകൾ എന്റെ കൂടിയാണ്, എന്നാൽ ഞങ്ങൾ എല്ലാം എവിടെപ്പോയി എന്ന ചോദ്യമാണ് ഈ മാല എന്ന പേര് നമ്മളോട് ചോദിക്കുന്നത്.

“ആദം മല തേടി ഹാദി ആലിമരയ്ക്കാൻ
ആലമേറും മരക്കപ്പൽ കേറിപ്പോയ് ഒരിക്കൽ…പടച്ചോന്റെ കടക്കണ്ണിൽ പൊയ്കയല്ലോ കടൽ പാമരങ്ങൾ തൊട്ടിൽ താരാട്ടും ഇളം തെന്നൽ…”

ഈ പാട്ടുകെട്ടൽ, വാക്കു കെട്ടൽ ആണ് അൻവറിന്റെ കവിതാരീതി. അൻവർ എഴുതിയിട്ടുണ്ടല്ലോ,

“എഴുതിവെക്ക് എൻറെ പേര് അലി

തൊഴിൽ വാക്കു കെട്ടൽ...”

ഒരു തുടർച്ചയും പുതുക്കവും ആണ്
ഹാദി മരയ്ക്കാനെ ഹൂറി കൊണ്ടുപോയ പാട്ട് എന്നർത്ഥം. ‘നൂൽമാല’ എഴുതിയ കുഞ്ഞായിൻ മുസ്ലിയാര് പതിനെട്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്:

“പട്ടം പൊളിഞ്ഞാൽ പറക്കാമോ പൊട്ടാ

പാലം മുറിഞ്ഞാൽ കടക്കാമോ പൊട്ടാ”

ഇത്തരം വരികൾ ഇന്നും ലളിതം, 1852 മുതൽ 1892 വരെയാണ് മോയിൻകുട്ടി വൈദ്യരുടെ കാലം. ‘ബദറുൽ മുനീർ ഹുസ്നുജമാൽ’ എന്ന കാവ്യത്തിൽ,

“മുല്ലപ്പൂഞ്ചോലയിൽ മൂളുന്ന വണ്ടേ

മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ

കൊല്ലൻ പണിയുന്നോരാല നീ കണ്ടോ

കേവലം പാടിക്കളിക്കുന്ന കണ്ടോ?”

ആ ഭാഷ എത്ര പുതുതാണെന്ന് നാം അമ്പരക്കും.

“പൂമകളാണേ ഹുസ്നുൽ ജമാൽ,

പുന്നാരത്താളം മികൈന്ത ബീവി” - എന്നും അദ്ദേഹത്തിന്റെ വരികളാണ്.

മുസ്ലിമായി അൻവറിനെ വിശേഷിപ്പിക്കാൻ അല്ല ഇത് ഉദ്ധരിച്ചത്, ‘നമ്മുടെ’ സംസ്കാരം എത്രത്തോളം ‘അന്യ’സംസ്കാരങ്ങളെ പുറത്താക്കിയിട്ടാണ് സ്വന്തം രൂപം സ്വീകരിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കാനാണ്. പാഠപുസ്തകങ്ങൾ, സിലബസുകൾ ഇവയെല്ലാം ഞങ്ങളുടെ\അവരുടെ എന്ന വലിയ പിളർപ്പുണ്ടാക്കുന്നു. ഞാനും അൻവറും വ്യത്യസ്ത കൊല്ലങ്ങളിലായി മലയാളം എം.എ. പാസായവരാണ്. ഒരു അഞ്ചു ശതമാനം പോലും മാപ്പിള സാഹിത്യം പഠിച്ചിട്ടില്ല എന്നതാണ് വാസ്തവം!
അതുകൊണ്ട് കഥകളും ആത്മീയതയും മാത്രമല്ല വാക്കുകളും നഷ്ടപ്പെട്ടു. ഷംസുദ്ദീൻ എന്ന് പറയുമ്പോൾ ഷംസ് സൂര്യൻ ആണെന്ന്, കമർ ചന്ദ്രനാണ്, നൂർ വെളിച്ചമാണ് എന്നും റഫീഖ് ഹൃദയാലു, സഹചരൻ, സഖാവ് ഒക്കെയാണെന്നും മനസ്സിലാവുന്നില്ല. എന്നാൽ, വാണി വാക്കും സരസ്വതിയും ആണെന്നും നാരായണൻ വിഷ്ണു ആണെന്നും മഹേശ്വരൻ പരമശിവൻ ആണെന്നും പെട്ടെന്ന് പിടി കിട്ടുകയും ചെയ്യും. അതായത് സംസ്കൃതഭാഷയുടെയും ചിലപ്പോൾ തമിഴിന്റെയും ധാതുക്കൾ, വേരുകൾ ഇവയെല്ലാം പിടികിട്ടാറുണ്ട്. വാരിധി, ഉദധി, അർണവം, ഗഗനം, വാനം, ആകാശം, ആഴി എന്നിവയുടെ ഒക്കെ അർത്ഥം വേറെ വേറെ എന്നും അവ കവിതയ്ക്ക് വെവ്വേറെ അർത്ഥ ഛായകൾ നൽകുമെന്നും അറിയാം. ഇക്കാര്യം സൂചിപ്പിക്കുന്നത് നമ്മുടെ വിദ്യാഭ്യാസരീതിയുടെ അപര്യാപ്തതയെ കുറിച്ച് പറയാൻ മാത്രം. അറബി ഭാഷയും തമിഴും സംസ്കൃതവും ഹിന്ദിയും എല്ലാം നാം കേരളീയർ നിർബന്ധമായും പഠിക്കണം. ഒരു മതത്തിൻെറ ഭാഷയല്ല, ആത്മീയത പഠിക്കാൻ അല്ല അറബി ഭാഷ എന്ന് നമുക്ക്, സർക്കാരിന് ബോധം ഉണ്ടാകണം.

അൻവർ അലിയുടെ കവിതകളിലെ വാക്കുകളുടെ സംഗീതവും കഥ പറച്ചിൽ രീതിയും ശ്രദ്ധേയമാണ്.

“നോക്കി നിക്കെ പൊന്തണള്ളാ
തീയ്യ് തുപ്പി പാറണള്ളാ
കത്തണള്ളാ ചീറണള്ളാ
കീയണള്ളാ അള്ളാ
പല്ലിറുമ്പണ് തിരകളള്ളാ…

തിരകളള്ളാ അള്ളാ

തിരകളള്ളാ അള്ളാ

അഞ്ചു തുണവഞ്ചി കത്ത്ണ്
പന്തിരണ്ട് പേരും കത്ത്ണ്…”

ഈ ഒരു ഭാഷ കൊണ്ടുള്ള കളിയും കഥ പറച്ചിലും അൻവർ അലിയുടെ കവിതയിൽ ആദ്യം മുതലേ ഉണ്ട്. ഉദാഹരണം ‘മഴക്കാലം’ എന്ന ആദ്യ കവിതാ സമാഹാരത്തിലെ ‘മുസ്തഫ’ എന്ന കവിത തന്നെ. ‘മുസ്തഫ മുസ്തഫ…’ എന്ന എ.ആർ. റഹ്മാൻ ട്യൂണിനെ പിന്തുടർന്ന് ഉണ്ടാക്കിയ അന്നും ഇന്നും ജനകീയമായ കവിതയാണ് അത്. ഒരുപാട് മുസ്ലിം പദങ്ങൾ അതിലുണ്ട്.

‘മാല’ ഒരു സാഹിത്യരീതിയാണ് മാലപ്പാട്ടുകളിലെ ആദ്യത്തേത് 1607-ൽ ഇറങ്ങിയ മുഹിയുദ്ദീൻ മാലയാണ്.
‘മാല’ ഒരു സാഹിത്യരീതിയാണ് മാലപ്പാട്ടുകളിലെ ആദ്യത്തേത് 1607-ൽ ഇറങ്ങിയ മുഹിയുദ്ദീൻ മാലയാണ്.

വെളുക്കാൻ തേച്ചത് മുഴുക്കെ പാണ്ടായി വഴക്കില്ലെന്നാലും
കുളിക്കും കൊക്കുകൾക്കിടയ്ക്ക് കാക്കയായ് ഉളുപ്പില്ലെന്നാലും (ഒരു വെള്ളപ്പാട്ട്)

ഇങ്ങനെ വാക്കും ഹാസ്യവും താളവും ഇതിനെ ചൊല്ലൽക്കവിതയാക്കുന്നു. സൊറാബ്ദീൻ കൊലമാല ശക്തമായ ഒരു പ്രതിരോധ കവിതയാണ്.
“തീ കൊടുത്ത് ഗോദ്ര വാങ്ങി
ഡും ഡും ഡും
ഗോത്ര കൊടുത്ത് ചോര വാങ്ങി
ഡും ഡും ഡും......” എന്ന് തുടങ്ങീട്ട്,
സൊറാബ്ദീനും അയാളുടെ കേസ് കേട്ട ജഡ്ജി ലോയയും ലോയയുടെ കൂടെ നിന്ന ലോയറന്മാരും എല്ലാം ഡും ഡും എന്ന് വളരുന്ന ഈ കവിത വെള്ളപ്പാട്ടിൻറെ തുടർച്ച തന്നെയാണ്. ആടിയാടി അലഞ്ഞ മരങ്ങളേ, മെഹബൂബ് എക്സ്പ്രസ് എന്നിവയിലും ഈ വാഗ് ലീലയും നാടോടിത്തവും ഉണ്ട്, ‘കൊല്ലത്തെ പപ്പടം ഗണ്ടൻ പപ്പടം’ എന്നപോലെ.

ഈ പുസ്തകത്തിൻറെ രണ്ടാം ഭാഗം അടച്ചിരിപ്പുകാലമാണ് അക്കാലത്തെ കവിതകൾ ഒക്കെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കുഞ്ഞു കുഞ്ഞു ഏകാന്തതകളുടെ മനോഹര വിഷാദ അലിവുകൾ, ഒരു പൂലോകം. ഈ രണ്ടാം ഭാഗം ലളിതസുന്ദരം എന്ന് മാത്രം പറയട്ടെ.
വാസ്തവത്തിൽ ഒന്നാം ഘട്ടത്തിന്റെ, ഭാഗത്തിന്റെ തുടർച്ചയാണ് ‘ഗാന്ധിത്തൊടൽ മാല’. കോൾപാട്ട് പ്രകൃതിഗാഥ തന്നെ. ശ്രീനാരായണഗുരുവും സൂഫികളും എല്ലാം പാറ്റുപാട്ടിൽ വരുന്നുണ്ട്:

“കൊല്ലല്ലേ തരി ഉയിരേ

കൊല്ലല്ലേ തരുനിരയെ

തല്ലല്ലേ മലമുതുകെ

തടയല്ലേ കുളിരലയെ”

അങ്ങനെ അനുകമ്പാ വരികൾ അലിയുന്ന കവിതകൾ, അഞ്ചറിവ് തുടങ്ങിയ പ്രയോഗങ്ങളും നോക്കൂ. മൂന്നാം ഭാഗമാണ് ‘ഗാന്ധിത്തൊടൽ മാല’ എങ്കിലും ആദ്യവും അവസാനവും അതു തന്നെ. ‘ഗാന്ധിത്തൊടൽ മാല’ വിദ്യാർത്ഥികളും മറ്റും ഒരുപാട് ആസ്വദിച്ചതാണ്. പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ കുട്ടിക്കാലത്തെ ഒരു അനുഭവം ആണ് ഇതിലെ പ്രമേയം. വൈക്കത്തു വന്ന ഗാന്ധിജിയെ (വൈക്കത്ത് എന്തിന് വന്നു ഗാന്ധി എന്നും ഓർക്കണം.) ബഷീർ എന്ന കുട്ടി തൊട്ട കഥ. വെറുമൊരു ഓർമ്മയല്ല അത്. ജാതി, മതം, വർണ്ണം എന്നിവ പൊടിയാൻ തുടങ്ങുന്നതിന്റെ ആദ്യ ഗാഥയാണ്. ഈ ‘ഗാന്ധിത്തൊടൽ മാല’ പെട്ടെന്ന് ഉണ്ടായതല്ല, 1997-ൽ ഇറങ്ങിയ ‘ഏകാന്തതയുടെ അൻപത് വർഷങ്ങൾ’ എന്ന കവിതയിൽ തുടങ്ങി അൻവറിന്റെ എല്ലാ പുസ്തകങ്ങളിലും ഗാന്ധി പലമട്ടുണ്ട്.

“രാഘവൻ ഉറക്കമാണിപ്പോഴും ഏകാന്തനായ്
സ്വാതന്ത്ര്യരാവിൽ തകർന്നൊറ്റയ്ക്ക് വീട്ടിൽ വന്നോൻ... പക്ഷികൾ രഘുപതി രാഘവയെന്നു കുന്നിന്നുച്ചിയിൽ മൂളുന്നതും കേട്ടവൾ മയങ്ങിയ ഒരു ഉച്ചയ്ക്കാണ് കത്ത് വരുന്നത്!”

ജപ്പാന്റെ വീഴ്ച, ലേബർ സർക്കാർ, ക്യാബിനറ്റ് മിഷൻ, വിപ്ലവം, വർഗ്ഗം, ചോറ്റുപട്ടാളം, ലെനിൻ, സീ പീ ഇങ്ങനെ ലോകവും പുറംലോകവും വെറും അറിയാപ്പേരുകൾ മാത്രമാവുന്നു. ചേച്ചി പാറുവിനും അമ്മയ്ക്കും അയൽപക്കത്തെ കുഞ്ഞനാണ് കത്തു വായിച്ചു കൊടുക്കുന്നത്. പക്ഷേ
രാഘവന്റെ കത്തുകൾ എന്താണ് ശരിക്കും പറയുന്നത് എന്ന് അവർക്ക് അറിയാറില്ല. ഗാന്ധിജി ഒറ്റയ്ക്കാകുവാൻ പോകുന്നു ചേച്ചി എന്ന് രാഘവൻ എഴുതുമ്പോൾ ഒരു പക്ഷേ
പയ്യുപെറ്റില്ല എന്ന പോലുള്ള മറുപടി മാത്രമേ അമ്മയ്ക്കും ചേച്ചിക്കും ഉള്ളൂ… രാഘവൻ വന്നതുമില്ല! രാഘവൻ രാമനല്ല, അയാൾ ഏകാന്തനായ് സ്വാതന്ത്ര്യദിന രാവിൽ തകർന്ന് വീട്ടിൽ വന്നു. അത് ഗാന്ധിയുടെ മറ്റൊരു പൗര രൂപമാണല്ലോ.

ഞാൻ പറയാൻ വന്ന ചില കാര്യങ്ങൾ ഇവയാണ് - തൻറെ ശൈലി അൻവർ അലി ഇക്കണ്ട വർഷങ്ങളായി പുതുക്കിക്കൊണ്ടും മുറുക്കിക്കൊണ്ടും തിളക്കിക്കൊണ്ടും ഇരിക്കുന്നു. രാഷ്ട്രീയം പറയാൻ നമുക്കിന്ന് പല വേദികളും ഉണ്ട്, എന്നാൽ കവിത രാഷ്ട്രീയം പറയുമ്പോൾ ഏകതാനമായ ഗദ്യമോ പ്രഭാഷണ ശൈലിയോ ഹിംസാത്മകതയോ വേണമെന്നില്ല എന്നതിന് തെളിവാണ് അൻവർ കവിതകൾ. കവിത എങ്ങനെ അതിനെ ഒരു മിത്തോ കഥയോ ആക്കി ഭാഷയിൽ വിരിയിച്ച് ഹൃദയത്തിലേക്ക് കൊണ്ടുവരുന്നു എന്നാണ് നാം ശ്രദ്ധിക്കേണ്ടത്. അൻവർ കേട്ട ഒരു ശബ്ദവും പാഴായിട്ടില്ല, വായിച്ച അക്ഷരം വെറുതെ ആയിട്ടില്ല, പല പല ഇടങ്ങളിൽ നിന്നെടുത്ത നീതിപാഠങ്ങൾ മരിച്ചു പോയിട്ടില്ല. ഒരു വൃക്ഷത്തിലൊഴുകുന്ന സസ്യ രസമെന്ന പോലെ കൂടുതൽ കൂടുതൽ താരും തളിരും പഴങ്ങളും പുറപ്പെടുവിക്കുന്നു അവയൊക്കെ. ‘ആമൂലാഗ്രം രസസ്തിഷ്ഠൻ’ എന്ന ഒരു ശ്ലോകം ഭാഗവതത്തിൽ ഉണ്ട്, അക്കിത്തം അത് ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു:

“ആമൂലാഗ്രം വൃക്ഷരസം

രുച്യമല്ലെന്നിരിക്കലും

അതു താൻ പഴമായ്ത്തീർന്നാ-

ലെല്ലാവർക്കും മനോഹരം”

ഭാഗവത സന്ദർഭത്തിലേക്ക് പോകുന്നില്ല, ഒരേ സസ്യരസം തന്നെ മരത്തിന്റെ ഇലകളിലൂടെ തടിയിലൂടെ കൊമ്പുകളിലൂടെ ഓടുന്നു, അത് വേറിട്ട് ഈടിക്കൂടി പഴമായി നിൽക്കുമ്പോഴാണ് രുചിയും സൗന്ദര്യവും. അതുപോലെ കവിതയിലും അനുഭവങ്ങൾ എല്ലായിടത്തും സഞ്ചരിക്കുന്നു, ഭാഷയിലൂടെ ഫലമാവുമ്പോഴേ അത് രുചിക്കാൻ ആവൂ. അൻവറിന്റെ കവിതകളിൽ നീതിബോധം, ക്രോധം, സ്വത്വബോധം, കാവ്യബോധം എല്ലാം സൂക്ഷ്മഭാഷാ രൂപങ്ങൾ ആയിരിക്കുന്നു; അതിന് പല പല രൂപവും ഭാവവും വൃത്തവും ഭാഷാഘടനയും വേർബന്ധങ്ങളും ഉണ്ട്! ലളിതമെങ്കിലും അഗാധമായ ആ ഭാഷാഘടനയിലേക്ക് കടക്കാൻ
വായനക്കാർ മെനക്കെടണം. ഒന്നും നമുക്ക് വെറുതെ കിട്ടില്ല, സസ്യരസത്തിന് ഫലമാകാൻ വർഷങ്ങൾ പലതു വേണം, ഒരു ആന്തരിക രാസപ്രക്രിയ വേണം. എഴുത്തുകാരുടെ മാന്ത്രികം, മായികം എന്ന് തോന്നിക്കുന്ന അവതാരങ്ങൾ വർഷങ്ങളിലെ അധ്വാനം കൂടിയാണ്; സഹൃദയരും അധ്വാനിക്കണം എന്ന പ്രാർത്ഥനയോടെ ഞാൻ നിർത്തുന്നു. ഈ കവിതകളിൽ സംസ്കൃതം,
തമിഴ്, മലയാളം, അറബി, പോർച്ചുഗീസ്, ഹിന്ദി, ഉറുദു എല്ലാം ഉണ്ട്. കൃത്യമായി ആലോചിച്ച് പ്ലാനിട്ട് ചെയ്യുന്നതല്ല അവയുടെ ആവിർഭാവങ്ങൾ, കവിയുടെ സഞ്ചിത സംസ്കാരത്തിൽ നിന്ന് സന്ദർഭം അനുസരിച്ച് പൊന്തിവരുന്നതാണ്. വിത്തുകൾ പോലെ, മിത്തുകൾ പൊട്ടിമുളയ്ക്കുന്നു; ഉചിത ഭാഷയും കൂടെ വിരുന്നു വരുന്നു. ഓർമ്മയോട് ചില ചോദ്യങ്ങൾ ചോദിക്കുന്ന അൻവർ അലിക്കവിതകൾ കൂടുതൽ ശ്രദ്ധിക്കപ്പെടട്ടെ.


Summary: V.M. Girija reviews Anwar Ali’s new book Gandhithodal Mala.


വി.എം. ഗിരിജ

കവി. ആകാശവാണി കൊച്ചി നിലയത്തിൽ പ്രോഗ്രാം അനൗൺസറായിരുന്നു. ​​​​​​​പ്രണയം ഒരാൽബം, ജീവജലം, പാവയൂണ്, ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ, സ്​പർശം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments