നർഗീസ് മൊഹമ്മദി

‘ഒരു ഉറുമ്പിനെയെങ്കിലും കാണാനാവുമെന്ന പ്രത്യാശയിൽ ഞാൻ തടവറ മുഴുവൻ അരിച്ചുപെറുക്കി’,
ഇറാനി ജയിലുകളിലെ ഏകാന്തതടവുകാരികളുടെ ജീവിതം

സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു സംഘം ഇറാനി സ്ത്രീകളുടെ ജയിലിലെ പീഡാനുഭവങ്ങൾ വിവരിക്കുന്ന പുസ്തകമാണ് കഴിഞ്ഞവർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച നർഗീസ് മൊഹമ്മദിയുടെ വൈറ്റ് ടോർച്ചർ.

ധികാരത്തിന്റെ അരാജകത്വമാണ് സമഗ്രാധിപത്യത്തിന്റെ സവിശേഷത. സമഗ്രാധിപതിക്ക് അയാൾ രൂപം നൽകിയ നിയമങ്ങൾ പോലും ബാധകമാവുന്നില്ല. ഒരു ചെറു ‘വീഴ്ച’ മതി മനുഷ്യജന്മം തുലയാൻ. പ്രശസ്ത ചെക് - ഫ്രഞ്ച് നോവലിസ്റ്റ് മിലാൻ കുന്ദേര ജോക് എന്ന നോവലിൽ ഇത് ചേതോഹരമായി വർണിച്ചിരിക്കുന്നത് ഓർമ വരുന്നു. കാമുകിക്കയച്ച കത്തിലെ നിർദ്ദോഷമായ പരാമർശമാണ് - “ശുഭാപ്തിവിശ്വാസം ജനങ്ങളുടെ കറുപ്പാണ് ... ട്രോഡ്സ്കി നീണാൾ വാഴട്ടെ” - കഥാനായകനെ ഭരണകൂടത്തിന് അനഭിമതനാക്കുന്നത്. അതൊരു തമാശയാണെന്ന് വാദിച്ചുനോക്കിയെങ്കിലും, അയാളുടെ ഉള്ളിലിരിപ്പ് പുറത്തുവന്നു എന്ന അർഥത്തിലാണ് ഭരണകൂടം അതിനെ കൈകാര്യം ചെയ്യുന്നത്. വർത്തമാനകാല ഭരണകൂടങ്ങളിൽ ഇത് പതിവായിരിക്കുന്നു. ജനാധിപത്യ രാജ്യങ്ങൾ പോലും ഇതിനൊരപവാദമാകുന്നില്ല.

എന്നിരുന്നാലും, ഇതിനെതിരെ പോരാടാൻ ഒരുപറ്റം മനുഷ്യർ എവിടെയും തയ്യാറാകുന്നു എന്നതാണ് പ്രത്യാശക്ക് വകനൽകുന്നത്. റഷ്യൻ എഴുത്തുകാരൻ കോൺസ്റ്റന്റീൻ പാസ്റ്റോവ്സ്കി (Konstantin Paustovsky, The Story of A Life) സൂചിപ്പിക്കുന്നതു പോലെ, “ജീവിതത്തിൽ പല മാർഗങ്ങളുണ്ട്. നിങ്ങൾക്ക് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാം, മനുഷ്യവർഗത്തിന്റെ പുനർനിർമിതിക്കായി യത്നിക്കാം, അല്ലെങ്കിൽ തക്കാളി കൃഷി ചെയ്യാം. ഓരോന്നിനും അതിന്റെതായ മൂല്യവും അന്തസും മഹത്വവുമുണ്ട്”. തക്കാളി കൃഷി ചെയ്യാതെ, സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു സംഘം ഇറാനി സ്ത്രീകളുടെ പീഡാനുഭവങ്ങൾ വിവരിക്കുന്ന പുസ്തകമാണ് കഴിഞ്ഞവർഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച നർഗീസ് മൊഹമ്മദിയുടെ വൈറ്റ് ടോർച്ചർ (Narges Mohammadi, White Torture: Interviews with lranian Women Prisoners).

നർഗീസ് ഉൾപ്പെടെ 13 പേർ അവരുടെ ജയിൽ ജീവിതം പങ്കുവയ്ക്കുന്നു, എല്ലാവരും ഏകാന്ത തടവുകാർ അല്ലെങ്കിൽ അതിൽ കഴിഞ്ഞവർ, പലരും തീരെ ചെറിയ കുറ്റങ്ങൾക്ക് തടവിലാക്കപ്പെട്ടവർ, ഭരണകൂടത്തെക്കാൾ അതിന്റെ ഭയാശങ്കകളും ബലഹീനതകളും തിരിച്ചറിഞ്ഞവർ, ഭരണകൂട പീഡനങ്ങൾക്കു നടുവിലും സ്വന്തം മനുഷ്യത്വവും നീതിബോധവും കെടാതെ സൂക്ഷിച്ചവർ. തടവറയിൽവച്ചാണ് ഇവർ തങ്ങളുടെ കദനകഥകൾ നർഗീസിനോട് വിവരിച്ചത്, അതും പീഡനത്തിന്റെ ഇടവേളകളിൽ. പുസ്തകത്തിന്റെ ആമുഖം നർഗീസ് എഴുതുന്നതുതന്നെ, അവരുടെ പന്ത്രണ്ടാമത്തെ ജയിൽവാസം തുടങ്ങുന്നതിന് തൊട്ടുമുമ്പ്‌, ഈ പുസ്തകം എഴുതിയ ‘കുറ്റ’ത്തിന്.

മധ്യപൂർവ്വദേശത്തെ, വിശേഷിച്ച് ഇറാനിലെയും അഫ്ഗാനിസ്താനിലെയും, ജനങ്ങൾ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്നത് പാഠപുസ്തകങ്ങളിൽ നിന്നല്ല, സ്വന്തം ജീവിതത്തിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. കുട്ടിക്കാലം മുതൽ സമഗ്രാധിപത്യത്തിന്റെ പീഡനമുറകൾ അവരുടെ ശരീരങ്ങൾ ഏറ്റുവാങ്ങുന്നു.

നർഗീസ് മൊഹമ്മദി

“ഒൻപത് വയസുള്ളപ്പോൾ മുതൽ കേട്ടു തുടങ്ങിയതാണ് ബന്ധുമിത്രാദികൾ നഷ്ടപ്പെട്ട അമ്മമാരുടെ വിലാപങ്ങൾ. അവരിൽ എന്റെ അമ്മയും മുത്തശ്ശിയും പെട്ടിരുന്നു. 19ാം വയസിൽ ഓറഞ്ച് കോട്ട് ഇട്ടതിന് എന്നെ അവർ അറസ്റ്റു ചെയ്തു. കോട്ടും തലപ്പാവും അണിഞ്ഞതിനാണ് മഹ്സ അമിനി അറസ്റ്റു ചെയ്യപ്പെട്ടതും പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെടുന്നതും (2022). ഹിജാബ് നിർബന്ധമാക്കിയ ഇസ്‍ലാമിക ഭരണകൂടത്തിന്റെ നീക്കത്തിനുപിന്നിൽ മതപരമായ കാരണങ്ങളോ സ്ത്രീകളുടെ മാനം കാക്കാനുള്ള വ്യഗ്രതയോ അല്ല, പിന്നയോ അവരെ അടിച്ചമർത്തി അതുവഴി ഇറാനിയൻ സമൂഹത്തിനുമേൽ സ്വന്തം ആധിപത്യം സ്ഥാപിക്കാനുള്ള ഗൂഡതന്ത്രമാണ്”, നർഗീസ് പറയുന്നു.
ഇതിനെതിരെ സ്ത്രീകൾ സംഘടിച്ചു തുടങ്ങിയതിന്റെ തെളിവായി ഈ പുസ്തകം നിൽക്കുന്നു, എഴുപതുകളിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യത്തെ ഓർമപ്പെടുത്തിക്കൊണ്ട്, “ഞങ്ങൾ സുന്ദരികളും വിരൂപകളുമല്ല, രോഷാകുലരാണ്”.

ഏകാന്ത തടവിനുമുമ്പ് നർഗീസ് മൊഹമ്മദിയെ പ്രാർത്ഥനാ മുറിയിലാണ് പാർപ്പിച്ചത്, 12 വയസ്സുള്ളൊരു പെൺകുട്ടിയുടെ കൂടെ. അയൽവാസിയെ പ്രണയിച്ചതിന് സ്വന്തം അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തടവിലാക്കപ്പെട്ടവൾ.

വിവരണാതീതമായ ഭരണകൂട ഭീകരതയുടെയും അതിനു നടുവിൽ പതറാതെ നിൽക്കുന്ന സ്ത്രീകളുടെയും അനുഭവകഥയാണ് വായനക്കാർക്കുമുന്നിൽ തെളിയുന്നത്. പ്രത്യേകിച്ച് ചെലവോ അദ്ധ്വാനമോ ഇല്ലാതെ മനുഷ്യന് സൃഷ്ടിക്കാൻ കഴിയുന്നതാണല്ലോ ഭീകരത. അതുകൊണ്ടാവാം സമഗ്രാധിപത്യം എവിടെയും ഭീകരതയിലൂടെ വളരുന്നതും വിളയുന്നതും. അറസ്റ്റു ചെയ്യുന്നതു മുതൽ തടവറയിൽ നിന്നുള്ള മോചനം വരെ ഇത് ദീർഘിക്കുന്നു.

പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പല സ്ത്രീകളെയും കസ്റ്റഡിയിലെടുത്തതു തന്നെ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നതിനിടയിലാണ്. കണ്ണുകൾ കെട്ടി പൊലീസ് വാഹനത്തിൽ ഊരും പേരുമില്ലാത്ത കെട്ടിടങ്ങളിലേക്കും അവിടെ നിന്ന് സെല്ലുകളിലേക്കുമാണ് യാത്ര. ചിലപ്പോൾ ഏകാന്ത തടവിനുമുമ്പ് ഒരുദിനം മറ്റു തടവുകാരുടെ കൂടെ പാർപ്പിച്ചാലായി.

Enter caption

മഹ്വാഷ് ഷാറിയറുടെ അനുഭവമതാണ്. രാത്രി 9 മണിക്കാണ് അവരെ പൊതു സെല്ലിലെത്തിച്ചത്. കൂരിരുട്ടും മരംകോച്ചുന്ന തണുപ്പും. ചുറ്റും മൂടിപ്പുതച്ചുകിടക്കുന്ന തടവുകാരും. തടവറയിലെ ആദ്യാനുഭവം. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷങ്ങൾ. ഒടുവിൽ, ശരീരം മരവിക്കാൻ തുടങ്ങിയപ്പോൾ, നിന്നിടത്തുതന്നെ ഇരുന്നു. തണുപ്പിൽനിന്ന് രക്ഷനേടാനായി കാല് തൊട്ടടുത്തു കിടന്ന തടവുകാരിയുടെ പുതപ്പിനടിയിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ അതിനെ വലിച്ചു മാറ്റി. പീഡകരുടെ ക്രൂരത പീഡിതരിലേക്കും പകർന്നാടുന്ന ഇടങ്ങളാണല്ലോ തടവറകൾ.

നർഗീസ് മൊഹമ്മദിയുടെ അനുഭവം മറ്റൊന്നാണ്. ഏകാന്ത തടവിനുമുമ്പ് അവരെ പ്രാർത്ഥനാ മുറിയിലാണ് പാർപ്പിച്ചത്, 12 വയസ്സുള്ളൊരു പെൺകുട്ടിയുടെ കൂടെ. അയൽവാസിയെ പ്രണയിച്ചതിന് സ്വന്തം അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തടവിലാക്കപ്പെട്ടവൾ. സമഗ്രാധിപത്യത്തിൽ മനുഷ്യർക്ക് പരസ്പരം സ്നേഹിക്കാനാവില്ല, അവർക്ക് ഭരണകൂടത്തെ മാത്രമെ സ്നേഹിക്കാനാവൂ. ഇതിന്റെ തെളിവാണ് ഭയചകിതയായ ആ പെൺകുട്ടി.

തടവുകാർ ജലപാനം നന്നേ കുറയ്ക്കും, രാത്രി പ്രത്യേകിച്ചും. ആഴ്ചയിലൊരിക്കൽ കുളിക്കാനും ശുദ്ധവായു ശ്വസിക്കാനും അര മണിക്കൂർ വീതം. മൂന്നുനേരവും തണുത്ത ആഹാരവും മുഖാവരണമിട്ടു മാത്രമുള്ള പുറം യാത്രകളും, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ, ചോദ്യം ചെയ്യലിന് വിധേയരാവാൻ ...

‘വെളുത്ത’ പീഡനം

ഏകാന്ത തടവുകാരെ പാർപ്പിക്കുന്ന സെല്ലിന്റെ ശരാശരി വലിപ്പം 3 x 2 മീറ്ററാണ്. വലിയ തീപ്പെട്ടിക്കൂട്. ഭാഗ്യമുണ്ടെങ്കിൽ കുറച്ചു കൂടി വലിയ സെൽ കിട്ടിയെന്നിരിക്കും. ചിലരെ ഇരുണ്ടതും മറ്റുചിലരെ സദാ കത്തിക്കിടക്കുന്ന ബൾബുകളുള്ളതുമായ (പല നിറത്തിലുള്ളത്) അറകളിലാണ് പാർപ്പിക്കുന്നത്. ചിലതിൽ ഓപ്പൺ ടോയ്ലെറ്റും കണ്ടെന്നിരിക്കും, ഒപ്പം അസഹ്യമായ ദുർഗന്ധവും. മറ്റുള്ളതിലെ അന്തേവാസികൾക്കാശ്രയം പൊതു ശൗച്യാലയമാണ്. ബെല്ലടിക്കുമ്പോൾ കാവൽക്കാർ അതിനാവശ്യമായ സൗകര്യം ചെയ്യണമെന്നാണ് നിയമമെങ്കിലും പലപ്പോഴും അവരത് ചെയ്യാറില്ല. തന്മൂലം തടവുകാർ ജലപാനം നന്നേ കുറയ്ക്കുന്നു, രാത്രി പ്രത്യേകിച്ചും. ആഴ്ചയിലൊരിക്കൽ കുളിക്കാനും ശുദ്ധവായു ശ്വസിക്കാനും അര മണിക്കൂർ വീതം. മൂന്നുനേരവും തണുത്ത ആഹാരവും മുഖാവരണമിട്ടു മാത്രമുള്ള പുറം യാത്രകളും, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ, ചോദ്യം ചെയ്യലിന് വിധേയരാവാൻ ...

ഇറാനിലെ ജിന്‍, ജിയാന്‍, ആസാദി സമരത്തില്‍ നിന്ന്

നർഗീസിന്റെ ഭാഷയിൽ പറഞ്ഞാൽ, “തടവറ ഒരധികാരവ്യവസ്ഥയാണ്. ഏകാന്തവാസം, ജയിൽ ഉദ്യോഗസ്ഥരുടെ രോഷപ്രകടനങ്ങൾ, പൊടിപടലങ്ങൾ പിടിച്ച തറയിൽ ചിതറിക്കിടക്കുന്ന ഉയിരറ്റ ക്ഷുദ്രജീവികൾ, മുഖാവരണങ്ങൾ, ശരീരത്തിനുചേരാത്ത പഴകിയ വസ്ത്രങ്ങൾ, രാപ്പകലില്ലാതെ ഭിത്തിയോട് മുഖാമുഖമിരുത്തി പുറകിൽനിന്ന് എയ്തുവിടുന്ന ജയിലധികൃതരുടെ ചോദ്യശരങ്ങൾ, കുറ്റവാളിയെന്ന ചാപ്പകുത്തൽ, സ്വന്തം കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, സഹതടവുകാരുടെ ദീനരോദനങ്ങൾ, കാവൽക്കാരുടെ ബൂട്ട്സിന്റെയും തടവറ വാതിലുകളുടെ തുറക്കൽ അടയ്ക്കലുകളുടെയും പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ, 24 മണിക്കൂറും സി.സി.ടി.വി വഴിയുള്ള നിരീക്ഷണം, പ്രാഥമിക കർമങ്ങൾ നിറവേറ്റാൻ പോകുമ്പോൾ പോലുമുള്ള ദേഹപരിശോധന, എല്ലാം ചേർന്ന് തടവുകാരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. സഹനത്തിന്റെ അവസാനത്തെ തുടിപ്പും അവരിൽ നിന്ന് ഊറ്റിക്കളയുന്നു”.
ഇതിനെയാണവർ ‘വെളുത്ത’ പീഡനമെന്നു വിളിക്കുന്നത്.

മനുഷ്യസ്പർശത്തിന്റെ അഭാവം ശരീരത്തെ അസ്ഥിരപ്പെടുത്തുകയും മനസിനെ താളം തെറ്റിക്കുകയും ചെയ്യുന്നു എന്ന് തടവുകാർ സാക്ഷ്യപ്പെടുത്തുന്നു.

തെളിവിനായി ശാരീരികമായി പീഡിപ്പിക്കുന്നതിനു പകരം (അത് ഇല്ലെന്നല്ല) തടവുകാരുടെ പ്രജ്ഞയുടെ താളം തെറ്റിക്കാനാണ് ശ്രമം, മനസും ശരീരവും തമ്മിലുള്ള ബന്ധം മുറിച്ചുകളയാൻ. തടവറകളുടെ തച്ചുശാസ്ത്രത്തിലൂടെയും അതിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലൂടെയും ചോദ്യം ചെയ്യലുകളിലൂടെയും രാവും പകലും തിരിച്ചറിയാനാവാത്തവിധം വെളിച്ചം നിയന്ത്രിച്ചും ‘വെളുത്ത’ പീഡനം പലവുരു പലരീതിയിൽ അവതരിക്കുന്നു. മനുഷ്യസ്പർശത്തിന്റെ അഭാവം ശരീരത്തെ അസ്ഥിരപ്പെടുത്തുകയും മനസിനെ താളം തെറ്റിക്കുകയും ചെയ്യുന്നു എന്ന് തടവുകാർ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ പ്രവൃത്തിയും നിലപാടുകളും സമൂഹത്തിന് ഹാനികരമാണെന്നും അതിനെ ഇല്ലായ്മ ചെയ്യാൻ ഏതറ്റംവരെയും തങ്ങൾ പോകുമെന്നും തടവുകാരെ, പ്രത്യേകിച്ച് സ്ത്രീകളെ, ബോധ്യപ്പെടുത്താനും അതിലൂടെ അവരെ നിയന്ത്രിക്കാനുമാണ് ഇവിടെ ഭരണകൂടം ഉദ്യമിക്കുന്നത്. സ്വന്തം മരണത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കാത്തൊരു ചുറ്റുപാടിലാണ് തങ്ങൾ പെട്ടിരിക്കുന്നതെന്നും ഇതിൽ നിന്നുള്ള മോചനത്തിന്റെ ഏകമാർഗ്ഗം കുറ്റം ഏറ്റുപറയുന്നതും പശ്ചാത്തപിക്കുന്നതും ഭരണകൂടവുമായുള്ള നിതാന്തമായ സഹകരണവുമാണെന്ന ബോധ്യം ഇത് സ്ത്രീകളിൽ സൃഷ്ടിക്കുന്നു.

ഇതിനെ രൂഢമൂലമാക്കാൻ പോരുന്നതാണ് തടവുകാരെ ചോദ്യം ചെയ്യുന്ന രീതി. നിഗര അഷ്റസദയുടെ അനുഭവം ഇത് സാക്ഷ്യപ്പെടുത്തുന്നു: “ചോദ്യംചെയ്യൽ വേളകളിൽ പലപ്പോഴും അവരെന്റെ കണ്ണുകൾ കെട്ടിയിരുന്നു. എനിക്കവരുടെ ശബ്ദം മാത്രം കേൾക്കാം. ദേഷ്യം വരുമ്പോൾ അവർ പലതും എന്റെ നേർക്ക് വലിച്ചെറിഞ്ഞു. ഒരിക്കൽ ഒരു ഗ്ലാസ് വെള്ളം തറയിലൊഴിക്കാനും ഒഴിച്ചത് കയ്യിലെടുക്കാനും ആവശ്യപ്പെട്ടു. മറ്റൊരിക്കൽ ചോദ്യം ചെയ്യുന്നയാൾ മൂക്ക് തുടച്ച കടലാസ് താഴെക്കെറിഞ്ഞിട്ട് സ്ത്രീകളെ ഈ വിധം ഉപയോഗിച്ച് വലിച്ചെറിയേണ്ടവരാണെന്ന് പറഞ്ഞു. വീണ്ടുമൊരിക്കൽ മക്കളുടെ ഫോട്ടോയിൽ ‘നികൃഷ്ടർ’ എന്നെഴുതാനും എന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് പറയാനുമാവശ്യപ്പെട്ടു. പിന്നീടിങ്ങോട്ട്, മക്കളുടെ ഫോട്ടോ മുന്നിൽവച്ചാണ് എന്നെ ചോദ്യം ചെയ്തിരുന്നത്”, അവർ പറയുന്നു.

മക്കളെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞും അവരുടെ ഫോട്ടോക്കു മുന്നിലിരുത്തിയും സ്ത്രീകളെ ചോദ്യം ചെയ്യുന്നതും അവരോട് സ്വന്തം ലൈംഗിക ജീവിതം വിവരിക്കാനാവശ്യപ്പെടുന്നതും ഇറാനിയൻ തടവറകളിലെ പതിവുരീതിയാണ്. പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 13 പേരും ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. സമഗ്രാധിപത്യം മനഷ്യമനസിനെയാണ് ബലാൽക്കാരം ചെയ്യുന്നത്, ഒരുതരം മനഹത്യ (menticide), എന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞൻ, ജൂസ്റ്റ് മീർലൂ പറഞ്ഞത് എത്രയോ വാസ്തവം (Joost Meerloo, The Rape of the mind).

ആൺകോയ്മയിൽ ഉറഞ്ഞുപോയൊരു സമൂഹം സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച ആധിപത്യത്തിന്റെയും ഭയപ്പാടിന്റെയും തനിയാവർത്തനമാണ് ജയിൽ ജീവിതം.

ഏകാന്ത തടവ്:
അനുഭവവും അതിജീവനവും

ഏകാന്തത്തടവ് ലോകത്തെയും ഒപ്പം ജീവിതത്തെയും ഒരു ചെറുവട്ടത്തിലേക്ക് ചുരുക്കുന്നു. കേൾക്കപ്പെടുമെന്നോ കാണപ്പെടുമെന്നോ ഉള്ള പ്രത്യാശയെയും സ്ഥലകാലങ്ങളെയും സമൂഹത്തെയുമെല്ലാം അത് ഓർമയിൽനിന്ന് മായ്ച്ചുകളയുന്നു. പുസ്തകത്തിൽ ഉൾപ്പെട്ടവർ പല രീതിയിലാണ് ഇതുമായി സമരസപ്പെട്ടത്: “ഒരു ഉറുമ്പിനെയെങ്കിലും കാണാനാവുമെന്ന പ്രത്യാശയിൽ, ഒരു ജീവന്റെ തുടിപ്പിനുവേണ്ടി, ഞാൻ തടവറ മുഴുവൻ അരിച്ചുപെറുക്കി. എപ്പോഴെങ്കിലും ഒന്നിനെ കാണുമ്പോൾ ഞാൻ അതിനോട് മണിക്കൂറുകളോളം സംസാരിച്ചു”- നിഗര അഷ്റസദയുടെ അനുഭവമാണിത്. വായിച്ച പുസ്തങ്ങളും ഇഷ്ടപ്പെട്ട ഗാനങ്ങളും ഓർക്കാനും അടുത്ത മുറിയിലെ തടവുകാരിയുമായി ഭിത്തിയിൽ തട്ടി ആശയവിനിമയം നടത്താനും ശ്രമിച്ചവർ, വിശുദ്ധ ഖുർആൻ വായിച്ച് സമയം ചെലവഴിച്ചവർ, ജയിലിനെ ക്ലാസ് മുറിയായി സങ്കല്പിച്ച് ക്ലാസെടുത്തവർ, കാലത്തെ അളക്കാൻ പൊയ്പ്പോയ ദിനങ്ങളെ വരകൊണ്ട് അടയാളപ്പെടുത്തിയവർ, താക്കോൽ പഴുതിലൂടെ പുറംലോകത്തെ കാണാൻ തുനിഞ്ഞവർ, 2x3 മീറ്റർ മാത്രം വിസ്തീർണ്ണമുള്ള സെല്ലിൽ ദിവസവും കിലോമീറ്ററുകളോളം നടന്നവർ, പ്രഭാതം മുതൽ പ്രദോഷം വരെയുള്ള സമയസഞ്ചാരം ആഹാരം വിളമ്പുന്നതനുസരിച്ച് തിട്ടപ്പെടുത്തിയവർ, കൊഴിഞ്ഞുവീണ സ്വന്തം തലമുടിച്ചുരുളുകൾ പെറുക്കി സമയം കഴിച്ചവരൊക്കെ ഇവരുടെ കൂട്ടത്തിലുണ്ട്.

എന്നാൽ ഇതിനിടയിലും ഇവർക്ക് പിടിച്ചുനിൽക്കാനും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനുമായത് നമ്മെ അത്ഭുതപ്പെടുത്തുന്നു. മാർഗരറ്റ് ആറ്റ് വുഡിന്റെ നോവലിലെ (The Hands maid’s Tale) ശവക്കല്ലറയിൽ എഴുതിവച്ച വാക്ക്, പ്രത്യാശയിൽ (In Hope), ഓർത്ത് ഒരുപക്ഷെ അവർ സമാശ്വസിച്ചിരിക്കും. ചിലപ്പോൾ അവർ, “പാതിജീവിതം
ജീവിക്കാത്ത ജീവിതമാണ്
പറയാതെപോയ വാക്കാണ്
മാറ്റിവച്ച മന്ദഹാസമാണ്‌
ഇല്ലാതെപോയ പ്രണയമാണ്
അറിയാതെപോയ സൗഹൃദമാണ്”
എന്ന ഖലീൽ ജിബ്രാന്റെ വരികളിൽ അഭയം കണ്ടെത്തിയിരിക്കും. ഒരുവേള, ഇതൊന്നുമാവില്ല, മരണത്തിന് തങ്ങളെ കൊല്ലാനേ കഴിയൂ എന്ന തിരിച്ചറിവിൽ നിന്നാവും അവർ ധൈര്യം കണ്ടെത്തിയത്. ഇതെന്തായാലും, മരണത്തിനു മുന്നിലും പ്രത്യാശയോടെ മുഴുജീവിതം ജീവിക്കാൻ തീരുമാനിച്ചവരാണ് ഈ പതിമൂന്നുപേരും.

ഇവരിൽ മാർസെ അമീറി പറയുന്നത്, സൂക്ഷ്മമായി വിലയിരുത്തിയാൽ, ‘വെളുത്ത’ പീഡനത്തെ അതിജീവിച്ചതിന്റെ ചിത്രം പൂർണമാവും. “ആൺകോയ്മയിൽ ഉറഞ്ഞുപോയൊരു സമൂഹം സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച ആധിപത്യത്തിന്റെയും ഭയപ്പാടിന്റെയും തനിയാവർത്തനമാണ് ജയിൽ ജീവിതം. പുറത്ത് എന്റെ അച്ഛനും സഹോദരന്മാരും സൃഷ്ടിച്ച അധികാരബന്ധങ്ങളുടെ തനിപ്പകർപ്പ്... ജയിലധികൃതർ ഉദ്യോഗസ്ഥർ മാത്രമല്ല, നിങ്ങളെ മിണ്ടാപ്രാണികളാക്കുന്ന ആണാധിപത്യത്തിന്റെ പ്രതിപുരുഷന്മാരുമാണ്. തന്മൂലം ഈ ഭേദ്യംചെയ്യലിൽ ഞങ്ങൾക്ക് പുതുമയൊന്നുമില്ല. പുറത്തനുഭവിച്ചത്, വ്യത്യസ്ത സാന്ദ്രതയിൽ, അകത്തും അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ പീഡകരുടെ മുന്നിലിരുന്നുകൊടുക്കുമ്പോൾ ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കും, ‘നിങ്ങളെ ഞങ്ങളുടെ ഇൻക്വിസിറ്ററാക്കുന്ന, ഞങ്ങളെ നിങ്ങളുടെ കീഴാളരാക്കുന്ന ഈ വ്യവസ്ഥിതിയെ ഞങ്ങൾ എതിർത്തുകൊണ്ടേയിരിക്കും’...”.

ഇത് ഇറാനിലെ സ്ത്രീകളുടെ മാത്രം പ്രശ്നമല്ല, ലോകത്തെമ്പാടുമുള്ള സ്ത്രീ അവസ്ഥയെക്കുറിച്ചുള്ളൊരു ഓർമപ്പെടുത്തൽ കൂടിയാണ്. ആത്യന്തികമായി, മനുഷ്യാവകാശം ഭൂപ്രദേശങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും മതങ്ങളെയും കവച്ചുപോകുന്നു. രാജ്യവും പ്രത്യയശാസ്ത്രവും മതവും ഏതായാലും മനുഷ്യജീവിതം ചതച്ചരയ്ക്കപ്പെടുന്നു, അധികാര വർഗ്ഗത്തിന് പാദസേവ ചെയ്യാത്തിടത്തോളം. പ്രതിസന്ധികളിൽ നമുക്ക് തുണയാവുന്നത് സാധാരണ മനുഷ്യരാണ്, ചരിത്രത്തിലോ വിപ്ലവത്തിലോ മോക്ഷത്തിലോ ഉള്ള വിശ്വാസമല്ല. ഇത്തരക്കാർ ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നവരായിരിക്കും. ഹന്നാ അരന്റിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘ചില മനുഷ്യർ’.

Comments