പല രാജ്യങ്ങൾ,
ചില സഞ്ചാരികൾ

എഴുത്തുകാരായ ഡോക്ടർമാരുടെ കൂട്ടായ്മയായ സെക്കൻ്റ് പെൻ പ്രസിദ്ധീകരിക്കുന്ന 'യാത്രാ സ്പന്ദനങ്ങൾ'ക്ക് എഴുതിയ മുഖവുര.

രായിരിക്കും ചരിത്രത്തിലെ ആദ്യത്തെ യാത്രികൻ?

ആഫ്രിക്കൻ കന്യാവനങ്ങളിലെ പരിചിതമായ ഇത്തിരി വട്ടത്തിനപ്പുറത്തെ കാഴ്ചകളുടെ അപരിചിതത്വം ആശ്ലേഷിക്കുവാൻ തുനിഞ്ഞ വിടർന്ന കണ്ണുകളുള്ള ആദിമനായിരിക്കുമോ? അതോ ഭക്ഷണ ദൗർലഭ്യം വന്നപ്പോൾ വനസ്ഥലികൾക്കപ്പുറത്ത് വിശപ്പടക്കാനുള്ള മാർഗ്ഗമുണ്ടോ എന്നാരാഞ്ഞ പ്രാചീനൻ?
അല്ലെങ്കിൽ വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് പൊറുതിമുട്ടി സുരക്ഷ തേടിയ കുടുംബനാഥനോ? അതുമല്ലെങ്കിൽ മലയടിവാരത്തിൽ നിന്നുയർന്ന മധുരശബ്ദം കേട്ട് ഋശ്യശൃംഗനെ പോലെ അന്വേഷിച്ചിറങ്ങിയ പ്രണയി?

സഞ്ചാരികളുടെ വംശം ഒരിക്കലും അന്യം നിന്നു പോവുന്നില്ല. മിഴികളിൽ ആകാംക്ഷയും സിരകളിൽ ഊർജ്ജവും മസ്തിഷ്കത്തിൽ ഉന്മാദവും പേറി ചിരഞ്ജീവിയായി പിന്നിൽ രൂപം കൊണ്ട ഓരോ കാലടിപ്പാടുകളും മായ്ച്ച് പുതിയ സഞ്ചാരിക്കായി ചരിത്രാതീതകാലം മുതൽ അവർ വഴിയൊരുക്കുന്നു, യാത്രയുടെ പുതുമ ഒട്ടും അപഹരിക്കാതെ തന്നെ.

ഗിൽഗമേഷും പെരിപ്ലസും

പൗസനിയാസിൻ്റെ ഹെല്ലഡോസ് പെരിജെസിസും അതീതകാല യാത്രികൻ്റെ നിഷ്കളങ്കമായ പിറവിയെ വേപഥുവാർന്ന കൈപ്പടകളിൽ രേഖപ്പെടുത്തി. ഗ്രീക്ക് മിഥോളജിയും ഇന്ത്യൻ ഇതിഹാസങ്ങളും സഞ്ചാരിയുടെ കഥകൾ പറയാൻ വെമ്പി. ഒഡീസിയസ്സിൻ്റെ യാത്രകളും രാമായണ പ്രോക്തമായ 14 വർഷത്തെ വനയാത്രയും പാണ്ഡവരുടെ വ്യാഴവട്ടക്കാലത്തെ ആരണ്യസഞ്ചാരങ്ങളും ഇതിഹാസ രചയിതാക്കളുടെ യാത്രകളോടും യാത്രാ വിവരണങ്ങളോടുമുള്ള ഗാഢമായ താൽപര്യത്തിൻ്റെ ആദിമരേഖകളാണ്.

യാത്രയുടെ അലൗകികമായ ആഹ്ളാദം കണ്ടെത്തിയ ഇരുപത്തി ഒന്നു പേർ അവരുടെ അനുഭവങ്ങൾ സൂക്ഷ്മവും സാന്ദ്രവുമായി രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ.

ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന അദ്വിതീയ മഹാകവി കാളിദാസൻ രചിച്ച മേഘസന്ദേശം എന്ന കാവ്യത്തിൽ വിന്ധ്യാ പർവതം മുതൽ അളകനന്ദ വരെയുള്ള ഭൂവിഭാഗങ്ങളുടെ യാത്രാചിത്രം അദ്ദേഹം വിസ്മയിപ്പിക്കുന്ന മനോഹാരിതയോടെ വാക്കുകളിൽ പകർത്തിയിട്ടുണ്ട്. സന്ദേശകാവ്യം എന്ന നിലയിൽ അർഹിച്ച പ്രശസ്തി യാത്രാവിവരണമികവിനെ മറികടന്നുവെങ്കിലും സഞ്ചാരസാഹിത്യത്തിൻ്റെ ആദിമൂലങ്ങളിലൊന്നായി പണ്ഡിതരായ സാഹിത്യവിദഗ്ദർ ഈ കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.

അഞ്ചാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും (AD 401-410 ) ഏഴാം നൂറ്റാണ്ടിലും (AD 630-645 ) ഇന്ത്യയിലെത്തിയ ചൈനീസ് ബുദ്ധമത സന്യാസിമാർ അവരുടെ യാത്രാരേഖകൾ ഭാവി തലമുറകൾക്കുവേണ്ടി കൈമാറുകയുണ്ടായി. ഫാഹിയാൻ 'ബൗദ്ധ രാജ്യങ്ങളുടെ രേഖ'യിലും ഹുയാൻ സാങ്ങിന്റെ പതിനഞ്ചു വാള്യങ്ങളുള്ള യാത്രാസ്മരണകളിലും രേഖപ്പെടുത്തിയ പ്രാചീന ഇന്ത്യൻ ഈടുവെപ്പുകൾ കണ്ട് ലോകം അമ്പരന്നു. അവരുടെ ഇന്ത്യൻ യാത്രാസ്മരണകൾ വിലതീരാത്ത അറിവുകളായി ചരിത്രത്തിൽ അനശ്വരസ്ഥാനം നേടി.

പതിമൂന്നാം നൂറ്റാണ്ടിൻ്റെ അവസാന പാദങ്ങളിൽ യൂറോപ്പിൽനിന്ന് തുടങ്ങി ഏഷ്യയിലും ചൈനയിലുമൊക്കെ സഞ്ചരിച്ച വെനീഷ്യൻ വ്യാപാരിയും സാഹസിക യാത്രാപ്രേമിയുമായിരുന്നു മാർക്കോ പോളോ. സഞ്ചാരസാഹിത്യരംഗത്തും സാഹസിക യാത്രാരംഗത്തും അൽഭുത പ്രതിഭയായിരുന്ന അദ്ദേഹം തൻ്റെ യാത്രാ വിവരണങ്ങൾ സമാഹരിച്ച പുസ്തകമാണ് Travels of Marcopolo.

പൗരസ്ത്യനാടുകളിലെ സമ്പൽസമൃദ്ധിയും പടയോട്ടങ്ങളും നാഗരികതയും മാർക്കോ പോളോ രേഖപ്പെടുത്തിയത് തികച്ചും അതിശയോക്തിപരമായിട്ടാണ് എന്നാണ് യൂറോപ്യന്മാർ അക്കാലത്ത് വിലയിരുത്തിയത്. കിഴക്കൻദിക്കിലെ യൂറോപ്യൻ അധിനിവേശത്തിന് മാർക്കോ പോളോയുടെ യാത്രാരേഖകൾ ഭംഗ്യന്തരേണ കാരണമായി എന്നും പറയാം.

തുഗ്ലക്കിൻ്റെ കാലത്ത്, 1340-കളിൽ ഇന്ത്യയിലെത്തിയ മൊറോക്കൻ സഞ്ചാരി ഇബ്നു ബത്തൂത്തയുടെ ‘രാജ്യങ്ങളിലെ വിചിത്രതകളെക്കുറിച്ചും സഞ്ചാരത്തിലെ അത്ഭുതങ്ങളേയും കുറിച്ച് വായനക്കാർക്ക് ഒരു ഉപഹാരം' എന്ന യാത്രാസ്മരണകൾ രിഹ്‌ല എന്ന പേരിൽ പ്രശസ്തമായി. യാത്ര എന്നർത്ഥം വരുന്ന ഈ പുസ്തകം ഇബ്ന് ജുസെയ് എന്ന സുഹൃത്ത് ഇബന് ബത്തൂത്തയുടെ ഡയറിക്കുറിപ്പുകൾ ആധാരമാക്കി രൂപം നൽകിയതാണ്. ആറു പ്രാവശ്യം കേരളം സന്ദർശിച്ച അദ്ദേഹമാണ് അന്നത്തെ കേരള സംസ്കാരത്തിൽ വെറ്റിലയുടെ പ്രാധാന്യത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയ സഞ്ചാരി.

പതിനെട്ടാം നൂറ്റാണ്ടിലാണ് സമുദ്ര യാത്രാവിവരണങ്ങൾ സാഹിത്യലോകത്ത് മേൽക്കൈ നേടുന്നത്. പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ എഴുതപ്പെട്ട രണ്ടു സാങ്കല്പിക കടൽ സഞ്ചാര വിവരണങ്ങൾ വായനക്കാർക്കിടയിൽ വ്യാപക അംഗീകാരം നേടി. 1719-ൽ ഡാനിയൽ ഡിഫോ എഴുതിയ റോബിൻസൺ ക്രൂസോയും 1726- ൽ ജോനാതൻ സ്വിഫ്റ്റ് എഴുതിയ ഗള്ളിവറുടെ യാത്രകളുമാണ് (Gulliver's travels) ആ ശാഖയുടെ അടയാളമായി മാറിയത്.

1340-കളിൽ ഇന്ത്യയിലെത്തിയ മൊറോക്കൻ സഞ്ചാരി ഇബ്നു ബത്തൂത്തയുടെ ‘രാജ്യങ്ങളിലെ വിചിത്രതകളെക്കുറിച്ചും സഞ്ചാരത്തിലെ അത്ഭുതങ്ങളേയും കുറിച്ച് വായനക്കാർക്ക് ഒരു ഉപഹാരം' എന്ന യാത്രാസ്മരണകൾ രിഹ്‌ല എന്ന പേരിൽ പ്രശസ്തമായി

ആധുനിക യൂറോപ്യൻ സാഹിത്യത്തിൽ യാത്രാവിവരണമെന്ന സാഹിത്യശാഖ ഗൗരവമാർജജിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൻ്റേയും ഇരുപതാം നൂറ്റാണ്ടിൻ്റേയും ആദ്യ പാദങ്ങളിൽ പിറന്നുവീണ രണ്ട് അസാധാരണ സഞ്ചാരികളിലൂടെയാണ്. ഡോ. ഡേവിഡ് ലിവിങ്സ്റ്റണിന്റെയും ജോൺ ഗുന്തറിൻ്റെയും യാത്രകൾ രണ്ടു നൂറ്റാണ്ടുകളെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിച്ചു. God, send me anywhere, only go with me എന്ന ലിവിങ്സ്റ്റണിന്റെ പ്രാർത്ഥന യാത്രകളോടുള്ള അദ്ദേഹത്തിൻ്റെ അദമ്യമായ അനുരാഗത്തെയും ധൈര്യത്തേയും ആത്മാർത്ഥതയേയും സാക്ഷാത്കരിക്കുന്നുണ്ട്. നാഗരികത സ്പർശിക്കാത്ത ആഫ്രിക്കൻ കൊടും വനാന്തരങ്ങളിൽ സ്നേഹവും ചികിത്സാമന്ത്രവും മാത്രം ആയുധമാക്കി നിർഭയനായി യാത്ര ചെയ്ത അദ്ദേഹം സാഹസിക യാത്രകൾക്ക് അത്ഭുതകരമായൊരു പുതുയുഗപ്പിറവി കുറിക്കുകയായിരുന്നു. 1875- ൽ പുറത്തുവന്ന, മിഷണറി ട്രാവൽസ് എന്ന് അദ്ദേഹം വിളിച്ച സഞ്ചാരരേഖ ഇംഗ്ലീഷ് ജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും വിസ്മയത്തിലാഴ്ത്തുകയും ചെയ്തു.

മരണമേ അഹങ്കരിക്കാതിരിക്കൂ എന്ന തീക്ഷ്ണമായ വിഷാദക്കുറിപ്പിലൂടെ ഇന്ന് ലോകം കൂടുതൽ ഓർക്കുന്ന ജോൺ ഗുന്തറാവട്ടെ തൻ്റെ ഇൻസൈഡ് സീരീസിലൂടെയാണ് യാത്രാവിവരണ രംഗത്ത് പ്രശസ്തനായത്. യൂറോപ്പിലും റഷ്യയിലും ആഫ്രിക്കയിലും ആസ്ട്രേലിയയിലും ന്യൂസിലാൻ്റിലും അമേരിക്കയിലെ 48 പ്രവിശ്യകളിലും സഞ്ചരിച്ച് തൻ്റെ ഇൻസൈഡ് സീരീസ് അദ്ദേഹം സഞ്ചാരസാഹിത്യത്തിൻ്റെ കൈപ്പുസ്തകമാക്കി മാറ്റി.

ഇന്ത്യയിലാവട്ടെ, മേഘസന്ദേശം മുതലുള്ള പ്രാചീന സന്ദേശകാവ്യങ്ങളാണ് ആദ്യകാലങ്ങളിൽ സഞ്ചാരസാഹിത്യത്തിൻ്റെ ധർമം കാവ്യങ്ങളിലൂടെ നിർവ്വഹിച്ചത്.

ആത്മീയതയെ ഭൗതികതയുടെ ചട്ടക്കൂടുകളിലൊതുക്കാൻ ശ്രമിച്ചപ്പോഴുണ്ടായ അസ്വാരസ്യങ്ങൾക്ക് പരിഹാരം തേടി പാറേമ്മാക്കൽ തോമ കത്തനാരും സുഹൃത്ത് കരിയാറ്റിൽ ഔസേപ്പു മൽപാനും റോമിൽ മാർപാപ്പയെ കാണാൻ പോയ എട്ടുവർഷത്തെ കഥ പറഞ്ഞ 'വർത്തമാന പുസ്തകം' കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ആദ്യ ലക്ഷണമൊത്ത സഞ്ചാരസാഹിത്യ കൃതിയായി രൂപാന്തരം കൊണ്ടു.

എസ്.കെ പൊറ്റക്കാട്

1940-കൾ മുതൽ ആധുനിക മലയാളത്തിൽ എസ്.കെ പൊറ്റക്കാട് എന്ന യാത്രയുടെ നിത്യകാമുകൻ ചന്ദ്രകാന്ത കല്പടവിലിരുന്ന് യാത്രാ സാഹിത്യത്തിന് നവ്യവും മധുരോദാരവുമായ ഭാഷ്യം നൽകാൻ വിജയകരമായി തുനിഞ്ഞു. തൻ്റെ നോവലുകളിൽ പോലും സപ്പർ സർക്കീട്ടു സംഘങ്ങളെ മാറ്റിനിർത്താൻ കഴിയാത്ത രീതിയിൽ ജീവിതം തന്നെ നിതാന്ത യാത്രയാക്കി ആ മഹാനായ എഴുത്തുകാരൻ. എം.ടിയുടെ ആൾക്കൂട്ടത്തിൽ തനിയെയും സക്കറിയയുടെ ആഫ്രിക്കൻ യാത്രയും ആഷാമേനോൻ്റെ അടരുന്ന കക്കകളും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വോൾഗയിലെ താമരപ്പൂക്കളും സച്ചിദാനന്ദൻ്റെ പല ലോകം പല കാലം തുടങ്ങി പല പ്രശസ്ത സാഹിത്യകാരന്മാരുടേയും കൃതികൾ മലയാള സഞ്ചാരസാഹിത്യത്തിൻ്റെ അന്തസ്സുയർത്തിട്ടുണ്ട്. ചിന്ത രവിയും രാജൻ കാക്കനാടനും അവരുടെ ഒപ്പം നിന്നു. ഇങ്ങേയറ്റത്ത് നിറഞ്ഞ പ്രതീക്ഷയുണർത്തി ശ്രീകാന്ത് കോട്ടയ്ക്കലിനെ പോലെയുള്ള പുതു തലമുറക്കാരും.

യാത്രകൾ അങ്ങനെ ഓരോ സഞ്ചാരിയേയും അടിമുടി നവീകരിക്കുന്നുണ്ട്. അത്തരം പുതുക്കിപ്പണിയലുകളാണ് യാത്രകളിലേക്ക് മനുഷ്യനെ മോഹിതനാക്കുന്നതും / Photo : Nihal Jabin

യാത്രകളുടെ പശ്ചാത്തലത്തിൽ സ്വന്തം വ്യക്തിത്വം പ്രതിഷ്ഠിച്ച്, എതിരാളിയുടെ പകുതി ശക്തി നേടിയെടുക്കുന്ന ഇതിഹാസ കഥാപാത്രം പോലെ ഓരോ യാത്രികനും തൻ്റെ സ്വത്വം പ്രപഞ്ചത്തോളം വികസ്വരമാക്കാനുള്ള അസുലഭാവസരം ഒരുക്കുകയാണ് ഓരോ യാത്രയും. തെക്കേ ആഫ്രിക്കയിലെത്തിയ മോഹൻദാസ് ആയിരുന്നില്ല തിരിച്ചെത്തുന്ന ഗാന്ധി. മലയയിലും ജപ്പാനിലും എത്തിയപ്പോഴാണ് തിളക്കുന്ന ഇന്ത്യൻ യുവത്വത്തിൻ്റെ ഐക്കൺ ആയി സുഭാഷ് ബോസ് തന്നെ തിരിച്ചറിഞ്ഞത്. നിർണ്ണായകമായ ആ പൗർണ്ണമി രാത്രിക്കുശേഷം നാല്പത്തിയഞ്ചു വർഷക്കാലം വടക്കേ ഇന്ത്യ മുഴുവൻ നടന്നു തീർത്ത ശാക്യമുനി ഓരോ ചുവടിലും സ്വയം പുതുക്കിക്കൊണ്ടിരുന്നു. അമ്മയെ കരയിച്ച് ദീക്ഷക്ക് അനുവാദം നേടിയ ശങ്കരൻ ഭാരതവർഷത്തിലുടനീളം നടത്തിയ ദിഗ്വിജയ പദയാത്രയിൽ ഉഭയ ഭാരതിയോടുള്ള മുഖാമുഖ മുഹൂർത്തത്തിൽ തൻ്റെ സന്യാസദീക്ഷയുടെ അപൂർവ ബലഹീനതകളിലൊന്ന് തൊട്ടറിഞ്ഞ് ഒരടി പിന്നോട്ടു വെച്ചത് നഷ്ടമായ തൻ്റെ അർദ്ധ നാരീശ്വരത്വത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. യാത്രകൾ അങ്ങനെ ഓരോ സഞ്ചാരിയേയും അടിമുടി നവീകരിക്കുന്നുണ്ട്. അത്തരം പുതുക്കിപ്പണിയലുകളാണ് യാത്രകളിലേക്ക് മനുഷ്യനെ മോഹിതനാക്കുന്നതും.

ഗാന്ധിജി, സുബാഷ് ചന്ദ്ര ബോസ്

ഈ നിറവുറ്റ പരിണതിയിലാണ് യാത്രാ സ്പന്ദനങ്ങളിലെ ലേഖനങ്ങൾ നമ്മുടെ ശ്രദ്ധ കവർന്നെടുക്കുന്നത്. 21 ഡോക്ടർമാർ ലോകത്തിൻ്റെ വ്യത്യസ്ത സംസ്കാങ്ങളുടെയും കാഴ്ചകളുടേയും മായിക പ്രപഞ്ചത്തിൻ്റെ പശ്ചാത്തലത്തിൽ സ്വയം നിർവചിക്കാൻ ശ്രമിക്കുന്നതിൻ്റെ ആത്മാർത്ഥമായ സാഹിത്യ പരിഭാഷകളാണിവ എന്ന് ഒറ്റ വാചകത്തിൽ സംഗ്രഹിക്കാം.

യാത്രികർ തെരഞ്ഞെടുക്കപ്പെട്ട ജനതയാണ്. ലൗകികർ ജീവസന്ധാരണത്തിന് യാത്രയിലേക്ക് ഉൻമുഖരാവുമ്പോൾ യാത്രികരാവട്ടെ സ്വത്വത്തിൻ്റെ ഗാഢമായ തിരിച്ചറിവുകളിലേക്കാണ് മുഖം ചേർക്കുന്നത്. യാത്ര പോയ ഒരാൾ പിന്നീടൊരിക്കലും യാത്ര ചെയ്യാത്ത ആ മനുഷ്യനല്ല. ഒരു നദിയിൽ രണ്ടാമതൊരിക്കലും ആരും കാലുകുത്തുന്നില്ല എന്ന ആ പ്രാചീന ജ്ഞാനി പറഞ്ഞതുപോലെ. യാത്രയിൽ അഹം എന്നെന്നേക്കുമായി നവീകരികരിക്കപ്പെടുന്നു. ശപിക്കപ്പെട്ട സ്വന്തം ഭൂതകാലം പിന്നിൽ തള്ളി പാപങ്ങളിൽ നിന്ന്, അതിൻ്റെ നീറുന്ന ഓർമ്മകളിൽ നിന്ന് അകലേക്ക് അകലേക്ക് നീങ്ങിനീങ്ങിപ്പോകുന്ന ഫ്ലയിങ് ഡച്ച്മാൻ യാത്രികരുടെ പ്രബലമായ ധാരയുടെ പ്രതിനിധിയാണ്. സ്വയം നവീകരിക്കപ്പെടുകയും പാപങ്ങളുടെ സ്മരണകളിൽ നിന്ന് മുക്തനാക്കപ്പെടുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് യാത്ര മനുഷ്യൻ്റെ ജനിതകത്തിൽ ഉൾച്ചേർക്കപ്പെട്ടത്.

യാത്രയുടെ അലൗകികമായ ആഹ്ളാദം കണ്ടെത്തിയ ഇരുപത്തി ഒന്നു പേർ അവരുടെ അനുഭവങ്ങൾ സൂക്ഷ്മവും സാന്ദ്രവുമായി രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. അവരെല്ലാവരും ചികിത്സകരാണ് എന്ന വസ്തുത തികച്ചും ആകസ്മികം മാത്രം. സ്വപ്ന സന്നിഭമായ ആ അനുഭവങ്ങൾ പ്രശസ്ത ചിത്രകാരൻ മദനൻ്റെ രേഖാഭാഷ്യത്തോടൊപ്പം ഇനി പ്രിയ വായനക്കാർക്ക്  സ്വന്തം.

Comments