‘ചിദംബര സ്മരണ’കളിലെ ചുവന്ന സന്ധ്യ,
‘ആൾക്കൂട്ട’ത്തിന്റെ ഓറഞ്ച് ഛായ;
ഇ- ബുക്കുകാലത്തെ പേപ്പർ പുസ്തക സന്ദർഭങ്ങൾ
‘ചിദംബര സ്മരണ’കളിലെ ചുവന്ന സന്ധ്യ, ‘ആൾക്കൂട്ട’ത്തിന്റെ ഓറഞ്ച് ഛായ; ഇ- ബുക്കുകാലത്തെ പേപ്പർ പുസ്തക സന്ദർഭങ്ങൾ
വായനയുടെ പൊതുവായ ലക്ഷ്യത്തെ അതിലംഘിക്കുന്ന ഒരു സാംസ്‌കാരിക വസ്തുവായി, മനുഷ്യജീവിതത്തിനോടിഴചേര്‍ന്ന ഒരു ഭൗതിക സാമഗ്രിയായി പേപ്പര്‍ പുസ്തകങ്ങള്‍ മാറിയിട്ടുണ്ടെന്നതിനെ നിരാകരിക്കാനാവില്ല. പുരോഗമിച്ച ഒരു പോസ്റ്റ് ഹ്യൂമന്‍ കാലത്ത് അവയൊരു മ്യൂസിയം പീസായി മാറിയാല്‍ത്തന്നെ സുദീര്‍ഘമായ മനുഷ്യജീവചരിത്രത്തിലെ അവന്റെ/ അവളുടെ അനുഭൂതിജീവിതത്തിന്റെയും ജ്ഞാനജീവിതത്തിന്റെയും ഏറ്റവും ദീപ്തമായ ഓര്‍മയായി അതുണ്ടാകും.
1 Mar 2023, 09:07 AM
ഒരു നീണ്ട ബസ് യാത്രയിലായിരുന്നു.
പുറത്ത് എന്‍.എച്ച് വീതികൂട്ടല്‍ തകൃതി. തിരക്ക്. യാത്രയുടെ നീളം ഇനിയും നീളും എന്നര്‍ത്ഥം. ബസില്‍ മോഷന്‍ സിക്ക്‌നെസും കൂടെ കയറുന്നതുകൊണ്ട് രണ്ടേ രണ്ടു സാധ്യതകളേ മുമ്പിലുള്ളൂ. സ്‌പോട്ടിഫയ്യോ സ്റ്റോറിടെല്ലോ... എന്റെ ഹിന്ദുസ്ഥാനി പ്ലേ ലിസ്റ്റ്, അല്ലെങ്കില്‍ പാതികേട്ടു നിര്‍ത്തിയ ഏതെങ്കിലും പുസ്തകത്തിന്റെ ഒച്ച. എന്തുവേണം? ഗൂഗിളെടുത്ത് ഫ്ലിപ് എ കോയിന്‍ ചെയ്തു. വാല്‍, വാല്‍, പിന്നേം വാല്‍. തല വീഴുന്നേയില്ല. തലയിലാണെന്റെ സ്‌പോട്ടിഫൈ. ഒടുക്കം ഒരു ഫ്ലിപ്പ്ഡ് കോയിനില്‍ എന്തിരിക്കുന്നു എന്ന് ചിറികോട്ടി ഞാന്‍ സ്‌പോട്ടിഫയിലേക്കിറങ്ങി. കഠിനമായ പരിശ്രമങ്ങള്‍ക്കും നീക്കുപോക്കുകള്‍ക്കുമൊടുവില്‍ മനോഹരമായ ഇസ്തിരിയിട്ട ഒച്ചയിലൊഴുകുന്നു ഓഡിയോ ബുക്കുകളുമായി ഞാന്‍ രമ്യതയിലെത്തിയെങ്കിലും സ്റ്റോറിടെല്ലും ഓഡിബിളും മാറി മാറി പ്രയോഗിച്ചു നോക്കിയെങ്കിലും ഒരു പുസ്തകം വായിക്കുന്നതിന്റെ ആദ്യതെരഞ്ഞെടുപ്പുകളിലൊന്നും അവ പെട്ടതേയില്ല. അവയെന്റെ സെക്കൻറ് ഓപ്ഷന്‍ ആയി എല്ലായ്പ്പോഴും ചുരുങ്ങി.
എത്ര പുസ്തകവും നിഷ്പ്രയാസം കയ്യില്‍ കൊണ്ടുനടക്കാം, ഏതിരുട്ടത്തും വായിക്കാം തുടങ്ങിയ അനേകം സാധ്യതകളുമായി വന്ന ഇ- റീഡറുകളും എന്റെ മൂരാച്ചിത്തരത്തിനു മുമ്പില്‍ തേഡ് ഒപ്ഷനായി തീര്‍ന്നിരുന്നു. വായനയുടെ മാറിക്കൊണ്ടിരിക്കുന്ന മീഡിയങ്ങളെ നിരാകരിച്ച്, പഴയകാല ഔന്നത്യത്തില്‍ വിരാജിക്കുന്ന ‘അമ്മാവന്‍ സിന്‍ഡ്രോം’ എന്നെ ബാധിക്കുകയാണോ എന്ന anxiety അപ്പോള്‍ കഠിനമായി.
എന്തുകൊണ്ടിങ്ങനെ?
ക്ലീഷേ വിരോധം എന്റെ രക്തത്തിലുള്ളതാണ് (LOL). എങ്ങനെയെന്നുവെച്ചാല്‍, ‘എന്റെ രക്തത്തിലുള്ളതാണ്’ എന്ന വാക്യമെഴുതിയാല്‍ അതിനകത്തുള്ള ‘രക്തത്തിലുള്ളത്’ എന്ന ക്ലീഷേയെ ഞൊടിയിടയില്‍ ഡിറ്റക്റ്റ് ചെയ്ത് മായ്ച്ച് കളയുന്ന വിധം. ആ ഞാനാണ് പുസ്തകത്തിന്റെ മണമെന്നൊക്കെയുളള നൊസ്റ്റാള്‍ജിയയില്‍ അഭിരമിക്കുന്നത്. ഇ- ബുക്കും ഓഡിയോ ബുക്കുമൊക്കെ മാറ്റി വെച്ച് പേപ്പര്‍ പുസ്തകം കയ്യിലെടുത്ത് കസേരയില്‍ ചാഞ്ഞിരുന്ന് താളുകളായി വായിച്ചുമറിച്ചുതീരുമ്പോഴുള്ള ആനന്ദത്തില്‍ മാത്രം വിശ്വസിക്കുന്നത്. കഷ്ടം! മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ ചെയ്തതതു പോലെ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ബാല്യകാലത്തേക്ക് സൈക്കിളെടുത്തുപോണം. ചെവിയില്‍ ബാല്യകാലത്തിന്റെ മനോഹാരിതകളെപ്പറ്റിയുളള ഗസലിന്റെ ബി ജി എം കൂടിയുണ്ടാകുമ്പോ സംഗതി എളുപ്പമാണ്.
അതിസാധാരണക്കാരിയായ ഒരാളുടെ ഓര്‍മകളും അനുഭവങ്ങളും അനേകരുടെതുമായി ഇഴപിരിഞ്ഞതോ ചില്ലറ മാറ്റങ്ങളോടോ മിശ്രണങ്ങളോടോ കൂടിയ ആവര്‍ത്തനങ്ങളോ ആവുമല്ലോ. കുട്ടിക്കാലത്ത് പുസ്തകബന്ധമുണ്ടായിരുന്ന പലര്‍ക്കും അവരുടെ അനുഭവചോരണമല്ലേ ഇത് എന്ന ആശങ്ക തോന്നിയേക്കാം. തനിക്ക് അമ്മാവന്‍ / അമ്മായി സിന്‍ഡ്രമാണോ എന്ന് കുറ്റബോധം തോന്നുന്നവര്‍ക്ക് ഒരു ശമനവുമായേക്കാം.
വായനയെന്നാല്‍ പേപ്പറില്‍ പല വലുപ്പത്തില്‍ കാണുന്ന കറുത്ത അക്ഷരങള്‍ എന്ന അര്‍ത്ഥം മാത്രമുണ്ടായിരുന്ന കുട്ടിക്കാലത്ത് പലവിധ ബാലസാഹിത്യങ്ങളും ബാലപ്രസിദ്ധീകരണങ്ങളും വായിച്ചു കൂട്ടിയിരുന്നെങ്കിലും പുസ്തകം അതിന്റെ രൂപം എന്ന നിലക്ക് എന്റെ ആലോചനയില്‍ പിടിച്ചു കയറിയത് കുമാരനാശാന്റെ കരുണയിലൂടെയാണ്. ഞാന്‍ സ്വന്തമാക്കിയ ആദ്യത്തെ പുസ്തകം. എന്നെ കൂട്ടാതെ ദീര്‍ഘയാത്ര നടത്തിയതിന് പകരമായി ഉമ്മയുമുപ്പയും ബസ് സ്റ്റാന്‍ഡിനരികിലെ പഴയ പുസ്തകക്കടയില്‍ നിന്ന് വാങ്ങിത്തന്ന കാരുണ്യം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇറക്കിയതാണെന്നു തോന്നുന്നു. ഗോഡൗണില്‍നിന്ന് പുറത്തിറക്കപ്പെട്ട വര്‍ഷങ്ങള്‍ പഴക്കമുള്ള ഒന്ന്. വളരെ ചെറുത്. മഞ്ഞച്ച കട്ടിയുള്ള പേജുകള്‍. അതിന്റെ അറ്റത്ത് തൊട്ടാല്‍ പൊടിയും. കാലപ്പഴക്കത്തിന്റെ മണം. കരുണയാകട്ടെ ഒരു പ്രൈമറി സ്‌കൂള്‍ കുട്ടിക്ക് അപ്രാപ്യമായ വാക്കും പൊരുളും. താഴെ ഫൂട്ട് നോട്ടായി നല്‍കിയ അര്‍ത്ഥവും വിശദീകരണവും നോക്കിനോക്കി അത് വായിച്ചുതീര്‍ത്ത നിമിഷവും അതിന്റെ പൊടിഞ്ഞു തുടങ്ങുന്ന പേജുകളും നീലച്ചട്ടയും ചേര്‍ന്ന രൂപവും ഒന്നിച്ചുണ്ടാക്കിയ ഒരു ആനന്ദത്തെ തള്ളിക്കളയുന്നത് എളുപ്പമല്ല.
വേനലവധി മാങ്ങാക്കാലമായിരുന്നു. പുസ്തകക്കാലവും. ഒഴിഞ്ഞ സ്‌കൂളിന്റെ ക്ലാസ് മുറികളില്‍ ഒരു ബക്കറ്റ് മാങ്ങയും ഒരട്ടി പുസ്തകവും കൊണ്ട് വൈകുന്നേരത്തെ കളി നേരം വരെ ഒറ്റക്കിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. സ്‌കൂളിന്റെ അയല്‍പക്കക്കാരിയായ ഒരുത്തി. അവളുടെ കൈയിലെ മാങ്ങാചാറു പുരണ്ട അനേകം പുസ്തകങ്ങള്‍ ആ സ്‌കൂള്‍ ലൈബ്രറിയില്‍ കാണും.
ഒരു പുസ്തകം കയ്യിലെടുക്കുമ്പോള്‍, സ്വരൂപിയായ അതിന്റെ പേജുകള്‍ മറിക്കുമ്പോള്‍ എന്താണൊരാളില്‍ സംഭവിക്കുന്നത്! ഓരോ പുസ്തകത്തിനും അതിന്റെ ഉള്ളടക്കത്തിനപ്പുറത്ത് സ്വരൂപം നിര്‍മിച്ചെടുക്കുന്ന ഒരസ്ഥിത്വമുണ്ടെന്ന ഒരു അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. ഇ- റീഡറുകളോ ഓഡിയോ ഫോര്‍മാറ്റുകളോ ആദ്യ പരിഗണനയില്‍ വരുന്നവരുമുണ്ടാകും. പല സമയങ്ങളിലും നീണ്ടയാത്രകളിലും പ്രഭാത നടത്തങ്ങളിലും അടുക്കളനേരങ്ങളിലുമൊക്കെ കൂടെകൂട്ടാവുന്ന ഒന്നായി ഓഡിയോ ബുക്ക് വായിക്കുന്നവരുണ്ടാകും. ലഭ്യത, വിലക്കുറവ്, ഫോണ്ടുകളുടെയും ബാക്ക്ഗ്രൗണ്ട് ലൈറ്റുകളുടെയും ഫ്ലെക്‌സിസിബിലിറ്റി, സെര്‍ച്ചിംഗ് സാധ്യതകള്‍ തുടങ്ങിയ അനേകം കാരണങ്ങളാല്‍ ഇ- ബുക്കുകൾ ഉപയോഗിക്കുന്നവരുമുണ്ടാകും. പുതിയ കാലത്ത് പേപ്പര്‍ പുസ്തകങ്ങളുടെ ആവശ്യകത നഷ്ടപ്പെടുന്നു എന്നും അവയോടുള്ള പ്രതിപത്തി മാറ്റത്തിന് പുറം തിരിഞ്ഞുനില്‍ക്കുന്നവരുടേതാണ് എന്നും വാദമുണ്ടാകുന്നു. പുസ്തകമെന്നാല്‍ രണ്ട് കട്ടിച്ചട്ടയ്ക്കകത്തെ പേപ്പറടുക്കുകളുടെ വായനയാണെന്ന വാദക്കാരുമുണ്ട്. ഇതു രണ്ടിനുമിടയില്‍ നിന്ന് പേപ്പര്‍ പുസ്തകങ്ങളുടെ അനുഭവം എന്നൊന്നുണ്ട് എന്ന് പറഞ്ഞുനോക്കുകയായിരുന്നു.
പുസ്തകങ്ങള്‍ ഓരോന്നിനും അവയുടെ ഉള്ളടക്കത്തിനെ പൂരിപ്പിക്കുന്ന വിധത്തിലുള്ള രൂപങ്ങളാകാമെന്നു തോന്നുന്നു. വലിയ അക്ഷരങ്ങളും നിറയേ ചിത്രങ്ങളുമുള്ള ബാലസാഹിത്യങ്ങള്‍. ചട്ടയില്‍ നിറങ്ങള്‍. ആകര്‍ഷിക്കുന്ന ലേ ഔട്ടുകള്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി ഇറക്കുന്ന പുസ്തകങ്ങള്‍ പോലുള്ളവ. സ്‌കൂള്‍ അധ്യാപികയായിരുന്ന കാലത്ത് ഇത്തരം പൂമ്പാറ്റയുടുപ്പിട്ട പുസ്തകങ്ങള്‍ മേശപ്പുറത്ത് നിരത്തിവെച്ച് വായനപ്രിയരായ കുട്ടികളെ മോഹിപ്പിച്ചിരുന്നു. ഈ പ്രലോഭനത്തില്‍ മയങ്ങി ക്ലാസ് റൂമില്‍ ഇരുന്നും കിടന്നും മറിഞ്ഞും വായിക്കുന്ന കുട്ടികള്‍ ആനന്ദകരമായ കാഴ്ചയായിരുന്നു. മുതിരുമ്പോള്‍ നമ്മുടെ പുസ്തക വലിപ്പം ചെറുതാകുന്നു. അക്ഷരങ്ങളും . പേജുകളുടെ എണ്ണം കൂടുന്നു. പുറംചട്ടയിലെ ലേ ഔട്ടും ചിത്രവും ഫോണ്ടുകളും സ്ട്രക്ചറും പുസ്തകത്തിന്റെയകത്തുള്ളുതിന്റെ ആമുഖമാകുന്നു. നമ്പൂതിരി ചിത്രങ്ങള്‍ നിറഞ്ഞ ബഷീര്‍ കൃതികള്‍, വെള്ളപ്രതലത്തിലെ കറുത്ത വരകള്‍, പേജുകളുടെ കനക്കുറവ്, കഥാസരിത് സാഗരത്തിന്റെ ഗംഭീര വലുപ്പം, ഒളിച്ചും പാത്തും വായിച്ച ആയിരത്തൊന്നു രാവുകളുടെ ഹാര്‍ഡ്ബൗണ്ട് ചട്ട, അതിന്റെ മിനുമിനുത്തേ പേജുകള്‍ ... ആലോചിക്കുമ്പോള്‍ വായനയോര്‍മകളുമായി ഇഴപിരിഞ്ഞ് പുസ്തകസ്വരൂപമുണ്ടെന്നു കാണാം.
ആള്‍ക്കൂട്ടത്തിന്റെ ഓറഞ്ച് ഛായയുള്ള ചട്ട , അതുള്‍ക്കൊള്ളുന്ന ചൂട്, വിഷകന്യകയുടെ കരിനീലിമ, ലന്തന്‍ബത്തേരിയിലെ ലുത്തിനിയികളുടെ തൂവലും നീലിമയും ഇണ ചേര്‍ന്ന നില്പ്... പിന്നീട് ഇംഗ്ലീഷ് പുസ്തകങ്ങളിലേക്ക് നോട്ടമെത്തിയപ്പോള്‍ കണ്ട കനക്കുറവിന്റെ സുഖം, പരമ്പരാഗത പുസ്തക സൈസുകളെ അതിലംഘിച്ച പരീക്ഷണരൂപിയായ പുസ്തകങ്ങള്‍, സ്റ്റാന്‍ഡേഡ് സൈസ് പുസ്തകങ്ങള്‍, കിംഗ് സൈസുകാര്‍ , പോക്കറ്റ് സൈസുകള്‍, എം.പി. പ്രതീഷിന്റെ മീന്‍പാത പോലെ പുസ്തക സങ്കല്പങ്ങളുടെ പാരലലായി നില്‍ക്കുന്നവയുടെ ഒതുക്കവും സൂക്ഷമതയും, റോബര്‍ട്ട് ബൊലാനോയുടെ 2666 ന്റെ ചട്ടയിലെ ഒറ്റക്കണ്ണ്, Francesca Stra Kopulou യുടെ God An Anatomy ക്ക് പുറത്തെ സ്വര്‍ണപാദങ്ങള്‍, അകത്തെ കളര്‍ചിത്രങ്ങള്‍, പണ്ടു വായിച്ച വലിപ്പം കൂടിയ റഷ്യന്‍ കഥാപുസ്തകത്തിലെ കോഴിക്കുഞ്ഞും താറാക്കുഞ്ഞും, സ്‌കൂള്‍ ലൈബ്രറിയിലെ ബാല്യകാലസഖിയിലെ കീറിപ്പോയ നാല് പുറം, കോളേജ് ലൈബ്രറിയിലെ കാര്‍ഡ്‌ബോര്‍ഡ് ചട്ട വെച്ച് ഫാന്‍സി പേപ്പര്‍ ഒട്ടിച്ച ഉമ്മാച്ചു, ചിദംബരസ്മരണകളുടെ പുറത്തും പേജിലാകയും അനുഭവപ്പെട്ട ചുവന്ന സന്ധ്യ. . . അകമോ പുറമോ രൂപമോ ഉളളടക്കമോ വ്യവഛേദിച്ച് ഓര്‍മിക്കാനാവാത്ത അനേകം പുസ്തകങ്ങള്‍, അവയുടെ ഓര്‍മയില്‍ തെളിയുന്ന കാലം, സന്ദര്‍ഭങ്ങള്‍, മനുഷ്യര്‍, ഇടങ്ങള്‍ ... പേപ്പര്‍ പുസ്തകങ്ങള്‍ ഓര്‍മകളിലെഴുതി വെക്കുന്ന അവരവരെപ്പറ്റിയുള്ള ചരിത്രങ്ങള്‍ ഇ- ബുക്കുകള്‍ക്കാവുമോ?
പേപ്പര്‍ രൂപിയായ പുസ്തങ്ങള്‍ വായിക്കുമ്പോള്‍ ഇ- ബുക്കുകളുടെ വായന നല്‍കുന്നതിനേക്കാള്‍ ഉള്ളടക്കത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന തരത്തില്‍ കണ്ടെത്തലുകള്‍ നടത്തിയ ധാരാളം പഠനങ്ങളുണ്ട്. അതുമാറ്റി വെച്ചാല്‍ തന്നെ നമുക്കറിയാവുന്ന പല മനുഷ്യരുടെയും അനുഭവങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍, സ്വന്തം അനുഭവങ്ങളും കൂട്ടി നോക്കുമ്പോള്‍ ഓഡിയോ ബുക്കുകളേക്കാള്‍, ഇ- ബുക്കുകളേക്കാള്‍ പേപ്പര്‍ ബുക്കുകള്‍ക്ക് ഉള്ളടക്ക പ്രകരണശേഷിയുള്ളതായി തോന്നും. സ്പര്‍ശമുളവാക്കുന്ന ഉദ്ദീപനങ്ങളായിരിക്കുമോ കാരണം? കുട്ടികള്‍ ഇപ്പോഴും പഠിക്കാന്‍ പി.ഡി.എഫുകള്‍ പ്രിന്റെടുക്കുന്നതെന്തിനാവും? നാമൊരിടത്തിരിക്കുന്നു. അല്ലെങ്കില്‍ കിടക്കുന്നു, നില്‍ക്കുന്നവരേയും കണ്ടിട്ടുണ്ട്. പ്രിയപ്പെട്ട, സൗകര്യപ്രദമായ, ലഭ്യമായ ഒരിടത്ത്. എന്നിട്ട് പുസ്തകം കയ്യിലെടുക്കുന്നു. പേജുകള്‍ സ്പര്‍ശിക്കുന്നു. പുതിയതാകാം, തുടര്‍ച്ചയാകാം. ചിലപ്പോള്‍ ഭംഗിയുള്ള ഒരു ബുക്മാര്‍ക്ക് ഉണ്ടായേക്കാം. എന്നിട്ട് ഓരോരോ പേജുകളായി വായിക്കുന്നു. തീരുമ്പോള്‍ അടുത്ത പേജ് മറിക്കുന്നു. ഈ മറിക്കുന്നതില്‍ സൂക്ഷമമായ ഒരാനന്ദമുണ്ട്. ഈ പേജ് തീര്‍ന്നതിന്റെ, അടുത്ത പേജിനെച്ചൊല്ലിയുള്ള പ്രതീക്ഷകളുടെ. ആ വിരല്‍ചലനങ്ങളുടെപോലും. അതുകൊണ്ടായിരിക്കില്ലേ ഇ- ബുക്കുകളില്‍ പേപ്പര്‍ മറിക്കുന്നതിന്റെ സ്റ്റിമുലേഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?
വായിച്ചുതീരുന്നതിനെ ജീവിച്ചുതീരലായി സങ്കല്പിക്കുന്നവരുണ്ടാകും. പ്രത്യേകിച്ചും ഫിക്ഷന്‍ വായനക്കാര്‍. ഏകാന്തതയുടെ നൂറു വര്‍ഷത്തില്‍ പെട്ടു പോയവര്‍, സിമനണിന്റെ ത്രില്ലറിനകത്ത് കൂടുങ്ങിയവര്‍, ഒരു പുസ്തകത്തെ ഒരു ഗ്രന്ഥപ്പുരയായി തന്നെ വിചാരിക്കുന്നവര്‍, ഒരു കവിത വായിച്ചു തീര്‍ത്ത് അതിന്റെ പേജുകളില്‍ തെരുപ്പിടിപ്പിച്ച് നിശ്ശബ്ദം നില്‍ക്കുന്നവരുണ്ടാക്കാം. ആഹ്ലാദം കൊണ്ട് വിടര്‍ന്നു ചിരിച്ചവരുണ്ടാകാം, ഒരു ചൈനീസ് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ വായിച്ചിട്ട് എക്സൈറ്റഡായവരുണ്ടാകാം, ഇഷ്ട കഥാപാത്രത്തിന്റെ നോവില്‍ ചേര്‍ന്ന് കണ്ണ് നനഞ്ഞവരുണ്ടാകാം. ഈ അനുഭൂതികളുടെയെല്ലാം നൂലിഴയായി നേര്‍ത്ത, ദുര്‍ബ്ബലമായ, നനഞ്ഞാലോ, കീറിയാലോ കേടു വരുന്ന പേപ്പര്‍ താളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്; അത്തരത്തിലതിനെ വീക്ഷിക്കുന്നവര്‍ക്കെങ്കിലും.
പേപ്പര്‍സ്വരൂപിയായ പുസ്തകത്തെ ഒരു ആര്‍ട്ട്പീസായി അനുഭവപ്പെടാറുണ്ട്. മേശപ്പുറത്ത്, ബാഗില്‍, ഷെല്‍ഫില്‍, തറയില്‍, ഇരിക്കുന്നിടത്ത് പുസ്തകമെരു സൂക്ഷമമായ കലാവസ്തുവായി പരിണമിക്കുന്നു. ആയിടത്തിന്റെ ആസ്വാദ്യതയെ അത് പുതുക്കുന്നു.
പുസ്തകത്തിന്റെ മണമുള്ള സുഗന്ധലായനി ഉണ്ടാക്കി വില്‍ക്കുന്നതിനെ പറ്റി വായിച്ചിരുന്നു. അതോ ചുമ്മാ ആലോചിച്ച് കൂട്ടിയതാണോ? എന്തായിരുന്നാലും പുസ്തകമണം ഒരു സത്യമാണ്. പുതിയ പാഠപുസ്തകങ്ങളിലാണ് ഞാനത് ഏറ്റവും അനുഭവിച്ചിട്ടുള്ളത്. പേപ്പറിലും പശയിലും നൂലിലും ഒക്കെ അടങ്ങിയ രാസവസ്തുക്കളും അടഞ്ഞിരുന്ന കാലവുമൊക്കെ ചേര്‍ത്ത കുഴമ്പിയ മണം. പുസ്തകശാലയില്‍ ഒരു പുസ്തകം തുറന്ന് ആഞ്ഞുമണക്കുന്നവരെ കണ്ടിട്ടുണ്ട്. പുതിയ പുസ്തകങ്ങളുടെ മണം ശാന്തത നല്‍കുന്നുവെന്ന് പറഞ്ഞവരെയും അത്യാഹ്ലാദം നല്‍കുന്നുവെന്ന് പറഞ്ഞവരെയും പരിചയമുണ്ട്. പുസ്തകങ്ങളുടെ മണം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭൂതിയാകാം. ചിലര്‍ക്കത് അത്ര തന്നെ താത്പര്യമില്ലാത്ത ഒരു പ്രത്യേകതയാകാം. ഭാവിയില്‍ കൃത്രിമമായി പുസ്തകമണമുണ്ടാക്കുന്ന ഇ റീഡറുകള്‍ തന്നെ വന്നേക്കാം. അതോ വന്നുകഴിഞ്ഞോ?
സ്വന്തം കാശ് കൊടുത്ത വാങ്ങിയ പുസ്തകം, കടം വാങ്ങിയ പുസ്തകം, സമ്മാനം കിട്ടിയ പുസ്തകം, ലൈബ്രറിയിലെ പുസ്തകം, മോഷ്ടിച്ച പുസ്തകം, വിശേഷാവസരങ്ങളുടെ ഓര്‍മയ്ക്ക് വാങ്ങുന്നവ, തോറ്റ പ്രണയത്തിനും , കൂടെച്ചേര്‍ന്ന ജീവിതത്തിനുമൊക്കെ മേലൊപ്പ് ചാര്‍ത്തുന്നവ, ഹോസ്റ്റലില്‍ തലമുറ കൈമാറി വരുന്ന രഹസ്യ പുസ്തകങ്ങള്‍, പഴയ പാട്ടുപുസ്തകങ്ങള്‍, അരികുകളില്‍ നോട്ടെഴുതിയ, അടിവരയിട്ട പലര്‍ വായിച്ച പുസ്തകങ്ങള്‍, മയില്‍പ്പീലിയോ ഇലയോ വെച്ച പുസ്തകങ്ങള്‍... അവ പലതരം ഓര്‍മകളുടെയും അനുഭൂതികളുടെയും വാഹകരാണ്. ലൈബ്രറിയില്‍ നിന്നെടുത്ത പത്മരാജന്‍ കഥകളുടെ പുസ്തകത്തില്‍, ലോലയുടെ താളില്‍, പേരറിയാത്ത വായനക്കാരി വെച്ച ഒരു പൂവിതള്‍ കണ്ടുകിട്ടിയതിനെ ഏറ്റവും ആഹ്ലാദം നിറഞ്ഞൊരു നിമിഷമായി സങ്കല്പിക്കുന്നത് അത്ര വലിയ പാതകമൊന്നുമാവില്ല. അതികാല്പനികത എന്നൊക്കെ വിളിച്ചേക്കാം... പക്ഷേ, മനുഷ്യന്‍ ചെറിയ ചെറിയ ആനന്ദങ്ങളുടെ ഇന്ധനത്താല്‍ ഓടുന്ന ഒരു മുരടന്‍ വണ്ടിയല്ലേ.
കാലത്തിനും ശൈലിക്കും ചേര്‍ന്ന മാറ്റങ്ങള്‍ മനുഷ്യജീവിതത്തിന്റെ എല്ലാ അടരുകളെയും ബാധിക്കും. ഒന്നിരുന്നു വായിക്കാന്‍ നേരമില്ലാത്തൊരാള്‍ ഇയര്‍ഫോണില്‍ ശബ്ദമായി നിവരുന്ന പുസ്തകത്തെ തിരയും, കാഴ്ചപരിമിതര്‍ക്ക് ഇവയുണ്ടാക്കുന്ന എളുപ്പങ്ങള്‍ അതിരറ്റതാണ്. ചിട്ടയൊത്ത ഇലക്ട്രോണിക്വായന സുഖകരമായി തോന്നുന്ന വായനക്കാരുണ്ടാകും. ഇ- റീഡറുകളില്‍ ആവശ്യമായ ഭാഗങ്ങള്‍ തിരഞ്ഞു വായിക്കുന്നവരുണ്ടാകും.
ഒരു വായനാരീതി മറ്റൊന്നിനേക്കാള്‍ താഴെയോ മുകളിലോ ആണെന്നല്ല. സന്ദര്‍ഭവും സൗകര്യവും താത്പര്യവും അനുസരിച്ച് ലഭ്യമായ രീതികളെ മാറിമാറി ഉപയോഗിക്കുന്നതാവും നല്ലത്. എന്നാല്‍ വായനയുടെ പൊതുവായ ലക്ഷ്യത്തെ അതിലംഘിക്കുന്ന ഒരു സാംസ്‌കാരിക വസ്തുവായി, മനുഷ്യജീവിതത്തിനോടിഴചേര്‍ന്ന ഒരു ഭൗതിക സാമഗ്രിയായി പേപ്പര്‍ പുസ്തകങ്ങള്‍ മാറിയിട്ടുണ്ടെന്നതിനെ നിരാകരിക്കാനാവില്ല. പുരോഗമിച്ച ഒരു പോസ്റ്റ് ഹ്യൂമന്‍ കാലത്ത് അവയൊരു മ്യൂസിയം പീസായി മാറിയാല്‍ത്തന്നെ സുദീര്‍ഘമായ മനുഷ്യജീവചരിത്രത്തിലെ അവന്റെ/ അവളുടെ അനുഭൂതിജീവിതത്തിന്റെയും ജ്ഞാനജീവിതത്തിന്റെയും ഏറ്റവും ദീപ്തമായ ഓര്‍മയായി അതുണ്ടാകും.
മറ്റേതൊരു വസ്തുവിനാകും ഇങ്ങനെ!
അസിസ്റ്റന്റ് പ്രൊഫസർ, ഫാറൂഖ് കോളേജ് മലയാളവിഭാഗം.
സിനി പണിക്കര്‍
Oct 10, 2022
36 Minutes Watch
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Mar 28, 2022
1 Minute Listening
ജയന്‍ ചെറിയാന്‍
Mar 10, 2022
3 minutes read
സനീഷ് ഇളയടത്ത്
Jan 22, 2022
10 Minutes Read