ഈ​ നോവൽ വായിച്ചപ്പോൾ, ജീവിതത്തിലാദ്യമായി,
ഒറ്റപ്പെടലിന്റെ വേദന ഞാനറിഞ്ഞു…

‘‘3AM എന്ന നോവലിന്റെ അവസാനവരികൾ കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ അക്ഷരങ്ങളുടെ കൂർപ്പുകളേറ്റിട്ടെന്നവണ്ണം വേദനിക്കുന്നുണ്ടായിരുന്നു. അപരാഹ്നത്തിന്റെ ശൂന്യതയിലും രാത്രിയുടെ ശാന്തതയിലും ഒരു ഉറക്കത്തിൽനിന്ന് അടുത്ത ഉറക്കത്തിലേക്കും ഞാൻ വായിച്ചുകൊണ്ടേയിരിക്കുകയായിരുന്നു’’- RAT BOOKS പ്രസിദ്ധീകരിച്ച അരുൺപ്രസാദിന്റെ 3AM എന്ന നോവലിന് സോയ നാരായണൻ എഴുതിയ അവതാരിക.

തിസങ്കീർണവും, ആതുരവുമായ ഒരു കാലത്തിൻ്റെ കോണിലിരുന്ന് 3AM വായിച്ചുകഴിഞ്ഞപ്പോൾ അസാധാരണമായ ഒരു ഏകാന്തത വന്ന് തൊട്ടു. ദിവസങ്ങളോളം ഈ പുസ്തകത്തോടൊപ്പം ചെലവഴിച്ച സമയത്തെ, ആ സമയങ്ങളിൽ കടന്നുപോയ പ്രക്ഷുബ്ധതകളെ, പലപ്പോഴും പൊഴിച്ച കണ്ണീരിനെ, ഉറക്കച്ചടവുകളെ എല്ലാം ഓർത്തെടുക്കുക മാത്രമായിരുന്നു ആ സമയത്ത് മുന്നിലുണ്ടായിരുന്ന ഏകസാധ്യത. ജീവിതത്തിലാദ്യമായി, വായനക്കാരിയെന്ന നിലയിൽ ഒറ്റപ്പെടലിൻ്റെ വേദന അറിയുകയായിരുന്നു. ഇതെല്ലാം പങ്കുവയ്ക്കാൻ ഒരാളില്ലാതെ ഉള്ള് കനപ്പെട്ടു. അത്രമേൽ ആ പുസ്തകവുമായി എന്നെത്തന്നെ ചേർത്തുവച്ചു കഴിഞ്ഞിരുന്നു. വായനയുടെ ചില ഇടവേളകളിൽ എഴുത്തുകാരന് സന്ദേശങ്ങൾ അയക്കും. നോവലിലെ സന്ദർഭങ്ങളുമായി അനുഭവിച്ച സാമ്യങ്ങൾ, പഴയ വളർത്തുപൂച്ച, പട്ടിക്കുഞ്ഞുങ്ങളോടുള്ള പേടി, എഴുത്തുകാരനെ ഓടിച്ചിട്ട ആട്ടിൻകുഞ്ഞ് എന്നിങ്ങനെയെല്ലാം പറഞ്ഞുതീർത്തു. കാരണം, ഏകദേശം ഒരേകാലത്ത്, അടുത്തടുത്ത നാടുകളിൽ ജീവിച്ച രണ്ടു കുട്ടികളാണ് വളർന്ന് ഞങ്ങളായത്. അനുഭവങ്ങളിൽ എങ്കിലും ഞങ്ങൾ കളിക്കൂട്ടുകാരാണ്. അതുകൊണ്ടുതന്നെ അയാൾ എഴുതിയ കഥ എനിക്ക് മനസ്സിലാകേണ്ടതാണ്; കൂടെ സോളമനെയും അവൻ്റെ മേരിയെയും.

മേരി മിടുക്കിയാണ്, ചിന്തിക്കുന്നവളാണ്, കുഞ്ഞുങ്ങൾ വീണ് കാൽമുട്ടുകൾ മുറിയാതിരിക്കാൻ പുൽത്തകിടികൾ വരച്ചിട്ട് അവരെ ഇക്കിളിയാക്കാൻ മാത്രം നനുത്ത ഹൃദയമുള്ളവളാണ്. മേരി എൻ്റെ തലമുറയാണ്. ഗൃഹാതുരത്വ ത്തിന്റെ മൊത്തക്കച്ചവടക്കാരായ ഞങ്ങൾ തൊണ്ണൂറുകളിൽ വളർന്ന കുട്ടികളുടെ കറന്റ് എഡിഷനാണ് അവൾ. ജാലക്കാരി. മൂന്നുമണികൾ അവളുടേതാണ്; അവളെപ്പറ്റി ഓർക്കുന്ന സോളമന്റേതും.

നെസ്ക‌ഫേയുടെ ചുവന്ന കപ്പിൽ നിറയുന്ന ഉണർവാണ് നിങ്ങൾക്കിഷ്ടമെങ്കിൽ, നിങ്ങൾ ഒരിക്കലും കാണാത്ത കാപ്പിപ്പൂവാണ് അവൾ. എന്നോ നനഞ്ഞ മഴയുടെ ഓർമ്മപോലും മായാതെ അവളിലുണ്ട്. മേരിക്ക് വേണ്ടി മാറാൻ മടിയില്ലാത്ത ഒരു ഭൂമിയിലാണ് നമ്മൾ പോലും ജീവിക്കുന്നത്. അവൾ ആവശ്യപ്പെട്ടാൽ ആകാശം താഴേക്കിറങ്ങി വരും. മേഘങ്ങൾ തലയണകൾ എന്ന പോലെ അവൾക്കു ചുറ്റും നിറയും. നക്ഷത്രങ്ങളും മിന്നൽപ്പിണരുകളും ഇടിമുഴക്കങ്ങളും പേമാരിയും നിലാവും അവളുടെ കളങ്കമറ്റ, എന്നാൽ വന്യമായ ചിന്തകൾ എന്നവണ്ണം തൂവിക്കിടക്കും. പക്ഷേ, ഒരു കാടിനും അറിയാൻ പറ്റാത്ത ഇരുട്ടും വെളിച്ചവും ഇടകലർന്ന ഇടങ്ങളും മേരിയിലുണ്ട്. എത്ര മുരടിച്ചാലും മേരി എന്ന വിത്ത് ഏത് ഊഷരഭൂമിയിലും ചെറുനാമ്പുകളുമായി മുളയ്ക്കും.

അരുൺപ്രസാദിന്റെ 3AM എന്ന നോവലിന് ശ്രീജിത്ത് പി.എസ്. വരച്ച ഇലസ്ട്രേഷൻ.
അരുൺപ്രസാദിന്റെ 3AM എന്ന നോവലിന് ശ്രീജിത്ത് പി.എസ്. വരച്ച ഇലസ്ട്രേഷൻ.

സ്ത്രീയും പുരുഷനും പ്രകൃതിയും ചേർന്ന ലോകത്തിന്റെ പഴച്ചാറുകൾ അവരേന്തുന്നുണ്ട്. സോളമൻ, മേരി എവിടെയൊക്കെ പോയാലും മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഒറ്റമരക്കാടാണ്. അവളുടെ മൃഗങ്ങളും പക്ഷികളും അയാളുടെ അവയവങ്ങളിൽ കൂടുകൂട്ടിയിട്ടുണ്ട്. അവളുടെ ഇരുട്ട് അയാൾക്ക് നിലാവും സൂര്യവെളിച്ചവും അമ്മയുടെ ചൂടും ലോകത്തിൻ്റെ സമാധാനവും ഏകുന്നുണ്ട്.

3AM ന് ഒരു നിറമുണ്ടെങ്കിൽ അത് പച്ചയാണ്. പേജുകളിൽനിന്ന് കുറച്ചു നാളുകൾ കഴിയുമ്പോൾ ഇലകൾ, വള്ളികൾ, മൊട്ടുകൾ, പൂവുകൾ, കായകൾ എല്ലാം നീണ്ടുവന്നേക്കും എന്നുതന്നെയാണ് എൻ്റെ തോന്നൽ. ആലീസിന്റെ മണ്ണിൽനിന്ന് ഫ്ലാറ്റിൻ്റെ ബാൽക്കണിക്കാഴ്‌ചയിലേക്കു മേരി മാറ്റിയിരുത്തിയ വെൽവെറ്റ്പുഴുക്കൾക്കും ഇളംപച്ചയാണ് നിറം. ആകാശവും ഭൂമിയുമൊക്കെ അവളുടെ കാൻവാസിൻ്റെ അരികുകളിൽ അമരപ്പന്തലുകളായും ലാങ്കിലാങ്കിപ്പൂക്കളായും തൂങ്ങിയാടുന്നു. പൂച്ചകളും പട്ടികളും പശുക്കളും ഉറുമ്പുകളും മുയലുകളുമെല്ലാം കയറിയിറങ്ങി നടക്കുന്ന ലോകത്തു ജീവിക്കുന്ന, അവരേക്കാൾ വേദനകളും ചിത്തഭ്രമങ്ങളും കോപവും കാമവുമുള്ള വെറും ജീവികളാണ് വായനക്കാരായ നമ്മൾ. അവരില്ലാത്ത ലോകം എത്ര ശൂന്യമാകും എന്ന് ഓർമ്മിപ്പിക്കാൻ എന്നവണ്ണം ജീവജാലങ്ങളാൽ നിറയ്ക്കപ്പെട്ടിട്ടുണ്ട് മൂന്ന് മണിയടിച്ച പുലർകാലങ്ങൾ. ഗ്രാമത്തിൻ്റെ ഇലച്ചാർത്തുകളും നഗരത്തിന്റെ ഉയരങ്ങളും ഗൂഢതകളുടെ ദൂരക്കാഴ്ചകളും ചേർന്നുള്ള പശ്ചാത്തലം കഥകൾക്കും കഥാപാത്രങ്ങൾക്കുമിടയിലെ അസാമാന്യമായ സാന്നിധ്യമാണ്. എങ്കിലും ആൾത്തിരക്കിനിടയിൽ അവ്യക്തവും ഏകാന്തവുമായ ഇടങ്ങളുടെ സംഗീതം കേൾക്കാം.

അരുൺ പ്രസാദ്
അരുൺ പ്രസാദ്

വെളിച്ചത്തിന്റെ അതിസുതാര്യമായ വസ്ത്രം ധരിച്ച ഒരു തുമ്പിയെപ്പോലെയാണ് സോളമൻ, മേരി എന്ന വാതിലുകൾ സദാ അടയുകയും തുറക്കുകയും ചെയ്യുന്ന വീട്ടിൽ അകപ്പെട്ടത്. ഒരു കുഴിയാന അതിൻ്റെ മണൽക്കിടങ്ങിലേക്ക് ഉറുമ്പിനെ കെണിവച്ച് പിടിക്കുന്നപോലെ മേരി അയാളെ അവളുടെ വിസ്മയങ്ങളുടെ വിലങ്ങണിയിക്കുകയായിരുന്നു. അയാളോ, അവളുടെ സ്നേഹത്തിന്റെ ജീവപര്യന്തം ഇരന്നു വാങ്ങുന്ന നിരപരാധിയായ ഒരുവൻ. നിഗൂഢവും വന്യവുമായ ഇരുട്ടുകളിലേക്കും വെട്ടങ്ങളിലേക്കും മേരി സോളമനെ നടത്തുന്നുണ്ട്. അവരിരുവരിലൂടെയും സമാന്തരമായും കെട്ടുപിണഞ്ഞും കടന്നുപോകുന്ന അനേകരുണ്ട്. അവരുടെ ബന്ധങ്ങളിലെ സങ്കീർണതകൾ, അതിസൂക്ഷ്മമായ രാഷ്ട്രീയങ്ങൾ, സ്വത്വപ്രതിസന്ധികൾ, ബോധ്യങ്ങൾ എന്നിവകൂടിയാണ് ഈ ലോകം. മൂന്നു മണിയുടെ സത്തായ ഈ മനുഷ്യർ ചിന്തയുടെ ട്രപ്പീസ്കളിക്കാരാണ്.

3AM നിശ്ചലമായ ഒരു സമയമല്ല. ഏറ്റവും തീവ്രമായി ഓർമ്മകളും ചിന്ത കളും കണ്ണീരും വന്യതയും വിഭ്രാന്തികളും ഭാഷകളും ശരീരങ്ങളും കൂടിക്കലരുന്ന ബാൽക്കണിക്കസേരയാണത്. ഇരുട്ടിലിരുന്ന് അത് എല്ലാം കാണുന്നു. നഗ്നമായി, എല്ലാ ദൗർബല്യങ്ങളോടും കൂടി. ആളുകൾ സ്വപ്നാടനങ്ങളിൽ ഉഴറുന്ന തും കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതും ബന്ധങ്ങളിലെ താളപ്പിഴകൾ ഓർത്ത് കുമ്പസാരത്തിനുള്ള കോപ്പുകൂട്ടുന്നതും ഒരുപക്ഷേ അപ്പോഴാകാം.

ഒരു ശലഭത്തിൻ്റെ പ്രവചനാതീതമായ ചലനനിയമങ്ങളാണ് എഴുത്തുകാരൻ പിന്തുടരുന്നത്. പൂക്കൾ കാത്തിരിക്കുന്നുണ്ട്. ശലഭത്തിന് പോയേ തീരൂ. സഞ്ചാരം നേർരേഖയിൽ അല്ലതന്നെ.
ഒരു ശലഭത്തിൻ്റെ പ്രവചനാതീതമായ ചലനനിയമങ്ങളാണ് എഴുത്തുകാരൻ പിന്തുടരുന്നത്. പൂക്കൾ കാത്തിരിക്കുന്നുണ്ട്. ശലഭത്തിന് പോയേ തീരൂ. സഞ്ചാരം നേർരേഖയിൽ അല്ലതന്നെ.

അനിയന്ത്രിതമായ ഭൂതകാലചരിത്രങ്ങൾ പേറുന്ന, വർത്തമാനകാലത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്ന, കെട്ടഴിഞ്ഞ, അടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളെ, ബോധ്യങ്ങളെ, അനുഭവങ്ങളെ എല്ലാം ഒരു അഴയിൽ തൂക്കി, സമയ മാകുമ്പോൾ അലമാരയിൽ മടക്കിവയ്ക്കുന്നതു പോലെയാണ് ആഖ്യാനം. ആ വസ്ത്രങ്ങൾ നമ്മൾ അണിഞ്ഞേ പറ്റൂ. ഒരു ശലഭത്തിൻ്റെ പ്രവചനാതീതമായ ചലനനിയമങ്ങളാണ് എഴുത്തുകാരൻ പിന്തുടരുന്നത്. പൂക്കൾ കാത്തിരിക്കുന്നുണ്ട്. ശലഭത്തിന് പോയേ തീരൂ. സഞ്ചാരം നേർരേഖയിൽ അല്ലതന്നെ.

ഓർമ്മകൾ, ട്രോമകൾ, സ്വപ്‌നങ്ങൾ, ഇന്ദ്രിയാനുഭവങ്ങൾ, ശബ്ദങ്ങൾ, സ്പർശനങ്ങൾ, വികാരങ്ങൾ, മറവികൾ, നിറങ്ങൾ, ചിത്രങ്ങൾ... എല്ലാം പ്രോസസ് ചെയ്യുന്ന, അവയുടെ നിർമ്മിതികളിൽ പ്രവർത്തിക്കുന്ന, ചിന്ത ഇന്ധനമാക്കിയ, സംസാരിക്കുന്ന ഉപകരണങ്ങളാണ് നമ്മൾ. അവയെ അപനിർമ്മാണം ചെയ്യേണ്ടതുണ്ട്. ഭാഷയുടെ ഇഴകീറലിൽ പുതിയ വ്യാഖ്യാനങ്ങൾ തെളിഞ്ഞുവരും. അങ്ങനെയെങ്കിൽ, അമ്മയിൽനിന്ന് ആരംഭിച്ച് അമ്മയിൽ ചെന്നെത്താൻ ആഗ്രഹിച്ചു വിരൽ നുണയുന്ന പ്രണയത്തിന്റെയും തിരിച്ചറിവുകളും തിരിച്ചുപോകലുകളും അനിവാര്യമായ, കാലാതീതമായ മാറ്റങ്ങളുടെയും മറ്റനേകം കുഞ്ഞുകാര്യങ്ങളുടെയും പുസ്തകമാണ് 3AM.

നോവലിലെ സ്ത്രീകഥാപാത്രങ്ങളുടെ തെളിച്ചം, അലിവ്, സ്നേഹം, ധൈര്യം, കരുത്ത് എന്നിവ വ്യക്തമാക്കാൻ എഴുത്തുകാരൻ ഉപയോഗിച്ചിരിക്കുന്ന അതീവജൈവമായ ഉപമകൾ നോവലിൽ ഉടനീളമുള്ള പാത്രരൂപീകരണത്തിലും അനുഭവലോ കത്തിന്റെ സൗന്ദര്യത്തിലും വളരെ സ്വാധീനം ചെലുത്തുന്നവയാണ്. അന്നമ്മ ച്ചേച്ചിയമ്മയും ആലീസും സോളമൻ്റെ അമ്മയുമെല്ലാം അവരോരുത്തരുടെയും ആകാശത്ത് ഉയർന്നു പറക്കുന്ന പക്ഷികളാണ്. ആരും കാണാതെപോകുന്ന സ്ത്രീവാദികളാണവർ. അച്ചുമാതൃകകളാൽ പുനർനിർമ്മിക്കപ്പെടാത്തവർ.

പുസ്തകത്തിന്റെ അവസാനവരികൾ കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ അക്ഷരങ്ങളുടെ കൂർപ്പുകളേറ്റിട്ടെന്നവണ്ണം വേദനിക്കുന്നുണ്ടായിരുന്നു. അപരാഹ്നത്തിന്റെ ശൂന്യതയിലും രാത്രിയുടെ ശാന്തതയിലും ഒരു ഉറക്കത്തിൽനിന്ന് അടുത്ത ഉറക്കത്തിലേക്കും ഞാൻ വായിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അടുത്ത പുസ്തകത്തിലേക്കുള്ള വാതിൽ തുറക്കാൻ ഞാൻ ഇനിയും സമയം എടുത്തേക്കും. ഭാരം കുറച്ചെങ്കിലും ഇവിടെ ഇറക്കിവയ്ക്കട്ടെ.

അരുൺ പ്രസാദിന്റെ നോവൽ 3AM ഇപ്പോൾ ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ..


Summary: 3AM - A must-read Malayalam novel by Arun Prasad, published by RAT Books.


സോയ നാരായണൻ

കവി, വൈപ്പിൻ ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി.

Comments